പരിഭാഷ : നദീം നൗഷാദ്
(പണ്ഡിറ്റ് രവിശങ്കറിന്‍റെ ആത്മകഥയായ മൈ മ്യൂസിക് മൈ ലൈഫില്‍ നിന്നൊരു ഭാഗം )
ഒന്നര വര്‍ഷം മുമ്പാണ് ഞാന്‍ ബാബയെ (ഉസ്താദ് അലാവുദീന്‍ഖാന്‍) വീണ്ടും കാണുന്നത്. അക്കാലമത്രയും എന്നില്‍ ഉത്കണ്ടകളും ചോദ്യങ്ങളും അനിശ്ചിതത്വങ്ങളും മാത്രമായിരുന്നു. എനിക്ക് ഇതെക്കുറിച്ച് സംസാരിക്കാന്‍ ആരുമില്ലായിരുന്നു. നൃത്തത്തിലായിരിക്കും എന്‍റെ താല്പര്യമെന്ന് ഉദയശങ്കര്‍ വിശ്വസിച്ചിരുന്നു. ബാബയുടെ കൂടെ കുറച്ചു ദിവസം കഴിയുന്നത് കൊണ്ട് എന്‍റെ താല്പര്യത്തിനു മാറ്റമൊന്നും ഉണ്ടാവില്ലെന്ന് അവന്‍ കരുതി. ഉദയ് തന്‍റെ ട്രൂപ്പ് പിരിച്ചു വിട്ട് രംഗകലകള്‍ക്കായി ഇന്ത്യയില്‍ ഒരു സാംസ്‌കാരിക കേന്ദ്രം തുടങ്ങണമെന്ന് ആലോചിക്കുന്ന സമയമായിരുന്നു. ബാബയില്‍ നിന്ന് എന്‍റെ സംഗീതത്തിനു ഒരു അടിത്തറ ഉണ്ടാക്കാമെന്നും അതിനുശേഷം എന്നെ സഹായിക്കാമെന്നും അവന്‍ ചിന്തിച്ചു.
1936ല്‍ ഞങ്ങള്‍ പാരിസിലായിരുന്നപ്പോള്‍ ഇന്ത്യയില്‍ നിന്ന് അമ്മയുടെ മരണവിവരം അറിയിച്ചു കൊണ്ടുള്ള ഒരു ടെലെഗ്രാം വന്നു. ബാനാറസ്സിനടുത്ത് എന്‍റെ മുത്തച്ഛന്‍റെ ഗ്രാമത്തില്‍ അമ്മയ്ക്ക് ഒരു ചെറിയ വീട് പണി കഴിപ്പിച്ചിരുന്നു. ആ സമയത്ത് എന്‍റെ രണ്ട് മൂത്ത സഹോരന്മാര്‍ അമ്മയുടെ കൂടെ ഉണ്ടായിരുന്നു. അമ്മയുടെ മരണവിവരം ഞങ്ങളെ വല്ലാതെ ദുഖിപ്പിച്ചു. എന്നെ പ്രത്യേകിച്ചും. കാരണം ഞാന്‍ 1932ന് ശേഷം ഇന്ത്യയില്‍ എത്തിയപ്പോള്‍ കുറച്ചു കാലം മാത്രമേ അമ്മയുടെ കൂടെ ചിലവഴിച്ചിരുന്നുളളൂ. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ അവസാനത്തെ പര്യടനവും പൂര്‍ത്തിയാക്കി 1938 മെയ്‌മാസത്തില്‍ ഇന്ത്യയിലെത്തി.
