സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രപഞ്ചംതന്നെ വിദ്യാലയം ജീവിതംതന്നെ ടീച്ചര്‍

രഞ്ജന

ഹൃദയവതിയായ അമ്മേ,
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഉത്ക്കണ്ഠപ്പെടുന്നവളെ! നിന്നോടാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ഈ പിഞ്ചു തൈ മരത്തെ പെരുവഴിയില്‍ നിന്ന് മാറ്റി നിര്‍ത്തി, സാമൂഹ്യമായ കീഴ്‌വഴക്കങ്ങളുടെ ചവിട്ടിത്തേക്കലില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ നിനക്കു കഴിയും. അത് ഉണങ്ങിപ്പോകാതെ വെള്ളവും സംരക്ഷണവും നല്‍കി കാത്തു കൊള്ളുക. ആ മരത്തിന്റെ മധുരക്കനികള്‍ നിന്റെയീ സംരക്ഷണത്തിന് പ്രതിഫലം നല്‍കുന്ന ഒരു നാള്‍ വരും! തുടക്കത്തില്‍ തന്നെ കുഞ്ഞിന്റെ ആത്മാവിന് ചുറ്റും ഒരു ഭിത്തി കെട്ടി ഉയര്‍ത്തണം. സ്‌നേഹത്തിന്റെ ഭിത്തി. മറ്റാരെങ്കിലും ആ ഭിത്തിയുടെ രൂപരേഖ തയ്യാറാക്കിത്തന്നെന്നിരിക്കും. എന്നാല്‍ അതിനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ നീ ഒരാള്‍ മാത്രമേയുള്ളൂ.
-റൂസ്സോ

