ഞായറാഴ്ച ആയതു കൊണ്ട് വൈകിയാണ് എഴുന്നേറ്റത് .ഒരു കപ്പു ചായയുമായി ഇരുന്ന് അലസമായി പത്രത്താളുകള്‍ മറിക്കുമ്പോഴാണ് ഡോക്ടര്‍ സാഷ ഇവാൻ്റെ ചിത്രം ചരമക്കോളത്തില്‍ കണ്ടത്. തലേന്ന് രാത്രി വാർദ്ധ്യക്യസഹജമായ അസുഖം മൂലം എഴുപത്തി എട്ടാമത്തെ വയസ്സില്‍ സ്വന്തം വീട്ടില്‍ വച്ച് നിര്യാതയായി എന്നാണ് വാർത്ത. പഴയ ഒരു ഫോട്ടോ കുറിപ്പിൻ്റെ കൂടെ ചേർത്തിട്ടുണ്ട്. ഇരുപതു കൊല്ലം മുന്‍പ് ഞാന്‍ അവരെ ആദ്യമായി കണ്ടത് പോലെ തന്നെയുണ്ട് ,സുന്ദരി !
ഒരു മാസത്തെ ട്രെയിനിംഗ് വേണ്ടിയാണ് ഞാന്‍ ഡോക്ടര്‍ ഇവാൻ്റെ ശിശു രോഗചികിത്സക്കായുള്ള ഡിപാര്‍ട്ട്മെന്റില്‍ ചെന്നത്. കാനഡയിലെത്തി അധികനാളായിരുന്നില്ല. കനേഡിയൻ സർട്ടിഫിക്കേഷന് വേണ്ടി ഗ്രാമീണ മേഖലയിലെ ചികിത്സാ സംവിധാന രീതികളെപ്പറ്റിയുള്ള പരിശീലനത്തിന് വേണ്ടിയായിരുന്നു അവിടെയെത്തിയത്. ഈ ആശുപത്രിക്കടുത്ത്, യൂണിവേഴ്സിറ്റി തന്നെ താമസം ഏർപ്പെടുത്തിയിരുന്നു. അവിടുത്തെ രീതിയനുസരിച്ച് ഡോ ഇവാൻ എന്നാണ് അവരെ എല്ലാവരും വിളിച്ചിരുന്നത്
എഴുന്നൂറ്റി അൻപത് കിലോമീറ്റർ ബസ്സിൽ യാത്ര ചെയ്താണ് ഒട്ടും പരിചയമില്ലാത്ത ആ ചെറു പട്ടണത്തിൽ എത്തിയത്. കൂട്ടികൊണ്ട് പോകാനോ യാത്രയയയ്ക്കാനോ ആരും ഉണ്ടായിരുന്നില്ല. അത് ശീലമായി കഴിഞ്ഞിരുന്നു. എങ്ങനെയും കോഴ്സ് പൂർത്തിയാക്കി ജോലി സമ്പാദിക്കണം എന്ന് മാത്രമായിരുന്നു മനസ്സിൽ. അത് കൊണ്ട് മററ് കാര്യങ്ങളൊന്നും ഒരിക്കലും വിഷമമായി തോന്നിയില്ല. മുൻപ് ഇവിടെ ടെയിനിംഗിന് വന്നിരുന്ന ഒരു ഡോക്ടർ വളരെ സുരക്ഷിതമായതും സഹായ മനസ്ഥിതിയുള്ളതുമായ ആളുകളാണ് ആ നാട്ടുകാർ എന്ന് പറഞ്ഞത് മാത്രമായിരുന്നു സമാധാനം. ഞാൻ ഒരു ടാക്സി വിളിച്ച് താമസസ്ഥലത്തേക്ക് പോയി.
പിറ്റേന്ന് രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ തന്നെ താഴെ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് ഒരാൾ മുറിയുടെ വാതിലിൽ മുട്ടിപ്പറഞ്ഞു. ആരും പരിചയക്കാരില്ലാത്ത ഇവിടെ വിസിറ്റർ ആരായിരിക്കുമെന്നോർത്ത് കൊണ്ടു് ധൃതിയിൽ താഴേക്ക് വന്നു. അവിടുത്തെ മേയറാണ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് അവർ തുടങ്ങിയത്. പുതിയതായി അവരുടെ നാട്ടിലേക്ക് വന്ന എന്നെ സ്വാഗതം ചെയ്യാനും കുറച്ച് ഭക്ഷണ സാധനങ്ങളും പാത്രങ്ങളും മറ്റും തരാനുമായാണ് അവർ ഇവിടേക്ക് വന്നത്. വളരെ ഹൃദ്യമായ അവരുടെ പെരുമാറ്റം എൻ്റെ ആശങ്കകളെയെല്ലാം അലിയിച്ചു കളഞ്ഞു.
