സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കാലത്തെ അടയാളപ്പെടുത്തുന്ന ആനുകാലികങ്ങള്‍

സി.ലതീഷ്‌കുമാര്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും കേരളീയ ജീവിതത്തെ സമരോത്സുകമാക്കി മാറ്റുന്നതില്‍ ആനുകാലികങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. കൊളോണിയലിസത്തിന്റെ രൂക്ഷമായ പ്രതിഫലനമെന്ന നിലയിലും ഐതിഹാസികമായ ജീവിതസമരങ്ങളുടെ ഭാഗമെന്ന നിലയിലും മലയാളത്തിലെ ആനുകാലികങ്ങള്‍ക്ക് വേറിട്ട ശബ്ദമുണ്ടായിരുന്നു. പക്ഷേ അവയുടെ ശരിയായ നിലവാരത്തെ പരിഗണിക്കാനോ, ചരിത്രത്തിന്റെ പരിവര്‍ത്തനോന്മുഖമായ അനുഭവങ്ങളെ അറിയാനോ ഉള്ള നമ്മുടെ സാധ്യതകള്‍ വേണ്ടത്ര സംരക്ഷിക്കപ്പെടാതെ പോയി.

മനുഷ്യന്റെ ജീവിതം, അവന്റെ ഭാഷ ഓരോ കാലത്തും അവനനുവര്‍ത്തിച്ചുവന്ന ജീവിതവീക്ഷണം, പെരുമാറ്റം, രോഗം, മരണം, വിശ്വാസം, സ്‌നേഹം, അവബോധം എന്നിവയ്ക്ക് തിരികൊളുത്തുന്നവയാകുന്നു എക്കാലത്തേയും നല്ല ആനുകാലികങ്ങള്‍. ഇത് സംരക്ഷിക്കപ്പെടാതെ പോകുന്നു എന്നത് വലിയൊരു ദുരന്തം തന്നെയാണ്.

ചെറുതും വലുതുമായ നിരവധി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വികസിച്ച കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയസ്ഥിതിഗതികള്‍, വ്യവസ്ഥാപിതമായ മൂല്യങ്ങള്‍, വര്‍ഗപരവും സാമ്പത്തികവുമായ വേര്‍തിരിവുകള്‍ ഇവയൊക്കെ പ്രതിഫലിപ്പിക്കത്തക്കവിധത്തില്‍ അവബോധമുള്ളവയായിരുന്നു നമ്മുടെ പ്രസിദ്ധീകരണങ്ങള്‍.

കൊല്ലവര്‍ഷം 1108 ( 1992 ) ചിങ്ങമാസത്തില്‍ എറണാകുളത്തുനിന്ന് സമസ്ത കേരള സാഹിത്യപരിഷത്ത് വക ത്രൈമാസികം ഒന്നാം ലക്കം ഇറങ്ങിയപ്പോള്‍ അതില്‍ വന്ന പ്രസ്താവന ശ്രദ്ധിക്കുക : ‘സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ആറാം സമ്മേളനത്തില്‍ കൈരളീഭക്തന്മാര്‍ ആഹൂതി ചെയ്ത ഹവിര്‍ഭാഗം സ്വീകരിച്ചു പ്രസന്നതയെ പ്രാപിച്ച ആവേശാഗ്‌നിയില്‍ നിന്ന് സമൂത്ഭവിച്ചതാണ് ഈ പത്രഗ്രന്ഥം. ഈ ദ്രവ്യം ദിവ്യമോ അനശ്വരമോ എന്നും, അഥവാ ഭൗതികമോ നശ്വരമോ എന്നും ഭാഷായജ്ഞത്തില്‍ സന്നിഹിതന്മാരും ആചാര്യസ്ഥാനം വഹിക്കുവാന്‍ അര്‍ഹന്മാരുമായ പുരോഹിതന്‍മാര്‍ തീരുമാനിക്കേണ്ട ഒരു സംഗതിയായിട്ടാണ് ഇപ്പോള്‍ ഇരിക്കുന്നത്.

മാസികയുടെ ആയുര്‍ദ്ദായം ഗണിക്കാതെ തന്നെ സാധാരണ അറിയാവുന്നതാണ്, എങ്കിലും സത്സന്തതി അറ്റുപോകാതെയിരിപ്പാനായി വിജാതീയവിവാഹം
പോലും ചെയ്യാമെന്ന് ആപദ്ധര്‍മ്മവിധിയുണ്ടല്ലോ. ഇതാണ് ഈ നൂതന സംരംഭത്തില്‍ ഞങ്ങള്‍ക്കുള്ള സമാധാനം.

ഈ സന്താനം സംസ്‌കാരവിശേഷങ്ങളെ കൊണ്ടു സജ്ജനരഞ്ജകവും വിദ്വജ്ജനസമ്മാന്യവും സാഹിതികേളിസങ്കേതവും ആയുരാരോഗ്യസമ്പല്‍സമൃദ്ദവും ആയി കൈശോരാദി യൗവനാന്തമുള്ള അവസ്ഥവരെ വളര്‍ന്ന് ആ അവസ്ഥയില്‍ തന്നെ സുപ്രതിഷ്ഠിതമായി, ഭാഷാസാമ്രാജ്യത്തില്‍ ആചന്ദ്രതാരം അടിവാണു കാണുവാനുള്ള ഭാഗ്യം കൈരളിക്കുണ്ടാകട്ടെ! സര്‍വ്വനിയന്താവായ പുരാണകവി ഈ ഭാഗ്യസിദ്ധിക്ക് അനുഗ്രഹിക്കുമാറാകട്ടെ!’

