സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഫെമിനിസവും മാർക്സിസവും

ജെ.രഘു


1960 കളില്‍ സാമ്രാജ്യത്വ ചൂഷണത്തിന്റെ വൈരുധ്യങ്ങള്‍ പുതിയ സാമൂഹിക വിഭാഗങ്ങളെ പ്രക്ഷോഭകാരികളാക്കിയ ഒരു ചരിത്രസന്ദര്‍ഭത്തിലാണ് ആധുനിക ഫെമിനിസ ( സ്ത്രീ വിമോചനം ) ത്തിന്റെ സിദ്ധാന്തവും പ്രയോഗവും രൂപം കൊള്ളുന്നത്. കറുത്ത വംശജര്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ തൊഴിലാളികള്‍ക്കൊപ്പം ചരിത്ര സ്രഷ്ട ാക്കളാവുകയും സാമ്രാജ്യത്വ രാജ്യങ്ങളിലെ സാമൂഹിക ക്രമത്തിന്റെ പ്രത്യയശാസ്ത്രശിലകളെ പിടിച്ചുലക്കുകയും ചെയ്തു. ആന്തരിക പ്രതിസന്ധിയിലകപ്പെട്ട സാമ്രാജ്യത്വം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് വെട്ടിക്കുറക്കുകയും അമിതാധികാര പ്രവണതകള്‍ പ്രകടിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി മേല്‍ സൂചിപ്പിച്ച ജനവിഭാഗങ്ങള്‍ക്ക് ഭര ണകൂടവുമായുള്ള വൈരുദ്ധ്യം മൂര്‍ഛിച്ചു. മാത്രവുമല്ല, വര്‍ദ്ധിച്ചുവന്ന തൊഴിലില്ലായ്മയും വിലക്കയററവും രാഷ്ട്രീയ അടിച്ചമര്‍ത്തലും ഭരണകൂടവും ജനങ്ങളും തമ്മിലുള്ള വിടവ് വര്‍ദ്ധി പ്പിക്കുകയാണുണ്ടായത്. എന്നാല്‍ സാമ്രാജ്യത്വ പ്രതിസന്ധിയുടെ സവിശേഷതകള്‍ മൂലം, ഈ വൈരുധ്യങ്ങള്‍ ഏറ്റവുമധികം ബാധിച്ചത് സ്ത്രീകള്‍, യുവാക്കള്‍, വൃദ്ധജനങ്ങള്‍ എന്നിവരെയായിരുന്നു. സാമ്രാജ്യത്വ വിരുദ്ധസമരത്തിന്റെതായ ഈ പ്രത്യേകതയാണ് 60 കളെ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ദശകമാക്കി മാറ്റുന്നത്. ഈ കാലയളവില്‍ ഉയര്‍ന്നുവന്ന ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതു മുദ്രപ്രധാനമായും റാഡിക്കല്‍ ഫെമിനിസത്തിന്റേതായിരുന്നു. ലിംഗ വിഭാഗങ്ങളായ സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള സാമൂഹിക വൈരുദ്ധ്യത്തെ സമൂഹത്തിന്റെ നിയാമക ശക്തിയായി കാണുന്ന റാഡിക്കല്‍ ഫെമിനിസ്റ്റ് സിദ്ധാന്തത്തിന്, പക്ഷെ, വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെ കേന്ദ്ര പ്രാധാന്യത്തെ മനസ്സിലാക്കുവാനോ മുതലാളിത്തത്തിന്റെ സാമ്പത്തിക – രാഷ്ട്രീയ ഘടനകളെ അതിന്റെ സമഗ്രതയില്‍ വിലയിരുത്തുവാനോ കഴിഞ്ഞില്ല. മുതലാളിത്ത പുരുഷമേധാവിത്വത്തിന്റെ സ്ഥാപനങ്ങളെയും പ്രത്യയ ശാസ്ത്രത്തെയും ചരിത്ര വിചാരണക്കു വിധേയമാക്കിയ ഈ പ്രസ്ഥാനം, വര്‍ഗ്ഗവിശകലനത്തിലധിഷ്ടിതമായ സാമൂഹിക കാഴചപ്പാടിന്റെ അഭാവത്തില്‍, ക്രമേണ ഒററപ്പെട്ട ചെറുകലാപ സംഘങ്ങളായി മാറുകയാണുണ്ടായത്. സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹികവും ലൈംഗികവുമായ അടിച്ചമര്‍ത്തലില്‍, പുരുഷ മേധാവിത്വം വഹിക്കുന്ന