സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അതിജീവനം

അക്ഷയ് ഗോപിനാഥ്

കൃത്യമായ ഒരു കണക്ക് ഇന്നലെയാണ് കിട്ടിയത്. അതുവരെ സ്ഥലകാലബോധം ഉണ്ടായിരുന്നില്ല. ഇതിപ്പോൾ നാലാമത്തെ ദിവസമാണ്, ഒറ്റ ജനൽ മാത്രമുള്ള ആ കുടുസ്സ് മുറിയിൽ തൂക്കാൻ വരുന്ന തലയിൽ കുറച്ചു പെയിന്റടിച്ച ‘വയസ്സത്തിയോടും’ മൂക്കിൽ കണ്ണട വെച്ച ഡോക്ടറോടും മാത്രം ഇളിച്ച് കാട്ടി തള്ളിനീക്കാൻ തുടങ്ങിയിട്ട്. ദെവസോം രണ്ടോ മൂന്നോ കുപ്പി ഗ്ളൂക്കോസ് നല്ല ഉഷാറിൽ കയറിയിറങ്ങുന്നുണ്ട്. പുറം ലോകമായിട്ട് തീരെ ഒരു ബന്ധവുമില്ലാണ്ടായി എന്നു വേണമെങ്കിൽ പറയാം. അങ്ങനെ പറയത്തക്ക ബന്ധമുണ്ടായിരുന്നോ? സംശയമാണ് !!.
ബന്ധുക്കളൊക്കെ കാക്കയ്ക്കും പൂച്ചയ്ക്കും വിളിച്ചുകൂട്ടി നേർച്ച കൊടുത്തന്ന് സലാം പറഞ്ഞ് പോയതാണ്. പിന്നെ കണ്ടിട്ടില്ല.
അതു കഴിഞ്ഞ് അവശേഷിച്ച ‘നീര്’ കൂടെ പിഴിഞ്ഞെടുത്തവരോടും അധികാരം കാണിച്ച് പടിക്ക് പുറത്താക്കിയവരോടും ഒരിറ്റ് പോലും ദേഷ്യം തോന്നിയില്ല. മദർ തെരേസ ചമഞ്ഞതല്ല. പ്രതികരിക്കാനുള്ള ആവതുണ്ടായിരുന്നില്ല എന്നതാണ് സത്യം.
രണ്ടും കൽപ്പിച്ച് ഇറങ്ങിപുറപ്പെട്ടതാണ്,
ഇടയ്ക്കെപ്പോഴോ അക്ഷരങ്ങളോടൽപ്പം ഇഷ്ടം കൂടുതൽ തോന്നി അതാവും തുന്നുവിട്ട ഡയറിയിൽ അവിടവിടായി ചിലതൊക്കെ കുറിച്ചു വെക്കാൻ പ്രേരിപ്പിച്ചതും. നാലോ അഞ്ചോ വരിയിൽ ഒതുങ്ങുന്നവ എന്നാൽ വായിക്കുന്നവർക്ക് തന്നോളം അല്ലെങ്കിൽ തന്നേക്കാളേറെ ആഴവും പരപ്പും ഉള്ള വായന അതിലൂടെ സാധ്യമായിരുന്നു എന്ന് പലരിലൂടെയും അറിയാൻ കഴിഞ്ഞു. ഒന്നു രണ്ടെണ്ണം ചിലയിടങ്ങളിലേക്ക് ഒക്കെ അയച്ചു. പേരിന് സ്വല്പം പവർ കിട്ടിത്തുടങ്ങി. പലരും തേനും പാലും പൂശി കത്തയക്കാൻ തുടങ്ങി. ചിലരൊക്കെ കാണാനും ആഗ്രഹം പ്രകടിപ്പിച്ചു.
ഇടയ്ക്കെപ്പോഴോ തണുത്തുറഞ്ഞിരുന്ന മനസ്സ് ഇളം ചൂടിൽ താനേ അലിഞ്ഞു. കൂട്ട് വേണമെന്ന് തോന്നിയിരിക്കും. തിരിച്ചറിവു വരുമ്പോഴേക്കും വേണ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീട് കത്തോ വിളിയോ കണ്ടില്ല. അത് ആഗ്രഹിച്ചിരുന്നില്ല താനും!!
മൂപ്പെത്താതെയായിരുന്നു പുതിയ സൃഷ്ടി.
കഴിഞ്ഞ കത്തിനു മുന്നേ വിത്തിട്ടത് മുള പൊട്ടിയതാണ്. തിരിഞ്ഞ് നോക്കി നല്ല ഉറക്കമാണ്. കഴുത്തുറച്ചു വരുന്നേയുള്ളൂ.
പിന്നീടെഴുതാനും നിന്നില്ല. നാലുവരിയിൽ ഒതുങ്ങിയില്ലെങ്കിലോ എന്ന് ഭയന്നു.
കാഴ്ചവെക്കാനും കാട്ടിലെറിയാനും പലരും ചെവിയിലോതിത്തന്നു. നാവരിയാതെ ഊട്ടാനുള്ള ‘നല്ല’ മാർഗ്ഗം മാത്രം ആരും പറഞ്ഞു തന്നില്ല. പറഞ്ഞു തന്നവരാകട്ടെ അർത്ഥം വെച്ചുള്ള ചിരിയിലും ദേഹം കുത്തിത്തുളയ്ക്കുന്ന നോട്ടത്തിലുമായി വിസ്തരിച്ചു പറഞ്ഞു.
ഇവിടെ കൊണ്ടു വന്നിട്ടവൻ രണ്ടു ദിവസം മുൻപ് വന്നിരുന്നു എന്ന് പാൽ കവർ പൊട്ടിക്കാൻ വരുന്ന നീല യൂണിഫോംകാരി പറഞ്ഞു. ഒന്നും മനസിലാകാതെ നോക്കിയപ്പോൾ അവരടക്കം പറയുന്നതും കണ്ടു. കുഞ്ഞിനു പാലു കൊടുക്കാൻ പണിപെടുന്നതു കണ്ടിട്ടാവണം ചിലർ സഹതപിച്ച് അടുത്തേക്ക് വരാറുണ്ട്. “മോളാണല്ലേ?”
മറുപടി പറയാൻ തോന്നിയില്ല. അതിൽപിന്നെ അവിടെയുള്ള ആർക്കും അലിവോ സഹതാപമോ തോന്നിയില്ല.
കിടക്കാമെന്നു കരുതിയാണ് ബെഡിനടുത്തേക്ക് ചെന്നത്. ഒന്ന് കണ്ണടച്ചു തുടങ്ങിയപ്പോഴേക്കും ഡോക്ടർ വന്നു ഡിസ്ചാർജ് ചീട്ട് വാങ്ങിക്കൊള്ളാൻ പറഞ്ഞു. കൊണ്ടുപോകാൻ ആരെങ്കിലും വരുമോ എന്ന് ചോദിച്ചു. ആകെയുള്ള കുറച്ചു തുണി പ്ലാസ്റ്റിക് ബാഗിൽ തിരക്കിട്ടു കുത്തിനിറയ്ക്കുകയായിരുന്നു. ബില്ലടയ്‌ക്കാൻ ചെന്നപ്പോൾ ആരോ അല്പം മുൻപ് അടച്ചെന്നു പറഞ്ഞു.

