സമൂഹത്തിൽ ആദരണീയസ്ഥാനം അർഹിക്കുന്നവരാണ് ഗുരുനാഥന്മാർ.വിജ്ഞാനസമ്പാദനം എന്നത് ശ്രേഷ്ഠ കർമവുമാണ് .സ്ഥിരോത്സാഹവും ക്ഷമയും ഉള്ളവർ അത് പൂർത്തീകരിക്കുന്നു.ഗുരുവിനെ അംഗീകരിച്ചും അറിഞ്ഞും അർഹിക്കുന്ന ആദരവ് നൽകിയും വിനയാന്വിതരാവുക എന്നത് ശിഷ്യന്റെ കടമയുമാണ്. ജീവിതത്തിലുടനീളം മഹനീയമാതൃക കാഴ്ചവെക്കാൻ സാധിച്ച അപൂർവവ്യക്തിത്വത്തിനുടമയായിരുന്നു ശ്രീ.വിജയകുമാർമേനോൻ. അറിവിന്റെ മധുരം നുണയാൻ വിജയകുമാർ മേനോൻ എന്ന ജ്ഞാനത്തിന്റെ ശിഖരം തേടി എത്തിയ എല്ലാവർക്കും സമൃദ്ധമായി തന്നെ അതിന്റെ ഫലം അനുഭവിക്കാൻ സാധിച്ചു. പ്രകൃതിയിലെ ജീവജാലങ്ങൾ അതിജീവനത്തിനായി വെളിച്ചം തേടുന്നതുപോലെ തൻ്റെ ശിഷ്യഗണങ്ങൾക്ക് വാക്കും വെളിച്ചവുമായി അദ്ദേഹം മാറി. അറിവന്വേഷിച്ച് തൻറെ അരികിലെത്തുന്ന ഏതൊരാളെയും സന്തോഷത്തോടെ സ്വാഗതം ചെയ്തു . വിജയകുമാർമേനോൻറെ ശിഷ്യ-പ്രശിഷ്യരായുള്ളവർ ഏറെയുണ്ട് . ആ വിജ്ഞാനത്തിൻറെ പ്രയോഗവത്കരണം തലമുറകളായി കൈമാറിക്കൊണ്ടിരിക്കുന്നതിൻറെ അടയാളം കൂടിയായി ‘ശിഖരം’മാറുന്നു. ദേഹം ഇല്ലാതാകുന്നതോടെ മനുഷ്യകർമങ്ങൾക്കവാസനമാകുമെങ്കിലും അനശ്വരമായി നിലനിൽക്കുന്ന വിജ്ഞാനം അദ്ദേഹം നമുക്ക് പകർന്നു നൽകി. വിജയകുമാർ മേനോൻ ബാക്കിവച്ച അനുകരണീയ വ്യക്തിത്വത്തിന്റെ അടയാളങ്ങൾ ശിഷ്യർക്ക് പിന്തുടരാനാകട്ടെ ! .ഗുരു-ശിഷ്യ ബന്ധത്തെ അമൂല്യവും പവിത്രവുമായികാണുന്ന സമൂഹം എക്കാലവും നിലനിൽക്കട്ടെ.

- December 20, 2022
- സാഹിത്യം
ഡോ.വിനി ദേവയാനി