സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കര്‍ഷക സമരം

വേണു അമ്പലപ്പടി


നിയമങ്ങളുടെ മേന്മ: എ.പി.എം.സി.കളെ
ഇല്ലാതാക്കല്‍, സര്‍ക്കാര്‍ ഭാഷ്യം.

ഒന്നാം നിയമത്തിന് സര്‍ക്കാര്‍ അവകാശപ്പെടുന്ന മേന്മ ഇനി പറയുന്നു: കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ കേന്ദ്രീകൃതവും നിയന്ത്രിതവുമായ മൊത്തവില്‍പന കേന്ദ്രമായ മണ്ഡികളിലല്ലാ തെ ഇഷ്ടമുള്ളിടത്ത് വില്‍ക്കാം.(അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി അഥവാ എ.പി.എം.സിയുടെ നേതൃത്വത്തിലുള്ളതാണ് മണ്ഡികളെന്ന ഈ മൊത്തവില്‍പന ശാലകള്‍). രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ കുറവായ കാലത്ത് നടപ്പിലാക്കിയ ഒരു സംവിധാനമാണിത്. ഇപ്പോള്‍ ഭക്ഷ്യധാന്യ ഉല്‍പാദനം വന്‍തോതിലാണ്. ആവശ്യമുള്ളത് കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നു. രാജ്യത്ത് സാങ്കേതിക പുരോഗതിയും വന്നു. അതുകൊണ്ട് എ.പി.എം.സി സമ്പ്രദായം കാലഹരണപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ സംവിധാനം മാറിയ പരിതസ്ഥിതിയില്‍ കര്‍ഷകവിരുദ്ധമായി തീരുകയും ചെയ്തിരിക്കുന്നു. മണ്ഡികളില്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വില മാത്രമേ കിട്ടുന്നുള്ളൂ. അവിടെ നിക്ഷിപ്ത താല്‍പര്യക്കാരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തകര്‍ത്ത് കര്‍ഷകരെ സ്വതന്ത്രമാക്കുക എന്നുള്ള മഹത്തായ കര്‍ത്തവ്യമാണ് മോഡി സര്‍ക്കാര്‍ ഒന്നാം ബില്ലിലൂടെ ലക്ഷ്യമാക്കുന്നത് എന്നര്‍ത്ഥം.

എന്നാല്‍ എ.പി.എം.സി.കള്‍ എങ്ങനെ ഉണ്ടായി

തങ്ങള്‍ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന എ.പി.എം.സി.യുടെ മൊത്തവില്‍പന ശാലകള്‍ എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പ്രതികരിക്കുന്നത്. 1939 ല്‍ പഞ്ചാബില്‍ ആരംഭിച്ചതാണ് ഈ പ്രസ്ഥാനം. പഞ്ചാബിലെ യൂനിയനിസ്റ്റ് പാര്‍ട്ടി സ്ഥാപകനായ ചോട്ടൂ രാം 1937 ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അവിടെ റവന്യുമന്ത്രിയായിരിക്കുമ്പോള്‍ കര്‍ഷകരെ കൊള്ളപ്പലിശക്കാരില്‍ നിന്നും ഒഴിവാക്കാന്‍ നടത്തിയ ശ്രമമാണ് ഇത്തരം കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ഇടയായത്. പഞ്ചാബ് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് എന്നായിരുന്നു ആദ്യപേര്. ഇതിന്റെ വിജയം പിന്നീട് സ്വതന്ത്ര ഇന്ത്യയില്‍ പകര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍ പ്രത്യേകമായി പ്രസിദ്ധം ചെയ്ത പ്രദേശങ്ങളിലുള്ള മണ്ഡി കളിലോ, ഉപമണ്ഡികളിലോ മാത്രമേ കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ മൊത്ത വില്‍പന പാടുള്ളൂ എന്നതായിരുന്നു ഉദ്ദേശം. പഞ്ചാബി കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ച ഉജ്ജ്വല മാതൃകയായി ഇത് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ പദവി നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. അന്നത്തെ കടക്കെണിയിലേറെയാണ് ഇന്ന് കര്‍ഷകര്‍ അനുഭവിക്കുന്നത്. എ.പി.എം.സികള്‍ കാലഹരണപ്പെട്ടിരിക്കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍, പക്ഷേ, കടം കാലഹരണപ്പെട്ടിരിക്കുന്നു, അത് തങ്ങള്‍ എഴുതിത്തള്ളാമെന്ന് പറയുന്നില്ല എന്നിടത്താണ് വിരോധാഭാസം.

