ഒരു പകൽ മുഴുവനും ഒരാളെ മറ്റൊരാളുടെ കണ്ണാൽ അടുത്തുകാണുവാൻ,
മിണ്ടുമ്പോൾ ….കണ്ണുകൊണ്ടു പരസ്പരം കേൾക്കുവാനാണവർ ലൂണാ ലേയ്ക്കിൽ എത്തിച്ചേർന്നത് .
ഇന്നലെ വരെ അങ്ങനെയൊരു സ്ഥലമവർക്കു സ്വപ്നം മാത്രമായിരുന്നു.
യാദൃശ്ചികമെങ്കിലും അതു യാഥാർഥ്യമായതിൽ ഇരുവരും അൽഭുതം കൂറി.
കാലത്തൊൻമ്പതുമണിമുതൽ ഒന്നരവരെയും ഒന്നര മുതൽവൈകിട്ട് ആറുമണിവരെയുമുള്ള രണ്ടു സെഷനുകളായാണു പ്രവേശനം.
അമ്പത് ഏക്കർ സ്ഥലമെങ്കിലുമുള്ള സ്വകാര്യവനമായിരുന്നു അത്
ഭാവനാശാലിയായ ആ മനുഷ്യൻ പരിസ്ഥിതിപരിപാലനം ജീവിതചര്യയെന്നു കരുതിപ്പോരുന്നതിനാൽ വനത്തെ അതിൻറെ സ്വാഭാവികതയിൽ പരിരക്ഷിച്ചുപോന്നു, മഹാപ്രളയത്തിൽ മൂടിപ്പോയിട്ടും പഴയതിനെക്കാൾ പുഷ്ടിയോടെ പ്രകൃതിയതിനെ അയാൾക്കു തിരിച്ചുനൽകി. സ്വാഭാവികമായും
നടത്തിപ്പിനായുള്ള വരുമാനം അതിൽ നിന്നുകണ്ടെത്തുകയും ചെയ്യുന്നു
തോട്ടത്തിനുള്ളിൽ അവിടവിടെയായി അത്രയാഴമില്ലാത്ത പത്തുപന്ത്രണ്ടു ചെറുതുംവലുതുമായ തടാകങ്ങൾ. ഓരോ തടാകക്കരയിലും പലയിടങ്ങളിൽനിന്നു കലക്റ്റുചെയ്ത, ഒന്നിനൊന്നുവ്യത്യസ്തമായ മുളങ്കാടുകളുണ്ടായിരുന്നു. ഒരുക്കിയ പൂച്ചെടികളും, ബോൺസായികളും കൂടതെ, വെൺതേക്ക് നീർമരുത്, കൊന്ന ഇലഞ്ഞി കടമ്പ്പുന്ന പൈൻ ഇലവ് ചുവപ്പും മഞ്ഞയും നീലപ്പൂക്കളുമുള്ള ഗുൽമോഹറുകൾ തുടങ്ങിയ മറ്റുപലതരം വൃക്ഷങ്ങളും സ്വാഭാവിക മരങ്ങളോടൊപ്പം നട്ടുവളർത്തിയിരുന്നു. ഓരോ തടാകവും മുറിച്ചുകടക്കാൻ ആർച്ചുഷേയ്പ്പിൽ മുള കൊണ്ടുണ്ടാക്കിയ പാലവുമതിനു ബലമുള്ള കൈവരിയുമുണ്ടായിരുന്നു. അതിമുകളിൽനിന്നാൽ മീനുകളെയടുത്തുകാണാം. വളരെ അകലെയല്ലതെ എട്ടുപത്തൂഞ്ഞാലുകൾ ഓരോതടാകത്തിനു ചുറ്റിലുമുണ്ടാകും .
അവിടവിടെ തണൽനിറഞ്ഞമരങ്ങളിൽ ഏറുമാടങ്ങളുമുണ്ട്
പ്രവേശനഫീസിനു പുറമേ പണമടച്ചു കപ്പിൾസിനോ ഫാമിലിക്കോ അതുപയോഗിക്കാവുന്നതാണ് .
