വിവര്‍ത്തനം: കബനി
സേച്ഛാധിപത്യ രാജ്യത്ത് ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ സ്വതന്ത്രമായ സമൂഹത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവരെ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമല്ല. നിങ്ങളോ നിങ്ങളുടെ ചങ്ങാതിമാരോ നിങ്ങളുടെ കുടുംബാംഗങ്ങളോ ഏതുസമയവും തടങ്കലിലാക്കപ്പെട്ടേക്കാമെന്ന ഭീതി നിങ്ങളെ വേട്ടയാടും. നേരിട്ടുള്ള ഏറ്റുമുട്ടലുകളിലോ വ്യാജ വാഹനാപകടങ്ങളിലോ കൊല്ലപ്പെട്ടേക്കുമെന്ന ഭീതി സദാ നിങ്ങളെ പിന്തുടരും. ഇങ്ങിനെയെല്ലാം 1990 കളിലെ കെനിയ ഒരു ഭ്രാന്താലയത്തെ ഓര്‍മ്മിപ്പിച്ചു.
ഉഹുരു പാര്‍ക്കിനെ ചൊല്ലിയുണ്ടായ പരാജയത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ നിലപാട് കൂടുതല്‍ ധിക്കാരപരമായി. ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് രൂക്ഷമായി. രാഷ്ട്രീയ പ്രതിയോഗികളോടുള്ള പ്രതികാരനടപടികള്‍ പതിന്മടങ്ങ് കടുത്തതായി. 1990 ഫെബ്രുവരിയില്‍ വിദേശകാര്യമന്ത്രിയും പ്രസിഡന്റിന്റെ രാഷ്ട്രീയ പിന്‍ഗാമി എന്നറിയപ്പെട്ടിരുന്നയാളുമായ റോബര്‍ട്ട് യൂക്കോ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കിസൂമുവില്‍ തുടങ്ങിയ ലഹള കെനിയയിലാകെ വ്യാപിക്കുകയും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.
നിശ്ശബ്ദയായിരിക്കാന്‍ എനിക്കാവില്ലായിരുന്നു. അതു കൊണ്ടുതന്നെ എന്റെ ജീവനും ആപത്തുണ്ടായേക്കാമെന്ന് ചങ്ങാതിമാര്‍ മുന്നറിയിപ്പ് നല്‍കി. ഈയവസ്ഥയില്‍ കെനിയയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നന്നെന്ന് എനിക്കും തോന്നി. യൂണിഫെമിന്റെ ന്യൂയോര്‍ക്കിലെ ഓഫീസില്‍ മൂന്നുമാസത്തെ കണ്‍സള്‍ട്ടന്‍സി ജോലിക്കായി ഞാന്‍ അമേരിക്കയിലേക്ക് പോയി.
കെനിയയില്‍ ജനാധിപത്യത്തിനായുള്ള പോരാട്ടം രൂക്ഷമായി. 1990 ജൂലൈ 7-ന് കമുകുഞ്ചി പാര്‍ക്കില്‍ സമാധാനപരമായ ഒരു പ്രകടനം നടന്നു. കെനിയയില്‍ ബഹുപാര്‍ട്ടി ജനാധിപത്യം തിരിച്ചുവരണമെന്നാവശ്യപ്പെട്ടു കൊണ്ടു നടന്ന ആ പ്രകടനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നിട്ടും, ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനം മരങ്ങള്‍ നട്ടിട്ടുള്ള ആ പാര്‍ക്കില്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി. പട്ടാളം പ്രകടനത്തിനു നേരെ നിറയൊഴിക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കു പറ്റി.
സാബ സാബ ( കിസ്വാഹിലിയിരല്‍ 7/7 ) ദുരന്തം അന്താരാഷ്ട മന;സാക്ഷിയെ ഉണര്‍ത്തി. മോയി സര്‍ക്കാരിനുമേല്‍ പുറത്തുനിന്നും അകത്തുനിന്നും സമ്മര്‍ദ്ദമേറി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം 1963-ല്‍ അവസാനിച്ചില്ലെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നതായി സാബ സാബ ദുരന്തം.

