സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ശക്തിയക്കയും കൃഷ്ണയും

ബിജു ഇ കെ


ഓഫീസിൽ രാവിലത്തെ മീറ്റിങ് കഴിഞ്ഞു ഞാൻ പുറത്തിറങ്ങി..സയലന്റാക്കി വച്ച ഫോൺ എടുത്തു നോക്കി നാലു മിസ്സ്ഡ് കോൾ.. ഇന്റർനാഷണൽ കോൾ ആണ്.. നമ്പർ നോക്കുന്നതിനിടെ പിന്നെയും വന്നു കോൾ അതേ നമ്പറിൽ നിന്ന്..

അങ്ങേ തലക്കൽ നിന്നു ഒരു സ്ത്രീ ശബ്ദം “ഹാലോ അണ്ണാ ഇത് കൃഷ്ണ”

എനിക്കത്ഭുതമായി ആദ്യ മായിട്ടാണ് കൃഷ്ണ എന്നെ വിളിക്കുന്നത്.. ഞാൻ ചോദിച്ചു “കൃഷ്ണാ നീ ഇപ്പൊ എവിടെയാണ് ഇത് ഇന്റർനാഷണൽ നമ്പർ ആണലോ”..

“അതെ അണ്ണാ ഞാൻ അമേരിക്കയിലാണ് മൂന്നു മാസമായി.. ” കൃഷ്ണ പറഞ്ഞു..

ഞാൻ ഓർത്തു നാലഞ്ചു മാസമായി ശക്തിയക്ക വിളിച്ചിട്ട്.. അക്ക എപ്പോ വിളിച്ചാലും കൃഷ്ണയെ പറ്റിയും അവളുടെ പഠനത്തെ പറ്റിയും ഒരുപാട് പറയും..

കൃഷ്ണ തുടർന്നു.. “ശക്തിയക്കയുടെ ഓർമ്മകൾ പേറുന്ന പഴയ നീല ഡയറി ഞാൻ എന്റെ കൂടെ എടുത്തിരുന്നു.. ആ ഡയറിൽ നിന്നാണ് നിങ്ങളുടെ നമ്പർ കിട്ടിയത്… നാല് മാസം മുൻപ് ശക്തിയക്ക നമ്മളെയൊക്കെ വിട്ടു പോയി..
ചെറിയ തലവേദന വന്നു കിടന്ന അക്ക അടുത്ത ദിവസം രാവിലെ എഴുന്നേറ്റില്ല”.. കൃഷ്ണയുടെ ശബ്ദം ഇടറി… “അതിനു മുൻപേ എന്റെ യാത്രയുടെയും ജോലിയുടെയും കാര്യത്തിന് ഓടി നടന്ന ആളായിരുന്നു”..അവൾ പൊട്ടികരഞ്ഞു .

എനിക്ക് കുറച്ചു സമയത്തേക്ക് ഒന്നും പറയാൻ പറ്റിയില്ല… ഞാൻ കൃഷ്ണയെ ആശ്വസിപ്പിച്ചു.. “എന്തായാലും ഒരുപാട് കാര്യങ്ങൾ ചെയ്തു.. കൂടുതൽ വിഷമിക്കാതെ ആരെയും വിഷമിപ്പിക്കാതെ ഈ ലോകം വിട്ടു പോകാൻ അക്കയ്ക്ക് മാത്രമേ കഴിയു”

കൃഷ്ണ പറഞ്ഞു “അതെ അണ്ണാ.. ശക്തിയക്ക ചെയ്തത് പോലെ നമുക്കാവില്ല.. എന്നാലും മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും പ്രചോദനം ശക്തിയക്ക തന്നെ “..

അവൾ ജോലിയെ പറ്റിയും ശക്തിയക്കയെയും പറ്റി കുറേ സംസാരിച്ചു .. അവൾക്ക് കുറച്ച് ആശ്വാസമായി എന്ന് തോന്നുന്നു .. പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു..

ഞാൻ കസേരയിൽ ഇരുന്നു.. അറിയാതെ കണ്ണിൽ നിന്നു കണ്ണീർഒഴുകി.. അക്കയെ ഓർത്തു..ശക്തിയക്ക എനിക്ക് ആരായിരുന്നു?..

അവസാനമായി സംസാരിച്ചത് ആറു മാസം മുൻപായിരുന്നു

അതൊരു ഒരു വ്യാഴാഴ്ച ദിവസമായിരുന്നു.. രാവിലെ ശക്തിയക്ക ഫോണിൽ വിളിച്ചു

“ഹാലോ ഇത് ശക്തിയാ എനിക്കൊരു സഹായം വേണം അത്യാവിശ്യമാ “

“ഓ ശക്തിയക്കയോ ഇപ്പൊ എവിടെയാ ..എന്താ വേണ്ടേ” ഞാൻ ചോദിച്ചു ..

അക്ക പറഞ്ഞു “ആദ്യം നീ കൃഷ്ണയുടെ അക്കൗണ്ടിൽ 5000 രൂപ ഇടണം.. അത്യാവശ്യം ആണെങ്കിൽ മാത്രമേ അവൾ ചോദിക്കാറുള്ളൂ ..ഞാൻ രാവിലെ അയക്കാം എന്ന് അവളോട് പറഞ്ഞതാ അതിനാണ് ബാങ്കിൽ പോകാൻ തയ്യാറായത് ..പക്ഷെ രാവിലെ തന്നെ പോലീസ്കാർ വന്നു ഒന്നും ചോദിക്കാതെ ഞങ്ങളെയൊക്കെ അറസ്റ്റു ചെയ്ത് *”യാചകർ കോളനി”യിൽ നിർത്തിയിരിക്കുകയാ കൂടുതൽ കാര്യങ്ങൾ പിനീട് പറയാം….പിന്നെ പണം ഞാൻ ഇന്ന് വൈകുനേരമോ നാളെയോ തിരിച്ചു തരാം” …….

