1
മനുഷ്യസമൂഹം മുഴുവന്‍
എന്റെ ബന്ധുക്കളാണ്.
ആദമിന്റെ എല്ലാ സന്തതികളും-
അവര്‍ ഹിന്ദുവാകട്ടെ, മുസ്ലീമാവട്ടെ,
ക്രിസ്ത്യാനിയാവട്ടെ ഏതുമതക്കാരനുമാവട്ടെ-
എന്റെ സഹോദരങ്ങളാണ്.
മറ്റുള്ളവര്‍ എന്തു കരുതുന്നുവെന്നത്
ഞാന്‍ കാര്യമാക്കുന്നില്ല.
2
എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്.
എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്.
മതങ്ങള്‍ ഇല്ലാതായാല്‍
വിശ്വാസം വിശുദ്ധമായി.
3
കുരുതിക്കളം കാണുന്നത്
എളുപ്പമാണെന്ന് നാം കരുതുന്നു.
ചോരപ്പുഴയില്‍ നീന്തുന്ന ബലിമൃഗത്തെ
നാം കണ്ടിട്ടില്ലല്ലോ!
4
എന്റെ വയലിന് മുകളില്‍ കാര്‍മേഘം
ആയിരം തവണ കനത്തുനിന്നാലും
ആഹ്ലാദിക്കുന്നതെങ്ങനെ ?
അവയ്ക്കിടയില്‍ മറഞ്ഞിരുന്ന്,
മിന്നല്‍പ്പണര്‍
എന്റെ വിളവുകള്‍ നോട്ടമിടുകയാണെന്ന്
എനിക്കറിയാം
5
ഒരു തുള്ളിയില്‍ സാഗരം സമഗ്രമായി
കാണാന്‍ കഴിയുന്നില്ലെങ്കില്‍
ആ കണ്ണുകള്‍ കുട്ടികളുടെ കളിപ്പാട്ടമാണ്
കാണാനുള്ള അവയവമല്ല.