രണ്ടാം നിയമത്തില്‍ കരാര്‍ കൃഷിക്കാണ് ഊന്നല്‍. കര്‍ഷകരും ഭാവിയില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങാന്‍ പോകുന്ന കച്ചവടക്കാരുമായി മുന്‍കൂര്‍ വില ഉറപ്പിക്കുന്ന സമ്പ്രദായം. പാര്‍ല മെന്റംഗങ്ങളെയും നിയമസഭാംഗങ്ങളെയും നിയമനിര്‍മ്മാണ ബില്ലുകളെക്കുറിച്ച് പഠിപ്പിക്കാന്‍ സ്വയം തീരുമാനമെടുത്ത് 2005 ല്‍ ഇറങ്ങിത്തിരിച്ച പോളിസി റിസര്‍ച്ച് സര്‍വ്വ ( ജഞട ഘലഴശഹെമശേ്‌ല ഞലലെമൃരവ ) പറയുന്നത് ഈ മാറ്റം വളരെ അനിവാര്യമാണെന്നാണ്.

അവശ്യവസ്തു ഭേദഗതി നിയമത്തിന് അടിവളം വൈദ്യുതി നിയമഭേദഗതി ബില്‍ 2020

ഇവിടെ സൂചിപ്പിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാത്രമല്ല കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയത്. അതിനോടു ചേര്‍ന്നുനിന്ന് കാര്‍ഷിക വിരുദ്ധതയ്ക്ക് അടിവളമേകുന്ന മറ്റൊരു കോവിഡ്കാല സമ്മാനവും ഇന്ത്യന്‍ ജനതക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ കെട്ടിയേല്‍പ്പിച്ചിട്ടുണ്ട്. 2020 ഏപ്രില്‍ മാസം 17-ാം തിയ്യതി പ്രഖ്യാപിച്ച 2003-ലെ ഇലക്ട്രിസിറ്റി നിയമ ഭേദഗതി ബില്ലാണത്.

ഇലക്ട്രിസിറ്റി നിയമം 2003 ആണ് നിലവില്‍ വൈദ്യുതി മേഖലയുടെ ഘടനയും നയവും നിയന്ത്രിക്കുന്നത്. ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതി ബില്ല് വൈദ്യുതിയുടെ ഉല്‍പാദനം, വിതരണം,
പ്രസരണം, വിപണനം, ഉപയോഗം എന്നിവയെ ലക്ഷ്യമിട്ടുതാണ്. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വെദ്യുതി റഗുലേറ്ററി അതോറിറ്റിയെ അപ്രസക്തമാക്കുന്നതുമാണ്. പുതിയ ഭേദഗതി ബില്ലുകള്‍ പ്രകാരം സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനു പകരം കേന്ദ്ര തലത്തിലുള്ള ദേശീയ ്യു സെലക്ഷന്‍ കമ്മിറ്റിയെയാണ് വിഭാവനം ചെയ്യുന്നത്. കൂടാതെ, ഒരു ഇലക്ട്രിസിറ്റി കോണ്‍ട്രാക്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റിയും സ്ഥാപിക്കുന്നുണ്ട്.

ബില്ലിന്റെ നാനാവശങ്ങളും ഇഴകേറി പരിശോധിക്കേണ്ട കാര്യമൊന്നുമില്ല. അതിന് ആത്യന്തികമായി ഒരു ലക്ഷ്യമേയുള്ളൂ. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുക. അതിന് യാതൊരു വിധത്തിലുള്ള സബ്‌സിഡിയും കൊടുക്കാതിരിക്കുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കുമുള്ള സബ്‌സിഡി നിര്‍ത്തുക.