ഫ്രന്റ് ഗെയിറ്റുമുതൽ ഓരോതടാകത്തിനുചുറ്റും എട്ടുപത്തുപേർക്കുനടക്കാവുന്ന കാൽനടപ്പാത,വഴിയരുകിലും പൊതുയിടങ്ങളിലും ഇരുമ്പിലോ കോൺക്രീറ്റിലോ മരത്തിലോ മുളയിലോതീർത്ത ചാരുബെഞ്ചുകളുണ്ടായിരുന്നു .
സാമൂഹിക സാംസ്കാരിക പ്രോഗാമുകൾക്കുതകുന്ന സ്റ്റേജുകളും ,
സദസ്സിനുപറ്റിയ വിശാലമായ തുറസ്സുകളും ആ വനത്തിലുണ്ടായിരുന്നു .
പക്ഷികളും ചിത്രശലഭങ്ങളും തുമ്പികളുമതിൽപറന്നുകളിച്ചു .
പുകവലിയും മദ്യപാനവും അവിടില്ല .
ഫുഡ്വേസ്റ്റുകളോ പ്ലാസ്റ്റിക് മാലിന്യങ്ങളോ എവിടെയുംകാണാനില്ലായിരുന്നു .
അവരവരുടേതെന്നുതോന്നിക്കുന്ന മറ്റൊരുലോകമായിരുന്നു അത് .
ശരിക്കും ഉള്ളിൽകൊണ്ടുനടക്കാനാഗ്രഹിക്കുന്നഒരിടം .
പ്രവർത്തിദിവസമായതിനാൽ പാർക്കിൽ തീരെ തിരക്കു കുറവായിരുന്നു ,
പ്രവേശനകൂപ്പണെടുത്ത് അകത്തുകടന്നതോടെ ആസ്ഥലമവരെ ആവേശിച്ചിരുന്നു,
കൈകൾകോർത്തോ ചിലവേള അരക്കെട്ടുചുറ്റിപ്പിടിച്ചോ ചേർന്നുനടക്കുകയായിരുന്നു അവർ.രണ്ടുപേർ ഒന്നിച്ചിട്ടല്ലാതെ: ചേർന്നു നടക്കുവാൻ കഴിയില്ലെന്നുപറയുന്നതെത്ര വാസ്തവം .
അടുത്തതെന്തു കാണണോ,ഏതുവഴിനടക്കെണോ,എവിടെയാണിരിക്കേണ്ടത് .
അതെല്ലാം ആരും ആരെയും നിയന്ത്രിക്കാതെ ഒരുമിച്ചു തെരഞ്ഞെടുക്കുന്നതുപോലെ ഭവിച്ചു.ഇടയ്ക്ക്അയാൾ അവളെ അധികവേഗത്തിലല്ലാതെ ഊഞ്ഞാലിലിരുത്തിയാടിച്ചു. കവരകളുള്ള മരങ്ങൾക്കരുകിൽ ചിലപ്പോൾ ചാരിനിന്നു ,നടത്തയ്ക്കിടയിൽ തടാകക്കരയിൽ നിൽക്കുകയോ തണലിടങ്ങളിൽ ഇരിക്കുകയോചെയ്തു. കൈവരികളിൽപിടിച്ചു പാലത്തിൽ നിൽക്കുമ്പോൾ തടാകത്തിൻറെ ഭംഗിയാസ്വദിച്ചും,പതുക്കെ മുന്നോട്ടു നടന്നുകൊണ്ടിരുന്നു ,
എപ്പോഴവസരം കിട്ടിയാലും നിമിഷാർദ്ധം അവരിലൊരാൾ മറ്റേയാളെ ചുണ്ടുകൊണ്ടു മീട്ടിയിരുന്നു,
അല്ലാത്തനേരങ്ങളിൽ കണ്ണുകളാൽ കോരിക്കുടിച്ചിരുന്നു,
വാക്കുകളിൽ നിന്നു പൂക്കൾ വിടരുന്നനേരങ്ങളിൽ
ഒരാളുടെ ചൊടികളിൽ മറ്റൊരാളുടെ ചുണ്ടുകൾ ചിറകടിച്ചുനിന്നു
ക്യാമറകളുണ്ടാകും
അതിനവൾ ചിരിച്ചുകൊണ്ടു മറുപടിപറഞ്ഞു
ക്യാമറ വേണെങ്കിൽ …..കണ്ണടച്ചോട്ടെ .അല്ലപിന്നെ .
