അടിയന്തിരാവസ്ഥക്കാലത്തെ പീഢാനുഭവങ്ങളെപ്പറ്റി ചിത്രകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.മോഹനന്‍ ദിലീപ്‌രാജിനോട് സംസാരിക്കുന്നു.
അഭിമുഖത്തിൻ്റെ രണ്ടാം ഭാഗം
ജയിലിലേക്കു കൊണ്ടുപോകുന്നത് ഏറെ കഴിഞ്ഞാണോ ?
ക്യാമ്പില്‍ പത്തുമുപ്പത്തിയഞ്ചു ദിവസം ഇട്ടതിന് ശേഷം മെയ് 19-ന് വൈകിട്ട് ഷര്‍ട്ടൊക്കെ ധരിപ്പിച്ച് രണ്ടുപേരെവീതം ഒന്നിച്ച് നൈിക്കകവിലങ്ങുവെച്ച് കണ്‍ട്രോള്‍ റുമില്‍ കൊണ്ടുവന്നു. അവിടെ വെച്ചാണ് കുറേ ദിവസങ്ങള്‍ക്കുശേഷം ആദ്യമായി കണ്ണാടിയില്‍ സ്വന്തം രൂപം കാണുന്നത്. അതും തമാശയായിരുന്നു. ഒരാള്‍ നടന്നു വരുന്നുണ്ട്. ചെറിയ പരിചയം തോന്നുന്നു. ആരാണിത് ? – പറഞ്ഞാല്‍ വിശ്വസിക്കില്ല. ഒരു സ്ഥലത്തുതന്നെയിട്ട് പല്ലുതേപ്പും കുളിയുമില്ലാതെ..മുടിയൊക്കെ ജടയാണ്..സ്‌കിന്നൊക്കെ പ്രശ്‌നമാണ്. ചൊറി വന്നുതുടങ്ങിയിട്ടുണ്ട്. പല്ലൊക്കെ നീണ്ട്. കണ്ണൊക്കെ കുഴിയിലായി ഒരു രൂപം വരുന്നു…
അവിടത്തെ എസ് ഐ ‘ചായവേണോ’ എന്നുചോദിച്ചു. തമാശയാവുമെന്നു കരുതി വേണംന്നു പറഞ്ഞു. കപ്പും സോസറുമായി ചായ കൊണ്ടുവച്ചു. ചായയുടെ ടേസ്റ്റ് എന്താണെന്നോ, ഇത്രേം ടേസ്റ്റുള്ള ചായ കുടിച്ചിട്ടില്ല. മൂക്കും നാക്കും സജീവം. സമാധാനം..
കണ്ണൂരില്‍ സി.പി. ബ്ലോക്കിലാണ് നക്‌സലൈറ്റ് തടവുകാരെ പാര്‍പ്പിച്ചത്. അവിടെ കബോസ്റ്റ് എന്നു തമാശയായി പറയുന്ന എല്ലാ പച്ചക്കറിയുംകൂടി ഇട്ട് പാകംചെയ്ത വൈകുന്നേരം കിട്ടുന്ന ഭക്ഷണമാണ് ഞങ്ങള്‍ക്ക് പക്ഷെ അന്നതിന് എന്തെന്നില്ലാത്ത രുചി തോന്നി. യാതൊരുഭക്ഷണവുമില്ലാത്ത സ്ഥിതി മാറുകയാണല്ലോ?
ഗറില്ലകള്‍ വെള്ളത്തിലെ മത്സ്യം പോലെയാണെന്നാണ്. എല്ലാ ഗറില്ലകളും ജയിലിലാണ്. വെള്ളം മാത്രമേ ബാക്കിയുള്ളു. നമ്മള്‍ പിടിക്കപ്പെട്ടാലും ദാമോദരന്‍ മാഷോ വേണുവോ പിടിക്കപ്പെടരുത് എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അങ്ങനെയൊരു റോള്‍ മാത്രമേ സ്വയം സങ്കല്പിച്ചിരുന്നുള്ളു. ഇപ്പോള്‍ ഈ അനുഭവങ്ങള്‍ പറയുമ്പോയുള്ള ഒരു ജാള്യതയും അതാണ്. സക്രിയമായ ഒരു പങ്ക് ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ല. ജയിലിനുള്ളില്‍ അന്ന് പാര്‍ട്ടിക്ലാസ്സുകളും ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകളുമൊക്കെ നടക്കുന്നുണ്ട്. അതില്‍നിന്നൊക്കെ സ്വാഭാവികമായും മാറിനിന്നു.
