സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ബിൽക്കിസ് യാക്കൂബ് റസൂലിൻ്റെ (ബിൽക്കിസ് ബാനു ) പ്രസ്താവന

വിവ : പി.എൻ .ഗോപീകൃഷ്ണൻ

(2002ൽ ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിനും അവരുടെ കുടുംബത്തിലെ 14 അംഗങ്ങളെ മരണത്തിനും ഇരയാക്കിയതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേരെ മുൻകൂർ വിടുതൽ ചെയ്ത വിധി റദ്ദാക്കിയ ജസ്റ്റീസ് ബി.വി. നാഗരത്നയുടേയും ജസ്റ്റീസ് ഉജ്ജ്വൽ ഭുയാൻ്റെയും സുപ്രീം കോടതി ബഞ്ച് വിധി പുറത്തു വന്ന ശേഷം )

( 2024 ജനുവരി 8 )

ഇന്നാണ് ശരിക്കും എൻ്റെ പുതുവത്സര പിറവി ദിനം. ഞാൻ ആശ്വാസത്തിന്റെ കണ്ണീർ തേങ്ങിച്ചൊരിഞ്ഞു. ഒന്നരവർഷത്തിനിടയിൽ ആദ്യമായി ഞാൻ പുഞ്ചിരിച്ചു. എൻ്റെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചു. പർവ്വതത്തിൻ്റെ കനമുള്ള ഒരു കല്ല് നെഞ്ചിൽ നിന്നും എടുത്തു മാറ്റിയ പോലെ എനിക്ക് തോന്നുന്നു. എനിക്ക് വീണ്ടും ശ്വസിക്കാനാകുമെന്നും . ഇങ്ങനെയാണ് നീതി അനുഭവപ്പെടുന്നത്. എനിക്കും എൻ്റെ കുഞ്ഞുങ്ങൾക്കും എല്ലായിടത്തുമുള്ള സ്ത്രീകൾക്കും എല്ലാവർക്കും തുല്യനീതി എന്നതിൻ്റെ ന്യായീകരണവും പ്രത്യാശയും പ്രദാനം ചെയ്തതിന് ബഹുമാനപ്പെട്ട സുപ്രീംകോടതിയോട് ഞാൻ നന്ദി പറയുന്നു.

മുമ്പ് പറഞ്ഞത്, ഞാനിന്നും ആവർത്തിക്കുന്നു. എൻ്റേതു പോലുള്ള യാത്രകൾ ഒരിക്കലും തന്നത്താൻ നിർമ്മിക്കപ്പെടുന്നില്ല. എൻ്റെ കൂടെ എൻ്റെ ഭർത്താവും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. വെറുപ്പിൻ്റെ കാലങ്ങളിൽ ഒരു പാട് സ്നേഹം പകരാനും ദുർഘടസന്ധികളിൽ കൈ പിടിക്കാനും എനിക്കെൻ്റെ കൂട്ടുകാർ ഉണ്ടായിരുന്നു. എനിക്ക് അസാധാരണക്കാരിയായ ഒരു വക്കീൽ ഉണ്ടായിരുന്നു. അഡ്വക്കേറ്റ് ശോഭാ ഗുപ്ത കഴിഞ്ഞ ഇരുപത് നീണ്ട വർഷങ്ങളിൽ എൻ്റെ കൂടെ അചഞ്ചലിതയായി നിന്നു. നീതി എന്ന ആശയത്തിൽ പ്രത്യാശ നഷ്ടപ്പെടാതിരിക്കാൻ അവർ ഒരിക്കലും അനുവദിച്ചില്ല.