രണ്ടാമത്തെയോ മൂന്നാമത്തെയോകൂടിക്കാഴ്ച കഴിഞ്ഞു മാളിലെ ലിഫ്റ്റിൽവെച്ചു
നൊടിയിടയവൾ അയാളുടെ ചുണ്ടുകളിൽ ചുംബിച്ചപ്പൊഴും
അതിനെന്താ ….നാണമില്ലെങ്കിൽ ….ക്യമാറ കണ്ടോട്ടെയെന്നുപറഞ്ഞുചിരിച്ചതോർത്തു .
പാർക്കിൻറെ മറ്റൊരുകോണിൽ
സദസ്സും ഓഡിറ്റോറിയവും പോലെ തുറന്ന സ്പേസ് ഉണ്ടയിരുന്നു, സ്റ്റേജിൻറെമുകൾഭാഗംക്ലിയർ ഗ്ലാസ്സുകൊണ്ടുകവർ ചെയ്തിരുന്നു, അതിനുമുകളിൽ മുളയുടെ ഇലകൾ വീണുകിടക്കുന്നത്താഴെനിന്നുനോക്കുമ്പോൾ മനോഹരമായ അബ്സേർഡ് ആർട്ട്പോലെ തോന്നിച്ചു.
രണ്ടുപേർക്കും അതിഷ്ടപ്പെട്ടതുകൊണ്ട് ,സ്റ്റേജിലുള്ള സ്റ്റീലിൻറെ ചാരുബെഞ്ചിൽ അവരിരുന്നു.അയാളവളുടെ കാല്പാദങ്ങളെയെടുത്തു മടിയിൽവെച്ചു.
ഒറ്റയ്ക്ക് നടന്നദൂരങ്ങളെ ,
യാതനപർവ്വങ്ങളെ, ക്ലേശങ്ങളെ ,ചുണ്ടുകൾകൊണ്ടയാൾ കഴുകിയെടുത്തു ,
പേറ്റിച്ചിയുടെകയ്യിലെ ചോരക്കുഞ്ഞിനെപ്പോലെ മടിയിൽ രണ്ടു കാൽപ്പാദങ്ങൾ.
പിന്നെ നെറുകയിൽ നെറ്റിയിൽ
കവിളിൽ മേൽച്ചുണ്ടിൽ താടിയിൽ കഴുത്തിൽ
ബ്യൂട്ടിബോണിൽ പൂമ്പാറ്റകളായി പറന്നുനടന്നചുണ്ടുകൾ.
പിൻകഴുത്തിൽ ചിലപ്പോഴതുദീർഘനേരം വയലിൻ വായിച്ചു.
മീട്ടുവാൻ മടിയിൽ വീണകുടംപോലെയുദിച്ചുയർന്നോ
നെഞ്ചിൽ പറ്റിചേർന്നൊരു തംബുരു പോലെയമർന്നുകിടന്നോ
ഗാനം കഴിഞ്ഞ ചേങ്ങലം പോലെ പലപ്പോഴും നെഞ്ചോടുചേർന്നു വിങ്ങിയോ പുലർന്നു .
ചുണ്ടുകൾ
കൊണ്ടൊരാളുടെയാത്മാവിൽ ചുംബിക്കുവാൻ,
വാക്കുകൾകൊണ്ടൊരാളുടെ ഹൃദയത്തിൽ സംഗീതമാകുവാൻ ,
ജീവിതം അന്നുവരെ കരുതിസൂക്ഷിച്ച സുഗന്ധംപൊട്ടിച്ചൊഴുക്കുവാൻ കഴിയും .
