സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നിർമലം ഹിരണ്മയം


ശ്യാംസുന്ദർ പി ഹരിദാസ്


ഒരു രാത്രി കൂടി സുഭാഷ് മോർച്ചറിയിൽ കിടന്നു. പിറ്റേന്ന് രാവിലെ തുന്നിക്കെട്ടി കിട്ടും വരെ നിർമല കരഞ്ഞു കൊണ്ടിരുന്നു. പിന്നെ കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ അവസ്ഥയിൽ അവൾ ഹിരണ്മയിയുടെ ചുമലിലേക്ക് തളർന്നു വീണു. വെള്ളത്തുണിയിൽ പൊതിഞ്ഞ സുഭാഷിനെ സ്‌ട്രെച്ചറിൽ ചേർത്തു കെട്ടി ആംബുലൻസ് പുറപ്പെട്ടു.ഇനി ദീർഘദൂരം യാത്രയാണ്. പൊടുന്നനെ അണഞ്ഞു പോയ പലവിധ ജീവിതങ്ങളുടെ അവസാന കെട്ടിക്കിടപ്പിന് സാക്ഷിയാകേണ്ടി വന്ന ആ കെട്ടിടം അകന്നകന്നു പോകുന്നത് ആംബുലൻസിന്റെ പുറകിലെ ചില്ലു ജാലകത്തിലൂടെ ഹിരണ്മയി നോക്കിയിരുന്നു. കഠിനമായ വിഷാദത്തോടെ ഭൂമിയിലേക്ക് അമർന്നിരിക്കുകയായിരുന്ന ആ കെട്ടിടത്തിനു മുന്പിലെ ‘മോർച്ചറി’ എന്ന് ഇംഗ്ലീഷിൽ എഴുതി വെച്ച ബോർഡിന് മുകളിൽ അപ്പോഴും വിളറിയ മഞ്ഞ വെളിച്ചം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞുപോയ ദിവസം, മോർച്ചറിയുടെ നീളൻ വരാന്തയിലൂടെ നടന്ന്, അടഞ്ഞു കിടന്ന വാതിൽ തുറന്ന് മോർച്ചറി സൂക്ഷിപ്പുകാരനോടൊപ്പം അകത്തേക്ക് കടക്കുമ്പോൾ അനുഭവപ്പെട്ട മരണത്തിന്റെ സാന്ദ്രമായ തണുപ്പ് ആംബുലൻസിനുള്ളിലും തങ്ങി നിൽക്കുന്നതായി ഹിരണ്മയിക്കു തോന്നി. തണുത്തുറഞ്ഞ തട്ടുകളിലേതോ ഒന്നിൽ തന്നെ കാത്തു കിടക്കുന്നത് സുഭാഷ് ആയിരിക്കരുതെയെന്ന് അവളപ്പോൾ തീവ്രമായി അറവാനോട്‌ പ്രാർത്ഥിച്ചിരുന്നു. നിശബ്ദതയെ നെടുകെ പിളർത്തി ഒരു ഞെരക്കത്തോടെ മോർച്ചറിയിലെ ഒരു തട്ട് അവളുടെ നേർക്ക് നിരങ്ങി വരികയായിരുന്നു.അതിനകത്ത് തുറിച്ച കണ്ണുകളോടെയും കോടിയവായ് പാതി തുറന്ന് വെച്ചും തണുത്തുറഞ്ഞ് തന്നെ നോക്കി കിടക്കുന്നത് സുഭാഷ് തന്നെയെന്ന് ഉറപ്പിക്കാൻ അവൾക്കധികം സമയം വേണ്ടി വന്നില്ല.അപകടത്തിൽപ്പെട്ട് വികൃതമായിരുന്നു സുഭാഷിന്റെ മുഖം. ചതഞ്ഞ വിരൽത്തുമ്പുകളിലൂടെ സഞ്ചരിച്ച് ഹിരണ്മയിയുടെ നോട്ടം അയാളുടെ കൈത്തണ്ടയിൽ ചെന്നു നിന്നു.അവിടെ അയാൾ അമ്മയുടെ പേര് പച്ചകുത്തിയിരുന്നു. ശിവജി നഗറിലെ ഒരു വൈകുന്നേരനടത്തത്തിനിടയിലാണ് സുഭാഷ് അമ്മയുടെ പേര് കൈത്തണ്ടയിൽ പച്ചകുത്തിയത്. ഹിരണ്മയിയും അന്ന് അയാൾക്കൊപ്പമുണ്ടായിരുന്നു. അൽപനേരം അവൾ സുഭാഷിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. പിന്നെ പതിയെ തിരിഞ്ഞ് മോർച്ചറി സൂക്ഷിപ്പുകാരനെ നോക്കി ‘ആളിത്’ തന്നെ എന്നർത്ഥത്തിൽ തലകുലുക്കികൊണ്ട് പുറത്തേക്ക് കടക്കുകയായിരുന്നു.ഏതാനും നിമിഷങ്ങൾക്കകം നിർമലയെയും കൂട്ടികൊണ്ട് നഞ്ചപ്പ അവിടേക്ക് കടന്നു വന്നു.സുഭാഷിന്റെ കിടപ്പുകണ്ട് പൊട്ടിച്ചിതറിയ ഒരു നിലവിളിയായി തൂവൽ പോലെ നിലത്തേക്കൂർന്നു വീണ നിർമലയെ ഹിരണ്മയി താങ്ങിപിടിച്ചു- “നിർമലാ ”.. എന്നാർദ്രമായി വിളിച്ചുകൊണ്ട്. നിർമലയെ സംബന്ധിച്ച് തികച്ചും അപരിചിതയായിരുന്നിട്ടും ഒറ്റനോട്ടത്തിൽ ഉൾക്കൊള്ളനാവാതിരുന്ന രൂപ ഭാവങ്ങളായിരുന്നിട്ടും ഒറ്റപ്പെടലിന്റെയും ദുഃഖത്തിന്റെയും കഠിനമായ ആ നിമിഷത്തെ അതിജീവിക്കുവാൻ തന്നെ അറിയാവുന്ന ഒരാൾക്കൂടിയുണ്ടെന്ന തിരിച്ചറിവ് അവളെ ഹിരണ്മയിയിലേക്ക് തന്നെ ചേർത്തു നിർത്തുകയായിരുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ഇളംചൂടുള്ള ആലിംഗനം നിർമല അനുഭവിച്ചു. അവിചാരിതമായ ഒരു സന്ദർഭത്തെയാണ് ഹിരണ്മയി അപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരുന്നത്.അത്തരമൊന്ന് വിദൂരഭാവിയിൽ പോലും അവൾ പ്രതീക്ഷിച്ചിരുന്നതല്ല.