വേദനകളും ഓര്‍മ്മകളും ആഹ്ലാദങ്ങളുമായി എത്തുന്ന സിനിമകള്‍ കാലത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഏത് കാലത്തേയും ഏത് സംസ്‌കാരത്തെയും, ഏത് പ്രദേശത്തേയും പെണ്‍ ജീവിതങ്ങള്‍ തെല്ലൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. കാലാകാലങ്ങളായി സ്ത്രീകള്‍ നേരിടുന്ന സംഘര്‍ഷഭരിതമായ ജീവിതങ്ങള്‍ വായനയിലൂടെ എന്ന പോലെ തന്നെ ബിഗ് സീക്രീനില്‍ ദൃശ്യാവിഷ്‌ക്കാരമായി എത്തുമ്പോള്‍ അതിനകത്ത് നമ്മില്‍ ഓരോരുത്തരിലുമുളള പെണ്‍ ജീവിതങ്ങള്‍ വരച്ച് ചേര്‍ത്തിരിക്കുന്നതായി കാണാം. കണ്ണീരില്‍ കുതിര്‍ന്ന് നില്‍ക്കുന്ന മുഖങ്ങള്‍, കണ്ണീര്‍ തുടയ്ക്കുന്ന കൈകള്‍, തുണി ഉരിയപ്പെട്ട ഉടലുകള്‍, കത്തിച്ചാമ്പലായ മനസ്സുകള്‍ എന്നിങ്ങനെ എല്ലാറ്റിനേയും മറികടന്ന് കരുത്തിന്റെ ഗിരിശ്യംഗങ്ങള്‍ താണ്ടി നില്‍ക്കുന്ന പെണ്‍ ബിംബങ്ങള്‍ ജീവിതത്തിന്റെ നിമ്‌നോന്നതകളിലൂടെ.. ഇങ്ങനെയൊക്കെ പുഴകള്‍ താണ്ടിയെത്തുന്ന ഒരു വന്‍ സാഗരമാണ് സ്ത്രീ എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഓരോ ലോക സിനി മകളുടെയും പെണ്‍കഥാപാത്രങ്ങള്‍. ഇത്തരം സിനിമകള്‍ പെണ്ണനുഭവത്തിന്റെ വേറിട്ട കാഴ്ചകള്‍ സമ്മാനിക്കുമ്പോള്‍ കാണികള്‍ ഒന്നടങ്കം വിസ്മയിച്ചു പോകുന്നു. അതിജീവനത്തിന്റെ വഴികളിലൂടെ ആരൊക്കെയോ ചേര്‍ന്ന് കെട്ടിയുയര്‍ത്തിയ കരിങ്കല്‍ കവാടങ്ങള്‍ തച്ചുടച്ച് ആത്മാവിഷ്‌കാരത്തിനുള്ള മേച്ചില്‍ പുറങ്ങള്‍ കാട്ടിതരുന്ന പെണ്‍ കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷകന് ജീവിതഗന്ധിയായ അനുഭവങ്ങള്‍ സമ്മാനിക്കുന്നു.
സിനിമാ മേഖലയില്‍ പുരുഷനുളള അതേ സ്വാതന്ത്യത്തോടെ തന്നെ തങ്ങളുടെ പ്രവര്‍ത്തനക്ഷമത കാഴ്ചവെച്ച സ്ത്രീരത്‌നങ്ങളും വിരളമല്ല. പെണ്ണ് പെണ്ണിനെ തന്നെ തിരിച്ചറിയുകയും ആണധികാരത്തിന്റെ ഇന്നലെകളെ തുടച്ച് മാറ്റി സമാനമായ അതിലുപരി പരസ്പരപൂരകങ്ങളായ ഒരു നവലോകം വാര്‍ത്തെടുക്കാന്‍ നിഷ്പ്രയാസം സാധ്യമാകും എന്ന് ചൂണ്ടികാണിക്കുന്നതുമാണ് വിവിധ മേഖലകളില്‍ നമ്മുടെ പെണ്ണുങ്ങള്‍ കാഴ്ചവെച്ച പ്രകടനങ്ങള്‍ ഓരോന്നും. അതിന്റെ ഉത്തമ ഉദാഹരണമാണ് തിരശീലയ്ക്ക് പിന്നിലും മുന്നിലുമായുള്ള വളയിട്ട കൈകളുടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങളായി ഇന്നും ലോകം നേരില്‍ കാണുന്നത് .