പരിചയപ്പെട്ടപ്പോള്‍ തന്നെ ഡോ.ഇവാൻ്റെ വളരെ സ്റ്റൈലിഷ് ആയ വസ്ത്രധാരണ രീതി ആണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത് . ആദ്യ ദിവസം തിരക്ക് പിടിച്ചതായിരുന്നു. നല്ല ചിട്ടയായിട്ടാണ് അവിടെ എല്ലാം നടക്കുന്നത്. പേപ്പർ ഉണ്ടാക്കുന്ന ഒരു ഫാക്ടറി മാത്രമുള്ള ഒരു ചെറിയ പട്ടണമായിരുന്നു. അത് കൊണ്ട് ചെറുപ്പക്കാരും കുട്ടികളും വളരെ കുറവായിരുന്നു. ഇത് മൂലം മിക്കവാറും പത്തിൽ താഴെ രോഗികൾ മാത്രമേ ഉണ്ടാകുള്ളു. വഴിയിൽ കാണുന്നവരെല്ലാം മദ്ധവയസ്സ് കഴിഞ്ഞവരും വൃദ്ധരുമാണ്. വെളുത്തവർ അല്ലാത്ത ആരെയും എവിടെയും കണ്ടില്ല.
ജോലിയുടെ സമയത്ത് ഗൗരവപ്രകൃതിയാണെങ്കിലും മറ്റുള്ള സമയങ്ങളിൽ ഡോ ഇവാൻ്റെ പെരുമാറ്റം വളരെ സൗഹൃദപരമായിരുന്നു. ഒരു വലിയ വാനിറ്റി ബാഗും പിന്നെ ഒരു തുണി സഞ്ചിയുമായിട്ടാണ് എന്നും വരിക. പത്തു മണിയാവുമ്പോഴാണ് പുള്ളിക്കാരിയുടെ ബ്രേക്ക് ഫാസ്റ്റ്. ചിലപ്പോള്‍ എന്നെയും വിളിക്കും. പലതരം ഫ്രഷ് ഫ്രൂട്സ്, ഉണങ്ങിയ പഴങ്ങൾ, നട്സ് എന്നിവ മാറി മാറി കൊണ്ട് വരും. ഗ്രീന്‍ ടീ, ബ്ലാക്ക് ടീ എന്നിവ അവിടെത്തന്നെ ഉണ്ടാക്കിയെടുക്കും. തുണി സഞ്ചി ഭക്ഷണ സാധനങ്ങൾക്ക് വേണ്ടിയുള്ളതാണ്.
ജോലി കഴിഞ്ഞു് മിക്കവാറും മൂന്ന് മണിയോ മടങ്ങിപ്പോകാൻ സാധിയ്ക്കും. വേനൽക്കാലമായത് കൊണ്ട് വഴിയരികിലെ പുഷ്പങ്ങൾ നിറഞ്ഞ പൂന്തോട്ടങ്ങളും കണ്ടു കൊണ്ട് താമസ്ഥലത്തേക്കുള്ള നടപ്പ് ആനന്ദകരമായിരുന്നു. ഒരു മാസം വേഗം കടന്ന് പോയി. അവസാന ദിവസം ഒന്നിച്ചു ചായ കുടിക്കാമെന്നും കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞു ഇരിക്കാം എന്നും അവര്‍ തലേന്ന് തന്നെ പറഞ്ഞിരുന്നു.
