ടി.നാരായണന്‍ വട്ടോളി
ആദ്യമായി കണ്ടുമുട്ടുന്ന നാള്‍ മുതല്‍ ജീവിതാന്ത്യം വരെ നീളുന്നതാണ് പി. എന്‍. ദാസുമായി ആര്‍ക്കുമുള്ള ബന്ധം. സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ നൈസര്‍ഗികമായ വാസനാവൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. അതിരുകളില്ലാത്ത സൗഹാര്‍ദമഹാപ്രപഞ്ചം. കുഞ്ഞുങ്ങളും പടുവൃദ്ധരും പിച്ചക്കാരും ലക്ഷേശ്വരന്മാരും തീവ്രവാദികളും നിര്‍മലചിത്തരും കഠിനഹൃദയരും വിപ്ലവകാരികളും…ആര്‍ക്കു മുന്നിലും ആ വലിയ മനസിന്റെ വാതില്‍ സദാതുറന്നു കിടന്നു.
പതിനഞ്ചാം വയസില്‍ ദാസുമായി ആരംഭിച്ച എന്റെ സൗഹൃദം ഒരു പോറലുമേല്‍ക്കാതെ അരനൂറ്റാണ്ടിനു ശേഷവും നിലനിന്നതിന്റെ രഹസ്യം അദ്ദേഹത്തിന്റെ സഹജനിര്‍മലഭാവവും സ്‌നേഹവാല്‍സല്യങ്ങളും
തന്നെയായിരുന്നു. 1968ല്‍ പട്ടാമ്പി ഗവ:കോളജില്‍ പ്രീഡിഗ്രി പ്രവേശനത്തിനായി എത്തിയനാള്‍ ആദ്യമായി പരിചയപ്പെട്ട വിദ്യാര്‍ത്ഥി ദാസ് ആയിരുന്നു. ആദ്യദര്‍ശനത്തില്‍ തന്നെ അദ്ദേഹത്തിന്റെ മാസ്‌മരികസുസ്‌മിതം എന്നെ വശീകരിച്ചു. ക്രമത്തില്‍ അദ്ദേഹം ഒരുബോധി വൃക്ഷമാണെന്നും അതിന്റെ തണലില്‍ എന്നെപോലെ ബോധോദയപ്രാര്‍ഥികളായ ഏറെ പേരുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
ദാസ് രോഗബാധിതനാണെന്നറിഞ്ഞത് മുതല്‍ ചെന്നൈയില്‍ നിന്ന് അടിക്കടി വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു കൊണ്ടിരുന്ന പട്ടാമ്പിയിലെ പഴയ വിദ്യാര്‍ഥി സുഹൃത്ത് ഫണ്‍ഗുനനും ദാസിനെ
അറിഞ്ഞത് അങ്ങിനെത്തന്നെ എന്ന് പറയുന്നു. പ്രീഡിഗ്രിക്കും ഡിഗ്രിക്കുമായി പട്ടാമ്പിയില്‍ ചെലവിട്ട അഞ്ച് വര്‍ഷം ധന്യമായത് പി.എന്‍.ദാസിന്റെ സൗഹൃദവലയത്തില്‍ ഒരു കണ്ണിയാവാന്‍
കഴിഞ്ഞതുകൊണ്ടുതന്നെ, നിശ്ചയം! ദാസിനേക്കാള്‍ ആറ് വയസ്സിന് ഇളയതാണെങ്കിലും പ്രീഡിഗ്രിക്ക് ഒരേ ക്ലാസില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ പഠിച്ചു. ‘ദാഹിക്കുന്ന അഗ്‌നി’ എന്ന ചെറുകഥാസമാഹാരം വായിക്കാന്‍ തന്നപ്പോഴാണറിഞ്ഞത് അത് ദാസ് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രസിദ്ധീകരിച്ചതാണെന്ന്.
ടി.പത്മനാഭനും എന്‍.മോഹനനുമായിരുന്നു ദാസിന്റെ അന്നത്തെ ഇഷ്ടകഥാകൃത്തുക്കള്‍. ദാഹിക്കുന്ന അഗ്‌നിയിലെ കഥകള്‍ക്കെല്ലാം ആ കഥാകൃത്തുക്കളെ അനുസ്‌മരിപ്പിക്കുന്ന മാനവികതയുടെ ആര്‍ദ്രഗഹനതയുണ്ടായിരുന്നു.
എഴുത്തിലെ ആര്‍ദ്രത നേര്‍പെരുമാറ്റത്തില്‍ പലര്‍ക്കും കൈമോശം വരാറുണ്ടു. പട്ടാമ്പിത്തെരുവിലെ
പിച്ചക്കാരുമായും അനാഥ ബാലന്മാരുമായുമെല്ലാം കോളജിലെ അധ്യാപകരായ ആറ്റൂര്‍രവിവര്‍മ്മയോടും
കെ.ജി.ശങ്കരപ്പിള്ളയോടുമൊക്കെയെന്നപോലെ അമലസൗഹൃദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നന്മ എവിടെക്കണ്ടാലും ദാസ് അറിയാതെ അതുമായി ആത്മബന്ധം സ്ഥാപിച്ചു. അദ്ദേഹം എല്ലാവരിലേയും നന്മ മാത്രം കണ്ടെത്തി അതിനെ പരമാവധി വളര്‍ത്തുകയും ചെയ്‌തു. വിക്‌റ്റര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ മെത്രാനായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടകഥാപാത്രം.

കോളജിനടുത്തുള്ള കൊച്ചുമുഹമ്മദിന്റെ വീട് കത്തിപോയിരിക്കുന്നു എന്ന് നാട്ടുകാരനും
പരിചയക്കാരനുമായ കുമാരേട്ടന്‍ വന്നറിയിച്ചപ്പോള്‍ ദാസ് വി.മോഹനനെയും എന്നെയും കൂട്ടി ഉടനെ
അങ്ങോട്ട് പോവുകയും കുട്ടികളെയും നാട്ടുകാരെയുമെല്ലാം സഹകരിപ്പിച്ച് ഓലമേഞ്ഞ ആ വീട്
പുതുക്കി പണിതുകൊടുക്കുകയും ചെയ്‌തതാണ് ‘ഹ്യൂമനിസ്റ്റ് ഫോറം’ പിറവി കൊള്ളാന്‍ നിമിത്തമായത്.
എം.എന്‍.റോയിയുടെ ‘റാഡിക്കല്‍ ഹ്യൂമനിസം’ എന്ന ഗ്രന്ഥത്തോടുതോന്നിയ ആഭിമുഖ്യമാണ് ദാസ് ആ പേര്
നിര്‍ദേശിക്കാന്‍ പ്രേരകം. (ഏകാധിപത്യത്തിന്റെ സിദ്ധാന്തവും പ്രയോഗവും ശ്ലാഘനീയമായ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമെന്ന നിലയിലായാല്‍ പോലും നിഷിദ്ധമാണ് എന്നതായിരുന്നു എം.എന്‍.റോയിയുടെ ആശയം).കോളജ് പരിസരത്തുള്ള മനോരോഗിയായ ഒരു കുട്ടിയുടെ തലയില്‍ ചികില്‍സയുടെ ഭാഗമായി ഒരു മന്ത്രവാദി കിണ്ണം പഴുപ്പിച്ച് വെച്ച ഒരു സംഭവമുണ്ടായി. തല വ്രണം ബാധിച്ച് പഴുത്തു. വിവരമറിഞ്ഞ ദാസ്
കുട്ടികളെ സംഘടിപ്പിക്കുകയും ചുണ്ടമ്പറ്റമോഹനന്റെ നേതൃത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ അവശനായ
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയും ചെയ്‌തു. പരിസരത്തോട് സദാപ്രതിസ്‌പന്ദിക്കുന്ന ഒരു ഹൃദയം – അതായിരുന്നു പി.എന്‍.ദാസ്.
