ഓരോ മനുഷ്യനും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും, ഓരോ ജീവിതത്തിനും അന്തസ്സും ആനന്ദവും...... ഇത്തരം ഏത് മാററവും സംഘടിതരായി നേടിയെടുക്കുന്ന പ്രക്രിയയെ സംബന്ധിച്ചിടത്തോളം, സമൂഹവുമായുള്ള ബന്ധത്തില്‍ സ്വന്തം കഴിവുകളെക്കുറിച്ച് യാഥാര്‍ത്ഥ്യബോധം ഉള്ളവനായിരിക്കാന്‍ ഓരോ വ്യക്തിയും ചുമതലപ്പെട്ടവനാണ്, ഇന്നത്തേതില്‍നിന്നും ഭിന്നമായ മാററങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സ്വന്തം ജീവിതത്തില്‍ മാത്രമാണ് നമുക്ക് കഴിയുന്നത്. അല്ലാതെ, ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചിന്ത തലയില്‍ നിശ്ചലമായി സൂക്ഷിക്കുന്നതിലൂടെ, യഥാര്‍ത്ഥ ജീവിതത്തില്‍ മാറാതിരിക്കുന്നതിലൂടെ, സമൂഹത്തിലും മാററങ്ങളുണ്ടാക്കാന്‍ നമുക്ക് സാധിക്കുകയില്ല. നമ്മളോട് സഹകരിക്കുകയും സഹവര്‍ത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും ഓരോരോ സംഘങ്ങളും നമ്മുടെ അഭിലാഷത്തിലുള്ള ആ പുതിയ കാലഘട്ടത്തിന്റെ മാതൃകകളായിത്തീരണം. ഇങ്ങനെയുള്ള അനവധി മൗലികതകളുടെ ജൈവവികാസം നമ്മുടെ ഇഛയുടെ സാക്ഷാല്‍ക്കാരത്തിന് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
മനുഷ്യരുടെ ലോകത്തെ അമിതാവകാശികളും അവകാശങ്ങളില്ലാത്തവരുമായി വിഭജിച്ച് കാലഹരണപ്പെട്ട സാമൂഹ്യസംവിധാനങ്ങളെ തകര്‍ക്കുക എന്ന വെല്ലുവിളിയാണ് ഇവിടെ പ്രധാനമായും നേരിടേണ്ടിവരുന്നത്. നാം ഓരോരുത്തനും ഇന്ന് ഒരു കുററം പൊതുവായി പങ്കിട്ടനുഭവിക്കുന്നുണ്ട്; നമ്മുടെ ബോധത്തിലും സാമൂഹ്യഘടനകളിലും ആവശ്യമായ മാററങ്ങള്‍ ഉണ്ടാക്കാവുന്നതെങ്ങനെയെന്ന് കണ്ടെത്തുന്നതില്‍ നമ്മളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ലോകമെമ്പാടുമുള്ള ദുരിതങ്ങളുടെ നിലനില്പിന്നും നമ്മളോരോരുത്തരും കാരണക്കാരനായിരിക്കുന്നു.
നമ്മളെല്ലാം മുടന്തന്മാരാണ്. ചിലര്‍ ശാരീരികമായി, ചിലര്‍ മാനസികമായി, മററു ചിലര്‍ വൈകാരികമായി, അതുകൊണ്ട് പരസ്പരം ഐക്യപ്പെടാതെ വയ്യ. വെറുപ്പും പകയും അവസാനിപ്പിച്ചുകൊണ്ട് നിര്‍മാണാത്മകമായി നാം പ്രവര്‍ത്തനം ആരംഭിക്കേണ്ടിയിരിക്കുന്നു. ഓരോരുത്തരും സ്വന്തം ഹൃദയത്തിന്റെ തുടിനാദം മാത്രം പിന്തുടരുന്നതിലൂടെ, പരിപൂര്‍ണ്ണ സ്വതന്ത്രരായി അവനവന്റെ ഇഛാനുസാരം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിലൂടെ, അനന്ത സാധ്യതകളുള്ള ആ പുതിയ കാലത്തെ നമുക്ക് അനുഭവിക്കാന്‍ കഴിയും. സമൂഹത്തെ സംബന്ധിച്ചിടത്തോളം അര്‍ത്ഥപൂര്‍ണ്ണമാവുകയും വ്യക്തിയുടെ ആത്മീയ വികാസം സാധിക്കുകയും ചെയ്യുന്ന ഈ ജീവല്‍രീതിയാണ് നാം തെരഞ്ഞെടുക്കേണ്ടത്. പക്ഷേ നാം കണ്ടെത്തേണ്ട ഒരു കാര്യമുണ്ട്. ആത്മസാക്ഷാത്കാരത്തിലേക്കുള്ള നമ്മുടെ മുന്നേററം കാലഹരണം സംഭവിച്ച യാന്ത്രികയുഗത്തിന്റെ സാമൂഹ്യഘടനകളാല്‍ യങ്കരമായി തടയപ്പെടുന്നുവെന്ന് ! നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യന്റെ 'മഹാശക്തി'കളുടെ അനന്തരഫലങ്ങള്‍ നമ്മെ ഇന്ന് ബലാല്‍ നിയന്ത്രിക്കുകയും നയിക്കുകയുമാണ് ചെയ്യുന്നത്. സാങ്കേതിക ശാസ്ത്രപ്രകാരം പടച്ചുണ്ടാക്കാന്‍ കഴിയുന്ന എത്ര ഭീകരമായ യുദ്ധായുധ സംവിധാനങ്ങളും നിരുപാധികം സ്വീകരിക്കുവാനും അതിനെ കൂടുതല്‍ വികസിപ്പിക്കുവാനും നിലവിലുള്ള സാമൂഹ്യവ്യവസ്ഥകള്‍ നമ്മെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. ഉല്പാദനച്ചെലവ് കുറയ്ക്കുകയും ഉല്പാദനം കൂട്ടുകയും ചെയ്യാനുപകരിക്കുന്ന എത്ര നീചമായ യന്ത്രവല്‍ക്കരണസംവിധാനങ്ങളേയും മഹത്തായി അംഗീകരിക്കുവാന്‍ ഈ സാമൂഹ്യവ്യവസ്ഥകള്‍ നമ്മെ പ്രേരിപ്പിക്കുന്നു. പരസ്യം വഴിയുള്ള കച്ചവടത്തിന്റെ വഞ്ചനകള്‍ മനസ്സാ സ്വീകരിക്കുവാന്‍ ഈ വ്യവസ്ഥകള്‍ നമ്മോട് ബലമായി ആവശ്യപ്പെടുന്നു.
എന്നാല്‍ ഇത്തരം പ്രഛന്നമായ രീതികളില്‍ ജനങ്ങളെ കീഴടക്കണമെങ്കില്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഇന്ന് ബലാല്‍ നയിക്കുകയല്ല മറിച്ച് വിനീതമായി സേവിക്കയാണെന്നും മററും ... ജനങ്ങളെ ബോദ്ധ്യപ്പെടുത്തണമെങ്കില്‍, വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടേണ്ടതുണ്ട്. ബഹുജനങ്ങളോട് വാസ്തവത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുക എന്ന ശരിയായ രീതി ഇന്ന്, വ്യവസ്ഥയുടെ നിര്‍ബന്ധനടപടികള്‍ തങ്ങള്‍ക്കഭിലഷണീയമായ നടപടികളാണെന്ന് സ്വയം ന്യായീകരിക്കാന്‍ ജനങ്ങളെ സഹായിക്കുന്ന കപടമായ പ്രചരണരീതിക്ക് വഴി മാറിക്കൊടുത്തിരിക്കുന്നു.
കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യപ്രക്രിയകളെക്കുറിച്ചും അതോടൊപ്പമുള്ള നുണപ്രചരണങ്ങളെക്കുറിച്ചും യഥാര്‍ത്ഥ ധാരണയില്ലാത്തതുകൊണ്ടാണ്. പൊതുവേ സ്വകാര്യമോ ആയ തീരുമാനമെടുക്കുന്ന വ്യക്തികളുടെ നിഷളങ്കതയിലും ആത്മാര്‍ത്ഥതയിലും നമ്മള്‍ വിശ്വസിച്ചുപോവുന്നത്. ദേശീയ നേതാവ്, ഭരണകര്‍ത്താവ്, മാനേജര്‍, എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന്‍, തൊഴിലാളിനേതാവ്, പ്രൊഫസര്‍, വിദ്യാര്‍ത്ഥി, രക്ഷകര്‍ത്താവ് എന്നിങ്ങനെ ഏതെങ്കിലും റോള്‍ എടുത്തിട്ടുള്ള ഇത്തരം വ്യക്തികളെ തിരിച്ചറിയുക എളുപ്പമായിരിക്കും. എന്നാല്‍ അതിന്റെ പേരില്‍, വ്യക്തികളെമാത്രം കേന്ദ്രീകരിച്ചുള്ള ആക്രമണമാണ് നാം നടത്താന്‍ പോകുന്നതെങ്കില്‍, അത്തരം വിമര്‍ശനങ്ങള്‍ നമ്മള്‍ നേരിടുന്ന പ്രതിസന്ധിയുടെ യഥാര്‍ത്ഥ സ്വഭാവം മൂടിക്കളയുകയായിരിക്കും ഫലത്തില്‍ ചെയ്യുക. ഒന്നിനൊന്നിന് അഗാധമായി ക്കൊണ്ടിരിക്കുന്ന ആത്മനാശത്തിന് സ്വയം സമ്മതിക്കുവാന്‍ ഓരോ മനുഷ്യനേയും നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിയുടെ പൈശാചിക സ്വഭാവം അത് മറച്ചുകളയുന്നു.