തിരസ്‌കാരം പൊരുതി നേടിയ പുരസ്‌കാരമാകുമ്പോള്‍ ലോക സിനിമയില്‍ പൊണ്ണിടങ്ങള്‍ സൃഷ്ടിച്ചെടുത്ത കോളിളക്കങ്ങള്‍ പുരുഷാധിപത്യത്തിന്റെ പീഡിത നിയമങ്ങളെ തച്ചുടച്ചുകൊണ്ടാണെന്നതില്‍ സംശയമില്ല. പെണ്ണിടങ്ങള്‍ മണ്ണിട്ട് നികത്തി അവിടെ തങ്ങളുടേതെന്ന് മാത്രമായ ഒരു കല്‍പിത ലോകം കെട്ടിയുറപ്പിക്കാന്‍ മാത്രമാണ് പുരുഷ സമൂഹം എക്കാലത്തും ശമിച്ചിട്ടുള്ളതെന്ന് ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ പൗരാണിക കാലം മുതല്‍ക്കെ പ്രതിഭ ശാലികളായ പെണ്‍ശില്‍പങ്ങള്‍ ഇതിനെയെല്ലാം മറികടന്നുളള തന്നിലെ പ്രതിഭയെ അതാത് കാലഘട്ടത്തിന് അനുസൃതമായ രീതിയില്‍ പ്രകടമാക്കിയതിന്റെ തെളിവുകളും വ്യക്തമാണ്. എന്നിരുന്നാലും അതിക്രമിച്ച് കഴിഞ്ഞ കാലത്തെ അഴിച്ച് പണിയുന്നതിലുള്ള പുതിയ കാലത്തെ സ്തീകളുടെ തികച്ചും സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങള്‍ പല മേഖലകളിലും വ്യക്തമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തിന്റെ പുരോഗതിയെ വെളിപ്പെടുത്തുന്നതിനുതകുന്ന ശുഭകരമായ ഒരു പ്രവണതയായി കണക്കാക്കാം. ഇതില്‍ ലോക സിനിമയ്ക്കുള്ള പങ്കും അതില്‍ ക്യാമറ മുതല്‍ ബിഗ് സ്‌ക്രീന്‍ വരെയെത്തുന്ന ഓരോ ഇടങ്ങളിലും പണിയെടുത്ത പെണ്ണുങ്ങളുടെ പങ്കും ചെറുതല്ല അടുപ്പിലൂതുന്ന വായും, കറിയ്ക്കരിയുന്ന കൈകളും മാത്രമുള്ള ആജ്ഞാനുസ്യതമായി പ്രവര്‍ത്തിക്കുന്ന യന്ത്രം മാത്രമല്ല പെണ്ണ് എന്നും സ്വത്വബാധമുള്ള ഒരു വ്യക്തി തന്നെയാണ് താനെന്നും ഇന്നിന്റെ പെണ്ണുങ്ങള്‍ തങ്ങളുടെ കഴിവുകളെ വെളിപ്പെടുത്തി കൊണ്ട് ലോകത്തോട് വിളിച്ച് പറയുന്നു. മെയ്യഴകില്‍ പെണ്‍ശില്‍പങ്ങള്‍ എക്കാലത്തും പുരുഷന്റെ ഉന്‍മത്തമായ ചിന്തയുടെ നിലവാരം കുറഞ്ഞ ആസ്വാധനത്തിനുളള ഒരു മാധ്യമം മാത്രമായി തീരുന്ന ഒരവസ്ഥയെ മറികടന്ന് തന്നിലെ സാധ്യതകളെ ബാഹ്യസൗന്ദര്യത്തിനപ്പുറത്ത് ആരേയും വിസ്മയിപ്പിക്കത്തക്കതായ മറ്റൊരു തലത്തില്‍ ചെന്നെത്തിച്ച് നിര്‍ത്താന്‍ നമ്മിലെ സ്ത്രീകള്‍ക്കാകുന്നതുപോലെ മറ്റാര്‍ക്കാണ് കഴിയുക. കാലില്‍ കുരുക്കിയിട്ട ചങ്ങലവൃത്തത്തില്‍ കിടന്ന് കറങ്ങാനുള്ളതല്ല താനെന്നും പുരുഷനെ പോലെ നട്ടെല്ലുയര്‍ത്തി സമൂഹത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഓരോപെണ്ണും ഒരുമ്പെടുന്നിടത്ത് നിഷേധം എന്ന വാക്ക് കാലഹരണപ്പെടുന്നു ഒരു ചെറിയ ചട്ടക്കൂടിനകത്ത് ഒതുങ്ങിപ്പോയ ഇന്നലയിലെ പെണ്ണുങ്ങളെ ഇന്നിന്റെ പെണ്ണുങ്ങള്‍ പുനര്‍ വായനയ്ക്ക് ഒരുക്കുകയും അതിലൂടെ പുനര്‍ ചിന്തനം എന്ന വാക്ക് ഉത്കൃഷ്ടമായ മറ്റൊരു ഉയര്‍ന്ന തലത്തില്‍ കൊണ്ടുചെന്നെത്തിക്കുമ്പോള്‍ നൂതനമായ ാെരു സംസ്‌കാരം തുല്യതയില്‍ അധിഷ്ഠിതമായി ഉരുത്തിരിഞ്ഞ് വരുകയും ചെയ്യുന്നു.
ഇങ്ങനെ ലോകം എക്കാലവും ഓര്‍മ്മകളില്‍ സൂക്ഷിക്കുന്ന വ്യക്തിത്വങ്ങള്‍ ലോക സിനിമയുടെ ചരിത്രത്തില്‍ വിരളമെങ്കിലും ഉയര്‍ന്ന സ്ഥാനത്ത് തന്നെ ജ്വലിച്ചു നില്‍ക്കുന്നു. ഫ്രഞ്ച് നവതരംഗ സിനിമയുടെ മുത്തശ്ശി എന്നറിയപ്പെടുന്ന ആഗ്നസ് വെര്‍ദ ലോക സിനിമയുടെ തട്ടകത്തെ മഹാറാണിയാണ.് വെറും ഇരുപതില്‍ താഴെ മാത്രം സിനിമകള്‍ കാണുകയും ഒരു ഫോട്ടോ ഗാഫര്‍ മാത്രമായി ജോലി ചെയ്യുകയും ചെയ്തിരുന്ന ആഗ്നസ്് വര്‍ദ തന്റെ ആദ്യ ചിത്രം പുറത്തിറക്കിയത് സഹപ്രവര്‍ത്തകര്‍ നല്‍കിയ ആത്മ വിശ്വാസം കൊണ്ടു മാത്രമായിരുന്നു. ഗ്ലീനേഴ്‌സ് ആന്റ് ഐ ( കാലാപെറുക്കികളും ഞാനും ) എന്ന ഡോക്യമെന്ററി സിനിമ തന്റെ 72-മത്തെ വയസിലാണ് ആഗ്നസ് നിര്‍മ്മിച്ചത.് ഈ പ്രതിഭയുടെ സിനിമാ ജീവിതത്തിനൊടുവിലെ തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണിതെങ്കിലും ആദ്യകാല രചനകളുടെ തുടര്‍ച്ചയാണ് ഈ ചിത്രം. കൃഷിയിടങ്ങളില്‍ നിന്നോ മാര്‍ക്കറ്റുകളില്‍ നിന്നോ ഉപേക്ഷിക്കപ്പെട്ട അവശിഷ്ടങ്ങള്‍ പെറുക്കി ജീവിക്കുന്ന കാലാപെറുക്കികളായ മനുഷ്യരെ കുറിച്ചാണ് ഈ സിനിമ നമ്മളോട് സംവദിക്കുന്നത്. സിനിമയില്‍ വൃദ്ധയായ ആഗ്നസ് കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ഒരു കാലാപെറുക്കിയുടെ വേഷത്തില്‍ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവശിഷ്ടങ്ങള്‍ പെറുക്കി ജീവിക്കുന്ന മനുഷ്യരുടെ ജീവിത രീതികളെക്കുറച്ചും