‘ഹ്യൂമനിസ്‌റ്റ് ഫോറം’ നിത്യേന നടത്താറുള്ള അനൗപചാരിക ചര്‍ച്ചക്കിടെയാണ് ദാസ് ഒരു കയ്യഴുത്ത് മാസിക ഇറക്കുന്നതിനെക്കുറിച്ചുള്ള ആശയം മുന്നോട്ട് വെച്ചത്. എന്റെ വട്ടോളി ദേശീയഗ്രന്ഥശാലയ്‌ക്കുവേണ്ടി ഞാന്‍ ‘ദീപ്‌തി’ എന്ന കയ്യെഴുത്ത് മാഗസിന്‍ എഴുതി തയ്യാറാക്കുന്നത് കണ്ടപ്പോഴാണ്
കോളജിലും അത്തരമൊന്ന് ഇറക്കണമെന്ന് ദാസ് അഭിപ്രായപ്പെട്ടത്. അതേ കാലഘട്ടത്തില്‍ പാലക്കാട് വിക്ടോറിയ കോളജില്‍ വിദ്യാര്‍ഥിയായിരുന്ന ജെ.ആര്‍. പ്രസാദ് ഇറക്കിക്കൊണ്ടിരുന്ന ‘രാഷ്ട്രശില്‌പി’ എന്നമനോഹരമായ കയ്യെഴുത്തു മാസിക കണ്ട തോടെ ‘മനുഷ്യന്‍’ എന്ന പേരില്‍ മാസിക പ്രസിദ്ധീകരിക്കാന്‍
തീരുമാനിക്കുകയായിരുന്നു. (പ്രസാദ് പില്‍ക്കാലത്ത് മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ഇല്ലസ്‌ട്രേറ്റര്‍ ആയി). മാക്‌സിം
ഗോര്‍ക്കിയുടെ ‘മനുഷന്‍ ഹാ! എത്ര മഹനീയമായ പദം!’ എന്ന വാക്യത്തെ അനുസ്‌മരിപ്പിച്ചു കൊണ്ട്
‘മനുഷ്യന്‍ ഹാ! എത്ര ദയനീയമായ പദം!’ എന്നതായിരുന്നു ‘മനുഷ്യന്റെ’ മുഖവാക്യം. ഒരു ദയനീയ
മനുഷ്യരൂപം ചിത്രീകരിച്ച ഒരു വലിയ ബോഡ് എന്നും കോളജ് കോറിഡോറിനു വെളിയില്‍ കൊണ്ട്
വെക്കാനും വൈകുന്നേരം തിരികെ എടുക്കാനും ചുമതല സ്വയം ഏറ്റെടുത്തിരുന്ന അനന്തന്‍ ഇപ്പോള്‍ എന്ത്
ചെയ്യുന്നു എന്ന് ഞങ്ങള്‍ ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത ഒരു ദിവസം ദാസ് എന്നോട് ചോദിച്ചു. ആ ചിത്രത്തിന്റെ
അതേ ദയനീയഭാവം സ്വയം പേറി കൊണ്ട് എന്റെ നാട്ടിലെ അങ്ങാടിയിലൂടെ ഒരു മനോരോഗിയായി
അലയുന്നു അനന്തന്‍ മാഷ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ദാസ് നിശബ്ദനായി നെടുവീര്‍പ്പിട്ടു.
കോളജില്‍ അന്ന് ഡി.വിനയചന്ദ്രന്‍, ദേശമംഗലം രാമകൃഷ്‌ണന്‍, ആര്യന്‍ ടി. കണ്ണനൂര്‍, രഘുനാഥ് അടാട്ട്,
സി.രാജേന്ദ്രന്‍, പാട്യം വിശ്വനാഥ്, ചന്ദ്രിക തുടങ്ങിയ പില്‍ക്കാലത്ത് ശ്രദ്ധേയരായ പല എഴുത്തുകാരും
പഠിക്കുന്നുണ്ടായിരുന്നു. ദണ്ഡായുധപാണി, പി ഗംഗാധരന്‍, രാമന്‍കുട്ടി, സി എം നീലകണ്ഠന്‍ തുടങ്ങിയവരടങ്ങിയ ഒരു സാംസ്‌കാരിക ദളം ഞങ്ങള്‍ക്ക് ചുറ്റിലുമുണ്ടായിരുന്നു. ബ്രിണ്ണന്‍കോളജില്‍ വിദ്യാര്‍ഥിയായിരുന്ന എന്‍.പ്രഭാകരനും പട്ടാമ്പിയില്‍
വരുമായിരുന്നു. എന്‍ പ്രഭാകരന്‍ വന്ന ഒരു ദിവസം പട്ടാമ്പിയിലെ രാമഗിരി എന്ന കുന്നിലേക്ക് ദാസും മോഹനനും ഞാനും അദ്ദേഹത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോയത് ഓര്‍ക്കുന്നു. ആ വര്‍ഷമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ ചെറുകഥാ മത്സരത്തില്‍ എന്‍ പ്രഭാകരന്റെ കഥ ഒന്നാം സമ്മാനം നേടിയത്. എന്‍. പി. എരിപുരം, എന്‍ പ്രഭാകരനായി മാറുന്നത് ആ കഥയിലൂടെയാണെന്നാണ് എന്റെ ഓര്‍മ്മ.

അധ്യാപകര്‍ക്കിടയില്‍, ചെറുകാട്, ആറ്റൂര്‍ രവിവര്‍മ്മ, കെ ജി.ശങ്കരപ്പിള്ള, എ. ബാലകൃഷ്‌ണവാര്യര്‍, മാവേലിക്കര അച്ചുതന്‍,
ഡോ:കെ.ജി.പൗലോസ് ഒക്കെയുണ്ട്. കെ.ജി.എസ് കോളജില്‍ വന്നതോടെ കടമ്മനിട്ടയും സച്ചിദാനന്ദനും
ബി.രാജീവനും ഇടയ്‌ക്കൊക്കെ വരാറുണ്ടായിരുന്നു.
സച്ചിദാനന്ദന്‍ കോളജില്‍ വന്ന ഒരു ദിവസം കോളജില്‍ സംഘടിപ്പിച്ച സാംസ്‌കാരികപരിപാടിയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു കവിത നാടകീയമായി അവതരിപ്പിച്ചത് ഇപ്പോഴും വ്യക്തമായി ഓര്‍മ്മയിലുണ്ട്. ദാസും മോഹനനും ഞാനും ആ പരിപാടിയില്‍ സച്ചിദാനന്ദനോടൊപ്പം ബുദ്ധഭിക്ഷുക്കളുടെ വേഷത്തില്‍ പങ്കെടുത്തിരുന്നു. സച്ചിദാനന്ദന്‍ ഉടുക്കു കൊട്ടിക്കൊണ്ട് ആ വിയറ്റ്‌നാമീസ് കവിത ചൊല്ലുകയും ഞങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അത് ഏറ്റുചൊല്ലുകയും ചെയ്തു.
‘ എന്റെ ബുദ്ധഭഗവാന്റെ കണ്ണിലല്ലോ … ഇംഗാലം അമ്‌ള വല്‍കൃതമാകുന്നു …..’ കവിതയിലെ തുടര്‍വരികള്‍ ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നില്ല.