തിരിച്ചെത്തിയപ്പോള്‍ എനിക്ക് പെട്ടെന്നുള്ള പദ്ധതികള്‍ ഒന്നും ഇല്ലായിരുന്നു. സമയവും അവസരവും ഇല്ലാത്തതുകൊണ്ട് കുറെ കാലമായി മാറ്റിവെച്ച ഒരു മതചടങ്ങ് നടത്താന്‍ ഞാന്‍ തീരുമാനിച്ചു. ബ്രാഹ്മണ കുട്ടികള്‍ മതത്തിലേക്ക് പ്രവേശിക്കുന്ന ഉപനയനം എന്ന ചടങ്ങാണ് അത്. സാധാരണയായി അത് ഏഴിനും പന്ത്രണ്ടിനും ഇടക്കുള്ള പ്രായത്തിലാണ് നടത്തുക. എനിക്ക് പ്രായം കൂടിയത് കൊണ്ട് അത് ഇപ്പോള്‍ തന്നെ നടക്കേണ്ടിയിരിക്കുന്നു. മെയ്‌മാസത്തില്‍ തല മുണ്ഡനം ചെയ്ത് ഞാന്‍ ബ്രാഹ്മണമതത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുത്തു. അതിനു വേണ്ടി കുറച്ച് ആഴ്ചകള്‍ ഒരു യോഗിയെ പോലെ ജീവിക്കണം. പ്രത്യേക ഭക്ഷണം കഴിച്ച് എല്ലാ ഭൌതിക കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. രണ്ടു മാസം ഞാന്‍ ഈ രീതിയില്‍ ജീവിച്ചു. അതിനുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി.
യൂറോപ്പില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് ഞാന്‍ ബാബയുമായി രഹസ്യമായി കത്തിടപാടുകള്‍ നടത്തി. തന്‍റെ കൂടെ മൈഹാറില്‍ വന്ന് സംഗീതം പഠിക്കുന്നത് നന്നായിരിക്കുമെന്ന് ബാബാ ഓര്‍മിപ്പിച്ചു. ഈ എഴുത്തുകളെ കുറിച്ച് ഞാന്‍ ഉദയനോട് ഒന്നും പറഞ്ഞില്ല. ബാബയുടെ കൂടെ മൈഹാറില്‍ പോയി താമസ്സിക്കുന്നതിനെ അവന്‍ അനുകൂലിച്ചു. ഈ സമയം അവന് ഇന്ത്യയില്‍ ഒരു സാംസ്‌കാരിക കേന്ദ്രം തുടങ്ങുന്നതിനു അന്വേഷണം തുടരുകയും ചെയ്യാം.
മത ചടങ്ങുകളെല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ മൈഹാറിലേക്ക് പോവാന്‍ തീരുമാനിച്ചു. ഏകദേശം ഒരു ദിവസത്തെ യാത്ര ഉണ്ടായിരുന്നു. അതൊരു ജൂലൈ മാസമായിരുന്നു. എന്‍റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് തോന്നി. പുതിയ ജീവിതം എങ്ങനെയിരിക്കുമെന്ന് അറിയാന്‍ യാതൊരു വഴിയുമില്ലായിരുന്നു. ഞാന്‍ വീണ്ടു ജനിക്കുമെന്നും തോന്നി. പുതിയ ജീവിതം എങ്ങനെയിരിക്കുമെന്ന് അറിയാന്‍ യാതൊരു വഴിയുമുണ്ടായിരുന്നില്ല. ബാബയുടെ പേരുകേട്ട ഉഗ്ര കോപത്തെകുറിച്ച് കേട്ടപ്പോള്‍ എനിക്ക് ഉത്കണ്ടയും വിറയലും ഉണ്ടായി. അതിന്‍റെ ചെറിയ ചെറിയ ഉദാഹരണങ്ങള്‍ ഞങ്ങളുടെ ട്രൂപ്പിലുണ്ടായിരുന്നപ്പോള്‍ കണ്ടിരുന്നു. എന്‍റെ മനസ്സില്‍ ഒരായിരം സംശയങ്ങള്‍ ഉയര്‍ന്നു വന്നു. അദ്ധേഹത്തിന്‍റെ കൂടെ താമസിച്ചു കടുത്ത അച്ചടക്കത്തിന് വിധേയമായി പ്രവര്‍ത്തിക്കാന്‍ പറ്റുമോ എന്ന സംശയം എനിക്കുണ്ടായി. കാരണം