വിദ്യാഭ്യാസമെന്നത് ഒരാള്‍ വിദ്യാലയത്തില്‍വച്ചു നേടിയതെല്ലാം മറക്കുമ്പോള്‍ അയാളില്‍ ബാക്കിയുള്ളതുമാത്രമാണ്.
Educate (വിദ്യാഭ്യസനം) എന്നവാക്ക് Educare എന്ന ലാറ്റിന്‍ വാക്കില്‍ നിന്നും വന്നതാണ്. അതിന്റെ അര്‍ത്ഥം ‘അന്തര്‍ലീനമായതിനെ പ്രകാശിപ്പിക്കുക’ എന്നതത്രേ. അന്തര്‍ലീനമായത് എന്നാലെന്ത് ? നമ്മുടെ മനസ്സിന്റെ ആഴത്തില്‍ ലയിച്ചുകിടക്കുന്ന ശാന്തി, ആനന്ദം, പ്രേമം, ശക്തി, ത്യാഗം തുടങ്ങിയ എണ്ണമറ്റ മൂല്യങ്ങള്‍. ഇവയെ വളര്‍ത്തുവാന്‍ ഇന്ന് വിദ്യാഭ്യാസം കൊണ്ട് സാധിക്കുന്നുണ്ടോ ?
ഇപ്പോള്‍ നമ്മുടെ ലോകം എല്ലാതരം അറിവുകള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. അറിവ് അതിരുകളില്ലാതെ വളരെ വിശാലമായി ഗഹനമായി വളര്‍ന്നുകൊണ്ടുമിരിക്കുന്നു. എന്നിട്ടും ഈ അറിവുകളൊന്നും തന്നെ യുദ്ധം അഴിമതി, ഭീകരവാദം, അനീതി, വെറുപ്പ്, കുറ്റകൃത്യം, പാരിസ്ഥിതികവിനാശം, അസന്തുഷ്ടമാകുന്ന പരാജയപ്പെടുന്ന മനുഷ്യബന്ധങ്ങള്‍ ഇവയ്‌ക്കൊന്നും ഒരു മാറ്റവും വരുത്തുന്നില്ല. ഇതില്‍ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്? കേവലമായ ഒരറിവും ജ്ഞാന വിജ്ഞാനങ്ങളും എത്രയേറെ നേടിയതുകൊണ്ട് ജീവിതത്തെ നമുക്ക് മെച്ചപ്പെടുത്താന്‍ കഴിയുന്നില്ല. ഒരു ഡിഗ്രി നേടുന്നതോടെ ഒടുങ്ങുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസം.
ഒരായുഷ്‌ക്കാലം മുഴുവന്‍ ഒരു വ്യക്തിക്കു മുന്നില്‍ അരങ്ങേറുന്ന ജീവിതത്തിന്റെ മഹാപ്രവാഹത്തില്‍, തിരിച്ചറിവോടെ ജീവിക്കാനും ഏതു പ്രതിസന്ധികളേയും ഭയരഹിതമായി അഭിമുഖീകരിക്കുവാനുമുള്ള കഴിവാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം വഴി വളരേണ്ടത്.
വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള മുഴുവന്‍ പരീക്ഷകളിലും നല്ല മാര്‍ക്കോടെ പാസ്സായിട്ടും ജീവിതത്തിന്റെ പരീക്ഷകളില്‍ അതിദയനീയമായി തോറ്റുകൊണ്ടിരിക്കുന്ന നമ്മുടെ കുട്ടികള്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരൊഴിഞ്ഞ ഇടത്തെ സൂചിപ്പിക്കുകയാണ്.
ജീവിത പരീക്ഷയില്‍ ആരും തോല്‍ക്കരുത്. അതിന്നുതകുന്ന അറിവ്, അനുഭവം നമ്മുടെ ആളുകള്‍ക്ക് പകര്‍ന്നു കൊടുക്കാനാകുന്നില്ല. കാരണം ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ പണിയെടുക്കാന്‍ കാര്യക്ഷമതയുള്ള കുറേ ഉദ്യോഗസ്ഥന്മാരെ ഉത്പാദിപ്പിച്ചെടുക്കാനാണ് നമ്മുടെ വിദ്യാലയങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നീ സത്യം പറയണമെന്ന് ഉപദേശിച്ചുകൊണ്ട് സത്യത്തിന്റെ മഹത്വത്തെപ്പറ്റി ഒരു കുട്ടിയെ പഠിപ്പിക്കാനാവില്ല. സത്യത്തില്‍ നിന്നും വ്യതിചലിച്ചപ്പോള്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന കുട്ടിയെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിന് പകരം അവന്റെ അച്ഛന്‍ മകനെ ഓര്‍ത്ത് കണ്ണീരൊഴുക്കിയത് ആ കുട്ടിയെ അടിമുടി മാറ്റുന്നു.
അച്ഛനമ്മമാര്‍ക്ക്, ടീച്ചര്‍മാര്‍ക്ക് സ്വന്തം ജീവിതംകൊണ്ട് പകര്‍ത്താനാവാത്ത ഒരു സദാചാരബോധവും കുട്ടികളില്‍ ഉണ്ടാക്കാനാവില്ല.
‘ വിദ്യാലയത്തില്‍ നിന്നു മാത്രം വിദ്യാഭ്യാസം നേടിയ ഒരാള്‍ വിദ്യാഭ്യാസമില്ലാത്ത ഒരാളാവുന്നു ‘
– അമേരിക്കന്‍ ദാര്‍ശനികന്‍ ജോര്‍ജ് സന്തായന
പ്രപഞ്ചമാണ് സ്‌ക്കൂള്‍. ജീവിതമാണ് ടീച്ചര്‍. ഈ ബോധം ഓരോ കുഞ്ഞിന്റെയും ഉള്ളില്‍ സ്വാഭാവികമായി വളര്‍ത്താനുതകുന്ന ഒരു വിദ്യാഭ്യാസമാണ് ശരിയായ വിദ്യാഭ്യാസം. എല്ലാതരം ഭയങ്ങളില്‍ നിന്നും മുക്തനാവാന്‍ വിദ്യാഭ്യാസം ഉതകണം. അതിന് ട്യൂഷന്‍ പോരാ. ‘ഇന്‍ട്യൂഷന്‍’ (ഉള്ളില്‍ നിന്നുള്ള ബോധം) വേണം. ഇതിന് സഹായകമായ പാഠപുസ്തകങ്ങള്‍ രണ്ടുമൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ രചിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴും അത്തരം ബോധാവസ്ഥയില്‍ നിന്നുള്ള വിചാരങ്ങള്‍ മനുഷ്യരാശിയുടെ മുന്നിലുണ്ട്. ഗീത, ബൈബിള്‍, ഖുര്‍ആന്‍, ധര്‍മപദം, ഗുരുഗ്രന്ഥസാഹിബ്, താവോതേചിങ് തുടങ്ങിയ ഉദാഹരണങ്ങള്‍. ജീവിതത്തിന്റെയും മരണത്തിന്റെയും മഹാരഹസ്യങ്ങള്‍ മഹാപാഠങ്ങള്‍ ഇവയും ഇതുപോലുള്ള പുസ്തകങ്ങളും പഠിപ്പിക്കുന്നു.
‘ ജനങ്ങളെ അവര്‍ക്കറിയാത്തത് പഠിപ്പിക്കുക എന്നതല്ല വിദ്യാഭ്യാസം. മറിച്ച് അവര്‍ക്ക് പെരുമാറാനറിയാത്തത് പെരുമാറുവാന്‍ ശീലിപ്പിക്കുക എന്നതാണ് ‘
– ജോണ്‍ റസ്‌കിന്‍.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…