ഇതുവരെ സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ ഈടാക്കുന്ന വൈദ്യുതി വില സബ്‌സിഡി കഴിച്ചതിനു ശേഷമുള്ളതാണ്. ഇത് മാറ്റി പുതിയ ബില്ല് പ്രകാരം അനുമതി നല്‍കപ്പെടുന്ന കോര്‍പറേറ്റ് വിതരണ കമ്പനി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി ബോര്‍ഡുകളല്ല, സബ്‌സിഡിയില്ലാത്ത വിലയ്ക്കായിരിക്കും വൈദ്യുതി വില്‍ക്കുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കര്‍ഷകര്‍ക്കും ഒരു മഹത്തായ സേവനമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത്. ഇപ്പോള്‍ ഗ്യാസിനു ചെയ്യുന്നതുപോലെ മുഴുവന്‍ പണമുണ്ടെങ്കില്‍ മാത്രം വൈദ്യുതി വാങ്ങുക, സബ്‌സിഡി ബാങ്ക് അക്കൗണ്ടില്‍ പണമായി തരും. ഇപ്പോള്‍ നമുക്ക് എല്ലാവര്‍ക്കും മുടക്കമില്ലാതെ ലഭിക്കുന്ന ഗ്യാസ് സബ്‌സിഡി പോലെ വൈദ്യുതി വിതരണത്തിന് സംസ്ഥാനങ്ങളുടെ യാതൊരു വിധത്തിലുള്ള അനുമതിയും വേണ്ടായെന്ന് പ്രത്യേകം പറയുന്നുണ്ട്.

മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളിലൊന്നായി വൈദ്യുതി മാറിയിട്ടുണ്ടല്ലോ. ഭരണഘടനപ്രകാരം കണ്‍കറന്റ് ലിസ്റ്റിലാണ് ഇത് ഉള്‍പ്പെടുന്നത്. ഇതില്‍ നിന്നും സംസ്ഥാന
ങ്ങളെ ഏകപക്ഷീയമായും ഭരണഘടനാ വിരുദ്ധമായും ഒഴിവാക്കിയിരിക്കുകയാണ്. ഒറ്റവെട്ടിന് സംസ്ഥാനങ്ങളുടെ കൈകാലുകള്‍ മുറിക്കു കയും രാജ്യത്തിന്റെ ഊര്‍ജ സംരക്ഷണം താറുമാറാക്കുകയുമാണ് ചെയ്യുന്നത്. ഗുണഭോക്താക്കളാകട്ടെ, കൈവിരലില്‍ എണ്ണാവുന്ന ചില കോര്‍പറേറ്റ് ഭീമന്മാര്‍ മാത്രം.

വൈദ്യുതി മേഖലയില്‍ ഇതിനകം നടപ്പാക്കിയ സ്വകാര്യവല്‍ക്കരണം എന്ത് പഠിപ്പിക്കുന്നു?

1990 കളില്‍ തന്നെ ലോകബാങ്ക് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുമതി നല്‍കി. അതിന്റെ ഏറ്റവും ഭീകരമായ അനന്തരഫലം സംസ്ഥാന സര്‍ക്കാരുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്കാവശ്യ മുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സ്വകാര്യ കമ്പനികളില്‍ നിന്നും
വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ വാങ്ങണം. സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി ആവശ്യമില്ലെങ്കിലും ഭീമമായ ഒരു നിശ്ചിത തുക സ്വകാര്യ കമ്പനികള്‍ക്ക് നല്‍കണം.

2010 മുതല്‍ സൗരോര്‍ജ്ജം വഴിയും കാറ്റാടി യന്ത്രങ്ങള്‍ വഴിയും നിശ്ചിത ശതമാനം വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടതുണ്ടായിരുന്നു. ഇങ്ങനെ ഉല്‍പാദിപ്പിച്ചാല്‍ സ്വകാര്യ മേഖലയില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറയുമല്ലോ. പക്ഷേ, വാങ്ങിയാലും ഇല്ലെങ്കിലും പണം കൊടുക്കണമെന്നാണ് നിലവില്‍ത്തന്നെ വൈദ്യുതി ബോര്‍ഡുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം.

സംസ്ഥാന വൈദ്യുതി ബോര്‍ഡുകളില്‍ നിന്ന് പിടിച്ചെടുത്ത് വിതരണം സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ സംഭവിക്കുക യാതൊരുവിധ സബ്‌സിഡിയുമില്ലാതെ എല്ലാവരും ചെലവിനനു സരിച്ചുള്ള വില നല്‍കണമെന്നാണ്. ഗ്രാമീണ മേഖലയിലാണ് ഇതിന്റെ ഏറ്റവും വലിയ അപകടം വരാനിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ താമസക്കാര്‍ക്ക് വൈദ്യുതിയെത്തിക്കാന്‍
കൂടുതല്‍ ലൈന്‍ വലിക്കേണ്ടതുണ്ട്. നിരവധി ട്രാന്‍സ്‌ഫോര്‍മറുകളും ഇവര്‍ക്ക് ആവശ്യമായി വരും. ക്രാസ് സബ്‌സിഡി പാടില്ല എന്നുള്ള നിബന്ധനപ്രകാരം ഇന്ത്യയിലെ ഗ്രാമീണ ജനത കര്‍ഷക ജനത – നല്‍കേണ്ടി വരുന്ന വില വളരെ ഉയര്‍ന്നതായിരിക്കും.