1932 ല്‍ എറണാകുളത്ത് നിന്നിറങ്ങിയ സാഹിത്യപരിഷത്തിന്റെ മുഖപത്രമായ ത്രൈമാസികം പിന്നീട് 1947 മുതല്‍ ദ്വൈമാസികയായി, 1952 വരെ തുടര്‍ന്നു. പിന്നീട് മാസികകളായും ഇറങ്ങി.

ഉള്ളൂര്‍, വള്ളത്തോള്‍, അപ്പന്‍ തമ്പുരാന്‍, പി.എസ്. അനന്തനാരായണശാസ്ത്രി, എ.ഡി. ഹരിശര്‍മ്മ, അമ്പാടി കാര്‍ത്ത്യായനി അമ്മ, ടി.കെ. കൃഷ്ണമേനോന്‍, പി. ശങ്കരന്‍ നമ്പ്യാര്‍, അമ്മാമന്‍ തമ്പുരാന്‍ തുടങ്ങിയവരെല്ലാം ഇതിന്റെ ആദ്യകാല പ്രവര്‍ത്തകരായിരുന്നുവത്രെ. കെ.സി. മാത്യു, ഉള്ളൂര്‍, ഹരിശര്‍മ്മ, ജി. ശങ്കരക്കുറുപ്പ് എന്നിവര്‍ ഇതിന്റെ പത്രാധിപന്മാ മായിട്ടുണ്ട് . പഴയ ലക്കങ്ങള്‍ ഉള്ളൂര്‍ , വള്ളത്തോള്‍ , അപ്പന്‍ തമ്പുരാന്‍ , കൊട്ടാരത്തില്‍ ശങ്കുണ്ണി, വടക്കും കൂര്‍, ചങ്ങമ്പുഴ, കുറ്റിപ്പുഴ, നാലാങ്കല്‍, എന്‍. വി. കൃഷ്ണവാരിയര്‍, പി.കെ. നാരായണപിള്ള, ചിറയ്ക്കല്‍, കെ.കെ. രാജ, കെ. പി. ശങ്കരമേനോന്‍, ജോസഫ് മുണ്ടശ്ശേരി എന്നിവരുടെ സര്‍ഗ്ഗസൃഷ്ടി കൊണ്ട് മികവാര്‍ന്നതായിരുന്നുവെന്ന് അക്കിത്തത്തിന്റെ മകള്‍ എ. ഇന്ദിര വിലയിരുത്തുന്നു.

‘മംഗളോദയ’മാണ് ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മാസിക, ആനുകാലികങ്ങളില്‍ മംഗളോദയത്തിന് ഒരു പ്രത്യേകസ്ഥാനമുണ്ട്. 1908 ല്‍ ദേശമംഗലത്ത് നിന്ന് യോഗക്ഷേമസഭയുടെ ആഭിമുഖ്യത്തിലാണ് മംഗളോദയത്തിന്റെ ആദ്യലക്കം പുറത്തിറങ്ങുന്നത്. മംഗളോദയം പ്രവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ 1971 മാര്‍ച്ച് മാസം വരെ ഈ മാസിക നിലനിന്നു. 63 വര്‍ഷത്തിനിടയ്ക്ക് ഒന്നുരണ്ട് ഘട്ടങ്ങളില്‍ മാസിക നിലച്ചുപോയതായും പറയുന്നു. അതേസമയം പൂര്‍വ്വാധികം ശക്തിയോടെ മാസിക ഉയിര്‍ത്തെഴുന്നേറ്റതായും സൂചിപ്പിക്കപ്പെടുന്നു

ജോസഫ് മുണ്ടശ്ശേരിയുടെ കാലത്ത് മാസിക ഉന്നതമായ നിലവാരം പുലര്‍ത്തിയിരുന്നു. പാശ്ചാത്യസാഹിത്യം, നിരൂപണസാഹിത്യം, പുരോഗമന പ്രസ്ഥാനങ്ങളുടെ മുന്നേറ്റം, മലയാളസാഹിത്യത്തെക്കുറിച്ചും, ഭാരതീയ സാഹിത്യത്തെക്കുറിച്ചുമുള്ള അവഗാഹമായ ലേഖനങ്ങള്‍ മാസികയുടെ സമ്പത്തായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ മലയാളത്തിന്റെ ജിഹ്വയായി മംഗളോദയം വിലയിരുത്തപ്പെടുന്നു. ദേശമംഗലത്ത് വലിയ നാരായണന്‍ നമ്പൂതിരിപ്പാട്, അപ്പന്‍ തമ്പുരാന്‍, കെ.വി.എം, ആറ്റൂര്‍ കൃഷ്ണപിഷാരടി, സി.കെ.രാജാ, പി. ശങ്കരന്‍ നമ്പ്യാര്‍, സി.പി. അച്യുതമേനോന്‍, മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്, ജി. ശങ്കരക്കുറുപ്പ,് ചങ്ങമ്പുഴ, അമ്പാടി രാമപൊതുവാള്‍, വി.എം. കുട്ടികൃഷ്ണമേനോന്‍, കെ.കെ. രാജാ, പി.സി. കുട്ടികൃഷ്ണന്‍, ടി.കെ. കൃഷ്ണന്‍ മേനോന്‍, കെ. ശങ്കരമേനോന്‍, മുണ്ടശ്ശേരി എന്നിവരെല്ലാം ഇതിന്റെ പത്രാധിപന്മാരായിരുന്നിട്ടുണ്ട്.

