സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജീവനുള്ള മണ്ണ്, മണ്ണിലെ ജീവന്‍

ഡോ.എസ്. ശാന്തി

അവിശ്വസനീയമാംവിധം അത്ഭുതകരമായ വസ്തുവാണ് മണ്ണ്. പക്ഷേ ആധുനിക മനുഷ്യന്റെ കണ്ണില്‍ അത് മൃതവും വന്ധ്യവും വിരസവുമായ വസ്തുവാണ്. മനുഷ്യന്റേതു മാത്രമായ ഒരു കോണ്‍ക്രീറ്റ് ലോകം കെട്ടിപ്പടുക്കാന്‍, നമുക്ക് തന്നിഷ്ടത്തിന് കീഴ്‌മേല്‍ മറിക്കാന്‍, ഒരു പ്രതലം. പക്ഷേ യഥാര്‍ത്ഥത്തില്‍ ഭൂമിയെന്ന ഗ്രഹത്തിന്റെ കരപ്രദേശത്തെ പൊതിഞ്ഞു നില്‍ക്കുന്ന വളരെ നേര്‍ത്ത ആവരണമായ മണ്ണ് ജൈവമണ്ഡലത്തിന്റെ അടിത്തറയാണ്. നമ്മുടെ ഏറ്റവും അടിസ്ഥാന, ജീവാഭയവിഭവമാണ്. ജീവന്റെ ജീവനായ, ജീവനുള്ള സമ്പത്താണ്.

കാട്ടില്‍ നിന്നു കാട്ടിലേക്ക് ദേശാടനം ചെയ്യുന്ന കാട്ടാനക്കൂട്ടംപോലെ ജീവസ്സുറ്റതും ആകാശത്തെ മൂടിപ്പറക്കുന്ന എരണ്ടകളെപ്പോലെ അതിസുന്ദരവുമാണ് മണ്ണ്.
( മണ്ണിനെ അങ്ങനെ കാണാനുള്ള കണ്ണും വിവേകവും സൂക്ഷ്മസംവേദനശക്തിയും നമുക്കുണ്ടാവണമെന്നുമാത്രം.) എണ്ണിയാല്‍ തീരാത്ത ജീവജാലങ്ങള്‍ നിറഞ്ഞ മണ്ണ് ഒരു ആവാസവ്യവസ്ഥയാണ് ( habitate ) അതായത് ജീവനെ നിലനിര്‍ത്തുന്ന പ്രകൃതി വ്യവസ്ഥകളും ജീവസമൂഹങ്ങളും ചേര്‍ന്നുണ്ടാക്കുന്ന, ജീവന് നിലനില്‍ക്കാനും പെരുകാനും അതിജീവിക്കാനും പരിണമിക്കാനും കൂടുതല്‍ കൂടുതല്‍ ജീവന് ഉരുത്തിരിയാനുമുള്ള സാഹചര്യം സൃഷ്ടിക്കാനുള്ള പ്രകൃതിവ്യവസ്ഥ. വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളില്‍ കാണുന്ന വിവിധതരത്തിലുള്ള മണ്ണ് ഓരോന്നും ഓരോ ആവാസവ്യവസ്ഥയാണ്.

മണ്ണ് എന്ന ആവാസവ്യവസ്ഥ

ഫലഭൂയിഷ്ഠമായ ഒരു ഹെക്ടര്‍ മണ്ണ് എവിടെനിന്നെടുത്ത് പരിശോധിച്ചാലും അതില്‍ 3000 ലക്ഷം ചെറിയ നട്ടെല്ലില്ലാത്ത ജീവികളുണ്ടാവും. ചെള്ളുകളും അട്ടകളും വിരകളും ഷഡ്പദങ്ങളും കുഞ്ഞുകുഞ്ഞുപ്രാണികളും മറ്റും. സൂക്ഷ്മജീവികളുടെ കാര്യമെടുത്താലോ, കേവലം 30 ഗ്രാം നല്ല മണ്ണില്‍ ഒരൊറ്റ തരത്തിലുള്ള ബാക്ടീ രിയ മാത്രം ഒരു ദശലക്ഷത്തിലധികമുണ്ടാവും. ഒരു ലക്ഷത്തില്‍പരം യീസ്റ്റ് കോശങ്ങളും 50,000 തരം പൂപ്പലുകളും ലൈക്കനുകളുമൊക്കെ മണ്ണിനെ മണ്ണാക്കാനുണ്ടാവും. ഈ സൂക്ഷ്മജീവികളില്ലെങ്കില്‍ നൈട്രജനും ഫോസ്ഫറസും സള്‍ഫറും മറ്റനവധി പോഷകങ്ങളും സസ്യങ്ങള്‍ക്ക് നല്‍കാന്‍ മണ്ണിനാവില്ല.