എപ്പോൾ എവിടെവെച്ചും ഉയരത്തിൽ
ഒരു പതാക അതിൻറെ ദേശത്തെ ഓർമ്മിപ്പിക്കുന്നതുപോലെ ,
ജിജ്ഞാസയെ യാഥാർഥ്യമാക്കുന്ന രാസവിദ്യയും വിവേകത്തെ പ്രോജ്വലിപ്പിക്കുന്ന
നൈതികതയും നൈർമല്യതയും അതിനു നിറംപകർന്നു തെളിഞ്ഞുകിടക്കും.
വാക്കുകൾതടഞ്ഞുവെച്ച ചിഹ്നങ്ങളാൽ തുലഞ്ഞുപോകാതെ പ്രണയത്തെ തുറന്നൊഴുക്കും. സർവ്വേക്കല്ലുകൾകണക്കു കുഴിച്ചിടപ്പെട്ടാലും, ജലത്തെക്കുറിച്ചുള്ള ഓർമ്മകളാൽ മരമെന്നപോലെ വേരുകളാൽ
ആർജ്ജിച്ചെടുത്തതുമുഴുവൻ, തണ്ടിലൂടെ ശാഖകളിലൂടെ ചില്ലകളിലൂടെ കായും കനിയുമായി,അതിരുകളില്ലാത്ത ആന്തരികജീവിതത്തിൻറെ ആകൃതികണ്ടെത്തുവാൻ
മറ്റൊരാളുടെ ആകാശത്തിൽ നിർത്താതെയതു പാറിക്കളിക്കും.
അവിടമെല്ലാം ക്രമേണെ പ്രാണൻറെപച്ചയാൽ പുതിയ ഭൂമിയായ് മാറും.
വാസനപ്രകൃതവും പ്രകൃതിയുമായിഭയത്തിൻറെ അതിരുകളെ മായിച്ചുകളയുന്നു.
രണ്ട് ഉടലുകകളെയൊരു കടലാക്കിമാറ്റുന്നു.
അവരിരുന്നിരുന്നഭാഗം മിക്കവാറും വിജനമായിരുന്നു
അത്ര സ്വച്ഛമായൊരിടം ,ശാന്തമായൊരിടം കണ്ടതവർക്കോർമ്മയില്ല ,
കുറച്ചു നേരം കഴിഞ്ഞപ്പോൾ , മെയിന്റനൻസുജോലി ചെയ്യുന്നൊരാൾ
അവർക്കകലെയല്ലാതെ ഒന്നുമാറിയൊന്നുമാറി പ്ലംബിങ്ങിൻറെ ജോലിചെയ്യുന്നപോലെ
ചുറ്റിപ്പറ്റിനിന്നു ,അതു മനപ്പൂർവ്വം എന്നുമനസ്സിലായതോടെ
അവരെഴുന്നേറ്റു മറ്റുദിക്കുകളിലേക്കു നടന്നു .
കുറച്ചുനേരത്തെ നടത്തയ്ക്കുശേഷം ഇടതൂർന്നമരങ്ങൾ നിൽക്കുന്നൊരു കോണിലെത്തി. അവിടെ ഉയരത്തിൽ ഒരു ഏറുമാടമുണ്ടായിരുന്നു ,അതിനരുകിൽ ചെറിയ തടാകവും ചുറ്റിലും മുളകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ടായിരുന്നു.
അവിടെയിരിക്കുമ്പോൾ അവളയാളുടെ മടിയിൽ തലവെച്ചുകിടന്നു.
നെറുകയിലെ മുടിയിഴകളിലും നെറ്റിയിലും വിരലോടിച്ചിരിക്കേ
കണ്ണുകളടഞ്ഞവൾ, നേർത്തയുറക്കത്തിലേക്കുചാഞ്ഞു.
