സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അച്ഛനമ്മമാരോടും, അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും

ജെ. ക്യഷ്ണമൂര്‍ത്തി


നിരവധി പ്രതിസന്ധികളും പ്രശ്‌നങ്ങളുമുള്ള ഇന്നത്തെ ലോകത്ത് ജീവിതത്തിന്റെ മുഴുവന്‍ പ്രകിയയേയും കുറിച്ചുള്ള അറിവില്‍ നിന്നും പൊട്ടി വിരിയുന്ന ഒരു പുതിയ സദാചാരവും പെരുമാറ്റവും പ്രവൃത്തികളുമാണ് നമുക്ക് വേണ്ടതെന്ന് എനിക്ക് തോന്നുന്നു. പക്ഷെ പലപ്പോഴും നമ്മള്‍ ഈ വിഷയത്തെ രാഷ്ടീയപരവും സംഘടനാപരവുമായ രീതികളിലുടേയും സാമ്പത്തിക പുന:ക്രമീകരണത്തി
ലൂടെയും മറ്റും കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. താല്‍ക്കാലികമായ ആശ്വാസം നല്‍കുമെങ്കിലും ഇതൊന്നും ഒരിക്കലും മനുഷ്യനിലനില്‍പ്പിന്റെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ പരിഹരിക്കില്ല. എല്ലാ തരത്തിലുള്ള പരിഷ്‌ക്കാരങ്ങളും, അത് വളരെ കാലം നിലനില്‍ക്കുന്നതായാല്‍ പോലും കാലക്രമേണ അതിന്റെതായ പോരായ്മകളും കുഴപ്പങ്ങളും പ്രകടമാക്കുന്നു. പരിഷ്‌ക്കരണം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും കൂടുതല്‍ പരിഷ്‌ക്കരണങ്ങള്‍ക്കുവേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്നു. പരിഷ്‌ക്കാരങ്ങള്‍ക്ക് അവസാനമില്ല.

പ്രതിവിധികളും ഉത്തരങ്ങളുമില്ലാത്ത വഴിയാണത്. രാഷ്ട്രീയവും സാമ്പത്തികവുമായ വിപ്ലവങ്ങള്‍ ഒന്നിനും ഉത്തരമാവുന്നില്ല. പകരം അത് നല്‍കുന്നത് നടുക്കുന്ന സേച്ഛാധിപത്യമാണ്. അതല്ലെങ്കില്‍ കേവലം ഒരു കയ്യില്‍ നിന്ന് മറ്റൊരു കയ്യിലേക്കുളള അധികാരകൈമാറ്റം. ഇത്തരം വിപ്ലവങ്ങള്‍ ഒരിക്കലും നമ്മളെ കുഴപ്പങ്ങളുടേയും കലഹങ്ങളുടേയും ഇരുട്ടില്‍ നിന്ന് പുറത്തേക്ക് വഴി തെളിക്കില്ല. പക്ഷെ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു വിപ്ലവമുണ്ട്. നമ്മെ പിടികൂടിയ വ്യാകുലതകളില്‍ നിന്നും, കലഹങ്ങളില്‍ നിന്നും നിരാശയില്‍നിന്നും പുറത്ത് കടക്കാന്‍ ഈ വിപ്ലവം സംഭവിച്ചേ മതിയാവൂ. ഒരു പ്രയോജനവുമില്ലാത്ത ആശയങ്ങളില്‍നിന്നോ തത്വങ്ങളില്‍നിന്നോ അല്ല ഈ വിപ്ലവം ആരംഭിക്കേണ്ടത്. പകരം നമ്മുടെയൊക്കെ ഹൃദയങ്ങളുടെ സമൂലമായ മാറ്റത്തില്‍ കൂടിയാണ്. ശരിയായ വിദ്യാഭ്യാസത്തിലൂടേയും, മനുഷ്യസത്തയുടെ പൂര്‍ണ്ണ വികാസത്തിലൂടേയും മാത്രമേ ഈ മാറ്റം യാഥാര്‍ത്ഥ്യമാവൂ. ആ വിപ്ലവം വെറും ചിന്തയില്‍ നടക്കേണ്ടതല്ല. ഹൃദയത്തില്‍ മുഴുവനായും നടക്കേണ്ടതാണ്. കാരണം ചിന്തകള്‍ എപ്പോഴും എന്തിന്റെയെങ്കിലും ഫലമാണ്; ഉറവിടമല്ല. ഉറവിടത്തിലാണ് മാറ്റങ്ങളുണ്ടാകേണ്ടത്. അല്ലാതെ ചിന്തകള്‍ പരിഷ്‌ക്കരിച്ചത് കൊണ്ടായില്ല.