പട്ടാമ്പി സ്വദേശിയായ നോവലിസ്റ്റ് പി.ആര്‍. നാഥനെ പട്ടണത്തില്‍ വെച്ച് പലപ്പോഴും കാണാറുണ്ടായിരുന്നു. ഒരു ആയൂര്‍വേദ മരുന്നു ഷാപ്പില്‍ നിന്ന് കുഴമ്പ് വാങ്ങുന്ന ആള്‍ പണ്ഡിതനായ ഗ്രന്ഥകാരന്‍ കെ.എന്‍ എഴുത്തച്ഛനാണെന്ന് ദാസ് ചൂണ്ടിക്കാട്ടിത്തന്നതും ഓര്‍മ്മയുണ്ട്. ശ്രദ്ധേയരായ ഈ എഴുത്തുകാരില്‍


കെ. സച്ചിദാനനന്ദൻ
ആരെങ്കിലും ‘മനുഷ്യന്റെ’ ആദ്യ ലക്കം പ്രകാശനം ചെയ്യട്ടെ എന്ന ആലോചനയ്‌ക്കൊടുവില്‍ ദാസ് പറഞ്ഞത്
‘മനുഷ്യ’ന്റെ മുഖചിത്രത്തിലുള്ള ആള്‍ തന്നെയാകട്ടെ ഉദ്‌ഘാടകന്‍ എന്നായിരുന്നു. ഞാന്‍ തന്നെ വരഞ്ഞ ഒരു പട്ടിണിക്കോലത്തിന്റെ മുഖമായിരുന്നു അത്. അങ്ങനെയാണ് കോളജിന്റെ ചുറ്റുമതില്‍
നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന വേദയ്യ നാടാര്‍ എന്ന ആന്ധ്ര സ്വദേശിയായ കല്‍പണിക്കാരനെ ഉദ്‌ഘാടകനായി
ദാസ് തന്നെ കണ്ടെത്തുന്നത്. ഒരു മാഗസിന്‍ ഉദ്‌ഘാടനത്തിനു വേണ്ടി ക്ഷണിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍
വേദയ്യ നാടാര്‍ അമ്പരന്നു. തെലുങ്ക് ശൈലിയിലുള്ള മലയാളത്തില്‍
താന്‍ എന്ത് ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പരിഭ്രാന്തിയോടെ തിരക്കി. നിന്ദിതരും പീഡിതരും
അവഗണിതരുമായ ജനകോടികളുടെ പ്രതിനിധി എന്ന നിലയിലുള്ള ആദരവ് നല്‍കുകയാണ് ഉദ്ദേശ്യം എന്ന്
ബോധ്യപ്പെട്ടപ്പോള്‍ വേദയ്യ നാടാര്‍ സന്തുഷ്ടനായി. ഉച്ച കഴിഞ്ഞ് കോളജിലെ തിങ്ങിനിറഞ്ഞ ക്ലാസ് മുറിയിലേക്ക്
മണ്ണുപുരണ്ട വസ്‌ത്രവും വേപഥു പൂണ്ട ശരീരവുമായി കയറി വന്ന ആ കല്‍പണിക്കാരന്‍ ഉദ്‌ഘാടകന്റെ കസാരയില്‍ ഇരിക്കാന്‍ മടി കാട്ടിയപ്പോള്‍ ദാസ് അദ്ദേഹത്തെ ആദരവോടെ ആനയിച്ച് കസേരയില്‍ ഇരുത്തി.വിയര്‍പ്പില്‍ കുളിച്ച വേദയ്യനാടാര്‍ ‘ഞാന്‍ ഇത് ഇറക്കുന്നു’ എന്ന ഒറ്റ വാക്യം മാത്രം വിറയലോടെ പറഞ്ഞെങ്കിലും അത് അവിടെ കൂടിയ കുട്ടികളെല്ലാം വിസ്‌മയകരവും അവിസ്‌മരണീയവുമായ അനുഭവമായി എന്നെന്നും മനസ്സില്‍ സൂക്ഷിച്ചു. അതായിരുന്നു പി.എന്‍.ദാസ്! ദാസിനെക്കുറിച്ച് കെ.ജി.എസ് ഫേസ്‌ബുക്കില്‍ കുറിച്ചപോലെ
‘ക്രൂരതെക്കതിരായ പ്രതിരോധത്തിന്റെ സൗമ്യതേജസ്സ്! അലിവ് ആത്മബലമായ അപൂര്‍വപ്രബുദ്ധത! പുതിയ നാഗരികതയിലെ ഹിംസയ്‌ക്കും ഉന്മാദത്തിനും വെളുത്ത ഇരുട്ടിനുമെതിരെയുള്ള ആത്മജ്വാല!’
മാസികയില്‍ നിന്ന് ‘മനുഷ്യന്‍’ ദൈ്വവാരികയായി മാറിയതോടെ പത്രാധിപര്‍ ദീപാങ്കുരന്‍ (പി.എന്‍.ദാസ്)
നിര്‍ദേശിക്കുന്ന മാറ്റര്‍ രാത്രി ഉറക്കമൊഴിച്ച് എഴുതുന്നതിലുള്ള ത്രില്ലിലായിരുന്നു ഞാന്‍! ഇന്ന് അറിയപ്പെടുന്ന
ചിത്രകാരനും ശില്‌പിയുമായ വി.മോഹനനായിരുന്നു ഇല്ലസ്‌ട്രേറ്റര്‍. ഞങ്ങള്‍ മൂന്നു പേരും ‘മനുഷ്യന്മാര്‍’ എന്ന പരിഹാസപേരിലാണ് കോളജില്‍ അറിയപ്പെട്ടത്. മൂന്നു പേരെയും ചേര്‍ത്ത് കെ.ജി.ശങ്കരപ്പിള്ള ‘നാമോദാ’ എന്ന് വിളിച്ചു. വി.മോഹനന്‍ ഇന്ത്യനിങ്കില്‍ വരച്ച മുഖചിത്രവും ഇല്ലസ്‌ട്രേഷനുമായിരുന്നു ‘മനുഷ്യ’ന്റെ സ്വീകാര്യത വര്‍ധിപ്പിച്ചത്. സംസ്‌കാരത്തിന്റെ ഭാഷ സഹനവും രാഷ്ട്രീയത്തിന്റെ ഭാഷ ഹിംസയും
അധികാരത്തിന്റെ ഭാഷ അനീതിയുമായിരുന്ന കാലത്ത് ഹിംസയ്‌ക്കും അനീതിക്കുമെതിരായ സ്വകാര്യമായ ഒരു
കളമെഴുത്തായിരുന്നു പട്ടാമ്പിക്കാലത്തെ മോഹനന്റെ ചിത്രങ്ങള്‍ എന്ന് കെ.ജി.എസ്. വിലയിരുത്തിയിട്ടുണ്ട്.
ഇതിനകം ദാസിന്റെ ഉറ്റ സുഹൃത്തായി മാറിയിരുന്ന പട്ടാമ്പിത്തെരുവിലെ ഗിരിപ്രഭു എന്ന യാചകനുമായി
ദാസിന്റെ തന്നെ നിര്‍ദേശപ്രകാരം ഞാന്‍ നടത്തിയ അഭിമുഖ സംഭാഷണം ‘മനുഷ്യ’നില്‍ പ്രസിദ്ധീകരിച്ചു. അതോടെ അഗതികളെയും പിച്ചക്കാരെയും രോഗികളെയും ‘ഹ്യൂമനിസ്‌റ്റ് ഫോറം’ പ്രവര്‍ത്തകരുടെ അടുത്തേക്ക് ചില കുസൃതിക്കാര്‍ പറഞ്ഞു വിട്ടത് കോളജ് അധികൃതരെ ക്ഷുഭിതരാക്കി. ഒരു
കുഷ്‌ഠരോഗിയോടൊപ്പം ക്ലാസുകളില്‍ കയറി അയാള്‍ക്കു വേണ്ടി കാശ് പിരിച്ചതിന്റെ പേരില്‍ ദാസിനെയും
ഞങ്ങളെയും പ്രിന്‍സിപ്പല്‍ ശാസിച്ചു.(എന്നാല്‍ പില്‍ക്കാലത്ത് കോളജിലെ ഏറ്റവും നല്ല സാമൂഹ്യപ്രവര്‍ത്തകനായ വിദ്യാര്‍ഥി എന്ന ബഹുമതിയും പുരസ്‌കാരവും ദാസിന് അധികൃതര്‍ പ്രഖ്യാപിച്ചപ്പോള്‍ സ്‌നേഹപൂര്‍വം അദ്ദേഹം അത് നിരസിച്ചു.)
‘കോരന്‍ സര്‍വകലാശാലകളെ കയ്യേറും’
എന്ന പത്രാധിപരുടെ മുഖപ്രസംഗം ഈ അവസരത്തില്‍ ‘മനുഷ്യ’നില്‍ പ്രസിദ്ധീകരിച്ചത് ഏറെ ചര്‍ച്ചാവിഷയമായി.
ഹ്യൂമനിസ്‌റ്റ് ഫോറത്തെ ശക്തമായി വിമര്‍ശിക്കുന്ന കത്തുകളും അവയ്‌ക്കുള്ള മറുപടിയും വായനക്കാരുടെ
കോളത്തില്‍ പ്രസിദ്ധീകരിച്ചു. ‘നിങ്ങള്‍ മനുഷ്യവംശത്തിലെ ഓരിക്കുറുക്കന്മാര്‍’ എന്ന നിശിത വിമര്‍ശനമുള്‍ക്കൊള്ളുന്ന കത്ത് അരവിന്ദന്‍ എന്ന പേരില്‍ തയ്യാറാക്കിയതും അതിന്
മറുപടി എഴുതിയതും ദാസ് തന്നെയായിരുന്നു എന്നത് ആരുമറിയാത്ത രസകരമായ രഹസ്യമാണ്.
ഹ്യൂമനിസ്‌റ്റ് ഫോറത്തിന്റെ കാരുണ്യവാദപരമായ പ്രവര്‍ത്തനങ്ങള്‍ വിപ്ലവത്തെ തടഞ്ഞു നിര്‍ത്താനുള്ള
ഉപരിപ്ലവലീലകളാണെന്ന വിമര്‍ശനം ഒരു വശത്ത് നിലനില്‍ക്കുമ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്ക് ദാസ് തന്നെ
സ്വയം ഭാഷ നല്‍കുകയായിരുന്നു. തനിക്കെതിരെ വിമര്‍ശനശരങ്ങള്‍ സ്വയം എയ്‌ത് ദുഷിച്ച ആശയരക്തം
പുറത്ത് കളഞ്ഞ് ആത്മശുദ്ധി വരുത്തുന്ന സ്വയം നവീകരണവാസന എറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു. മുന്‍വിധിയും ആശയദാസ്യവുമില്ലാതെ അനുനിമിഷം നവ്യമായ വിചിന്തനത്തിന്റെ പുതുവെളിച്ചത്തില്‍ ജീവിക്കണമെന്നതായിരുന്നു ദാസിന്റെ ആഗ്രഹം. ‘മനുഷ്യനു’ വേണ്ടി ഞാന്‍ വരച്ച വിവേകാനന്ദചിത്രത്തിന്റെ ഒരു കവിള്‍ അല്‍പം വീര്‍ത്തുപോയതിനാല്‍ അത് മാറ്റി വരക്കാന്‍ ഞാന്‍ ഒരുങ്ങിയപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞ് ‘വിവേകാനന്ദന്റെ ദന്തരോഗം’ എന്ന അര്‍ഥഗര്‍ഭമായ ഒരു ലേഖനം അദ്ദേഹം
അതിനായി തയ്യാറാക്കി. വീണത് വിദ്യയാക്കാന്‍ സഹായിച്ചത് വായനക്കാര്‍ നന്നായി ആസ്വദിച്ചു.