ഒരാളില്‍ നിന്നും കടുത്ത വാക്കുകള്‍ പോലും സഹിക്കാന്‍ പറ്റുന്ന വ്യക്തിയായിരുന്നില്ല ഞാന്‍. മൈഹാറിലേക്ക് പോവാന്‍ തീരുമാനിച്ചെങ്കിലും അത് ഒരു ആടിനെ അറവുകാരന്‍റെ അടുത്തേക്ക് നയിക്കപ്പെടുന്നത് പോലെയാണെന്ന് തോന്നി. ബാബയുടെ അടുത്ത് എത്തിയപ്പോള്‍ ഞാന്‍ മാറിയിരിക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. ഞാന്‍ തലമുണ്ടനം ചെയ്തിട്ടുണ്ടായിരുന്നു.ഞാന്‍ പരുക്കനായ തുണി ധരിച്ചിരുന്നു. എന്‍റെ കൈയിലെ തകരപ്പെട്ടിയില്‍ കുറച്ചു സാധനങ്ങളും രണ്ട് കമ്പിളിയും ഒരു തലയണയും ഉണ്ടായിരുന്നു. ബാബാ യൂറോപ്പില്‍ വെച്ച് കണ്ട ഞാനായിരുന്നില്ല ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. ഒരു പാട് മാറിയിട്ടുണ്ടായിരുന്നു. സംഗീതത്തിന് വേണ്ടി അര്‍പ്പിക്കണ മെങ്കില്‍ ഞാന്‍ എന്‍റെ അലസഭാവങ്ങള്‍ ഉപേക്ഷിച്ച് കൂടുതല്‍ ഗൌരവക്കാരനാവേണ്ടതുണ്ടായിരുന്നു. എന്‍റെ ഈ പുതിയ മാറ്റം ബാബയെ സന്തോഷിപ്പിക്കുമെന്ന് ഞാന്‍ കരുതി. ബാബയുടെ വീടിനടുത്തുള്ള ചെറിയ ഒരു വീട്ടിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. തുടക്കത്തില്‍ എനിക്കവിടെ നല്ല ബുദ്ധിമുട്ടായിരുന്നു. മൈഹാര്‍ ചെറിയൊരു ഗ്രാമമായിരുന്നു. ഒരു നിശബ്ദഗ്രാമം. രാത്രി കുറുനരികളുടെയും ചെന്നായ്ക്കളുടെയും ഓരിയിടല്‍ കേട്ട് ഞാന്‍ പേടിച്ചു വിറച്ചു. കൂടാതെ തവളകളുടെയും ചീവിട്കളുടെയും ശബ്ദങ്ങളും. യൂറോപ്പിലെ എട്ടു വര്‍ഷത്തെ ആഡംബര ജീവിതത്തിന് ശേഷം മുളയും കയറും കൊണ്ടുണ്ടാക്കിയ കട്ടില്‍ പരിചയിക്കാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വന്നു. എല്ലാ ദിവസവും ഒരു വേലക്കാരി വീട് വൃത്തിയാക്കാനും പ്രഭാത ഭക്ഷണം ഉണ്ടാക്കാനും വരുമായിരുന്നു. ഞാന്‍ മൈഹാറില്‍ വന്നു കുറച്ചു നാളുകള്‍ക്കു ശേഷം മറ്റൊരു വിദ്യാര്‍ഥി എന്‍റെ കൂടെ വന്നു താമസിച്ചു. മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ബാബാ ദേഷ്യം പിടിച്ചു അവനെ തല്ലിയപ്പോള്‍ അവന്‍ ഓടി പോയി. ഏറ്റവും ചുരുങ്ങിയത് മുപ്പതോ നാല്പ്പതോ പേര്‍ ബാബയുടെ അടുത്ത് നിന്ന് പഠിക്കാന്‍ എന്‍റെ കൂടെ വന്നു താമസിച്ചിട്ടുണ്ട്. പക്ഷെ അതിലാരും ഒരാഴ്ചയോ പത്തു ദിവസിത്തിലോ കൂടുതല്‍ നിന്നിട്ടില്ല. കാരണം അവര്‍ക്കാര്‍ക്കും ബാബയുടെ ഉഗ്രകോപവും കഠിനമായ അച്ചടക്കവും സഹിക്കാന്‍ പറ്റുമായിരുന്നില്ല. ഉദയശങ്കറിന്‍റെ ട്രൂപ്പില്‍ ബാബയുടെ കൂടെ ഒരു വര്‍ഷം ചിലവഴിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ആ കാലത്ത് എനിക്ക് അദ്ധേഹത്തെ അടുത്തറിയാന്‍ സാധിച്ചു. അദ്ധേഹത്തിന്‍റെ ചെറിയ ബലഹീനതകളും സ്വഭാവത്തിന്‍റെ പ്രത്യെകതകളുമെല്ലാം ഞാന്‍ മനസ്സിലാക്കി. മൈഹാറില്‍ ആദ്യമായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ബാബയുടെ സ്വഭാവത്തെ പറ്റി വലിയ ധാരണയോന്നും ഉണ്ടാവില്ല. സാധാരണയായി അദ്ദേഹം ഒരു വിഷ്ണു ഭക്തനെ പോലെ മാന്യനും വിനയവാനുമായ ഒരു വ്യക്തിയായിട്ടാണ് പെരുമാറുക. പക്ഷെ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ശിവഭക്തനെ പോലെ സംഹാരമൂര്‍ത്തിയാവുന്നു. ശിഷ്യന്‍മാരുടെ ഒരു പിഴവ് പോലും സഹിക്കാന്‍ പറ്റാത്ത ഗുരുവായി മാറുന്നു. തന്‍റെ തൊഴില്‍ ദാതാവായ മൈഹാര്‍ രാജാവിനെ പോലും അദ്ദേഹം ശാസിച്ചിരിക്കുന്നു! ബാബാ ഒരിക്കലും എന്നെ തല്ലിയിട്ടില്ല. എന്‍റെ നേരെ ആക്രോശിച്ചിട്ടില്ല ഒരിക്കല്‍ മാത്രം എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ അദ്ദേഹം എന്നെ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞത് ത എനിക്ക് ശരിയായി വായിക്കാന്‍ കഴിഞ്ഞില്ല “നിന്‍റെ കൈയ്ക്ക് ബലം പോര” ഞാന്‍ എന്‍റെ പരമാവധി ശ്രമിച്ചു. അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ വല്ലാതെയായി. കുട്ടിക്കാലം മുതല്‍ ആരും എന്നോട് ഇത് വരെ ദേഷ്യപെട്ടിട്ടില്ല. അത്കൊണ്ട് ബാബ എന്നോട് ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ ഭയപ്പെടുന്നതിനു പകരം എനിക്ക് ദേഷ്യം വരികയാണ് ചെയ്തത്. “പോ” അദ്ദേഹം എന്നോട് ആക്രോശിച്ചു. “പോയി കുറച്ചു വള വാങ്ങി കൈയിലിട്ടോ നിന്‍റെ കൈ ദുര്‍ബലമായ പെണ്‍കുട്ടിയുടേത് പോലെയാണ് നിന്‍റെ കൈകള്‍ക്ക് ബലമില്ല. ഇത്പോലും നിനക്ക് വായിക്കാനാവുന്നില്ല” എനിക്കത് തന്നെ ധാരാളമായിരുന്നു. ഞാന്‍ എഴുന്നേറ്റു എന്‍റെ താമസസ്ഥലത്തേക്ക് പോയി. എന്‍റെ സാധനങ്ങള്‍ പെട്ടിയിലാക്കി. റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. അതിനിടെ എന്‍റെ ലഗേജ് കണ്ടിട്ട് അലി അക്ബര്‍ഖാന്‍ എന്തു പറ്റിയെന്ന് ചോദിച്ചു. “ഞാന്‍ ഇനി ഇവിടെ നില്‍ക്കുന്നില്ല. ബാബ എന്നെ വഴക്ക് പറഞ്ഞു” അവന്‍ എന്നെ അവിശ്വസീയത്തോടെ നോക്കി. എനിക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു “നീ മാത്രമായിരുന്നു ബാബ അടിക്കാത്ത ഏക ശിഷ്യന്‍. ഞങ്ങള്‍ അതില്‍ അത്ഭുതപ്പെട്ടു നില്‍ക്കുകയായിരുന്നു. ബാബ എന്നോട് ചെയ്തത് എന്താണെന്ന് നിനക്കറിയുമോ? എന്നെ മരത്തില്‍ കെട്ടിയിട്ട് ആഴ്ചയോളം അടിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഭക്ഷണം പോലും തരില്ല. “എന്നിട്ട് ബാബ ചെറുതായൊന്ന് വഴക്ക് പറഞ്ഞതിന് നീ ഇപ്പോള്‍ ഓടിപോവുന്നു”