സവിശേഷ പങ്കിനെക്കുറിച്ച് പുതിയ ജ്ഞാനം, ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും, വനത്തെ കാണാതെ വനത്തിലെ വൃക്ഷങ്ങളെമാത്രം കാണന്ന വിഭാഗീയവും ഏകപക്ഷീയവുമായ ഒരു വീക്ഷണമായി റാഡിക്കല്‍ ഫെമിനിസം അപഭ്രംശിച്ചു. അതേസമയം തന്നെ പുരുഷമേധാവിത്വത്തിന്റെ സാമൂഹികവും, സാമ്പത്തികവും, പ്രത്യയ ശാസ്ത്രപരവും, മന:ശാസ്ത്രപരവും ലൈംഗികവുമായ അടിയൊഴുക്കുകളെക്കുറിച്ച് അഗാധ തല സ്പര്‍ശിയായ അന്വേഷണങ്ങള്‍ നടത്താന്‍ റാഡിക്കല്‍ ഫെമിനിസം പ്രചോദനമേകിയിട്ടുണ്ട്. സമസ്ത വൈജ്ഞാനിക രംഗങ്ങളിലെയും പുരുഷ പക്ഷപാത സമീപനങ്ങളെ വെ ല്ലുവിളിക്കുകയും ഒരു പുതിയ വൈഞ്ജാനിക ഗവേഷണോന്മുകത വികസിപ്പിക്കുകയും ചെയ്തു. ശാസ്ത്രം, കലാസാഹിത്യം, ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, തത്വചിന്ത, പുരാവസ്തുപഠനം, നരവംശശാസ്ത്രം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ തത്വചിന്ത, പുരാവസ്തുപഠനം, നരവംശശാസ്ത്രം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ സ്ത്രീവിമോചനത്തിലധിഷ്ടിതമായ ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടു എന്നത് ഈ പ്രസ്ഥാനത്തിന്റെ അമൂല്യമായ സംഭാവനയാണ്. ചരിത്രത്തിലെ പുരുഷമേധാവിത്വ മിഥ്യയെ സൈദ്ധാന്തികമായി തകര്‍ക്കാന്‍ പര്യാപ്തമായ വിലപ്പെട്ട അറിവുകള്‍ സമാഹരിക്കാന്‍ ഫെമിനിസ്റ്റുകളുടെ പുതിയ അന്വേഷണങ്ങള്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ മര്‍ദ്ദിതാവസ്ഥ വിശകലനം ചെയ്യുന്നതിന് ലിംഗ ഭേദവിഭാഗം ( gender ) എന്ന സൈദ്ധാന്തിക സംവര്‍ഗ്ഗം ആവിഷ്‌കരിച്ചതാണ് എടുത്തു പറയാവുന്ന നേട്ടം. മാത്രമല്ല പുരുഷമേധാവിത്വം ( Patriarchy ) എന്ന സവിശേഷ സാമൂഹിക പ്രത്യയശാസ്ത്ര സ്ഥാപനത്തെക്കുറിച്ച് പുതിയ പല ഉള്‍ക്കാഴ്ചകള്‍ നല്കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് . എന്നാല്‍ പുരുഷ മേധാവിത്വത്തെയും മുതലാളിത്തത്തെയും സാകല്യേന ദര്‍ശിക്കാനും ലിംഗഭേദ വിഭാഗ സംവര്‍ഗ്ഗങ്ങളെ വൈരുദ്ധ്യാത്മകമായി ഐക്യപ്പെടുത്തുന്ന ഒരു അപഗ്രഥന സമ്പ്രദായം വികസിപ്പിക്കാനും കഴിഞ്ഞില്ല എന്നതാണ് റാഡിക്കല്‍ ഫെമിനിസത്തിന്റെ ച രിത്ര പരിമിതി. സ്ത്രീ വിമോചനത്തിന്റെയും സാമൂഹിക വിപ്ലവത്തിന്റെയും കടമകള്‍ ഏറെറടുക്കുന്നതില്‍ നിന്നും റാഡിക്കല്‍ ഫെമിനിസ്‌ററുകളെ തടഞ്ഞതും ഈ പരിമിതിയാണ്. മനുഷ്യ രാശിയില്‍ പ്രകൃതിയുടെ വിമോചന സ്വപ്നങ്ങളാല്‍ പ്രചോദിതമായിട്ടും, ചരിത്രപരവും വര്‍ഗ്ഗപരവും ആയ ഒരു വീക്ഷണത്തിന്റെ അഭാവത്തില്‍ റാഡിക്കല്‍ ഫെമിനിസത്തിന് മുതലാളിത്ത വിരുദ്ധമായ വിപ്ലവ സ്വഭാവം നഷ്ടപ്പെടുകയാണുണ്ടായത്.

