സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അശാന്തിയുടെ നാടക പർവ്വങ്ങൾ

സുരേഷ് കുമാർ ഡി കെ

നാടകത്തിന്റെ നിരൂപകർക്ക് പൊതുവേ അതിന്റെ രംഗഭാഷയേക്കാൾ സാഹിത്യത്തോട് ഒരു ചായ്‌വ് ഉണ്ട് എന്ന് പറയാറുണ്ട്.സാഹിത്യം കൂടാതെ സന്ദേശവും പ്രഥമഗണനീയമാകുന്ന (പൗരാണിക സങ്കല്പനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ വാചികാംശത്തിന് പ്രാധാന്യമുള്ള ) പരിസരങ്ങൾ ആണ് നമ്മുടെ നാടകലോകത്ത് പൊതുവേ.

ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ എ.ശാന്തകുമാറിന്റെ നാടകങ്ങൾ ഈ പറഞ്ഞ രീതിയിൽ ഒക്കെ സമ്പന്നമായിരുന്നതുകൊണ്ടാവാം നാലു വർഷം മുമ്പ് ഇറങ്ങിയ അദ്ദേഹത്തിന്റെ ‘വീടുകൾക്ക് എന്ത് പേരിടും?’ എന്ന ചെറു നാടകങ്ങളുടെ സമാഹാരത്തിന് (പ്രസാധനം: മഞ്ചാടിക്കുരു – റെഡ് യങ്സ്, വെള്ളിമാടുകുന്ന് ) അവതാരിക എഴുതിയ ജോയ് മാത്യു ശാന്തകുമാറിനെ വിലയിരുത്തുമ്പോൾ ‘മനുഷ്യത്വം മനുഷ്യ ജീവിതത്തെ അതിന്റെ മുഴുവൻ വർണ്ണ വിസ്മയങ്ങളോടെയും കാണാൻ ശ്രമിക്കുന്ന, എന്നാൽ രാഷ്ട്രീയമായി സ്വന്തം നിലപാടുകൾ ഉള്ള’ ഒരു നാടകകൃത്തായി കാണുന്നത്.രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാണെന്നും ബോധപൂർവ്വമല്ലാതെ അതു തന്റെ ജീവിതത്തിലേക്ക് കിനിഞ്ഞിറങ്ങുന്നുവെന്നും ശാന്തകുമാർ തന്നെ പറഞ്ഞിട്ടുമുണ്ട്.


കേണിച്ചിറ മത്തായി വധക്കേസിൽ നക്സലേറ്റായ ജ്യേഷ്ഠന് പങ്കുണ്ടോയെന്നറിയാൻ വേഷം മാറി വീട്ടിലെത്തിയ ചേവായൂർ സ്റ്റേഷനിലെ രണ്ട് പോലീസുകാരായിരുന്നു തന്റെ നാടകത്തിന്റെ ആദ്യ പ്രേക്ഷകർ എന്ന് എഴുതിയിട്ടുള്ള ശാന്തകുമാർ നാടകച്ചൂടിലേക്ക് നിത്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മയുടെ മൂർധാവിൽ തലോടുന്ന പതിവ് അമ്മ മരിച്ച ദിവസം മറന്നുപോയെന്ന് പറഞ്ഞു കൊണ്ട് ആ മറവിക്ക് പ്രായശ്ചിത്തമായി തന്റെ ‘ഒരു ദേശം നുണ പറയുന്നു’ എന്ന പുസ്തകം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്ന് എഴുതുമ്പോൾ ആഴമുള്ള സ്നേഹബന്ധങ്ങളുടെ കെട്ടുറപ്പ് തന്റെ സൃഷ്ടികൾക്കുണ്ടെന്ന് അറിയാതെ നമ്മെ ബോധ്യപ്പെടുത്തുന്നു.
കോരപ്പൻ : കാന്തേ …
കാന്ത : ഉം …
കോരപ്പൻ : യ്യ് ഒറ്റയ്ക്കല്ലേ …
കാന്ത : ഉം …
കോരപ്പൻ : ഞാനും ഒറ്റയ്ക്കാ …
എന്ന് ഓരോ കുറി നാടകത്തിൽ ആർദ്രമായി ആവർത്തിക്കുമ്പോഴും അതുകൊണ്ടാകാം അനുവാചകർ അല്ലെങ്കിൽ പ്രേക്ഷകർ അസ്വസ്ഥമാകുന്നത്.

