സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സര്‍ഗ്ഗാത്മകതയ്ക്കായി ഒരു സാനിറ്റോറിയം എം.എന്‍. വിജയന്‍ മാസ്റ്ററെപ്പറ്റി …..

പി.എന്‍ ദാസ്


അവന്‍ ഭൂമിയുടേതാണ്, പക്ഷെ അവന്റെ ചിന്തകള്‍ നക്ഷത്രങ്ങള്‍ക്കൊപ്പമാണ്.
ചെറുതും നിസ്സാരവുമാണ് അവന്റെ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍,
എന്നിട്ടും അവ മഹോന്നതമായ, ഉജ്ജ്വലമായ ലക്ഷ്യങ്ങള്‍ അകമ്പടി സേവിക്കുന്ന
ആത്മാവിനെ ഉണര്‍ത്തുന്നു.
സ്വര്‍ഗ്ഗലോകങ്ങളെ ചെന്നുതൊടുന്ന അനശ്വരമായ (പതീക്ഷകളോടെ,
ചിന്തകളോടെ അവ നിത്യതയിലേക്ക് ചെന്നണയുന്നു.
ഈ ചെറിയ ഗ്രഹത്തിന്റെ ഒരു ചെറുവിളുമ്പില്‍ ഒരു ചെറുമനുഷ്യന്‍ നില്‍ക്കുകയും
അവന്റെ ദൂരങ്ങളെ താണ്ടുന്ന സത്ത അനന്തതയിലേക്ക് എത്തിനോക്കുകയും ചെയ്യുന്നു,
അവിടെയാണ് അവന്റെ വിശ്രമസ്ഥാനം!….

-തോമസ് കാര്‍ലൈല്‍

കേരളീയരെ, അവരുടെ ശരീരത്തെ, അവബോധത്തെ, ശീലങ്ങളെ, പെരുമാറ്റക്രമത്തെ നിര്‍ണയിക്കുന്നത്, അവരുടെ അന്നമയകോശത്തെ, പ്രാണമയകോശത്തെ, മനോമയകോശത്തെ നിര്‍ണ്ണയിച്ചിരുന്നത് തകിടം മറിഞ്ഞതോടെയത്രെ ഒരു ജനതയെന്ന നിലയ്ക്കുള്ള അവരുടെ ആന്തരികമായ ഹാര്‍മണി മുറിഞ്ഞുപോയത്.
തിരക്കും വെപ്രാളവുമില്ലാത്ത ഒരു ശരീരത്തോടെ, മനസ്സോടെ പുലരുമ്പോള്‍ ഉള്ള ഏകാന്തതയും ഏകാഗ്രതയും ഒരിക്കല്‍ കേരളീയരുടെ മനോമയകോശത്തെ ഒരു സവിശേഷതയുള്ള, മനസ്സോടുകൂടിയ ഒരു ജനതയാക്കി നിലനിര്‍ത്തിയിരുന്നു.
@

കേരളീയരുടെ ശരീരത്തെയും മനസ്സിനേയും പടിഞ്ഞാറന്‍ വൈദ്യവും ചിന്തയും സംസ്‌കാരവും സ്വാധീനിക്കാന്‍ തുടങ്ങിയതുമുതല്‍ കേരളീയന്റെ ബോധത്തിലും ചിത്തവൃത്തിയിലും പുതിയ യുഗത്തിന്റെ വെളിച്ചം പരക്കാന്‍ തുടങ്ങിയ കാലത്താണ് 1930-ല്‍ എം.എന്‍.വിജയന്‍ ജനിക്കുന്നത്.
എറണാകുളത്ത് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തിന്ന് ഇടതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യമുണ്ടായി. ഏതാണ്ടിതേ കാലത്ത് ആത്മീയദിശയിലുള്ള ചില അന്വേഷണങ്ങളും അലച്ചിലുകളും ഉണ്ടായി.
@

വര്‍ഗ്ഗീസ് മുതല്‍ രാജന്‍ വരെയുള്ളവരുടെ രക്തസാക്ഷ്യം, സുബ്രഹ്‌മണ്യദാസ് മുതല്‍ സുരാസുവരെയുള്ളവരുടെ ആത്മഹത്യകള്‍, എഴുപതുകളെ കേരളത്തിലും കുപിതയൗവനത്തിന്റെ ഒരു ദശകമാക്കുകയുണ്ടായി …..
എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളീയ സംസ്‌കാരം ഗാഢമായ പ്രതിസന്ധിയെ നേരിടുകയായിരുന്നു. എണ്‍പതുകളിലെ കൊടുങ്കാറ്റിന് ശേഷമുള്ള നിശ്ശബ്ദതയ്ക്ക് എഴുപതുകളെ നിര്‍മ്മിച്ചവര്‍, അതിന് ജീവനും ചോരയും കൊടുത്തവര്‍, സ്വന്തം സ്വന്തം വഴികളില്‍, ജീവിതചര്യകളില്‍ അന്വേഷണം തുടരുകയായിരുന്നു.
കേരളീയ ജീവിതത്തിലും സംസ്‌ക്കാരത്തിലും ബദലന്വേഷണങ്ങളുടെ ഊഷ്മളമായ ഒരു തുടക്കം അപൂര്‍ണതകളോടെയാണെങ്കിലും ഇവിടെ ഉണ്ടായപ്പോള്‍ അതിന്റെ ഒരു സഹയാത്രികനാകാന്‍ സാധിച്ചില്ലെങ്കിലും അതിനെ പരിഗണിക്കുവാനോ ശ്രദ്ധിക്കുവാനോ വിജയന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞില്ല.

