ഒന്ന്:
കേരളം ഈയ്യിടെ രണ്ട് കൊല കൂടി കണ്ടു. സുബൈറിന്റെയും ശ്രീനിവാസന്റെയും. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനെന്ന പുരാണപ്രസിദ്ധ വീരവാദം ഇവിടെ അപ്രസക്തമായിരിക്കുന്നു. ആര്‍ക്കും ആരെയും എവിടെ വെച്ചും കൊല്ലാനുള്ള ലൈസന്‍സ്സുള്ളതുപോലെ. മനുഷ്യന്‍ പകരം വീട്ടാനൊരുങ്ങുന്ന തലച്ചോറുകൊണ്ടാണ് ജീവിക്കുന്നത്. അതില്‍ വലിയ കുഴപ്പമില്ലെന്ന് നമ്മുടെ സാമൂഹ്യമന:ശാസ്ത്രം പഠിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, മതവും രാഷ്ട്രീയവും ഭീകരവാദവും പരിശീലിപ്പിക്കപ്പെട്ട മനുഷ്യന്റെ ആന്തരിക ചോദന അങ്ങേയറ്റം ഹിംസാത്മകമായി വളര്‍ന്നതാണ്. അതുകൊണ്ട് മതരാഷ്ട്രീയ ഭീകര സംഘടനകള്‍ നടത്തുന്ന എല്ലാ കൊലകളും പകരത്തിന് പകരമായി തീരുന്നു. എതിരാളിയോ ശത്രുവോ മാത്രമല്ല മുഖ്യം. പകരമാണ്, പാഠമാണ് മുഖ്യം. ഭീതിയാണ്, അഭിമാനമാണ് മുഖ്യം.
കണ്ണൂരില്‍ നിന്നും പാലക്കാട്ടെത്തുമ്പോള്‍ കൊലയുടെ രൂപം രാഷ്ട്രീയത്തില്‍ നിന്നും മതത്തിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് കൊട്ടേഷനല്ല. ജിഹാദാണ് എന്ന് സ്ഥാപിക്കുന്നു. അതിര്‍ത്തിയില്‍ രാജ്യരക്ഷയെ കരുതി പോരാടുന്ന പട്ടാളക്കാരന്റെ അതേ വികാരത്തെ കുത്തിവെക്കുകയാണ് നമ്മുടെ മത സംഘടനകള്‍. ഓര്‍ക്കുക സുബൈറിന്റെയും ശ്രീനിവാസന്റെയും മരണം ഒരു സുപ്രഭാതത്തിലുണ്ടായ പ്രശ്‌നമല്ല,വർഷങ്ങളുടെ വേരോട്ടമുള്ള ഹിംസയുടെ ചരിത്രമുണ്ടതിന്. പക്ഷെ, ഒരു ഉത്തരവും സമാശ്വാസവും കൊണ്ടു പരിഹരിക്കാവതല്ല ജീവൻ നഷ്ടപ്പെട്ട ആ കുടുംബങ്ങളിലെ മനുഷ്യരുടെ മാനസികാഘാതത്തെ. അതു കാലങ്ങളോളം അവരുടെ ഉളളില്‍ പുകയുന്ന തീയാണ്.
ഇന്ത്യയിലെ ഏറ്റവും ഭേദപ്പെട്ട സംസ്ഥാനങ്ങളിലൊന്നത്രെ കേരളം. ഉത്തരേന്ത്യന്‍ നരഹത്യയുടെ തനിയാവര്‍ത്തനങ്ങള്‍ ഇവിടെ ഒറ്റപ്പെട്ട സംഭവമായിരുന്നു. അത് ഇന്ന് മാറിയിരിക്കുന്നു. ഇവിടെ ഇസ്ലാമിന്റെയോ ഹിന്ദുവിന്റെയോ ഒരു ജീവനല്ല പൊലിഞ്ഞു പോയത്; രണ്ട് മനുഷ്യരുടെ ജീവനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആലോചിക്കുമ്പോള്‍ എന്തിന് വേണ്ടി എന്ന് കൊലക്കത്തികയ്യിലെടുത്ത കുറ്റവാളിക്ക് പോലും പ്രായശ്ചിത്തം തോന്നും.