റാഡിക്കല്‍ ഫെമിനിസത്തിന്റ ഈ വൈരുദ്ധ്യത്തില്‍ നിന്നാണ് സോഷ്യലിസ്‌ററു ഫെമിനിസ്റ്റ് സിദ്ധാന്തം ആവിര്‍ഭവിക്കുന്നത്. റാഡിക്കല്‍ ഫെമിനിസം വികസിപ്പിച്ച സൈദ്ധാന്തിക ധാരണകളെ മാര്‍ക്‌സിസ്‌ററു വര്‍ഗ്ഗ വിശകലനരീതിയുമായി സമന്വയിപ്പിച്ച സോഷ്യലിസ്‌ററു ഫെമിനിസത്തിനും സ്ത്രീ വിമോചനത്തെ സംബന്ധിച്ച് കൂടുതല്‍ സമഗ്രമായൊരു കാഴ്ചപ്പാട് ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു. വര്‍ഗ്ഗം ലിംഗഭേദ വിഭാഗം എന്ന രണ്ടു അടിസ്ഥാന സംവര്‍ഗ്ഗങ്ങളെ കൂട്ടിയിണക്കുകയും മുതലാളിത്തത്തെയും പുരുഷമേധാവിത്വത്തയും ചരിത്രപരമായി പരിശോധിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് ഇവര്‍ വികസിപ്പിച്ചത്. വര്‍ഗ്ഗ രൂപീകരണം നടക്കുന്നതിനുമുമ്പുള്ള ചരിത്രഘട്ടത്തില്‍ നിലനിന്ന ലിംഗാധിഷ്ടിത തൊഴില്‍ വിഭജനത്തെ, ഉല്പാദന ബന്ധങ്ങളും ഉല്പാദന ശക്തികളും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തിലൂടെ പരിശോധിക്കാനും, സ്ത്രീ മര്‍ദ്ദനത്തിന്റെ അടിസ്ഥാന രാഷ്ട്രീയ സാമ്പത്തിക അന്തര്‍ഗതങ്ങളിലേ ക്കു വെളിച്ചം വീശാനും സോഷ്യലിസ്‌ററു ഫെമിനിസ്‌ററു സിദ്ധാന്തത്തിന് കഴിഞ്ഞിട്ടുണ്ട്.

സാമൂഹിക ഘടനകളുടെ ബഹുമുഖവും വൈവിധ്യപൂര്‍ണ്ണവുമായ സവിശേഷതകളെയെല്ലാം വര്‍ഗം എന്ന ഒരൊററ സംവര്‍ഗ്ഗത്തിലേക്കു ചുരുക്കുന്ന നിര്‍ണ്ണയവാദപരമായ സമീപ നത്തിനെതിരെ സമരം ചെയ്തുകൊണ്ടാണ് മാര്‍ക്‌സിസ്റ്റുകളായ സ്ത്രീ വിമോചനപ്രവര്‍ത്തകര്‍, ഈ ദിശയിലുള്ള അന്വേഷണങ്ങള്‍ നടത്തിയത്. സാമൂഹിക പ്രക്രിയകളെ വിശദീക രിക്കാനുള്ള മാര്‍ക്‌സിസത്തിന്റ വിശാല ഭൂമികയെ വികസിപ്പിക്കുക വഴി, സോഷ്യലിസ്റ്റു ഫെമിനിസ്റ്റുകള്‍, യഥാര്‍ത്ഥത്തില്‍ യാന്ത്രിക മാര്‍ക്‌സിസ്റ്റുധാരകള്‍ക്ക്, കനത്ത പ്രഹരമാണ് ഏല്പിച്ചത്. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെ വിജ്ഞാന സമ്പത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ മാര്‍ക്‌സിസ്റ്റു ധാരണകളെ 20-ാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലുണ്ടായ വിജ് ഞാന വിസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍സൃഷ്ടിക്കുകയും മാര്‍ക്‌സിസത്തിന്റെ തന്നെ ചലനാത്മകമായ സ്വയം വിശദീകരണക്ഷമതയെ, ചരിത്രമാററങ്ങളെ ഉള്‍ക്കരുത്തോടെ അഭിമുഖീകരിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്ത സോഷ്യലിസ്‌ററു ഫെമിനിസം മാര്‍ക്‌സിസ്‌ററു ധൈഷണികവികാസത്തില്‍ വമ്പിച്ചൊരുവിച്ഛേദനമാണ് സാധിച്ചത്.

