സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഭാവിയിലേക്കുള്ള ഉറച്ച കാല്‍വെപ്പ്

റീന.പി.ജി


‘A teacher is a social engineer.”

ഒരു കുട്ടിയുടെ മനസ്സിലും ജീവിതത്തിലും വലിയൊരു മൈല്‍ സ്റ്റോണ്‍ ആയ ഏതെങ്കിലും ഒരു അധ്യാപകന്‍ ഉണ്ടായിരിക്കും. അന്ന് വരെ നടന്നുപോന്ന വഴികളില്‍ നിന്ന് വ്യത്യസ്തമായ ഒരു പാതയിലൂടെ കടന്നുപോവാനുള്ള വഴികാട്ടിയായി ആ വ്യക്തി വലിയൊരു സ്വാധീനം തന്നെ ചെലുത്തുന്നു. പണ്ടത്തെ ഗുരുകുലവിദ്യാഭ്യാസരീതിയില്‍ ഗുരുവും ശിഷ്യനും തമ്മിലുള്ള അഭേദ്യമായ സ്‌നേഹവും ഇഴയടുപ്പവും നാം ശ്രദ്ധിച്ചിട്ടുണ്ട്. ആ രീതിയില്‍ നിന്ന് ഒരുപാട് ദൂരം നാം പിന്നിട്ടെങ്കിലും ഇത്തരം കാലഘട്ടങ്ങളിലും അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ ദൃഢമാവുന്നത് നമുക്ക് കാണാം. അതൊരു വലിയ ദൂരം തന്നെയാണെങ്കിലും 2020ലെ പുതിയ വിദ്യാഭ്യാസ നയം വലിയൊരു നാഴികക്കല്ലായി നില നില്‍ക്കുകയാണ്. സമഗ്രവും വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ദീര്‍ഘവീക്ഷണത്തോടെ തയ്യാറാക്കിയതുമായ ഈ നയത്തിന് ഭാരതത്തിന്റെ ഭാവി പൗരന്മാരെ വാര്‍ത്തെടുക്കാന്‍ വലിയൊരു പങ്ക് വഹിക്കാനാവും. ഒട്ടേറെ വിശാലമായ പഠനങ്ങള്‍ക്ക് ശേഷം ഇത് അംഗീകരിച്ച ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ കമ്മിറ്റിയെയും കസ്തൂരി രംഗന്‍ കമ്മിറ്റിയെയും അഭിനന്ദിക്കാതെ വയ്യ.
ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍ ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് ഓരോ അധ്യാപകന്റെയും ലക്ഷ്യം.. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ ഒരു നയമാണ് മുന്നില്‍ കാണുന്നത്. ഇന്ത്യന്‍ പാരമ്പര്യം കാത്തു സൂക്ഷിക്കുകയും ഒപ്പം ലോകത്താകമാനമുള്ള പ0ന രീതികളില്‍ മികച്ച ആശയങ്ങളും പ്രയോഗവും സ്വീകരിക്കുക എന്നതും മുന്നില്‍ കണ്ടുകൊണ്ടാണിത്. ഒരേ സമയം ഭാരതീയവും ആഗോളതലത്തിലുള്ളതുമായ ഒരു നയം..
വിദ്യാഭ്യാസ സംവിധാനത്തെ ഒന്ന് പുന:ക്രമീകരിക്കേണ്ടത് അത്യാവശ്യമായ ഈ കാലഘട്ടത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കുക എന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇന്ത്യയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക, ഗവേഷണം, സാങ്കേതികമായ ഉപയോഗം അധ്യാപനത്തിലെ തൊഴില്‍പരമായ നവീകരണം എന്നിവക്ക് ഊന്നല്‍ നല്‍കിയതാണ് പുതിയ വിദ്യാഭ്യാസ നയം. മൂന്ന് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികള്‍ ഔദ്യോഗിക വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാവും.പതിനെട്ട് വയസ്സുവരെയുള്ള എല്ലാ കുട്ടികളും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കീഴില്‍ വരുന്നു. യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന സാക്ഷരതാ പദ്ധതികളുമായി ചേര്‍ന്ന് ഈ ദൗത്യം പുതിയൊരു സാക്ഷര ഇന്ത്യയെ വാര്‍ത്തെടുക്കും. കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാത ഭക്ഷണവും കൊടുക്കുക എന്നതാണ് മറ്റൊരു പ്രത്യേകത.
