സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വായനയിലെ പുനര്‍വായന

.ശ്രദ്ധ സി ലതീഷ്.


കേരളീയ സമൂഹം വായിക്കാനറിയാത്ത ഒരു സാമൂഹ്യപാഠത്തെ ഉള്‍ക്കൊണ്ട് വരികയാണ്. എഴുപതുകളിലും എണ്‍പതുകളിലും വായിക്കുന്ന ഒരു സമൂഹവും സാമൂഹ്യ യാഥാര്‍ഥ്യവും നമ്മുടെ മുമ്പിലുണ്ടായിരുന്നു. മൂന്നു ദശാബ്ദം കൊണ്ട് നമ്മളതെല്ലാം കാറ്റില്‍ പറത്തി തികച്ചും നവ മീഡിയയുടെ കുത്തൊഴുക്കിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഇനി വരാന്‍ പോകുന്നത് അത്രയൊന്നും ആയാസമില്ലാത്ത ദൃശ്യ ശ്രവ്യ സംവേദനങ്ങളുടെ കാലമാണ്. ഇതിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ സംസ്കൃതിയെല്ലാം ഇത്തരത്തില്‍ കാലഹരണപ്പെട്ടതാണെന്നതിന് ധാരാളം തെളിവുകളുണ്ട്.

ഇങ്ങനെ ഒരാലോചന വരുന്നത് വളരെ സ്വതന്ത്രമായ മാനവികതയും സന്തുഷ്ടിയും ഉയര്‍ത്തിപ്പിടിക്കുന്ന ധാരാളം എഴുത്തുകള്‍ വിവിധ ഭാഷകളില്‍ നോവല്‍-ചെറുകഥാ രൂപത്തിലുണ്ടായിരുന്നു എന്നുളളതുകൊണ്ടാണ്. റഷ്യന്‍ ഭാഷകളിലും ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലും നമ്മെ അത്ഭുതപ്പെടുത്തിയ എഴുത്തുകള്‍ ചരിത്ര വസ്തുതയാണ്. മാക്സിം ഗോര്‍ക്കിയുടെ ‘അമ്മ’, ഫിയോദര്‍ ദസ്തയേവ്സ്ക്കിയുടെ ‘കരമസോവ് സഹോദരന്മാര്‍’ ടോള്‍സ്റ്റോയിയുടെ ‘ഉയര്‍ത്തെഴുനേല്‍പ്പ്’, ‘യുദ്ധവും സമാദാനവും’, ഫ്രഞ്ച് സാഹിത്യത്തിലെ വിഖ്യാത എഴുത്തുകാരനായ വിക്ടര്‍ ഹ്യൂഗോയുടെ ‘ പാവങ്ങള്‍’ ഇവയെല്ലാം മനുഷ്യന്‍റെ സാംസ്കാരിക ജീവിതത്തെ അടിമുടി സ്വാധീനിച്ചവയായിരുന്നു. മനുഷ്യന്‍റെ ഭൗതിക യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്‍പില്‍ നിന്നുകൊണ്ടുള്ള ഉജ്ജ്വലമായ പോരാട്ടങ്ങളുടെ അസ്തിത്വത്തെ പ്രധാനം ചെയ്ത ഈ എഴുത്തുകള്‍ സൃഷ്ടിച്ച സര്‍ഗാത്മകത എത്ര നൂറ്റാണ്ട് പിന്നിട്ടാലും ഉയര്‍ന്ന് നില്‍ക്കുന്നവയാണ്. മനുഷ്യനെ ആന്തരികമായി സ്പര്‍ശിക്കുന്ന ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്‍റെ ‘മാജിക് റിയലിസം’, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ പുതിയ സാഹിത്യ അഭിരുചിയായി പടര്‍ന്നെങ്കിലും മനുഷ്യന്‍റെ ആന്തരിക പരിവര്‍ത്തനത്തോട് എത്രമാത്രം അവ ഇന്ന് സംവദിക്കുന്നുണ്ട് എന്നുള്ളതിന് വലിയ ഉദാഹരണങ്ങളൊന്നും നമുക്ക് പറയാനാവുന്നില്ല. പക്ഷെ വായനയെ ഗൗരവമായി കാണുന്ന ആളുകള്‍ക്ക് അത് ഗംഭീരമായ ഒരു അനുഭൂതി നല്‍കുന്നതുമാണ്.

