സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മനുഷ്യൻ: ഒരു ഓർമക്കുറിപ്പ്

പി.എൻ. ദാസ്


പി.എൻ.ദാസിന്റെ ‘മനുഷ്യൻ: ഒരു ഓർമക്കുറിപ്പ്’ മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരനുഭവമാണ്. അസാധാരണമായ ശൈലികൊണ്ടു വായനക്കാരന്റെ ഉളളിൽ വിങ്ങിപ്പൊട്ടുന്ന വികാരങ്ങളുണ്ടാക്കുന്ന ഈ കുറിപ്പ് ഞങ്ങൾ പുന: പ്രകാശിപ്പിക്കുകയാണ്.വേദനയും മനുഷ്യാവസ്ഥയും ഒരെഴുത്തുകാരന്റെ ഉളളിലുണ്ടാക്കിയ സ്‌പോടനം കൂടിയാണിത്. ഹ്യുമാനിറ്റിയുടെ അത്യപൂർവതയിലേക്ക് വളരുന്ന ഈ അനുഭവകുറിപ്പ്, ഒരു നല്ല ചെറുകഥയുടെ ഊടും പാവും എങ്ങിനെയാവണമെന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു.


ഒരു മെഴുകുതിരിനാളം വളരെ പതുക്കെ അതിസ്വാഭാവികമായി അണഞ്ഞുപോകുന്ന പോലെയായിരുന്നു അവന്റെ മരണം. അവൻ എന്റെ ആരുമായിരുന്നില്ല. ലോഡ്ജിൽ താമസിക്കുന്ന റെയിൽവെ ആപ്പിസിലെ ക്ലാർക്ക് കുമാരേട്ടനാണ് ഒരു രാത്രി ഈ കുട്ടി സ്റ്റേഷനിൽ കിടക്കുന്നു എന്ന് പറഞ്ഞത്. ഞാൻ ചെന്ന് നോക്കുമ്പോൾ പ്ലാറ്റ്‌ഫോറത്തിലെ ഒഴിഞ്ഞ സിമന്റ് ബെഞ്ചിൽ അവൻ തളർന്നു കുഴഞ്ഞുകിടന്നിരുന്നു. ഇത്രയൊക്കെ ആളുകൾ കടന്നുപോയിട്ടും ഈ കുട്ടിയെ ആരും ശ്രദ്ധിച്ചില്ലല്ലോ എന്നോർത്തപ്പോൾ വിവരിക്കാൻ പറ്റാത്ത വേദന തോന്നി. ഞാൻ അവനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അവൻ ഉണരുകയുണ്ടായില്ല. എന്തിനോടൊക്കെയോ ശാഠ്യം പിടിച്ചു പിണങ്ങി ഉറങ്ങാൻ കിടക്കുന്ന ഒരു കുട്ടിയുടെ അതേ മുഖഭാവമായിരുന്നു അവന്റേത്. തൊട്ടടുത്ത് തന്നെയുള്ള ഹെൽത്ത് സെന്ററിൽ നരന്റെ സഹായത്തോടെ അവനെ എത്തിച്ചു. പരിചയക്കാരനായ കമ്പോണ്ടർ അവനെ തല്‍ക്കാലം അവിടെ കിടത്തി. ഞാൻ അവന്നു കൊടുക്കാനായി ഒരു ചായയും കഷ്ണം റൊട്ടിയും കൊണ്ടുവന്നു. അവനെ ഉണർത്താൻ ശ്രമിച്ചെങ്കിലും അവൻ ഉണർന്നില്ല. കമ്പോണ്ടർ പറഞ്ഞു: ഞാൻ അവന്ന് ഒരു ഗുളിക കൊടുത്തി ട്ടുണ്ട്. കടുത്ത പട്ടിണിയും ക്ലേശവും കാരണം കുട്ടിയുടെ ശരീരം പരമാവധി തളർന്നുപോയിരിക്കുന്നു.

