സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

ശ്രീലക്ഷ്മി. വി

” The people must be the ones to win, not the war, because war has nothing to do with human something inhuman.”

Zlata Filipovic

ലോകത്തിലെ യുദ്ധഭീകരതയുടെ വലിയ ബലിയാടാണ് ആൻഫ്രാങ്ക്.
ഒരുപക്ഷെ, സ്ലാറ്റ ഫിലിപ്പോവിനേക്കാൾ വേദന തിന്നവൾ…ആ പതിമൂന്നുകാരിയുടെ ജീവിതത്തിലൂടെ…വീണ്ടും.

1929 ജൂൺ 12 ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ആയിരുന്നു ആൻ ഫ്രാങ്കിന്റെ ജനനം. തൊഴിലില്ലായ്മയ്ക്കും ദാരിദ്യത്തിനും പുറമെ ജർമനിയിൽ ഹിറ്റ്ലറുടെ ഭരണം നിലയുറച്ച് വരുന്ന കാലഘട്ടമായിരുന്നു അത്. രാജ്യത്ത് ഉടനീളം നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് കാരണം അവിടെയുള്ള ജൂതവംശജരാണെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുകയും അവരെ വെറുക്കുകയും ചെയ്തിരുന്നു. ജൂതരോടുള്ള വിരോധം ജർമനിയിലാകെ നിലനിൽക്കുന്ന അവസ്ഥയിൽ ഹിറ്റ്ലർ അത് വേണ്ടുവോളം ചൂഷണം ചെയ്തു. ജൂതവംശജരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കിയ ഹിറ്റ്ലർ പൈശാചികതയുടെ മുഖംമൂടിയായി മാറി.
ജൂതമതത്തിൽ ജനിച്ചവരായതുകൊണ്ടും, ജർമനിയിലെ സാമ്പത്തിക സ്ഥിതി പതിയെ നിലംപതിക്കുന്നത് കൊണ്ടും പിറന്ന നാടുപേക്ഷിച്ച് ഫ്രാങ്ക് കുടുംബം നെതർലൻഡിൽ അഭയം തേടി.

1939 സെപ്റ്റംബർ 1 ന് പോളണ്ടിലെ നാസി ജർമൻ അധിനിവേശം രണ്ടാം ലോക മഹായുദ്ധത്തിന് തുടക്കം കുറിയ്ക്കുകയും അധികം വൈകാതെ തന്നെ നെതർലൻഡിലെ ജർമൻ അധിനിവേശത്തെ ഭയന്ന് ഫ്രാങ്ക് കുടുംബത്തിന് ഒളിവിൽ പോകേണ്ടിയും വന്നു.

ആൻ ഫ്രാങ്കിന്റെ പതിമൂന്നാം പിറന്നാളിന് പിതാവായ ഓട്ടോ, അവൾക്ക് ചുവപ്പിൽ വെള്ള നിറങ്ങളാൽ അലങ്കരിക്കപ്പെട്ട ഒരു ഡയറി സമ്മാനമായി നൽകുകയുണ്ടായി. അന്ന് രാത്രിയിൽ ആൻ ഡയറിയിൽ ഇങ്ങനെ കുറിച്ചു.:
” ഇന്നുവരെ ആരോടും പങ്കുവെയ്ക്കാൻ കഴിയാത്തതൊക്കയും നിന്നോട് പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു. നീ എനിക്ക് എന്നും ആശ്വാസവും പിന്തുണയും നൽകുമെന്ന് തോന്നിപ്പോകുന്നു”