ഇങ്ങനെ വിവിധ നടപടികളിലൂടെ അധികാരം കേന്ദ്രീകരിച്ച് സംഘപരിവാര്‍ നടത്തുന്ന ജനവിരുദ്ധ നടപടികളുടെ തുടര്‍ച്ചയായാണ്, അല്ലാതെ, ഒറ്റതിരിച്ചല്ല, സര്‍ക്കാര്‍ നടപടികളെ
കാണേണ്ട ത്. ഇതു വഴി രാജ്യത്തെ ചുരുങ്ങിയത് ഒരു നൂറ്റാണ്ട് പിറകിലേക്ക് നയിക്കുകയാണ്. സര്‍വ്വശക്തമായ കേന്ദ്രം യാതൊരു അധികാരവുമില്ലാത്ത പ്രവിശ്യകള്‍, നാം മൊണ്ടേഗു – ചെംസ് ഫോര്‍ഡ് ഭരണ പരിഷ്‌ക്കാരത്തിലേക്ക് തിരികെ പോവുകയാണ്. ബ്രിട്ടീഷ് കോളനി കാലത്തെ ‘നേറ്റീവ്‌സ’് ആയി ഇന്ത്യന്‍ ജനതയെ തള്ളിത്താഴ്ത്തുന്നു എന്നു സാരം.

2020-21 കാര്‍ഷിക പ്രക്ഷോഭത്തിന്റെ വേരുകള്‍

ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമുണ്ട് എന്നതില്‍ കര്‍ഷകര്‍ക്ക് സംശയമില്ല. അത് അവര്‍ തന്നെ ആവശ്യപ്പെടുന്നതുമാണ്. ഒരു സാധാരണ അവിദഗ്ധ തൊഴിലാളിക്ക് കിട്ടുന്ന വേതനം പോലും കാര്‍ഷികവൃത്തിയില്‍ നിന്നും ഏറ്റവും സമ്പന്ന കാര്‍ഷിക മേഖലയായ പഞ്ചാബ്-ഹരിയാന മഖലയിലെ കര്‍ഷകന് കിട്ടുന്നില്ല എന്നിടത്താണ് കാര്യങ്ങള്‍, ഇതിനാണ് മാറ്റം വേണ്ടത് എന്നാണ് കര്‍ഷകര്‍ പറയുന്നത്.

പക്ഷെ മോഡി സര്‍ക്കാറിന് പ്രത്യക്ഷത്തില്‍ പറയാത്ത മറ്റൊരു ലക്ഷ്യം കൂടെയുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ നെല്ലിന്റെയും ഗോതമ്പിന്റെയും ഉല്‍പാദനം ആവശ്യത്തിലധികമാണെന്നാണ് സര്‍ ക്കാറിന്റെ നിലപാട്, സര്‍ക്കാര്‍ ഗോഡൗണുകളില്‍ അവ കെട്ടിക്കിടക്കുകയാണ് കര്‍ഷകര്‍ ഉല്‍പാദിപ്പിച്ചു കൂടുന്നു. ഈ അവസ്ഥയില്‍ നെല്ലിന്റെയും ഗോതമ്പിന്റെയും ഉല്‍പാദനത്തില്‍ നിന്നും കര്‍ഷകരെ മാറ്റിയെടുക്കണം. ഈ വിളകള്‍ക്ക് സര്‍ക്കാര്‍ നേത്യത്വത്തിലുള്ള വ്യാപാര മണ്ഡികളില്‍ താങ്ങുവില നല്‍കുന്നതു കൊണ്ടാണ് ഇങ്ങനെ ഉല്‍പാദിപ്പിച്ചു കൂട്ടുന്നത്. ഇതുകൊണ്ട് പലവിധ ഉപദ്രവങ്ങളുണ്ട്. ഏറ്റവും പ്രധാനമായത് കാര്‍ഷിക ഭൂമിയിലെ ജലലഭ്യത കുറവും പരിസ്ഥിതി നാശവുമാണ്. നെല്ലിനും ഗോതമ്പിനും ധാരാളം വെള്ളം വേണം, ഈ ധാന്യങ്ങള്‍ ഇപ്പോള്‍ ആവശ്യത്തിന് ഉല്‍പാദിപ്പിക്കുന്നതു കൊണ്ട്, കര്‍ഷകര്‍ മറ്റു കൃഷിയിനത്തിലേക്ക് മാറണം. അതായത്, അധികം ജല ഉപയോഗം ആവശ്യമില്ലാത്ത വിളവുകളിലേക്ക്. ഇപ്പോള്‍ കര്‍ഷകര്‍ അങ്ങനെ ചെയ്യാതിരിക്കുന്നത് മുമ്പു പറഞ്ഞതു പോലെ മണ്ഡികളിലെ താങ്ങു വില നിമിത്തമാണ്. താങ്ങുവില പോയാല്‍ കര്‍ഷകര്‍ നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നതില്‍ നിന്നും താനേ മാറും. നമ്മുടെ പ്രക്യതി സംരക്ഷിക്കപ്പെടുകയും ചെയ്യും.