നേർക്കുനേർ കണ്ടുമുട്ടുവാനുള്ള യാതൊരുവിധ സാധ്യതകൾക്കും ഇടകൊടുക്കുകയില്ലെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നിട്ടും സകല കണക്കുകൂട്ടലുകളും വ്യർത്ഥമാക്കിക്കൊണ്ട് കാലം അതിന്റെ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുകയായിരുന്നു. ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതമെന്ന് പറയുന്നത് ശരിതന്നെ. ചുരുങ്ങിയപക്ഷം ഹിരണ്മയിയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളമെങ്കിലും അത് അങ്ങനെത്തന്നെയായിരുന്നു.. ആരോ ഒരാൾ മുൻകൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥയിൽ, കഥയെന്തെന്നറിയാതെ ഓരോരോ വേഷങ്ങളായി അവൾ ആടിക്കൊണ്ടിരുന്നു.
ആംബുലൻസിൽ സുഭാഷിന്റെ ദേഹത്തിനരികെ വിഷാദം പുരണ്ട മൗനവുമായി അവർ രണ്ടുപേർ യാത്രതുടർന്നു ..ട്രാഫിക് ബ്ലോക്കുകളിൽ കെട്ടു പിണഞ്ഞ് ഒച്ചിഴയും വേഗത്തിൽ ആംബുലൻസ് മുന്നോട്ട് നീങ്ങുകയായിരുന്നു.എല്ലാ കെട്ടുപാടുകളിൽ നിന്നും ഒറ്റയടിക്ക് രക്ഷപ്പെട്ട് തികച്ചും സ്വസ്ഥനായി സുഭാഷ് അതിനുള്ളിൽ കിടന്നു. നിർമല ഒറ്റരാത്രി കൊണ്ട് ആത്മാവ് പോലെ മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീയായി മാറിയിരിക്കുന്നുവെന്ന് ഹിരണ്മയിക്ക് തോന്നി. വിളറിയ വിരലുകളിൽ ഒരു പഞ്ഞിത്തുണ്ടുമായവൾ സുഭാഷിന്റെ മൂക്കിൽ നിന്നൊലിച്ചിറങ്ങുന്ന ദ്രവം തുടച്ചുകൊടുത്ത് , പിന്നെ സ്‌ട്രെച്ചറിൽ മുറുകെ പിടിച്ചത് നോക്കിയിരുന്നു ഹിരണ്മയി. മനുഷ്യന് പ്രിയപ്പെട്ടവരുടെ മരണവുമായി താദാതമ്യം പ്രാപിക്കുവാൻ കുറച്ചധികം കണ്ണീരൊഴുക്കി കളയേണ്ട കാര്യമേ ഉള്ളൂ. അതവൾ വേണ്ടുവോളം ഒഴുക്കി തീർത്തിരിക്കുന്നു. ഇനിയുള്ളത് നിർജ്ജീവമായ ഒരവസ്ഥയാണ്. അതും ക്രമേണ മാറും. മാറാത്തതായി ഒന്നുമില്ല. ചിലപ്പോൾ മടുപ്പിക്കുന്ന ഒരു ശൂന്യത അവശേഷിച്ചെന്നിരിക്കും.
സുഭാഷിനെ കാണാതായെന്ന വിവരം ഹിരണ്മയിയെ വിളിച്ചറിയിച്ചത് നഞ്ചപ്പയായിരുന്നു. ഹൗസ് ഓണർ എന്നതിനേക്കാൾ കവിഞ്ഞൊരടുപ്പം അയാൾക്കും സുഭാഷിനുമിടക്ക് ഉണ്ടായിരുന്നത് കൊണ്ട് ആ വാർത്ത വിളിച്ചറിയിക്കുമ്പോൾ നഞ്ചപ്പയുടെ ശബ്ദം ഇടറി മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.അശുഭകരമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന ആശങ്കയിൽ അയാൾ പറഞ്ഞു – “ആ പെൺകുട്ടി കരച്ചിലോടു കരച്ചിലാണ്. അതിവിടെ വന്നിട്ട് മൂന്ന് നാളുകൾ പോലുമായില്ല.ഒന്ന് സമാധാനിപ്പിക്കാൻ അതിന്റെ ഭാഷയും എനിക്കറിയില്ല. അതിനിവിടെ ആരെയും പരിചയവുമില്ല.ഹിരണ്മയി ഇവിടെ വരെ ഒന്ന് വരൂ”..
എല്ലാമറിഞ്ഞു കൊണ്ട് തന്നെയാണ് നഞ്ചപ്പ അത്തരമൊരു അപേക്ഷയുമായി അവളെ സമീപിച്ചത്.വളരെ വിചിത്രമായിരുന്ന, ഒരുപക്ഷേ മറ്റുള്ളവരുടെ കണ്ണിൽ അസന്മാർഗികം എന്ന് തോന്നിയേക്കാവുന്ന തരത്തിൽ വിചിത്രമായിരുന്ന, ആ ബന്ധത്തിന് ഏക സാക്ഷിയും നഞ്ചപ്പയായിരുന്നു.ഒരിക്കലും താനും നിർമലയും തമ്മിൽ നേരിൽ കാണില്ലെന്ന് സുഭാഷിന് കൊടുത്ത വാക്ക് പാലിക്കപ്പെടേണ്ടതിനാൽ അയാളുടെ അപേക്ഷയെ മറ്റു നിവൃത്തികളൊന്നുമില്ലാതെ നിഷേധിച്ചുവെങ്കിലും സുഭാഷിനെ അന്വേഷിച്ചു കണ്ടെത്തുന്നതിന്റെ പുറകെയായിരുന്നു ഹിരണ്മയി. ആ അന്വേഷണമാണ് മോർച്ചറിക്ക് മുന്നിലെത്തി നിന്നത്. ചുറ്റുപാടുകളുമായി ഇനിയും പരിചയമായിട്ടില്ലാത്ത നിർമലയെ തനിച്ചിരുത്തി വീട്ടാവശ്യങ്ങൾക്കുള്ള ചില സാധനങ്ങൾക്കൂടി വാങ്ങിക്കുവാൻ പുറപ്പെട്ടു പോയ സുഭാഷിന്റെ ആക്ടീവ ഒരപകടത്തിൽ പെടുകയായിരുന്നു. ജനനങ്ങളും മരണങ്ങളും ഒന്നും അത്ര വലിയ സംഭവമേയല്ലാത്ത ഒരു മഹാനഗരത്തിൽ അയാൾ കണ്ണിൽപ്പെടാവുന്നതിൽ വെച്ചേറ്റവും ചെറിയൊരു മനുഷ്യജീവിയായിരുന്നുവല്ലോ.