ശക്തിയക്ക അങ്ങനെയാണ് പണം കൊടുത്തു് സഹായിച്ചപ്പോഴെല്ലാം അത് തിരിച്ചു തന്നിരുന്നു ..

[ *”യാചകർ കോളനി” ബാംഗ്ലൂരിലെ മാഗഡി റോഡിൽ പണ്ട് കാലം മുതൽക്കേ ഉള്ളതാ.. യാചകരെ നല്ല വഴിക്ക് നയിക്കാനുള്ള ഒരു സ്ഥലം.. പക്ഷെ അവിടെ പലപ്പോഴും.. മാനസിക വിഭ്രാന്തി ഉള്ളവരും, ആരോരുമില്ലാത്ത വൃദ്ധ ജനങ്ങളും മാത്രമേ ഉള്ളൂ എന്നാണ് കേട്ടത്… ബാംഗ്ലൂർ സിഗ്നലുകളിൽ യാചകർ കൂടിയിട്ടേ ഉള്ളൂ ]

ഞാൻ കമ്പ്യൂട്ടർ ഓപ്പൺ ചെയ്തു കൃഷ്ണയുടെ അക്കൗണ്ടിലേക്ക് പൈസ അയച്ചു ..എന്നിട്ടു ഫോണിൽ കാത്തിരുന്ന അക്കയോട് പറഞ്ഞു “പണം കൃഷ്ണയ്ക്ക് അയച്ചു”…
ഫോണിൽ ഒരു ദീർഘനിശ്വാസം കേട്ടു അക്ക പറഞ്ഞു “ഹാവൂ എനിക്ക് ആശ്വാസമായി .

“.അല്ല നിങ്ങളെ എന്തിനു അറസ്റ്റു ചെയ്യണം …. കൃഷ്ണയെ പഠിക്കാൻ സഹായിക്കുന്ന ഒരു പൊതുപ്രവർത്തക ഇല്ലേ ശരണ്യ മാഡം? അവരെ വിളിച്ചോ ? ..ഞാൻ വേറെ എന്തെങ്കിലും ചെയണോ ആരെയെങ്കിലും വിളിക്കണോ ” ഞാൻ ചെറിയൊരു വെപ്രാളത്തോടെ ചോദിച്ചു..

ശക്തിയക്ക ചിരിച്ചു കൊണ്ട് പറഞ്ഞു “വേണ്ട ഇപ്പോൾ ഈ സഹായം മതി….ഞാൻ ശരണ്യ മാഡത്തിനെ വിളിച്ചിരുന്നു .. അവർ ഈ അറസ്റ്റ്നെതിരെ പരാതി കൊടുത്തിട്ടുണ്ട്.. മാഡത്തിനെ പോലീസ് കാർക്ക് പേടിയാണ്.. അതുകൊണ്ടു ഞങ്ങളെ ഫോൺ ഉപയോഗിക്കാൻ സമ്മതിച്ചു ..ഈ ഫോൺ ഒരു കൂട്ടുകാരിയുടേതാണ് ….. , യാചക വിമുക്തമാക്കാൻ നടത്തിയ റെയ്ഡ് ആണ് നടന്നത് എന്നാണ് പോലീസ് പറഞ്ഞെന്ന് മാഡം പറഞ്ഞു.. പക്ഷെ അതിനൊന്നും പോകാത്തവരായി ഞങ്ങളുടെ കൂട്ടത്തിൽ കുറേ പേരുണ്ടല്ലോ.. നമ്മുടെ കോളനിയിൽ രാവിലെ ഉണ്ടായിരുന്ന എല്ലാ ട്രാൻസ്‌ജെണ്ടർസിനെയും ഇങ്ങോട്ട് കൊണ്ട് വന്നു .. .. എന്തായാലും ഞാൻ നിന്നെ ഇവിടുന്നു പുറത്തെത്തിയിട്ട് വിളിക്കാം ..” ശക്തിയക്ക ഫോൺ കട്ട് ചെയ്തു ..

.
ഇനി ഇങ്ങനെ വിളിക്കാൻ ശക്തി അക്കയില്ല..ആദ്യമായി ശക്തിയക്കയെ കണ്ടത് ഞാൻ ഓർത്തു .

ബാംഗ്ലൂരിൽ കമ്പ്യൂട്ടർ പഠനം കഴിഞ്ഞു ഏകദേശം ഒരു വർഷത്തോളം ഞാൻ ജോലി അന്വേഷിച്ചു അലഞ്ഞു നടന്നു ..എല്ലാം വിട്ട് നാട്ടിൽ പോയി എന്തെങ്കിലും ചെയ്യാമെന്ന് വിചാരിക്കുമ്പോഴാണ്… കച്ചിത്തുരുംമ്പ് പോലെ 1100/- ശമ്പളത്തിന് ഒരു ജോലി കിട്ടിയത്..ആ ശമ്പളം കൊണ്ട് സ്വന്തം ചെലവെങ്കിലും തൽകാലം ചെയ്യാം.. അച്ഛനെ ഇനിയും വിഷമിപ്പിക്കാൻ വയ്യ..