പഴഞ്ചന്‍ ചിന്തകളില്‍ നിന്ന് മനസ്സിനെ പിഴുതെടുക്കുന്ന ആരോഗ്യകരമായ മാറ്റത്തിന് നമ്മളിപ്പോഴും ശ്രമിക്കുന്നില്ല. ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ആരോഗ്യകരമായ ഒരു മാറ്റം നടക്കു. അന്വേഷിക്കുന്നതും പഠിക്കുന്നതുമാണ് മനസ്സിന്റെ കടമ. പക്ഷെ പഠിക്കുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് കേവലം അറിവിന്റെ കുന്നുകൂട്ടലോ ഓര്‍മ്മകളുടെ പോഷണമോ അല്ല. അത് മിഥ്യാബോധമില്ലാതെ വ്യക്തമായി ചിന്തിക്കാനുളള കഴിവാണ്. പഠനത്തിന്റെ തുടക്കം വിശ്വാസങ്ങളില്‍ നിന്നോ ആദര്‍ശങ്ങളില്‍ നിന്നോ അല്ല, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് തുടങ്ങേണ്ടത്. യാതൊരു തരത്തിലുളള ബലപ്രയോഗങ്ങളുമില്ലെങ്കില്‍ മാത്രമേ പഠനം സാധ്യമാകൂ. ബലപ്രയോഗങ്ങള്‍ പല വിധത്തിലുണ്ട്. ഒരാളുടെ സ്വാധീനം, അടുപ്പം ഇതൊക്കെ ഒരു തരത്തില്‍ ബലപ്രയോഗങ്ങളായി മാറാവുന്നതേയുളളൂ. താരതമ്യങ്ങളിലൂടെ ഒരു കുട്ടിയെ പഠനത്തില്‍ പ്രാത്സാഹിപ്പിക്കാമെന്നതാണ് നമ്മളില്‍ മിക്കവരുടേയും ധാരണ. എന്നാലത് തീര്‍ത്തും വിപരീതമാണ്. താരതമ്യങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് വഴി തെളിക്കുന്നു. ഈ കുഴപ്പത്തിനെയാണ് മത്സരം എന്ന് പറയുന്നത്. താരതമ്യങ്ങളും സ്വാര്‍ത്ഥമായ അഭിലാഷങ്ങളും പിഞ്ചുഹൃദയങ്ങളില്‍ ഭയം നിറയ്ക്കുന്നു. ശരിക്കും പറഞ്ഞാല്‍ അഭിലാഷങ്ങള്‍ അത് വ്യക്തിഗതമായാലും അല്ലെങ്കിലും സമൂഹവിരുദ്ധമാണ്. ഇന്നത്തെ പ്രധാന ആവശ്യകത പിഞ്ചുമനസ്സുകളെ നല്ലമനസ്സുകളായി വാര്‍ത്തെടുക്കുന്നതാണ്. ജീവിതത്തിലുണ്ടാകുന്ന നിരവധി കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ഈ മനസ്സുകള്‍ക്ക് കഴിയണം.നമ്മുടെ ലക്ഷ്യം നല്ല മനസ്സുകളായതു കൊണ്ടു അവരെ പഠിപ്പിക്കുന്ന രീ്തിക്കും വളരെ പ്രാധാന്യമുണ്ട്്. തലയില്‍ കുത്തി നിറച്ച്് അറിവുകള്‍ ചൊരിഞ്ഞിട്ടുകൊടുക്കുന്നതിനു പകരം മനസ്സിന്റെ മൊത്തം വികസനമായിരിക്കണം ഒരു അദ്ധ്യാപകന്റെ ലക്ഷ്്്യം.