കൂമ്പിയ കൺപോളകൾക്കുള്ളിലെ നേർത്ത ഇമയനക്കം നോക്കിയിരിക്കെ .
പ്രണയിനി ഏറ്റവും മനോഹാരിയാകുന്നത്:
മാറിലോ മടിയിലോ മയങ്ങുമ്പോഴാണെന്നയാൾക്കു തോന്നി.
എൻറെ പ്രണയമേ…..എൻറെ പ്രണയമേ…..യെന്നിങ്ങനെ മനസ്സു മുഴങ്ങുമ്പോൾ
അലകളടങ്ങിയ ഒരുതടാകം പോലെ ഏകാന്തനിർഭരം ശാന്തം :
ഒരേ സ്ഥായിയിൽമുഴങ്ങുന്ന തംബുരുപോലെ …..
കരയ്ക്കടിഞ്ഞ ഒരു ശംഖുപോലെയവൾ.
കൈകുമ്പിളിൽ കോരിയെടുത്ത ജലമെന്നപോലേ അയാളതിനെ ചോർന്നുപോകാതെ സൂക്ഷിച്ചു.
നേർത്ത കാറ്റിൽ ഒരിലയും അപ്പൂപ്പൻതാടിയും അവളുടെ മടിയിൽ വന്നുവീണു .
അപ്പൂപ്പൻ താടിയെ അയാളവളുടെ മുടിയിൽതിരുകിവെച്ചു .
ഇലയാവട്ടെ ഒറ്റയിതളുള്ള വൃക്ഷമായവളിൽ ശമിച്ചു.
ഫോണെടുത്ത് ആ നിശ്ശബ്ദസംഗീതത്തിൻറെ സ്നാപ്പെടുത്തു.
പിന്നെയെപ്പൊഴോ കിടന്നകിടപ്പിൽ കൺതുറന്നവൾ …ലവ് യൂ….യെന്നയാളോടുചിരിച്ചു ,
ലവ് യൂ …ടൂ എന്നവളുടെ കണ്ണുകളിൽചുംബിച്ചുകൊണ്ട്, മയങ്ങുമ്പോൾ കാറ്റവളെ എങ്ങനെയാണണിയിച്ചൊരുക്കിയതെന്നതിനെക്കുറിച്ചുപറഞ്ഞുകൊടുത്തു .
അവളപ്പോൾ അപ്പൂപ്പൻതാടിയും ഇലയുമെടുത്തുമ്മവെച്ചു,
എന്നിട്ടു ബാഗിൻറെ സൈഡ്പോക്കറ്റിൽ സൂക്ഷിച്ചു.
നിൻറെ ഓർമ്മയ്ക്ക് …….
ഒന്ന്
ഡിസംബർ.
കുറച്ചുകഴിഞ്ഞു ഗാർഡ് വന്നവരുടെ പാസ്സുനോക്കിയശേഷം. സമയം കഴിഞ്ഞു പുറത്തുപോകണമെന്നുപറഞ്ഞു , അടുത്ത സെഷനുള്ളപണം തരാം,
കണ്ടിന്യൂ ചെയ്യട്ടെയെന്നുപറഞ്ഞിട്ടും
ഒരേയാളുകൾക്കങ്ങനെ പ്രവേശനം അനുവദിക്കില്ലായെന്നുമറുപടികേട്ട് ,
ഏദനിൽനിന്നു …….. മനസ്സില്ലാമനസ്സോടെ പുറത്തേക്കുനടക്കുമ്പോൾ
ജീവൻറെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ തോട്ടത്തിനുകിഴക്കു
തിരിഞ്ഞുകൊണ്ടിരിക്കുന്ന, ഊരിപ്പിടിച്ച ക്യാമറക്കണ്ണുകളെ
കണ്ണിറുക്കിക്കളിയാക്കിയിട്ട് ,അയാളുടെ തോളിൽ തലചാരി
കുപ്പായക്കയ്യിൽ മുറുക്കെപ്പിടിച്ചു
സാരമില്ല. പറുദീസാനഷ്ടം .