അങ്ങനെ ബാംഗ്ളൂരിൽ വെഹിക്കിൾ ഫിനാൻസ് കമ്പനിയിൽ പണം പിരിക്കുന്ന ജോലിയും ഡാറ്റാ എൻട്രിയും ചെയ്തു തുടങ്ങി…പക്ഷെ വാടകയും, ഭക്ഷണവും യാത്ര ചെലവും കഴിഞ്ഞാൽ കൈയിൽ ഒന്നും ബാക്കിയുണ്ടാവില്ല മാസാവസാനം ആരോടെങ്കിലും കടം വാങ്ങേണ്ടിവരും …ആ അവസ്ഥ തുടർന്നു നിരാശയുടെ പടുകുഴിയിൽ വീഴാൻ പോകുന്ന സമയത്തായിരുന്നു ഒരു ചെറിയ കമ്പിനിയിൽ നിന്നും ഇന്റർവ്യൂന്ന് വിളിച്ചത്….4 പേരുള്ള കമ്പനി.. ഓൺലൈൻ സോഫ്റ്റെ‌വെയർ പിന്നെ വെബ്സൈറ്റ് ഡെവലപ്പ് ഒക്കെ ആയിരുന്നു അവർ ചെയ്ത് കൊണ്ടിരുന്നത് .. ഞാൻ അവിടെ ഒരു വെബ്ഡെവലപ്പർ ആയി.. ഒരേ ഒരു പ്രശ്നം എന്തെന്നാൽ ഓഫീസലേക്കുള്ള ദൂരം..ഓഫീസ് ബനശങ്കരിയിൽ ആണ്..അവിടെ എത്താൻ രണ്ട് ബസ് കയറണം….ആ സമയത്തു ഭാഗ്യം പോലെ കൂടെ താമസിച്ചിരുന്ന ഒരു സുഹൃത്ത് അമേരിക്കയിലേക്ക് പോയി.. അവന്റെ സുസുകി സമുറൈ ബൈക്ക് അവൻ എന്നോടുപയോഗിയ്ക്കാൻ പറഞ്ഞു.. … അങ്ങനെ ബൈക്ക് എടുത്തു ആർട്ടി നഗർ നിന്ന് ബനശങ്കരി വരെ പോയി തുടങ്ങി.. പലപ്പോഴും കോർപറേഷൻ സർക്കിൾ വഴിയാണ് പോകാറ് … ചെറിയ കമ്പനി ആയത് കൊണ്ട്.. വളരെ അധികം ജോലി ഉണ്ടായിരുന്നു .. ചില ദിവസങ്ങളിൽ രാത്രി പന്ത്രണ്ടുമണി കഴിയും തിരിച്ചു വരാൻ.. എന്നാലും 5000/ രൂപ ശമ്പളം കിട്ടും..എല്ലാ ചെലവും കഴിഞ്ഞു മാസം കുറച്ചു പൈസ കൈയിൽ കിട്ടും..

ഹാ പറഞ്ഞു വന്നത് എന്റെ കാര്യമല്ല….
പറയാൻ വന്നത് ശക്തി അക്കയേയും, കൃഷ്ണയെയും
കണ്ട കഥയാണ്…

ഓഫീസിൽ പോകുന്ന വഴിയിൽ കോർപ്പറേഷൻ സർക്കിൾ സിഗ്നനിൽ കുറെ ട്രാൻസ്‌ജെണ്ടർസ് പണം പിരിക്കുന്നുണ്ടാകും …

എനിക്കവരെ പേടിയായിരുന്നു ..ചെറുപ്പത്തിൽ പലരും പറഞ്ഞ കഥകൾ ..അവർ കുട്ടികളെ തട്ടിക്കൊണ്ടുപോകും..ഒറ്റപെട്ട് നിൽക്കുന്നവരെ തട്ടിക്കൊണ്ടുപോയി അവരുടെ കൂട്ടത്തിൽ ചേർക്കും എന്നൊക്കെ ….

കൂട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും പറഞ്ഞത്‌അവർക്ക് വേണ്ട പണം കൊടുത്താൽ അവർ പോകും അല്ലേൽ അവർ എന്തെങ്കിലും ചെയ്യും എന്നാണ് .. അത് കൊണ്ട് ഞാൻ പോക്കറ്റിൽ ഒന്നൊ രണ്ടോ രൂപവയ്ക്കും അതെടുത്തു അവർക്ക് കൊടുക്കും.. ഒരിക്കലും ഉപദ്രവം ഉണ്ടായിട്ടില്ല….

സ്ഥിരം യാത്ര അത് വഴിയായത് കൊണ്ട് അവരിൽ ചിലരുടെ മുഖം എനിക്ക് പരിചിതമായി.. അവരിൽ ഒരാളാണ് ശക്തിയക്ക .. (ആ കൂട്ടത്തിൽ ചിലർ അവരെ ബഹുമാനത്തോടെ വിളിക്കുന്നത് കേട്ടാണ് അവരുടെ പേര് മനസിലായത് )… കഴിയുന്നതും അവർക്കാണ് ഞാൻ പണം കൊടുക്കാറ് .. അവർ സ്നേഹത്തോടെ മാത്രമെ പെരുമാറുള്ളൂ……. പോകെ പോകെ അവരോടുള്ള എന്റെ പേടി പോയി .. എന്റെ മനസ്സിലെ പേടി പോയപ്പോൾ അവരെല്ലാരും നല്ലവരായി..അപ്പോൾ പ്രശ്നക്കാരൻ എന്റെ മനസ് തന്നെയായിരിക്കും..

ഒരു ദിവസം ഞാൻ ജോലികഴിഞ്ഞു രാത്രി 11 മണിക്ക് തിരിച്ചു വരികയായിരുന്നു.. കോർപറേഷൻ സർക്കിളിനടുത്തെത്തിയപ്പോൾ പെട്ടന്ന് ബൈക്ക് നിന്നു പോയി … കുറേ പരിശ്രമിച്ചു .. അവസാനം ബൈക്ക് തള്ളി കൊണ്ട് നടന്നു.. രാത്രിയിൽ ആ സ്ഥലം നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്..കള്ളൻമാരുള്ള സ്ഥലം.. ലൈംഗിക തൊഴലാളികൾ കസ്റ്റമേഴ്സിനെ കാത്തു നിൽക്കുന്ന സ്ഥലം…എനിക്ക് നല്ല പേടിയായി.. ഞാൻ ബാംഗ്ളൂരിലെ തണുപ്പിലും വിയർത്തുകുളിച്ചു … അപ്പോഴാണ് പെട്ടന്ന് ഒരു tvs മോപ്ഡ് എന്റെ അടുത്ത് വന്നു നിർത്തിയത് രണ്ട് പേർ അതിൽ നിന്നിറങ്ങി.