ജയിലില്‍ ആദ്യദിവസംതന്നെ താവം കേസ്സിലെ പ്രധാന പ്രതിയായിരുന്ന മാധവന്‍നമ്പ്യാരും കോയക്ക എന്ന സഖാവും ഉളള സെല്ലിലാണ് എന്നെ ഇട്ടത്. ഒരു ദിവസം രാത്രി എനിക്കു മൂത്രമൊഴിക്കാന്‍ മുട്ടി. യാതൊരു രക്ഷയുമില്ല. ഇനി പറയാന്‍ പോകുന്ന കാര്യം ഒരു രഹസ്യമാണ്. മൂത്രമൊഴിക്കാന്‍ സിപി ബ്ലോക്കില്‍ ഓരോരുത്തര്‍ക്കും ചട്ടിനല്‍കും. പക്ഷെ കുറെദിവസം കഴിഞ്ഞാണ് എനിക്കു ചട്ടികിട്ടിയത്. സഹിക്കവയ്യാതെ അവസാനം അവിടെയുള്ള ചട്ടിയില്‍ ഞാന്‍ മൂത്രമൊഴിച്ചു. നിറയാറയപ്പോള്‍ നിര്‍ത്തി. രാവിലെയായപ്പോള്‍ കണ്‍ഫ്യുഷനായി. സത്യം പറയണോ വേണ്ടയോ. പ്രായമുള്ളവര്‍ എന്നനിലയ്ക്ക് ബഹുമാനമുണ്ട്. അവരെക്കൊണ്ടത് എടുപ്പിക്കാമോ. കോയക്കക്കാണെങ്കില്‍ കണക്കുണ്ട്. ഇത്രയും മൂത്രമെങ്ങനെ വന്നു എന്നദ്ദേഹം ആശ്ചര്യപ്പെടുന്നുണ്ട്. പിറ്റേന്നും കിട്ടിയില്ല ചട്ടി. രാവിലെ ജയിലിലെ ശബ്ദം എല്ലാവരും ചരലിട്ട് മൂത്രച്ചട്ടി കഴുകുന്ന ശബ്ദമാണ്.
വേറെയും ചില തമാശകളുണ്ട്. ജയരാജന്‍ എന്ന സഖാവിന് (നാലു വര്‍ഷം മുന്‍പ് ജയരാജന്‍ മരിച്ചു.)വയറിന് അടികിട്ടിയിട്ടുണ്ടായിരുന്നു. അവിടെ എന്തെങ്കിലും പ്രധാനപ്പെട്ട അവയവമുണ്ടോ എന്ന് എല്ലാവരോടും സംശയം ചോദിക്കും. എന്നോടും ചോദിച്ചു. ജയരാജന്‍ എന്നെ വിശ്വസിക്കുമെന്നറിയാതെ ഞാന്‍ പറഞ്ഞു, അവിടെ പ്രധാനപ്പെട്ട ഡയഫ്രം എന്ന അവയവമുണ്ട്. അതുപൊട്ടിയാല്‍ തകരാറാണ്. ഒരിക്കല്‍ ജില്ലാ ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ വന്നപ്പോള്‍ ഒരു ഡോക്ടറോട് തന്റെ ഡയഫ്രെം പൊട്ടിയൊ എന്ന് സംശയമുള്ളതായി ജയരാജ് പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തില്‍നിന്ന് ഇങ്ങനെയൊരു സംശയംവന്നത് അവര്‍ക്കൊരു തമാശയായി. ജയരാജിന് ആശുപത്രിയില്‍ അഡ്മിറ്റാവണമെന്ന് നിര്‍ബന്ധം. അവിടെ അല്പം സ്വാതന്ത്ര്യമുണ്ട്. കട്ടിലില്‍ കിടക്കാം. ആളുകളെ കാണാം. പുറത്തെ വായുശ്വസിക്കാം. അങ്ങനെ ആശുപത്രിയിലെത്തിയപ്പോയാണ് യാദ്യച്ഛികമായി വേണുവും മറ്റു സഖാക്കളും കോട്ടക്കലില്‍വച്ച് പോലീസ് വാനില്‍ നിന്ന് ചാടിയത്. അതോടെ നക്‌സലൈറ്റുകളെ മുഴുവന്‍ ചങ്ങലക്കിട്ടേ പുറത്തുകൊണ്ടുപോകു എന്ന അവസ്ഥയായി. സ്വാതന്ത്ര്യം മോഹിച്ച ജയരാജിന്റെ കാലില്‍ കട്ടിലിനോടുചേര്‍ത്ത് ചങ്ങലവീണു. ആശുപത്രിക്കട്ടിലില്‍ ജയിലിനേക്കാള്‍ കടുപ്പമായി ചലനം.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷതോന്നിയോ?