മംഗളോദയത്തിന്റെ ആദ്യലക്കത്തില്‍ വന്ന പത്രാധിപക്കുറിപ്പ് ശ്രദ്ധിക്കുക:

‘ഒരു കാലത്ത് കേരളത്തില്‍ എല്ലാം കൊണ്ടും പ്രാധാന്യം വഹിച്ചിരുന്നവരും ഇന്നും ആ പ്രാധാന്യത്തിന്റെ ഒരു പ്രതിച്ഛായ ശരല്‍ക്കാര്‍ കൊണ്ടുമറഞ്ഞ നിലാവ് പോലെ മങ്ങിക്കിടക്കുന്നുണ്ടെങ്കിലും ആയതിനെ പ്രകാശിപ്പിക്കുവാന്‍ അമാന്തിക്കുന്നവരുമായ യോഗക്ഷേമത്തിനും കാരണമായിത്തീരുമെന്നുള്ള ആലോചനയോടുകൂടി പ്രവര്‍ത്തിക്കുന്ന മഹാന്മാരുടെ പരിശ്രമം കൊണ്ട് ഈയിടെ ഉത്ഭവിച്ചതായ ‘നമ്പൂതിരിയോഗക്ഷേമസഭ’യുടെ ആവിര്‍ഭാവവും ഈ മംഗ ളോദയത്തിന്റെ പ്രാദുര്‍ഭാവത്തിന് കാരണമായിട്ടുണ്ടെന്ന് ഞങ്ങള്‍ സന്തോഷത്തോടെ പറഞ്ഞു കൊളളുന്നു.

എല്ലാ ജാതിക്കാര്‍ക്കും ജാത്യഭിമാനം ഉണ്ടാകുന്നതും ഉണ്ടാകേണ്ടതുമാണല്ലോ. ആ കൂട്ടത്തില്‍ ഞങ്ങള്‍ക്കും നമ്പൂതിരിമാരുടെ മാഹാത്മ്യത്തെപ്പറ്റി ഒരഭിമാനമുണ്ടെങ്കില്‍ അത് ഭൂഷണമല്ലാതെ ദൂഷണമാകുമെന്ന് ഞങ്ങള്‍ക്കു തോന്നുന്നില്ല. പക്ഷേ ആ മാഹാത്മ്യത്തിന് തക്കഗുണങ്ങളെ സമ്പാദിച്ചും അവയെ കൊണ്ട് മറ്റുള്ള സകല സഹജീവികള്‍ക്കും നന്മയെ വരുത്തിക്കൊടുത്ത് സഹായിച്ചും മഹത്വത്തിന് യഥാര്‍ത്ഥത വരുത്തിയവര്‍ക്കല്ലാതെ വാസ്തവത്തില്‍ ആ മാഹാത്മ്യത്തിനവകാശമുണ്ടെന്ന് വിചാരിച്ചുകൂട.

കുലംകൊണ്ടോ, ധനംകൊണ്ടോ, ബലംകൊണ്ടോ, ബുദ്ധിമാത്രംകൊണ്ടോ ഒരുവന്ന് മാഹാത്മ്യമുണ്ടെന്ന് പറഞ്ഞുകൂടാ. വിദ്യകൊണ്ടുള്ള മാഹാത്മ്യമേ മാഹാത്മ്യമാവുകയുള്ളൂ. വിദ്യതന്നെ, ഇഹലോകത്തിലേക്കും പരലോകത്തിലേക്കും ഉപകരിക്കുന്ന വിധത്തിലായിരിക്കണം.’

പത്രാധിപക്കുറിപ്പില്‍ പ്രത്യക്ഷപ്പെട്ട ഈ വിചാരവിപ്ലവങ്ങളെയും അവരുടെ സമകാലികതയില്‍ നിന്നുകൊണ്ട് സൂക്ഷ്മരൂപം പൂണ്ടവയാണ.്
സൗമ്യഭാഷയില്‍ വിവേകപൂര്‍വ്വം ഉപയോഗിച്ച വാക്കുകളുടെ ആന്തരികസ്പര്‍ശം ഇന്നും തെളിയുന്ന വിധത്തില്‍ ആര്‍ജ്ജവമുള്ളതാകുന്നു. എന്നാല്‍ അമ്പതുകള്‍ക്കുശേഷം മലയാളത്തില്‍ കുറെകൂടി തീവ്ര സ്പര്‍ശിയായ ആനുകാലികങ്ങള്‍ ഉണ്ടായെങ്കിലും പത്രധിപക്കുറിപ്പുകള്‍ അത്രശ്രദ്ധിക്കപ്പെടുകയുണ്ടായില്ല.