നിലവില്‍ ആവര്‍ത്തിക്കുന്ന കൊലകള്‍ നിലനില്‍പ്പിനായുള്ള മനുഷ്യന്റെ സമരങ്ങളായി വ്യാഖ്യാനിക്കപ്പെടുകയാണ്. നമുക്ക് ചുറ്റും സ്‌നേഹത്തിന്റെയും മമതയുടെയും ലോകമുണ്ട്. അതിനെ അറുത്തുമാറ്റി ഒരു ജിഹാദിനും ഹൈന്ദവവാദത്തിനും ഇവിടെ സ്ഥാനമില്ല. ഉണ്ടാവരുത്.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒരര്‍ത്ഥവും സത്യവും ഈ കൊലകളൊന്നും മുന്നോട്ടുവയ്ക്കുന്നില്ല. മതവാദി കൊലയാളിയല്ല; ആവരുത്.
രണ്ട്:
മനുഷ്യജാതി പ്രകൃതിയിലെവിടെയും കാണുന്നില്ല. വ്യക്തികള്‍ മാത്രമേയുള്ളു.
-അലക്‌സിസ് കാരല്‍
മനുഷ്യന്‍ സ്വന്തം സ്വകാര്യതയുടെയും നിലനില്‍പ്പിന്റെയും മല്‍സരത്തിന്റെയും ഫലശ്രുതിക്ക് അടിമപ്പെട്ടു ജീവിക്കുന്നവനാണ്. എല്ലാ സൗഹൃദവും സ്‌നേഹവും അവനാവശ്യമായി തീരുന്നത് നിലനില്‍പ്പിന് വേണ്ടി മാത്രമാണ്. മതേതരനും രാഷ്ട്രീയേതരനും വംശീയേതരനുമാകുന്ന മനുഷ്യനെ ആധുനികലോകത്ത് കാണാനാവുന്നില്ല.
മനുഷ്യനെ പുതിയൊരാളായി കാണാനോ, അറിയാനോ, നിര്‍മ്മിക്കാനോ പറ്റുന്ന, അനുചിതമായ സിദ്ധാന്തങ്ങളെല്ലാം നമുക്ക് കൈമോശം വന്നിരിക്കുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ശീലിക്കുന്ന ഹിംസാത്മകതയിലത്രെ മനുഷ്യവര്‍ഗ്ഗം പുലരുന്നത്.
ലോകത്ത് ആവര്‍ത്തിക്കുന്ന യുദ്ധങ്ങളും കൊലകളും ഇങ്ങനെ പരിശീലിക്കുന്ന, പരിശീലിപ്പിക്കുന്ന സംഘങ്ങളുടെ ഹിംസാത്മകത കൊണ്ടുവളര്‍ന്നതാണ്. രാഷ്ട്രം, വ്യക്തികള്‍ക്കനുചിതമായ നിയമങ്ങളുണ്ടാക്കുന്നു. അങ്ങനെയുള്ള ഒരു ലീഡറിസത്തിലാണ് നാം ജീവിക്കുന്നത്. ലീഡറിസം വ്യവസ്ഥ ചെയ്യപ്പെടുമ്പോഴുണ്ടാവുന്ന അപകടത്തെ നാം വലിയ നിലയില്‍ കാണാറില്ല. ലോകത്തെ സ്‌കൂളുകളെല്ലാം അടിസ്ഥാനപരമായി ലീഡറിസത്തെ സ്ഥാപിച്ചെടുക്കുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ബൈഡന്‍, ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമീര്‍ പുട്ടിന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇവരെല്ലാം നേതൃത്വ പാഠവം കാണിക്കുമ്പോഴാണ് ലോകം അംഗീകരിക്കുന്നത്. അവര്‍ എന്തിന്റെ പേരില്‍ കാണിക്കുന്ന പാഠവമാണ് രാഷ്ടത്തിന് ഉചിതമെന്ന് നാം അത്രയധികം ചിന്തിക്കാറില്ല. ഒരു മഹാഭൂരിപക്ഷത്തെ കയ്യിലെടുക്കാന്‍ ശേഷിയുണ്ടാവുമ്പോള്‍ അവര്‍ നമുക്ക് ആരാധ്യപുരുഷന്മാരാവുന്നു. ഇത്തരം ലീഡറിസം കൊണ്ടാണ് ഇന്ന് ലോകം പുലരുന്നത്.