ഇല്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്നത് അപ്പോഴും അവ്യക്തമായിരുന്നു. മുന്നനുഭവങ്ങളും അങ്ങനെയാണ്. ഇവിടെത്തന്നെ അച്ചുവേട്ടനുണ്ടു. തലശ്ശേരി പുല്പള്ളിയില്‍ ശിക്ഷിക്കപ്പെട്ട അദ്ദേഹം കണ്ണൂരില്‍ തടവിലായിരുന്നു. അദ്ദേഹത്തെ വിട്ടത്തന്നെ പുറത്തെ മണ്ണില്‍ തൊടുവിക്കാതെയാണ്. ജയിലില്‍നിന്ന് കാലെടുത്തുവച്ചത് നേരെ ക്രൈം ബ്രാഞ്ചിന്റെ തുറന്നവാനിലേക്കായിരുന്നു. കാലിന് ചങ്ങലയിട്ട് ഒരുപാട് പോലീസ് സ്‌റ്റേഷനുകളിലിട്ടു. സംശയാസ്പദമായി കണ്ടു എന്ന് പറഞ്ഞ് മിസയാക്കി സി പി ബ്ലോക്കിലടച്ചു. തലശ്ശേരി പുല്‍പ്പള്ളികേസില്‍ ശിക്ഷിക്കപ്പെട്ട വേലപ്പന്‍മാസ്റ്റര്‍ കുറ്റ്യാടിക്കേസില്‍ ശിക്ഷിക്കപ്പെട്ട അപ്പു എന്നിവരും അടിയന്തിരാവസ്ഥക്കുമുമ്പേ തുടങ്ങി വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടും വിട്ടയച്ച ഉടനെ ജയില്‍ഗേറ്റില്‍വച്ചുതന്നെ അറസ്റ്റ് ചെയ്തു ദിവസങ്ങളോളം കസ്റ്റടിയില്‍വച്ചു മിസ ചുമത്തി ജയിലിലെത്തിക്കുമ്പോള്‍ തിരഞ്ഞെടുപ്പോ ഭരണമാറ്റമോ ഒന്നും ഞങ്ങളെ ബാധിക്കില്ല എന്നതായിരുന്നു ധാരണ. ഇന്ദിരാഗാന്ധിയോട് പ്രത്യേകിച്ച് വിരോധമുണ്ടായില്ല വ്യവസ്ഥയുടെ ദൂഷ്യമായെ പൊതുവെ ഇതെല്ലാം നോക്കിയിരുന്നുള്ളു.
എങ്ങനെയാണ് പുറത്തുവന്നത് ?