ഹ്യൂമനിസ്‌റ്റ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച കെ.ജി.ശങ്കരപ്പിള്ള അറിവിനപ്പുറം അതിലടങ്ങിയ ആര്‍ജവം
തിരിച്ചറിഞ്ഞതോടെയാണ് ദാസിലും അതുപോലെ അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളായ മോഹനനിലും
എന്നിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിച്ചത്. നിളയുടെ തീരങ്ങളില്‍ പല നിലാരാവുകളില്‍
ദാസിനോടൊപ്പം ഞങ്ങള്‍ കെ.ജി.എസ്.പറഞ്ഞ കഥകള്‍ കേട്ടിരുന്നു. ഭാരതപ്പുഴയുടെ ഓരത്ത് തീക്കുണ്ഡത്തിനു
ചുറ്റും ചുവട് വെച്ച് പാടുന്ന ഗ്രാമീണരുടെ നാടന്‍ പാട്ടില്‍ നിന്ന് പറന്നെത്തിയ വരികള്‍ കെ ജി എസ് ഓര്‍ത്ത്‌ചൊല്ലി ചിരിച്ചു: ‘പാട്ട് കൊണ്ടു ചൂട്ടുകെട്ടി, ചൂട്ടു കൊണ്ടു മുഖത്തു കുത്തി.’
ബംഗാള്‍ എന്ന കവിതയില്‍ കെ.ജി.എസ് നിളാതീരത്ത് കേട്ട ഈ പാട്ടിന്റെ ഓര്‍മ്മയില്‍ ഇങ്ങനെ കുറിക്കുന്നുണ്ടു:
‘പാട്ടു കൊണ്ടു ചൂട്ടുകെട്ടി’ രാജാക്കന്മാരുടെ മുഖത്ത് കുത്തണമെന്ന് ഇന്നലെ സന്ധ്യയ്‌ക്ക് നീ കവികളോട് പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു.
അത്തരമേതോ സംവാദ രാവുകളിലൊന്നിലായിരിക്കാം ‘മനുഷ്യന്‍’ അച്ചടിച്ച് ഇറക്കിയാലെന്താ
എന്ന ആശയം കെ.ജി.എസ് മുന്നോട്ട് വെച്ചത്. ‘മനുഷ്യ’ന്റെ പ്രസക്തി തല്‍ക്കാലം നഷ്ടമായിരിക്കുന്നു എന്നും മാറിയ കാലത്തിന്റെ പുത്തന്‍ചിന്തകള്‍ സ്വാംശീകരിക്കാന്‍ സമയമായിരിക്കുന്നു എന്നും ദാസിനും
ബോധ്യമായതോടെ പുതിയ പ്രസിദ്ധീകരണത്തിന്റെ ദിശനിര്‍ണയിക്കാനുള്ള ധൈഷണികാധികാരം
സമ്പൂര്‍ണമായും അദ്ദേഹം കെ.ജി.എസിന് കൈമാറി. ‘പ്രസക്തി’ പിറക്കുന്നതങ്ങനെയാണ്. `സൂര്യചേതന`
എന്ന പേരിലായിരുന്നു മാസികയ്‌ക്ക് രജിസ്‌ട്രേഷന്‍ ലഭിച്ചിരുന്നതെങ്കിലും അസ്‌തിത്വവാദത്തിന്റെയും
അത്യന്താധുനികതയുടെയും ആശയങ്ങള്‍ കൊടികുത്തി വാണിരുന്ന അക്കാലത്ത്, മേതില്‍ രാധാകൃഷ്‌ണന്റെ
`സൂര്യവംശം` നോവല്‍ മാതൃഭൂമിയില്‍ ഖണ്‌ഡശ: പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ആ ഘട്ടത്തില്‍ ‘സൂര്യചേതന’
എന്ന പേര് തെറ്റിദ്ധാരണ സൃഷ്ടിച്ചേക്കുമെന്ന അഭിപ്രായം മാനിച്ചാണ് അത് ഉപേക്ഷിച്ചത്. മാസികയുടെ
ധനശേഖരണാര്‍ഥം എന്‍.എന്‍. പിള്ളയുടെ ‘കാട്ടുകടന്നല്‍’ നാടകം കളിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനായി
അച്ചടിച്ച നോട്ടീസില്‍ പോലും ‘സൂര്യചേതന’ എന്ന പേര് തന്നെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍
ചൈനീസ് കവി ലൂഷുന്‍ എഴുതിയ ‘വിപ്ലവപൂര്‍വകാലം ഉപരിവര്‍ഗത്തിന്റെ സിരകളില്‍ ആത്മശൈഥില്യത്തിന്റെ വിഷം നിറയ്‌ക്കുന്നു. അവരെ വേഗം വേഗം അന്ധരാക്കുന്നു.’എന്ന വരികള്‍ നോട്ടീസില്‍ നല്‍കിയത് ദിശാസൂചകമായിരുന്നു.
പത്രാധിപര്‍ ദീപാങ്കുരന്‍
തന്നെയായിരുന്നെങ്കിലും `ദീനം പിടിച്ച കഥകളും കവിതകളും ഒന്നും പ്രസിദ്ധീകരിക്കുന്നതല്ല എന്ന
പ്രഖ്യാപനം മുഖവാക്യമായി ‘പ്രസക്തി’ യുടെ രണ്ടു ലക്കങ്ങളിലും പ്രസിദ്ധീകരിച്ചത് മനുഷ്യനില്‍ നിന്നും
‘പ്രസക്തി’ യിലേക്കുള്ള ദൂരം വ്യക്തമാക്കുന്നതായിരുന്നു. ‘പ്രസക്തി’ യില്‍വന്ന കെ.ജി.എസിന്റെ ‘ബംഗാളും’
സച്ചിദാനന്ദന്റെ ‘വിശപ്പും’ മാസികയുടെ കുതിപ്പ് എന്താണെന്ന് സുവ്യക്തമായി പ്രഖ്യാപിച്ചു. കെ.ജി.എസിന്റെ ധൈഷണികമേധാവിത്തം കേവലമാനവികതയുടെ തലത്തില്‍നിന്ന് നവീനമായ ഒരു രാഷ്ട്രീയ ദിശാബോധത്തിലേക്ക് മനുഷ്യന്മാരെ ഉയര്‍ത്തുകയായിരുന്നു.എന്നിട്ടും ‘മാര്‍ക്‌സിസത്തിന്റെ മുഖം
മൂടിയണിഞ്ഞ അസ്‌തിത്വവാദ’മെന്ന് ഒരു മുഖ്യധാരാരാഷ്ട്രീയകക്ഷി ‘പ്രസക്തി’യെ അപലപിച്ചു.

രണ്ടുലക്കമേ ഇറങ്ങിയുള്ളുവെങ്കിലും ‘പ്രസക്തി’ക്കെതിരെ ഒരു വാരിക മൂന്നു ലക്കങ്ങളില്‍ വിമര്‍ശനലേഖനം
പ്രസിദ്ധീകരിച്ചു. രണ്ടാം ലക്കത്തിനെതിരെയുളള പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ന്യൂസ് സ്റ്റാന്റുകളില്‍
നിന്നും ‘പ്രസക്തി’ അപ്രത്യക്ഷമായി. ചെറുകാടിന്റെ മകനും ഞങ്ങളുടെ സഹപാഠിയുമായിരുന്ന മദനന്‍ വീട്ടില്‍
സൂക്ഷിച്ചിരുന്ന രണ്ടാം ലക്കം പ്രസക്തിക്കെട്ട് വലിച്ചെറിയപ്പെട്ടു!