ഹാര്‍വാര്‍ഡിലെ പ്രസിദ്ധ ശാസ്ത്രജ്ഞനായ ഇ.ഒ.വില്‍സന്റെ അഭിപ്രായത്തില്‍ ഒരുപിടി മണ്ണില്‍ വ്യാഴഗ്രഹത്തിന്റെ മുഴുവന്‍ പ്രദേശത്തേക്കാള്‍ കൂടുതല്‍ ജൈവസങ്കീര്‍ണ്ണതയുണ്ടെന്നാണ്. പക്ഷേ ഭൂമിയിലെ നമ്മുടെ ജീവാഭയവ്യവസ്ഥകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ചെലവാക്കുന്നതിനേക്കാള്‍ ആയിരം മടങ്ങ് പണം നമ്മള്‍ മറ്റുഗ്രഹങ്ങളെ നിരീക്ഷിച്ച് പഠിക്കാന്‍ മുടക്കുന്നു!

അതുകൊണ്ടുതന്നെ ഭൂമിയില്‍ കാല്‍ വയ്ക്കുമ്പോള്‍ ജീവന്‍ തുടിക്കുന്ന, ജീവനുള്ള മണ്ണെന്ന ആവാസത്തിന്‍മേലാണ് ചവിട്ടുന്നത് എന്നെപ്പോഴും നമ്മള്‍ ഓര്‍ക്കണം. കെട്ടിടങ്ങള്‍ കെട്ടുമ്പോഴും മണ്ണിനെ ചെളിയായി മാത്രംകണ്ട് കോണ്‍ക്രീറ്റിട്ട് മൂടുമ്പോഴും നമ്മുടെ കാല്‍ക്കീഴില്‍ എന്താണ് എന്ന് ഒരു നിമിഷം നമ്മളോര്‍ക്കണം. വാസ്തവത്തില്‍ എന്താണത് ? പാതി കുഞ്ഞു കുഞ്ഞു കണികകളുടെ കൂമ്പാരങ്ങളും മറ്റേ പാതി ജലവും വായുവും കൂടിക്കലര്‍ന്ന ഒരു അയഞ്ഞ വസ്തുവാണ് മണ്ണ്. മഴവെള്ളത്തിന്റെയും അന്തരീക്ഷവാതകങ്ങളുടെയും മഞ്ഞിന്റെയും വേരുകളുടെയും സൂര്യപ്രകാശത്തിന്റെയും ചൂടിന്റെയും കാറ്റിന്റെയുമെല്ലാം നിതാന്ത സമ്മര്‍ദ്ദത്താല്‍, സ്വാധീനത്താല്‍, നൂറ്റാണ്ടുകളിലൂടെ പാറ പൊടിഞ്ഞ് ഉണ്ടായ അജൈവ വസ്തുവാണ് എല്ലാമണ്ണിന്റെയും അടിസ്ഥാനം. ലൈക്കനുകള്‍ ( Lichens ) എന്ന പ്രാചീനജീവിയാണ് ഏതു കരിമ്പാറക്കെട്ടിലും പടര്‍ന്നു വളര്‍ന്ന്, രാസപ്രവര്‍ത്തനത്താല്‍ മെല്ലെ പാറപൊടിച്ച്, ജീവനു വളരാന്‍പറ്റിയ സാഹചര്യമൊരുക്കുക.’കല്‍പ്പായല്‍’ ‘ശിലാവല്‍ക്കലം’ ‘സൂകരി’ എന്നൊക്കെ പേരുള്ള ലൈക്കന്‍ വാസ്തവത്തില്‍ പൂപ്പലും(fungus)പായലും (algae) തeമ്മില്‍ പരസ്പരപൂരകമായി യോഗജീവിതം( symbiosis ) നയിക്കുന്ന ഒരു ജീവാവസ്ഥയിലുള്ള വിശിഷ്ടജീവിയാണ്. ലൈക്കനുകള്‍ രാസപ്രവര്‍ത്തനത്തിലൂടെ ഒരുക്കുന്ന ജീവസാഹചര്യത്തില്‍ മെല്ലെ പായലുകളും പന്നലും പുല്ലും ചെറുചെടികളും പതുക്കെപ്പതുക്കെ മണ്ണുണ്ടാവുന്നതനുസരിച്ച് മരങ്ങളും, മറ്റൊരുപാട് ജീവികളും വസിക്കുന്ന ജീവാഭയവ്യവസ്ഥയായി, വനമായി, ആവാസവ്യവസ്ഥയായി, ജീവവ്യൂഹമായി അവിടം പരിണമിക്കും. ഇതിനെ ക്രമാനുഗത ജൈവാവരണ പരിണാമം ( Ecological Succession ) എന്നു വിളിക്കും.