പഠനത്തില്‍ അധികാരത്തിന് യാതൊരു സ്ഥാനവുമില്ല എന്നു കരുതി തോന്നും പോലെ എന്തും ചെയ്യാനുള്ള സ്വാതന്ത്യമല്ലത്. പകരം സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ ഒരു വിദ്യാര്‍ത്ഥിയെ സഹായിക്കുന്ന സ്വാതന്ത്ര്യമാണത്. അച്ചടക്കമുളള മനസ്സ് ഒരിക്കലും സ്വതന്ത്രമായിരിക്കില്ല. അപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട മനസ്സിന്റെ കാര്യം പറയേണ്ടതില്ലല്ലോ. അച്ചടക്കം മനസ്സിനെ ഒരു വിശ്വാസത്തിന്റേയോ ആദര്‍ശത്തിന്റേയോ ചട്ടക്കൂട്ടില്‍ പിടിച്ചിടുന്നു. അത്തരം മനസ്സില്‍ ഒരിക്കലും വിവേകം ഉദിക്കില്ല. സ്വന്തം വിവേകബുദ്ധി സ്വതന്ത്രമായി ഉപയോഗിക്കാനുളള കഴിവിനെ അച്ചടക്കം തടസപ്പെടുത്തുന്നു. കേവലം കൂറേ അറിവുകളിലൂടെ ഓര്‍മ്മിക്കാനുളള കഴിവ് മാത്രമുളള ഒരു മനസ്സ് വെറുമൊരു ഇലക്ട്രോണിക്ക് കംപ്യൂട്ടര്‍ മാത്രമാണ്.

താരതമ്യങ്ങള്‍ ഇല്ലെങ്കില്‍ ഒരു പൂന്തോട്ടക്കാരനും ഒരു ശാസ്ത്രജ്ഞനും ഒരേ മാനസിക ശേഷിതന്നെയാണുളളത്. പക്ഷെ താരതമ്യങ്ങള്‍ നടക്കുമ്പോള്‍ പൂന്തോട്ടക്കാരന്‍ തരം താഴ്ത്തപ്പെടുന്നു. അവിടെയാണ് മനുഷ്യനും മനുഷ്യനും തമ്മിലുമള സംഘര്‍ഷങ്ങളുടെ തുടക്കം. എന്നാല്‍ സ്‌നേഹത്തിന് താരതമ്യങ്ങളില്ല. സ്‌നേഹം വലുതോ ചെറുതോ അല്ല. ഇതാണ് അദ്ധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കേണ്ടത്. ഇവിടെ നമ്മള്‍ പ്രവര്‍ത്തിയേയും അന്തസ്സിനേയും വേര്‍തിരിച്ച് പറയേണ്ടിയിരിക്കുന്നു. അന്തസ്സ് എന്ന വികാരം ഉടലെടുക്കുന്നത് തന്നെ വലുതും ചെറുതുമെന്ന താരതമ്യത്തില്‍ നിന്നാണ്. എന്നാല്‍ ഓരോ മനുഷ്യനും അവന്റെ കഴിവുകളെ മുഴുവനായും വിരിയിക്കാനുള്ള അവസരം ലഭിച്ചാല്‍ പിന്നെ താരതമ്യങ്ങളുടെ പ്രശ്‌നമുദിക്കുന്നില്ല. അവിടെ ഓരോ മനുഷ്യനും തന്റേതായ കഴിവുകള്‍ അദ്ധ്യാപകനായും പ്രധാന മന്ത്രിയായും പൂന്തോട്ടക്കാരനായും പുറത്ത് കൊണ്ടുവരുന്നു. അങ്ങനെ അന്തസ്സിന് മനുഷ്യമനസ്സുകളില്‍ സ്ഥാനമില്ലാതാകുന്നു. അത് തച്ചുടയ്ക്കപ്പെടുന്നു.