ഉല്പാദനം, പ്രത്യുല്പാദനം, എന്നീ അടിസ്ഥാന ഘടനകളിലെ ലിംഗാധിഷ്ടിത തൊഴില്‍ വിഭജനവും തല്‍ഫലമായുണ്ടാക്കുന്ന സ്ത്രീ മര്‍ദ്ദനവും എങ്ങിനെയാണ് മുതലാളിത്ത ഉല്പാ ദനരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന നിര്‍ണ്ണായക പ്രശ്‌നമാണ് മാര്‍ക്‌സിസ്‌ററുകള്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീ-പുരുഷ ബന്ധങ്ങളെ വൈയക്തികവും പ്രകൃതിദത്തവുമായ ഒന്നായി കാണുന്നതിനുപകരം, സാമൂഹിക ഉല്പാദന ബന്ധങ്ങളുടെ വിശാല ഭൂമികയിലേക്കു സ്വാംശീകരിക്കുകവഴി ഭൗതികോല്പാദനവും പ്രത്യുല്‍പ്പാദനവും പരസ്പര പൂരകങ്ങളായ സാമൂഹിക പ്രക്രിയകളാണെന്ന കണ്ടുപിടുത്തമാണ് സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ ഏററവും വലിയ സൈദ്ധാന്തിക സംഭാവന. മനുഷ്യാസ്തിത്ത്വത്തിനാധാരമായ അധ്വാന പ്രക്രിയയുടെ ആന്തരിക ഗതീയശക്തി ( internal dynamic ) വിശദീകരിക്കുന്നതിന് മാര്‍ക്‌സിസം ആവിഷ്‌കരിച്ച ഉല്പാദനശക്തികള്‍, ഉല്പാദന ബന്ധങ്ങള്‍ എന്ന രണ്ടു സംവര്‍ഗ്ഗങ്ങളുടെ പ്രയോഗത്തിലൂടെയാണ് ഈ സൈദ്ധാന്തിക മുന്നേററം സാധ്യമായത്.