ആംബുലൻസ് അതിവേഗം നഗരത്തെ പിന്നിലാക്കി കുതിച്ചു കൊണ്ടിരുന്നു. നിർമലയപ്പോൾ സുഭാഷിന്റെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്നു, അയാൾക്ക് വേദനിച്ചേക്കുമെന്ന് കരുതി എത്രത്തോളം മൃദുവാകാമോ അത്രയും മൃദുവായി. സാരി തുമ്പിനടിയിൽ വിറയ്ക്കുന്ന നിർമലയുടെ വിരൽത്തുമ്പിലേക്ക് വെറുതേ നോക്കിയിരുന്നു ഹിരണ്മയി. ആംബുലൻസിനകത്ത് തങ്ങി നിന്നിരുന്ന കനത്ത നിശബ്ദതയെ പിളർത്തി അവളുടെ ഓർമകൾ ഇടയ്ക്കിടെ കുതറിയുയർന്നു.

ജീവിതത്തിലെ ഏറ്റവും അസുലഭ നിമിഷങ്ങളെല്ലാം മുൻകൂട്ടി അറിയിക്കാതെ,ആരവങ്ങളില്ലാതെ, അപ്രതീക്ഷിതമായി തീർത്തും ശാന്തമായാണ് മനുഷ്യരെ കടന്നു പോവുക.പോയി കഴിഞ്ഞതിനു ശേഷം മാത്രമാണ് അതെത്രത്തോളം ആഹ്ലാദകരമായിരുന്നു എന്ന് തിരിച്ചറിയുക. ജീവിതത്തിന്റെ പിന്നിട്ട വഴികളിലും ഇനി വരാനിരിക്കുന്ന തിരിവുകളിലും അത്തരമൊന്ന് ഉണ്ടാകാനിടയില്ലായിരുന്നുവെങ്കിലും സുഭാഷ് എന്ന അനുഭവം അങ്ങനെയാണ് അവളെ കടന്നുപോയത്. നിർമലവും ശീതളവുമായ ഒരരുവി കടന്നു പോകും പോലെ, അത് ഒഴുകിയൊഴുകി അകന്നു. ചിലത് അങ്ങനെയാണ്, തടഞ്ഞു നിർത്താനാകില്ല. ഒഴുക്കാണ് ഭംഗി. ഒഴുക്കിലാണ് അതിന്റെ താളം. അണകെട്ടി തടഞ്ഞു നിർത്തുമ്പോൾ അത് നിർജ്ജീവമാകുന്നു.സുഭാഷ് ഒരിക്കൽ ഒഴുകിപോകേണ്ടവൻ എന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു കുറച്ചു നാളുകൾ അവർ ഒന്നിച്ചു ജീവിച്ചത്.

സൂര്യൻ, ശിവജി നഗറിലെ നരച്ച കെട്ടിടങ്ങളുടെ തലയ്ക്കു പിറകിൽ ഒളിച്ചു തുടങ്ങുകയും പാർക്കിലെ ബോഗേയ്ൻ വില്ലപ്പടർപ്പുകളുടെ നിഴൽ, ഇരിപ്പിടങ്ങളിൽ വീഴുകയും ചെയ്ത ഇളം ഓറഞ്ച് നിറമുള്ള ആ വൈകുന്നേരം ഹിരണ്മയി പറഞ്ഞു –
“സ്വപ്‌നങ്ങളില്ലാതെ വെറും തൊണ്ടു മാത്രമായ ശരീരമൊന്നുമല്ല എന്റേത് . സെക്സ് എനിക്കാവശ്യമില്ല സുഭാഷ്. ഹമാമിൽ വെച്ച് ആവശ്യത്തിലേറെ ആണുങ്ങളുമായി അതുണ്ടായി. എനിക്ക് വേണ്ടത് ഒരു കൂട്ടാണ്. സാധാരണ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരോടൊപ്പമെന്ന പോലെ കുറച്ചു നാൾ എനിക്ക് നിന്നോടൊപ്പം കഴിയണം”.
സുഭാഷ് അവളുടെ കണ്ണുകളിൽ ഉറ്റുനോക്കിയിരുന്നു.അതിലൊരു കടൽ അലയടിച്ചുയരുന്നുണ്ടായിരുന്നു.
അവൾ തുടർന്നു.
“എന്റെ ജീവിതത്തിൽ ആദ്യത്തെ സെക്സ് എപ്പോഴായിരുന്നു എന്നറിയാമോ നിനക്ക്? നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ.. സുന്ദരനായ എന്റെ ഹെഡ്മാസ്റ്റർ..”
സുഭാഷിന്റെ അന്നനാളത്തിൽ കൈപ്പുനീർ തികട്ടി.
“അയാൾക്ക് എന്നെ ഇഷ്ടമായിരുന്നു എന്നാണ് ഞാൻ കരുതിയത്. എന്നെ മടിയിലൊക്കെ ഇരുത്തുമായിരുന്നു, സ്നേഹിച്ചിരുന്നപ്പോൾ പണ്ട് അച്ഛൻ ചെയ്തിരുന്നത് പോലെ. ഒരിക്കൽ വേനലവദിക്ക് സ്കൂൾ അടച്ച ദിവസം ബെഞ്ചുകളും ഡെസ്ക്കുകളും പിടിച്ചിടാൻ എന്ന് പറഞ്ഞ് മാഷ് എന്നെ സ്കൂളിൽ പിടിച്ചു നിർത്തി. മാഷിനോടുള്ള സ്നേഹം കൊണ്ട് ഞാൻ അതനുസരിച്ചു. അടച്ചിട്ട ഒരു ക്ലാസ്സ്‌ മുറിയുടെ ഇരുട്ടിൽ വെച്ചായിരുന്നു അത്. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല.ഞാൻ കരഞ്ഞില്ല എന്നായിരുന്നു എന്റെ ഓർമ്മ. മാഷ് എന്നിൽ നിന്ന് അടർന്നു മാറും വരെ ഞാൻ അനങ്ങാതെ നിന്നു. അതിൽ പിന്നെ അയാൾ എന്നോട് സ്നേഹം കാണിച്ചിട്ടില്ല.”.
ഹിരണ്മയി അവളുടെ നോട്ടം വിദൂരതയിലേക്ക് പായിച്ചു.തിര തീരം തൊടുന്നത് പോലെ ഓർമ്മകൾ ഒന്നൊന്നായി അവളിൽ തല തല്ലി ചിലമ്പി.
“പിന്നീടൊരിക്കൽ അമ്മ മരിച്ചതറിഞ്ഞ് മദ്രാസിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോഴായിരുന്നു, അമ്മയുടെ ഒരകന്ന ബന്ധുവിന്റെ കൂടെ.. അയാളെ ഞാൻ മാമൻ എന്നാണ് വിളിച്ചിരുന്നത്. അന്ന് രാത്രി എന്നെയും വലിച്ചു കൊണ്ട് അയാൾ ട്രെയിനിന്റെ ടോയ്‌ലെറ്റിൽ കയറി. എന്നിട്ടായിരുന്നു അത്. അന്ന് പക്ഷേ ഞാൻ കരഞ്ഞു കേട്ടോ. അത് അമ്മ മരിച്ചത് കൊണ്ടായിരുന്നോ അതോ അയാൾ അങ്ങനെ ചെയ്തത് കൊണ്ടായിരുന്നോ എന്ന് എനിക്കിപ്പോഴുമറിയില്ല..”