ഇനി വിവേകത്തെക്കുറിച്ച് ചിന്തിക്കാം. വിവേകമെന്നത് ജീവിതത്തെ മൊത്തത്തില്‍ കൈകാര്യം ചെയ്യാനുളള കഴിവാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകര്‍ കൊടുക്കുന്ന മാര്‍ക്കോ, റാങ്കോ, ഗ്രേഡോ വിവേകമുണ്ടെന്നതിന് ഒരിക്കലും ഒരു തെളിവല്ല. പകരം വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നു. അപകര്‍ഷതാബോധം സൃഷ്ടിക്കുന്നു. ഇത്തരം സങ്കുചിത മനോഭാവങ്ങള്‍ ഇല്ലാതാക്കാന്‍ ആദ്യമായി വിദ്യാലയങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് ഏതു തരം വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നതിനെപ്പറ്റി മാതാപിതാക്കള്‍ക്ക് അറിവുണ്ടാകണം. സ്വന്തം മക്കള്‍ക്ക് സമൂഹത്തില്‍ മാന്യമായ തൊഴില്‍ ചെയ്തു ജീവിക്കാനുളള സര്‍ട്ടിഫിക്കറ്റ് കിട്ടാനുളള ഇടമാണ് എല്ലാ മാതാപിതാക്കള്‍ക്കും വിദ്യാലയമെന്നത്. അതിനു പകരം, എന്റെ മക്കള്‍ വിദ്യാഭ്യാസത്തിലൂടെ അവരുടെ മുഴുവന്‍ കഴിവുകളും വികസിപ്പിക്കണമെന്ന് ചിന്തിക്കുന്ന എത്രപേരുണ്ട്. അവിടെയാണ് അദ്ധ്യാപകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രയാസം. അച്ഛനമ്മമാര്‍ക്കു വേണ്ടത് തന്റെ കുട്ടികള്‍ എത്രയും വേഗം അന്തസ്സുളള ഒരു ജോലിയില്‍ കയറിപ്പറ്റാന്‍ തക്കവണ്ണം പൊള്ളയായ അറിവുനേടണം. പണ്ടൊക്കെയാണെങ്കില്‍ ഡോക്ടര്‍, അല്ലെങ്കില്‍ എഞ്ചിനിയര്‍ ഇപ്പോഴാണെങ്കില്‍ കംപ്യൂട്ടര്‍ എഞ്ചിനീയര്‍ .. ഇതാണ് അച്ഛനമ്മമാര്‍ക്ക്് മക്കളെക്കുറിച്ചുളള സ്വപ്നം. ഇതു കൊണ്ട് ഒരു അദ്ധ്യാപകന് അല്ലെങ്കില്‍ അദ്ധ്യാപികയ്ക്ക് ഈ രണ്ടു കാര്യം ഒരുമിച്ച് നോക്കണ്ടിവരുന്നു. ഒന്നാമതായി വിദ്യാര്‍ത്ഥികളുടെ കഴിവിന്റെ പൂര്‍ണ്ണമായ വികാസം. രണ്ടാമതായി കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ നിന്ന് ലഭിക്കുന്നത് പലതും വീട്ടിലെത്തിയാല്‍ മാതാപിതാക്കള്‍ തടസ്സം നില്‍ക്കുന്നുണ്ടോ എന്നത്. അതുകൊണ്ട് വിദ്യാലയവും വീടും ഒരുമയോടെ പ്രവര്‍ത്തിച്ചാലേ ശരിയായ വിദ്യാഭ്യാസം നടക്കു.