ഞാൻ രാവിലെ വരാമെന്നു പറഞ്ഞുപോയെങ്കിലും എനിക്കു വൈകുന്നേരമേ ചെല്ലാൻ കഴിഞ്ഞുളളു. അപ്പോൾ ആ കുട്ടി, ഒരു ക്ഷീണിച്ച കണ്ഠത്തിൽ നിന്നുള്ള ഗാനം പതുക്കെ ഒഴുക്കുന്നതുപോലെ തന്റെ ജീവിതം വിരമിപ്പിക്കുന്നുണ്ടായിരുന്നു. ആ മെലിഞ്ഞ നെഞ്ചിൻകൂടിൽ ഞാനെന്റെ കൈവെച്ചുനോക്കി. അതിന്റെ ക്ഷീണിച്ച മിടിപ്പ് എന്റെ കൈകളിൽ ഈ ലോകത്തിൽ അഭയം ലഭിക്കാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ നിറവേറാത്ത ആഗ്രഹങ്ങൾ എനിക്ക് മനസ്സിലാകാത്ത ഏതോ ഭാഷയിൽ വിവരിക്കുന്നതുപോലെ തോന്നി. അധികം താമസിയാതെ ആ കുഞ്ഞ് മരണമടഞ്ഞു! ആ കുട്ടി ഒന്നു കണ്ണുതുറന്നിരുന്നെങ്കിൽ! ‘കുട്ടീ, നീ എവിടന്നു വരുന്നു? നീ ആരാണ്?’ എന്നൊക്കെ ചോദിക്കണമെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ, അതൊന്നും കേൾക്കാൻ അവൻ കാത്തുനിന്നില്ല. എന്തായാലും അവന്റെ പിഞ്ചുഹൃദയം ഭൂമിയിൽ നിന്നു വിട്ടുപോകുമ്പോൾ ആനന്ദിച്ചിരിക്കണം എന്നു തോന്നി. ആ മുഖം അതു വ്യക്തമാക്കുന്നുണ്ടായിരുന്നു.

ഡോക്ടർ പറഞ്ഞു: ഇനി വെച്ചിരിക്കണ്ട. ശവം നിങ്ങൾ ഏറ്റെടുക്കണം. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഞാൻ വ്യസനത്തോടെ പറഞ്ഞു. ഈ കൂട്ടി ആരാണ്, എവിടന്നു വരുന്നു, എന്നൊന്നും എനിക്കറിയില്ല സാർ. ഈ കുട്ടിയെ ഞാൻ എന്തുചെയ്യും? ഡോക്ടർ സംഗതി നേരത്തെ മനസ്സിലാക്കിയിരുന്നു. അദ്ദേഹം പറഞ്ഞു. നമുക്കിപ്പോൾ എന്തുചെയ്യാൻ പറ്റും ഇങ്ങനെ എത്ര അനാഥക്കുട്ടികൾ ദിവസവും മരിക്കുന്നു. നിങ്ങൾ ഈ കുട്ടിയെ കൊണ്ടുപോയി മറവുചെയ്യു. എന്റെ വേദന വിവരിക്കാവുന്നതല്ല. ഒരു കീറപ്പായ കൊണ്ടുവന്ന്, അവനെ പൊതിഞ്ഞു കെട്ടി, അതിവിശാലമായ മണപ്പുറത്തേക്ക് അവനെ കൊണ്ടുപോകുമ്പോൾ എന്റെ ഒപ്പം നരനും ഉണ്ടായിരുന്നു. നരൻ ഒന്നും മിണ്ടുകയുണ്ടായില്ല. പുഴക്കക്കരെ സിനിമാ ഹാളിൽ നിന്ന് പാട്ട് കേൾക്കുന്നുണ്ടായിരുന്നു. ജനം പാലം കടന്ന് നീങ്ങുന്നതും മറ്റും കാണാമായിരുന്നു. ഞങ്ങൾ മനുഷ്യന്റേതായ യാതൊരു ശബ്ദവും രൂപവും എത്താത്ത പുഴയുടെ ഏറ്റവും ഏകാന്തവും നിത്യ വിജനവുമായ ഭാഗത്തെത്തി, പുഴക്കര ഇരുണ്ടുതുടങ്ങുന്നുണ്ടായിരുന്നു. മൃതദേഹം അവിടെ മണപ്പുറത്ത് മെല്ലെ വെച്ചു. വളരെ പതുക്കെ ആ കെട്ടഴിച്ചു. കുട്ടിയെ പൊതിയിൽ നിന്നെടുത്തു. നരൻ പതുക്കെ പറഞ്ഞു. എന്തിനാണ് കെട്ടഴിച്ചത്? അങ്ങിനെത്തന്നെ കുഴിയിൽ വെക്കുന്നതല്ലേ നല്ലത്? എനിക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. അവനെ ഇരുകൈകളിലുമെടുത്ത് പുഴയോരത്തേക്കു നടന്നപ്പോൾ നരനും വന്നു. ഞാൻ കീശയിൽ കരുതിയിരുന്ന എന്റെ സോപ്പു കൊണ്ട് അവനെ തേച്ച് നന്നായി കുളിപ്പിച്ചു. ശരീരത്തിലെ ചളിയും പൊടിയും പോയപ്പോൾ അവന്റെ ശരീരത്തിന് നല്ല തിളക്കം തോന്നി. കുളിപ്പിച്ചു കൊണ്ടുവന്നു പായയിൽ കിടത്തി, നരൻ അപ്പോൾ ഒരു കൊച്ചു കുഴിയുണ്ടാക്കിക്കഴിഞ്ഞിരുന്നു. അവന്റെ ഡബിൾ മുണ്ട് പകുതി കീറിവെച്ചിരുന്നു. ‘ഇത് അവന്റെ മേലിടാം’ – നരൻ പറഞ്ഞു. അപ്പോൾ ശാന്തമായ ഇരുട്ട് ഭൂമിയെ വലയം ചെയ്യുന്നുണ്ടായിരുന്നു. നരൻ വൃത്തിയുള്ള മുണ്ടുകൊണ്ട് അവനെ നന്നായി പുതപ്പിച്ചു. തലമുടി കോതിവെച്ചു. അപ്പോൾ അവന്റെ രൂപം ദിവ്യവും പവിത്രവുമായ ഏതോ ലോകത്തിന്റെ മങ്ങിയ പ്രകാശം അണിഞ്ഞിരുന്നു. കുഴിയിലേക്കു വെക്കുന്നതിന്റെ മുമ്പായി എനിക്കവന്റെ നെറ്റിയിൽ ഒന്നു ചുംബിക്കാതിരിക്കാൻ കഴിഞ്ഞില്ല. എന്റെ കണ്ണീർ, നരന്റെ മുന്നിൽ എന്നെ ചെറുതാക്കിയേക്കുമോയെന്ന വിചാരം കൊണ്ട് ഞാൻ പണിപ്പെട്ടുനിയന്ത്രിച്ചു. ഞാൻ തിരി ഞ്ഞുനോക്കിയപ്പോൾ അവൻ ഒരു പിഞ്ചുകുട്ടിയെപ്പോലെ വിതുമ്പുന്നുണ്ടായിരുന്നു. ഞാൻ കണ്ടതായി ഭാവിച്ചില്ല.

