അനന്തം അജ്ഞാതമവർണ്ണനീയ
മീലോകഗോളം തിരിയുന്ന മാർഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു
അതെ കവി പാടിയതുപോലെ മർത്യൻ ഇനി കാണുവാൻ പോകുന്നത് പല ചിന്തകരും ഇതിനകം വിശേഷിപ്പിച്ചതു പോലെ ഈ ഭൂലോകം കോവിഡിന് മുൻപെന്നും അതിനു ശേഷവുമെന്ന രീതിയിലേക്ക് വേർതിരിക്കപ്പെട്ടു കഴിഞ്ഞതിനു ശേഷമുള്ള കാഴ്ചകൾ തന്നെയായിരിക്കും. ഭാവി ലോകത്തിൻ്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്ന ഈ കാലത്തെ ഈ തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് പ്രശസ്ത ചിന്തകനായ യുവാൻ നോവാ ഹാരാരി ഇതിനെ വിശേഷിപ്പിച്ചത്.
സമാനതകളില്ലാത്ത കാഴ്ചകൾ കൊണ്ടാണ് ഇന്ന് ലോകം നിറഞ്ഞിരിക്കുന്നത്. മുൻ മാതൃകകളില്ലാതെ നടക്കുന്ന ഇവയെക്കുറിച്ചുള്ള പ്രവചനങ്ങൾ പോലും കൊറോണ എന്ന ആർ എൻ എ തിരുത്തി കുറിക്കുകയാണ്.പ്രഭാതം മുതൽ പാതിരാത്രി വരെ ബാർ മേശക്ക് മുകളിലെ മദ്യക്കുപ്പി കണ്ടില്ലെങ്കിൽ ഹാലിളകുന്ന മദ്യപന്മാർ പോലും, വീടകങ്ങളിൽ ഒതുങ്ങി കൂടുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ ലോകെത്ത കൊണ്ടു ചെന്നെത്തിച്ചിരിക്കുകയാണ്. ഇവിടെ കൊറോണക്ക് ശേഷമുള്ള ലോകം മനുഷ്യർക്കിടയിൽ പ്രാഥമികമായും അടിസ്ഥാനപരമായും വരും കാലത്ത് ലോകത്തൊന്നാകെ ഉണ്ടാക്കുന്ന ഒരു ബോധം,
അവനാത്മ സുഖത്തിനായാചരിക്കുന്നവർ
അപരൻ്റെ സുഖത്തിനായി കൂടി പണിയെടുത്തീടണമെന്ന ചിന്തയായിരിക്കും. കൊറോണക്കാലത്ത് താൻ സ്വയം ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടില്ലെന്നും തൻ്റെ തൊട്ടടുത്തുള്ളവരും സമൂഹവുമെല്ലാം ഈ വിപത്തിൽ നിന്ന് രക്ഷപ്പെടണമെന്ന ബോധവും ചിന്തയും എന്തിനധികം പ്രവർത്തി പോലും മനുഷ്യർക്കിടയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു സാമൂഹ്യ ബോധമായിരിക്കും വരും കാലത്ത് കാര്യങ്ങളെ വിലയിരുത്തുന്നതിൽ ഏറെ നിർണായകമായ ഒരു പങ്കു വഹിക്കുക. അതായത് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ ദിനത്തിൽ ലോകത്തോട് പറഞ്ഞതുപോലെ വിശാലമായ സ്നേഹത്തിൻ്റെ കഴിവുകൾ കൊണ്ട് എത്ര ദൂരം സഞ്ചരിക്കുവാൻ പോലും പ്രാപ്തിയുള്ളവരായി മനുഷ്യകുലത്തിലെ ഭൂരിഭാഗവും മാറിയതായിരിക്കും കോവിഡാനന്തര ലോകത്ത് സാമൂഹിക പരമായി ഉണ്ടാകുന്ന ഏറ്റവും വലിയ മാറ്റം.ശാസ്ത്രവും സാങ്കേതിക വിദ്യയും ആഗോള സാമ്പത്തിക ശക്തികളും രാഷ്ട്രീയാധികാരവും മതത്തിൻ്റെ വക്താക്കളുമെല്ലാം പകച്ചു നില്ക്കുന്ന ഈ പരിതസ്ഥിതി ഒരു പക്ഷേ കൊറോണാനന്തര കാലത്ത് ഏറ്റവും കൂടുതൽ തകർത്തു കളഞ്ഞത്. ആഗോള മുതലാളിത്തത്തിൻ്റെ പല ധാരണകളെയും സ്വപ്നങ്ങളെയുമാണ്.