ചായ കുടിച്ചിരിക്കുമ്പോൾ, അവരുടെ സംസാരം പതുക്കെ പതുക്കെ സ്വന്തം കഥയിലേക്ക് നീണ്ടു് പോയി. ശരിക്കുള്ള പേര് സാഷ, റഷ്യക്കാരിയാണ്. ചെറുപ്പത്തില്‍ ബാലെ നര്‍ത്തകി ആകണം എന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷെ ഡാഡി സമ്മതിച്ചില്ല. അക്കാലങ്ങളില്‍ ആഢ്യകുടുംബങ്ങളില്‍ പിറന്നവര്‍ ആരും അതൊരു കരിയര്‍ ആയി തിരഞ്ഞെടുക്കാറില്ല എന്നതായിരുന്നു കാരണം. നല്ല മാര്‍ക്ക് ഉണ്ടായത് കാരണം മെഡിക്കല്‍ സ്കൂളില്‍ കിട്ടാന്‍ ബുദ്ധി മുട്ടുണ്ടായില്ല. അവിടെ വച്ചാണ് ഭര്‍ത്താവായ ഇവാനെ കണ്ടു മുട്ടുന്നത് . ഭര്‍ത്താവിൻ്റെ താല്പര്യപ്രകാരം രണ്ടു പേരും കാനഡയിലേക്ക് പോന്നു. ഇവിടെ അവര്‍ ശിശുരോഗ ചികിത്സയിൽ ഒന്നാം റാങ്കിൽ വിജയിച്ചു. ഭർത്താവിന് സർജറിയായിരുന്നു പ്രിയം. രണ്ട് പേരും ഈ ആശുപത്രിയിൽ തന്നെ പ്രാക്റ്റീസ് ആരംഭിച്ചു. ഇതിനിടെ അവർക്ക് ഒരു മകൾ ജനിച്ചു.
ഇനിയാണ് കഥ തുടങ്ങുന്നത്. പ്രേമ വിവാഹമായായിരുന്നെങ്കിലും പ്രേമം ജീവിതത്തിൽ നിന്ന് മാഞ്ഞു പോയി. അവർ മാനസികമായും ശാരീരികമായും സാമ്പത്തികമായും പീഡിപ്പിക്കപ്പെട്ടു. പല സ്ത്രീകളുമായും ഉള്ള ഭര്‍ത്താവിൻ്റെ ബന്ധങ്ങള്‍ അവരുടെ ചെവിയിലുമെത്തി. അവസാനം അവര്‍ മകളുമൊത്ത് മറ്റൊരു വീട്ടിലേക്ക് മാറി. അതിനിടെ ഭര്‍ത്താവ് അദ്ദേഹത്തിൻ്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന വളരെ പ്രായം കുറഞ്ഞ ഒരു നെഴ്സിനെ വിവാഹം ചെയ്തതായി വാർത്ത കേട്ടു. പക്ഷെ മധുവിധുവിനിടയില്‍ അയാള്‍ കടലില്‍ മുങ്ങി മരിച്ചു. നന്നായി നീന്താൻ അറിയാമായിരുന്ന ഡോ. ഇവാൻ എങ്ങനെ മുങ്ങി മരിച്ചു എന്ന് എല്ലാവരും അത്ഭുതപ്പെട്ടു. ഈ സംഭവം മകളെ മാനസികമായി വളരെ തളര്‍ത്തി. അവളുടെ സങ്കടം തീര്‍ക്കാനായി അവര്‍ സ്വന്തം പണം കൊടുത്തു പ്രൈവറ്റ് ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിച്ചെങ്കിലും ഒന്നും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും രണ്ടാം ഭാര്യ ഒരു കൊല്ലത്തിനകം പുനര്‍വിവാഹം ചെയ്തു. അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി.
ഇനിയാണ് കഥയുടെ രണ്ടാം ഭാഗം. ഇപ്പോൾ മകള്‍ യുനിവേർസിറ്റിയില്‍ വിദ്യാർത്ഥിയാണ്. നല്ല കാറ്റും മഞ്ഞും ഉള്ള ഒരു രാത്രിയില്‍ ഡോ. ഇവാൻ ജോലിക്കു പോകുകയായിരുന്നു. കാര്‍ റോഡരികിലെ ഒരു കുഴിയിലേക്ക് പോയി. ഭാഗ്യത്തിന് മുറിവൊന്നും പറ്റിയില്ല. അവിടെ നിന്നും നടന്നു വരിക എളുപ്പമല്ലായിരുന്നു, ആ കാലാവസ്ഥയില്‍ വിശേഷിച്ചും. അല്‍പസമയം കഴിഞ്ഞു അത് വഴി വന്ന ഒരു ചെറുപ്പക്കാരന്‍ അവരെ വീട്ടില്‍ കൊണ്ടാക്കി. കാലാവസ്ഥ വളരെ മോശം ആയിരുന്നതിനാല്‍ പ്രത്യുപകാരമെന്ന നിലക്ക് അയാള്‍ അവിടെ താമസിച്ചു. അയാൾ ഒളിംപിക്സിലും മറ്റും പങ്കെടുത്തിട്ടുള്ള ഒരു കായികാഭ്യാസി ആയിരുന്നു. അങ്ങനെ ആ ദിവസം കഴിഞ്ഞു പോയി. അതിന് ശേഷം ഇടക്കൊക്കെ അയാള്‍ അവരെ സന്ദര്‍ശിക്കുമായിരുന്നു. അങ്ങനെ ആ അന്‍പത്തിഅഞ്ചുകാരി അമ്മയുടെയും ഇരുപത്തിഅഞ്ചുകാരി മകളുടെയും ജീവിതത്തില്‍ കുറെ നിറമുള്ള ദിവസങ്ങള്‍ ഉണ്ടായി. അമ്മയും മകളും അയാളെ ഒരു നല്ല സുഹൃത്തിനെ പോലെ കരുതി, എങ്കിലും മകള്‍ എപ്പോഴോ അയാളെ പ്രേമിച്ചു തുടങ്ങിയിരുന്നു. പക്ഷെ അയാള്‍ ആകര്‍ഷിക്കപ്പെട്ടത് അമ്മയിലേക്ക് ആയിരുന്നു. ഈ കഥ പറയുമ്പോള്‍ ഡോക്ടർ ഇവാൻ്റെ കണ്ണില്‍ നനവുണ്ടായിരുന്നു.