ജീവിതമെന്നാൽ ഇത്രമാത്രം സങ്കീർണ്ണമായ അനുഭവങ്ങളുടെ കുത്തൊഴുക്കാണെന്നും അതിൽ ഇങ്ങനെയും ചില സത്യങ്ങളുണ്ടെന്നും തനിക്ക് ആവശ്യമില്ലാത്ത സത്യങ്ങളോടും കാഴ്ചകളോടും മനുഷ്യർ വെറുതേ എതിരിടാൻ നിൽക്കാറില്ലെന്നും
അപ്പോഴാണ് സുഭാഷ് തിരിച്ചറിഞ്ഞത്.

“അതിനു ശേഷമാണ് സെക്സ് എന്നാൽ ഒരു വികാരവുമില്ലാത്ത ഒരേർപ്പാട് തന്നെ എന്ന് എനിക്ക് തോന്നി തുടങ്ങിയത്. മുഖങ്ങൾ മാറുന്നു. ചെയ്യുന്നത് ഒരേ കാര്യം തന്നെ.”

അയാൾ ഹിരണ്മയിയുടെ വിരലുകളിൽ മൃദുവായി സ്പർശിച്ചു. പിന്നെ അവളെ തന്നിലേക്ക് ചേർത്തു. താൻ അന്ന് സുഭാഷിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയത് പോലെയാണല്ലോ ഇപ്പോൾ നിർമല ആംബുലൻസിനുള്ളിൽ സ്‌ട്രെച്ചറിൽ കെട്ടിമുറുക്കി കിടത്തിയിരുന്ന അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്നതെന്ന് ഹിരണ്മയി ഓർത്തെടുത്തു. അന്ന് സുഭാഷിന്റെ നെഞ്ചിൽ ചൂടുണ്ടായിരുന്നു. ഇന്ന് മരണത്തിന്റെ ശൂന്യമായ തണുപ്പാണ്. അതോ നിർമലക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന ഒരു നേർത്ത സ്പന്ദനമോ ഇളം ചൂടോ ഇപ്പോഴും ആ നെഞ്ചിൽ കെട്ടികിടക്കുന്നുണ്ടാകുമോ.? ഉണ്ടാകുമായിരിക്കും.ആംബുലൻസ് അപ്പോൾ വഴിയരികിൽ ഒരിടത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. മിനറൽ വാട്ടർ വാങ്ങിക്കുവാൻ ഇറങ്ങിപ്പോയ പോയ ഡ്രൈവർ തിരിച്ചു വരും വരെ അത് അങ്ങനെ കിടന്നു.പിന്നെ ഞെട്ടിയുണർന്ന് യാത്ര തുടർന്നു.

ആയുഷ്കാലം മുഴുവൻ ഒരുഭയജീവിതം നയിക്കേണ്ടി വരുമെന്ന സങ്കടത്തിൽ മാറ്റാരുടെയോ ശരീരത്തിൽ ആവേശിച്ചത് പോലെ, അതിന്റേതായ എല്ലാവിധ പരിമിതികളോടെയും കുടുങ്ങിക്കിടന്ന ഒരു പെണ്ണാത്മാവുമായാണ് പണ്ടൊരിക്കൽ ഹിരണ്മയി അൾസൂരിലേക്ക് പുറപ്പെട്ടത്.

“നീ അൾസൂരിലേക്ക് പോ.. പോയ്‌ ജീവിക്ക്. അവിടെ സാരിയുടുത്തു നടക്കുന്ന ആണുങ്ങളുണ്ട്”
എന്ന് അവളുടെ മദ്രാസ്ജീവിത കാലത്ത്, അവൾ പണിയെടുത്തിരുന്ന ഹോട്ടലിലെ മറ്റൊരു സഹായിയായ മുത്തുസ്വാമിയിൽ നിന്നാണ് ഹിരണ്മയി അറിഞ്ഞത്. അതൊരർത്ഥത്തിൽ രക്ഷപ്പെടലായിരുന്നു.അൾസൂരിൽ എത്തിപ്പെട്ടത്തോടെ ഭൂതകാലം അവളെ പൂർണമായും കയ്യൊഴിഞ്ഞു.കടന്നു വന്ന കാലം ഒന്നുമവശേഷിപ്പിക്കാതെ അവളിൽ നിന്നോടിയകന്നു. ദേശം,അവളുടേതെന്ന് കരുതിയിരുന്ന കുടുംബം,ബന്ധങ്ങൾ ഇവയെല്ലാം ഒരുതരം തുടൽ ആയിരുന്നുവെന്നും അത് കഴുത്തിൽ കുടുങ്ങി ശ്വാസമെടുക്കാനാവാതെ വലയുകയായിരുന്നു താൻ ഇത്രയും കാലമെന്നും ആദ്യമായി അൾസൂരിൽ എത്തിയപ്പോൾ അവൾ തിരിച്ചറിഞ്ഞു.ഭൂമിയിലെ എല്ലാ ബന്ധങ്ങളും അത്തരത്തിൽ ബന്ധനങ്ങളാണെന്നായിരുന്നു സുഭാഷ് കടന്നു വരുന്നത് വരെ അവൾ കരുതിപ്പോന്നത്.
ജീവിതത്തിൽ ഒരിക്കൽപോലും യാഥാർഥ്യമാകുമെന്ന് ചിന്തിച്ചിട്ടില്ലാത്ത ഒരദ്ഭുതമായിരുന്നു സുഭാഷ്. തന്നെപ്പോലുരുത്തിക്ക് വേണ്ടുവോളം കോരിയെടുക്കാൻ പാകത്തിൽ സൗഹൃദത്തിന്റെ നിലാവ് തന്നിലേക്ക് ചൊരിഞ്ഞ, അത് ദാനമായിട്ടോ ഔദാര്യമായിട്ടോ അനുകമ്പ മൂലമോ, എന്തുമാകട്ടെ,അയാളോട് അവൾക്ക് ആരാധനയും കടപ്പാടുമായിരുന്നു . കാലാവധി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സന്തോഷത്തിന്റെ കുറച്ചു നാളുകൾ വീണുകിട്ടിയാൽ അത് സ്വീകരിക്കാതെ, വരാൻ പോകുന്ന അതിന്റെ ദുഃഖഭരിതമായ പരിസമാപ്‌തിയെ കുറിച്ചോർത്ത് ആ സന്തോഷം നിഷേധിച്ചുകളയാൻ ഒരുക്കമായിരുന്നില്ല അവൾ.അവർ ഒന്നിച്ചു ജീവിച്ചു. ഒരുമിച്ചായിരുന്നപ്പോഴെല്ലാം അവൾ അയാൾക്ക് ഭക്ഷണം പാകം ചെയ്ത് വിളമ്പി.അവർ ഒന്നിച്ചുണ്ടു. ഒരുമിച്ചുറങ്ങി-ശരീരം കൊണ്ട് യാതൊരുവിധ കെട്ടുപാടുകളുമില്ലാതെ.സുഭാഷ് കമ്പനിയിലേക്ക് പുറപ്പെടാൻ നേരം അയാൾക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുത്ത് ഗേറ്റിൽ നിന്നവൾ യാത്ര പറഞ്ഞു. സന്ധ്യക്ക്‌ അതേ ഗേറ്റിൽ അയാൾക്ക് വേണ്ടി കാത്തു നിൽക്കുകയും ചെയ്തു. അയാൾ അവൾക്കു വേണ്ടി പുതിയ ഉടുപ്പുകളും ആഭരണങ്ങളും, അവൾ ആവശ്യപ്പെടും പ്രകാരം പലചരക്കും പച്ചക്കറിയും വാങ്ങി വന്നു. രാത്രി ഒരു തീന്മേശക്ക് അപ്പുറവും ഇപ്പുറവും ഇരിക്കുമ്പോൾ അന്നത്തെ ദിവസത്തെ മുഴുവനായും അയാൾ അവൾക്ക് മുന്നിൽ വിരിച്ചിട്ടു . അവൾ ഹമാമിലേക്ക് പോകുമ്പോഴൊന്നും അയാൾ തടസ്സമായില്ല. ‘അത് നിന്റെ തൊഴിൽ. നിന്റെ സ്വാതന്ത്ര്യം’ എന്നായിരുന്നു സുഭാഷിന്റെ നിലപാട്. ഒരിക്കൽ അവൾ സുഭാഷിനെയും ഹമാമിലേക്ക് കൂട്ടി കൊണ്ട് പോയി . “ഇതാണ് ഞാൻ ബിസിനസ്‌ നടത്തുന്ന ഇടം” എന്നു പറഞ്ഞാണ് അവൾ സുഭാഷിനവിടം പരിചയപ്പെടുത്തിയത്. റെയിൽവേ പാളത്തിനോട് ചേർന്ന് ഇരുട്ടുപിടിച്ച രണ്ട് കുടുസ്സുമുറികളുള്ള ആ ഹമാം അവളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. അവിടെയുള്ളവർക്കിടയിൽ ഗുരുബായ് എന്നായിരുന്നു ഹിരണ്മയി വിളിക്കപ്പെട്ടിരുന്നത്. ഉച്ചത്തിലുള്ള സംസാരവും കേട്ടാൽ അറക്കുന്ന അസഭ്യവർഷങ്ങളും ആ കുടുസ്സുമുറിയിൽ തങ്ങിനിന്നു.
“എന്തിനാണ് ഇവരൊക്കെ ഇത്ര ഉച്ചത്തിൽ സംസാരിക്കുന്നത്? തെറി പറയുന്നത്”? സുഭാഷ് ചോദിച്ചു.