ആസ്പത്രി പടിക്കൽ ഒരു വണ്ടി വന്നു നിന്നു.

കുറിയ ശരീരമുള്ള ഒരു ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു കയ്യിലെ ബാഗ് പിടിച്ചു വാങ്ങി. മുഖത്തേക്ക് നോക്കി തരിച്ചു നിന്നപ്പോൾ “മനസ്സിലായില്ലേ” എന്ന് ചോദിച്ച് മൂന്നക്ഷരമുള്ള ഒരു പേരും പറഞ്ഞു. ഇല്ലെന്ന് പറയാൻ ഭാവിച്ചതായിരുന്നു പിന്നെ തുനിഞ്ഞില്ല. എവിടെയോ കേട്ടു മറന്ന പോലെ. അന്ന് വന്ന കത്തുകൾക്കിടയിലായിരുന്നോ?

അറിയില്ല. ഓട്ടോയിലേക്ക് കയറിയിരുന്നു. അയാൾ ബാഗ് അരികത്തു വെച്ച് അടുത്തേക്ക് കയറിയിരുന്നു.. കണ്ണ് ക്ഷീണം കാരണം അടഞ്ഞു തുടങ്ങിയിരുന്നു. അയാൾ തല ചുമലിലേക്ക് വച്ചോളാൻ പറഞ്ഞു. വണ്ടി പോകുന്ന വഴിയിൽ ആരോ പറച്ചിട്ട ഇത്തിൾചെടി മറ്റൊരു മരത്തിലേക്ക് കൈ നീട്ടുന്നത് കണ്ടു. തല വെട്ടിച്ച് അയാൾക്കരികിലേക്ക് ചാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…