തുടർന്ന് ഒരു മാസത്തിന് ശേഷം ആനിന്റെ മുതിർന്ന സഹോദരി, മർഗോട്ടിന് ലേബർ ക്യാമ്പിൽ എത്താനുള്ള ഉത്തരവ് ലഭിക്കുന്നു. അല്ലാത്തപക്ഷം അവർ അറസ്റ്റ് നേരിടേണ്ടി വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇത് ഭയന്ന് ആനിന്റെ കുടുംബം 1942 ജൂലായ് 6 ന് ഒളിവിൽ പോകാനിടവന്നു. ഓട്ടോയുടെ ജോലിസ്ഥലത്ത്, ‘സീക്രട്ട് അനക്സ് ‘ എന്നൊരു സങ്കേതം ഒരുക്കി, അതിലേക്കുള്ള പ്രവേശനത്തെ ഒരു ബുക്ക് ഷെൽഫ് വെച്ച് മറയ്ക്കാനും ഏർപ്പാടുണ്ടാക്കി.
പിന്നീട് ജൂത വംശജരായ – ഹെർമൻ, ആഗസ്റ്റ് വാൻ പെൽസെ, അവരുടെ പുത്രൻ പീറ്റർ, പിന്നെ ഫിറ്റ്സ് ഫെഫർ എന്നീ നാലുപേരും കൂടെ അവിടെ എത്തപ്പെട്ടു. ഇവരെ സഹായിക്കാൻ വേറെയും ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരിൽ മിയേപ് ഗീസ് ആയിരുന്നു ആവശ്യത്തിനുള്ള
ഭക്ഷണസാധനങ്ങളും മറ്റും എത്തിച്ച് നൽകിയത്.

ഇക്കാലത്ത് ആനിന്റെ ജീവിതത്തിൽ അസാധാരണമായ പല സംഭവ വികാസങ്ങളുമുണ്ടാവു ന്നു. പിന്നീടുള്ള രണ്ടു വർഷക്കാലം ആനിന്റെ ഉറ്റ ചങ്ങാതിയായിമാറുന്നത് അവൾ ഓമനപ്പേരിട്ട് വിളിച്ച ‘കിറ്റി’ എന്ന ഡയറിയാണ്. അന്നന്ന് നടക്കുന്ന ഓരോ കാര്യങ്ങളും അവൾ ഡയറിക്കുറിപ്പിൽ പങ്കുവെച്ചു. ഡയറിയിലെ പേജുകൾ തീർന്നപ്പോൾ ഡയറി ഒരു നോട്ടുപുസ്തകത്തിലേക്ക് അവൾ മാറ്റി.

ആളുകളുടെ ബഹുല്യവും, സാധനങ്ങളുടെ പരിമിതിയും ഒളിവുകാലത്ത് പോലും അവരെ പരസ്പരം വഴക്കടിപ്പിച്ചു. ഈ അവസ്ഥകളൊക്കെ, സ്വതവേ എല്ലാവരോടും പെട്ടന്ന് കൂട്ടുകൂടുന്ന ആനിൽ പോലൂം അസ്വസ്ഥത ഉളവാക്കി. പുറം ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ സമ്മർദ്ദങ്ങളായിരുന്നു അവർക്കിടയിലെ അസ്വാസ്ഥ്യങ്ങൾക്ക് കാരണം. പലപ്പോഴായി എഴുതിയ കുറിപ്പുകളിൽ മിക്കതും മർഗോട്ടിനോട് ആനിന് തോന്നിയ അസൂയകളും, മറ്റുള്ളവരിൽ നിന്നുമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ആയിരുന്നു.മറ്റൊന്ന്,അമ്മയുടെ അധികരിച്ചു വന്നിരുന്ന ലൈംഗിക ബോധവൽക്കരണമായിരുന്നു ആനിന് ഏറെ ബുദ്ധിമുട്ടുളവാക്കിയത്. വളർന്നു കൊണ്ടിരിക്കുന്ന അവളുടെ ശരീരത്തെ പറ്റിയും പീറ്റർ വാൻ പെൽസിനോട് തോന്നി തുടങ്ങിയിരുന്ന പ്രണയത്തെ കുറിച്ചും ഏറെ നിഷ്കളങ്കതയോടെ ആൻ ഡയറിയിൽ കുറിച്ചിട്ടു. ഭാവിയെ കുറിച്ചുള്ള പ്രത്യാശകളുടെ കൂട്ടത്തിൽ ഒരു പത്രപ്ര വർത്തകയാകുക എന്ന തന്റെ സ്വപ്നവും അവൾ കുറിച്ചിട്ടു. ചെറുകഥകൾ എഴുതുന്നതും, മറ്റു രചനകളിൽനിന്ന് മനോഹരമായ വാക്യങ്ങളെ ശേഖരിക്കുന്നതും ആൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിനോദമായിരുന്നു.