ജീവാവരണത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം മണ്ണും കൂടുതല്‍ കൂടുതല്‍ സമ്പന്നവും ഫലഭൂയിഷ്ഠവുമാവും.കൊഴിഞ്ഞുവീഴുന്ന ഇലകളും ചത്തടിയുന്ന ജീവികളും ദ്രവിക്കുന്ന ജീവാവശിഷ്ടങ്ങളും ചേര്‍ന്ന ക്ലേദം അഥവാ വളമണ്ണ് നിതാന്തമായ അജൈവ-ജൈവപ്രവര്‍ത്തനങ്ങളിലുടെ, പ്രതിപ്രവര്‍ത്തനങ്ങളിലൂടെ, ജീവന്‍ തന്നെ ജീവനുവേണ്ടി തീര്‍ക്കുന്ന, ജീവനുള്ള ആവാസമാണ്.

മണ്ണുനിര്‍മ്മാണപ്രകിയ മറ്റെല്ലാ ആവാസവ്യവസ്ഥാനിര്‍മ്മാണ പ്രക്രിയയേയും പോലെ ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെയുള്ള സാവധാനപ്രക്രിയയാണ്. കല്‍ക്കം
( sediment) ഒരുപക്ഷെ പെട്ടെന്നു രൂപം കൊണ്ടാലും മണ്ണുണ്ടാവാന്‍ ആവശ്യമായ അജൈവ വസ്തുക്കളുണ്ടാവാന്‍ ഏറെ കാലം പിടിക്കും. 50 വര്‍ഷംകൊണ്ട് 30 സെന്റീമീറ്റര്‍ പ്രതലമുണ്ടായേക്കാം. ഇത് മിതശീതോഷ്ണമേഖലയിലെ മണ്ണുനിര്‍മ്മാണത്തിന്റെ കാര്യമാണ്.(മഴയും ചൂടും കാറ്റും കൂടുതലുള്ള ഉഷ്ണമേഖലയിലെ കാര്യം വേറെയാണ്) അടിസ്ഥാനശിലയില്‍ (Parent Rock) നിന്ന് ഒരു സെന്റീ മീറ്റര്‍ പുതുമണ്ണുണ്ടാവാന്‍ 100 മുതല്‍ 1000 വര്‍ഷം വരെ വേണ്ടിവരും. ‘വൈദ്യശസ്ത്രം’ മാസികയിലെ ഒരു താളിന്റെയത്ര ആഴത്തില്‍ മണ്ണുണ്ടാവാന്‍ പതിനായിരത്തില്‍പ്പരം വര്‍ഷങ്ങള്‍ വേണ്ടിവരും. നിര്‍ഭാഗ്യവശാല്‍, മനുഷ്യപ്രവര്‍ത്തനം കൊണ്ടോ, പ്രകൃതിക്ഷോഭത്തിലോ ഈ പ്രക്രിയയെ പുറകോട്ടടിക്കാന്‍ വളരെ കുറച്ചു സമയം മതി. മണ്ണുണ്ടാവാന്‍ എടുക്കുന്ന സമയത്തിന്റെ ഒരു ചെറിയ അംശം സമയം കൊണ്ട് മണ്ണിനെ നമുക്ക് കൊല്ലാനാവും.

ഫലഭൂയിഷ്ഠമായ മണ്ണ്

കരഭൂമിയുടെ മഞ്ഞുപാളികള്‍ മൂടാത്ത ഭൂപ്രദേശത്തിന്റെ 11 % ( 150 കോടി ഹെക്ടര്‍ ) മാത്രമേ യഥാര്‍ത്ഥത്തില്‍ കൃഷിക്കനുയോജ്യമായ നല്ല മണ്ണുള്ള ഭൂമിയായുള്ളൂ . മനുഷ്യന്റെ കഴിവും ശാസ്ത്രസാങ്കേതികവിദ്യകളും മറ്റും ഉപയോഗിച്ച്, വളരെയധികം മുതല്‍ മുടക്കി, നമുക്ക് പരമാവധി 170 കോടി ഹെക്ടര്‍ ഭൂമി കൃഷിയോഗ്യ മാക്കാം എന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമിയെ പൊതിയുന്ന എല്ലാമണ്ണും കൃഷിക്ക് പറ്റിയതല്ല. 1300 കോടി ഹെക്ടര്‍ വിസ്തൃതി വരുന്ന കരഭൂമിയുടെ മേല്‍പ്പറഞ്ഞ 11 % കൃഷിയോഗ്യമെന്ന് നമ്മള്‍ കരുതുന്ന ഭൂമിക്കും കാലാവസ്ഥയുടേയും ഭൂപ്രകൃതിയുടേയുമൊക്കെ വൈജാത്യം കാരണം സവിശേഷതകളും പരിസ്ഥിതി പരിമിതികളും ഒപ്പം സാധ്യതകളുമുണ്ട്. ഇതിനു പുറമേയുള്ള പ്രദേശങ്ങള്‍ മിക്കവയും വരണ്ട ഭൂമിയോ വെള്ളക്കെട്ടു പ്രദേശങ്ങളോ, ധാതുക്കളും പോഷകങ്ങളുമില്ലാത്ത വന്ധ്യഭൂമികളോ, ആഴം കുറഞ്ഞ പ്രദേശങ്ങളോ, തണുപ്പുകൂടിയ പ്രദേശങ്ങളോ ആണ്. അവയിലൊന്നും കൃഷിയിറക്കുക സാധ്യമോ, സുസ്ഥിരമോ, ലാഭകരമോ ആയിരിക്കില്ല.