വിദ്യാലയങ്ങളുടെ മത്സര അരങ്ങുകൾ ലക്ഷ്യംവെച്ച്, രോഗശയ്യയിലായിരുന്നപ്പോൾ എഴുതപ്പെട്ടതെന്ന് കാണുമ്പോൾ തന്നെ മിത്തുകളെ പൊളിച്ചെഴുതുന്ന പ്രണയകഥകളിയായും, സ്നേഹബന്ധങ്ങളുടെ കടലാഴം ഉള്ള, പേരിടാൻ പോലുമാവാത്ത വീടുകളെ സെമിത്തേരിയുടെ ഓരത്ത് ചേർത്ത് വച്ച് , വേദനകൾക്കിടയിൽ നിന്നുള്ള വാക്കുകളായും നാടകത്തിന്റെ മിടിപ്പുകൾ തിരിച്ചറിയാൻ നമുക്ക് അവസരം തരുന്നുണ്ട് ആ ചെറുനാടകങ്ങൾ.

മനുഷ്യനു വേണ്ടത് കേവലം ആറടിമണ്ണ് മാത്രം എന്ന് കണ്ട മുൻഗാമിയെ (ലിയോ ടോൾസ്റ്റോയിയെ) തിരുത്തിയ ആന്റൺ ചെക്കോവിന്റെ ഒരു മറുപടി ഉണ്ടല്ലോ; ആറടിമണ്ണ് വേണ്ടത് ശവങ്ങൾക്കാണ് എന്നത് . മരിച്ചു ചെന്നിട്ടും നടക്കേണ്ട മുടിനാരിഴപ്പാലത്തിലൂടെ അല്ലേ ജീവിതത്തിൽ ഇത്രയും കാലം നടന്നതെന്ന ചോദ്യത്തിൽ ഭൂമി ഇതാണ്, ഇപ്പോൾ ഇങ്ങനെയാണ് എന്ന് ശാന്തകുമാർ രാഗിണി എന്ന കഥാപാത്രത്തിന്റെ വാക്കുകളിലൂടെ തിരുത്തിയെഴുതുന്നത് തന്റെ തന്നെ മുൻഗാമിയുടെ സർഗ്ഗ ധന്യമായ ഒരു രചനാ ലോകത്തെയാണ്.

1986 ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് നേടിയ
കെ ടി മുഹമ്മദ് എന്ന നാടകരംഗത്തെ അതികായനെ വിസ്മരിച്ചുകൊണ്ട് അതേ പുരസ്കാരം 1999 ൽ നേടിയ ‘പെരുങ്കൊല്ലൻ’ ആവാൻ തനിക്ക് കഴിയുമായിരുന്നില്ല എന്ന് രണ്ടു ദശാബ്ദങ്ങൾക്കിപ്പുറത്തും ശാന്തകുമാർ നാടകപ്രേമികളോട്ഒരുപക്ഷേ പറയാതെ പറയുകയായിരുന്നു. കെ. ടി യുടെ ‘കറവറ്റ പശു’ വിലെ പുരുഷു മല്ലിടുന്നത് ക്ഷയരോഗവുമായാണ് . കെ.ടിയും കുറച്ചുനാൾ ക്ഷയരോഗ ബാധിതനായിരുന്നു. മതാതീതമായ മനുഷ്യബന്ധങ്ങളുടെ ചിന്താലോകം പ്രേക്ഷകരുടെ മുന്നിൽ ചുരുളഴിഞ്ഞത് കെ.ടിയുടെ സൃഷ്ടികളിലൂടെ ആയിരുന്നു. മലയാളം മതത്തെ വിചാരണ ചെയ്തത് ഒരവസരത്തിൽ മുഖ്യമായും കെ. ടി യുടെ നാടകങ്ങളിലൂടെ ആണെന്ന് പറയാം.പെരുമ്പറയും (പി.എം. താജ് ) സ്പാർട്ടക്കസും (സിവിക് ചന്ദ്രൻ) അരങ്ങേറിയ ഇടങ്ങളിൽ അതിനു മുമ്പേയും പിന്നീടും ദൃശ്യകലാവിസ്മയങ്ങൾ തീർത്തവരിൽ പ്രഥമസ്ഥാനീയൻ കെ.ടി.മുഹമ്മദ് തന്നെയായിരിക്കണം.താജിന്റെ നാടകക്കളരി അമ്മാവനായ കെ.ടിയുടേതാണെന്ന് പറയേണ്ടതില്ലല്ലോ. അദ്ദേഹം കണ്ടുവളർന്ന നാടകലോകമാണത്.