“എന്താ എന്ത് പറ്റി..” ഒരാൾ ഹെൽമറ്റ് ഉയർത്തി ചോദിച്ചു… എനിക്ക് ആളെ മനസിലായി അത് ശക്തിയക്കയായിരുന്നു .. .. “എന്താ രാത്രിയിൽ.. വേറെ എന്തെങ്കിലും ആവിശ്യത്തിന് നിർത്തിയതാണോ ?”.. അവരുടെ ചോദ്യം എനിക്ക് മനസിലായി..ട്രാൻസ്‌ജെണ്ടർസ് ലൈംഗിക തൊഴിലാളികൾ രാത്രികളിൽ കസ്റ്റമേഴ്സിനെ കാത്തിരിക്കുന്ന സ്ഥലം. അതിലൂടെ ഇരുചക്ര വാഹനം തള്ളിക്കൊണ്ട് വരുന്ന ഞാൻ ..ശക്തിയക്കയ്ക്ക് സംശയം തോന്നിയതിനെ ഒരു കുറ്റവും പറയാനില്ല..

“ഇല്ല അതിനൊന്നും അല്ല…ഞാൻ ജോലി കഴിഞ്ഞു വരുന്ന വഴിയാണ് പെട്ടന്ന് ബൈക്ക് നിന്ന് പോയി. സ്റ്റാർട്ട്‌ആകുന്നില്ല”.. പേടിച്ചു കരച്ചിലിന്റെ വക്കത്തെത്തിയിരുന്ന ഞാൻ വിറച്ചു കൊണ്ട് പറഞ്ഞു .. അവരുടെ മുഖഭാവം കണ്ട് കൂടുതൽ പേടി തോന്നി.. ഇവരെ എനിക്കറിയില്ല.. ഇവരെന്താണ് ചെയ്യാൻ പോകുന്നത് എന്നറിയില്ല…. ഞാൻ കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറഞ്ഞു.. കേരളത്തിൽ നിന്ന് വന്നതും ജോലി തേടി അലഞ്ഞതും കുറച്ചു മാസങ്ങൾക്ക് മുൻപ് ജോലി കിട്ടിയതും.. നാട്ടിലെ വീട്ടിലെ കാര്യങ്ങളും എല്ലാം…അവർക്കത് മനസ്സിലായോ എന്ന് പോലും അറിയാതെ, അവരുടെ മുഖം നോക്കാതെ ഞാൻ പിന്നെയും എന്തൊക്കെയോ പുലമ്പി .

അവർ പൊട്ടിച്ചിരിച്ചു ” നിങ്ങൾ മലയാളി ആണല്ലെ….” അപ്പോഴേക്കും കുറച്ചു അകലെ നിന്നിരുന്ന ഒരാൾ പൊട്ടിച്ചിരിച്ചു കൊണ്ട് ഉച്ചത്തിൽ ചോദിച്ചു ” അക്ക ഞാൻ വരണോ അങ്ങോട്ട്” എന്റെ കാര്യം തീരുമാനം ആയി എന്നോറപ്പിച്ച ഞാൻ കണ്ണടച്ചു പ്രിയപ്പെട്ടവരെയൊക്കെ മനസിൽ ഓർത്തു.. ഇനി അതിനൊന്നും പറ്റിയില്ലെങ്കിലോ..

പക്ഷെ ഒന്നും സംഭവിച്ചില്ല. അവരോട് ശക്തിയക്ക വരണ്ട എന്ന് പറഞ്ഞു…..

ഞാൻ കരച്ചിൽ നിർത്തി അവരെ നോക്കി… അവർ പറഞ്ഞു ഈ സമയത്ത് ഇവിടെ നിൽക്കുന്നത് അത്ര നല്ലതല്ല.. നിങ്ങളുടെ പണവും ജീവനും വരെ പോകും.. ഞങ്ങൾ ആരുടെയും ജീവനെടുക്കാറില്ല.. ഇവിടെ ദുഷ്ടൻമാരായ കള്ളൻമാരുണ്ട്.. അവർ ഞങ്ങളെയും വെറുതെ വിടാറില്ല .. അതുകൊണ്ട് തന്നെയാ ഞങ്ങൾ കൂട്ടത്തോടെ നില്ക്കുന്നെ.. എന്നാലും ഞങ്ങൾക്ക് അപകടം പറ്റാറുണ്ട്…അപ്പോഴാ നിങ്ങളുടെ കാര്യം.. “

ശക്തിയക്ക തുടർന്നു “നിങ്ങളെ രാവിലെ സ്ഥിരമായി ട്രാഫിക്സിഗ്നലിൽ കാണാറുണ്ടല്ലോ ” . … എനിക്ക് അത്ഭുമായി “നിങ്ങൾക്ക് എന്നെ ഓർമ്മയുണ്ടോ” ഞാൻ ചോദിച്ചു.. അതൊന്നും ശ്രദ്ധിക്കാതെ അവർ ബൈക്കിന്റ്കീ എടുത്തു പെട്രോൾ ടാങ്ക് തുറന്ന് നോക്കി..” പെട്രോൾ കുറവാണല്ലോ സ്പാർക് പ്ലഗ് നോക്കട്ടെ ” അവർ എന്റെ ബൈക്ക് സ്റ്റാൻഡിൽ വച്ചു ടൂൾസ് എടുത്തു സ്പാർക് പ്ലഗ് നോക്കി .. കുറച്ചു പെട്രോൾ എടുത്ത് അത് വൃത്തിയാക്കി തിരിച്ചു വച്ചു സ്റ്റാർട്ട്‌ചെയ്തു.. വണ്ട് സ്റ്റാർട്ട്‌ആയി….

അവർ ചിരിച്ചു കൊണ്ട് പറഞ്ഞു ” എന്റെ അപ്പന് വർക്ക്‌ഷോപ്പിലായിരുന്നു ജോലി”….