ഭാഷയിലും ജീവിതാവബോധത്തിലും സാങ്കേതികതയോടൊപ്പം തന്നെ മലയാളം വളര്‍ന്നെങ്കിലും ഭൂരിപക്ഷത്തെ സ്വാധീനിക്കുന്ന ശരിയായ ബോധധാര നമുക്കില്ലാതെ വന്നു. നമ്മുടെ ആനുകാലികങ്ങളും അത്തരമൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു.

1923 ല്‍ പ്രസിദ്ധീകരണമാരംഭിച്ച ഒരു സാഹിത്യമാസികയാണ് ‘സമഭാവിനി. കെ.വി.എം, വിദ്വാന്‍ സി.എസ്സ്.നായര്‍, കെ.സി. മാധവമേനോന്‍ എന്നിവര്‍ പത്രാധിപന്മാരായ ‘സമഭാവിനി’ പഠനാര്‍ഹങ്ങളായ നിരവധി നിരൂപണങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ഒന്നത്രെ.

സമഭാവിനിയുടെ ഒന്നാം ലക്കത്തില്‍ പത്രാധിപര്‍ മുന്നോട്ടുവെക്കുന്ന നാല് പ്രധാനപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധിക്കുക: ‘ സമഭാവിനി’യുടെ ആരംഭത്തിന് പറയത്തക്ക വയായ ചില കാരണങ്ങള്‍ ഉണ്ട്.

ഒന്നാമതു കേരളഭൂമിയില്‍ പരന്നിരിക്കുന്ന മാസിക കൃഷി മുക്കാലും തെക്കന്‍ ദിക്കുകളിലാണ്. അവരുടെ കൃഷി പലപ്പോഴും അപജയത്തില്‍ കലാശിക്കുന്നത് അലസത കൊണ്ടല്ലാതെ ഉദ്ദേശദോഷം കൊണ്ടാണെന്ന് ശങ്കിക്കാന്‍ വഴിയില്ല.

രണ്ടാമത് കേരള സാഹിത്യം ഇപ്പോള്‍ പലതുകൊണ്ടും ഉയര്‍ന്നുവരുന്ന ഒരവസരമാണ്. എന്നാല്‍ ഉത്സാഹികളായ പലരുടേയും മനസ്സ് ശരിയായ പ്രേര ണയില്ലായ്കയാല്‍ ഘടദീപം പോലെ മങ്ങിക്കിടക്കുകയാകുന്നു.

മൂന്നാമത് കേരളത്തില്‍ ഇപ്പോള്‍ ഒരുവിധത്തില്‍ നോക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് സൗലഭ്യമുണ്ടെങ്കിലും മറ്റൊരു വിധത്തില്‍ നോക്കിയാല്‍ ദുര്‍ഭിക്ഷമാണ് കാണുന്നത്. എഴുതുന്നവരും എഴുതേണ്ടവരും എന്ന് എഴുത്തുക്കാരെ രണ്ടായി തിരിക്കാം. ഇതില്‍ ആദ്യം പറഞ്ഞവര്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും രണ്ടാമത് പറഞ്ഞവര്‍ ക്ഷയിക്കുകയാണ്.

നാലാമത് കേരളത്തില്‍ ഗ്രന്ഥനിരൂപണസമ്പ്രദായം വിഷമമായ ഒരവസ്ഥയിലാണ് ഇപ്പോള്‍ ഇരിക്കുന്നത്. ഗ്രന്ഥകാരന്മാരും ഗ്രന്ഥനിരൂപകന്മാരും തമ്മില്‍ ദേവാസുരം മുഴുത്തു പരസ്പരവിരോധത്തോടെ വര്‍ത്തിക്കുന്നു. നല്ല ഗ്രന്ഥങ്ങള്‍ക്കു പലപ്പോഴും നിരൂപകാനുഗ്രഹം ലഭിക്കാതെയും ദുഷ്‌കൃതികള്‍ക്ക് അനര്‍ഹമായ വിജയം ലഭിച്ചും കാണുന്നുണ്ട്. നിരൂപണരീതി തന്നെ ദുണഭേദം നോക്കിയല്ല, വ്യക്തിഭേദം നോക്കിയാണ് പല സന്ദര്‍ഭങ്ങളിലും പ്രത്യക്ഷമാകുന്നത്.

എണ്‍പത്തിനാല് വര്‍ഷം മുമ്പ് മലയാളസാഹിത്യനിരൂപണം എന്തായിരുന്നുവെന്നും കെ.വി. എം. വിദ്വാന്‍, സി.എസ്.നായര്‍, കെ. സി. മാധവമേനോന്‍
എന്നിവരുടെ നിരീക്ഷണങ്ങള്‍ എത്രമാത്രം ആഴമുള്ളവയാണെന്നും വെളിപ്പെടുത്തുന്ന ലക്കങ്ങളാണ് ‘സമഭാവിനി’ യുടേത്. കെ.വി.എം. അപ്പന്‍ തമ്പുരാനുമായി നടത്തിയ ഭൂതരായരെക്കുറിച്ചുള്ള അഭിമുഖസംഭാഷണം സമഭാവിനിയിലാണ് പ്രസിദ്ധപ്പെടുത്തിയത്.