സമൂഹത്തിന്റെ നിലനില്പിനാധാരമായ അദ്ധ്വാന പ്രക്രിയയെ നിയന്ത്രിക്കുന്നതിലൂടെ സ്വത്തുടമാവര്‍ഗ്ഗം ചരിത്രത്തിലുടനീളം തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിയതെങ്ങിനെ എന്ന പ്രശ്‌നത്തിന്റെ അപഗ്രഥനമാണ് മുഖ്യമായും മാര്‍ക്‌സിസം. സമൂഹത്തിന്റെ ഭൗതികാസ്തിത്വത്തെ അടിസ്ഥാനപരമായി നിര്‍ണ്ണയിക്കുന്ന ഉല്പാദന രീതിയുടെ ആന്തരിക വൈരുധ്യങ്ങള്‍ ചരിത്രപരമായി വിശകലനം ചെയ്യാന്‍ ശ്രമിച്ച മാര്‍ക്‌സും ഏംഗല്‍സും, പക്ഷെ, പ്രത്യുല്‍പ്പാദനത്തിന്റെ സവിശേഷ പ്രശ്‌നങ്ങള്‍ അഗാധ പഠനത്തിന് വിധേയമാക്കിയിട്ടില്ല. ഭൗതി കോല്പാദനം എന്ന നിര്‍ണ്ണായക ഘടനയെക്കുറിച്ചുളള അന്വേഷണങ്ങളില്‍, പ്രത്യുല്പാദനം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് സ്വാഭാവികമായ ഒരു ചരിത്രപരിമിതി മാത്രമാണ്. എന്നാല്‍ നിര്‍ണ്ണായക ഘടനയെക്കുറിച്ചുള്ള വിശകലനത്തില്‍ മാര്‍ക്‌സും എംഗല്‍സും വികസിപ്പിച്ച അടിസ്ഥാന സൈദ്ധാന്തിക സംവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു കൊണ്ടുതന്നെ പ്രത്യുല്‍പ്പാദനത്തിന്റെ സവിശേഷ ഗതിയ ശക്തിക്ക്്് വിശദീകരിക്കാവുന്നതാണ്. പക്ഷെ, ഭൗതികോല്പാദന പ്രക്രിയക്കു മാര്‍ക്‌സ് നല്‍കിയ പ്രാധാന്യത്തെ, സാമ്പത്തിക നിര്‍ണ്ണയവാദമായി മനസ്സിലാക്കിയ യാന്ത്രിക മാര്‍ക്‌സിസ്‌ററുകള്‍ക്ക് പുതിയ ദിശകളിലുള്ള മാര്‍ക്‌സിസത്തിന്റെ വികാസ സാധ്യതകള്‍ കുറെക്കാലത്തേക്കെങ്കിലും തടഞ്ഞു വെയ്ക്കാന്‍ കഴിഞ്ഞതു ‘ലോക കമ്യൂണിസ്റ്റ് പ്ര സ്ഥാനത്തിന്റെ തന്നെ ദുരനുഭവമാണ്. ഈ സാമ്പത്തിക നിര്‍ണ്ണയവാദികള്‍ മാര്‍ക്‌സിസത്തിന്റെ വിപ്ലവപരമായ അന്തസത്തക്കുമേല്‍ ഇറക്കിവെച്ച ധൈഷണിക വൈകൃതങ്ങളെ തുടച്ചു നീക്കിയ സോഷ്യലിസം ഫെമിനിസ്റ്റുകള്‍ മാര്‍ക്‌സിസത്തിന്റെ ചലനാത്മകതയുടെ വാഹകരായി തീരുകയാണുണ്ടായത്.

സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്ര വ്യത്യാസങ്ങള്‍ സമൂഹത്തിലെ സ്ത്രീ-പുരുഷ ഭേദത്തിനും പുരുഷമേധാവിത്വത്തിന്നും ഒരര്‍ത്ഥത്തിലും കാരണമാകുന്നില്ല എന്നത് ആധുനിക നരവംശ ശാസ്ത്ര പഠനങ്ങള്‍ അത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചിട്ടുണ്ട്. സമൂഹ വികാസത്തിന്റെ ആദ്യഘട്ടങ്ങളില്‍ നില നിന്ന പരിപൂര്‍ണ്ണമായ ലിംഗ സമത്വ സമൂഹങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകള്‍ പുരുഷമേധാവിത്വത്തെ സംബന്ധിച്ച ജീവശാസ്ത്ര നിര്‍ണ്ണയ വാദമിഥ്യകളെയെല്ലാം ഇന്ന് അപ്രസക്തമാക്കിയിരിക്കുന്നു. സ്വകാര്യസ്വത്തിന്റെ ചരിത്രപരമായ ആവിര്‍ഭാവത്തെയും വര്‍ഗ്ഗ- ഭരണകൂട രൂപീകരണത്തെയും കുറിച്ച് മാര്‍ക്‌സിസം നല്‍കുന്ന ഉള്‍ക്കാഴ്ചകളെ ആധുനിക വൈജ്ഞാനിക വിപ്ലവത്തോടും സ്ത്രീകളുടെ പോരാട്ടത്തോടും സമന്വയിപ്പിച്ചുകൊണ്ടാണ് ഇന്ന് മാര്‍ക്‌സിസ്റ്റുകള്‍ പുരുഷമേധാവിത്വത്തിന്റെ ചരിത്രപരമായ ഉല്പത്തിയെക്കുറിച്ച് പുതിയ അറിവ് ഉല്പദിപ്പിച്ചിട്ടുള്ളത്.

  

.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…