ബംഗാളി സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ഇത്തരത്തില്‍ റഷ്യന്‍, ലാറ്റിനമേരിക്കന്‍, ഫ്രഞ്ച് സാഹിത്യ സംഭാവനകളുടെ പിന്തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ട ചില റിയലിസ്റ്റിക് നോവലുകളും വിജയന്‍റെയോ ആനന്ദിന്‍റെയോ അതുപോലുളള ഒറ്റപ്പെട്ട വലിയ സംഭാവനകളോ മാറ്റിനിര്‍ത്തിയാല്‍ എണ്ണപ്പെടാവുന്ന മഹത്തായ കലാസൃഷ്ടി മലയാളത്തില്‍ കുറവാണ്. ബംഗാളി സാഹിത്യത്തില്‍ ആരോഗ്യനികേതന്‍, ആരണ്യക്, പഥേര്‍പാഞ്ചാലി, എന്നിവയെല്ലാം അല്ലെങ്കില്‍ അതുപോലെശ്രദ്ധിക്കപ്പെടുന്ന കലാസൃഷ്ടികള്‍ ഉണ്ടെങ്കിലും എടുത്തുപറയത്തക്ക ഒരു ആത്മീയ ഭൗതിക വിചാര വിപ്ലവത്തിലേക്ക് നമ്മുടെ എഴുത്ത് കനം കുറഞ്ഞ് പോവുന്നത് കാണാം. ഫിക്ഷന്‍ എന്നു വിളിക്കുന്നത് വായിച്ച് രസിക്കാനുള്ള ഒന്നായി പരിഗണിക്കപ്പെട്ടുപോകുന്ന അവസ്ഥ അന്നും ഇന്നും നമ്മുടെ സാഹിത്യ ലോകത്തുണ്ട്. അതില്‍ നിന്നൊക്കെ ഭിന്നമായി ആത്മീയതയുടെ അന്തര്‍ധാര മനോഹരമായി ലോക ഭാഷയില്‍ അവതരിപ്പിച്ച ഒരെഴുത്തുകാരനാണ് നിക്കോള്‍ കസന്‍റ് സാക്കിസ്. ‘സെന്‍റ് ഫ്രാന്‍സിസ്’ എന്ന ഒരൊറ്റ രചന മതി അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ വിപ്ലവത്തെ ചൂണ്ടിക്കാണിക്കാന്‍. വായിക്കപ്പെടാത്ത ഒരു വാക്യം പോലും അതിലില്ലെന്നുള്ളതാണ് സത്യം. ഒരുപക്ഷെ പൗലോ കൊയ്ലോയുടെ ‘ആല്‍കെമിസ്റ്റും’, തിയാങ് ങ്യാച് ഹാന്‍ (Thich Nhat Hanh ) ന്‍റെ ‘ബ്രഹ്മചാരിണി’ യുമൊക്കെ അതില്‍ പെടുത്താം. വളരെ ലളിതമായ പ്രമേയങ്ങള്‍ കൊണ്ട് വിശാല ലോകത്തിന്‍റെ അതിഭൗതിക സമസ്യകളെ സൂക്ഷ്മ വല്‍ക്കരിക്കുകയാണ് അവയൊക്കെ ചെയ്യുന്നത്. ആത്മീയ നോവല്‍ സാഹിത്യം നമ്മളറിയുന്നത് പുരാണങ്ങളുടെ അനുകര്‍ത്താക്കളുടെ രസാവിഷ്കരണത്തില്‍ നിന്നാണ്. അതിലപ്പുറം മലയാളത്തില്‍ ആത്മീയ ദര്‍ശനങ്ങളുടെ മാനവികത നാം കാണുന്നില്ല. ആത്മീയ നോവലിന് മാത്രമായി ഒരിടം തീര്‍ച്ചയായും ഒഴിഞ്ഞു കിടപ്പുണ്ട്. അതിനെ പൂര്‍ണമാക്കുന്ന വലിയ വായനകളിലേക്ക് കേരളീയ സമൂഹം ഇനിയും നടന്നു പോകേണ്ടിയിരിക്കുന്നു. ഭൗതികതയെക്കാള്‍ ഇനി നമ്മെ തൊടുന്ന ഒരാത്മീയദര്‍ശനം നമുക്കാവശ്യമുണ്ട്. പുണ്യ പുരാണങ്ങള്‍ വിട്ട് കസന്‍റ് സാക്കിസ്, തിയാങ് ങ്യാച് ഹാന്‍, പൗലോ കൊയ്ലോ എന്നിവരെ പോലെയുള്ള എഴുത്തുകാരെ നമ്മുടെ സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഏത് നവ സാങ്കേതിക വിപ്ലവത്തെയും പുറകിലാക്കുന്ന ആന്തരിക സ്പര്‍ശം ഈ എഴുത്തുകാരുടെ ചിന്തകള്‍ക്കുണ്ടെന്നുള്ള അറിവ് വലിയ ബോധ്യമാവണം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…