1866 ൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ‘ആൾമാറാട്ടം ഒരു കേളി സല്ലാപം’ എന്ന പ്രഹസന(farce)ത്തിലൂടെ തുടങ്ങിയത് എന്ന് കരുതപ്പെടുന്ന കേരളത്തിലെ നാടകരംഗം നൂറുവർഷം ആഘോഷിച്ചത് പക്ഷേ 1882 ലെ കേരള വർമ്മ വലിയ കോയിത്തമ്പുരാന്റെ ‘കേരളീയ ശാകുന്തള’ത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നല്ലോ.

ഭവഭൂതിയുടെ ‘ഉത്തരരാമചരിത’ത്തിന്റേയും ഭാസന്റെ ‘ചാരുദത്ത’ത്തിന്റേയും ‘സ്വപ്നവാസവദത്ത’ത്തിന്റേയും എല്ലാം വിവർത്തനങ്ങളിലൂടെ പ്രാരംഭ സമൃദ്ധി കൈവരിച്ച മലയാള നാടക പ്രസ്ഥാനം തുടർന്നിങ്ങോട്ട് കുമാരനാശാന്റെ ‘കരുണ’ ബ്രഹ്മവൃതൻ നാടകമാക്കിയ കാലം പിന്നിടുമ്പോഴും(1930) നിരന്തരം അരങ്ങുകളിൽ നിലനിന്നു പോന്നത് പുരാണകഥകളുടെ ആവർത്തനവിരസമായ ദൃശ്യാവിഷ്കാരങ്ങളിലൂടെയായിരുന്നു. ഉത്സവപ്പറമ്പുകളിൽ അനിവാര്യമായ ഒരു ‘കേളീ സല്ലാപം’ എന്ന നിലയിൽ പഴയ ഫ്യൂഡൽ കെട്ടുപാടുകളെ അയവിറക്കിക്കൊണ്ട് അവ ഇന്നും തുടർന്നു പോരുന്നു.
മാതാഘോഷങ്ങളുടെ പൂരപ്പറമ്പുകളിൽ ഇന്നും അവയുടെ തുടരൊലികൾ തന്നെ.

എന്നാൽ സമാന്തരമായി ഉയർന്നുവന്ന നാടകത്തിന്റെ നവീകരണ വഴികളിലൂടെയാണ് വി.ടി ഭട്ടതിരിപ്പാടും കേശവദേവും കെ ദാമോദരനും തോപ്പിൽ ഭാസിയും എല്ലാം വന്നത്.
മലയാളത്തിൽ ഹെന്റിക് ഇബ്സന്റെ പ്രേതങ്ങൾ വാണ കാലം കൂടിയായിരുന്നൂ അത്.Doll’s House ലെ ബൊമ്മയായി മാറുന്ന നോറ പുറത്തിറങ്ങി വാതിൽ വലിച്ചടച്ചത് 1879 ലാണെങ്കിലും നമ്മുടെ നോറമാർ പുറത്തിറങ്ങാൻ പതിറ്റാണ്ടുകൾ പിന്നേയും വേണ്ടി വന്നു.
കെ ടി മുഹമ്മദ് കോഴിക്കോട്ടുകാരനായ ശാന്തകുമാറിന്റെ മുൻഗാമിയാകുന്നത് ഇതേ വഴിയിൽ തന്നെ.

ശാന്തകുമാറിന്റെ ‘പ്രണയകഥകളി’യിൽ കാന്തയെന്ന സ്ത്രീയുടെ വിഭ്രാന്തിയിലൂടെ ഗാന്ധാരിയും ദ്രൗപദിയും സീതയും ഊർമ്മിളയും മണ്ഡോദരിയും പുരുഷാധിപത്യത്തിന്റെ നെറികെട്ട ചിന്താലോകത്തെ തുറന്നുകാട്ടുന്നത് ധൃതരാഷ്ട്രരേയും പാണ്ഡവരെയും രാമലക്ഷ്മണന്മാരെയും രാവണനെയും പഴിച്ചു കൊണ്ടാണ്. പാണ്ഡവരേയും കൗരവരേയും നാടകകൃത്ത് ഇപ്രകാരം ഒരു നുകത്തിൽ വെച്ച് കെട്ടുന്നു.