വെള്ളായ്ക്കല്‍ നാരായണമേനോന്റെ പത്രാധിപത്യത്തില്‍ തുടങ്ങിയ മാസികയാണ് ലക്ഷ്മിഭായി. 1905 ല്‍ തുടങ്ങി 1940 ല്‍ പ്രസിദ്ധീകരണം നിര്‍ത്തലാക്കിയ ഈ മാസിക 35 വര്‍ഷം സ്ത്രീകളുടെ ഉന്നമനത്തിനായി നിലകൊണ്ടു. സ്ത്രീ രചനകളും സ്ത്രീകളെ സംബന്ധിക്കുന്ന ആശയങ്ങളും കൊണ്ടു നിറഞ്ഞ ഇവ ഇന്നത്തെ ഫെമിനിസ്റ്റ് വാദത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ്. റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ സ്മാരകമായി തുടങ്ങിയ ഈ മാസിക 1940 ല്‍ പ്രസിദ്ധീകരണം നിര്‍ത്തിവെക്കുമ്പോള്‍ അക്കാലത്ത് പത്രാധിപരായിരുന്ന വെള്ളായ്ക്കല്‍ കൃഷ്ണമേനോന്‍ വായനക്കാരെ അറിയിച്ചിരുന്നുവത്രെ.

പുരുഷനോളം തന്നെ സ്ത്രീക്കും വിദ്യാഭ്യാസം വേണമെന്ന വാദത്തിലൂന്നി സ്ത്രീയെ സംബോധന ചെയ്ത ഒന്നായിരുന്നു ഇത്. ഗര്‍ഭരക്ഷ, ശിശുപരിപാലനം, ആരോഗ്യരക്ഷാമാര്‍ഗം, പാചകവിധി, ഗൃഹഭരണം, ഭര്‍ത്തൃശുശ്രൂഷ, പാതിവ്രത്യമാഹാത്മ്യം, ഓരോ സ്ത്രീരത്‌നങ്ങളുടെ ജീവചരിത്രം, വിനോദകഥകള്‍, കവിതകള്‍ എല്ലാം ഇതിന്റെ പ്രമേയങ്ങളായിരുന്നു. തിരുവിതാംകൂറിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ ഒരു നാഴികക്കല്ലായി ‘ലക്ഷ്മിഭായി’ യെ പരിഗണിച്ചു വരുന്നു.

ഇക്കാലത്തെ ഏക വൈദ്യമാസിക ധന്വന്തരി ആയിരുന്നു. പി.എസ്. വാരിയരായിരുന്നു ഇതിന്റെ പത്രാധിപര്‍.

1950 കള്‍ക്കു മുമ്പ് പ്രസിദ്ധീകൃതമായവയും ഇപ്പോള്‍ നിലവിലുള്ളതും നിന്നുപോയതുമായ നൂറുകണക്കിന് പ്രസിദ്ധീകരണങ്ങള്‍ ഉണ്ട് നമ്മുടെ ഭാഷയില്‍. അതില്‍ നിന്ന് വ്യത്യസ്തമായവ തെരഞ്ഞടൂത്ത് ഗ്രന്ഥസൂചകം തയ്യാറാക്കുന്നു അക്കിത്തത്തിന്റെ മകള്‍ എ. ഇന്ദിര. തൃശൂരിലെ അയ്യന്തോളില്‍ കേരള സാഹിത്യ അക്കാദമിയുടെ കീഴിലുള്ള അപ്പന്‍തമ്പുരാന്‍ സ്മാരക ആനുകാലിക ലൈബ്രറിയില്‍ മ്യൂസിയം അസിസ്റ്റന്റാണ് അവര്‍. ഗവേഷണ തല്‍പ്പരയായ ഇന്ദിര സാഹിത്യഅക്കാദമിയുടെ മുഖപത്രമായ സാഹിത്യ ചക്രവാളത്തില്‍ സ്ഥിരമായി ‘പഴയ താളുകള്‍’ എന്ന പേരില്‍ മാസികകളുടെ ശേഖരത്തെ പരിചയപ്പെടുത്തിയിരുന്നു.