ഹരിത വിപ്ലവത്തിന്റെ പിതാവും നൊബേല്‍ സമ്മാന ജേതാവുമായ നോര്‍മന്‍ ബോര്‍ലോഗ് 2000 ല്‍ നടത്തിയ ഒരു പരാമര്‍ശം ഈ അവസരത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്, ‘ഉയര്‍ന്ന ഭക്ഷ്യാല്‍പാദനം അത്യാവശ്യമാണെങ്കില്‍ അതുകൊണ്ട് മാത്രം ഭക്ഷ്യസുരക്ഷ ഉണ്ടാവില്ല. ഇന്ത്യയില്‍ ധാന്യങ്ങളുടെ വന്‍ശേഖരമുണ്ട്, പക്ഷേ കോടിക്കണക്കിന് ജനങ്ങള്‍ക്ക് എന്നിട്ടും മതിയായ ഭക്ഷണമില്ല. കാരണം, അവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കൈവശം പണമില്ല. ‘അതായത്, വിശക്കുന്നവന് നല്‍കിയാല്‍ തീരാവുന്നതേയുള്ളു ഇന്ത്യയില്‍ കെട്ടിക്കിടക്കുന്നു എന്നുപറയപ്പെടുന്ന ധാന്യങ്ങള്‍ എന്ന് പച്ചമലയാളം, അതായത്, – സര്‍ക്കാര്‍ കണ്ടെത്തിയെന്നു നടിക്കുന്നതല്ല രോഗം; അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നല്‍കുന്നതുമല്ല മരുന്ന്. കര്‍ഷകന് സര്‍ക്കാറിന്റെ കുറിപ്പടി മാറ്റിക്കുകയേ നിവൃത്തിയുള്ളൂ. എന്തുകൊണ്ടെന്നാല്‍, അവന് അവന്റെ രോഗമറിയാം. അതിന്റെ ചികിത്സയാണ് വേണ്ടത്. ചികിത്സക്ക് പണം വേണം. അത് ചോദിക്കുമ്പോള്‍ പൊട്ടന്‍കളിക്കുകയാണ് സര്‍ക്കാര്‍ എന്നു ചുരുക്കം.

ജലലഭ്യതയെയും പരിസ്ഥിതി നാശത്തെയും കുറിച്ച് പറയുന്നതില്‍ കുറച്ച് കാര്യമുണ്ട്. ഈ കാര്യത്തിലേക്ക് എങ്ങനെ എത്തിയെന്ന കാരണമാണ് കണ്ടുപിടിക്കേണ്ടത്. അതിനൊരല്‍പം പിറ കോട്ട് പോകണം. അപ്പോള്‍ കാരണവും കാരണക്കാരെയും പിടി കിട്ടും. കാരണക്കാരെ ശിക്ഷിക്കാന്‍ പിന്നെ എളുപ്പമാണല്ലോ. ഇപ്പോള്‍ നാം ഹരിതവിപ്ലവ കാലത്തേക്ക് എത്തിക്കഴിഞ്ഞു.