കമ്മ്യൂണിസത്തിന്റെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളുടെയും വീഴ്ചകൾക്കിടയിലൂടെ ആഗോള മുതലാളിത്ത, വാണിജ്യ ശക്തികളും ആഗോളവല്ക്കരണമടക്കമുള്ള നവലിബറൽ പ്രത്യയശാസ്ത്രങ്ങളും തകർന്നടിയുന്ന ഒരു കാഴ്ചയായിരിക്കും വരും കാലം ഏറെ ദർശിക്കുക. പ്രത്യേകിച്ച് പൊതുജനാരോഗ്യം ലോകമെമ്പാടും സ്റ്റേറ്റിൻ്റെ അടിസ്ഥാന ഉത്തരവാദിത്വമെന്നതിലേക്ക് മുതലാളിത്വ കാഴ്ചപ്പാടുള്ള രാജ്യങ്ങൾ പോലും മടങ്ങി പോകുന്ന ഒരു കാഴ്ചക്കായിരിക്കും വരും കാലം സാക്ഷ്യം വഹിക്കുക. ഇതാണ് അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാമുള്ള രാജ്യങ്ങളിലെ കോവ ഡാനു ഭ വം അവർക്കും നമുക്കും നല്കിയത്.
പൊതുജനാരോഗ്യം ഏറെക്കുറെ സ്വകാര്യവല്ക്കരിക്കപ്പെട്ട അമേരിക്കയും യൂറോപ്പിലെ മുതലാളിത്ത രാജ്യങ്ങളിലുമെല്ലാം ഇത് തന്നെയാണ് വൈറസ് വ്യാപനത്തിന് ഏറ്റവും ആക്കം കൂട്ടിയതെന്നവർ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്ന കാലമായിരിക്കും വരും കാലത്ത്. പ്രത്യേകിച്ച് പൊതു ആരോഗ്യ സംവിധാനങ്ങൾ ശക്തമായ ചൈന, ക്യൂബ, തായ് വാൻ, ഇന്ത്യ തുടങ്ങി ഇങ്ങ് കേരളക്കരയെ വരെ വാഷിംഗ്ടൺ പോസ്റ്റ് പോലുള്ള മാധ്യമങ്ങളടക്കം പ്രകീർത്തിച്ചത് നമുക്ക് നല്കുന്ന സൂചനകളിതാണ്.
ഇത് കൂടാതെ സ്റ്റേറ്റിൻ്റെ ചുമതലകളെക്കുറിച്ചുള്ള വീണ്ടു വിചാരത്തിനും ഇത് ഏറെ കളമൊരുക്കും.