“ഉച്ചത്തിൽ ചിരിക്കുകയും സംസാരിക്കുകയും തെറി പറയുകയും ചെയ്യുന്ന സ്ത്രീകളെ സമൂഹത്തിനു പേടിയാണ് സുഭാഷ്. അതൊരു പടച്ചട്ടയാണ്. ഇല്ലായിരുന്നെങ്കിൽ പകലുകളും രാത്രികളും നഷ്ടപ്പെട്ട എന്നെപോലെയുള്ളവരെയെല്ലാം, എന്നേ ആരെങ്കിലും വഴിയരികിൽ പിച്ചിച്ചീന്തിയിട്ടേനെ..!”.
ഹിരണ്മയി പൊട്ടിച്ചിരിച്ചു.സുഭാഷ് അവളുടെ ചിരിയിൽ മുങ്ങി. ശബ്ദവും ഒരായുധമാണെന്ന് അയാൾ പഠിച്ചെടുത്തു.

ഓർമ്മയിലെ ഏറ്റവും മനോഹരമായ കാലത്തെ സ്വയം ദഹിക്കാൻ വിട്ട് അവൾ ആംബുലൻസിൽ ചടഞ്ഞിരുന്നു. അതിനിടെ എപ്പോഴോ നിർമല അവളുടെ ചുമലിലേക്ക് ചാഞ്ഞിരുന്നു. അസംതൃപ്തമായ തന്റെ ആത്മാവിന്റെ മോക്ഷപ്രാപ്തിക്ക് സുഭാഷിനോടൊന്നിച്ചുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ തന്നെ ധാരാളമായിരുന്നു. പക്ഷേ നിർമലയെ സംബന്ധിച്ചിടത്തോളം അവൾക്കത് മതിയാകുമോ.. ഹിരണ്മയി ഒരു വലിയ നെടുവീർപ്പായി.

ആംബുലൻസ് ചുരമിറങ്ങി തുടങ്ങിയിരുന്നു.ഹെയർപിൻ വളവു തിരിഞ്ഞപ്പോഴുണ്ടായ അപ്രതീക്ഷിതമായ ഇളക്കത്തിൽ സുഭാഷ് ഒന്നുലഞ്ഞു. കെട്ടി വെച്ചിരുന്നെങ്കിലും വീണുപോയേക്കുമെന്ന് കരുതി ഞെട്ടിയുണർന്ന നിർമല പിന്നെയും സ്‌ട്രെച്ചറിൽ മുറുകെ പിടിച്ചു. താൻ ഇത്രയും ദൂരം തനിക്കൊപ്പമുള്ള ഈ അപരിചിതയുടെ ചുമലിലേക്ക് ചാഞ്ഞു കിടക്കുകയായിരുന്നു എന്ന് അവൾ മനസ്സിലാക്കിയിരുന്നു.

“വയസ്സ് മുപ്പത്തിയഞ്ചായി. ഇനി നിന്നെ വെറുതേ വിടാൻ ഒരുക്കമല്ല. ദാ ഈ കല്ല്യണം ഞാനങ്ങുറപ്പിച്ചു” എന്നു പറഞ്ഞ് സുഭാഷിന്റെ അമ്മ അയച്ചുകൊടുത്ത പെൺകുട്ടിയുടെ ഫോട്ടോ ആദ്യം കൈയിലെടുത്ത് നോക്കിയത് ഹിരണ്മയിയായിരുന്നു.
“നിർമല. നല്ല കുട്ടി.” ഫോട്ടോയിലേക്ക് നോക്കി ചിരിച്ചു കൊണ്ടങ്ങനെ പറയുമ്പോഴും ആത്മാവിന്റെ ഏതോ ചില നിഗൂഢമായ അറകളിൽ നഷ്ടബോധത്തിന്റെ ഒരു തുള്ളി ഗദ്ഗദം തങ്ങി നിൽക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.അന്ന് ഫോട്ടോയിൽ കണ്ട ചെറിയ പെൺകുട്ടിയാണ് ഒരു വിധവയുടെ വേഷമണിഞ്ഞ് തനിക്കൊപ്പം യാത്ര ചെയ്യുന്നതെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു ഹിരണ്മയിക്ക്.