സാബ സാബ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മക്കായി ഞങ്ങള്‍ ഉഹുരുരു പാര്‍ക്കില്‍ ഒരു മരക്കൂട്ടം നട്ടുപിടിപ്പിച്ചു. ആ മരങ്ങളെ നശിപ്പിക്കാന്‍ സര്‍ക്കാരനുകൂലികള്‍ പല തവണ പല തരത്തില്‍ ശ്രമിച്ചു. ശിഖരങ്ങള്‍ വെട്ടിക്കളഞ്ഞും വേരുകളില്‍ തീയിട്ടും തായ്ത്തടിയില്‍ മുറിവുകളുണ്ടാക്കിയും അവര്‍ മിണ്ടാപ്രാണികളായ മരങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഞങ്ങളെപ്പോലെത്തന്നെ മരങ്ങളും അതിജീവിച്ചു. മഴപെയ്താല്‍,സൂര്യന്‍ പ്രകാശിച്ചാല്‍,മരങ്ങള്‍ ആരോരും ചോദിക്കാതെ പുതിയ ഇലക്കൈകള്‍ നീട്ടുകയും പുതുമുളകളുടെ തിരി നീട്ടുകയും ചെയ്യും. ആരെല്ലാം എന്തെല്ലാം ചെയ്താലും സത്യം നശിക്കുകയില്ലെന്ന് മരങ്ങളുടെ അതിജീവനം എന്നെ ബോദ്ധ്യപ്പെടുത്തി.
1990 കളില്‍ കെനിയയില്‍ അതിക്രമങ്ങളും അത്യാചാരങ്ങളും നടമാടി. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി ശബ്ദമുയര്‍ത്തിയതിന് ഞാന്‍ പല തവണ തടങ്കലിലാക്കപ്പെട്ടു.
1992 ജനുവരി മാസത്തിലെ ഒരു ദിവസം, മറ്റൊരു ജയില്‍വാസത്തിന്റെ ഫലമായി ആശുപത്രിയിലാണ് ഞാന്‍. കൊലചെയ്യപ്പെട്ട നേതാവ് ജെ.എം. കര്യൂകിയുടെ വിധവയായ ടെറി കര്യുകി എന്നെ കാണാനെത്തി. ഭരണകൂടം തടവിലാക്കിയ നിരവധി ചെറുപ്പക്കാരുടെ അമ്മമാരുടെ ചങ്ങാതി എന്ന നിലയില്‍ എന്റെ സഹായമഭ്യര്‍ത്ഥിക്കാനെത്തിയതായിരുന്നു ടെറി.
തടങ്കലില്‍ നിന്ന് മക്കളെ രക്ഷിക്കാനായി റിലീസ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് എന്ന കൂട്ടായ്മ രൂപീകരിച്ചിരുന്നു ആ അമ്മമാരും അടുത്ത ബന്ധുക്കളും. ജനാധിപത്യത്തിലധിഷ്ഠിതമായ സാമൂഹിക-രാഷ്ട്രീയ ഇടങ്ങള്‍ക്കുവേണ്ടി പോരാടിയതിനാണ് ചെറുപ്പക്കാരെല്ലാം തടങ്കലിലായത്. ജനാധിപത്യത്തിനായുള്ള പോരാട്ടം നിയമവിരുദ്ധമല്ലാത്തതു കൊണ്ടുതന്നെ ചെറുപ്പക്കാരെ തടങ്കലിലാക്കിയ നടപടി നിയമവിരുദ്ധമാണ് എന്നായിരുന്നു അമ്മമാരുടെ നിലപാട്. തങ്ങളുടെ മക്കളെ സ്വതന്ത്രരാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എന്റെ പിന്തുണ അവരാവശ്യപ്പെട്ടു.
ഞാനപ്പോള്‍ തടങ്കലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ സൂക്ഷിച്ചുവേണം.
ജനാധിപത്യവും മനുഷ്യാവകാശങ്ങളും ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനത്തിന്റെ അജണ്ടയില്‍ പണ്ടേയുണ്ട്. ചില അമ്മമാര്‍ ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനത്തില്‍ അംഗങ്ങളുമാണ്. അതുകൊണ്ട് ആ നിലയില്‍ അമ്മമാരുടെ പോരാട്ടത്തെ മുന്നോട്ടു കൊണ്ടുപോകാമെന്ന് എനിക്കു തോന്നി. അറ്റോര്‍ണി ജനറലിനെ കണ്ട് മക്കളെ സ്വതന്ത്രരാക്കാന്‍ അപേക്ഷിക്കാമെന്ന് ഞാനവരോട് പറഞ്ഞു. പക്ഷേ അതിനുള്ള സമരത്രന്തം ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ‘ഉറക്കെ സംസാരിക്കുന്നവരെയേ സര്‍ക്കാര്‍ ശ്രദ്ധിക്കൂ’. ഞാനവരോട് പറഞ്ഞു.