വരിയുടയ്ക്കപ്പെട്ടവനെങ്കിലും കോരപ്പനെ കാന്ത ചെറ്റപ്പുരയിലേക്ക് കയറിവരാൻ വിളിക്കുന്നത് ‘പെണ്ണ് പെണ്ണിന് കൂട്ടാവുന്ന കാലമാണിത്’ എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ്. തന്റെ ആണത്തത്തിൽ അഭിമാനിച്ചിരുന്ന കോരപ്പന്റെ ശബ്ദം പെണ്ണിന്റേതായി മാറിയെന്ന് നാടകത്തിൽ പറയുന്നുമുണ്ട്. വയറു വിശന്നപ്പോൾ കർത്താവിന്റെ മണവാട്ടിയായെന്നും മനസ്സ് വിശന്നപ്പോൾ അഹമ്മദ് കുട്ടിയുടെ പെണ്ണായെന്നും പറയുന്ന അമ്മിണിയും (ഒരു ദേശം നുണ പറയുന്നു) ശാന്തകുമാറിന്റെ പാത്രസൃഷ്ടിയുടെ ഉജ്വല ദൃഷ്ടാന്തങ്ങൾ തന്നെ. ഓരോ ദേശത്തിന്റെ അബോധത്തിലും അതിരുകളില്ലാത്ത പ്രണയമാണെന്നും പ്രണയം വിശ്വാസത്തിന്റെ മതിൽക്കെട്ടിനുള്ളിലേക്ക് വെട്ടിച്ചുരുക്കപ്പെടുന്നുവെന്നും നേരിട്ട് പറയുന്ന കഥാപാത്രങ്ങൾ . ” ഇവിടെ സംസാരിച്ചില്ലെങ്കിൽ പ്രശ്നം കൂടുകയേ ഉള്ളൂ സാർ” എന്ന നാടകകൃത്തിന്റെ യുക്തി ശാന്തകുമാറിന്റെ നാടകങ്ങളുടെ വാചികമായ ഭദ്രതയ്ക്കും ചേരുന്നതാണെന്ന് കാണാം.

കോഴിക്കോടിന് നാടകത്തിന്റെ ചരിത്രം ഏറെ പറയാനുണ്ട്. കെ ടി മുഹമ്മദിന്റേയും എ.ശാന്തകുമാറിന്റേയും പേരുകൾ ചേർത്തു വയ്ക്കുമ്പോൾ ഇടയിൽ മറ്റു നാടകകൃത്തുക്കളുടെ
ഒരു നിരതന്നെ പരാമർശിക്കപ്പെടാതെ പോവുന്നുവെന്നത് നേര്.

കോഴിക്കോടിന്റെ നാടകഭ്രമം ഏതാനും വർഷം മുമ്പ്മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ദീപൻ ശിവരാമൻ സംവിധാനം നിർവഹിച്ച ‘ഖസാക്കിന്റെ ഇതിഹാസം’ പ്രദർശിപ്പിച്ച ദിനങ്ങൾ വ്യക്തമാക്കിയതാണ്. പ്രദർശനം തിരക്കുകാരണം നീട്ടേണ്ടി വന്നു. അതേ സംവിധായകന്റെ ഇംഗ്ലീഷ് നാടകമായ ‘ദ കാബിനറ്റ് ഓവ് ഡോക്ടർ കാലിഗറി’ തൃശ്ശൂരിൽ അരങ്ങേറിയപ്പോഴും
പ്രേക്ഷകരുടെ ഇടയിൽ കോഴിക്കോട് നിന്ന് എത്തിച്ചേർന്നവർ നിറഞ്ഞു നിന്നു .

Scenography, dramaturgy തുടങ്ങിയ പദങ്ങൾ ദീപൻ ശിവരാമനേപ്പോലുള്ള നാടക പഠിതാക്കുളുടെ അഥവാ നാടകാദ്ധ്യാപകരുടെ ദൃശ്യകലാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്
നാം കേൾക്കുന്നു. എന്നാൽ ‘ഞാൻ ഒരു dramaturg ആണ്’ എന്ന് അഭിമാന പുരസരം തന്റെ തൊഴിലിനെക്കുറിച്ചു ഒരു യുവാവോ യുവതിയോ പറയുന്ന ഒരു ലോകം ഇന്നും നമുക്ക് ഇവിടെ അന്യമാണ്. നാടക ലോകത്തുപോലും അവ പ്രൊഫഷനുകളായി ഇവിടെ അറിയപ്പെടാൻ തുടങ്ങിയിട്ടില്ല.

