സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഹിഗ്വിറ്റ

കെ കെ ബാബുരാജ്

മലയാള മനോരമ നടത്തിയ ഒരു ലിറ്റററി സർവ്വേയിൽ നൂറു വർഷത്തെ മലയാള കഥ ചരിത്രത്തിൽ ഉണ്ടായ ഏറ്റവും സമുന്നതമായ രചനയായി തിരഞ്ഞെടുക്കപ്പെട്ടതാണ് എൻ. എസ്. മാധവന്റെ ഹിഗ്ഗിറ്റ എന്ന കഥ. കേരളത്തിലെ മധ്യവർഗ്ഗ ഭാവുകത ഇടത്, വലതു, ആൺ, പെൺ വേർതിരിവുകൾ ഇല്ലാതെ അത്രമാത്രം വാഴ്ത്തി പാടിയ മറ്റൊരു കഥ ഉണ്ടായിട്ടില്ല.

എന്നാൽ ഈ കഥയിലെ മുസ്ലീം പ്രതിനിധാനം ദേശ രാഷ്ട്രത്തിൽ നിന്നും മുസ്ലീം അപരരെ പുറന്തള്ളുന്നതിന്റെ മെക്കാനിസം ഉൾക്കൊള്ളുന്നതാണെന്ന തരത്തിൽ എം. ടി. അൻസാരി ഒരു വിശകലനം നടത്തി. ഇതോടെ അൻസാരി എന്നത് എന്നത് ഒരു ജാതി പേര് അല്ലേ എന്നു ആക്ഷേപിക്കുക മാത്രമല്ല, ഹൈദ്രബാദ് കേന്ദ്രീകരിച്ചുള്ള ഏതെങ്കിലും തീവ്രവാദി സംഘടനയുമായും ബന്ധമുള്ള ആളായിരിക്കാം അൻസാരി എന്ന അർത്ഥം വരുന്ന തരത്തിലും എൻ എസ് മാധവൻ പ്രതികരിച്ചിരുന്നു.

ഇംഗ്ലീഷിൽ എഴുതിയ ആ ലേഖനം മാധ്യമം പ്രസിദ്ധീകരിച്ചതിലൂടെ കേരളത്തിലെ വ്യവസ്ഥാപിത നിരൂപകർ സടകുടഞ്ഞെഴുന്നേറ്റു. ഏറ്റവും രസകരമായ കാര്യം അതേവരെ ഹിഗ്ഗിറ്റ ഒരു ഉപരിപ്ലവ കഥയാണെന്നു പറഞ്ഞിരുന്ന വി.സി. ശ്രീജനാണ് ആദ്യം രംഗത്ത് വന്നത് എന്നതാണ്.

അൻസാരിയുടെ വിമർശനത്തെ വർഗീയതയായും താത്കാലിക പ്രശസ്തിക്കു വേണ്ടിയുള്ള കുത്തിത്തിരിപ്പായും ശ്രീജൻ വ്യാഖ്യാനിച്ചു. മാത്രമല്ല എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായും ചിത്രീകരിച്ചു. തുടർന്നു പി.കെ. രാജശേഖരനെ പോലുള്ളവരും ഇതേ വാദങ്ങൾ ഉന്നയിച്ചെത്തി. കടുത്ത എതിർപ്പുകൾ മൂലം അൻസാരി നല്ല വിഷമത്തിലായി. ഒരു കഥയെ വിമർശച്ചതിന്റെ പേരിൽ ഇത്രയധികം വർഗീയവാദി, തീവ്രവാദി വിളി കേൾക്കേണ്ടിവന്ന മറ്റൊരാൾ കേരളത്തിൽ ഉണ്ടാവാൻ ഇടയില്ല.

എനിക്ക് തോന്നുന്നത് എം. ടി. അൻസാരിയുടെ വിശകലനത്തെ അംഗീകരിച്ചും വി. സി ശ്രീജന്റെ വാദങ്ങൾ എതിർത്തും മുഖ്യ ധാരയിൽ ആദ്യം വന്നത് ഞാനാണെന്നാണ്. മലയാള നിരൂപണത്തിലെ വഴിതിരിവാണ് അതെന്നു പറഞ്ഞുകൊണ്ട് ഞാൻ മാധ്യമത്തിൽ ഒരു ലേഖനം എഴുതി. ശ്രീജന്റേത് ബ്രാമണ്യ പരമായ പണ്ഡിത്യമായും ഞാൻ ചൂണ്ടികാട്ടിയിരുന്നു.

തൽക്കാലം ആ വിവാദം കെട്ടടങ്ങിയെങ്കിലും കുറച്ചു കാലം കഴിഞ്ഞപ്പോൾ ദളിത് നിരൂപണം കേരളീയ സംസ്കാരത്തിൽ സർവ നാശം വിതക്കുന്നു എന്ന പേരിൽ ഇതേ വ്യവസ്ഥാപിത നിരൂപകർ വീണ്ടും വരുകയുണ്ടായി. സത്യത്തിൽ അതൊരു സംഘടിത കടന്നാക്രമണമായിരുന്നു.

ദളിത്‌ നിരൂപകരും സൈദ്ധാന്തികരും സവർണതയെ പുനർനിർമിക്കുകയാണെന്നു വിലപിച്ചുകൊണ്ട് ആനന്ദ് മാതൃഭൂമിയിൽ വൻ കവർ ലേഖനംഎഴുതി. ദളിത്‌ നിരൂപണങ്ങൾ മൂലം മറുപക്ഷവും ശക്തി പെടുന്നു എന്നു കെ. പി. അപ്പൻ എഴുതി. ഗുരുതരമായ സാമൂഹിക വിപത്തുകൾ വരുത്തി വെക്കുന്നതായി വി. സി. ശ്രീജൻ എഴുതി. സാഹിത്യത്തിന്റെ കുരുട്ടു വായന എന്നു പി. കെ. രാജശേഖരൻ എഴുതി. ശ്രദ്ധിക്കേണ്ട കാര്യം കേരളത്തിലെ വ്യവസ്ഥാപിത നിരൂപകർക്കൊപ്പം ബി. രാജീവൻ, ഇ. പി രാജഗോപാൽ മുതലായ ഇടതുപക്ഷ നിരൂപകരും നിന്നു എന്നതാണ്.

ഏതായാലും ഞങ്ങളും വെറുതെ ഇരുന്നില്ല. കെ. കെ. കൊച്ചു, ജെ. രഘു ഞാൻ അടക്കമുള്ളവർ മാതൃഭൂമിയിലൂടെ തന്നെ പ്രതിരോധിച്ചു. ഈ വാദ പ്രതിവാദങ്ങൾ ബോബി തോമസ് എഡിറ്റു ചെയ്തു ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ കാര്യങ്ങൾ ഇവിടെ എഴുതുന്നത്, കേരളത്തിലെ കീഴള സൈദ്ധാന്ധിക മണ്ഡലം വന്മരങ്ങളോട് ഏറ്റുമുട്ടിയാണ് ചലിച്ചത് എന്നു സൂചിപ്പിക്കാനാണ്. ഇന്നു വേർച്ചൽ സ്പേസ് ഉപയോഗിച്ചു കൊണ്ടു അനേകം കൌണ്ടർ നരേറ്റിവുകൾ അനുനിമിഷവും ഉണ്ടാകുമ്പോൾ എൻ. എസ്. മാധവനെ പോലുള്ളവരുടെ കൃത്രിമ വാദങ്ങൾ പെട്ടെന്ന് പൊളിച്ചെഴുതപ്പെടുന്നു എന്നതാണ് വസ്തുത

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…