കാര്യത്തിന്റെ കാരണം : ലോകഹരിതവിപ്ലവവും ഇന്ത്യയും

1969 ഏപ്രില്‍ മാസത്തില്‍ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ പ്രസിഡന്റ് ജോര്‍ജ് ഹരാര്‍ ആഗോള പട്ടിണി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇറ്റലിയിലെ ബെല്ലാജിയോവില്‍ ഒരു യോഗം വിളിച്ചു. കാര്‍ഷികാഭിവൃദ്ധിയില്‍ തല്‍പ്പരരായ ലോകത്തിലെ 16 വിദേശ സഹായ ഏജന്‍സികളുടെ പ്രതിനിധികളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. ദരിദ്ര രാജ്യങ്ങളിലേക്ക് ഭക്ഷണം കയറ്റുമതി ചെയ്യുന്നതിനു പകരം ലോകത്തിലെ പ്രധാന കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത യന്ത്രങ്ങളും തന്ത്രങ്ങളും ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണെങ്കില്‍ അവിടങ്ങളില്‍ തന്നെ ഭക്ഷ്യധാന്യങ്ങള്‍ വര്‍ദ്ധിച്ച രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഇതായിരുന്നു യോഗത്തിലെ ചര്‍ച്ചാവിഷയം.

രോഗം വരാത്ത, എളുപ്പം വളരുന്ന, രാസവളമിട്ടാല്‍ പെട്ടെന്ന് പ്രതികരിക്കുന്ന പുതിയതരം വിത്തിനങ്ങള്‍ നോര്‍മന്‍ ബോര്‍ ലോഗ് എന്ന ശാസ്ത്രജ്ഞന്‍ ഇതിനകം വികസിപ്പിച്ചെടുത്തിരുന്നു. ഇത് ഈ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നല്‍കാം. നല്‍കി. ഈ മാത്യക സ്വീകരിച്ചതിനെ തുടര്‍ന്ന് കൈവന്ന ഉല്‍പാദന വര്‍ദ്ധനവിനെയാണ് ‘ഹരിത വിപ്ലവ’ മെന്ന് സാമാന്യേന വിളിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവും വലിയ പട്ടിണിപ്പാവങ്ങളുടെ ആവാസ കേന്ദ്രവുമായ ഇന്ത്യയില്‍ ഇതിന് ഏറ്റവും അധികം ആവശ്യം വന്നു.

പഞ്ചാബായിരുന്നു ഈ പുതിയ പരീക്ഷണത്തിന് തെരഞ്ഞടുത്ത സംസ്ഥാനം. വലിയ മഴ കിട്ടുന്ന പ്രദേശമൊന്നുമല്ല അവിടെ. പക്ഷേ, ഹിമാലയന്‍ നദികളാല്‍ സമ്പന്നമാണ് പഞ്ചാബ്. അതുകൊണ്ട് ജലസേചനം ഉപയോഗപ്പെടുത്തി എപ്പോഴും വിളവിറക്കാം. ഇവിടെ പുതിയ തരം വിത്തിനങ്ങളും പുതിയ രാസവളങ്ങളും പരീക്ഷിക്കപ്പെട്ടു. പുതിയ വിത്തിനങ്ങളുടെയും രാസവളത്തിന്റെയും ഒരു പ്രധാന ന്യൂനത ഇവ ഒറ്റക്കൊറ്റയ്ക്ക് നിലനില്‍ക്കില്ല എന്നതാണ്. അതായത്, രാസവളമില്ലെങ്കില്‍ പുതിയ വിത്തിനങ്ങള്‍ വിളവ് നല്‍കില്ല. അതേപോലെ, പരമ്പരാഗത വിത്തിനങ്ങളില്‍ രാസവളം പ്രയോഗിച്ചാലും കാര്യമായി വിള കൂടില്ല. അതുകൊണ്ട് ഒരു പാക്കേജ് ഡീല്‍ ആയി രണ്ടും കൂടി ഒന്നിച്ച് പ്രയോഗിച്ചാല്‍ വിള മൂന്നിരട്ടിയോളം വര്‍ദ്ധിക്കും. ഇതാണ് തുടക്കത്തില്‍ കര്‍ഷകരെ പഠിപ്പിക്കേണ്ടിയിരുന്നത്.