കരഭൂമിയുടെ 28 % ഭൂമി നിതാന്ത വരള്‍ച്ച നേരിടുന്ന മരുഭൂമികളാണ്. പോഷകക്കുറവ് അനുഭവപ്പെടുന്ന ഭൂമി 23%വരും. 22% ഭൂമിയിലെ മണ്ണ് വളരെ നേര്‍ത്തതും 10% ഭൂമി വെള്ളം കെട്ടിക്കിടക്കുന്നതുമാണ്. നിതാന്തമായ മഞ്ഞുപാളികളാല്‍ മൂടിയ ( Perma frost ) പ്രദേശം 6% വരും. ( അന്റാര്‍ട്ടിക്കയ്ക്കും ഗ്രീന്‍ലാന്‍ഡിനും പുറമെയാണിത് )

സംസ്‌കാരങ്ങള്‍ക്ക്
മുമ്പേ വന്ന കാടുകള്‍;
പുറകേ വന്ന മരുഭൂമികള്‍

തീയും മൃഗപരിപാലനവും പിന്നെ കൃഷിയും സ്വായത്തമാക്കിയതോടെയാണ് മനുഷ്യസംസ്‌കാരം വികസിക്കാന്‍ തുടങ്ങിയത് എന്നാണല്ലോ നമ്മള്‍ വിശ്വസിക്കുന്നത്.
( മനുഷ്യസംസ്‌കാരധാരയില്‍നിന്ന് വിട്ടുനിന്ന, കൃഷിയും സാങ്കേതികവിദ്യകളും വളര്‍ത്തിയെടുക്കാത്ത, മനുഷ്യസമുദായങ്ങളും ആധുനിക മനുഷ്യര്‍ക്കൊപ്പം മറ്റൊരു ധാരയായി നിലനിന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇന്നും അതിജീവിക്കുന്നുമുണ്ട്. അവരെ നമ്മള്‍ സംസ്‌കൃതരായി കാണുന്നില്ലെന്നുമാത്രം; അവരെയിന്ന് ആവാസവ്യവസ്ഥാസമൂഹങ്ങള്‍, പാരിസ്ഥിതികമായി പരിണമിച്ച മനുഷ്യര്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും). ഏതായാലും തീയും മഴുവും കൈക്കോട്ടും കലപ്പയുമെല്ലാം കൊണ്ട് മേച്ചില്‍പ്പുറങ്ങളും കൃഷിയിടങ്ങളുമുണ്ടാക്കാന്‍ നമ്മള്‍ വനഭൂമികളെ ലോകത്തെല്ലായിടത്തും നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് മനുഷ്യ നിര്‍മ്മിതമരുഭൂമികള്‍ വ്യാപിക്കാന്‍ തുടങ്ങിയത്. ‘കാടുകള്‍ സംസ്‌കാരത്തിനു മുമ്പെ, മരുഭൂമികള്‍ പുറകെ’ എന്നൊരു ചൊല്ലുതന്നെയുണ്ടായത് ഇങ്ങനെയാണ്.