അനുബന്ധം

വിദ്യാവിനോദിനി, രസികരഞ്ജിനി, ലക്്ഷീഭായ്, മംഗളോദയം, സുമംഗല, സാഹിത്യ പരിഷത്ത്, സഞ്ജയന്‍, സത്യനാദകാഹളം, ഉണ്ണിനമ്പൂതിരി, ശാരദ, മിതവാദി, കവനകൗമുദി, ഗുരുനാഥന്‍, കേസരി, രസിക രത്‌നം, രാജര്‍ഷി, രാമാനുജന്‍, സ്വദേശാഭിമാനി, വിശ്വരൂപം, ധന്വന്തരി, മുസ്ലിം മഹിള, കവനമഞ്ജരി, പ്രബോധകന്‍, ആത്മപോഷിണി, സനാതന ധര്‍മ്മം, സാഹിത്യചിന്താമണി, വിജ്ഞാനരത്‌നാകരം, ലക്ഷ്മി വിലാസം, കേരളചിന്താമണി, അരുണോദയം, ഓം ബ്രഹ്‌മാനന്ദം, കേരളധര്‍മ്മം, ജ്ഞാനനിക്ഷേപം, സഹ്യദയ, സദ്ഗുരു, കേരളമിത്രോപപത്രം, ഭാഷാപോഷിണി, ആയുര്‍വേദിക് ഗസ്റ്റ്, നസ്രാണി ദീപിക, കവനോദയം, സമദര്‍ശി, കഥാകൗതുകം, കവിതാവിലാസിനി, കേരളം, സാഹിത്യകേരളം, മഹിള, ശബ്ദ കൗസ്തുഭം, മുരളി, സമഭാവിനി.//രാജ്യസമാചാരം(1847), പശ്ചിമോദയം(1847),ജ്ഞാനനിക്ഷേപം(1848), വിദ്യാസംഗ്രഹം(1864), പശ്ചിമതാരക(1864), കേരളം(1866), സന്ദിഷ്ടവാദി(1867), കേരളപതാക(1870), കേരളോപകാരി(1874), സത്യനാദകാഹളം(1876), മലയാളമിത്രം(1876), തിരുവിതാംകൂര്‍ അഭിമാനി(1876), കേരളദീപിക(1878),കേരളചന്ദ്രിക(1879), കേരളമിത്രം(1881), വിദ്യാവിലാസിനി(1881),കേരളപത്രിക(1884), മലയാളി(1886), കേരളീയസുഗുണബോധിനി(1886), കഥാവാദിനി(1887), പരോപകാരി(1887), നസ്രാണിദീപിക(1887), കേരളസഞ്ചാരി(1888), വിദ്യാവിനോദിനി(1889), കേരളനന്ദിനി(1899), മലയാളമനോരമ(1890)
(ഇവയെല്ലാം 50 കള്‍ക്കു മുമ്പ് ഇറങ്ങിയവയും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട മാസികകളും പത്രങ്ങളുമാണ്)

1977 ലാണ് കേരളസാഹിത്യ അക്കാദമി അപ്പന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറിയെ ഏറ്റെടുക്കുന്നത്. ഈ കെട്ടിടം അപ്പന്‍ തമ്പുരാന്റെ കോവിലകമായിരുന്നു. തമ്പുരാന്‍ മരിച്ചപ്പോള്‍, ബന്ധുക്കള്‍ക്ക് ഇത് പുറത്ത് കൊടുക്കേണ്ടിവന്നു. അങ്ങനെ കുന്നത്ത് ടെക്‌സ്‌റ്റൈല്‍സിന്റെ കൈവശമായി. എന്നാല്‍ പൊതു സ്വത്തെന്ന നിലയില്‍ സര്‍ക്കാര്‍ പിന്നീട് ഇത് അക്വയര്‍ ചെയ്യുന്നു. ഒടുവില്‍ പി ഡബ്ല്യയുടെ കയ്യില്‍ എത്തിപ്പെട്ട ഈ കെട്ടിടം സി. അച്ചുതമേനോന്റെ കാലത്ത് സാഹിത്യഅക്കാദമിയുടെ കീഴില്‍ കൊണ്ടുവന്നു. ചെറിയ നിലയിലുള്ള ഈ ലൈബ്രറി അക്കാദമിയുടെ കീഴില്‍ വന്നതോടെ അപ്പന്‍ തമ്പുരാന്‍ ആനുകാലിക ലൈബ്രറിയായി വികസിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അക്കാദമിയില്‍ ലഭിക്കുന്ന എല്ലാ ആനുകാലികങ്ങളും ബൈന്റ് ചെയ്ത് സൂക്ഷിച്ചു വരുന്നു. കേരളത്തില്‍ ആനുകാലികങ്ങള്‍ സൂക്ഷിച്ചുവരുന്ന ഏറ്റവും പ്രധാനപ്പെട്ട റഫറന്‍സ് ലൈബ്രറി അപ്പന്‍ തമ്പുരാന്‍ സ്മാരക ആനുകാലിക ലൈബ്രറിയാണ്. തൃശൂര്‍ നഗ രത്തില്‍നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെ അയ്യന്തോളില്‍ സ്ഥിതി ചെയ്യുന്ന ലൈബ്രറിയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഗവേഷകര്‍ ആനുകാലികങ്ങളെക്കുറിച്ച് പഠിക്കാന്‍ ആശ്രയിച്ചുവരുന്നു. 1100 ല്‍പരം മാസികകള്‍ ഇവിടെ ബെന്റ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള 10 % മാറ്റിനിര്‍ത്തിയാല്‍ 90 % വും മലയാളഭാഷയിലുള്ള ആനുകാലികങ്ങള്‍ തന്നെ.

സര്‍ഗ്ഗാത്മകജീവിതത്തിന്റെയും സാംസ്‌കാരികതയുടേയും ഇടനിലങ്ങളാണെന്നുള്ളതു കൊണ്ട് ആനുകാലികങ്ങള്‍ക്ക് എക്കാലത്തും അതിന്റേതായ സാദ്ധ്യത
കളുണ്ട്. ജീവിതത്തിന്റെ തുറന്ന വാതിലുകളെന്നനിലയില്‍ അതിന്റെ ആവിഷ്‌കാരം ഒരു പുതിയ സംവേദനതയെ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് ആനുകാലികങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതിബിംബമായി പലപ്പോഴും മാറാറുണ്ട്. ചില ഗ്രന്ഥങ്ങള്‍ മനുഷ്യന്റെ എല്ലാ കാലത്തേക്കുമുള്ള ധാരണയായി മാറുന്നതു പോലെ ചില ആനുകാലികങ്ങള്‍ നാം ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്നവയായി തീര്‍ന്നിട്ടുണ്ട്.