മലയാളി അവന്റെ അന്നമയകോശം കൊണ്ടും പ്രാണമയകോശം കൊണ്ടും മനോമയകോശം കൊണ്ടും വിജ്ഞാനമയകോശം കൊണ്ടും ഇന്നെവിടെയാണ് നില്‍ക്കുന്നത് ? ആഗോളീകരണത്തിന്റെ പുത്തന്‍വേദം മാനവരാശിയെയാകെ ഒരുപോലെ വിഴുങ്ങുവാന്‍ തുടങ്ങിയ ഒരു മഹാനരകകാലത്തിന്റെ വാതില്‍ക്കലാണ് ഇന്ന് മലയാളി. മലയാളിക്ക് മറ്റേതു നവനാഗരിക സമൂഹത്തെപ്പോലെയും കേവലം അന്നമയകോശം മാത്രമായ, ശാരീരികം മാത്രമായ ഒരു ജീവിതമേ ഉള്ളൂ. ഇതുകൊണ്ട് മാത്രം ഒരു മനുഷ്യനും പുലര്‍ന്നുപോകാനാവില്ല. കേരളത്തിലെ ഇടത്തരക്കാരും അതിനുമുകളിലുള്ളവരുമായ ആളുകള്‍ അഭൂതപൂര്‍വ്വമായ തരത്തില്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. പട്ടിണികിടക്കുന്ന ഒരാദിവാസി പോലും ലോകത്തെവിടെയും ഇന്നുവരെ ആത്മഹത്യ ചെയ്തിട്ടില്ല. മനുഷ്യന് അപ്പം കൊണ്ടുമാത്രം പുലരാനാവില്ല. ഒരാള്‍ക്ക് അപ്പത്തിന് പകരം അവബോധം മാത്രമായും ജീവിക്കാനാവില്ല. ഒരാള്‍ക്ക് അപ്പമില്ലാതെയും പുലരാനാവില്ല. മനുഷ്യന്റെ അസ്തിത്വത്തിന് രണ്ട് വികാരങ്ങളുണ്ട്. അവ രണ്ടും പൂരിതമാകണം. അവന്റെ അന്നമയകോശവും മനോമയകോശവും തൃപ്തിയടയണം. പടിഞ്ഞാറ് ശരീരത്തെ മാത്രം കേട്ടു, അവബോധത്തിന് നേരെ അത് ബധിരമായിരുന്നു. ഇതിന്റെ ആത്യന്തികഫലം മഹത്തായ ശാസ്ത്രം, മഹത്തായ ടെക്‌നോളജി, സുഖസൗകര്യങ്ങളുള്ള സമൂഹം, വസ്തുക്കളുടെ സമ്പന്നത. ഇവക്കെല്ലാം നടുവില്‍ ആത്മാവില്ലാത്ത സ്വത്വബോധമില്ലാത്ത ഒരു ദരിദ്രനായ പുതിയ മനുഷ്യന്‍ താനാരാണെന്ന് അറിയാത്തവന്‍, പ്രകൃതിയിലെ ഒരു യാദ്യച്ഛികതപോലെ നിലവില്‍വന്നു, നാം ഇന്നു ജീവിക്കുന്ന മലയാളികള്‍! ഇത്തരത്തില്‍ മുഖമറ്റ, സ്വത്വം മുറിഞ്ഞുപോയ മലയാളിയോട് എം.എന്‍ വിജയന്‍ കവിതയും സ്വപ്നവും നിറഞ്ഞ മനസ്സുകൊണ്ട് സംസാരിച്ചത്, ആധുനിക കേരളത്തിലെ മോഹനമായ ഒരനുഭവമായിരുന്നു.

                                                     @

മരണത്തിനു തൊട്ടുമുമ്പ് ഒരാള്‍ മൊഴിയുന്നത് അനശ്വരമായൊരു സത്യമായിരിക്കുമെന്ന് ഭൗതികപ്രമത്തമായ ഒരു ജനസമുഹത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എം.എന്‍. വിജയന്‍ ഉച്ചരിച്ച അന്ത്യമൊഴികള്‍ക്കു പിന്നില്‍ മലയാളികളൊരിക്കലും കണ്ടിട്ടില്ലാത്ത യോഗിയായ, മിസ്റ്റിക്കായ, ഫ്രോയ്ഡിനപ്പുറം അനുഭവിച്ച മഹാനായ ഒരു മനുഷ്യനെ കാണിച്ചുതരികയായിരുന്നു. ‘മരിക്കുന്നുവെങ്കില്‍ ഇങ്ങനെ മരിക്കുക’ എന്ന് മരിച്ചുകാണിച്ച വിജയന്‍ മാഷ് തന്റെ പ്രബോധനരീതിയിലില്ലാത്തത്, സത്തയുടെ ആഴത്തിലുള്ള ഒരു സത്യം വിളംബരം ചെയ്തതുപോലെ സര്‍ഗ്ഗാത്മകമായി മറ്റെന്തുണ്ട് ?

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…