വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.
2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയിലും പരവതാനി വിരിച്ചതുപോലെ നീണ്ട പുൽത്തകിടികൾ കണ്ടപ്പോൾ എൻ്റെ മനസ് തിരഞ്ഞത് വേഡ്സ് വെർത്തിൻ്റെ Daffodils നെ ആയിരുന്നു. പക്ഷേ ഒരിടത്തും കണ്ടില്ല!!!
സമയം ഉണ്ടല്ലോ എന്നായിരുന്നു മനസ്സ് പറഞ്ഞത്.
യൂണിവേ്സിറ്റിയിൽ പുറത്ത് നിന്നും വരുന്ന വിദ്യാർത്ഥികൾക്കായി Chaplaincy എന്നൊരു കെട്ടിടം ഉണ്ട്, അവിടെ എല്ലാ ബുധനാഴ്ചകളിലും വിദ്യാർത്ഥികൾക്കായി social gathering ഉണ്ടാകും.
Miss. Ross ആണ് ഇതിൻ്റെ സംഘാടക. സമയമെടുത്ത് പതിയെ അവരോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. Daffodil പൂക്കൾ എങ്ങനെ, എപ്പോൾ എവിടെ യാണ് കാണാൻ കഴിയുകയെന്ന്. അവർ പറഞ്ഞതനുസരിച്ച് ഇനിയും കാത്തിരിക്കണം എന്ന് മനസ്സിലായി.
ശൈത്യം കഴിഞ്ഞ് വേനലിലേക്ക് കടക്കുന്നതിന് മുൻപ്, വസന്ത കാലത്തിനായ് ഞാനും കാത്തിരുന്നു.
പക്ഷേ ഇംഗ്ലണ്ടിലെ കാലാവസ്ഥയെ പ്രവചിക്കുക അസാധ്യമാണ്!
സമയമനുസരിച്ച്, വസന്ത കാലമാണെങ്കിലും, ശീതകാലം നീങ്ങിയില്ലെന്ന് ഓർമിപ്പിക്കും വിധം മഞ്ഞ് വീണുകൊണ്ടിരുന്നു.
മാർച്ച് മാസം വന്നു Leicester റിൽ മഞ്ഞ് വീണതേയില്ല. ഉറങ്ങിക്കിടന്ന പ്രകൃതി Leicester നെ ഓർത്തതെന്ന് തോന്നി.
ഇത്രയും കാത്തിരുന്നില്ലേ, നോക്കാം എന്ന് മനസ്സിനെ ആശ്വസിപ്പിച്ചു
അങ്ങനെ ഒരു ദിവസം University യിലേക്ക് പോകുന്ന വഴി ഒരു വലിയ മരത്തിനു ചുവടെ നിറയെ പൂക്കൾ ശ്രദ്ധയിൽ പെട്ടു.അന്ന് നല്ല വെയിലുള്ളദിവസ മായിരുന്നു
സൂക്ഷിച്ച് നോക്കിയപ്പോൾ ഞാൻ കാണാൻ കൊതിച്ച ഒരു കൂട്ടം Daffodil പൂക്കൾ തന്നെ .തലയുയർത്തി പിടിച്ച് അവഎന്നോട് ചിരിക്കുന്നത് പോലെ തോന്നി.
ആ വെയിലിലും എൻ്റെ മനസ് കുളിർത്തു .
ക്ലാസ്സിൽ ഇരുന്നെങ്കിലും ക്ലാസ് കഴിഞ്ഞ് ആ മരച്ചുവട്ടിലേക്ക് ഓടാൻ മനസ്സ് വല്ലാതെ വെമ്പുന്നുണ്ടായിരുന്നു.
പക്ഷേ, ഇവിടുത്തെ കാലാവസ്ഥ പ്രവചനാതീതമാണ്. ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ നല്ല മഴയായിരുന്നു. മഴ തോർന്ന്, അവിടുന്ന് ഇറങ്ങി ചെന്ന് നോക്കിയപ്പോൾ കണ്ടത് തണ്ടൊടിഞ്ഞ് കിടക്കുന്ന Daffodil കളെ ആണ്.
വലിയ സങ്കടം തോന്നി. ഇത്രയും കാലം കാത്തിരുന്നു ഒരുനോക്ക് കണ്ട് മനസ്സ് നിറയും മുൻപേ….. പോട്ടെ
ഇനിയും പൂക്കുമല്ലോ അപ്പോൾ കാണാം എന്ന് സ്വയം ആശ്വസിച്ച് വീട്ടിലേക്ക് നടന്നു.
പിന്നീട് എല്ലാ ദിവസവും ചെന്ന് നോക്കുന്നത് ഒരു പതിവായി.
അങ്ങനയിരിക്കെ ഇന്നലെ, ക്ലാസ്സ് കഴിഞ്ഞ്, ഒന്ന് നടന്നാലോ എന്ന് കരുതി വിക്ടോറിയ പാർക്കിലൂടെ പതുക്കെ കാൽ വെച്ചു.
നല്ല വെയിലുണ്ടായിരുന്നെങ്കിലും, കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു.അതിനിടയിൽ ആ വസന്തത്തെ ഞാൻ വീണ്ടും കണ്ടു.തൊട്ട മുൻപിലായി പുൽത്തകടിയിൽ ആകെ മഞ്ഞ വിരിച്ച് നിൽകുന്ന Daffodil കൂട്ടം.. ഒരു നിമിഷത്തേക്ക് മനസ്സിൽ എന്തെന്നില്ലാത്ത എണ്ണമറ്റ വികാരങ്ങൾ അലയടിച്ചു.
കാറ്റിനെ വകഞ്ഞ് മാറ്റി വേഗത്തിൽ അവയ്ക്ക് അടുത്തേക്ക് നടന്നു.
റോഡിന് അരികിലായി, മെത്ത പോലെ നിറഞ്ഞ് കവിഞ്ഞ് Daffodil പൂക്കൾ…
“When all at once I saw a crowd,
A host, of golden daffodils;
Beside the lake, beneath the trees,
Fluttering and dancing in the breeze.”
എന്ന് Wordsworth എത്ര മനോഹരമായി എഴതിയിരിക്കുന്നുവോ, അത്ര മനോഹരമായി ഇതാ എൻ്റെ മുന്നിൽ അവ നൃത്തം ചെയ്യുന്നു.
കാറ്റിൻ്റെ ഒഴുക്കിനൊത്ത്, അവയുടേതായ താളത്തിൽ, പുഞ്ചിരിയോടെ, പരസ്പരം ചുംബിച്ചും, തലോടിയും, തമാശകൾ പറഞ്ഞും, വസന്തത്തെ അവ ആഘോഷിക്കുകയാണ്!
കണ്ടു നിന്ന എൻ്റെ മനസ്സും, കൂടെ കൂടി!!!