ഒച്ചയും ബഹളവുമില്ലാതെ അറ്റോര്‍ണി ജനറലിനെ കാണുന്നതും മക്കളെ സ്വതന്ത്രരാക്കാന്‍ അപേക്ഷിക്കുന്നതും വെറുതെയാകും. ഉഹുരു പാര്‍ക്കില്‍ മൂന്നു ദിവസം മക്കളെയും കാത്തിരിക്കുമെന്ന് നമുക്കദ്ദേഹത്തെ അറിയിക്കണം. ഈ മൂന്നു ദിവസവും നമുക്ക് നിരാഹാരമിരിക്കാം, പ്രാര്‍ത്ഥിക്കാം. മക്കളെ കുട്ടിയല്ലാതെ അമ്മമാര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങില്ലെന്ന് അറ്റോര്‍ണ്ണി ജനറല്‍ അറിയട്ടെ. രാതി തങ്ങാനായി പുതപ്പും തലയണയുമെല്ലാം എടുത് ഉഹുരുരു പാര്‍ക്കിലേക്ക് പോകാമെന്ന് ഞാന്‍ പറഞ്ഞു. അറ്റോര്‍ണ്ണി ജനറലുമായുള്ള കൂടിക്കാഴ്ച (ഹസ്വമായിരുന്നു. അമ്മമാര്‍ തങ്ങളുടെ പ്രശ്‌നം അവതരിപ്പിച്ചു. ഞാന്‍ ദ്വി ഭാഷിയായി പ്രവര്‍ത്തിച്ചു. ‘നമുക്കു നോക്കാം, അറ്റോര്‍ണി ജനറല്‍ പതിവു സര്‍ക്കാര്‍ മറുപടി
പറഞ്ഞു. തങ്ങള്‍ ഉഹുരു പാര്‍ക്കില്‍ നിരാഹാരമിരിക്കാന്‍ പോകുകയാണെന്ന് അമ്മമാര്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന് കോപം വന്നു. ‘എല്ലാവരും വേഗം തിരിച്ച് വീട്ടില്‍ പോകണം. കാര്യങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ തീരുമാനമെടുക്കാനാവില്ല. ഞങ്ങള്‍ നേരെ ഉഹുരു പാര്‍ക്കിലേക്ക് പോയി.അമ്മമാരുടെ പോരാട്ടത്തെ പിന്തുണക്കുന്ന ഏതാനും ആണുങ്ങളും ഞങ്ങളുടെ കൂടെക്കൂടി. രാത്രികാലത്തെ ഞങ്ങളുടെ സുരക്ഷിതത്തം ഉറപ്പുവരുത്തുക എന്നതും അവരുടെ ഉദ്ദേശമായിരുന്നു. ഞങ്ങള്‍ വൈകുന്നേരം വരെ പാര്‍ക്കില്‍ കാത്തിരുന്നു. സൂര്യന്‍ മറഞ്ഞു. പാര്‍ക്കില്‍ ഇരുട്ടു വീണുതുടങ്ങി. അമ്മമാരുടെ മക്കള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല.
തടങ്കലിലാക്കപ്പെട്ട അമ്പത്തിരണ്ടു ചെറുപ്പക്കാരുടെ പ്രതീകമായി ഞങ്ങള്‍ അമ്പത്തിരണ്ടു മെഴുകുതിരികള്‍ കൊളുത്തി വെച്ചു. മെഴുകുതിരികള്‍ അമ്മമാരെപ്പോലെ ഉരുകിത്തീര്‍ന്നു തുടങ്ങി. ഒഴുകുതിരികളുടെ ആടിയുലയുന്ന നാളങ്ങള്‍ കണ്ട് എന്താണ് കാര്യമെന്ന് തിരക്കാന്‍ കാണികളെത്തി. വാഹനങ്ങള്‍ നിര്‍ത്തി കാര്യമന്വേഷിക്കുന്നവര്‍ ഉഹുരു പാര്‍ക്കിനു മുമ്പില്‍ വാഹനക്കുരുക്ക് തീര്‍ത്തു.