റിലീസ് ഓര്‍ഡറായി എന്നു പറഞ്ഞ് ഞങ്ങളെ ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ കൊണ്ടുപോയി. അവിടെ അടയാളമെടുക്കലും മറ്റും നടന്നു. ചില രജിസ്റ്ററുകളിലൊക്കെ ഒപ്പു വെപ്പിച്ചു. ജോലിയുള്ളവരൊക്കെ ജയിലില്‍ കിടന്നതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നുണ്ട്. ജോലിയില്ലെങ്കിലും ഞാനും ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങി.ഈ കാലത്ത ്
നമ്മളെവിടെയാണെന്നതിന് ഒരു തെളിവ് വേണ്ടെ. ബസ് കൂലിതന്നു. വേഷം ജയിലിലേതല്ലങ്കിലും ഒരു തരം ജയിലത്തം ഇല്ലാതല്ല. കുറെ പേര്‍ ഒന്നിച്ച് ജയിലിന്റെ തൊട്ടടുത്തുള്ള സ്റ്റോപ്പില്‍ നിന്ന് ബസ് കയറുമ്പോള്‍ ഒരാള്‍ കാര്യങ്ങളന്വേഷിച്ചു. അയാള്‍ സ്വാതന്ത്ര്യസമരസേനാനിയായ ഒരു മുന്‍ എം.എല്‍.എ യുടെ അടുത്ത ബന്ധുവായിരുന്നു. ഞങ്ങള്‍ മിസ തടവുകാരാണെന്ന് പറഞ്ഞപ്പോള്‍ ഇത്രയധികം സാധാരണക്കാര്‍ ജയിലിലുണ്ടായിരുന്നോ എന്നറിഞ്ഞ് അയാള്‍ക്ക് അല്‍ഭുതമായി. ആരും കാണാതെ വീട്ടിലെത്താം എന്ന് വിചാരിച്ചതാണ്.സാധിില്ല. കുറെ ആള്‍ക്കാര്‍ കാത്തുനില്പുണ്ടായിരുന്നു. മരിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍ എന്നാണ് വാര്‍ത്ത പ്രചരിച്ചത്. കുറെപേര്‍ കാണാന്‍ വന്നു. ഒരു ദിവസം രാത്രിയുണ്ട് ഒരുസംഘം വരുന്നു. ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റുചെയ്യലൊക്കെ പതിവായതിനാല്‍ ആശങ്കതോന്നി. നോക്കുമ്പോള്‍ വീരേന്ദ്രകുമാറും സംഘവുമാണ്. ബാലുശ്ശേരിയിലെവിടെയോ സ്വീകരണത്തിന് വന്നപ്പോള്‍ ഞാന്‍ മരിക്കുകയാണെന്ന് കേട്ട് വന്നതാണ്. അദ്ദേഹത്തിന്റെ ഭാര്യ ഉഷയും ഉണ്ട്. രണ്ടുപേരും കരച്ചിലാണ്. കാര്യങ്ങളൊക്ക ചോദിച്ചറിഞ്ഞു. ചാലിപറഞ്ഞറിഞ്ഞ കാര്യങ്ങള്‍. രാജനെപ്പറ്റിയൊക്കെ പറഞ്ഞു. അസംബ്ലിയില്‍ അവതരിപ്പിക്കണം.ശങ്കരന്‍കുട്ടിയെ(എം എല്‍ എ) അറിയിക്കണം എന്നൊക്കെ പറഞ്ഞു അദ്ദേഹം. അതുകഴിഞ്ഞു മറ്റൊരു തമാശയുണ്ടായി. തൊട്ടടുത്തൊരു ദിവസം സി.പി.എമ്മിന്റെ ഒരു സംഘം ബാലന്‍വൈദ്യരോടൊപ്പമെത്തി. നമ്മളെങ്ങോട്ടാണ് ചായുന്നത് എന്നറിയില്ലല്ലോ. എന്റെ വീട്ടിന്നടുത്ത് പ്രാക്ടീസുചെയ്തിരുന്ന മാര്‍ക്‌സിസ്റ്റ് അനുഭാവിയായ ഒരു ഹോമിയോ ഡോക്ടറും അയാളുടെ ചില സുഹ്യത്തുക്കളും വന്ന് അവരുടെ നാട്ടില്‍ ഒരു സ്വീകരണമുണ്ട് എന്തായാലും പങ്കെടുക്കണമെന്ന് നിര്‍ബന്ധിച്ചു. ശരിക്കും വയറിളക്കമാണെന്നതൊന്നും ഏശിയില്ല. ഒടുവില്‍ പീടികകോലായില്‍ സ്വീകരണയോഗം നടത്തുന്നിടത്തെത്തി. അവിടെ അപ്പോള്‍ എം.വി.രാഘവനാണ് പ്രസംഗിക്കുന്നത്. കരുണാകരനെ പച്ചതെറിവിളിക്കുകയാണ് പ്രസംഗത്തിലുടനീളം. പോലീസുകാരെക്കാള്‍ കൂടിയതെറി. തൊട്ടുമുമ്പില്‍ തടമ്പാട്ടുതാഴം പാര്‍ക്കിനുമുന്‍പില്‍ ചില്ലുക്കൂട്ടില്‍ കൂപ്പുകയ്യോടെ ചിരിക്കുന്ന ഗാന്ധിജിയുടെ പൂര്‍ണകായ വര്‍ണചിത്രം.