‘പട്ടില്‍ പൊതിഞ്ഞ കഠാരയാണ് പ്രസക്തി’ എന്ന എം.ആര്‍ ചന്ദ്രശേഖരന്റെ എര്‍ണാകുളം പ്രസംഗത്തിലെ
പ്രസ്‌താവം അവിടെത്തന്നെ ചോദ്യം ചെയ്യപ്പെട്ടത് വാര്‍ത്തയായി. എഴുപതുകളിലെ ക്ഷുഭിതയൗവനത്തിന്റെ
സാംസ്‌ക്കാരികമാനിഫെസ്‌റ്റോ ആയി ‘പ്രസക്തി’ അറിയാതെ അംഗീകൃതമായി. എഴുപതുകളില്‍ ‘വസന്തത്തിന്റെ ഇടിമുഴക്കം’ സൃഷ്ടിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തോടുള്ള രാഷ്ട്രീയമായ
പ്രതിബദ്ധതയേക്കാള്‍ ദാസിന്റെ മസൃണമായ മനസ്സ് അശാന്തനിശബ്ദതയോടെ പിന്‍തുടര്‍ന്നത് അതിനകത്തുള്ള
സമര്‍പ്പിതചേതസ്സുകള്‍ പ്രസരിപ്പിച്ച നന്മയുടെ നറുസുഗന്ധത്തെയായിരുന്നു. പട്ടാമ്പിത്തെരുവിലെ ഗിരിപ്രഭു
എന്ന വൃദ്ധയാചകനോട് കാണിച്ച കാരുണ്യത്തോടൊപ്പം ആദരവ് കലര്‍ന്ന അംഗീകാരവും സൗഹൃദവുമായിരുന്നു അന്ന് നക്‌സലൈറ്റ് പ്രസ്ഥനത്തിന്റെ അഖിലേന്ത്യാനേതാവായിരുന്ന
കെ.വേണുവിനോടും ദാസ് കാണിച്ചത്. ആക്ടിവിസ്റ്റുകളല്ലാതിരുന്നിട്ടുകൂടി ദാസും മോഹനനും അറസ്റ്റ് ചെയ്യപ്പെട്ടത് വിപ്ലവപ്രവര്‍ത്തകരുമായി വെച്ചുപുലര്‍ത്തിയ സൗഹൃദവും അനുഭാവവും കൊണ്ടു മാത്രമായിരുന്നു.
അടിയന്തിരാവസ്ഥയുടെ ഭീകരദിനങ്ങളില്‍ 1976 ഏപ്രില്‍ 19 മുതല്‍ 1977 മാര്‍ച്ച് 23 വരെ തടവറയില്‍ അദ്ദേഹം
വി.മോഹനനുള്‍പ്പെടെ മററു പലരോടുമൊപ്പം കഴിയേണ്ടിവന്നത് നക്‌സലൈറ്റ് പ്രസ്ഥാനം മുന്നോട്ട് വെച്ച
ഉന്‍മൂലനസിദ്ധാന്തത്തോടുള്ള രാഷ്ട്രീയമായ പ്രതിബദ്ധത കൊണ്ടല്ല മനുഷ്യനന്മയോടുള്ള അചഞ്ചലമായ
കൂറും സമൂഹത്തിനായി ജീവന്‍ സമര്‍പ്പിക്കാന്‍ സന്നദ്ധരായ വിപ്ലവപ്രവര്‍ത്തകരോടുളള സ്‌നേഹനിര്‍ഭരമായ
ഐക്യദാര്‍ഢ്യവും കൊണ്ടു മാത്രമായിരുന്നു എന്ന വാസ്‌തവം പലരും മനസിലാക്കിയിട്ടില്ല. ഒരു മാസക്കാലം
മാലൂര്‍ക്കുന്നിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അനുഭവിക്കേണ്ടിവന്ന മഹാപീഡന ദുരിതങ്ങളെ ക്കുറിച്ച്
ദാസ് പില്‍ക്കാലത്ത് എഴുതിയത് വായിച്ചാല്‍ ഒരു ഉറുമ്പിന് പോലും നോവേല്‍ക്കുന്നതില്‍ പിടയുന്ന ആ മനസ്സ്
എങ്ങനെ ഇതെല്ലാം സഹിച്ചു എന്ന് നാം അല്‍ഭുതപ്പെടും.
‘മാവോയില്‍ നിന്ന് താവോയിലേക്ക് നടന്ന ഒരാളാ’യി ദാസിനെ ചിത്രീകരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുക
അദ്ദേഹത്തെ സംബന്ധിച്ച് തികച്ചും അയഥാര്‍ഥമായ ഒരു ചിത്രമാണ്. അദ്ദേഹം ഒരിക്കലും നക്‌സലൈറ്റ്
രാഷ്ടീയ സമരധാരയിലോ ജനകീയസാംസ്‌കാരികവേദി പ്രവര്‍ത്തനത്തിലോ ഉണ്ടായിരുന്ന ആളല്ല. ജയിലില്‍
നിന്ന് തന്റെ ജ്യേഷ്‌ഠനായ പി.എന്‍. രവീന്ദ്രന് അദ്ദേഹം എഴുതിയ കത്തുകള്‍ യാഥാര്‍ഥ്യം വെളിവാക്കുന്നതാണ്.
‘പ്രിയപ്പെട്ട ഏട്ടാ, എന്നെ ഓര്‍ത്ത് തീരെ വിഷമിക്കരുത്. എന്റെ സമയ ദോഷം കാരണം ഉണ്ടായ ഒരു ദുര്‍വിധിയായി
ഇതിനെ കണ്ടാല്‍ മതി. ഇതിനാല്‍ നമ്മുടെ നല്ലവനായ അച്ഛനും മാന്യമായ കുടുംബത്തിനും ഉണ്ടായ അവമതിയില്‍
നിന്ന് പൂര്‍ണമായി മുക്തി കിട്ടാന്‍ ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ എനിക്കു കഴിയുമെന്നും ജീവിതത്തില്‍ ഇക്കാലം
വരെ ഒരാള്‍ക്കും ഒരു തെറ്റും ചെയ്യാത്ത എനിക്ക് ഈ ദുര്‍വിധി തല്‍ക്കാലത്തേക്ക് മാത്രമാണെന്നും ഉറച്ച് വിശ്വസിച്ച്
എല്ലാവരും സമാധാനിക്കണമെന്ന ഒരപേക്ഷ മാത്രമെ എനിക്കുള്ളു. ആറു മാസത്തിനകം ഒരു പ്രത്യേക കമ്മീഷന്‍
ഇത്തരം തടവുകാരെപ്പറ്റി പഠിച്ച് നിലവിലുളള തെറ്റിദ്ധാരണ നീങ്ങുകയും നല്ല അഭിപ്രായം കിട്ടുകയും ചെയ്‌താല്‍
വിട്ടയയ്‌ക്കും. എന്തെങ്കിലും തരത്തില്‍ നേരിയ സംശയമുളള ആരേയും ഈ പരിതസ്ഥിതിയില്‍ തടവില്‍ വെക്കാം
എന്നതിനാലാണ് ഈ തടവെന്ന് പറയാത്ത തടവ്.
കെ. രാമചന്ദ്രന്‍ എന്ന പേരില്‍ മാതൃഭൂമി, മലയാളനാട് എന്നീ
വാരികകളില്‍ എഴുതുന്ന ഒരു സാഹിത്യകാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടു എന്നെ സ്‌കൂളില്‍ അന്വേഷിച്ച്
വരികയും അവിടെ കാണാതെ വീട്ടില്‍ വരികയും സാഹിത്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്‌ത ഒരാളാണ് എന്നെ
സംശയാസ്‌പദനാക്കിയത്. കോളജില്‍ പഠിക്കുമ്പോള്‍ ഞാനും എന്റെ സഹപാഠികളും ചേര്‍ന്ന പ്രസിദ്ധീകരിച്ച ‘പ്രസക്തി’
ലോകത്തിലുളള എല്ലാ തത്വശാസ്‌ത്രങ്ങളേയും ഈ രണ്ടു ലക്കങ്ങളിലായി അവതരിപ്പിക്കുക എന്ന ലക്ഷ്യമുളള
ഒരു മാസികയായിരുന്നുവെന്നും മാര്‍ക്‌സിസം ഒരു തത്ത്വശാസ്‌ത്രമെന്ന നിലയ്‌ക്ക് മാസികയില്‍ കൈകാര്യം ചെയ്‌തു
എന്നും എനിക്ക് രാഷ്ട്രീയമായി ഒരു ചിന്താഗതിയുമായും അടുപ്പമില്ലെന്നും അയാളോട് പറയുകയും അയാള്‍ തിരിച്ച്
പോവുകയും ചെയ്‌തു. അയാള്‍ കോഴിക്കോട് എ ഐ ആറില്‍ ഒരു നാടകം കൊടുക്കാനായി വന്നപ്പോള്‍ എന്നേയും
കാണാമെന്ന് കരുതി എലത്തൂരില്‍ വന്നതാണെന്ന് പറഞ്ഞു. അയാളൊരു തീവ്രവാദി പ്രവര്‍ത്തകനായിരുന്നു എന്ന്
ക്രൈംബ്രാഞ്ചില്‍ വെച്ചാണ് അറിഞ്ഞത്. പറമ്പത്ത് വച്ച് ബസ്സ് കയറാന്‍ നില്‍ക്കുമ്പോള്‍ ശ്രീനിയേയും
യാദൃശ്ചികമായി കണ്ടു. ശ്രീനിയും ഇവിടെയെത്തി…
ഞാന്‍ കാരണം നിങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടായ വിഷമം
ഓര്‍ത്തുളള ദുഃഖം വിവരിക്കാന്‍ പറ്റില്ല. എന്നെ ഓര്‍ത്ത് വേദനിക്കരുതെന്ന് അച്ഛനോടും അമ്മയോടും
മറ്റെല്ലാവരോടും അപേക്ഷിക്കുന്നു.