കുട്ടികളുടെ പൂര്‍ണ്ണ വ്യക്തിത്വവികാസത്തിന് അദ്ധ്യാപകരും കുട്ടികളും, അവരുടെ അച്ഛനമ്മമാരും തമ്മില്‍ ശരിയായ വ്യക്തി ബന്ധങ്ങളുണ്ടാകണം. ഒരു കുട്ടിയുടെ സ്വാഭാവികമായ ജിജ്ഞാസകള്‍, പുതിയ കാര്യങ്ങള്‍ പഠിക്കാനുളള താല്‍പര്യം ഇതെല്ലാം തുടക്കത്തിലേ പ്രാത്സാഹിപ്പിക്കേണ്ടതാണ്. മനുഷ്യന്റെ സമ്പൂര്‍ണ്ണവികാസത്തെപ്പറ്റിയാണല്ലോ പറയുന്നത്. ഇവിടെ നമ്മള്‍ ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്. വിവേകത്തേക്കാള്‍ ശക്തമാണ് വിചാരം. ഒരു പരിധിവരെ വികാരങ്ങളേയും വളരാന്‍ അനുവദിക്കണം. അതിനെ അടിച്ചമര്‍ത്തുന്നത് ആപല്‍ക്കരമാണ്. ഏകാന്തതയിലൂടെ മനുഷ്യന്റെ സംവേദനക്ഷമതയെ പരിപോഷിപ്പിക്കുന്നതും പൂര്‍ണ്ണ വികാസത്തിന്റെ ഒരു ഭാഗമാണ്. ഏകാന്തത എന്താണെന്നും, ധ്യാനം എന്താണെന്നും, മരണമെന്താണെന്നും ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ടതാണ്.ഏകാന്തതയുടേയും, ധ്യാനത്തിന്റയും, മരണത്തിന്റേയും പ്രാധാന്യം അറിയണമെങ്കില്‍ അതിന് വേണ്ടിയുളള ജിജ്ഞാസയുണ്ടാകണം. ഇതൊക്കെ ഒരു പരിധിവരെ പഠിപ്പിക്കാനും, പഠിക്കാനും പറ്റും. എങ്കിലും മറ്റൊരാള്‍ പറയുന്നത് കേട്ടാല്‍ പഠിക്കാന്‍ പറ്റുന്നതല്ല ധ്യാനവും ഏകാന്തതയും. ധ്യാനമെന്താണെന്നും ഏകാന്തതയെന്താണെന്നും അറിയണമെങ്കില്‍ അതിനു വേണ്ടിയുളള അന്വേഷണ ത്വരയുണ്ടാകണം. അദ്ധ്യാപനം വെറും അറിവിന്റെ പങ്കുവെയ്ക്കലല്ല.അന്വേഷണ ത്വരയുമള്ള മനസ്സിനെ വാര്‍ത്തെടുക്കാന്‍ കഴിവുള്ള ഒരു കലയാണത്. അന്വേഷണ ത്വരയുള്ള മനസ്സ് ഓരോ ചോദ്യങ്ങളിലേക്കും ഇറങ്ങി ചെല്ലുന്നു. കുട്ടികള്‍ പതിവായി പല്ലു തേക്കുന്നു, കുളിക്കുന്നു എന്നും പുതിയ എന്തെങ്കിലും കാര്യങ്ങള്‍ പഠിക്കുന്നു. ഇതു പോലെത്തന്നെ അവര്‍ ശീലിക്കേണ്ട ഒന്നാണ് ഏകാന്തത. അത് പഠിപ്പിക്കാന്‍ വളരെ പ്രയാസമാണ്. അതു കൊണ്ട് ഏകനായി ഇരിക്കാന്‍ നമ്മള്‍ സ്വയം ശ്രമിക്കുകയേ വഴിയുളളു. ഏകാന്തതയില്‍ നമ്മുടെ മനസ്സ് വ്യക്തമായ ഒരു കണ്ണാടിയായി മാറുന്നു. നമ്മുടെ മാനസിക വ്യാകുലതകളും അപകര്‍ഷതാബോധവും മറ്റും സ്വതന്ത്രമായി അഴിച്ചു വിട്ട് മനസ്സിനെ ശാന്തമാക്കാനുളള വഴിയാണ് ഏകാന്തത. ഏകാന്തതയിലൂടെ മനസ്സിന് സ്ഥിരത കൈവരുന്നു, സ്‌നേഹമെന്ന വാക്കല്ല സ്‌നേഹം. അതിനെ ദൈവനേഹം മനുഷ്യ സ്‌നേഹം എന്നിങ്ങനെ വേര്‍ തിരിക്കാന്‍ സാധ്യമല്ല. ഒരു പൂവില്‍ നിന്നും പരക്കുന്ന സുഗന്ധം പോലെയാണ് സ്‌നേഹം. പക്ഷെ വിഡ്ഡികളായ നമ്മള്‍ സ്‌നേഹത്തെ ബന്ധങ്ങള്‍ കൊണ്ട് അളക്കുന്നു. അങ്ങനെ സ്‌നേഹം തകരുന്നു. ഒരു സമൂഹപരിഷ്‌ക്കര്‍ത്താവിനോ, സാമൂഹ്യ സേവകനോ എടുത്തുപയോഗിക്കാനുള്ള വസ്തുവല്ല സ്‌നേഹം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…