അങ്ങനെയുള്ള ആനുകാലികങ്ങളെ കണ്ടെത്താനുള്ള ഒരു ശ്രമമാണ് ജി. പ്രിയദര്‍ശനന്‍ നടത്തുന്നത്. മലയാളത്തില്‍ ഈ നിലയിലുള്ള വലിയ അ
ഷണം നടത്തിയ എഴുത്തുകാരന്‍ നമുക്ക് വേറെയില്ല. കേരളസാഹിത്യ അക്കാദമി റിസര്‍ച്ച് സ്‌കോളര്‍ ആയ ജി. പ്രിയദര്‍ശനന്‍ ഈ വിഷയത്തെ കേന്ദ്രീകരിച്ച് മണ്‍മറഞ്ഞ മാസികകള്‍, മാസികാപഠനങ്ങള്‍, ആദ്യകാലമാസികകള്‍ എന്നിങ്ങനെ മൂന്ന് പുസ്തകങ്ങള്‍ രചിച്ചിരിക്കുന്നു. ഒടുവില്‍ പുറത്തുവന്ന ആദ്യകാലമാസികകള്‍ എന്ന ഗ്രന്ഥത്തിന് അവതാരിക എഴുതിയത്. എസ്. കെ. വസന്തനാണ.് ‘കാലടിപ്പാടുകളിലൂടെ’ എന്ന ഈ അവതാരിക ക്കുറിപ്പില്‍ എസ്. കെ. വസന്തന്‍ പറയുന്നു: മാസിക പഠനം ഒരു സാംസ്‌കാരിക ചരിത്ര പഠനത്തിന്റെ ഭാഗമാണ്. ചരിത്രത്തില്‍ ഇടം തേടിയ നാല്‍പ്പത്തിരണ്ട് മാസികകളെ പറ്റിയുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.

അനുബന്ധം

വിദ്യാസംഗ്രഹം(1864), വിദ്യാവിലാസിനികള്‍(1881), കവനോദയം(1894), ചന്ദ്രിക(1899) ധന്വന്തരി(1902), നായര്‍(1903), വിവേകോദയം(1904), ഭാഷാകൗമുദി(1905), കേരളന്‍(1905), മംഗളോദയം(1908), സുദര്‍ശനം(1909), യുവജനാനന്ദിനി(1910), ഭാഷാഭൂഷണം(1912), സാധുജനപരിപാലിനി(1914), ശ്രീരാമവിലാസം(1914), നായര്‍ സമുദായ പരിഷ്‌കാരി(1914) ആദ്യകേസരി(1915), സമുദായദീപിക(1916), ഭാഷാഭിമാനി(1916), മിതഭാഷിണി(1916), കഥാകൗമുദി(1919), വിദ്യാഭിവര്‍ദ്ധിനി(1920), സാഹിത്യകൗമുദി( 1920), ഭാരതദീപം(1920), സംഘമിത്ര(1920), ഭാഷാചന്ദ്രിക(1921), പൈങ്കിളി(1923), സാഹിതി(1923), മതിദീപം(1923), കേരളചന്ദ്രിക(1924), വെള്ളാളമിത്രം(1924), സേവിനി (1924), ദിവ്യകോകിലം(1925), ധര്‍മ്മകുമാരന്‍(1926), അരുണോദയം(1927), സരസ്വതി(1927), ദീപം(1929), ദീപിക(1931), നിരൂപകന്‍(1932), ഭാഷാപോഷിണി ചിത്രമാസിക(1939) വജ്രസൂചി(1948), കലാകൗമുദി(1951)

ഇവയില്‍ മിക്കതും നിലച്ചുപോയി. പക്ഷേ പലതും അക്കാലത്തുണ്ടാക്കിയ സാംസ്്കാരിക ചലനം കേരള ചരിത്രത്തിലെ വലിയ ഏടുകളായിരുന്നു. എന്നാല്‍ ഇത്തരം മാസികകളുടെ മുഴുവന്‍ ശേഖരണവും അവയുടെ വിശദാംശങ്ങളും നമ്മുടെ ലൈബ്രറികളില്‍ പരിമിതമാണ്. ഇവയെക്കുറിച്ച് പഠിക്കാവുന്ന ഗ്രന്ഥങ്ങളും നമുക്ക് കുറവാണ്. അതില്‍ പുതുപ്പള്ളി രാഘവന്‍ എഴുതിയ ‘കേരള പത്രപ്രവര്‍ത്തനചരിത്രവും’ ജി. പ്രിയദര്‍ശന്‍ എഴുതി, കേരള മീഡിയ അക്കാദമി പ്രസിദ്ധപ്പെടുത്തിയ ‘കേരളപത്രപ്രവര്‍ത്തനം സുവര്‍ണാധ്യായങ്ങള്‍’ എന്ന പുസ്തകവും വളരെ ശ്രദ്ധിക്കപ്പെടുന്നവയാണ്.