അക്കാലത്ത് മറ്റൊരു വിപ്ലവസരണിയിലൂടെ
സഞ്ചരിക്കവെ തിരുവനന്തപുരത്ത് വിദ്യാര്‍ഥിയായിരുന്ന ഞാനും അറസ്‌റ്റ് ചെയ്യപ്പെടുകയും
ലോക്കപ്പിലാവുകയും ചെയ്‌തിരുന്നു. ശിബ്ദാസ് ഘോഷ് ചിന്തകളെക്കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍
മുന്‍വിധിയുടെ ചിന്താഭാരമൊട്ടുമില്ലാതെ തുറന്ന മനസോടെ കേട്ടിരിക്കുകയും പില്‍ക്കാലത്ത് താന്‍ നേടിയ
പുതിയ അറിവിന്റെ വെളിച്ചത്തില്‍ അദ്ദേഹമെഴുതിയ ഒരു ലേഖനത്തില്‍ ശിബ്ദാസ്‌ഘോഷിനെ പ്രകീര്‍ത്തിച്ചു
കൊണ്ടു ചില നിരീക്ഷണങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ വിമര്‍ശനാതീതമായി ഒരു
ചിന്തയ്‌ക്കും അപ്രമാദിത്വം കല്‍പിക്കരുത് എന്ന് അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
കാള്‍മാര്‍ക്‌സിനെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ദാര്‍ശനികനായി അംഗീകരിക്കുമ്പോള്‍ത്തന്നെ ബുദ്ധനെ
വൈയക്തികപരിവര്‍ത്തനത്തിന്റെ വഴികാട്ടിയായി സ്വീകരിക്കണം എന്നായിരുന്നു ദാസിന്റെ
അഭിപ്രായം. ശുദ്ധോദന രാജാവിന്റെ മകനായ ഗൗതമബുദ്ധനെ മാത്രമല്ല ബോധോദയം നേടിയ എല്ലാ
ബുദ്ധന്‍മാരെയുമാണ് താന്‍ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്, എന്തിനു നേരെയും ‘അതെ അതെ’
എന്ന് ഉരുവിട്ടു കൊണ്ടിക്കുന്ന നമുക്ക് പുതിയതൊന്ന് കാണാനുള്ള മേധാപരമായ ശുദ്ധിയോ ബലമോ
ഉണ്ടാവില്ലെന്ന് ദാസ് പറയുന്നു. കുടുംബത്തോട്, മേലാളരോട്, മതങ്ങളോട്,
പാര്‍ട്ടികളോട്, ഗവണ്‍മെന്റുകളോടെല്ലാം ‘അതെ’ എന്നു പറയലാണ് നമ്മുടെ ജീവിതം. ലോകത്തിന്റെ
ഈ അസാന്മാര്‍ഗികതയ്‌ക്കു നേരെ ‘അല്ല അല്ല’ എന്നു പറഞ്ഞവരായിരുന്നു ബുദ്ധനും ക്രിസ്‌തുവും മാര്‍ക്‌സും
ഗാന്ധിയും. എന്നാല്‍ ബുദ്ധന്‍ പറഞ്ഞതിനെ ബൗദ്ധരും ക്രിസ്‌തു പറഞ്ഞതിനെ ക്രൈസ്‌തവരും മാര്‍ക്‌സ്
പറഞ്ഞതിനെ മാര്‍ക്‌സിസ്‌റ്റുകളും ഗാന്ധി പറഞ്ഞതിനെ ഗാന്ധിയന്മാരും ‘അതെ അതെ’ എന്ന് ഉരുവിടാന്‍
തുടങ്ങിയപ്പോള്‍ അവര്‍ ജീവിതത്തിന്റെ ഒരു പകുതി സത്യത്തെ, അനുക്ഷണം വികസിച്ചു കൊണ്ടിരിക്കുന്ന,
അതു കൊണ്ടു തന്നെ മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യത്തെ നിരസിക്കുകയും പഴയ ഒരു
ലോകത്തെ കാണാന്‍ ശ്രമിക്കുകയുമാണ്. അത് പുതിയ ലോകത്തിന്റെ യഥാര്‍ഥ കാഴ്‌ചയെ
മറയ്‌ക്കുകയാണെന്നും പി.എന്‍.ദാസ് പറഞ്ഞു.
1979 കാലത്ത് കോഴിക്കോട് ടീച്ചര്‍ എജുക്കേഷന്‍ കോളജില്‍ ബി എഡിനു ചേര്‍ന്നപ്പോള്‍
എലത്തൂര്‍ സി.എം.സി. ഹൈസ്‌കൂളില്‍ യു.പി വിഭാഗം അധ്യാപകനായിരുന്ന ദാസും അവിടെ എത്തിയത്
പട്ടാമ്പിക്കു ശേഷമുള്ള രണ്ടാം കൂടിച്ചേരലായി. ദാസിന്റെ കൂടി പ്രേരണയോടെ മാഗസിന്‍ എഡിറ്റര്‍ സ്ഥാനത്തേക്ക്
ഇടതുപക്ഷ പാനലില്‍ മല്‍സരിച്ച് ജയിച്ചപ്പോള്‍ മാഗസിന്‍ സര്‍ഗസുന്ദരമാക്കുന്നതില്‍ ദാസും തനതായ
സംഭാവന നല്‍കി, വര്‍ഷങ്ങള്‍ക്കുശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിഷ്‌ക്രിയനായതിനു പിന്നിലെ
കാരണവും അതിന്റെ ഹൃദയഭാരവും ദാസിനു മുന്നില്‍ ഞാന്‍ ഇറക്കി വെച്ചപ്പോള്‍ ആ ‘മഹാമനുഷ്യന്‍’ ഇനി
നമുക്ക് മരിച്ചു കഴിഞ്ഞവര്‍ പരലോകത്ത് കഴിയുന്നതായി വിശ്വസിക്കപ്പെടുന്നതുപോലെ സമ്പൂര്‍ണ
വിസ്‌മൃതിയില്‍ ഇഹലോകത്ത് കഴിയാം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയുണ്ടായി.
ജയിലിലെ പീഡാനുഭവങ്ങള്‍ നല്‍കിയ തിരിച്ചറിവുകളും രാഷ്ട്രീയ മേഖലയിലെ തന്റെ പരിമിതികളെക്കുറിച്ചുള്ള
ഉത്തമബോധ്യവും നിമിത്തം ആത്മശുദ്ധീകരണത്തിന്റെ പുത്തന്‍ വഴികളെക്കുറിച്ചുള്ള അന്വേഷണം
ദാസ് തുടര്‍ന്നു കൊണ്ടിരുന്നു. ജയിലില്‍ നിന്ന് പുറത്തുവന്നത് കനത്ത വിശ്വാസപ്രതിസന്ധിയോടെയായിരുന്നു
എന്ന് ദാസ് എഴുതിയിട്ടുണ്ടു, വീടിനു പുറത്ത് ലോകം കൂടുതല്‍ അനാഥവും ഏകാന്തവുമായി മാറുന്നപോലെ
അദ്ദേഹത്തിന് തോന്നി. വിപ്ലവ രാഷ്ട്രീയവുമായി ബന്ധമുണ്ടായിരുന്ന പലരും മനോരോഗികളായി. സുബ്രഹ്മണ്യദാസ്,
സലീം തുടങ്ങിയ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്‌തു, ആശയ-വിശ്വാസ
പ്രതിസന്ധികളുടെ ഇത്തരമൊരു ദശാസന്ധിയിലാണ് ആശയവും സാന്ത്വനവും തേടി പല ആത്മീയ
കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്‌തതെന്ന് അദ്ദേഹം പറയുന്നു. ജെ.കൃഷ്‌ണമൂര്‍ത്തിയെ വായിക്കാന്‍
തുടങ്ങിയതും തുടര്‍ന്ന് ധ്യാനത്തിന്റെ വഴിയിലെത്തുന്നതും അതിലൂടെ ജീവിതത്തില്‍ നവമായ
ഒരു പ്രത്യാശ ജനിക്കുന്നതും ഈ ഘട്ടത്തിലാണെന്നും ദാസ് പറഞ്ഞിട്ടുണ്ടു .