വളരെ നാടകീയമായിരുന്നു സുഭാഷിനോടുള്ള യാത്ര പറച്ചിൽ, അങ്ങനെയാവരുതേ എന്നാഗ്രഹിച്ചിട്ടും, അതങ്ങനെ തന്നെ വന്നു ഭവിക്കുകയായിരുന്നു .കല്യാണമുറപ്പിച്ച ദിവസം തൊട്ട് ഹിരണ്മയി അയാളുടെ വീട്ടിലേക്ക് വരാതെയായിരുന്നു. അവൾ സദാ അവളുടെ ഹമാമിനോട് ചേർന്നുള്ള ഒറ്റമുറി വീട്ടിൽ കഴിച്ചു കൂട്ടി. വല്ലപ്പോഴുമൊക്കെ ശിവജിനഗറിലെ പാർക്കിൽ വെച്ചവർ കണ്ടുമുട്ടി. അപ്പോഴെല്ലാം അവൾ നിർമലയുടെ വിശേഷങ്ങൾ മാത്രം അന്വേഷിച്ചു. ഒരുമിച്ചുണ്ടായിരുന്ന കുറച്ചധികം നാളുകളുടെ ഓർമകളിൽ ഒന്നുപോലും വീണ്ടെടുക്കപ്പെടാനാവാത്ത വിധം എന്നെന്നേക്കുമായി അടക്കം ചെയ്യാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു. ചിലപ്പോഴെല്ലാം അതിൽ വിജയിച്ചു. ചിലപ്പോൾ പരാജയപ്പെട്ടു. ഓർമകളുടെ കാര്യമാണ്. അതിനെവിടെയും അടങ്ങി ഒതുങ്ങിയിരുന്ന് ശീലമില്ല.
“എനിക്കവളെ, നിന്റെ നിർമലയെ കാണണമെന്നുണ്ട്.”. അവൾ പറഞ്ഞു. തൊട്ടടുത്ത നിമിഷം
“പക്ഷേ അത് വേണ്ട.എന്നെയവൾ അറിയണ്ട” എന്ന തിരുത്തലുമായി അവൾ.
കല്യാണത്തിനു നാട്ടിലേക്ക് പുറപ്പെടുമ്പോൾ സുഭാഷിന്റെ ബാഗൊരുക്കിയതിന്റെ കൂട്ടത്തിൽ ഒരു സമ്മാനപ്പൊതി കൂടി ഹിരണ്മയി അതിനകത്തേക്ക് വെച്ചിരുന്നു. ‘എന്താണതിൽ’ എന്ന് നോക്കി നിന്ന അയാളോടവൾ പറഞ്ഞു – “ഒരു സാരി.”
അയാൾ അവളുടെ കണ്ണുകളിലേക്ക് ആർദ്രമായി നോക്കി. എല്ലാ വാക്കുകളും അപ്രസക്തമായിപ്പോയേക്കാവുന്ന വിധത്തിലൊരു മൗനം അവരെ ചൂഴ്ന്നു നിന്നു . പിന്നെ ഒരുമിച്ചവർ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പ്ലാറ്റ്ഫോമിലെ വാടിയ വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് നീണ്ടു കിടക്കുകയായിരുന്നു റെയിൽപാളം. അതിന്റെ അങ്ങേയറ്റത്ത് ചുവന്ന വെളിച്ചം കത്തിനിന്നു. റെയിൽവേ സ്റ്റേഷന്റെ പേരെഴുതിയ മഞ്ഞ ബോർഡിലേക്ക് ഉറ്റുനോക്കിക്കൊണ്ട്
ഹിരണ്മയി ചോദിച്ചു.
“പുരാണത്തിലെ അറവാന്റെ കഥയറിയുമോ സുഭാഷിന്”?
“ഇല്ല. ആരാണ് അറവാൻ ”?
“അർജുനന്റെ മകൻ അറവാൻ.”
“മഹാഭാരതയുദ്ധത്തിനു തൊട്ട് മുൻപ് കാളി ദേവിക്ക് ബലികൊടുക്കപ്പെടാൻ വിധിക്കപ്പെട്ടവനായിരുന്നു അവൻ. നിന്റെ അവസാനത്തെ ആഗ്രഹമെന്തെന്ന് ചോദിച്ച കൃഷ്ണനോട് അറവാൻ പറഞ്ഞത് അവനൊരു പെണ്ണിനോടൊപ്പം കഴിഞ്ഞതിനു ശേഷം മരിക്കണമെന്നാണ്. നഷ്ടപ്പെടുമെന്നുറപ്പുള്ളവനെ സ്വീകരിക്കാൻ ഏത് പെണ്ണാണ് തയ്യാറാവുക. ഒടുവിൽ കൃഷ്‌ണൻ മോഹിനി രൂപം സ്വീകരിച്ച് അറവാന്റെ ആഗ്രഹം സഫലീകരിച്ചു.പിറ്റേന്ന് അറവാൻ ജീവത്യാഗം ചെയ്തു.”
സുഭാഷ് അവളുടെ ചുമലിൽ കൈവെച്ചു. അസാധാരണമായ തണുപ്പ് പടർന്നു വിളറിയിരുന്നു, അപ്പോൾ അയാളുടെ വിരലുകൾ.
“നിന്റെ കല്ല്യാണദിവസം ഞാൻ കൂവകത്ത് പോകും.അവിടെയാണ് അറവാന്റെ കോവിലുള്ളത്.അവിടെ നിന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. വധുവിന് ദീർഘസുമംഗലിയായിരിക്കാനും സന്താനങ്ങൾ ഉണ്ടാകാനും ഹിജടകളുടെ അനുഗ്രഹം വേണമെന്നാണ് വിശ്വാസം”.
ഹിരണ്മയി നിർജ്ജീവമായി ചിരിച്ചു.
പിടിവിട്ടു പോയേക്കാവുന്ന ഒരു നിമിഷത്തെ മെരുക്കി നിർത്തേണ്ടത് അനിവാര്യമായിരുന്നു. റെയിൽവേ അറിയിപ്പ് മുഴങ്ങി.സുഭാഷിന് കയറേണ്ടുന്ന ട്രെയിൻ ഏതാനും നിമിഷങ്ങൾക്കകം പ്ലാറ്റ്ഫോമിലേക്കേത്തും.അവർ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു നിന്നു. ഒരു കൂലി ബാഗുകളും പെട്ടിയും ചുമലിലെടുത്തുകൊണ്ട് അവരെ അനുഗമിച്ചു. ട്രെയിൻ കിതച്ചുകൊണ്ട് പ്ലാറ്റ്ഫോമിൽ വന്നു നിന്നു.സുഭാഷ് അതിനകത്തേക്ക് കയറി. പുറപ്പെടും മുൻപ് അവൾ അവസാനമായി ചോദിച്ചു –
“നമ്മൾ ഇനി കാണുമോ”?
“ഇല്ല… കാണരുത്”.