നമ്മുടെ സ്വാതന്ത്ര്യസേനാനികളുള്‍പ്പെടെ സാംസ്‌കാരിക ചിന്തകരും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകരും ഒരുകാലത്ത് എങ്ങനെയല്ലാം ഇടപെട്ടു, എന്തു ചെയ്തു എന്നതിന്റെ ദൃക്‌സാക്ഷ്യമായിരുന്നു ശരിക്കും ഈ ആനുകാലികങ്ങള്‍. അവയൊന്നും സംരക്ഷിക്കപ്പെടാതെ, സൂക്ഷിക്കപ്പെടാതെ പോകുമ്പോള്‍ നമ്മുടെ ചരിത്രവും സംസ്‌കാരവുമാണ് മറഞ്ഞുപോകുന്നത്്. ജീ.പ്രിയദര്‍ശന്‍ പറയുന്നതുപോലെ നവീന വിജ്ഞാന വിഷയങ്ങളുടെ ആകരങ്ങളാണ് വിസ്മൃതിയില്‍ ലയിച്ച ആനുകാലികങ്ങള്‍.

എസ്.കെ. വസന്തന്‍ സൂചിപ്പിക്കുന്നു: ഏത് മാസികയെക്കുറിച്ചായാലും അത് പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയ കാലം, ഉടമസ്ഥനാര്, പത്രാധിപരാര്, എവിടെയായിരുന്നു അച്ചടി, മാസികയുടെ വലിപ്പം എന്ത്, എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആദ്യം കാണുക. മാസികയുടെ സൂക്ഷിപ്പുകാരും ചില കുസ്യതികള്‍ ഒപ്പിച്ചിട്ടുണ്ട്. ശ്രദ്ധാപൂര്‍വ്വം മാസികകള്‍ കുത്തി കെട്ടി സൂക്ഷിച്ചിരുന്നവരില്‍ ചിലര്‍, മാസികയുടെ പുറം ചട്ട കീറിക്കളഞ്ഞാണ് അവ ബയിന്റ് ചെയ്ത് സൂക്ഷിച്ചത്. ഫലം, എവിടെ അച്ചടിച്ചു, പത്രാധിപരാര്, ഉടമസ്ഥനാര് തുടങ്ങിയ വിവരങ്ങള്‍ നഷ്ടപ്പെട്ടു. അവ ഇനി കിട്ടുമെന്നും പ്രതീക്ഷിക്കാന്‍ വയ്യ. ഇങ്ങനെയുള്ള കുറവ് നികത്താന്‍ സാഹിത്യഅക്കാദമി ഒരു ശ്രമം തുടങ്ങിക്കഴിഞ്ഞു. പഴയ മാസികകള്‍ സി.ഡി.കളിലാക്കി അവയുടെ വിഷയസൂചിക തയ്യാറാക്കി പരിരക്ഷിക്കുന്നു.

ഇക്കാലത്തിറങ്ങിയ ഓരോ മാസികകള്‍ക്കും അതിന്റേതായ നിലവാരവും പ്രത്യേകതയുമുണ്ടായിരുന്നു. 1919 ല്‍ പുറത്തുവന്ന കഥാകൗമുദി ഒരു കഥാമാസികയായിരുന്നു. ഇതില്‍ കെ.വി. ശങ്കരന്‍നായര്‍ എഴുതിയ ഒരു നീണ്ടകഥ ഇ.വി. കൈപറ്റുകയും നാല്‍പ്പതു പുറത്തിലധികം ഉണ്ടായിരുന്ന കഥ സംഗ്രഹിച്ച് ഒറ്റ പേജാക്കിയത്രെ. കഥയ്ക്ക് ഒരു ന്യൂനതയും വന്നില്ല. ഈ അപൂര്‍വ്വതകള്‍ ഇന്നു നടക്കുന്നില്ലത്രെ.

50 കള്‍ക്കുശേഷം മലയാളത്തില്‍ വന്ന പല ആനുകാലികങ്ങളും അല്‍പ്പായുസ്സുള്ളവയായിരുന്നു. ഏറെ തീവ്രതയോടെ, പ്രതിബദ്ധതയോടെ അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വലിയ വഴിത്തിരുവുണ്ടാക്കിയ ആനുകാലികങ്ങള്‍ വന്നിരുന്നു. പലപ്പോഴായി മുടങ്ങിപ്പോഴവയും നിരോധിക്കപ്പെട്ടതുമായ ആനുകാലികങ്ങള്‍ ഇതിില്‍പ്പെടുന്നു. പട്ടാമ്പിയില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ‘പ്രസക്തി’ ഇക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വെറും രണ്ട് ലക്കങ്ങള്‍ മാത്രം പുറത്തിറങ്ങിയ’പ്രസക്തി’ പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായി പുതിയ കാഴ്ചപ്പാടുകളോടെ സംവദിച്ചു.

‘വാക്ക്”, സംസ്‌കാരപഠനകേന്ദ്രത്തിന്റെ ‘ജയകേരളം’, ജനകീയ സാംസ്‌കാരികവേദിയുടെ ‘പ്രേരണ’, കെ.വേണുവിന്റെ ‘ഇങ്ക്വിലാബ്”,’സമീക്ഷ’,’ എ.അയ്യപ്പന്റെ ‘അക്ഷരം’, എല്ലാം തികച്ചും വ്യത്യസ്തമായിരുന്നു.

(കടപ്പാട് : അപ്പന്‍ തമ്പുരാന്‍ സ്മാരക ആനുകാലിക ലൈബ്രറി, അയ്യന്തോള്‍,തൃശൂര്‍)

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…