അവരില്‍ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും അന്വേഷണാത്മകമായ സമീപനം കാഴ്ചവെച്ച് കൊണ്ടാണ് സിനിമ യാത്ര തുടരുന്നത്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും മനുഷ്യരുടെ അന്തസിനെക്കുറിച്ചും ഈ സിനിമ നമ്മോട് സംവദിക്കുന്നു. കൃഷിയിടങ്ങളില്‍ നിന്ന് അവര്‍ തന്നെ പെറുക്കിയെടുത്ത ഉരുളക്കിഴങ്ങ് അലമാരയില്‍ വെച്ച് പഴുക്കുന്നതിനനുസരിച്ച് അതില്‍ വരുന്ന ജീര്‍ണതയെ മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി എല്ലാവരുടേയും മരണം അനിവാര്യമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ചലനം നിലച്ച് പോയ ഒരു ക്ലോക്ക് ആ മുറിയുടെ ഫ്രെയിമിനകത്ത് കാണാം ഉരുളക്കിഴങ്ങ് പോലെതന്നെ ക്ലോക്കും ആഗ്നസ് എവിടെ നിന്നോ പെറുക്കിയെടുത്ത് സൂക്ഷിച്ചതാണ്. ജീവിത വ്യാഖ്യാനങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ ആഗ്നസ് വര്‍ദ എന്ന നവതരംഗ സിനിമയുടെ മുത്തശ്ശിയെ പുതു തലമുറയുടെ മുന്നിലേക്ക് പരിചയപ്പെടുത്തുമ്പോള്‍ എക്കാലത്തും സ്ത്രീകള്‍ക്കു ള്ള പ്രാധാന്യം വാഴ്ത്തപ്പെടുകയാണ് ചെയ്യുന്നത്. ദീപാമേത്ത എന്ന സംവിധായിക എക്കാലത്തും ചലച്ചിത്ര ആസ്വാധകരുടെ ആദരവ് ഏറ്റുവാങ്ങിയിട്ടുളള മറ്റൊരു പെണ്‍ പ്രതിഭയാണ്. ഒരു തോക്കിന്‍ കുഴയ്ക്ക് മുന്നിലും കീഴടങ്ങാത്ത പെണ്‍ കരുത്തിന്റെ മറ്റൊരു മുഖമാണ് ദീപാമേത്തയില്‍ നമുക്ക് കാണാന്‍ കഴിയുക. സദാചാര വാദികളുടെ വാള്‍മുനകളെ വകവെയ്ക്കാതെ തനിക്ക് പറയാനുള്ളത് ലോകത്തോട് വിളിച്ച് പറയാന്‍ ഈ സംവിധായിക കാണിച്ച നെഞ്ചുറപ്പിന് ഉദാഹരണമാണ് ‘ഫയര്‍’ എന്ന സിനിമ. ഈ സിനിമ ഇന്ത്യന്‍ സദാചാര കാപട്യങ്ങളുടെ മതിലുകള്‍ അടിച്ചു തകര്‍ത്ത് കളഞ്ഞു എന്നത് ഒരു നഗ്‌നമായ സത്യമാണ്. ‘ഫയര്‍’ അങ്ങനെ എക്കാലത്തെയും പ്രശസ്തവും വിവാദപരവുമായ സിനിമയായി ലോക സിനിമയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ശേഷം ബാപ്തി സിദ്ധയുടെ ആത്മകഥയെ കേന്ദ്രീകരിച്ച് എര്‍ത്ത് എന്ന സിനിമയിലൂടെ വിഭജനകാലത്തെ മനുഷ്യബന്ധങ്ങളുടെ തകര്‍ച്ചയും തീരാദുഖങ്ങളും വരച്ചു കാട്ടിക്കൊണ്ട് ‘എര്‍ത്ത്’ എന്ന