സുഭാഷ് പറഞ്ഞു. പച്ച വെളിച്ചം മിന്നി. ഇരുട്ടിനെ കീറിമുറിച്ച് ട്രെയിൻ അതിന്റെ യാത്ര തുടങ്ങി.അയാൾ മാഞ്ഞു പോകുന്നത് വരെ ഹിരണ്മയി കൈവീശിക്കൊണ്ട് നോക്കി നിന്നു.
സുഭാഷ് ഇനി തന്നെ ഓർക്കുമോ.ഓർക്കുമായിരിക്കും. എങ്കിലും ജീവിതത്തിന്റെ വളരെ സ്വഭാവികമായ ഒഴുക്കിൽ ചിലതെല്ലാം, ചില വ്യക്തികളെയും അനുഭവങ്ങളെയുമെല്ലാം മനുഷ്യർ കുടഞ്ഞു കളയാറുണ്ടല്ലോ. അത്തരത്തിൽ കുടഞ്ഞുകളഞ്ഞപ്പെട്ടേക്കാം. രാത്രി കൂടുതൽക്കൂടുതൽ ഇരുട്ടിലേക്ക് മുങ്ങി. അത് അവസാനത്തെ യാത്രപറച്ചിലായിരിക്കുമെന്ന് അവൾ കരുതിയതല്ല. സുഭാഷിന്റെ മൃതദ്ദേഹത്തെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവളോർത്തു.
“നമ്മൾ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു സുഭാഷ്. ആർക്കൊപ്പമാകരുത് എന്ന് കരുതിയോ , അവൾക്കൊപ്പം.!”

അവർ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു.പ്രധാന പാത വിട്ട് കല്ലുകൾ ചിതറിക്കിടന്ന ഒരു ഇടവഴിയിലൂടെ ആംബുലൻസ് മുന്നോട്ട് നീങ്ങി. “എവിടെയെത്തിക്കാണും” എന്ന് ഹിരണ്മയി സ്വയം ചോദിച്ചു. എത്താറായിരിക്കുന്നു. സുഭാഷ് പറഞ്ഞ കഥകളിൽ ഈ റോഡ് ഒരു തെങ്ങിൻ തോപ്പിന് സമീപം ചെന്നവസാനിക്കും. അതിന്റെ അതിരിൽ കൈതക്കാടുകൾ പൂവിട്ടു നിൽക്കുന്നുണ്ടാകും. മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകുന്ന തോടുകൾ കയറിയിറങ്ങിവേണം വീട്ടിലേക്കെത്താൻ. വൈകാതെ കൈതക്കാടുകൾക്കരികു ചേർന്ന് ആംബുലൻസ് നിന്നു.സുഭാഷിന്റെ ദേഹം ഇറക്കി വെച്ചതിനു ശേഷം വന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ അത് തിരികെപ്പോയി.ആംബുലൻസിനകത്ത് അനുഭവിക്കാതിരുന്ന ഒറ്റപ്പെടൽ, ആംബുലൻസ് വിട്ടുപോയപ്പോൾ ഹിരണ്മയി അനുഭവിച്ചു. കൈതകാടുകൾക്കപ്പുറവും തോട്ടിൻ വരമ്പിലുമൊക്കെയായി ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ രൂപപ്പെട്ടു വന്നു. ആരെക്കെയോ ചേർന്ന് സുഭാഷിനെ ചുമന്നു കൊണ്ട് മുൻപിൽ നടന്നു,തോടുകൾ കയറിയിറങ്ങി നിർമലയും ഹിരണ്മയിയും അതിനു പുറകെയും.

ചെറിയൊരു വീടായിരുന്നു അത്. ചിന്നിച്ചിതറിയ നിലവിളിയുമായി സുഭാഷിന്റെ അമ്മ പുറത്തേക്ക് കുതിച്ചു വന്ന് മുറ്റത്തെ ഒരു മരക്കട്ടിലിലേക്ക് കിടത്തിയ സുഭാഷിലേക്ക് ചാഞ്ഞു വീണു .അവർ കരഞ്ഞു കൊണ്ടിരുന്നു.
“ഇനിയാർക്ക് വേണ്ടിയാടാ ഞാൻ കാത്തിരിക്കേണ്ടത് എന്റെ പൊന്നു മോനേ”.
എന്നായിരുന്നു ആ നിലവിളി. കാത്തിരിക്കാൻ ആളുണ്ടാകുന്നതും കാത്തിരിക്കപ്പെടാൻ ആളുണ്ടാകുന്നതുമാണ് ഈ ഭൂമിയിലെ സ്വർഗം. ആ സ്ത്രീക്ക് അതാണ് നഷ്ടമായത്.ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. നിലവിളികൾ ഒടുങ്ങിയപ്പോൾ അവിടെ നിറഞ്ഞു നിന്ന അസാധാരണമായ മൗനത്തെ മുറിച്ച് ആരോ ഒരാൾ ഉരുവിടുന്ന രാമായണ വാക്യങ്ങൾ മുഴങ്ങി കേൾക്കുവാൻ തുടങ്ങി.അതിനിടയിൽ തീർത്തും അപരിചിതയായി ഒറ്റപ്പെട്ട ഒരു തുരുത്തുപോലെ നിന്നിരുന്ന തന്നിലെ അസാധാരണ വ്യക്തിത്വത്തിലേക്കാണ് ചുറ്റും കൂടി നിൽക്കുന്നവരുടെ തുറിച്ചു നോട്ടങ്ങൾ വന്നു പതിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നിമിഷം ഹിരണ്മയി പതുക്കെ അവിടെ നിന്ന് നീങ്ങി ഒരൊട്ടുമാവിന്റെ സമീപത്തേക്ക് നിന്നു.അവിടെ നിന്നുകൊണ്ടവൾ കട്ടിലിന്നരിക് ചേർന്ന് ഇരിക്കുകയായിരുന്ന നിർമലയെ നോക്കി.ഇനിയും കണ്ടു മതിവരാത്ത വിധത്തിൽ അവൾ സുഭാഷിന്റെ മുഖത്തേക്ക് ഉറ്റുനോക്കി നിശബ്ദയായി കരയുകയായിരുന്നു.
ഒട്ടൊരു പഴകിയ ശരീരമാണ്. മോർച്ചറിയിൽ നിന്നും പുറത്തെടുത്തത്തിന് ശേഷം ഒരു ദീർഘയാത്ര കഴിഞ്ഞിരിക്കുന്നു. ഇനിയുമതിനെ ഇങ്ങനെ കിടത്തുന്നത് ഒരു ശരീരത്തിനോട് കാണിക്കുന്ന നീതികേടാണെന്ന് വിളിച്ചു പറയണമെന്ന് ഹിരണ്മയി തീവ്രമായി ആശിച്ചു. വൈകാതെ ചിതയൊരുങ്ങി. സുഭാഷിനെ ചിതയിലേക്കെടുത്തു.ഏറ്റവുമൊടുവിലായി വെച്ച വിറകുകൊള്ളിക്ക് താഴെ സുഭാഷിന്റെ മുഖം പൂർണമായും മൂടിപ്പോകുന്നത് അവൾ നോക്കി നിന്നു.ചിതക്കാരു കൊള്ളിവെക്കുമെന്നൊരാശങ്കക്കൊടുവിൽ ആരോ ഒരാൾ അതേറ്റെടുത്തു.ചിത കത്തി തുടങ്ങുകയും തീനാളം ആകാശത്തേക്കുയരുകയും ചെയ്ത നിമിഷം കൂടി നിന്നവർ പിരിഞ്ഞു തുടങ്ങി. ഇരുട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഹിരണ്മയി അവിടെ തുടർന്നു.സുഭാഷ് ഒരു പിടി ചാരമായി മാറുകയാണ്. ഇത്രേയുള്ളൂ ഒരു മനുഷ്യൻ.ചിതയ്ക്ക് സമീപം നിന്നിരുന്നയാൾ തീ കത്തി തീരുന്നതിനനുസരിച്ച് ചിതയിൽ നീളമുള്ള കമ്പിക്കൊണ്ട് കുത്തിയിളക്കുന്നുണ്ടായിരുന്നു. എല്ലുകൾ പൊടിയുന്ന ശബ്ദം അവളെ അസ്വസ്ഥയാക്കി. അയാൾ അവിടെ ഇല്ലായിരുന്നുവെങ്കിൽ സുഭാഷ് ഒരിക്കൽ തന്റെ കഴുത്തിലണിയിച്ച മഞ്ഞ ചരട് അവൾ ചിതയിലേക്കിടുമായിരുന്നു.കഴുത്തിൽ നിന്നഴിച്ചെടുത്ത ചരട് അവൾ ഉള്ളം കൈയിൽ ഒതുക്കി പിടിച്ചു. ഇരുട്ടിൽ ഉയരുന്ന ചുവന്ന തീനാളം മാത്രം അവിടെ ബാക്കിയായി.