ഇക്കാലത്ത് യുദ്ധകാലത്തെ അനുഭവക്കുറിപ്പുകളായി എഴുതിയവയൊക്കെ ശേഖരിച്ച് ചിട്ടപ്പെടുത്തി നന്നാക്കി ഒരു പ്രസിദ്ധീകരണത്തിന് എന്ന പോലെ ഏറ്റവും മികവാർന്ന തലക്കെട്ടോടെ അവൾ ഒരുക്കി വച്ചിരുന്നു. ഹെറ്റ് അച്ചെർഹുയിസ് (സീക്രട്ട് അനക്സ് ) എന്നായിരുന്നു തലക്കെട്ട്. ഒപ്പം താമസിച്ചിരുന്നവർക്ക് ആനിന്റെ കഥയിൽ യഥാർത്ഥ പേരുകൾക്ക് പകരം ഓമന പേരുകൾ നൽകി. അവൾ സ്വയം ആൻ റോബിൻ എന്ന പേര് സ്വീകരിച്ചു. കൂട്ടത്തിൽ അവൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത ആളായിരുന്നു പ്ഫെഫർ. അയാൾ പലപ്പോഴായി മേശയ്ക്കു വേണ്ടി ആനിനോട് കലഹിച്ചിരുന്നു. അയാൾക്ക് അവൾ ആൽബർട്ട് ഡസ്സേൽ എന്ന പേര് നൽകി. ജർമൻ ഭാഷയിൽ പൊട്ടൻ എന്നാണ് അതിന്റെ അർഥം.

1944 ആഗസ്റ്റ് 1നായിരുന്നു ആൻ അവസാനമായി ഡയറിക്കുറിപ്പെഴുതിയത്. അത് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ നാസി പോലീസ് അവളുടെ ഒളിത്താവളം കണ്ടെത്തുകയും എല്ലാവരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

1940 ജൂൺ 14 മുതൽ 5 വർഷക്കാലം 13 ലക്ഷത്തോളം വരുന്ന ജൂതന്മാരെ നാസി പട്ടാളം പോളണ്ടിലെ ഒസ്വീചിം എന്ന സ്ഥലത്ത് പാർപ്പിച്ചു. ആ സ്ഥലം പിന്നീട് ഓഷ്വിറ്റ്സ് എന്ന പേരിൽ കുപ്രസിദ്ധമായി. എത്തിപ്പെട്ടവരിൽ 11 ലക്ഷം പേരും അവിടെ തന്നെ മരിച്ചു വീണു. അതിൽ എട്ടര ലക്ഷത്തിലധികം പേരും ഗ്യാസ് ചേമ്പറുകളിലാണ് ഹോമിക്കപ്പെട്ടത്. ബാക്കിയുള്ളവർ പട്ടിണിക്കും രോഗങ്ങൾക്കും ക്രൂര മർദനങ്ങൾക്കും വൈദ്യ പരീക്ഷണങ്ങൾക്കും വിധേയമായി മരിച്ചു വീണു. വലിയ കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറിയത്. സത്യത്തിൽ ഇവിടേക്ക് ആയിരുന്നു ഫ്രാങ്ക് കുടുംബത്തെയും എത്തിച്ചത്. എന്നാൽ ആനിനേയും മർഗോട്ടിനേയും ബർജൻ – ബൽസനിലേക്ക് അയക്കപ്പെടുകയുണ്ടായി. 1945 ൽ ആനും, മാർഗോട്ടും അവിടെ വച്ച് ടൈഫസ് ബാധിച്ച് മരണമടയുകയാണുണ്ടായത്.