എങ്കിലും, മനുഷ്യനെ ആട്ടിയോടിക്കുന്ന ഈ നീച വ്യവസ്ഥയില്‍നിന്നും നമുക്ക് രക്ഷപ്പെടുവാന്‍ കഴിയും. ഈ യാന്ത്രികയുഗത്തിന്റെ സംവിധാനങ്ങളാലും എല്ലാം തീരുമാനിക്കുന്ന അതിന്റെ നിയമങ്ങളാലും ബലാല്‍ക്കാരമായിനിയന്ത്രിക്കപ്പെടുവാന്‍ അഭിലഷിക്കാത്തവര്‍ മുമ്പോട്ടുള്ള മാര്‍ഗ്ഗം കണ്ടെത്തണം. ഭാവിയുടെ ചുമതല ഏറെറടുക്കാനുള്ള ഈ തയ്യാറാണ് ഒരാളുടെ സ്വാതന്ത്ര്യവും ഇച്ചാശക്തിയും നിര്‍ണ്ണയിക്കുന്നത്.
തീര്‍ച്ചയായും ഭാവി വര്‍ത്തമാനത്തില്‍ തന്നെ കുടികൊള്ളുന്നുണ്ട്, നമ്മള്‍ പല കാലങ്ങളിലാണല്ലോ ജീവിക്കുന്നത,് ഒരാളുടെ ഇന്ന് മറ്റൊരാളുടെ ഇന്നലെയാണ്; വേറൊരാളുടെ നാളെയും. ഭാവി സത്യമായും നിലനില്‍ക്കുന്നുവെന്നും നഷ്ടകാലങ്ങളുടെ പരിഹാരത്തെ സംബന്ധിച്ചിടത്തോളം ഓരോരുത്തര്‍ക്കും അത് ഇഛാപൂര്‍വ്വം ആവിഷ്‌ക്കരിക്കാന്‍ കഴിയുമെന്നും അറിഞ്ഞും അറിയിച്ചും നാം ജീവിക്കേണ്ടിയിരിക്കുന്നു. എല്ലാതരം അമിതാധികാരങ്ങളേയും അധീശത്വങ്ങളേയും നിരാകരിക്കുന്നതിന് പകരം കൂടുതല്‍ 'കാര്യക്ഷമത'യുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും ശാക്തികതുലനത്തിന്റെ മാറ്റങ്ങളിലൂടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള നമ്മുടെ ശ്രമങ്ങള്‍ ഇനി ഉപേക്ഷിക്കേണ്ടിയുമിരിക്കുന്നു.
പക്വതയിലേക്കുള്ള മനുഷ്യന്റെ ഈ പ്രയാണത്തില്‍ ഒപ്പം ചേരുവാനും ഭാവിയുടെ സൃഷ്ടിയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാനും ഞങ്ങള്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. സാഹസികമായ ഒരു മാനവിക സംരംഭമാണിതെന്ന് ഞങ്ങള്‍ കരുതുന്നു. മാനവരാശിയുടെ നവ്യവും സൃഷ്ടിപരവുമായ ശക്തികളുടെ വികാസം അസ്വതന്ത്രവും പീഡനാത്മകവുമായ അധ്വാനംകൊണ്ട് ഈ കാലഘട്ടംവരെ തഴയപ്പെട്ടിരിക്കുകയായിരുന്നു.
ഓരോരുത്തനും സമൂഹവുമായുള്ള ബന്ധം ശരിയായി ആവിഷ്‌ക്കരിക്കുന്നതിലൂടെ, ഓരോരുത്തനും അവനവന്റെ യഥാര്‍ഥ പ്രകൃതിയും ആവശ്യങ്ങളും കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമായി കണ്ടെത്തി സാക്ഷാല്‍ക്കരിക്കുന്നതിലൂടെ, ആ രീതിയില്‍ സര്‍ഗാത്മകമായി സംഘം ചേരുന്നതിലൂടെ, തീര്‍ച്ചയായും ഇന്ന് നിലവിലുള്ള മൂല്യബോധങ്ങളേയും സംവിധാനങ്ങളെയും ശക്തമായി നേരിടുകയാണ്. ഓരോ വ്യക്തിയിലും ഓരോ സാമൂഹിക ബന്ധങ്ങളിലും വികാസോന്മുഖമാകുന്ന മനുഷ്യാന്തസ്സ് അനിവാര്യമായും നിലവിലുള്ള സാമൂഹ്യഘടനകളെവെല്ലുവിളിക്കുകയാണ്.
- May 1, 2021
- അഭിമുഖം, ലേഖനം
ഇവാന്‍ ഇല്ലിച്ച്