ജയിലില്‍ മനസ്സില്‍ തട്ടിയ സംഭവങ്ങള്‍, ദൃശ്യങ്ങള്‍…
കത്തുകള്‍ വലിയ ഒരു കാര്യമാണ്. അമ്മ വിശദമായി എഴുതും. പശു പ്രസവിച്ചതും ഞാന്‍ പുസ്തകം വച്ച സ്ഥലത്ത് ചിതല്‍ വന്നത് തട്ടിയതും ഒക്കെ. തിരിച്ചെഴുതുക കളവായിരിക്കും. ഇവിടെ സുഖം തന്നെയെന്ന്. ജയിലില്‍ തൊണ്ണൂറ്റഞ്ചുകൊല്ലം വരെയൊക്കെ കിടക്കേണ്ടവരുണ്ട് – നെക്‌സലൈറ്റ് കേസില്‍ ശിക്ഷ വേറെവേറെ അനുഭവിക്കണം. അവരടക്കം പുറത്തുവിട്ടാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത്. പട്ടത്ത് വിളയുടെ കഥയില്‍ കൈപോയ ഗോപാലേട്ടനെക്കുറിച്ച് പറയുന്നുണ്ടല്ലോ. ബോംബ് പൊട്ടി കൈ നഷ്ടപ്പെട്ടതാണ്. ആ ഗോപാലേട്ടന്‍ എഴുതിയ കത്ത് പിടിച്ചിരുന്നു. പുറത്ത് പോയാല്‍ ജീവിക്കുന്നതിനെ കുറിച്ചാണ് എഴുതിയിരുന്നത് എന്ന് അന്ന് കേട്ടിരുന്നു. അവരൊക്കെ എത്രയോ കാലമായി അതിനുള്ളില്‍ കിടക്കുന്നവരാണ്. സേന വന്ന് വിമോചിപ്പിക്കും എന്ന പ്രതീക്ഷയാണ് അവര്‍ക്ക്. പുറത്തുനിന്നു വന്ന ഞങ്ങള്‍ക്കല്ലെ അറിയൂ മീനും വെള്ളവുമെല്ലാം ഇതിനുള്ളിലാണെന്ന്. നമ്മളാണല്ലോ വെള്ളം. ഗറില്ലകളും വെള്ളവുമെല്ലാം അകത്താണ്. ദാമോദരന്‍ മാഷ് വരുന്ന സീനുണ്ട് വല്ലാത്തൊരു സീനാണത്. റേഷന്‍ മിസക്കാരെ ചിലപ്പോള്‍ രാത്രി ഞങ്ങളുടെ കൂടെയിടും. പിറ്റേന്ന് എട്ടാം ബ്ലോക്കിലേക്ക് മാറ്റും. ഒരു ദിവസം നോക്കുമ്പോള്‍ ഭയങ്കര പ്രായമായിട്ടുള്ള ഒരാളെ കൊണ്ടു വരുന്നുണ്ട്. മെലിഞ്ഞ് നടക്കാന്‍ പറ്റാത്ത ഒരാള്‍. ചുമരു പിടിച്ചാണ് നടന്നു വരുന്നത്. റിമാന്റ് ചെയ്തവരെ ഇടുന്ന സെല്ലിലേക്കാണ് കൊണ്ടുവരുന്നത്. എല്ലാവരും പറഞ്ഞു ഈ വയസ്സനെ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവരുന്നതെന്ന്. പെട്ടന്ന് എനിക്ക് തോന്നി ഇത് ദാമോദരന്‍ മാഷാണല്ലോ എന്ന്. മാഷിന്റെ ചിരി ഒരു പ്രത്യേകതരം ചിരിയാണ്. ഞാനങ്ങനെ പറഞ്ഞപ്പോള്‍ എന്നെക്കാള്‍ പരിചയമുള്ളവര്‍ പോലും സമ്മതിച്ചില്ല. കാണേണ്ടൊരു കാഴ്ചയായിരുന്നു അത്. ശരീരത്തില്‍ എല്ലുംതോലുമല്ലാതെ മാംസപേശി എന്നൊരു സാധനമേയില്ല. നടക്കാന്‍ പറ്റില്ല.