പഞ്ചാബിലെ നെല്‍കൃഷി പ്രശ്‌നം

1960 കളിലെ ഹരിത വിപ്ലവത്തിന്റെ വമ്പന്‍ നേട്ടങ്ങള്‍ കൊയ്തതാണ് പഞ്ചാബിലെയും ഹരിയാനയിലെയും കാര്‍ഷിക മേഖല. ഹരിത വിപ്ലവത്തിന് മുമ്പ് ഇവിടങ്ങളിലെ മുഖ്യകൃഷി ചോളം, കമ്പം, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവയായിരുന്നു. ഇന്ത്യാ രാജ്യത്ത് അരിയും ഗോതമ്പും കിട്ടാതെ ജനങ്ങള്‍ പട്ടിണിയിലേക്ക് പോകുമ്പോഴാണ് കര്‍ഷകരോട് തങ്ങളു ടെ പരമ്പരാഗത കൃഷിയില്‍ നിന്നും മാറി ഗോതമ്പും നെല്ലും ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞത്. കൃഷി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നിരന്തരമായി വന്ന് ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ജനങ്ങള്‍ താല്‍പര്യം കാണിച്ചില്ല. മുന്‍പ് ബ്രിട്ടീഷ് സര്‍ക്കാര്‍ ബംഗാളിലും ബീഹാറിലും നീലം കൃഷിക്കാരോട് ചെയ്തു കൊടും ചതി അവരുടെ മനസ്സില്‍ അപ്പോഴും തികട്ടിവരുന്നുണ്ടായിരുന്നു. അതിനു മറുപടിയായി സര്‍ക്കാര്‍ പറഞ്ഞത് ഇത് സ്വദേശി സര്‍ക്കാര്‍, ഇന്ത്യന്‍ ജനതയെ ഊട്ടാനാണ് നിങ്ങള്‍ വിള മാറ്റുന്നത്. എല്ലാവര്‍ക്കും എല്ലാ സഹായവും സര്‍ക്കാര്‍ തരും. ഉണ്ടാക്കു ന്ന എല്ലാ ഉല്‍പന്നവും താങ്ങുവില നല്‍കി സര്‍ക്കാര്‍ സംഭരിക്കും, എത വിളവുണ്ടായാലും ഒരു താങ്ങുവില നല്‍കി സര്‍ക്കാര്‍ അരിയും നെല്ലും സംഭരിക്കും. അതുകൊണ്ട് ഒരുവേവലാതിയും വേണ്ട. അരിയാഹാരം കഴിക്കുന്നവരല്ല പഞ്ചാബികള്‍. അവരുടെ മുഖ്യഭക്ഷണം ചോളമാണ്. സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചതുകൊണ്ടു മാത്രമാണ് അവര്‍ അരിയിലേക്ക് തിരിഞ്ഞത്. മറ്റേതെങ്കിലും വിളവിനായിരുന്നു ഇതേപോലെ സര്‍ക്കാര്‍ പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചിരുന്ന തെങ്കില്‍ അവര്‍ അതിലേക്ക് തിരിയുമായിരുന്നു. 1970-71 കാലത്ത് പഞ്ചാബിലാകെ കൃഷിയിടത്തിന്റെ 6.9 ശതമാനം മാത്രമായിരുന്നു നെല്ലുല്പാദിപ്പിച്ചത്. ഇത് 2005-2006 ആ യപ്പോഴേക്ക് 33.8 ശതമാനമായി വര്‍ദ്ധിച്ചു. ഇതിന്റെ ഒരു പരിണിതഫലം പഞ്ചാബിലെ ഭൂഗര്‍ഭ ജലവിതാനത്തിന്റെ അപകടകരമാം വിധമുള്ള താഴ്ചയായിരുന്നു. മഴക്കാലത്ത് മാത്രം വിത്തെറിയാ നുള്ള പ്രത്യേക നിയമം ഇതിനെത്തുടര്‍ന്ന് 2008 ല്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കുകയും തുടര്‍ന്ന് 2009 ല്‍ നിയമമാക്കുകയും ചെയ്തു.

ഇപ്പോള്‍ താങ്ങുവില കൊടുത്തിട്ടും പഞ്ചാബിലെ കര്‍ഷകര്‍ ക്ക് മികച്ച വരുമാനം കിട്ടുന്നില്ല. 1990 കളില്‍ തന്നെ കഥ മാറിയതാണ്. ഭൂഗര്‍ഭ ജലത്തിന്റെ താഴ്ച, ഭൂമിയുടെ ഫലഭൂയിഷ്ഠതയില്‍ വന്ന കുറവ് തുടങ്ങിയവയെല്ലാം ചേര്‍ത്ത് കാര്‍ഷികവൃത്തി ആദായകരമല്ലാതെ മാറുകയായിരുന്നു. 1998 സെപ്റ്റംബര്‍ മാസം 23,24 തിയ്യതികളില്‍ ലുധിയാനയിലെ പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ഗൗരവപൂര്‍ണമായ ഒരു ശില്‍പശാല സംഘടിപ്പിക്കപ്പെട്ടു. അതില്‍ ചര്‍ച്ചക്ക് വന്ന പേപ്പറില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കപ്പെട്ടു.