അവന്റെ കൊച്ചു ശവക്കൂന എനിക്കിനിയും എപ്പോഴെങ്കിലും ഇതിലെ വരുമ്പോൾ കാണാം എന്ന നിലക്ക് അത് ഒന്ന് ഉയർത്തിമണ്ണിട്ടപ്പോൾ നരൻ പറഞ്ഞു; അത് നിരപ്പാക്കിയിടൂ! അവൻ അവിടെ, ആ മണ്ണിനടിയിൽ കിടക്കുന്നു എന്ന് നമുക്കൊരിക്കലും ഓർക്കാൻ കഴിയരുത്. അവന്റെ ദേഹം ഒരിയ്ക്കലും ഒരു സ്മാരകമാക്കിക്കൂടാ! അതെന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. അവിടെ നിന്നു പോരുമ്പോൾ ആ അനന്തമായ മണപ്പുറത്ത് അവനെ അവിടെ മറവുചെയ്തു എന്ന് ആർക്കും മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ അവന്റെ ശവക്കൂനക്കുമീതെ ഉണക്കമണ്ണ് വിരിച്ചിരുന്നു. ഞങ്ങൾ അന്യോന്യം ഒന്നും മിണ്ടാതെ തിരിച്ചുപോന്നു. അപ്പോൾ പൂർണമായി ഇരുട്ട് പടർന്നു കഴിഞ്ഞിരുന്നു. പെട്ടെന്നു നരൻ എന്റെ കൈയിൽ പിടിച്ചു. നാം ഒന്നുകൂടി അവനെപോയി നോക്കുക; ഒരിക്കൽ മാതം … ഞാനും അതു തന്നെ ആഗ്രഹിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വേഗം തന്നെ അവന്റെ ശവക്കൂനയെ ലക്ഷ്യമാക്കി നടന്നു. ഇരുട്ടിൽ എത്രയോദൂരം എത്രയോനേരം ഞങ്ങൾ അലഞ്ഞുനടന്നു. അവനെ മറവുചെയ്ത സ്ഥലം എവിടെയാണെന്നു തിരിച്ചറിയാൻ ഞങ്ങൾക്ക് സാധിച്ചതേയില്ല.

രാത്രിയുടെ അന്ത്യത്തിലായിരിക്കണം, ഞങ്ങൾ ഭ്രാന്തന്മാരെ പോലെ ഒന്നും ഉരിയാടാതെ തിരിച്ചുപോന്നു. കുറേദൂരം ചെന്നപ്പോൾ നരൻ എന്നോടു ചോദിച്ചു: ആ കുട്ടി ആരായിരിക്കും? എവിടെ നിന്നുവന്നു?
അതിന്റെ ഉത്തരം എനിക്കറിയാമായിരുന്നു. പക്ഷേ, അത് ഞാൻ പറയുകയുണ്ടായില്ല.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…