സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഭയപ്പെടുത്തുന്ന വർത്തമാനം

ആർ മോഹനൻ

ഓർമ ഒരൂർജ പ്രസരം തന്നെ. അത് ജീവിതം നിറവേറ്റി മൺ മറഞ്ഞവരെക്കുറിച്ചാവുമ്പോൾ വിശേഷിച്ചും. അപ്പോൾ ഭൂതകാലത്തിന്റെ നിശ്ചലതയിൽ നിന്ന് അത് രാഷ്ട്രീയമാനം കൈവരിച്ച് പ്രവർത്തനക്ഷമമാകുന്നു. അപ്പോഴാണ് മറവിക്കെതിരെയുള്ള കലാപമായിരിക്കാൻ ഓർമകൾ വീര്യം കൈവരിക്കുന്നത്.
ഇന്ന് ദുരധികാരം മനുഷ്യ ജീവിതത്തിന്റെ സർവതലങ്ങളെയും ചവിട്ടിമെതിച്ച് അതിന്റെ ഉന്മാദ നൃത്തം ആഘോഷമാക്കുകയാണ്. പലപ്പോഴും പ്രച്ഛന്ന വേഷത്തിലാണ് അതിന്റെ ദംഷ്ട്രകൾ ആണ്ടിറങ്ങുന്നതെന്നു മാത്രം. രാഷ്ട്രീയാധികാരം ഇന്ന് ഏകാധിപത്യം പോലുമല്ലാതെ സമഗ്രാധിപത്യത്തിൽ എത്തി നിൽക്കുന്നു. അതിന്റെ ശിൽപ്പികൾക്ക് കരുക്കൾ നീക്കി വിജയം കൊയ്തെടുക്കാൻ ജനാധിപത്യം നല്ല തുറസ്സാണ്. ജനങ്ങളുടെ അനുവാദത്തോടു കൂടി അവരുടെ മാംസം മാത്രമല്ല ആത്മാവുണ്ടെങ്കിൽ അതും അപഹരിക്കാം. അതും അവർക്കു വേണ്ടിത്തന്നെയാണെന്ന് അവരെ എളുപ്പം വിശ്വസിപ്പിക്കാം. വിശ്വാസം അതല്ലേ എല്ലാം എന്ന് ചോദിച്ചാൽ മതി. കഴുതകളായിരിക്കാൻ അവർ വിധിയുടെയും വിശ്വാസത്തിന്റെയും ഏതു വിഴുപ്പുഭാണ്ഡവും പേറും. ചുറ്റും നൃശംസതകൾ മഴ പോലെ പെയ്തു കൊണ്ടിരിക്കുന്നു. പറയേണ്ടതു മറച്ചുവയ്ക്കുന്നതിൽ വ്യാജ സംതൃപ്തി നേടുന്ന വൃത്താന്ത വ്യവസായവും കൂടിയാവുമ്പോൾ ദുരന്തം പൂർത്തിയാവുന്നു.

വാസ്തവങ്ങൾ ഈ ഇച്ഛക്കനുസരിച്ച് വ്യാഖ്യാനക്ഷമങ്ങളാവുന്നു എന്നതാണ് നാം കടന്നുപോകുന്ന കാലത്തിന്റെ മറ്റൊരു ദുരന്തം . അവ എപ്പോഴും ശരിയുത്തരങ്ങൾ മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നു. ഈ നിലയിൽ കക്ഷി രാഷ്ട്രീയം നാനാർഥങ്ങൾ നൽകി എത്രയും യാന്ത്രികമായി വാസ്തവങ്ങളെത്തന്നെ പല രീതിയിൽ ജനജീവിതത്തിൽ പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്നു. അത് അധികാരത്തിന്റെ ബലതന്ത്രമാണ്. ഒരാൾ വ്യക്തിയല്ല, ആൾക്കൂട്ടത്തിലല്ലാതെ അയാൾക്ക് ഉച്ചാരണങ്ങൾ പാട്ടില്ല. മുകളിൽ നിന്ന് മുറ തെറ്റാതെ പെയ്യുന്ന മഴക്കും വെയിലിനും അയാൾ വിധേയനാവണം. അയാളുടെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ഒരേ കാലാവസ്ഥയിൽ സൃഷ്ടിച്ചെടുക്കുക — അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഓർമകൾ അഭയം നൽകി പ്രവർത്തനക്ഷമമാകുന്നത് ഇവിടെയാണ്. അപ്പോൾ ഗ്രസിക്കപ്പെട്ട നിസ്സഹായത നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തെ വീണ്ടെടുക്കും. അതിന് നില നിന്നു പോരുന്ന പരിശീലന സിദ്ധാന്തങ്ങൾ മതിയാകാതെ വരും. പുതിയ അനുഭവ പാഠങ്ങൾ സ്വാംശീകരിച്ച് പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക ക്ലേശകരമാണെങ്കിലും പുതിയ പ്രത്യാശകൾ സാക്ഷാത്കരിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ല. മനുഷ്യൻ എന്ന ശബ്ദം നിശ്ശബ്ദതക്കു വേണ്ടിയല്ല, പ്രതിധ്വനിക്കു വേണ്ടിയാണ്. തീർച്ച. അതാണ് ചരിത്ര നിയമം. അത് ഭാവി ജീവിതത്തിൽ മുഴങ്ങു കതന്നെ ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…