“എന്നാ നമുക്ക് ഒരു ചായകുടിക്കാം നിങ്ങൾ വല്ലാതെ വിയർത്തു തളർന്നിട്ടുണ്ട് .. നേരം വെളുത്താൽ തൊട്ടടുത്ത പെട്രോൾ പമ്പ് തുറക്കും.. അവിടുന്ന് പെട്രോൾ അടിച്ചു പോയാൽ മതി”…അക്ക എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..ഞാൻ തലയാട്ടി….

കുറച്ചു മുന്നിലായി സൈക്കളിൽ ചായ കൊണ്ടുവരുന്ന ആളെടുത്തു നിന്ന് അവർ മൂന്നു ചായ വാങ്ങി.. അപ്പോഴാണ് അവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടിയെ ഞാൻ ശ്രദ്ധിച്ചത്..

“ഇത് കൃഷ്ണ” അവർ കുട്ടിയെ എനിക്ക് പരിചയപ്പെടുത്തി
ആ കുട്ടി ചായ വാങ്ങി കുറച്ചു ദൂരെ പോയി തെരുവ് വിളക്കിന് താഴെ നിന്നു..

ശക്തി അക്ക പറഞ്ഞു .. “എനിക്ക് അവളെ പഠിപ്പിക്കണം… ഞങ്ങളുടെ കൂടെ കൂടി ജീവിക്കണ്ടവളല്ലാ അവൾ..”

എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത് എന്ന് എനിക്ക് തോന്നി.. ഞാൻ ശക്തിയക്കയുടെ മുഖത്ത് തന്നെ നോക്കി..

അവർ പറഞ്ഞു “നിങ്ങൾക്ക്‌മനസിലാവില്ല അത് …. ഞങ്ങളുടെ തോന്നലുകൾ.. മറ്റൊരാളുടെ ശരീരത്തിൽ ജീവിക്കുന്നത് പോലുള്ള അവസ്ഥ…വളരെ വിഷമകരമാണത്… നിങ്ങൾക്കറിയോ ട്രാൻസ്‌ജെണ്ടറായ കുഞ്ഞുങ്ങളും സാധാരണ കുഞ്ഞുങ്ങളാണ്.. ആ കുഞ്ഞു മനസ്സിൽ ആൺ പെൺ എന്ന ചിന്തയൊന്നും വന്നിട്ടുണ്ടാവില്ല …ആ കുട്ടി തനിക്കു തോന്നുന്നതുപോലെ ജീവിക്കുന്നു …പിനീട് കുറച്ചു കൂടി മുതിരുമ്പോൾ ചുറ്റുപാടുകൾ തനിക്കെതിരെ തിരയുന്നതും കുത്തുവാക്കകളിലും കളിയാക്കലുകളിലും എന്ത് ചെയ്യണമെന്ന്അറിയാതെ ..തനിക്കു വേണ്ടി അല്ലാതെ ..വേറൊരാൾ ആയി ജീവിക്കേണ്ട ഒരു പരാജയ ശ്രമം നടത്തുന്നു അവർ.. .ആ അവസ്ഥയിൽ നിന്ന് രക്ഷപെടാൻ ആരുടേയും സഹായം കിട്ടുന്നില്ല …ആ ഒരവസ്ഥയിൽ ആരുടെയെങ്കിലും ഒരു സ്നേഹത്തോടെയുള്ള വാക്ക്, പരിചരണം അവരെ രക്ഷിക്കും ..പക്ഷെ പലപ്പോഴും ആരും സഹായിക്കാൻ ഉണ്ടാവില്ല.. പിന്നെ അവരുടെ മുന്നിൽ കുറച്ചു വഴികളെ കാണു ..ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ തന്നെ പോലുള്ളവരുടെ കൂട്ടത്തിൽ ചേരുക …. ജീവിക്കാൻ തീരുമാനിച്ചു ഒരു കൂട്ടത്തിൽ കൂടിയാലോ അവിടെയും നമ്മുടെ ചെലവിനും ജീവിതത്തിനും നാം തന്നെ പണം കണ്ടെത്തേണ്ടിയിരിക്കുന്നു.. ആരും അവർക്ക് ജോലി കൊടുക്കില്ല ….അങ്ങനെ അവർ ട്രാഫിക് സിഗ്നലുകളിൽ, ട്രൈനുകളിൽ യാചിക്കുന്നു.. പിന്നെ ഒരു ലൈംഗിക തൊഴിലാളിയായി മാറുന്നു …..ജീവിതത്തോട് പോരാടാനുള്ള ഒരു തീ പൊരിയുണ്ടെങ്കിൽ ..അവർ അതിൽ നിന്നും കരകയറും ..പലപ്പോഴും പലർക്കും ആ ശക്തി ഉണ്ടാവാറില്ല ..അവർ തകർന്നടിയുകയാണ് ചെയ്യാറ്..” …. മനസിലെ വേദന പോലെ ശക്തിയക്ക പറഞ്ഞു

“എന്തായാലും നിങ്ങളെ കണ്ടത് നന്നായി നിങ്ങൾ കുറച്ചു നേരം ഇവിടെ നിൽക്കുമോ? ..രാവിലെ കൃഷ്ണയ്ക്ക് ശരണ്യ മാഡം പറഞ്ഞ സ്ഥലത്തു പോകണം…. മാഡത്തെ കണ്ട് വരുന്ന വഴിയാ ഞങ്ങൾ ..ഇവളുടെ ബാഗ് ഞങ്ങളുടെ കോളനിയിൽ ഉണ്ട്.. അതൊന്ന് തിരിച്ചു കൊണ്ടരണം..ഇവളെ അങ്ങോട്ട്‌കൂട്ടിയാൽ ചിലപ്പോൾ അവിടെ ഉള്ളവർ തിരിച്ചു വരാൻ സമ്മതിക്കില്ല.. പിന്നെ കുറേ വാക്കുതർക്കങ്ങൾ വേണ്ടി വരും.. ഞാൻ ഒറ്റയ്ക്ക് പോയാൽ അതൊക്കെ ഒഴിവാക്കാം .. നാളെ ഇവൾക്കൊരു പൂജ അവിടുത്തെ അക്കമാര് തീരുമാനിച്ചിട്ടുണ്ട് . അതൊന്നും വേണ്ട ഇവൾക്ക്..” അക്ക പറഞ്ഞു

വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ച ശക്തിയക്ക പറഞ്ഞാൽ സമ്മതിക്കാതിരിക്കാൻ പറ്റുമോ ..ഞാൻ തലയാട്ടി ..എന്തായാലും പെട്രോൾ പമ്പ് തുറക്കുന്നതുവരെ എനിക്കവിടെ നിന്നെ പറ്റൂ …

അക്ക കൃഷ്ണയുടെ അടുത്ത് പോയി പറഞ്ഞു ” നീ ഇവിടെ നിൽക്ക് ഞാൻ വേഗം തിരിച്ചു വരാം..നമ്മുടെ കൂട്ടത്തിൽ ആരെങ്കിലും ചോദിച്ചാൽ എന്റെ പേര് പറഞാൽ മതി” . പിന്നെ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു “പോലീസ് വരുമെന്ന് പേടിക്കേണ്ട അവർക്ക്‌വേണ്ടതൊക്കെ ഞങ്ങൾ മാസമാസം കൊടുക്കുന്നുണ്ട്”
അക്ക മോപഡ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു പോയി ..

കൃഷ്ണ കുറച്ചു കൂടി അടുത്ത് വന്നു ഫുട്പാത്തിനിടുത്ത ഒരു കല്ല് ബെഞ്ചിൽ ഇരുന്നു..

ഓമനത്തമുള്ള മുഖം.. പക്ഷെ ഒരു വേവലാതി ഉണ്ട് ആ മുഖത്തിൽ .. ഞാൻ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു….

അവൾ എന്നെ നോക്കി പറഞ്ഞു അക്ക പറഞ്ഞത് കൊണ്ടാണ് ഇവിടെ ഇരിക്കുന്നത്… നിങ്ങൾ അവിടെ തന്നെ ഇരുന്നാൽ മതി എനിക്കു ആണുങ്ങളെ ആരെയും വിശ്വാസമില്ല…

ഞാൻ ബൈക്കിൽ ചാരി അക്ക വരുന്നത് വരെ അവൾക്ക്‌കൂട്ടിരുന്നു….

കുറച്ചു കഴിഞ്ഞു അക്ക ബാഗുമായി വന്നു.. എന്നോട് പറഞ്ഞു “നന്ദിയുണ്ട്”.. ഞാൻ പറഞ്ഞു “ഞാൻ അങ്ങോട്ടാണ് നന്ദി പറയേണ്ടത് . നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ. എനിക്കറിയില്ല എന്താകുമെന്ന്.. ഞാൻ അവരുടെ മുന്നിൽ കൈകൂപ്പി”..

അവർ എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. “അവിടെ പെട്രോൾ പമ്പ് കുറച്ചു നേരത്തെ തുറന്നിട്ടുണ്ട്.. നിങ്ങൾ പൊയ്ക്കോളൂ” ഞാൻ ബൈക്ക് സ്റ്റാർട്ട്‌ചെയ്ത് കൃഷ്ണയെ നോക്കി.. അവൾ ചിരിച്ചു. അക്ക വന്ന സന്തോഷം കൊണ്ടായിയിരിക്കണം അവൾ ചിരിച്ചത്..

പിനീട് പലപ്പോഴും സിഗ്നലിൽ ശക്തിയക്കെയേ കാണറുണ്ട്.. ചിലപ്പോൾ സംസാരിക്കാറുണ്ട് …

അതിനിടെ എനിക്ക് നല്ലൊരു കമ്പനിയിൽ ജോലികിട്ടി..ഇനി കോർപ്പറേഷൻ സർക്കിൾ വഴി വരേണ്ട ആവിശ്യം ഇല്ല.. പുതിയ ജോലി നൈറ്റ്‌ഷിഫ്റ്റ്‌ആണ് അത് കാരണം കമ്പനി ബസുണ്ട് ….

പുതിയ ജോലിക്ക്‌ജോയിൻ ചെയുന്നതിന് മുൻപേ .. ഞാൻ പഴയ കമ്പനിയിൽ പോയി എല്ലാരേയും കണ്ടു യാത്രപറഞ്ഞു .. തിരിച്ചു വരുമ്പോൾ കോർപറേഷൻ സർക്കിളിനടുത്ത ചായകടയുടെ മുൻപിൽ ബൈക്ക് പാർക്കു ചെയ്തു ഞാൻ സിഗ്നലിലേക്കു നടന്നു.. ശക്തിയക്കെയേ ഒന്ന് കാണണം …

എന്നെ കണ്ട ശക്തിയക്ക അടുത്തേക്ക് വന്നു ചോദിച്ചു “അല്ല ബൈക്കെവിടെ” .. ചിരിച്ചു കൊണ്ട് ഞാൻ ബൈക്ക് പാർക് ചെയ്ത സ്ഥലം കാണിച്ചുകൊടുത്തു . ജോലി മാറിയ കാര്യം പറഞ്ഞു….പിന്നെ ഒരു ചായ കുടിക്കാൻ ക്ഷണിച്ചു … അവർ സന്തോഷത്തോടെ കൂടെ വന്നു.. ചുറ്റുമുള്ളവർ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .. ഞാൻ അതൊന്നും കാര്യമാക്കിയില്ല … ചായ കുടിക്കുന്നതിനിടെ അക്ക പറഞ്ഞു “നന്നായി ഇത് നല്ല വിശേഷം തന്നെ നിങ്ങൾക് നല്ല ജോലികിട്ടിയല്ലോ ഇനി എല്ലാ വിഷമങ്ങളും തീർന്നില്ലേ …..” ഞാൻ ചിരിച്ചു .”.സത്യമാണ് അക്ക വലിയൊരു ആശ്വാസമാണ് പുതിയ ജോലികിട്ടിയത് ” പറയുന്നതിനിടെ അക്കയ്ക്കു എൻെറ ഫോൺ നമ്പർ കൊടുത്തു ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു.. അക്ക അവരുടെ നീല ഡയറിയിൽ ഫോൺ നമ്പർ എഴുതുന്നതിനിടെ ചിരിച്ചുകൊണ്ട് പറഞ്ഞു “ഞാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല”..