ഒന്നര വർഷങ്ങൾക്ക് മുമ്പ് , 2022 ആഗസ്റ്റ് 15 ന് എൻ്റെ കുടുംബം നശിപ്പിച്ചവർക്കും എൻ്റെ നിലനിൽപ്പിനെത്തന്നെ ഭീകരപ്പെടുത്തിയവർക്കും മുൻകൂർ മോചനം നൽകിയപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. എൻ്റെ ശക്തിയുടെ സംഭരണി വറ്റിപ്പോയതായി എനിക്ക് തോന്നി. ഒരു ദശലക്ഷം ഐക്യദാർഢ്യം എന്നിലെത്തിച്ചേരും വരെ. ഇന്ത്യയിലെ ആയിരക്കണക്കിന് സാധാരണ മനുഷ്യരും സ്ത്രീകളും മുന്നോട്ടു വന്നു. എനിക്കൊപ്പം നിന്നു. എനിക്ക് വേണ്ടി സംസാരിച്ചു. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. മുംബൈയിൽ നിന്ന് 8500 പേരും മറ്റിടങ്ങളിൽ നിന്ന് 6000 പേരും അപേക്ഷകൾ സമർപ്പിച്ചു. 10000 പേർ തുറന്ന കത്തുകളെഴുതി. കർണ്ണാടകത്തിലെ 29 ജില്ലകളിൽ നിന്നായി 40000 പേരും അത് തന്നെ ചെയ്തു. ഈ മനുഷ്യർക്കോരോരുത്തർക്കും എൻ്റെ നന്ദി. നിങ്ങൾ തന്ന വിലമതിക്കാനാകാത്ത ഐക്യദാർഢ്യത്തിനും ശക്തിക്കും. നിങ്ങൾ എനിക്ക് പൊതുതാനുള്ള ഇച്ഛാശക്തി തന്നു. എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ ഓരോ സ്ത്രീക്കും വേണ്ടി നീതി എന്ന ആശയത്തെ സംരക്ഷിച്ചു നിർത്തിയതിന് നന്ദി.

ഈ വിധിയുടെ യഥാർത്ഥപ്പൊരുൾ എൻ്റെ ജീവിതത്തിനും എൻ്റെ മക്കളുടെ ജീവിതത്തിനും വേണ്ടി ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇന്ന് എൻ്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന ദുഅ ലളിതമാണ്. നിയമവാഴ്ചയാണ് എല്ലാറ്റിനും മുകളിൽ, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

വീട്

വീട് നിർമിക്കുമ്പോൾ നാം നമ്മെ നിർമ്മിക്കുകയാണ്. നിർമ്മാണം എന്നത്നാം കുക്കിംഗ് എന്ന് പറയുന്ന പോലെ എല്ലാ ചേരുവകളും പാകത്തിന് ഉൾപ്പെടുത്തി കൊണ്ട് രുചികരമാക്കുന്ന പ്രക്രിയയാണ്. ഒരാവിഷ്ക്കാരം,…

സമരം ചെയ്യേണ്ടതുണ്ട്

കഴിഞ്ഞ ദിവസം തൃശൂർ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ അന്തേവാസികൾക്കൊപ്പം വർത്തമാനം പറഞ്ഞിരുന്നത് ജീവിതത്തിൽ എന്നെന്നും സ്മരിക്കുന്ന അനുഭവമായി തുടരാതിരിക്കില്ല. അതത്രയും ഹൃദയസ്പർശിയായിരുന്നു. ആദ്യമായാണ് ഒരു…

ലോകം എല്ലാരുടേതുമാണെന്ന് ബഷീർ പറഞ്ഞതിന് ശേഷം, പിന്നീട് കണ്ണിലുടക്കുന്നത് ഏഴാംഭ്രാന്തനാണ്.

വല്ലാത്തൊരു വായനാനുഭവം ഇവിടെ കുറിക്കട്ടെ. അവസാനിച്ചു, വീണ്ടും വരികൾ തേടണമെന്ന് മന്ത്രിച്ചു കൊണ്ടുതന്നെ,ഇനിയും ചെല്ലണം, ആഴത്തിലിറങ്ങി ചെല്ലണമെന്ന് മനസ്സ് ആവർത്തിച്ചു. അശ്രദ്ധയിലെങ്ങാനും ഒരു വരി വിട്ടുപോയിട്ടുണ്ടെങ്കിലോ,…