സിനിമയ്ക്ക് ജന്മം നല്‍കി.. മൂന്നാമതായി വാട്ടര്‍ എന്ന് സിനിമയും സംവിധാനം ചെയ്തു. ഫയര്‍, എര്‍ത്ത്, വാട്ടര്‍ എന്നീ മൂന്ന് സിനിമകളും പ്രമേയപരമായി വിവിധ തലങ്ങളില്‍ വായിക്കപ്പെടേണ്ടതാണ്. ലൈംഗികതയുടെ രാഷ്ട്രീയം, ദേശീയതയുടെ രാഷ്ട്രീയം, മതത്തിന്റെ രാഷ്ട്രീയം എന്നീ മൂന്നും വ്യവസ്ഥാപിതമായി. പൊതുബോധത്തില്‍ അസ്വസ്ഥമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സിനിമകള്‍ക്ക് ആഴത്തില്‍ കഴിഞ്ഞു. തന്റെ സിനിമകളിലൂടെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ സംവിധായക നിര്‍മ്മിച്ചെടുത്തു. രാധാ, ലെന്നി, ശകുന്തള ലോകത്തോട് പൊരുതുന്ന നമ്മിലെ ഓരോരുത്തരിലെയും പെണ്ണുങ്ങളാണ്. ഇവരെക്കുറിച്ചെല്ലാം പറയുമ്പോള്‍ തന്നെ അവഗണിക്കപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെ സൂക്ഷമമായ യാത്രകള്‍ നടത്തി സര്‍ഗാത്മകതയിലൂന്നി നിന്നുകൊണ്ട് ഹൃദയ സ്പര്‍ശിയായ കഥാപാത്രങ്ങളെ സമ്മാനിച്ച ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്ത ചലചിത്രകാരിയായ അപര്‍ണാ സെന്നിനെ എങ്ങിനെ വിസ്മരിക്കാനാണ്. 36 ചൗരംഗി ലെയ്ന്‍ എന്ന ആദ്യ സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് ആദരണീയ സ്ഥാനം നേടിയ അപര്‍ണ്ണ സെന്‍ പിന്നീട് നിര്‍മ്മിച്ച ജാപ്പനീസ് വൈഫ് അടക്കമുളള തന്റെ ഓരോ ചിത്രങ്ങളിലും പാരമ്പര്യം, കുടുംബം, വിശ്വാസം എന്നിവയിലൂടെ സ്ത്രീ ബന്ധിതയായ സാമൂഹ്യ സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്നു. ഹൈന്ദവ സമൂഹത്തില്‍ സ്ത്രീ അനുഭവിച്ചിരുന്ന ഏറ്റവും പീഡിതമായ ‘സതി’ എന്ന അനുഷ്ഠാനത്തെ പ്രമേയമാക്കി നിര്‍മ്മിച്ചെടുത്ത സിനിമയാണ് സതി. അന്ധവിശ്വാസ ജഢിലമായ സാഹചര്യത്തെ അവിസ്മരണീയമായ അഭിനയത്തിടമ്പുകൊണ്ട് ശബ്‌നാ ആസ്മി എന്ന അഭിനേത്രിയിലൂടെ തീവ്രമായി ചിത്രീകരിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ നിശബ്ദമായ നിലവിളികള്‍ പ്ര്ക്ഷകന്റെ കാതുകളില്‍ അലയടിക്കുന്നു. ഇങ്ങനെ ഓരോ ദേശത്തിന്റെയും, കുടുംബങ്ങളുടേയും നാഡി മിടിപ്പുകള്‍ കൃത്യമായി