വിദ്യാഭ്യാസം എന്നത് എപ്പോഴും പ്രധാനപ്പെട്ട ഒരു വിഷയമാണ്. വിദ്യാസമ്പന്നരായ ജനതയാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടം. തന്റേതായ നിലപാടുകള്‍ പുറപ്പെടുവിക്കാനും അതില്‍ ഉറച്ചുനില്‍ക്കുവാനും ഏതൊരു കാര്യത്തെയും സ്പഷ്ടമായി വിലയിരുത്താനുമുള്ള പ്രാപ്തി വിദ്യാഭ്യാസത്തിലൂടെയാണ് ആര്‍ജ്ജിക്കുന്നത്. കാലത്തിന്റെയും ദേശത്തിന്റെയും അഭിരുചിക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ന്നു വരുന്ന ഒന്നാണിത്. ഈ മാറ്റങ്ങള്‍ എന്തുകൊണ്ട് ലൈംഗിക വിദ്യാഭ്യാസത്തിലും ആയിക്കൂടാ…..
ലൈംഗികത ഇന്ന് വളരെയേറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഈയിടെ കൊച്ചിയില്‍ ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ അനുഭവം ഈ ചര്‍ച്ചയ്ക്ക് മൂര്‍ച്ച കൂട്ടുന്നു. 15 വയസ്സുള്ള ഒരു പയ്യന്‍ ഞാന്‍ ചേച്ചിയുടെ മുലയ്ക്ക് പിടിച്ചോട്ടെ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ അത് ലൈംഗികതയെന്തെന്ന് അറിയാത്തതുകൊണ്ടല്ല പകരം നേരായ ലൈംഗികതയെക്കുറിച്ചുള്ള അറിവ് ആ കുട്ടിയില്‍ ഇല്ലാത്തതുകൊണ്ടാണ്.
അപ്പോള്‍ നമുക്ക് മുന്നില്‍ ഉയരുന്ന ഒരു ചോദ്യം ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് ലൈംഗികതയെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നത് ശരിയാണോ? അത് പോക്രിത്തരം അല്ലേ?….. ഇതിനുള്ള മറുപടി ആ പയ്യന്‍ ആ പെണ്‍കുട്ടിയോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത് നമ്മളീ പറയുന്ന പ്രായത്തില്‍ തന്നെയാണ്. അതൊരിക്കലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ കുടുംബത്തില്‍ നിന്നോ കിട്ടിയ അറിവ് ആയിരിക്കണമെന്നില്ല. പകരം മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും സ്വാധീനത്താല്‍ ഉണ്ടായ അറിവാണ്.
ഇത്തരം അറിവ് ഒരാള്‍ക്കും നല്ലതായി തീരണമെന്നില്ല. കാരണം ലൈംഗികത എന്നത് വെറും ഒരു സുഖത്തിന്റെ മൂടുപടത്തിനുള്ളിലായി മാത്രം നിലകൊള്ളുന്നതാണ് എന്നത് കൊണ്ടാണ്. മാത്രമല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത ഇവിടെ മറനീക്കപെടുന്നുമുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരു പങ്ക് ലൈംഗിക വിദ്യാഭ്യാസത്തിനുമുണ്ട്. ‘X’ ‘Y’ ഫോര്‍മുലയില്‍ ഒതുക്കാതെ അല്ലെങ്കില്‍ ഈ വിഷയം നിങ്ങള്‍ക്കറിയാം എന്നുപറഞ്ഞ് അതിനെ സ്‌കിപ്പ് ചെയ്യാതെ മറ്റുള്ള വിഷയങ്ങളെ പോലെ തന്നെ ഒരു വിഷയമാണ് ഇതെന്നും, അതിന് അതിന്റെതായ പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ സംഭവിക്കണമെങ്കില്‍ ലൈംഗികത എന്ന വാക്കിലെ കയ്പ്പിന്റെ ചുവ ഇല്ലാതാവണം. നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം സംസാരിക്കേണ്ട ഒന്നാണ് ഇതെന്നും, ഇതിനുവേണ്ടി ശബ്ദമുയര്‍ത്തുന്നത് പുറമേ പരക്കെ സംസാരിക്കുന്നതും മോശമാണെന്ന കാഴ്ചപ്പാട് അവസാനിപ്പിക്കേണ്ടതായും വരുന്നു. എന്നാല്‍ മാത്രമേ ലൈംഗിക വിദ്യാഭ്യാസം എന്നത് മറ്റു വിഷയങ്ങള്‍ പോലെ സാധ്യമാവുകയുള്ളൂ.
അതുപോലെ തന്നെ ഇത്തരം വിഷയങ്ങളില്‍ കുടുംബങ്ങള്‍ക്കും വലിയൊരു പങ്കുണ്ട്. കുട്ടികളോട് സെക്‌സ് പറയണം എന്നല്ല അര്‍ത്ഥമാക്കുന്നത്. എന്തറിവും ആദ്യം കുട്ടിയിലേക്ക് എത്തുന്നത് അവരുടെ കുടുംബത്തില്‍ നിന്നാണ്. ലൈംഗിക വിദ്യാഭ്യാസം നേരായ രീതിയില്‍ വിദ്യാര്‍ത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിച്ചു കൊടുക്കേണ്ട ഒന്നാണ്്. ഈയിടെ പുറത്തിറങ്ങിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തില്‍ ലൈംഗികത എന്തെന്ന് അറിവില്ലാത്തതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമകളില്‍ പോലും ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത തുറന്നുകാണിക്കുമ്പോള്‍ എന്തുകൊണ്ട് അത് പൊതുസമൂഹത്തില്‍ പ്രാപ്തമാക്കിക്കൂടാ. നേരായ രീതിയില്‍ ഇതിനെ അറിയുക എന്നതാണ് പ്രധാനം. സ്‌നേഹത്തിന്റെ ഭാഗം കൂടിയാണ് ലൈംഗികത.
- February 1, 2021
- വിദ്യാഭ്യാസം
അമിത.എ