ദീപാങ്കുരന്റെ പത്രാധിപത്യത്തില്‍ ‘വൈദ്യശസ്‌ത്രം’ എന്ന മാസിക പ്രസിദ്ധീകൃതമായപ്പോള്‍
ആരോഗ്യത്തിന്റെ സംസ്‌കാരത്തിനും സംസ്‌കാരത്തിന്റെ ആരോഗ്യത്തിനുമുള്ള ആയുധമാണ് അത്
എന്ന് അദ്ദേഹം നിര്‍വചിച്ചു. ‘അം’ എന്ന പദം ‘ശാസ്‌ത്രം’ എന്ന് പലരും തെറ്റായി വായിച്ചത്
കൊായിരുന്നു അത്. തപ്പിയും തടഞ്ഞുമാണെങ്കിലും ഇരുപത് കൊല്ലക്കാലം ‘വൈദ്യശസ്‌ത്രം’ അതിന്റെ
യാത്ര തുടര്‍ന്നു. വായന ഗൗരവത്തിലെടുക്കുന്നവര്‍ ‘പ്രസക്തി’ യെപ്പോലെ ‘വൈദ്യശസ്‌ത്ര’ത്തെയും
മറക്കുന്നില്ല. വി.മോഹനന്‍ തന്റെ ചിത്രകലയുടെ പുത്തന്‍ ഭാവുകത്വത്തിലൂടെ ‘വൈദ്യശസ്‌ത്ര’ത്തെ
സമ്പുഷ്ടമാക്കിയതായി ദാസ് പറയുന്നു. വൈദ്യശസ്‌ത്രം മാസികയിലെ മോഹനന്റെ മൂന്നാംഘട്ട
ചിത്രങ്ങള്‍ മലയാളികള്‍ക്കപരിചിതനായ ഒരു സെന്‍ ചിത്രകാരനെ പരിചയപ്പെടുത്തുന്നു. ‘മനുഷ്യനി’ലെ
വരകളുടെ സങ്കീര്‍ണതയില്‍നിന്നും ലാളിത്യത്തിലേക്കും പുരുഷത്വത്തില്‍നിന്ന് സ്‌ത്രൈണതയിലേക്കും
നൈതികതയില്‍നിന്ന് കാരുണ്യത്തിലേക്കും വൈദ്യശസ്‌ത്രത്തിലെ ചിത്രങ്ങള്‍ മാറുകയും അതിലൂടെ
അവ കൂടുതല്‍ അര്‍ത്ഥവത്തും ലക്ഷ്യബോധമുള്ളവയുമായി പരിണമിച്ചിരിക്കുന്നതായും അത് മാസികയെ
കൂടുതല്‍ സ്വീകാര്യമാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ദാസ് പറയുന്നു. കവി വി.ടി .ജയദേവന്‍,
പ്രസാദ്‌ശേഖര്‍, സി. ലതീഷ് തുടങ്ങിയവരുടെ നിതാന്ത ജാഗ്രതയും അശ്രാന്ത പരിശ്രമവും കാരണമാണ്
വൈദ്യശസ്‌ത്രം അത്രയും നീണ്ട കാലം നിലനിന്നുപോയതെന്ന് ദാസ് എപ്പോഴും സ്‌മരിക്കാറുണ്ട്.
ആശയമേഖലയിലെ നിര്‍ഭയത്വം, അറിഞ്ഞതില്‍ നിന്നും മോചനം നേടാനുള്ള നിതാന്ത ജാഗ്രത .
എല്ലാം പി.എന്‍.ദാസ് എന്ന അഹന്താശൂന്യവ്യക്തിത്വത്തെ നവംനവമായ ഉണര്‍വുകളിലേക്ക് നയിച്ചുകൊണ്ടിരുന്നു.
കാമുവിലും കാഫ്‌കയിലും ദോസ്റ്റോയെവിസ്‌കിയിലും ഗോര്‍ക്കിയിലും മാര്‍ക്‌സിലും മാവോയിലുമൊന്നും
നിലയുറപ്പിക്കാതെ ജിദ്ദു കൃഷ്‌ണമൂര്‍ത്തിയിലും സെന്‍ ബുദ്ധിസത്തിലും തിച്ച്‌നത്‌ഹാനിലും താവോയിലും
ദാദാ ലേഖരാജിലും ഓഷോയിലുമൊക്കെ നൈമിഷികവിശ്രാന്തി കണ്ടെത്തിയ ആ മനസ്സിന്റെ യാത്ര എവിടെയും
ഒതുങ്ങുമായിരുന്നില്ല. തന്റെ പതിനേഴ് പുസ്‌തകങ്ങളിലൂടെ ദാസ് തന്റെ ഹൃദയത്തില്‍ ഉറവയെടുത്ത കരുണയുടെ
അരുവികളെ ജനകോടികളുടെ തപ്‌തമനസ്സുകളിലേക്ക് ഒഴുക്കുകയായിരുന്നു. ഏത് സാധാരണക്കാരനും മനസ്സിലാവുന്ന
അതി സരളമായ ഭാഷയില്‍ ദാസ് ഒരു സ്‌നേഹപ്രപഞ്ചം സ്യഷ്ടിക്കുകയായിരുന്നു. പട്ടിണിമൂലം മരിച്ച ഒരു
അനാഥബാലന്റെ മൃതദേഹം ആരും ശ്രദ്ധിക്കാതെ റെയില്‍വെസ്റ്റേഷനില്‍ കിടന്നതും ലേഖകനും കൂട്ടുകാരനും
കൂടി ആ മൃതദേഹം സമുചിതമായ സ്‌നേഹാദരങ്ങളോടെ മണല്‍തിട്ടയില്‍ കുഴിവെട്ടി സംസ്‌കരിക്കുന്നതും
‘മനുഷ്യന്‍-ഒരു ഓര്‍മ്മക്കുറിപ്പ്’ എന്ന ഹ്യദയസ്‌പര്‍ശിയായ ഒരു വിവരണത്തിലൂടെ ദാസ് സ്‌മരിക്കുന്നുണ്ട്.
പിന്നീട് ഒരു ഷോര്‍ട്ട് ഫിലിമായും ഈ അനുഭവകഥ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അനാഥശവം അനധികൃതമായി
കുഴിച്ചുമൂടുന്നതിലെ നിയമപ്രശ്‌നങ്ങളെക്കുറിച്ച് അന്ന് അജ്ഞരും അശ്രദ്ധരുമായിരുന്നു ദാസും ആ അനുഭവകഥയില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരനായ ഈ ലേഖകനും!
പുസ്‌തകങ്ങള്‍ അവാര്‍ഡിനായി അയക്കുന്ന ശീലം ദാസിനില്ലായിരുന്നു. താന്‍ എഴുതിയത് ആരെങ്കിലും
വായിക്കുന്നെങ്കില്‍ അത് തന്നെയാണ് തനിക്കുള്ള പുരസ്‌കാരം എന്ന് കരുതിയിരുന്ന അദ്ദേഹത്തെ കേരള
സാഹിത്യഅക്കാദമി 2014 ല്‍ ‘ഒരു തുള്ളി വെളിച്ചം’ എന്ന കൃതിക്ക് കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്‌മെന്റ്
പുരസ്‌കാരം നല്‍കി ആദരിക്കുകയായിരുന്നു. സി.ആര്‍.ആര്‍ വര്‍മ്മയോടൊപ്പം പ്രകൃതിജീവനത്തിന്റെ
പാതയില്‍ സഞ്ചരിച്ചിരുന്ന ദാസ് ജീവിതാന്ത്യം വരെ തനിക്കു വേണ്ട ഭക്ഷണം സ്വയം പാകം ചെയ്യുന്നതും
സ്വന്തം വസ്‌ത്രം സ്വയം കഴുകുന്നതും ജീവിത നിഷ്‌ഠയാക്കിയിരുന്നു.