നൈസര്‍ഗ്ഗിക ഭൂതലവും ( Natural Landscape ) സാംസ്‌കാരികഭൂതലവും ( Cultural Landscape ) തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റിക്കുന്ന തരത്തില്‍ നമ്മുടെ എണ്ണവും അതിലേറെ ആവശ്യങ്ങളും ദുരയും പെരുകിയതിന് ഒരു കാരണം നമ്മുടെ മണ്ണിനെ നാം മറന്നതുതന്നെയാണ്. മണ്ണിന്റെ ജീവനെ താങ്ങാനുള്ള ശക്തിക്കുമപ്പുറം ( carrying capacity ) നാമതിനെ ഉപയോഗിക്കാനും ചൂഷണം ചെയ്യാനും തുടങ്ങി. അമേരിക്കയിലും ബ്രസീലിലും മെക്‌സിക്കോവിലും വടക്കെ ആഫ്രിക്കയിലും നമീബിയയിലും ലക്ഷക്കണക്കിന് ടണ്‍മേല്‍മണ്ണ് തെറ്റായ ഭൂവിനിയോഗം കാരണം ഒലിച്ചും പരന്നും വന്ധ്യമായും രാസവിഷലിപ്തമായും നശിക്കുന്നതിന്റെ കണക്കുകള്‍ ഞെട്ടി പ്പിക്കുന്നവയാണ്. മിഡില്‍ ഈസ്റ്റിലും മദ്ധ്യ ഏഷ്യയിലും മംഗോളിയയിലും ചൈനയിലും ഇന്ത്യയിലുമൊക്കെ കഥയിതുതന്നെ. നേപ്പാളിലെ പര്‍വ്വതച്ചെരി വുകളില്‍നിന്നും ഗംഗയുടെ പ്രഭവപ്രദേശത്തുള്ള ഹിമാലയന്‍ അടിവാരക്കുന്നുകളില്‍നിന്നും ലക്ഷക്കണക്കിന് മണ്ണ് ഓരോ വര്‍ഷവും ഒലിച്ചിറങ്ങി ബംഗാള്‍ ഉള്‍ക്കടലില്‍ 50 ലക്ഷം ഹെക്ടര്‍ വിസ്തൃതിയുള്ള ഒരു ദ്വീപ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സമുദ്രപ്പരപ്പിനുമുകളിലെത്തിയാല്‍ ഈ ദ്വീപിനെ ന്യൂമൂര്‍ ദ്വീപ് എന്നപേരില്‍ ഇന്ത്യയും തെക്കന്‍ ടാല്‍പാത്തി എന്നപേരില്‍ ബംഗ്ലാദേശും അവകാശം സ്ഥാപിച്ച് കൈക്കലാക്കാന്‍ ശ്രമിക്കും. ഈ പ്രതിഭാസത്തിന് ഏറ്റവും കൂടുതല്‍ മണ്ണു നല്‍കിയ നേപ്പാളിനെ പക്ഷെ ആരും ഓര്‍മ്മിക്കുന്നില്ല. മനുഷ്യന്‍ ചെയ്യുന്ന പാരിസ്ഥിതികപാതകങ്ങളുടെ ദൃഷ്ടാന്തമായി കണ്ട് ഈ ദുരന്തത്തിന്റെ ചുമതലയെടുത്ത്, തിരുത്താനും ആരും തയ്യാറല്ല.

മണ്ണൊലിപ്പിനൊപ്പം തന്നെ മണ്ണിനെ കൊല്ലുന്ന പ്രവൃത്തിയാണ് ആധുനികകൃഷിയിലെ രാസവളപ്രയോഗം. രാസവളമിട്ട് ഏതാനും നിമിഷങ്ങള്‍ക്കകം മണ്ണിരകളും മറ്റനേകം ജീവികളും ചത്തൊടുങ്ങുന്നത് നമുക്കുകാണാം. മണ്ണിന്റെ മൊത്തം ഘടനയും സ്വഭാവവും സ്വപുനരുജ്ജീവനശക്തിയുമെല്ലാം ഇതോടെ നശിക്കും. ആധുനിക കൃഷിയിലെ ഏകവിളകളും അമിതവിളവിനുമാത്രം വളര്‍ത്തുന്ന സങ്കരയിനങ്ങളും ഇനി വരാന്‍ പോകുന്ന ജനിതകപരിവര്‍ത്തിതവിളകളും മണ്ണിനെ, മണ്ണെന്ന ആവാസവ്യവസ്ഥയെ ഉന്മൂലനം ചെയ്യും. ഈ വിളകള്‍ക്കെല്ലാം കീടനാശിനികളും കുമിള്‍നാശിനികളും കളനാശിനികളും ഹോര്‍മോണുകളും വേണം വളരാന്‍. വിഷലിപ്തമായ മണ്ണ്, വിഷം തീണ്ടിയ ജലം, വിഷമയമായ വിളകള്‍, വിഷം നിറഞ്ഞ ആഹാരം… ഇതായിരിക്കാം പ്രകൃതിയോട് യുദ്ധം പ്രഖ്യാപിച്ച്, മണ്ണിനെ മറന്ന മനുഷ്യന്റെ വിധി.