പ്രസ്തുത പ്രവൃത്തികളെ നാടകവുമായി ചേർത്തുവായിക്കാൻ ഇന്നും അമച്വർ – പ്രൊഫഷണൽ നാടക വേദികൾ അറച്ചുനിൽക്കുന്നു. സന്ദേശം അഥവാ ആശയപ്രചരണം എന്ന പരിസരത്ത് നാടകത്തെ തളച്ചിടുന്ന രാഷ്ട്രീയ ചുറ്റുപാടുകൾ ‘പാട്ടബാക്കി’യുടെ മറ്റൊലി നേർത്ത അന്തരീക്ഷവുമായി ഇവിടെ നിലനിൽക്കുന്നില്ലേ ?നാടകം മികച്ച ദൃശ്യാനുഭവമാകാൻ നിരന്തരം വിമർശനങ്ങളിലൂടെയും നിർദ്ദേശങ്ങളിലൂടെയും ഇടപെടുന്ന ഒരു dramaturg ഉം
ദൃശ്യങ്ങളെ മിഴിവുറ്റതാക്കാൻ അവയുടെ മാതൃകകളെ രൂപപ്പെടുത്തുന്ന ഒരു scenographer ഉം സ്കൂൾ ഓഫ് ഡ്രാമയോ മികച്ച നിലവാരമുള്ള തിയേറ്റർ കമ്പനികളോ നിയന്ത്രിക്കുന്നയിടങ്ങളിലൊഴികെ നമ്മുടെ നാടക സംസ്കാരത്തിന്റെ സജീവ ഭാഗമായിട്ടില്ല എന്നത് നാടകത്തെ നിരന്തരം പുതുക്കുന്ന അനുഭവമേഖലയാക്കുന്നില്ല എന്ന് കാണാം. ഒരു നാടകം അരങ്ങേറിയാൽ പിന്നെ മറ്റൊരു സംവിധായകനുണ്ടാകും വരെ അതിന്റെ എല്ലാ അരങ്ങുകളിലും ആ നാടകം തനിയാവർത്തനമാകുന്നത് ഇത്തരം പങ്കാളിത്തങ്ങളുടെ അഭാവം കാരണമാണ്.

അരങ്ങിന്റെ സ്ഥലം, സാങ്കേതികം തുടങ്ങിയ പരിമിതികളെ ലംഘിക്കാൻ തെരുവു നാടകങ്ങളുടെ പോലും പരിചയ ലോകം താണ്ടിയിട്ടും സ്കൂൾ-കോളേജ് നാടക സംരംഭങ്ങൾ ഇപ്പോഴും സാമ്പ്രദായികമായി പടുത്തുയർത്തിയ തിരശീലകളുള്ള വേദി വിടാൻ മടിച്ചു നിൽക്കുന്നതായാണ് കാണുന്നത്.

സ്കൂളുകൾക്കും കോളേജുകൾക്കുമുള്ള മത്സര നാടകങ്ങളായി ‘വീടുകൾക്ക് എന്ത് പേരിടാം?’ എന്ന സമാഹാരം ശാന്തകുമാറിന്റേതായി ഇറങ്ങുമ്പോൾ തന്നെ നാടക രൂപമേ തിരസ്കരിക്കുന്ന യുവജനോത്സവങ്ങൾ ഈയിടെ ധാരാളം വിദ്യാലയങ്ങളിൽ ഉണ്ടെന്നതും യാഥാർഥ്യം. അതിനു പുറമേയാണ് കോവിഡ് പകർച്ചവ്യാധിയുടെ ചുറ്റുപാടുകൾ നാടക ലോകത്തിനു നൽകിയ കനത്ത പ്രഹരം .

ഇതിനിടയിലും ദീപൻ ശിവരാമൻ സിനോഗ്രാഫർ ആയി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർ ആയിരുന്ന അനുരാധ കപൂറിന്റെ സംവിധാനത്തിൽ Daughters എന്ന ഒരു സംഗീതനാടകം ഇന്ത്യൻ- ഓസ്ട്രേലിയൻ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ ജനുവരി 2020 ൽ ഡൽഹിയിൽ അരങ്ങേറുകയുണ്ടായി. സ്ത്രീകൾക്കെതിരായ അതിക്രമത്തെ
ആശയാടിസ്ഥാനമാക്കിയ പ്രസ്തുത ഓപ്പറയുടെ നിർമ്മാതാവ് റ്റാമി ബ്രന്നൻ എന്ന ഓസ്ട്രേലിയൻ ലിബ്രട്ടിസ്റ്റാണ്.