അങ്ങനെയിരിക്കെ ഒരു നാള്‍ ദാസ് എന്നെ വിളിച്ചു വരുത്തി മൂത്രചികില്‍സയെക്കുറിച്ച് ഗൗരവപൂര്‍വം
സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ‘ഈ വഴി എവിടെയാവും
അവസാനിക്കുക?’എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദരഹിതമായ ക്‌ളാസിക്കല്‍ ചിരി ഏറെ നേരം തുടര്‍ന്നു.
‘ഇത് നമ്മെ അപഹാസ്യരാക്കില്ലേ?’എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘സത്യത്തിനുവേണ്ടിയുള്ള അവഹേളനങ്ങള്‍
ഏറ്റുവാങ്ങുന്നത് അഭിമാനകരമല്ലേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോദ്യം. ‘ശരിയല്ല എന്ന് തിരിച്ചറിയുന്ന
നിമിഷം നമുക്കിതും ഉപേക്ഷിക്കാം.’ അതായിരുന്നു ദാസിന്റെ രീതി. ‘നേതി,നേതി’ എന്ന നിതാന്തമായ സത്യാടനം!
ജെ.ഡബ്ല്യൂ ആംസ്‌ട്രോങിന്റെ ‘ദ വാട്ടര്‍ ഓഫ് ലൈഫ്’ എന്ന ഗ്രന്ഥം വായിച്ചതനുസരിച്ച് നടത്തിയ
പരീക്ഷണത്തിലൂടെ തന്റെ ജ്യേഷ്‌ഠന്റെ കാന്‍സറും തന്റെ നാട്ടുകാരനായ ചെറുപ്പക്കാരന്റെ ഓപ്പറേഷന്‍ ചെയ്യാന്‍
പറ്റാത്ത ബ്രെയ്‌ന്‍ ട്യൂമറും സുഖപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തി. മഹാരാഷ്ട്രയിലും രാജസ്ഥാനിലും
നടന്ന യൂറിന്‍തെറാപ്പി ദേശീയ സമ്മേളനങ്ങളിലും കോലാപ്പൂരില്‍ നടന്ന ഗവേഷക സെമിനാറിലും ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്തു
എല്ലാ വിഭാഗം ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ‘വൈദ്യശസ്‌ത്ര’ത്തിനു വേണ്ടി ദാസിന്റെ ആവശ്യപ്രകാരമാണ് ആംസ്‌ട്രോങിന്റെ
‘ദ വാട്ടര്‍ ഓഫ് ലൈഫ്’ പരിഭാഷപ്പെടുത്തിയത്. പക്ഷേ ദാസ് എവിടെയെങ്കിലും തങ്ങി നിന്നുപോകുന്ന ഒഴുക്കല്ല എന്നെനിക്ക് അറിയാമായിരുന്നു.
ഒരു വീഴ്‌ചയില്‍ എല്ലൊടിഞ്ഞ് കിടപ്പിലായ ശേഷം രോഗമുക്തനായ ദാസ് ഒരു ദിവസം എന്നോട് പറഞ്ഞു:
‘ഇനി നമുക്ക് വേണ്ടത് മരണത്തെ ബോധപൂര്‍വം പരിഗ്രഹിക്കുന്നതിനുള്ള ആത്മപരിശീലനമാണ്.’ ജീവിതത്തില്‍ നിന്ന് മരണത്തിലൂടെ ദാസ് തന്റെ ലക്ഷ്യമില്ലാത്ത അനന്തയാത്ര തുടരുകയാവാം, സത്യാന്വേഷണ യാത്രയില്‍ ഒടുവില്‍
കണ്ടെത്തിയ സതീഷ്‌കുമാറിനെപ്പോലെ (നോ ഡെസ്റ്റിനേഷന്‍ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബര്‍ട്രാന്‍റ് റസ്സല്‍
നടത്തിയ ആണവായുധവിരുദ്ധസമരത്തില്‍ പ്രചോദിതനായി അതിന്റെ പ്രചാരണ ലക്ഷ്യത്തോടെ ഇന്ത്യയില്‍ നിന്ന്
അമേരിക്കവരെ കാല്‍ക്കാശ് കയ്യില്‍ കരുതാതെ കാല്‍നടയാത്ര നടത്തിയ പ്രക്യതിസ്‌നേഹിയായ സാഹസികയാത്രികന്‍)
ദാസിന്റെ മരണവാര്‍ത്ത ആപ്രതീക്ഷിതമായി അറിഞ്ഞഞെട്ടലില്‍, പട്ടാമ്പിയില്‍ നിന്ന് മൃതദേഹം അന്ത്യദര്‍ശനത്തിനു വച്ച കോഴിക്കോട് ടൗണ്‍ഹാളില്‍ ധ്യതിപിടിച്ചെത്തിയ ഞങ്ങളുടെ പഴയസഹപാഠി നിര്‍മലചിത്തനായ, ദാസ് കളിയായി
‘ബ്രഹ്മം’ എന്ന് വിളിക്കുന്ന കെ.സി.നാരായണന്‍ നമ്പൂതിരി തന്റെ ചിരകാല സുഹ്യത്തിന്റെ അന്ത്യശയനം കണ്ട് നിയന്ത്രണം
വിട്ട് പൊട്ടിക്കരഞ്ഞു. ‘എനിക്കെന്നും വഴികാട്ടിയായിരുന്ന എന്റെ വിളക്കുമരം കടപുഴകി വീണിരിക്കുന്നു’.
പി.എന്‍.ദാസിന്റെ സ്‌നേഹസാന്നിധ്യം നഷ്ടപ്പെട്ട് നിശ്ശൂന്യമായ മനസ്സില്‍ അദ്ദേഹത്തിന്റെ ഭാവസാന്ദ്രമായ വാക്കുകള്‍ മുഴങ്ങുന്നു.
‘അപവിത്രത, അക്രമം, ഹിംസ, സംഘര്‍ഷം, വിഭാഗീയത എന്നിവ നമ്മുടെ ജീവിതത്തെ അടിമുടി ഗ്രസിച്ചു കൊണ്ടിരിക്കുന്നു.
സദാചാര ശൂന്യതയുടെ ഇരുട്ട് ജീവിതത്തിന്റെ എല്ലാമേഖലകളെയും വിഴുങ്ങിക്കൊിരിക്കുന്നു. മനുഷ്യന്റെ മിടിപ്പ് സര്‍ഗാത്മക
പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം നിന്നുപോയിക്കൊണ്ടിരിക്കുന്നു. ഞാനാണ് ഇതിനെല്ലാം കാരണക്കാരന്‍. ഈ ലോകം ഇത്രയ്‌ക്ക്
കൊള്ളാത്തതായി മാറിയതില്‍ എനിക്കുകൂടി പങ്കുണ്ടു. എന്റെ ഉള്ളിലെ സംഘര്‍ഷവും ഭയവും ഒളിച്ചോട്ടവും, അസത്യവും
വിധേയത്വവും എല്ലാമാണ് ഈ ലോകം ഇങ്ങനെയായതിന്റെ പിന്നിലുള്ളത്. ഇങ്ങനെയൊന്നും നമുക്ക് തോന്നാത്തതെന്താണ്?
പ്രതികരിക്കാനുള്ള ശേഷി പൂര്‍ണമായി ഇല്ലാതായി എന്നു പറഞ്ഞ് ഉദാസീനരായിരിക്കാന്‍ നാം പരിശീലിക്കപ്പെട്ടിരിക്കുന്നു.
ഞാന്‍ ഇരുന്ന് സംസാരിക്കുന്ന മുറിയിലേക്ക് ഒരു പാമ്പ് കടന്നുവരുന്നു. അത് എന്റെ കാലില്‍ കടിക്കാതിരിക്കാനായി ഞാന്‍
വളരെ ജാഗ്രതയോടെയാണ് ഇരിക്കുന്നത്. നാം ഓരോരുത്തരും ഇത്തരത്തിലുള്ള ജാഗ്രത പുലര്‍ത്തുന്നു. ഈ പാമ്പിനെക്കുറിച്ചുള്ള
അപകടഭീതിപോലെ നമ്മുടെ ജീവിതത്തെ ഗ്രസിക്കുവാന്‍ വാ പിളര്‍ന്നു നില്‍ക്കുന്ന നീതി ശൂന്യതയ്‌ക്കെതിരായി നമുക്ക് ഉണരുവാന്‍ കഴിയുമോ? നമ്മുടെ വിദ്യാലയങ്ങള്‍ നമ്മുടെ കുട്ടികളെ ഇതിന് പ്രാപ്‌തരാക്കാന്‍ ഒരുങ്ങുമ്പോഴത്രെ യഥാര്‍ഥമായ അറിവ് തുടങ്ങുന്നത്.’ (ബോധി വൃക്ഷത്തിന്റെ ഇലകള്‍)