ഞാൻ അക്കയോട് ചോദിച്ചു “ആ കുട്ടി കൃഷ്ണ? അവൾ ഇപ്പൊ പഠിക്കുന്നില്ലേ?…”. കൃഷ്ണയെ പറ്റി പറഞ്ഞപ്പോൾ അക്കയുടെ കണ്ണുകൾ തിളങ്ങി ..അക്ക വളരെ സന്തോഷത്തോടെ പറഞ്ഞു ശരണ്യ മാഡത്തിന്റെ ngo അവളുടെ പഠനം ഏറ്റെടുത്തു.. .. അവൾക്ക്‌വേണ്ട എല്ലാ ചെലവുകളും അവർ ചെയുന്നുണ്ട് .. പിന്നെ കുറേ നല്ല മനുഷ്യരും സഹായിക്കാൻ ഉണ്ടായിരുന്നു.. താമസത്തിൻറെ കാര്യങ്ങളൊക്കെ ഞാനും സഹായിക്കുന്നു.. പിന്നെ അവൾക്കിപ്പോൾ ഹോർമോൺ ചികിത്സയുണ്ട്.. കുറച്ചു കാലം കഴിഞ്ഞു ഓപ്പറേഷൻ നടക്കും അവൾ ആഗ്രഹിച്ചത് പോലെ പെണ്ണാകും.. ഈയിടെ അവളുടെ അമ്മയുടെ അടുത്ത് പോയി അതിനു സമ്മതപത്രം വാങ്ങിയിരുന്നു ..നിയമപരമായി അതുവേണമായിരുന്നു ..”

“കൃഷ്ണയ്ക്ക് അമ്മയുണ്ടോ ഇത്ര സപ്പോർട്ട് തരുന്ന അമ്മയുണ്ടെങ്കിൽ അവളെന്തിന് ഒളിച്ചോടി..?ഞാൻ ചോദിച്ചു

അക്ക പറഞ്ഞു അതൊരു കഥയാണ് ..

കൃഷ്ണ ജനിച്ചത് മുരുകൻ ആയിട്ടാണ്.. കോൺസ്റ്റബിൾ മാരിമുത്തുവിന്റെയും അലക്ക്കാരി അഴകമ്മയുടെയും മൂന്നു മക്കളിൽ ഇളയത് .. ആകെയുള്ള ആൺകുട്ടി …. ചെറുപ്പത്തിലേ മുരുകൻ ചേച്ചിയുടെ കൂടെ ആയിരുന്നു….അമ്മയുടെ സാരി ചുറ്റിയും കമ്മലണിഞ്ഞും പൊട്ടുതൊട്ടും കളിക്കാനായിരുന്നു അവനിഷ്ടം .. അയൽ വീട്ടിലെ കൂട്ട്കാർ കളിക്കാൻ വിളിച്ചാൽ മുരുകൻ പോകാറില്ല അവൻ പെൺകുട്ടികളുടെ കൂടെ കൂടാൻ തുടങ്ങി…..

കുറച്ചു കാലം കഴിഞ്ഞപ്പോൾ
വീട്ട്കാർ ഈമാറ്റം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി .. അവനെ ഉപദേശിച്ചു.. പക്ഷെ അവന് ഒരു തെറ്റും തോന്നിയില്ല .. അവൻ ഉള്ളിൽ ഒരു പെണ്ണായിരുന്നു..

അയൽവാസികൾ കളിയാക്കാൻ തുടങ്ങി.. വീട്ടിൽ ചേച്ചിയും കൂടെ കൂട്ടാതെയായി.. സ്കൂളിലും ഉണ്ടായിരുന്നു കളിയാക്കൽ .. മാനസിക പീഡനം കൂടാതെ ശരീരക്ക് പീഡനവും തുടങ്ങി .ഇതിനിടയിലും അവൻ നല്ലവണ്ണം പഠിച്ചു.. ചിലപ്പോൾ അതായിരിക്കും സ്കൂളിൽ നിന്ന് പുറത്താക്കാഞ്ഞേ … അപ്പ അവനെ ദിവസവും അടിച്ചു ആണാക്കാൻ ശ്രമിച്ചു.. അവൻ കഴിയുന്നതും ശ്രമിച്ചു പക്ഷെ മാറാൻ പറ്റിയില്ല.. അപ്പ കുറേ നാൾ അവനെ വീട്ടിലൊരു മുറിയിൽ അടച്ചിട്ടു .. അമ്മ മാത്രം കരഞ്ഞു..അവനെ ആശ്വസിപ്പിച്ചു.. രോഗിയായ അവർക്കതിനെ കഴിഞ്ഞുള്ളു..ദിവസവും മകന് കിട്ടുന്ന ശകാരവും അടിയും കണ്ട് അവന്റെ അമ്മയാണ് ഒരിക്കൽ അവനോട് അവിടുന്ന് ഓടി പോകാൻ പറഞ്ഞത്. അവനെ അംഗീകരിക്കാൻ പറ്റുന്ന കൂട്ടത്തിന്റടുത്തേക്ക് പോകാൻ പറഞ്ഞത്..