Daughters സ്ത്രീകൾ കഥാപാത്രമായ ഒരു സൃഷ്ടിയാണ് എന്നത് ശ്രദ്ധേയമാണ്. ആറോളം വർഷങ്ങളായുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായ ഒരു സംഗീത നാടകം. നൂതനമായ ഒട്ടനവധി സങ്കേതങ്ങളെ സന്നിവേശിപ്പിച്ചിരിക്കുന്ന സൃഷ്ടിയാണ് Daughters എന്ന് ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്. കോവിഡാനന്തര കാലഘട്ടത്തിലെ നാടക രൂപത്തെക്കുറിച്ച് അത് പ്രത്യാശ നൽകുന്നു എന്ന് പറയാം.

തന്റെ കഥാപാത്രങ്ങളേയും അവരുടെ മാനസപുത്രിമാരേയും ഒക്കെ സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരായ പ്രതിശബ്ദങ്ങളാക്കിയ ശാന്തകുമാർ പക്ഷേ നമ്മെ വിട്ടു പോയിരിക്കുന്നു.

നിലമ്പൂർ ബാലൻ പുരസ്കാരം, ബാലൻ കെ നായർ പുരസ്കാരം, തോപ്പിൽ ഭാസി അവാർഡ്, അറ്റ്ലസ് കൈരളി അവാർഡ്, പി എം താജ് അവാർഡ്, അബുദാബി ശക്തി അവാർഡ്, പവനൻ ഫൗണ്ടേഷൻ നാടകപുരസ്കാരം, പി.ജെ ആന്റണി നാടക അവാർഡ്, ബാങ്ക്മെൻസ് ക്ലബ് സംസ്ഥാന നാടക അവാർഡ് തുടങ്ങിയവയ്ക്കു പുറമേ രണ്ട് തവണ കേരള സാഹിത്യ അക്കാദമി അവാർഡും കരസ്ഥമാക്കിയ നാടക പ്രതിഭയായിരുന്നൂ എ. ശാന്തകുമാർ . അദ്ദേഹത്തിന്റെ നാടകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഒക്സ്ഫഡ് യൂനിവേഴ്സിറ്റിയും ഇന്ത്യൻ ലിറ്ററേച്ചറും പ്രസിദ്ധീകരിക്കുകയായി.

“ഞാൻ ഭൂമിയിലെ ഓട്ടം നിർത്തിയിട്ടില്ല. യുദ്ധം അവസാനിച്ചിട്ടും ഇല്ല . അതുകൊണ്ട് ദൈവമേ … നിന്റെ പറുദീസയിലേക്ക് എന്നെ വിളിക്കരുത് ” എന്ന് ‘വീടുകൾക്ക് എന്തു പേരിടും?’ എന്ന കൃതിയുടെ അവസാന പുറത്തിൽ അദ്ദേഹം എഴുതിയിരുന്നു. എഴുതപ്പെട്ടാൽ എന്നെങ്കിലും നാടകം കളിക്കപ്പെടും എന്ന് ‘ഒരു ദേശം നുണ പറയുന്നു’ എന്ന നാടകത്തിന്റെ അന്ത്യത്തിൽ മറ്റൊരർത്ഥത്തിലെങ്കിലും പ്രേക്ഷകർ കേട്ടിട്ടുള്ളതാണ്.

മലയാള നാടകങ്ങളുടെ നാട്ടിൽ അശാന്തമായ മനസുമായി കാന്തയും കോരപ്പനും ഖദീജയും ആർത്തു വരുന്ന ട്രെയിനിനു മുന്നിലേക്ക് നടന്ന ‘അവളും’ പല അഭിനേതാക്കളിലൂടെ ഇനിയും വേദികൾ കയറിയിറങ്ങുക തന്നെ ചെയ്യും – അവരുടെ വേദനകൾ നിറഞ്ഞ വീടുകൾക്ക് എന്ത് പേരിടണം എന്ന് നമുക്ക് അറിയാത്തിടത്തോളം, അവരുടെ വിശുദ്ധ പ്രണയങ്ങളുടെ നദികൾക്കെന്ത് പേരിടും എന്ന് പ്രേക്ഷകർക്ക് അറിയാത്തിടത്തോളം .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…