സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ബദല്‍ മാധ്യമങ്ങള്‍: ഏഴ് കാര്യങ്ങള്‍

പി.എം. ഗിരീഷ്


രാഷ്ട്ര നിയന്ത്രണത്തിനായി പരസ്പരം മത്സരിക്കുന്ന സ്ഥാപിത താല്പര്യക്കാരായ നിക്ഷേപകരുടെ ഇടപെടലുകള്‍ മാത്രമായി ജനാധിപത്യ രാഷ്ട്രീയം മാറിപ്പോയിരിക്കുന്ന സാഹചര്യത്തില്‍, സാമൂഹിക നിര്‍മ്മാണപ്രക്രിയയില്‍ പങ്കാളിയാകണമെന്ന് ആഗ്രഹിക്കുന്ന നമ്മുടെ ആവിഷ്‌ക്കാരമാണ് ബദല്‍ മാധ്യമങ്ങള്‍. തെരുവ് നാടകങ്ങള്‍, കവിയരങ്ങ് സിനിമ തുടങ്ങിയ ധാരാളം സമാന്തര പ്രസ്ഥാനങ്ങള്‍ ഉടലെടുത്ത കേരളത്തില്‍ ബദല്‍ മാധ്യമങ്ങള്‍ ക്രിയാത്മകമായ പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍ ഒട്ടേറെ മുന്നേറിയിരുന്നു. പല രാഷ്ട്രീയദൗത്യങ്ങളും സംവേദനം ചെയ്യുക എന്നതാണ് ബദല്‍ മാധ്യമങ്ങളുടെ പ്രധാനദൗത്യം. ജനസമ്പര്‍ക്കമാകണം അതിന്റ അന്ത:സത്ത. സ്വതന്ത്രമായൊരു മാധ്യമ സങ്കല്‍പ്പം തന്നെയാണ് ബദല്‍ മാധ്യമങ്ങള്‍. സുപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും മാധ്യമസംസ്‌കാരപഠിതാവുമായ നോം ചോംസ്‌കി പറയുന്നു: സ്വതന്ത്രമായ ഒരു മാധ്യമം സങ്കല്‍പിക്കാന്‍ അത്ര വിഷമമുളള കാര്യമൊന്നുമില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതികളില്‍ അങ്ങനെ ഒന്നുണ്ടായിരുന്നു. ഇത് അര്‍ത്ഥമാക്കുന്നത് ഭീമമായ മൂലധനത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാത്ത കോര്‍പ്പറേറ്റ് ഉടമസ്ഥാവകാശത്തെ ആശ്രയിക്കാത്ത, വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിക്കാത്ത ഒരു മാധ്യമത്തെയാണ്. അതേ സമയം, അത് ലോകത്തെ മനസ്സിലാക്കാനും ലോകം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് യുക്തിയുക്തമായ ചര്‍ച്ചകളില്‍ പങ്കെടുക്കാനും താല്പര്യമുള്ള ജനങ്ങളോട് സംവദിക്കുന്ന മാധ്യമമായിരിക്കണം. ഇത് അപ്രാപ്യമാണെന്ന് ഞാന്‍ കരുതുന്നില്ല.(1)

സമൂഹത്തില്‍ സ്വാധീനം ചെലുത്താനാവുന്ന ശക്തമായ മാധ്യമമെന്ന നിലയ്ക്ക് അവ പാലിക്കേണ്ട സാമൂഹിക ധര്‍മത്തെക്കുറിച്ച് അച്ചടിമാധ്യമം നിലവില്‍ വന്നകാലഘട്ടം മുതലേ മലയാളികള്‍ ബോധവാന്മാരായിരുന്നു. കേരളത്തിലെ ബുദ്ധിജീവികള്‍ ഇതിനായി ബോധവത്ക്കരണവും നടത്തിയിരുന്നു. 1908- സെപ്റ്റംബര്‍ 20ന് തിരുവനന്തപുരത്ത് ശ്രീവരാഹം വിജ്ഞാനദായിനി സഭയുടെ വാര്‍ഷികയോഗത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ സ്വദേശാഭിമാനി കെ. രാമകൃഷ്ണപ്പിള്ള പറഞ്ഞു: ‘ഗവര്‍മെന്റുകളുടെ തന്ത്രങ്ങളെ ഗുണദോഷചിന്തനം ചെയ്ത് ജനസമുദായത്തിന് ദോഷമായി വരാവുന്നവയെപ്പറ്റി ആക്ഷേപിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടുന്നതുവരെ ആ കാര്യങ്ങള്‍ അനലസമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും രാജ്യകാര്യങ്ങളിലെന്നല്ലാ യാതൊരു പൊതുവിഷയത്തിലും ശ്രേഷ്ഠമായ ഒരു മാത്യകയെ ഉദ്ദിഷ്ടകാര്യമായി പിടിച്ച് അതിലേക്ക് ജനങ്ങളെ നയിക്കയും ചെയ്യുന്നതായ വ്യത്താന്തപത്രപ്രവര്‍ത്തനം, വാസ്തവമായും ലോകത്തിലുള്ള ജീവിത വൃത്തികളില്‍ ശ്രേഷ്ഠമാകുന്നു’. (2) അദ്ദേഹം പറഞ്ഞ ശ്രേഷ്ഠത മറക്കുകയും ദുഷ്ടലാക്കോടുകൂടി മറ്റൊരു ‘ധര്‍മം’ ഏറ്റെടുക്കുകയുമാണ് ആഗോളീകരണ കാലഘട്ടത്തില്‍ മാധ്യമം എന്നും കാണാനാകും.