ജനഹ്യദയങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അപര്‍ണ്ണ സെന്‍ അടക്കമുള്ള സ്ത്രീ സംവിധായികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതിലെല്ലാം ഉപരി ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയം കൂടി വിളിച്ച് പറയുന്നതാണ് തീണ്ടാരിപുരയില്‍ നിന്ന് ഓസ്‌കാര്‍ പ്രതിഭയില്‍ എത്തി നില്‍ക്കുന്ന ‘ പിരീയഡ് എന്റ് ഓഫ് സെന്റന്‍സ് ‘ എന്ന ഹൃസ്വ ഡോക്യുമെന്ററി. ഭാരതമടക്കമുള്ള അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ദുരിതമുഖങ്ങള്‍ വരച്ച് കാട്ടുന്ന ഈ ചിത്രം ആര്‍ത്തവനാളുകളില്‍ ദുരിതമനുഭവി ക്കുന്ന കോടിക്കണക്കിന് സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന ചിത്രമാണ.് സിനിമാ നിര്‍മ്മാതാവായ ഗുനീത് മോംഗ സമൂഹത്തോട് ഇങ്ങനെ വിളിച്ച് പറയുന്നു: ‘നാം ജയിച്ചിരിക്കുന്നു.’
ഭൂമിയിലെ എല്ലാ പെണ്‍കിടാങ്ങളും സ്വയം ഒരു ദേവതയാണെന്ന് തിരിച്ചറിയാന്‍ ഈ നേട്ടം പ്രേരകമാകട്ടെ. ദില്ലി നഗരത്തിന് പുറത്തുളള ഹാപ്പൂര്‍ എന്ന ഗ്രാമത്തിലെ സ്ത്രീകള്‍ ആര്‍ത്തവവു മായി ബന്ധപ്പെട്ട പ്രതിസന്ധികളെ അതിജീവിക്കുന്നതാണ് സിനിമയുടെ പ്രമേയം, ആര്‍ത്തവ നാളുകളെ പലവിധ വിലക്കുകളോടെ, അശുദ്ധമായി കാണുന്ന വികല സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ഒരു സംസ്‌കാരത്തെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് നമ്മള്‍ ഓരോരുത്തരേയും ബോധ്യപ്പെടുത്തുന്നതാണ് ഈ ഡോക്യുമെന്ററി. സാനിറ്ററി പാഡ് അടക്കമുള്ള ആര്‍ത്തവ കാലത്ത് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുളള സാമ്പത്തികസ്ഥിതി ഇല്ലാത്ത ജീവിത സാഹചര്യമാണ് ഇന്ത്യന്‍ ഗ്രാമീണ സ്ത്രിയുടെ ആര്‍ത്തവ ജീവിതം. ആവശ്യത്തിന് തുണിപോലൂമില്ലാതെ ഇലകളും വൈക്കോലും ചാരവും മണ്ണുമൊക്കെ ഉപയോഗിച്ച് ആര്‍ത്തവ രക്തം കൈകാര്യം ചെയ്യേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകളാണ് ഇന്ത്യയില്‍ ഇന്നുമുളളതെന്ന് ദു:ഖകരമായ ഒരറിവാണ്. മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത്തരം അവസ്ഥകള്‍ വഴിയൊരുക്കുന്നു.