രാത്രിയാകുമ്പോഴേക്കും രാഷ്ട്രീയ തടവുകാരുടെ അമ്മമാരും ബന്ധുക്കളുമായ അമ്പത് സ്ത്രീകള്‍കൂടി ഞങ്ങള്‍ക്ക് കൂട്ടായെത്തി. ഞങ്ങള്‍ പാര്‍ക്കില്‍ തീക്കുണ്ഠമുണ്ടാക്കി. അതിനുചുറ്റുമിരുന്ന് സ്വാതന്ത്ര്യഗീതങ്ങള്‍ ആലപിക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. സാധാരക്കാരില്‍ സാധാരണക്കാരായവര്‍ സഹായ ഹസ്തങ്ങള്‍ നീട്ടി.
ഒരാള്‍ മഞ്ഞില്‍നിന്ന് രക്ഷനേടാന്‍ കൂടാരം തന്നു. ചിലര്‍ ആഹാരവും ചിലര്‍ പണവും തന്നു. എണ്‍പതും എഴുപതും വയസ്സുള്ള അമ്മമാര്‍ ക്ഷീണിതരായിരുന്നു. അവരുടെ ഊര്‍ജ്ജത്തെ ജ്വലിപ്പിക്കാന്‍ പലരും മധുരനാരങ്ങയും ഗ്ലൂക്കോസും സമ്മാനിച്ചു. മക്കളെ കാണാതെയുഴറുന്ന അമ്മമാരുടെ കണ്ണീര്‍ എല്ലാവരെയും പൊള്ളിച്ചുകൊണ്ടിരുന്നു.

രണ്ടാം ദിവസവും മൂന്നാം ദിവസവും കടന്നുപോയി. നാലാം ദിവസം ഒരു ഞായറാഴ്ചയായിരുന്നു. ഞായറാഴ്ച പള്ളികളിലേക്ക് വന്നവര്‍ കൂര്‍ബാന കഴിഞ്ഞതിനുശേഷം ഞങ്ങള്‍ക്കു ചുറ്റും തമ്പടിച്ചു.കട്ടിയുള്ള ഒരു കഷ്ണം കടലാസ്സില്‍ ‘ഫീഡം കോര്‍ണര്‍’ എന്നെഴുതി ഞങ്ങള്‍ കൂടാരത്തിനു മുമ്പില്‍ വെച്ചു. ഇന്നും ഉഹുരു പാര്‍ക്കിന്റെ ഒരു ഭാഗം ഇതേ പേരിലാണ് അറിയപ്പെടുന്നത്.
ഭരണകൂടഭീകരതയുടെ നേരറിവുകള്‍ പങ്കുവെക്കാന്‍ ഓരൊരുത്തരും തിക്കിത്തിരക്കി തുടങ്ങി. ‘ഇനി എന്റെ കഥ’ കേള്‍ക്കു’ ഓരോരുത്തരം അപേക്ഷിക്കാന്‍ തുടങ്ങി. അരാപ് മോയി സര്‍ക്കാരിനെ തൊലിയുരിച്ചു കാണിക്കുന്ന കഥകള്‍ ഓരോരുത്തരും പങ്കുവെച്ചു.തിങ്കാഴ്ചയും അമ്മമാരുടെ കണ്ണീരു കണ്ടു മടുത്ത സൂര്യന്‍ അസ്തമിച്ചു.
മാര്‍ച്ച് 3, ചൊവ്വാഴ്ച’
‘ഫ്രീഡം കോര്‍ണര്‍’ തിങ്ങിനിറഞ്ഞിരിക്കുന്നു. പെട്ടെന്ന് ലാത്തിയേന്തിയ പൊലീസുകാര്‍ സമരപ്പന്തലിലേക്കിരച്ചു കയറി. കണ്ണീര്‍ വാതകം പ്രയോഗിക്കപ്പെട്ടു. ലാത്തിച്ചാര്‍ജില്‍ പെട്ട് എല്ലാവരും ചിതറിയോടി. തലയ്ക്കടിയേറ്റ് ഞാന്‍ ബോധരഹിതയായി.