പിറ്റേന്ന് രാവിലെ,കത്തിത്തീർന്ന ചിതയിൽ ചാരമായി കിടക്കുന്ന സുഭാഷിനെ നോക്കി നിൽക്കുമ്പോഴാണ് കൂടെ വന്ന ഹിരണ്മയിയെ കുറിച്ച് നിർമല ഓർത്തത്. അവർ എവിടേക്ക് പോയി. ആരോടും ഒന്നും പറയാതെ പൊയ്ക്കളഞ്ഞോ. മുറ്റത്തും തൊടിയിലുമെല്ലാം അവൾ അന്വേഷിച്ചു.എവിടെയും കണ്ടില്ല.
“അവർ എവിടെ പോയി?”. ഒരു രാത്രി മുഴുവൻ കരഞ്ഞു തളർന്ന് നൂറ്റാണ്ടുകൾക്കപ്പുറത്ത് നിന്ന് വരുന്നതെന്ന് തോന്നിപ്പിക്കുന്ന ശബ്ദത്തിൽ സുഭാഷിന്റെ അമ്മ ചോദിച്ചു.

“ആരായിരുന്നു അത്?”
“അറിയില്ല”!. നിർമല പറഞ്ഞു.
ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ആലിംഗനം പകർന്നു നൽകിയ ഇളം ചൂട്, അപ്പോഴും അവളിൽ ബാക്കിയായിരുന്നു. അവൾ അത് അനുഭവിക്കുകയും ചെയ്തു.
ആരോ ഒരുവൾ. വീണ്ടുമൊരിക്കൽക്കൂടി കണ്ടുമുട്ടുവാൻ ഒരു സാധ്യതയുമില്ലാത്ത ഒരുവൾ.


ഉച്ചഭാഷിണിയിൽ നിന്നുള്ള ഭക്തിഗാനം അന്തരീക്ഷമാകെ പരന്നു തുടങ്ങിയിരുന്നു. കൂത്താണ്ടവർ കോവിലിനു മുന്നിൽ ചെന്നവസാനിക്കുന്ന,ഉളുണ്ടൂർപേട്ടയിൽ നിന്നുള്ള പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ തിരുന്നങ്കയ്മാർ ഒഴുകി നടന്നു. ആ കൂട്ടത്തിനു നടുവിൽ അവളുണ്ടായിരുന്നു.
തെരുവ് ഉത്സവത്തിലേക്കുണരുകയാണ്. കുളിച്ചൊരുങ്ങി ഹിരണ്മയി അറവാന്റെ ഭാര്യയാവാൻ ഊഴം കാത്തു നിന്നു. ക്ഷേത്രപുരോഹിതൻ മഞ്ഞളിൽ മുക്കിയ മംഗല്യസൂത്രമുള്ള താലിച്ചരട് അവളുടെ കഴുത്തിൽ കെട്ടി.നെറ്റിയിൽ കുങ്കുമമണിഞ്ഞു.അവളിപ്പോൾ അറവാണിച്ചിയാണ്. അറവാന്റെ ഭാര്യ -ഒരു രാത്രിക്ക് വേണ്ടി മാത്രം.
അറവാണിച്ചികൾ ആനന്ദ നൃത്തമാരംഭിച്ചു.വാദ്യഘോഷങ്ങളുടെയും ആരവങ്ങളുടെയും രാത്രി വെളിച്ചത്തിലേക്കുണർന്നപ്പോൾ കുപ്പിവളകൾ ബലിപീഠത്തിലടിച്ചുടച്ച്,നെറ്റിയിലെ കുങ്കുമം മായ്ചുകളഞ്ഞ് വെള്ള വസ്ത്രമണിഞ്ഞ് കണ്ണീരോടെ ഹിരണ്മയി അറവാന് മുൻപിൽ നിന്നു. ഒരു രാത്രി മാത്രം ആയുസ്സുള്ള ദാമ്പത്യത്തിനു അവസാനമാവുകയായിരുന്നു.കൂത്താണ്ടവർക്ക് മുന്നിലെ വരണ്ട നദിയിൽ മുങ്ങിക്കുളിച്ച്, വൈധവ്യത്തിന്റെ ഭാരവുമായി അവൾ ഇടുങ്ങിയ തെരുവുകളിലെവിടെയോ അപ്രത്യക്ഷയായി.


ശ്യാംസുന്ദർ പി ഹരിദാസ്
പൂവൻകര
പാലപ്പെട്ടി
679579
മലപ്പുറം
ഫോൺ – 9947069213
Email- [email protected]


Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…