ലോസ് ആഞ്ചലസിലെ ഓക്ക് വുഡ് വിദ്യാലയത്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും അവിടുത്തെ അധ്യാപികയായ മെലിസ്സാ ബര്‍ട്ടന്റെയും നേത്യത്വത്തില്‍ ആരംഭിച്ച ‘പാഡ് പ്രൊജക്ട്’ ഹാപ്പൂര്‍ ഗ്രാമത്തിന്റെ അതുവരെയുളള രൂപവും ഭാവവും മാറ്റുന്നു. കോര്‍പ്പറേഷന്‍ ബ്രാന്റ് പാഡുകള്‍ വാങ്ങാന്‍ കഴിയാത്ത ഗ്രാമീണകള്‍ക്കായി വില കുറഞ്ഞ പാഡുകള്‍ നിര്‍മ്മിക്കുന്ന വെല്‍ഡിങ്ങ് മെഷീനുകള്‍ ഗ്രാമത്തില്‍ സ്ഥാപിക്കുന്നു. ഇത്തരം മെഷീനുകളുടെ സഹായത്തോടെ പാഡുകള്‍ നിര്‍മ്മിക്കുന്ന മുരുകാനന്ദം അരുണാചലത്തിന്റെ മാത്യകയാണ് സ്ഥാപിച്ചത്. ‘പാഡ്മാന്‍’ എന്ന കളിയാക്കല്‍ നാമത്തില്‍ അരുണാചലം അറിയപ്പെടുമ്പോഴും ‘പാഡ്മാന്‍’ എന്ന ബോളിവുഡ് ചിത്രം, ആ മനുഷ്യന്റെ ജീവിതത്തെ അക്ഷയ്കുമാര്‍ എന്ന നായകനിലൂടെ അന്വര്‍ത്ഥമാക്കുന്നു. അരുണാചലത്തിന്റെ മാത്യകയില്‍ നിന്നും പ്രചോദനം ലഭിച്ച ഹാപ്പൂര്‍ ജനത ‘ഫ്‌ളൈ എന്ന പേരില്‍ സാനിറ്ററി പാഡുകളെ ബ്രാന്റ് ചെയ്യുകയും ചെയ്തു. സ്വാതന്ത്യത്തിന്റെ ചിറകുകള്‍ ഉയര്‍ത്തി പറക്കുക എന്ന ഒരു ധ്വനികൂടി ആ വാക്കിനുണ്ട്. ആര്‍ത്തവത്തെ തികച്ചും സ്വാഭാവിക പ്രക്രിയായി കണക്കാക്കാന്‍ ഈ പാറക്കല്‍ എന്ന പദത്തേക്കാള്‍ മറ്റെന്ത് വേണം. ലോസ് ആഞ്ചല്‍സിലെ കുട്ടികള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമൂഹിക ദുരാചാരത്തെ തികച്ചും ധീരമായ കാല്‍ച്ചുവടുകളോടെ നേരിടാന്‍ കാണിച്ച ആര്‍ജവം ഏറ്റവും നല്ല വിദ്യാഭ്യാസ ദര്‍ശനമാണ് എന്ന് പറഞ്ഞവയ്ക്കുമ്പോള്‍ ഈ ലോകം ഇന്നലെകളെ മറികടന്ന് തീര്‍ത്തും സമാധാനം നിലനിര്‍ത്തി കൊണ്ടുള്ള ഒരു നവസംസ്‌കാരത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു എന്ന് അഭിമാനത്തോടെ നമുക്ക് പറഞ്ഞുവയ്ക്കാം. പെണ്‍കരുത്തിന്റെ ദീപസ്തംഭങ്ങള്‍ ഈ ലോകത്തിന്റെ നെറുകയില്‍ നാട്ടി പ്രകാശമാനമായ ഒരു സംസ്‌കാരത്തെ
നമുക്ക് പ്രധാനം ചെയ്യാം.