അങ്ങാടിപ്പുറം ബാലകൃഷ്ണന്‍ മരിക്കുമ്പോള്‍ അടുത്തുള്ളത് സലീമാണ്. നൂറുശതമാറ്റം പൊള്ളലേറ്റ അവസ്ഥയാണ്. ഏറ്റവും അവസാനം സ്ട്രക്ച്ചറില്‍ കിടന്ന് കൈയുയര്‍ത്തി സി പി ഐ എം എല്‍ സിന്ദാബാദ്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിച്ച് കൈ മെല്ലെ താണുപോവുകയായിരുന്നു.സലിം പറഞ്ഞറിഞ്ഞതാണ്. ഇതൊന്നും എവിടെയും പ്രതിനിധാനം ചെയ്യപ്പെട്ടിട്ടില്ല. ജോണിന്റെ ‘അമ്മ അറിയാന്‍’ എന്ന സിനിമയെപറ്റി എഴുപതുകളുടെ പുന:രാവിഷ്‌ക്കാരം എന്ന അര്‍ത്ഥത്തില്‍ ശ്രദ്ധേയമാണെന്ന അഭിപ്രായമില്ല. എനിക്ക് അതെപ്പറ്റി യാതൊരഭിപ്രായവുമില്ല. യാഥാര്‍ത്ഥ്യത്തോട് അതിനുള്ള ബന്ധം സാങ്കല്‍പ്പികമാണ്.എഴുപതുകളില്‍ കേരളത്തില്‍ നടന്ന സംഭവങ്ങളുടെ പുനരാവിഷ്‌ക്കരണം നടത്തുന്നു എന്നാണ് ജോണ്‍ അവകാശപ്പട്ടത്. സോമശേഖരനാണ് ജോണിനെ ഫറൂഖിലേക്ക് കൊണ്ടുവരുന്നത ്.എല്ലാകഥകളും അനുഭവിച്ചവര്‍ പറഞ്ഞിട്ടുള്ളതാണ്. ഞങ്ങളെ മര്‍ദ്ദിച്ചതുമുഴുവന്‍ സാധാരണവേഷത്തിലുള്ള ക്രൈം ബ്രാഞ്ചുകാരണ്. യൂണിഫോമിലുള്ളവരല്ല.
രാജന്‍ സംഭവത്തിനു തൊട്ടടുത്ത് പകരംവീട്ടല്‍ പോലെയാണ് അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ ആക്ഷന്‍ നടന്നത്. അതെ ത്തുടര്‍ന്ന് മര്‍ദ്ദനങ്ങള്‍ക്ക് അല്‍പ്പം അയവു വന്നിരുന്നു.
അടിയന്തിരാവസ്ഥയോടുള്ള പൊതുജനവികാരം പൊതുവേ എന്തായിരുന്നു?
ഞാന്‍ പില്‍ക്കാലത്ത് ജോലിക്ക് ചേര്‍ന്നപ്പോള്‍ മനസ്സിലായത് എന്‍.ജി.ഒ മാര്‍ക്ക് അടിയന്തിരാവസ്ഥയോടുള്ള ഒരേയൊരു എതിര്‍പ്പ് ‘നാവടക്കു പണിയെടുക്കു’ എന്നതിന്റെ പേരിലാണെന്നാണ്.മറ്റെല്ലാ അര്‍ത്ഥത്തിലും അതിനെ കൊണ്ടാടുകയായിരുന്നു. ഉള്ളിക്ക് വിലകുറഞ്ഞതില്‍ വടക്കുള്ളവര്‍ക്ക് സന്തോഷം. എത്രയോ ആള്‍ക്കാര്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വസ്ഥതയുണ്ട് എന്നും മറ്റും പറഞ്ഞു കേട്ടിട്ടണ്ട്. നക്‌സലൈറ്റുകള്‍ മൊത്തമാള്‍ക്കാര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെങ്കിലും അത് ആ രീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല
അടിയന്തിരാവസ്ഥയ്ക്കുശേഷം ?