“ഞാന്‍ ഇന്ന് വൈകുന്നേരത്തെ വണ്ടിക്ക് പോവുകയാണ്” ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. അലി അക്ബര്‍ എന്നെ വീട്ടിലേക്കു തിരിച്ചു പോവാന്‍ പ്രേരിപ്പിച്ചു. ഞാന്‍ താല്‍കാലികമായി എന്‍റെ തകരപ്പെട്ടി വീണ്ടും മുറിയില്‍ കൊണ്ട് വെച്ചു. അവന്‍ അമ്മയോട് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു. അവന്‍ ബാബയോടും കാര്യങ്ങള്‍ പറഞ്ഞു. അവരുടെ കൂടെ ഉച്ചഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു എന്ന് അലി അക്ബര്‍ എന്നോട് പറഞ്ഞു. ഞാന്‍ ബാബയുടെ വീട്ടിലേക്ക് പ്രവേശിച്ചപ്പോള്‍ മാ (അലി അക്ബറിന്‍റെ അമ്മ) എന്നോട് പറഞ്ഞു “ നീ പോവുകയാണ് അല്ലേ? കുറച്ചു നേരം നിന്‍റെ ബാബയുടെ അടുത്ത് പോയിരിക്കൂ” ഞാന്‍ അദ്ധേഹത്തിന്‍റെ അടുത്ത് പോയി വണങ്ങി. കുറച്ചു നേരം ഞങ്ങള്‍ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. എന്‍റെ തീരുമാനം അദ്ധേഹത്തിന്‍റെ മനസ്സില്‍ തട്ടി എന്ന് എനിക്ക് ബോധ്യപ്പെട്ടു. അല്പ നെരത്തെ മൌനത്തിനു ശേഷം ഞാന്‍ പറഞ്ഞു “ഞാന്‍ പോവുകയാണ്” അദ്ദേഹം എന്‍റെ നേരെ നോക്കി പറഞ്ഞു” അത്രെയുളളൂ ഞാന്‍ പറഞ്ഞത് നീ പോയി വളയിട് എന്ന് മാത്രമാണ് അത് നിന്നെ വേദനിപ്പിക്കുകയും നീ പോവുകയും ചെയ്യുന്നു.” എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഈയോരവസ്ഥയില്‍ ഞാന്‍ ഒരിക്കലും അദ്ധേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം എഴുന്നേറ്റ് എന്‍റെ അടുത്തേക്ക് വന്നു. “നീ ഓര്‍ക്കുന്നുവോ ബോബയിലെ കടല്‍പാലത്തിനടുത്ത് വെച്ച് നിന്‍റെ അമ്മ നിന്‍റെ കൈ എന്‍റെ കൈയില്‍ ചേർത്തുവെച്ച് പറഞ്ഞു. ഇവനെ സ്വന്തം മകനായി കരുതി നോക്കണം. അതിനു ശേഷം നിന്നെ ഞാന്‍ എന്‍റെ മകനായി സ്വീകരിച്ചു. ഇതാണോ നീ ഇപ്പോള്‍ പൊട്ടിച്ച് കളയാന്‍ ആഗ്രഹിക്കുന്നത്?”
അതിനു ശേഷം ഞാന്‍ ബാബയെ വിട്ടു പോയിട്ടില്ല ആ സംഭവത്തിന് ശേഷം ഞാന്‍ ചെയ്ത ഏതെങ്കിലും തെറ്റിന് എന്നോട് ദേഷ്യം വന്നാല്‍ അദ്ദേഹം മറ്റാരെയെങ്കിലും അടിക്കും.
2 Responses
വളരെ നല്ല ലേഖനം. ബാക്കി ഭാഗവും വായിയ്ക്കാൻ ആഗ്രഹിക്കുന്നു. 9447950770
നല്ല േലേഖനം. ബാക്കി കൂടി വേണം