 1. കര്‍ഷകര്‍ ദുരിതക്കയത്തിലാണ്. നിലവിലെ കാര്‍ഷിക രീതിയും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിക്കൊണ്ട് അവര്‍ക്ക് മുന്നേറാന്‍ ഒരു സാധ്യതയുമില്ല.
 2. 47 ശതമാനം കര്‍ഷകരുടെയും വരുമാനം, കൃഷിയില്‍ നിന്നും കാലിവളര്‍ത്തലില്‍ നിന്നും മൊത്തമായി കിട്ടുന്നത്, സംസ്ഥാനത്തിലെ ഏറ്റവും താഴ്ന്ന അവിദഗ്ധ തൊഴിലാളിക്ക് കിട്ടുന്നതിനേക്കാള്‍ കുറവാണ്.
 3. പഞ്ചാബിലെ ജലവിതാനം വര്‍ഷത്തില്‍ 0.23 സെന്റീമീറ്റര്‍ നിരക്കില്‍ കീഴ്‌പോട്ട് വരുന്നു. ഇങ്ങനെ പോയാല്‍ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പമ്പ്‌സെറ്റുകള്‍ മാറ്റി വില കൂടിയ പുതിയ ഇനം പമ്പ്‌സെറ്റുകള്‍ സ്ഥാപിക്കണം. ഇതിനു കര്‍ഷകന് സാധിക്കില്ല.
 4. ഒരേതരം കൃഷികൊണ്ടും വളപ്രയോഗം കൊണ്ടും മണ്ണിന്റെ ഫലഭൂയിഷ്ഠത നശിച്ചു.
 5. കൊയ്ത്ത് കഴിഞ്ഞുള്ള തീയിടല്‍ കാരണം വലിയ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നു.
 6. കാര്‍ഷിക വിളകളുടെ വൈവിധ്യവല്‍ക്കരണം അടിയന്തിരമായി വേണം.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല കാര്‍ഷിക രംഗമാണ്. ഇതിന്റെ പ്രാധാന്യം കൊണ്ടുതന്നെ സര്‍ക്കാര്‍ നിയന്ത്രണങ്ങളുള്ള ഒരു മേഖലയുമാണിത്. ഭൂമിയുടെ ഉടമസ്ഥാവകാ ശവും ഉപയോഗവും വില്‍പനയും വിലയും പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗവും എല്ലാം നിയമങ്ങളാല്‍ ക്രമീകരിക്കപ്പെട്ടതാണ്.1991 ല്‍ ആരംഭിച്ച ഉദാരവല്‍ക്കരണ നയങ്ങള്‍ കാര്യമായി ശ്രദ്ധ കൊടുക്കാത്ത ഒരുമേഖല കൂടിയാണിത്.1991 ല്‍ വികേന്ദ്രീകരണമാണ് ഒരര്‍ത്ഥത്തില്‍ ആരംഭിച്ചതെങ്കില്‍ ഇപ്പോള്‍ മോഡി സര്‍ക്കാര്‍ ചെയ്യുന്നത് എല്ലാം കേന്ദ്രീകരിക്കുക എന്നുള്ളതാണ്. ഭരണഘടനയുടെ അനുഛേദങ്ങള്‍ക്ക് കോടതികള്‍ക്ക് പുറത്ത് പുതിയ ഭാഷ്യം നല്‍കിക്കൊണ്ടാണ് ഈ കേന്ദ്രീകരണം നടത്തുന്നത്.

കാര്‍ഷിക മേഖല പ്രാഥമികമായും പ്രാദേശിക വൈവിധ്യം ഉള്‍ക്കൊള്ളുന്നതാണ്, അതുകൊണ്ട് തന്നെയാണ് അത്യന്തം വൈവിധ്യപൂര്‍ണ്ണമായ കാലാവസ്ഥയും കൃഷിരീതിയും മണ്ണിന്റെയും വിളയുടെയും രീതിയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായി കാര്‍ഷിക മേഖലയില്‍ വ്യത്യസ്ത സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നതുമാണ്. രാഷ്ട്രീയ-സാമൂഹ്യ-ചിന്താപരമായ വൈവിധ്യവല്‍ക്കരണത്തെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകളുടെ സ്വാഭാവിക തുടര്‍ച്ചയാണ് ഈ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഒരു കേന്ദ്രത്തിലേക്ക് അധികാരം സ്വാംശീകരിക്കുക എന്നത്.

                                                          ( അടുത്തലക്കത്തില്‍ തുടരും)

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…