സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അറിയാതെ പോയ മമത!

എ.പി.അഹമദ്

പ്രത്യയശാസ്ത്രമില്ലാത്ത രാഷ്ട്രീയ പ്രയോഗമാണ് മമതാ ബാനര്‍ജിയെന്ന് എപ്പോഴും വിമര്‍ശിക്കുന്ന ഒരാളാണ് ഞാന്‍. ഇടതുപക്ഷത്തിന്റെ ബദല്‍ നാളങ്ങള്‍ ഊതിക്കെടുത്തിയല്ല, ഇന്ത്യയുടെ മതേതരപ്പന്തങ്ങള്‍ ജ്വലിക്കേണ്ടത് എന്ന് ഇപ്പോഴും വിശ്വസിക്കുന്നയാളുമാണ്. സ്വാതന്ത്ര്യാനന്തര ബംഗാളിനെ അക്രമ രാഷ്ട്രീയത്തിലേക്ക് വഴിതെറ്റിച്ചതില്‍ മമതയ്ക്ക് വലിയ പങ്കുണ്ടെന്ന് കരുതുന്നയാളുമാണ്..

എന്നാല്‍ ബംഗാളി ജനതയെ ഒപ്പം നിര്‍ത്തുന്നതില്‍ ആ ജനനായിക പ്രകടിപ്പിക്കുന്ന മാസ്മരികത കുറേ കാലമായി എന്നെ വിസ്മയിപ്പിക്കുന്നു. അഴിമതി രാജാക്കന്മാരായ പുരുഷ നേതാക്കളെ വിറപ്പിച്ച് നയിക്കുന്ന ആ പെണ്‍കരുത്ത് അത്യപൂര്‍വം തന്നെ! ഉദ്യോഗസ്ഥ പ്രഭുത്വത്തെ കിടിലം കൊള്ളിക്കുന്ന ആ ആജ്ഞാശക്തി അതിലേറെ അപൂര്‍വം! ഇടതു പക്ഷത്തെ നിലംപരിശാക്കുകയും ബിജെപിയെ നിലക്കു നിര്‍ത്തുകയും ചെയ്ത ആ നേതൃപാടവം അപൂര്‍വങ്ങളില്‍ അപൂര്‍വം!

ആര്‍ക്കും മെരുങ്ങാത്ത ആ വന്യശക്തിയെ അറിയാന്‍ കമ്പം തോന്നിയപ്പോഴാണ് ആമസോണില്‍ ഈ പുസ്തകത്തിന്റെ ആദായ വില്‍പന കണ്ടത്. ഷുതാപാ പോള്‍ രചിച്ച ജീവചരിത്ര ഗ്രന്ഥം, മാധ്യമപ്പൊലിമയ്ക്കപ്പുറം മറഞ്ഞു കിടന്ന ഒരു അത്ഭുത ജന്മത്തെയാണ് അനാവരണം ചെയ്യുന്നത്. ദാരിദ്യം നുണഞ്ഞ ബാല്യം; ചികിത്സ കിട്ടാതെ മരിച്ച അച്ഛന്‍; പഠനം പോരാട്ടമാക്കി നിയമം, ചരിത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ബിരുദം; ഇസ്ലാമിക ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം; ഒന്നിലേറെ ഡോക്ടറേറ്റുകള്‍..

കൗമാരത്തില്‍ തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കത്തിക്കയറിയ മമതയുടെ പില്‍ക്കാല ജീവിതം നമ്മുടെ ഓര്‍മയിലുള്ളതുകൊണ്ട്, പുതുമയൊന്നും തോന്നിയില്ല. എങ്കിലും ജയപ്രകാശ് നാരായണന്റെ കാറിനു മുകളില്‍ കയറി പ്രതിഷേധ നൃത്തം ചവിട്ടിയതും വനിതാ സംവരണ ബില്ലിനെ എതിര്‍ത്ത സമാജ് വാദി മെംബറെ ലോക്‌സഭയുടെ നടുത്തളത്തില്‍ കഴുത്തിനു പിടിച്ചതുമൊക്കെ സമരവേദികളില്‍ എപ്പോഴും നിലവിട്ടു പെരുമാറുന്ന ദീദിയുടെ മാത്രം സ്‌റ്റൈല്‍ ആണു താനും..

തോറ്റടിഞ്ഞും കുതിച്ചുയര്‍ന്നും മുന്നേറിയ ആ രാഷ്ട്രീയ ജീവിതം തൊട്ടതൊക്കെ ചരിത്രമാക്കി. കാല്‍ നൂറ്റാണ്ടുകാലം എംപിയും പലതവണ കേന്ദ്രമന്ത്രിയുമായ അവര്‍ ബംഗാളിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി പത്ത് വര്‍ഷം പിന്നിടുന്നു. 66 വയസ്സിനുള്ളില്‍ എത്രയോ ആയുസ്സുകള്‍ ജീവിച്ചു തീര്‍ത്ത അസാധാരണമായ സ്ത്രീജന്മം..