സീക്രട്ട് അനക്സിലെ 8 പേരിൽ ഓട്ടോ ഫ്രാങ്ക് മാത്രമാണ് യുദ്ധത്തേയും പീഡനങ്ങളേയും തരണം ചെയ്തത്. അദ്ദേഹം പിന്നീട് ആംസ്റ്റർഡാമിലേക്ക് തിരിച്ച് പോവുകയും ചെയ്തു. അനക്സിൽ നിന്ന് കണ്ടെടുത്തിരുന്ന ചില രേഖകൾ ഗീസ് ഓട്ടോയ്ക്ക് കൈമാറി. അവയിൽ മിക്കതും ആനിന്റെ കുറിപ്പുകളും നോട്ട് പുസ്തകങ്ങളുമായിരുന്നു. പലകുറിപ്പുകളും നഷ്ടമായിരുന്നു. എങ്കിലും ഓട്ടോയ്ക്ക് ലഭിച്ചതത്രയും 1943 കാലഘട്ടങ്ങളിലെ കുറിപ്പുകളായിരുന്നു. ആനിന്റെ സ്വപ്നം നിറവേറ്റാൻ എന്നോണം ഓട്ടോ അവയെല്ലാം ചിട്ടപ്പെടുത്തി. പിറന്നാളിന് ഓട്ടോ സമ്മാനിച്ച ഡയറിയിലെ കുറിപ്പുകൾ എ എന്നും നോട്ട് പുസ്തകങ്ങളിലെ കുറിപ്പുകൾ ബി എന്നും വേർതിരിച്ചു. ഇവയിൽ നിന്നും ഓട്ടോ തിരഞ്ഞെടുത്തവ സി എന്നും രേഖപ്പെടുത്തി. സി യിൽ 30 % വരുന്ന കുറിപ്പുകൾ ഓട്ടോ ഒഴിവാക്കിയിരുന്നു. ആനിന് അമ്മയിൽ നിന്നും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും ലൈംഗികതയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ആയിരുന്നു അവയിൽ.

ഒരു പ്രസാധകനെ കണ്ടെത്തുക എന്നത് ഓട്ടോയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല. 1946 ൽ ചരിത്രകാരനായ ജാൻ റോമിനിൽ ഈകുറിപ്പുകൾ വളരെയധികം മതിപ്പുളവാക്കുകയും, അദ്ദേഹം ‘ഹെറ്റ് പരൂൾ’ എന്ന പത്രത്തിൽ അവയെ കുറിച്ച് ലേഖനം എഴുതുകയും ചെയ്തു. ആ ലേഖനമാണ് പിന്നീട് 1947 ജൂൺ 25 ന് ഹെറ്റ് അച്ചെർഹൂയിസ് പ്രസിദ്ധീകരിക്കപ്പെടാൻ കാരണമായത്. വളരെ പെട്ടെന്ന് തന്നെ നെതർലണ്ടിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാവുകയും, പിന്നീട് 65ൽ പരം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഓട്ടോയുടെ മരണശേഷം,1995 ൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഇംഗ്ലിഷ് പതിപ്പിൽ, ആദ്യം ഒഴിവാക്കപ്പെട്ട 30% കൂടെ ഉൾപ്പെടുത്തുകയുണ്ടായി.നർമവും ഉൾക്കാഴ്ചയും ഇടകലർന്ന വളരെ പ്രാധാന്യമുള്ള പുസ്തകങ്ങളിൽ ഒന്നാണ് “ഹെറ്റ് അച്ചർഹുയിസ്”.

” എല്ലാത്തിനും ഉപരിയായി ആളുകൾ എപ്പോഴും ഹൃദയം കൊണ്ട് നല്ലവരെന്ന് ഞാൻ വിശ്വസിക്കുന്നു” അത്രകണ്ട് പ്രതികൂല സാഹചര്യങ്ങളിലും ആൻ എന്ന കൊച്ചു പെൺകുട്ടി കുറിച്ച് വച്ച ഈ വരികൾ പ്രതീക്ഷാ നിർഭരമാണെന്നുള്ളത് ഒരു സത്യമാണ്. ഏതൊക്കെയോ അർത്ഥങ്ങളിൽ വലിയ പീഡനങ്ങൾക്കിടയിലും അവൾക്ക് വലിയ മനുഷ്യരെ തൊട്ടറിയാൻ സാധിച്ചിരിക്കണം. കാലം എത്ര കഴിഞ്ഞാലും ഈ ഡയറിക്കുറിപ്പിലൂടെ ആൻ ഫ്രാങ്ക് ജീവിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…