.”മകളുടെ പ്രേമം തട്ടിയെടുത്ത അമ്മയായി അറിയപ്പെടാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. ഒരു ദിവസം ഞാന്‍ തന്നെ ഈ കാര്യം അയാളോട് പറഞ്ഞു. അതിനടുത്ത ദിവസം മകളും അയാളും പുറത്തേക്കു പോയി. തിരിച്ചു വരുമ്പോള്‍ മകള്‍ അയാളെ പൂര്‍ണമായും അമ്മക്കു വിട്ടു കൊടുക്കാന്‍ തയാറായിരുന്നു”.
“കുട്ടീ, ഈ കഥ കാട്ടുതീ പോലെ ഈ ആശുപത്രിയിലും പരിചയക്കാർക്കിടയിലും പരന്നു. പ്രായ വ്യത്യാസത്തെപ്പറ്റിയും മറ്റും ഞാന്‍ അയാളോട് സംസാരിച്ചു .പക്ഷെ അയാള്‍ ശരിക്കും പ്രേമത്തില്‍ തന്നെയായിരുന്നു. അതിനു ശേഷം ഞങ്ങള്‍ ഒരു സന്തുഷ്ട കുടുംബമായി ജീവിക്കുന്നു”.
വ്യക്തി സ്വാതന്ത്ര്യത്തിനു പരമപ്രാധാന്യം നല്‍കുന്ന പാശ്ചാത്യ ലോകത്തിലെ സദാചാരപ്രേമികള്‍ക്ക് പോലും ഇത് അസഹനീയമായി എന്നത് എനിക്ക് അത്ഭുതമായി തോന്നി. രണ്ടു കൊല്ലം മുന്‍പ് അയാള്‍ യുനിവേർസിറ്റിയില്‍ സ്പോര്‍ട്ട് മെഡിസിനിൽ റിസര്‍ച്ചിന് ചേര്‍ന്നു. ഇതിനിടെ മകള്‍ വിവാഹിതയായി. അങ്ങനെ അവർ കഥ പറഞ്ഞവസാനിക്കുമ്പോഴേക്കും മകളും പേരക്കുട്ടിയും ഡോക്ടര്‍ ഇവാനെ കാണാനായി അവിടെയെത്തി.
ഞാന്‍ ട്രെയിനിംഗ് കഴിഞ്ഞു അവിടെ നിന്ന് പോയി. ജോലിയായി പല സ്ഥലത്തും യാത്ര ചെയ്തെങ്കിലും പിന്നീടു ഒരിക്കലും ആ പട്ടണത്തിലേക്ക് പോകാനോ അവരെ കാണാനോ സാധിച്ചില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യം ആണെങ്കിലും ഇന്നും മഞ്ഞും കാറ്റുമുള്ള രാത്രികളില്‍ ചിലപ്പോള്‍ ഞാന്‍ അവരെ ഓര്‍ക്കും. അധികം അടുപ്പമൊന്നും ഇല്ലാതിരുന്നിട്ട് പോലും അവര്‍ എന്നോട് മനസ് തുറന്നത് എനിക്ക് അത്ഭുതമായിരുന്നു. അത്തരം ചെറുതും വലുതുമായ അത്ഭുതങ്ങളുടെ സഞ്ചയമാണല്ലോ ജീവിതം.
2 Responses
S nice experience
Congratulations ..
Mind blowing…warmth of friendship and true love reflects in each and every words.
Well done!