പുസ്തകത്തിന്റെ അവസാന താളുകളിലേക്കാണ് മമതയുടെ ഒരു അഭിമുഖം വാട്‌സാപ്പില്‍ വന്നു കയറിയത്. പത്തനംതിട്ടയില്‍ നിന്ന് പ്രിയസുഹൃത്ത് ഖാന്‍ ഷാജഹാനാണ്, ഒരു ഹിന്ദി വാര്‍ത്താ ചാനലില്‍ വന്ന ആ ഇന്റര്‍വ്യൂ എനിയ്ക്കയച്ചത്. ഹിന്ദി അധ്യാപകനായ സഹപ്രവര്‍ത്തകന്‍ സുമേഷ്, ദീദിയുടെ വാക്കുകള്‍ തെറ്റാതെ ഭാഷാന്തരം ചെയ്തു തന്നു. പുസ്തകവും അഭിമുഖവും ചേര്‍ന്ന് അനാവരണം ചെയ്തത്, ഞാന്‍ ഒട്ടും അറിയാതെ പോയ ഒരു ബഹുമുഖ പ്രതിഭയെ ആണ്. കല്‍ക്കത്തയിലെ കൂലിത്തെരുവില്‍ കൊച്ചു വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന ദീദി, തെരുവിന്റെ മക്കളാണ് തന്റെ കുടുംബമെന്ന് തെളിയിക്കുന്നു..

യഥാര്‍ഥ മമതാ ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രി മാത്രമല്ല. ബംഗാളി ഭാഷയില്‍ 87 പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞ ഗ്രന്ഥകാരിയാണ്! കല്‍ക്കത്തയില്‍ എത്രയോ തവണ സ്വന്തം പ്രദര്‍ശനം ഒരുക്കിയിട്ടുള്ള ചിത്രകാരിയാണ്! ഗാനങ്ങള്‍ എഴുതുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന കലാകാരിയാണ്! ഈ വിവരങ്ങളേക്കാള്‍ അത്ഭുതകരമാണ് മമത എന്ന ജനസേവിക പൊതുമുതലിനോട് പുലര്‍ത്തുന്ന സമീപനം!

മുഖ്യമന്ത്രി എന്ന നിലയില്‍ മാസാന്തം രണ്ടു ലക്ഷത്തോളം രൂപ ശമ്പളം പറ്റാവുന്ന അവര്‍ ഒരു നയാ പൈസയുടെ ആനുകൂല്യവും കൈപ്പറ്റുന്നില്ല. ഔദ്യോഗിക വസതിയോ വാഹനമോ സ്വീകരിച്ചിട്ടില്ല. സ്വന്തം വീടും വാഹനവും ഉപയോഗിക്കുന്നു. എക്കണോമി ക്ലാസില്‍ സ്വന്തം ചിലവില്‍ യാത്ര ചെയ്യുന്നു. യാത്രാബത്ത കൈപ്പറ്റുന്നില്ല. ഗസ്റ്റ് ഹൗസുകളില്‍ വാടകയും ഭക്ഷണച്ചിലവും എപ്പോഴും സ്വയം കൊടുത്ത് താമസിക്കുന്നു. പാര്‍ലിമെന്റ് അംഗവും കേന്ദ്ര മന്ത്രിയും ആയിരുന്ന കാലത്തെ പെന്‍ഷനും വേണ്ടെന്ന് വച്ചിരിക്കുന്നു. ചുരുക്കത്തില്‍ രാഷ്ട്രത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട സമ്പൂര്‍ണ സൗജന്യ സേവനം!

പിന്നെ എന്താണ് ദീദിയുടെ വരുമാനം? പുസ്തകങ്ങളില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി രണ്ടു കോടി രൂപ റോയല്‍റ്റി ലഭിയ്ക്കുന്നു. ചിത്രങ്ങളും സംഗീതവും നല്‍കുന്ന വരുമാനം വേറെ! തനിച്ച് ജീവിക്കാനും യഥേഷ്ടം സംഭാവന ചെയ്യാനും സ്വന്തം പണം തന്നെ ധാരാളമെന്ന് ദീദി! അധ്വാനിച്ച് ജീവിക്കുന്ന ജനനേതാവിന്റെ ആര്‍ജ്ജവമാണ് മമതയുടെ ഇച്ഛാശക്തിയെന്ന് ഇന്ന് ഞാനറിയുന്നു. അഥവാ, ജീവിതമാണ് പ്രത്യയശാസ്ത്രമെന്ന് എന്നെത്തന്നെ തിരുത്തേണ്ടി വരികയാണോ??

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…