മരുഭൂമിയെ കൃഷിഭൂമിയാക്കാനും പരുക്കന്‍ കൃഷികളെ ജലസേചിത കൃഷികളാക്കാനും മനുഷ്യന്‍ കണ്ടുപിടിച്ച മറ്റൊരു വിദ്യയാണ് വന്‍ അണക്കെട്ടുകള്‍. ഭൂമിയുടെ രക്തധമനികളായ നദികളെ വിലങ്ങിട്ട്, അതിസമ്പന്ന താഴ്‌വരകളെ ജലാശയത്തില്‍ മുക്കി, ഭൂമിയെ കീറി മുറിച്ച് കനാലുകളുണ്ടാക്കി, കൃഷിഭൂമികളിലേക്ക് ജല മെത്തിച്ചപ്പോള്‍ ഉണ്ടായത് അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയുടെ, മണ്ണിന്റെ മരണമാണ്. 80,000 കോടി രൂപയിലേറെ വന്‍ ജലസേചന അണക്കെട്ടുകള്‍ക്കായി ചെലവാക്കിയ ഇന്ത്യയില്‍ നാം ഉത്പാദിപ്പിക്കുന്ന ധാന്യങ്ങളുടെ 12 % മാത്രമേ ജലസേചിതഭൂമിയില്‍ നിന്നുണ്ടാക്കുന്നുള്ളൂ. അതേസമയം
1989-ലെ കണക്കനുസരിച്ച് ജലസേചനം കാരണമുള്ള വെള്ളക്കെട്ടും മണ്ണിന്റെ ലവണത്വവര്‍ദ്ധനവും മൂലം 130 ലക്ഷം ഹെക്ടറിലധികം ഭൂമി എന്നേക്കുമായി കൃഷിയോഗ്യമല്ലാതായിട്ടുമുണ്ട്. കേരളത്തില്‍ ജലസേചനപദ്ധതികള്‍ക്കായി 2090 കോടി രൂപയിലധികം ചെലവഴിച്ച്, പുഴകളെ കൊന്ന ശേഷവും പ്രതിവര്‍ഷം രണ്ടുകോടി രൂപപോലും ഈ മുതല്‍മുടക്കില്‍നിന്ന് നമുക്ക് വീണ്ടെടുക്കാനാകുന്നില്ലെന്ന് നമുക്കറിയാവുന്നതാണ്. നെല്‍കൃഷിക്കായി മാത്രം കെട്ടിയ ഈ അണക്കെട്ടുകള്‍ മുക്കിക്കൊന്നത് അമൂല്യ വനങ്ങളെയും കൃഷിയിടങ്ങളെയും വയലുകളെയുമാണ്. അതേസമയം 1985 ല്‍ 7,30,379 ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 2,76,742 ഹെക്ടറേ ബാക്കിയുള്ളൂ. ഒരു ഹെക്ടര്‍ ഭൂമിയില്‍ ജലമെത്തിക്കാന്‍ 5000 രൂപ ചെലവാക്കിയാല്‍ അത് ലാഭകരമാവില്ല എന്നിരിക്കെ, ഇന്ത്യയിലെ ശരാശരി ജലസേചനച്ചെലവ് ഹെക്ടറിന് ഒരുലക്ഷം രൂപയാണ്. നര്‍മ്മദാ താഴ് വരയിലെ അതിസമ്പന്നമായ കൃഷിഭൂമി മുഴുവന്‍ നശിപ്പിച്ച് ജലം ചോര്‍ത്തിക്കൊണ്ടുപോവുമ്പോള്‍, ഒരു ഹെക്ടര്‍ ഭൂമിയില്‍ ജലമെത്തിക്കുന്നത് രണ്ടുലക്ഷം രൂപ ചെലവില്‍! ആ ഭൂമി മുഴുവന്‍ വെള്ളക്കെട്ടു മരുഭൂമികളായി മാറുകയാണ്.