വ്യക്തികളുടെ ചിന്തയെ നിയന്ത്രിക്കുക എന്ന ദ്രോഹനടപടി കൂടി മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. നോംചോംസ്‌കി ഇതിനെ ചിന്താനിയന്ത്രണം എന്നു വിളിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യരാഹിത്യം മാത്രമല്ല ചിന്താനിയന്ത്രണം, മറിച്ച് വ്യക്തികളിലെ സ്വതന്ത്രചിന്ത അവരറിയാതെ തുടച്ചുനീക്കി അധികാരവര്‍ഗത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് അനുകൂലനായ ചിന്തയെ പ്രതിഷ്ഠിക്കലും കൂടിയാണ്. പൊതുജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് വായിക്കാനും നിരീക്ഷിക്കാനുമുള്ള അവസരങ്ങള്‍ നിഷേധിച്ച് സ്വതന്ത്രചിന്ത തന്നെ കെടുത്തിക്കളയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

സര്‍ക്കാറിന്റെയും സ്ഥാപനങ്ങളുടെയും മറ്റും നയപരമായ തീരുമാനങ്ങളിലും അന്വേഷണങ്ങളിലും എങ്ങനെ പങ്കെടുക്കാമെന്ന പരിശീലനമാണ് മാധ്യമങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ രഹസ്യഅജണ്ടകളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാറുകളുടെ നടപടിക്രമങ്ങളോട് കൂടുതല്‍ വിധേയത്വം പുലര്‍ത്താനുള്ള പരിശീലനമാണ്, നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ നല്‍കുന്നത്. അങ്ങനെ വരുമ്പോള്‍ മാധ്യമങ്ങളുടെ വിദൂരനിയന്ത്രണത്തിലാകുന്നു വ്യക്തിയുടെ ചിന്ത.

ഇവിടെയാണ് ബദല്‍മാധ്യമങ്ങള്‍ പ്രസക്തമാകുന്നത്. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പൊതുജനശ്രദ്ധ, തിരിച്ചു വിട്ട് യഥാര്‍ത്ഥ രാഷ്ടീയചിന്തയെ ഉന്മൂലനം ചെയ്യാന്‍, ശ്രമിക്കുന്ന കേരളീയസാമൂഹികാന്തരീക്ഷത്തില്‍ ബദല്‍ മാധ്യമങ്ങള്‍ക്ക് ധാരാളം ധര്‍മങ്ങള്‍ ഏറ്റെടുക്കാനുണ്ട്. അവയില്‍ ചിലത്:

1) ജനങ്ങളുടെ അഭിപ്രായം സ്വരൂപപ്പെടുത്താനും പ്രതിലോമശക്തികളെ തിരിച്ചറിയാനും സഹായിക്കുക. അതിനായി അവരോട് എളുപ്പത്തില്‍ സംവദിക്കുന്ന ഭാഷ യില്‍ എഴുതുക.
2) മാധ്യമങ്ങള്‍ ചിന്തിക്കുന്നു; ജനങ്ങള്‍ ജീവിക്കുന്നു എന്ന നിലവിട്ട് ജനങ്ങള്‍ ചിന്തിക്കുന്നു മാധ്യമങ്ങള്‍ ഉപജീവിക്കുന്നു എന്ന ഘട്ടത്തിലേക്ക് സാംസ്‌കാരിക മണ്ഡലത്തെ കൊണ്ടുപോവുക.
3) ബദല്‍ മാധ്യമ ചിന്തയ്ക്ക് അനുകൂലമായ പലതും സാധിച്ചെടുക്കാനുള്ള ഒരു ഇടമായി സൈബര്‍ സ്‌പെയ്‌സ് വിനിയോഗിക്കുക.
4) പുതിയൊരു പൊതുമണ്ഡലം (public sphere) രൂപപ്പെടുത്തുക.
5) ആധുനിക സാമൂഹികമാറ്റത്തിനു ശേഷം രൂപപ്പെട്ട പൊതുമണ്ഡല(Public spere)ത്തില്‍ അച്ചടിമാധ്യമങ്ങള്‍ സ്ഥാപിച്ചെടുത്ത മുതലാളിത്ത പ്രത്യയശാസ്ത്രത്തെ
തകര്‍ക്കുക.
അച്ചടിച്ചതെന്തും യാഥാര്‍ത്ഥ്യമാണെന്നു വിശ്വസിക്കുന്ന തരത്തില്‍ മാറിപ്പോയ ജനങ്ങളുടെ സാമാന്യധാരണയെ തകര്‍ക്കുക എന്ന ലക്ഷ്യവും ബദല്‍മാധ്യമങ്ങള്‍ ഏറ്റെടുക്കണം.
6) ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത പ്രതീതിയാഥാര്‍ത്ഥ്യത്തില്‍ നിന്ന് സാമാന്യജനങ്ങളെ വിമോചിപ്പിക്കുക
7) മതപ്രത്യയശാസ്ത്രം കൂടാതെ മാധ്യമങ്ങള്‍ സ്യഷ്ടിക്കുന്ന പ്രതീതി യാഥാര്‍ത്ഥ്യത്തിലേക്ക് കൂടിയാണ് ഓരോ കുട്ടിയും പിറന്നുവീഴുന്നത്. ഈ യാഥാര്‍ത്ഥ്യം മന സ്സിലാക്കി വേണം ബദല്‍മാധ്യമങ്ങള്‍ തങ്ങളുടെ അജണ്ട തയ്യാറാക്കല്‍.

കുറിപ്പ്
(1) ബൂദ്ധിജീവികളുടെ മൗനം,ഫേബിയന്‍ ബുക്‌സ്.
(2) രാമകൃഷ്ണപ്പിള്ള 1912 വൃത്താന്ത പത്രപ്രവര്‍ത്തനം.
(3) ഗിരീഷ് പി.എം 2007 അക്ഷയം, Vol-1 ജൂണ്‍

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…