അന്ന് ഒപ്പ് വാങ്ങാൻ കാണാൻ പോയപ്പോൾ അവർ കൃഷ്ണയെ മുരുകാ എന്ന് വിളിച്ചു കുറേ കരഞ്ഞു…. തന്റെ മുന്നിൽ കിടന്നു അടികൊണ്ടു മരിക്കാതിരിക്കാനാണ് വേറൊരു വഴിയുമില്ലാതെ ഓടി പോകാൻ പറഞ്ഞതെന്നും അന്ന് രോഗിയായ തനിക്ക് അപ്പയെ ഒറ്റയ്ക്കു തടുത്തു നിർത്താൻ കഴിഞ്ഞില്ല എന്നും പറഞ്ഞു കരഞ്ഞു…

പിന്നെ ആ അമ്മ പറഞ്ഞു കുട്ടികളുടെ അപ്പ ഒരപകടത്തിൽ മരിച്ചു മകൾക്ക് അച്ഛന്റ്റെ ജോലി കിട്ടി പോലീസിൽ … അവളുട കല്യാണം കഴിഞ്ഞു ..കല്യാണത്തിന് മുരുകനെ വിളിക്കണം എന്നമ്മയ്ക്കുണ്ടായിരുന്നു പക്ഷെ മോൾക്ക്‌ആണും പെണ്ണും കെട്ടവൾ വീട്ടിൽ വരണ്ട എന്നായിരുന്നു.. അമ്മയ്ക്കു അത് എതിർക്കാൻ പറ്റിയില്ല ..അവർ കുറെ സ്ഥലങ്ങളിൽ മുരുകനെ അന്വേഷിച്ചിരുന്നു….

ഇത്ര ദുഃഖകരമായ സ്ഥിതിആയിരുന്നോ ആ ഓമനത്തമുള്ള മുഖത്തിന്‌പിറകിൽ … ഞാൻ കൃഷ്ണയെ ഓർത്തു.. ആ തെരുവിളക്കിനു താഴെ സിമന്റ് ബെഞ്ചിൽ ഇരുന്ന അവളുടെ മുഖം ഒരിക്കലും മനസിൽ നിന്ന് മായില്ല ….

ശക്തിയക്ക തുടർന്നു .. “എന്റെ അടുത്ത് എത്തിയ മുരുകനെ ഞാൻ കൃഷ്ണ എന്ന് വിളിച്ചു…. എന്റെ ചെറുപ്പം ഞാൻ കൃഷ്ണയിൽ കണ്ടു.. ഞാൻ മുന്നിൽ കണ്ട ഭാവി അവൾക്ക്‌കിട്ടട്ടെ എന്ന് കരുതി.. ഇനിയും എന്നെ പോലൊരു ഒരു ശക്തി ഉണ്ടാവാൻ പാടില്ല…

ഞാനും വന്നത് തമിഴ് നാട്ടിൽ നിന്നാണ് ..അച്ഛനും അമ്മയും രണ്ടുചേച്ചിമാരും .. …വർക്ക്‌ഷോപ്പ് ജീവനക്കാരനായ അപ്പൻ ഒരു ദിവസം മദ്യപിച്ചെത്തി ചേച്ചിമാരെ ഉപദ്രവിക്കുന്നത് കണ്ട് അയാളെ തലയ്ക്കടിച്ചു അവിടുന്ന് ഓടി വന്നവളാണ് ഞാൻ ..അമ്മയും ചേച്ചിമാരും പിന്നെ അന്വേഷിച്ചു വന്നില്ല….ഞാൻ തിരിച്ചുപോയില്ല .. …അപ്പ എന്നയാൾ മരിച്ചോ എന്നറിയില്ല..

എന്റെ കണ്ണ് നിറഞ്ഞു ..ശക്തിയക്ക അതുകണ്ടു ചിരിച്ചു .. ഞാൻ വിളിക്കാം എന്ന് പറഞ്ഞു നീല ഡയറി ബാഗിൽ വച്ചു.. അവർ തിരിച്ചു ട്രാഫിക് സിഗ്നലിലേക്കു നടന്നു ..

പിന്നെ അക്ക വിളിച്ചത് കൃഷ്ണയുടെ ഓപ്പറേഷൻ കഴിഞ്ഞ സന്തോഷത്തിലാണ് .. കുറെ നേരം ഞങ്ങൾ സംസാരിച്ചു ..അക്ക അപ്പോഴേക്കും ആളാകെ മാറിയിരുന്നു.. ..അവരുടെ കൂടെയുള്ള പഠിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്കു ശരണ്യ മാഡം വഴി അവസരം ഒരുക്കുക.. മറ്റു പല സമൂഹ്യസേവന പരിപാടികളിലും പങ്കെടുക്കുക.. ..ട്രാൻസ്‌ജെണ്ടർ കമ്മ്യൂണിറ്റിയിൽ ഉള്ള ആൾക്കാരെ മറ്റു ജോലി ചെയ്യിക്കാൻ പ്രേരിപ്പിക്കുക.. അങ്ങനെ പലതും..അതൊന്നും അത്ര എളുപ്പമുള്ള പണിയല്ല ..പലതരം വിഷമതകളും നേരിട്ടുണ്ടവർ ..പക്ഷെ അതൊന്നും അവർക്ക് ഒരു പ്രശ്നമായിരുന്നില്ല..

“കുറച്ചു പേരെ തയ്യൽ പരിശീലനത്തിനു അയക്കാനുണ്ട് ” പിന്നെ വിളിക്കാം എന്ന് പറഞ്ഞു അന്ന് അക്ക ഫോൺ കട്ട് ചെയ്തു..

പിന്നെ കുറേ കാലമായി ഒരു വിവരവുമില്ല..

ഇന്ന് കൃഷ്ണ വിളിച്ചു പറയുന്നു ശക്തിയ്ക്ക ഓർമകളിൽ മാത്രമായെന്ന്.

ഇങ്ങനെ പുറംലോകം അറിയപ്പെടാതെ, അറിയപ്പെടാൻ സമ്മതിക്കാതെ.. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവർ.. അവരാണ് ജീവിതം ശരിക്കും ജീവിക്കുന്നത്..ഒരിക്കലും മരണമില്ലാത്തവർ.. നമ്മുടെ ഓർമകളിൽ എപ്പോഴും ജീവിക്കുന്നവർ..

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…