ഉഷ്ണമേഖലയിലെ മണ്ണും മഴക്കാടും

ആത്യന്തികമായി നാമെല്ലാം മണ്ണാണ്; സസ്യങ്ങളാണ്. മണ്ണില്‍ വേരൂന്നി വളരുന്ന സസ്യങ്ങളാണ് മണ്ണിനെ മണ്ണായി നിലനിര്‍ത്തുന്നത്. സസ്യാവരണത്തിന്റെ സംരക്ഷണത്തിലെ ജീവനുള്ള മണ്ണും ജീവസ്സുറ്റ ജീവസമൂഹങ്ങളും ജീവനുള്ള ആവാസവ്യവസ്ഥകളും നിലനില്‍ക്കു. മനുഷ്യനും ഈ പാരസ്പര്യത്തിന്റെ, പര സ്പരപ്രാണന്റെ ഭാഗമായേ നിലനില്‍പ്പു ഉളളു. ആത്യന്തികമായി നാം ആ പ്രാണന്‍ തന്നെയാണെന്ന ബോധപൂര്‍വ്വമായ തിരിച്ചറിവിലേ നമുക്ക് ജീവനും ജീവിതവും അതിജീവനവും ഈ ഭൂമിയില്‍ സാധ്യമാവൂ. ഭൂമദ്ധ്യരേഖയ്ക്കിരുവശവുമുള്ള ഉഷ്ണമേഖലാ ആര്‍ദ്രവന ഭൂമിയിലാണ് ഈ ജീവല്‍വ്യവസ്ഥയും ജൈവനിയമവും ജീവധര്‍മ്മവും മനുഷ്യനെന്ന ജീവിയുടെ ആത്യന്തിക പരിണാമനിയതിയും ലക്ഷ്യവും നമുക്ക് വളരെ ലളിതമായും വ്യക്തമായും മനസ്സിലാക്കാനാവുക.

പരിണാമത്തിന്റെ കളിത്തൊട്ടിലുകളെന്നും ജീവന്റെ അഭയാരണ്യങ്ങളെന്നും വിശേഷിപ്പിക്കുന്ന ഇത്തരം ആര്‍ദ്രവനങ്ങളിലാണ് (മഴക്കാടുകള്‍ ) വന്യപ്രകൃതിയുടെ അപാരമായ ജീവസ്യഷ്ടിപരത നമുക്ക് കാണാനാവുക. ഇവിടെ നിതാന്തമായ സൂര്യപ്രകാശവും ചൂടും കാലവര്‍ഷങ്ങളും കാടുതന്നെയുണ്ടാക്കുന്ന ഉച്ഛലിത വ്യ ഷ്ടിയുമെല്ലാം ചേര്‍ന്ന് ഭൂമിയെ നിത്യഹരിതയും സന്താനസൗഭാഗ്യയും ആക്കിയിരിക്കുന്നു. ജീവവൈവിധ്യത്തിന്റെ അപാരസമ്പന്നതയില്‍ പരസ്പരാശ്രയ – പരസ്പരപൂരക ശ്യംഖലാജാലികകളുടെ കെട്ടുറപ്പില്‍ ഇവിടെ കൂടുതല്‍ കൂടുതല്‍ ജീവജനുസുകളും അതിസങ്കീര്‍ണ്ണമായ പാരസ്പര്യങ്ങളും സംയോഗങ്ങളും ഉരുത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. ഒരു ഹെക്ടറില്‍ പതിനായിരക്കണക്കിന് വിവിധയിനം സസ്യജന്തു ജാലങ്ങള്‍ വസിക്കുന്ന, നൂറടിയില്‍പ്പരം ഉയരമുള്ള വൃക്ഷമേലാപ്പിനുകീഴെ ജീവനാവശ്യമായ ആര്‍ദ്രതയും താപവും പോഷകങ്ങളും സൂക്ഷ്മകാലാവസ്ഥയും നിലനില്‍ക്കുന്ന മഴക്കാടുകള്‍ വെട്ടിമാറ്റിയാലോ? ഒരൊറ്റ വര്‍ഷം കൊണ്ടുതന്നെ ആ വനമൊരു വെട്ടുകല്‍ മരുഭൂമിയായി മാറും. പാറയില്‍ നിന്ന് ഉണ്ടാകുന്ന മണ്ണ് പാറയേക്കാള്‍ കട്ടികൂടിയ വെട്ടുകല്ലായി മാറുന്ന തിരുത്താനാവാത്ത മരുവല്‍ക്കരണമാണിത്.