സ്റ്റേറ്റിൻ്റെ അടിസ്ഥാന ബാധ്യതകളിലേക്ക്, ക്ഷേമ രാഷ്ട്ര സങ്കൽപ്പത്തിലേക്ക് മുതലാളിത്ത ഭരണകൂടങ്ങൾ അടക്കം മാറി ചിന്തിക്കുന്ന ഒരു കാഴ്ചപ്പാടായിരിക്കും ലോകെമൊന്നാകെ കോവിഡാനന്തര കാലത്ത് പ്രാമുഖ്യം നേടുക. പോൾ മേസനെ പോലുള്ള സാമ്പത്തിക ചിന്തകർ ഇത് ഉയർത്തിക്കാണിച്ചു കഴിഞ്ഞിട്ടുണ്ട്.മറ്റൊന്ന് കൊറോണാനന്തരം കടന്നുവരാവുന്ന ഭക്ഷ്യക്ഷാമമാണ്. ലോകത്തെ പ്രധാന ഗോതമ്പ് കയറ്റുമതി രാജ്യങ്ങളായ’ റഷ്യയും കസാഖിസ്ഥാനും കയറ്റുമതി നിരോധിച്ചു. വിയറ്റ്നാം അരിയുടെ കയറ്റുമതിയും നിരോധിച്ചു. ഇത് വെറ്റ് കോളർ സംസ്കാരത്തോടാ ഭിമുഖ്യം പുലർത്തുന്ന യുവജനതയെയും ഭരണകൂടങ്ങളെയുമെല്ലാം പരമ്പരാഗത കാർഷിക വൃത്തിയെന്ന അടിസ്ഥാനത്തിലേക്ക് വീണ്ടും കൂടുതൽ കൊണ്ടു ചെന്നെത്തിച്ചേക്കും. ഇത് ലോകത്ത് കൊണ്ടുവരുന്ന മാറ്റം വലിയൊരു വിപ്ലവം തന്നെ ഉണ്ടാക്കുന്നതിലേക്കായിരിക്കും വരും ലോകം സാക്ഷ്യം വഹിക്കുക. പ്രത്യേകിച്ച് കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ ഐ ടി എൻഞ്ചിനീയർമാർ പോലും പച്ചക്കറി കൃഷിക്കാരായി മാറിയത് മുൻപ് ഒരപൂർവ കാഴ്ചയായിരുന്നു കോവിഡിന് മുൻപെങ്കിൽ, കോവിഡാനന്തര കാലത്ത് ഇത് സർവസാധാരണമാകുന്നതിലേക്കക്കാണ് കാര്യങ്ങളുടെ പോക്ക്.
മനുഷ്യദ്ധ്യാനത്തെ യന്ത്രങ്ങൾ കൊണ്ട് മറികടക്കുവാൻ സാധിക്കുകയില്ലെന്നുള്ളതാണ് , ഈ കോവിഡ് ലോക്ക്ഡൗൺ സമൂഹത്തിന് നല്കിയ ഏറ്റവും വലിയ സന്ദേശങ്ങളിലൊന്ന്. ഇത് ജോലിയുടെ പോസ്റ്റിനപ്പുറമാണ് അതിൻ്റെ മഹത്വമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ ഏറെ പങ്കുവഹിച്ച സമയമായിരുന്നു. ഇത് കൊണ്ടാണ് വീട്ടിലിരിക്കുന്ന മില്യണ റെക്കാൾ നാം ആശുപത്രി ശുചീകരണ തൊഴിലാളിയെ സല്യൂട്ട് ചെയ്യുന്ന ഒരു പരിതസ്ഥിതിയിലെത്തിയത്. വരും കാലത്തും ഇത് പോലെ അധ്യാനത്തിന് പ്രാമുഖ്യം നല്കുന്ന , ആ സംസ്കാരം ഉയർന്നു വരു. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഭൂമിയിലെ സ്വർഗമെന്ന വിശേഷണമുണ്ടായിരുന്ന യൂറോപ്യൻ നഗരങ്ങളിൽ നിന്നടക്കം തിരിച്ചു വരുന്ന മലയാളികളടക്കമുള്ള പ്രവാസികൾ തിരിച്ചറിയുന്ന ഒരു കാലം ഭാവിയിലെ ലോകക്രമത്തിൽ കേരളത്തെയും മറ്റൊന്നാക്കി മാറ്റുന്ന കാഴ്ചക്കായിരിക്കും നാം സാക്ഷികളാകുക. ഇതിനെല്ലാം അപ്പുറം അടിസ്ഥാനപരമായി മനുഷ്യന് തൻ്റെ നിസ്സാരതയെക്കുറിച്ചുള്ള തിരിച്ചറിവായിരിക്കും കൊറോണാനന്തര ലോകത്തെ എല്ലാ കാര്യങ്ങൾക്കും അടിസ്ഥാന ഹേതുവായി മാറുകയെന്നുള്ളത് തന്നെയാണ് ഏറ്റവും പരമ പ്രധാനമായ കാര്യങ്ങളിലൊന്ന്