അധ്യയനമാധ്യമം എട്ടാം ക്ലാസുവരെ പ്രാദേശിക ഭാഷയിലാക്കുന്നതിലൂടെ കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിന് വലിയൊരു അടിത്തറ സൃഷ്ടിക്കാനാവും. അറിവും അക്ഷരജ്ഞാനവും ആര്‍ജ്ജിക്കുന്നതില്‍ മാതൃഭാഷ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ചിന്തന രീതി, വിവരശേഖരണം, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടല്‍, കുട്ടികളിലെ ക്രിയാത്മകശീലം ഉണര്‍ത്തല്‍ എന്നിവയടക്കം മാനസിക വളര്‍ച്ചയില്‍ വരെ വലിയൊരു പങ്ക് വഹിക്കാന്‍ മാതൃഭാഷയിലൂടെയുള്ള പഠനത്തിന് സാധിക്കുന്നു. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ബഹുഭാഷാ വൈദഗ്ദ്ധ്യം നേടുന്നതിനും പ്രേരകശക്തിയായി മാതൃഭാഷ വര്‍ത്തിക്കുന്നു.
പ്രാദേശിക ഭാഷകളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും ഒരു ഭാഷയോടും എതിര്‍പ്പില്ലെന്നും നയം വ്യക്തമാക്കുന്നു. കാലഹരണപ്പെട്ട നിലവിലെ വിദ്യാഭ്യാസ രീതിയില്‍ നിന്ന് വ്യത്യസ്തമായി അക്ഷരത്തിനും ആത്മാവിനും നീതി നല്‍കിക്കൊണ്ട് ക്ലാസ് മുറികളില്‍ ഇതിനനുസരിച്ച് മാറ്റം വരുത്താന്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറും പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയെ ഒരു മികച്ച വിജ്ഞാന കേന്ദ്രമാക്കി മാറ്റാനാകും.
ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ഇന്ന് എത്തി നില്‍ക്കുന്ന തലത്തില്‍ നിന്ന് തിരിഞ്ഞ് നോക്കുന്ന ഒരു അധ്യാപകന്‍ കാണുന്നത് വലിയൊരു മാറ്റം ഉള്‍ക്കൊണ്ട ജനതയെയാണ്. ഒരു വിദ്യാര്‍ത്ഥിയുടെ സാമൂഹികവും മാനസികവുമായ വളച്ചയും ഏറെക്കുറെ ഒരു നല്ല അധ്യാപകനില്‍ നിക്ഷിപ്തമാണ്. മുന്നിലിരിക്കുന്ന കുട്ടി ഒരു സമൂഹത്തിന്റെയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്ന ബോധം ആ വ്യക്തിക്കുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണുകളിലേക്ക് നോക്കുന്ന അധ്യാപകന്‍ എത്തുന്നത് വിശാലമായ മറ്റൊരു ലോകത്തേക്കാണ്. അവിടെ അവന്റെ കുടുംബ പശ്ചാത്തലവും അവനുള്‍പ്പെടുന്ന ഗോത്രത്തിന്റെ സാമൂഹിക വ്യവസ്ഥിതിയും എല്ലാം തെളിയുന്നു.
ഒരു കുട്ടിയുടെ സര്‍വ്വതോമുഖമായ വളര്‍ച്ച ലക്ഷ്യമിടുന്ന പുതിയനയത്തിന്റെ കൂടെ ആത്മവിശ്വാസത്തോടെയും ഏറെ പ്രതിക്ഷയോടെയും നമുക്ക് ചേര്‍ന്ന് നില്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…