ഇവിടെയാണ് ആധുനികശാസ്ത്രജ്ഞര്‍ക്കും കൃഷിക്കാര്‍ക്കും മണ്ണിനെ അറിയാത്തതുകൊണ്ടുമാത്രം വളരെ വലിയ തെറ്റുപറ്റിയത്. 500 ലക്ഷം വര്‍ഷംകൊണ്ട് ഉരുത്തിരിഞ്ഞ മഴക്കാടില്‍ മണ്ണുതന്നെ കാടായി മാറുകയാണുണ്ടായത്. മണ്ണില്‍ വളര്‍ന്ന്, പാറക്കെട്ടുകളെ പൊതിഞ്ഞുപൊങ്ങിയ മഴക്കാടിന്റെ ചുവട്ടില്‍ മണ്ണെന്നു നാം മനസ്സിലാക്കുന്ന മണ്ണേയില്ല ! നിതാന്തമായ ഊര്‍ജ-പദാര്‍ത്ഥ-ജല-പോഷക ചംക്രമണത്തില്‍, അതിസങ്കീര്‍ണ്ണമായ ജൈവ നിര്‍മ്മാണപ്രക്രിയയില്‍ മണ്ണ് ജീവനാവുന്ന, ജീവന്‍ മണ്ണാവുന്ന പ്രക്രിയ അതിദ്രൂതം നടക്കുകയാണിവിടെ. വന്‍മരങ്ങളുടെ, വന്‍ പുറംവേരുകളിലെ രോമങ്ങള്‍ (Root hairs )വളരെ പെട്ടെന്ന് കൊഴിഞ്ഞുവീഴുന്ന ഇലകളില്‍ നിന്നും അടിക്കാട്ടിലെ ഹ്യൂമസ്സില്‍ നിന്നും പോഷകങ്ങള്‍ വലിച്ചെടുക്കുന്നു. ഈ വേരുരോമങ്ങളില്‍ കുടിയേറിയ മൈക്കോറൈസേ (micorrhizae) എന്ന വിശേഷപ്പെട്ട പൂപ്പല്‍ ജീവി (fungus) ക്ക് ജലവും ധാതുക്കളും പോഷകങ്ങളും പെട്ടെന്ന് വലിച്ചെടുത്ത് മരങ്ങള്‍ക്കുള്ളിലേക്ക് ഇന്‍ജക്ട് ചെയ്തുകൊടുക്കാനാവും. ഓരോ ജാതി സസ്യത്തിനും മരത്തിനും തനതായ മൈക്കോറൈസേയുളള ‘പൂപ്പല്‍വേരുകള്‍’ഉണ്ടാവും, കാടു തെളിച്ച്, കൃഷിയിടമുണ്ടാക്കുമ്പോള്‍, ഏകവിളവൃക്ഷത്തോട്ടങ്ങളുണ്ടാക്കുമ്പോള്‍, എത്ര തന്നെ ശ്രദ്ധകൊടുത്താലും മുതല്‍ മുടക്കിയാലും പരാജയമേ സംഭവിക്കാറുള്ളൂ. മഴക്കാടെന്ന ജീവാഭയവ്യവസ്ഥയെ, അതിനെ നിലനിര്‍ത്തുന്ന, അത് നിലനിര്‍ത്തുന്ന മണ്ണിനെ, ആ മണ്ണിന്റെ ചലനാത്മകമായ സുസ്ഥിരസന്തുലനത്തെ നമുക്ക് മനസ്സിലാക്കാനാവാത്തതുകൊണ്ടാണീ പരാജയം.

ഉഷ്ണമേഖലയില്‍ സ്വാഭാവികമായി പരിണാമകാഷ്ഠയിലെത്തിയ നിത്യ ഹരിതവനങ്ങള്‍ മാത്രമേയുണ്ടാവൂ. അവയ്ക്ക് മാത്രമേ ഇവിടെ നിലനില്‍ക്കാനാവൂ. ജീവന്റെ ഏറ്റവും അവസാന അഭയവനങ്ങളായ ഇവ ഒരു നാടിന്റെ, ഭൂമിയുടെ, ഏറ്റവും മഹോന്നത ജീവസമ്പത്താണ്. പക്ഷേ അവയുടെ ഭാഗമായേ, അവയുമായി സുസ്വരതയി ലേ, മനുഷ്യനിവിടെ ജീവിക്കാനാവൂ. ഇന്നത്തെ ഭൗതികവികസനപ്രക്രിയയ്ക്ക് ഇവ, അല്ലെങ്കില്‍ ഇവയ്ക്ക് നിദാനമായ കാലാവസ്ഥാ- ഭൂപ്രകൃതിവ്യവസ്ഥകള്‍, പരിമിതികള്‍ സൃഷ്ടിക്കുന്നു. വളരെ കുറച്ചുകാലത്തേക്ക് പോലും ഈ നിത്യഹരിതഭൂമിയില്‍ മനുഷ്യന്റേതുമാത്രമായ ഭൗതികസമ്പല്‍സ്വര്‍ഗം കെട്ടിപ്പടുക്കാനാവില്ല. അതേസമയം ലോകത്ത് മറ്റുപല പ്രദേശങ്ങളിലും പറ്റാത്ത സുഖസമൃദ്ധിയില്‍ നമുക്കിവിടെ നിതാന്തമായി ജീവിക്കാനുമാകും. മണ്ണിനെയും ജലപ്രവാഹങ്ങളേയും ജീവല്‍ സമ്പന്നതയേയും അറിഞ്ഞ്, ആദരിച്ച്, ആശ്രയിച്ച് ജീവിക്കാനുള്ള വിവേകവും മര്യാദയും ധൈര്യവും നമുക്കുണ്ടാവണമെന്നുമാത്രം,

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…