കനത്ത ലാത്തിച്ചാര്‍ജിലും അമ്മമാര്‍ കൂടാരം വിട്ടു പോകാന്‍ തയ്യാറായില്ല. അതിനു പകരം അവര്‍ ചെയ്തത് മറ്റൊന്നാണ് അവര്‍ നഗ്‌നരായി. ചിലര്‍ പൂര്‍ണ്ണ നഗ്‌നരായി, എന്നിട്ടവര്‍ ലാത്തിക്കുമുന്നിലേക്ക് നഗ്‌നമായ മാറിടം കാട്ടിക്കൊടുത്തു.
അമ്മിഞ്ഞപ്പാലൂട്ടി ഇടിഞ്ഞുപോയ ആ മാറിടങ്ങള്‍ അക്രമികളോട് ഇങ്ങനെ പറഞ്ഞു, ‘ഞങ്ങളുടെ നഗ്‌നത കാട്ടി ഞങ്ങളിതാ നിങ്ങളെ ശപിക്കുന്നു. ഞങ്ങളെ അടിക്കുന്ന കൈകള്‍ ഇനിയൊരിക്കലും ഉയരാതെ പോകട്ടെ. ആഫിക്കന്‍ ആചാരമനുസരിച്ച് ആണും പെണ്ണും തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും പരിപാവനമാണ് അമ്മയും മകനും തമ്മിലുള്ള ബന്ധം. അമ്മയാകാന്‍ പ്രായമുള്ള ഏതൊരു പെണ്ണിനെയും ബഹുമാനിക്കാനുള്ള കടമ ആണിനുണ്ട്. അതുകൊണ്ടു തന്നെ അമ്മമാരോടുള്ള പൊലീസിന്റെ അതിക്രമം അങ്ങേയറ്റം അപലപനീയമായിരുന്നു.
രാഷ്ടത്തിനും പൗരന്മാര്‍ക്കും അപകടകരം എന്നു വിധിയെഴുതി അമ്മമാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എല്ലാവരെയും ബലം പ്രയോഗിച്ച് ഉഹുരൂരു പാര്‍ക്കില്‍ നിന്നൊഴിപ്പിച്ചു. പാര്‍ക്കിനു ചുറ്റും പൊലീസുകാര്‍ സുരക്ഷാവേലി കെട്ടി കാവല്‍ നിന്നു.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമ്മമാരുടെ പോരാട്ടം പൊലീസ് അതിക്രമങ്ങള്‍ക്കൊണ്ടോ എന്റെ ആശുപത്രിവാസം കൊണ്ടോ അവസാനിച്ചില്ല. ഞങ്ങള്‍ തലകുനിക്കാത്തവരാണ്.പാര്‍ക്കിനടുത്തുള്ള ഓള്‍ സെയിന്റ്‌സ് ദേവാലയത്തില്‍ അമ്മമാരൊത്തു ചേര്‍ന്നു. ആശുപത്രിവാസം കഴിഞ്ഞയുടനെ ഞാനും അവരുടെ കൂടെ ചേര്‍ന്നു.
മൂന്നു ദിവസം കൊണ്ടവസാനിക്കുമെന്ന് ഞങ്ങള്‍ കരുതിയ ഉറക്കമിളപ്പ് സമരം ഒരു വര്‍ഷം നീണ്ടു പോയി. ഈ കാലയളവില്‍ ഞങ്ങളൊത്തു കൂടിയ ദേവാലയം ഭരണകൂടഭീകരതകയ്‌ക്കെതിരെ പ്രതീകാത്മകമായി സംസാരിച്ചുകൊണ്ടേയിരുന്നു. ഞങ്ങളോടൊത്ത് ഉറക്കമിളയ്ക്കാനായി എന്നും വരുന്നവരുണ്ടായിരുന്നു. സുമനസ്സുകളുടെ സഹായം എല്ലാക്കാര്യങ്ങളിലുമുണ്ടായി. ആണുങ്ങള്‍ രാത്രി ഞങ്ങള്‍ക്ക് തുണ നിന്നു. സഹായിക്കുന്നവര്‍ക്കെതിരെ ഭീഷണികളുയര്‍ന്നു.