ചില തമാശകളൊക്കെ ഉണ്ടാവുന്നുണ്ട്. ഷാ കമ്മീഷന്‍ വന്നു. കേന്ദ്ര സര്‍ക്കാറിന്റെ അന്വേഷണം വന്നു.അങ്ങനെ കലക്ടറുടെ അന്വേഷണത്തിനുപോയി. സെന്‍ട്രല്‍ സി.ഐ.ഡി യൊക്കെ വന്നാണു വിളിച്ചത്. കലക്ടര്‍ എന്നെ ഗുണദോഷിക്കുകയാണു ചെയ്തത്.
ക്യാമ്പില്‍ നടന്നത് ഞങ്ങള്‍ പറഞ്ഞാലെ പുറത്തറിയു. പോലീസുകാര്‍ മാത്രമാണ് അതിന് സാക്ഷി. ഡി.വൈ.എസ്.പി രാമാനന്ദന്‍ ‘ഞാന്‍ കുറ്റക്കാരനല്ല, നിയമം നടപ്പാക്കിയതേയുള്ളു’ ‘ആരോപണങ്ങളെല്ലാം അടിയന്തിരാവസ്ഥയെ കരിതേച്ചുകാണിക്കുവാന്‍ കെട്ടിച്ചമച്ചതാണ്’.എന്നൊക്കെ പറയുന്നുണ്ട്്’. പുറത്തേക്ക് വന്നപ്പോള്‍ അയാള്‍ എന്റെ കൈപിടിച്ചിട്ട് ‘ഒന്നും വിചാരിക്കരുത് ട്ടോ, അങ്ങനെയല്ലാതെ ചെയ്യാന്‍ പറ്റില്ല. അതോണ്ടാണ്’ എന്നൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞു: ഈയൊരൊറ്റക്കാര്യം നിങ്ങളവിടെ പറഞ്ഞാല്‍ മതിയായിരുന്നു. അതുചെയ്യാതെ സ്വകാര്യമായി വന്നു പറഞ്ഞിട്ടെന്തുകാര്യമാണുള്ളത്? മറ്റേതൊന്നുമില്ലങ്കില്‍ മൂന്നാമതൊരാളോടു പറയുമ്പോള്‍ കുമ്പസാരത്തിന്റെ സുഖം കിട്ടിയേനെ. രേഖപ്പെടുത്തേണ്ട എന്നുപറഞ്ഞ് നിങ്ങള്‍ക്ക് പറയാമായിരുന്നു. അയാളെന്നെയൊന്നു നോക്കിയിട്ടങ്ങുപോയി. അയാള്‍ നടത്തിയതുപോലെ ഭീകരമായ മര്‍ദ്ദനം വേറെ സങ്കല്്പിക്കാനാവില്ല. അയാള്‍ തുപ്പിയതുപ്പല്‍ക്കട്ട എന്റെ ചുണ്ടില്‍ തങ്ങിനിന്നിട്ടുണ്ട്. അയാളുടെ മോതിരം മുഖത്തുപതിഞ്ഞിട്ടുണ്ട്. കൈമടക്കി അടിയ്ക്കുമ്പോള്‍ ബൂട്ടിന്റെ മടമ്പുഭാഗം കൊ്ണ്ടു വീങ്ങിവീര്‍ത്ത കാലില്‍ ചവിട്ടിയിട്ട് ചീഞ്ഞുപോയിട്ടുണ്ട്.
ഞാന്‍ അനുഭവങ്ങള്‍ മുഴുവന്‍ വള്ളിപുള്്‌ളിവിടാതെ പറഞ്ഞു. അവര്‍ ദയനീയമായും തലയ്ക്കു കൈകൊടുത്തുമൊക്കെ കേട്ടു. 1977-ലാണിത്.
പലതും ബാക്കി നില്‍ക്കുന്നുണ്ടു, ജയിലില്‍വെച്ചു കേള്‍ക്കാനിടയായ മരണവാര്‍ത്തകള്‍. അത്തരം ഘട്ടത്തിലും പരോള്‍നിഷേധിക്കപ്പെടുമ്പോഴുള്ള വിങ്ങലുകള്‍.
പിന്നെയും എത്രയോ വിചിത്ര വിഭ്രാന്തികള്‍ ബാക്കി നില്‍ക്കുന്നു..