രാഷ്ടിയാവശ്യങ്ങള്‍ക്കായി ദേവാലയം ഉപയോഗിക്കുന്നതിനെ ചൊല്ലി വിശ്വാസികള്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പുകളുണ്ടായി. മതവും മനുഷ്യാവകാശങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം അവര്‍ക്കറിയാതെ പോയതില്‍ എനിക്കു ഖേദം തോന്നി. അമ്മമാരെ ദേവാലയത്തില്‍ നിന്നൊഴിപ്പിക്കാന്‍ സഭയ്ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായി, അമ്മമാരെ അവിടെ നിന്നൊഴിപ്പിക്കാന്‍ സൈനിക നടപടി പോലുമുണ്ടായി. എന്നാല്‍ ദേവാലയത്തിനകത്തു കയറാന്‍ അവര്‍ക്കു ധൈര്യമുണ്ടായിരുന്നില്ല. കൂട്ടത്തിലുള്ളവരെ ഒറ്റുകൊടുക്കാന്‍ അമ്മമാരെ പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രലോഭനങ്ങളുണ്ടായി. സമരത്തില്‍ നിന്ന് പിന്മാറിയാല്‍ മകനെ വിട്ടയക്കാമെന്ന് ഓരോ അമ്മയ്ക്കും വ്യാജവാഗ്ദാനങ്ങള്‍ ലഭിച്ചു.

അമ്മമാരുടെ പോരാട്ടം അന്തര്‍ദ്ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. ഭരണകൂട ഭീകരതയ്ക്കും കാരണമില്ലാത്ത തടവിനും മനുഷ്യാ വകാശലംഘനത്തിനുമെതിരെ പോരാടുന്നവര്‍ക്കെല്ലാം പ്രചോദനമായി ഞങ്ങളുടെ പോരാട്ടം. സര്‍ക്കാരിനുമേല്‍ നാലുപാടു നിന്നും സമ്മര്‍ദ്ദമുണ്ടായി.
1993 ഫെബ്രുവരി മാസം, പെട്ടെന്നൊരു ദിവസം അമ്മമാരുടെ അമ്പത്തിയൊന്നു മക്കള്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു. ( അമ്പത്തിരണ്ടാമന്‍ തടങ്കലിലാക്കപ്പെട്ടതിന് രാഷ്ടീയേതരകാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അയാള്‍ മോചിപ്പിക്കപ്പെട്ടത് 1997 ല്‍ മാത്രമാണ്. അവസാനം അമ്മമാര്‍ ഒരു വര്‍ഷം നീണ്ട ഉണ്ണാവ്രതവും ഉറക്കമിളച്ചും അവസാനിപ്പിച്ചു.
ഓള്‍ സെയിന്റ്‌സ് ദേവാലയത്തില്‍ ഞങ്ങള്‍ ഒരു നന്ദി പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. ഓരോ അമ്മയ്ക്കും ആ ചടങ്ങില്‍ വെച്ച് ഞാന്‍ സഹനത്തിന്റെ സാക്ഷ്യപത്രം നല്‍കി. ഇപ്പോഴും അതവരുടെ വീടുകളില്‍ മാന്യമായ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചുണ്ടെന്ന് എനിക്കറിയാം, തങ്ങളുടെ മക്കളുടെ കയ്യും പിടിച്ച് ഉയര്‍ത്തിപ്പിടിച്ച ശിരസ്സോടെ ഓരോ അമ്മയും ദേവാലയത്തിന്റെ തുറന്ന വാതിലിലൂടെ സൂര്യപ്രകാശത്തിലേക്ക് തേജസ്സോടെ ഇറങ്ങിപ്പോയി. അവര്‍ക്കിനി ആണ്‍മക്കളുടെ മുഖം കണ്ട് സ്വസ്ഥമായി കിടന്നുറങ്ങാം.
റിലീസ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് എന്ന സംഘത്തെ പിരിച്ചു വിടേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കെനിയയിലെ ജയിലുകളില്‍ നരകിക്കുന്ന എല്ലാ രാഷ്ട്രീയത്തടവുകാര്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്താന്‍ സംഘം തീരുമാനിച്ചു. ജയില്‍ മോചിതരായ രാഷ്ട്രീയത്തടവുകാര്‍ സംഘത്തിന് നേതൃത്വം നല്‍കി. ജയിലുകളില്‍ തടവുകാര്‍ക്ക് മികച്ച സാഹചര്യങ്ങള്‍ക്കായും ഞങ്ങള്‍ പോരാടി. കെനിയയില്‍ ജനാധിപത്യത്തിന്റെ പൊന്‍കിരണങ്ങള്‍ വിരുന്നു വരുന്നത് ഞങ്ങളേവരും കിനാവു കണ്ടു.
അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഞാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. സര്‍ക്കാരിന്റെ ആക്രമണങ്ങളെ ചൊല്ലിയുള്ള ആശങ്കയില്‍ നിന്ന് അതെനിക്ക് സുരക്ഷിതത്വം നല്കി. ബഹുമതികളും പുരസ്‌ക്കാരങ്ങളും സ്വീകരിക്കാന്‍ ഞാന്‍ പല പ്പോഴും വിദൂരനാടുകള്‍ സന്ദര്‍ശിച്ചു. 1991ല്‍ എനിക്ക് ഗോള്‍ഡ് മാന്‍ പരിസ്ഥിതി പുരസ്‌ക്കാരം ലഭിച്ചു. അതേറ്റു വാങ്ങാനായി ഞാന്‍ ന്യൂയോര്‍ക്കിലേക്കു പോയി.ആഫ്രിക്ക പ്രൈ ഫോര്‍ ലീഡര്‍ഷിപ്പ് സമ്മാനിക്കപ്പെട്ടത് ലണ്ടനില്‍ വെച്ചാണ്. പരിസ്ഥിതിയും ജനാധിപത്യവും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ഗ്രീന്‍ ബിറ്റ് പ്രസ്ഥാനത്തിനും എനിക്കും ദേശീയവും അന്തര്‍ദ്ദേശീയവുമായ ശ്രദ്ധ ലഭിക്കാന്‍ ഇത്തരം പുരസ്‌കാരങ്ങള്‍ കാരണമായി.
1990 കളുടെ ആദ്യകാലത്തെല്ലാം സര്‍ക്കാര്‍ എന്റെ സഞ്ചാരസ്വാതന്ത്യത്തിന് തടയിട്ടിരുന്നു. ഇത്തരം സന്ദര്‍ഭളില്‍ കെനിയന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പുറത്തുള്ള ചങ്ങാതിമാരോട്് ഞാന്‍ ആവശ്യപ്പെടാറുണ്ട്. 1992 ല്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയില്‍ പങ്കെടുക്കാനായി കെനിയ വിട്ടുപോകാന്‍ ആദ്യമെനിക്ക് അനുമതി ലഭിച്ചില്ല. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന കാരണത്താല്‍ എന്റെ പേരില്‍ കേസ് നിലവിലുണ്ടായിരുന്നു. അവസാനം ചീഫ് മജിസ്‌ട്രേറ്റിന്റെ നേരിട്ടുള്ള അനുമതിയോടുകൂടിയാണ് ഞാന്‍ ഭൗമ ഉച്ചകോടിയില്‍ പങ്കെടുത്തത്.
ഭൗമ ഉച്ചകോടിയില്‍ ഞാന്‍ സര്‍ക്കാര്‍ പ്രതിനിധികളോടും പരിസ്ഥിതി പ്രവര്‍ത്തകരോടും മാധ്യമ പ്രവര്‍ത്തകരോടും കെനിയയെക്കുറിച്ചും ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനത്തെക്കുറിച്ചും സംസാരിച്ചു. താമസിയാതെ അമേരിക്കയുടെ വൈസ്പ്രസിഡന്റായിതീര്‍ന്ന അല്‍ഗോറിനോടും ദലൈലാമയ്ക്കുമൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുക്കാനും എനിക്കായി.
കെനിയയില്‍ നിന്നുള്ള പ്രസിഡന്റടക്കമുള്ള ഔദ്യോഗിക സംഘം എന്നെയും ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നു. കെനി യയിലെ ഗ്രാമീണസ്ത്രീകളെ വഴിതെറ്റിക്കുകയാണ് ഞാനെന്നും ഫീഡം കോര്‍ണറില്‍ നഗ്നരാകാന്‍ അമ്മമാരെ പ്രകോപിപ്പിച്ചത് ഞാനാണെന്നും അതുകൊണ്ടുതന്നെ ഉച്ചകോടിയില്‍ സംസാരിക്കാന്‍ എന്നെ അനുവദിക്കരുതെന്നുമായിരുന്നു അവരുടെ വാദം. ഈ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കിക്കൊണ്ട് ഉച്ചകോടിയില്‍ പങ്കെടുത്ത സര്‍ക്കാരേതര സന്നദ്ധസംഘടനകള്‍ എന്നെ അവരുടെ വക്താവായി തിരഞ്ഞെടുത്തു.