സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആത്മഹത്യ

ഇന്ന് കേരളം കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒരിക്കലും നാം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവയാണ്. ദേശീയ ശരാശരിയേക്കാള്‍ ആത്മാഹത്യനിരക്ക് കേരളത്തിലാണെന്ന് പറയുമ്പോള്‍ ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് നാം അല്‍ഭുതപ്പെടുന്നു.. മരണവും ജീവിതവും വളരെ സ്വാഭാവികമായ പരിണതിയും പരമാര്‍ത്ഥവുമായി കാണുമ്പോള്‍ നമുക്കത്ര പ്രയാസമുണ്ടാവില്ല. എന്നാല്‍ ഹിംസയെ അങ്ങനെ പരിഗണിച്ചു തുടങ്ങുമ്പോള്‍ ഉണ്ടാവുന്നത് മനുഷ്യനെന്ന സങ്കല്‍പ്പത്തെ തിരുത്തിക്കുറിക്കുകയായിരിക്കും. ആത്മഹത്യയ്ക്കും ഹിംസയ്ക്കും തമ്മിലെന്ത് ബന്ധം എന്ന ചോദ്യം ഇവിടെ ഉയരും. ഇന്ത്യയിലെ ആത്മഹത്യ നിരക്ക് പരിശോധിച്ച് കാര്യകാരണങ്ങള്‍ വസ്തുതാപരമായി കണക്കിലെടുക്കുമ്പോള്‍ അത് ബോധ്യമാകും. കേരളത്തിലെ കണക്കുപ്രകാരം അസുഖം കാരണം ആത്മഹത്യചെയ്യുന്നതിന്റെ ഇരട്ടിയിലധികം ആളുകള്‍ കുടുംബ പ്രശ്നങ്ങള്‍ കാരണം മാനസിക പിരിമുറുക്കം അനുഭവിച്ചു നടക്കുന്നവയാണ്. ഭീഷണിയും വഞ്ചനയും മറ്റുതരത്തിലുള്ള പീഢനങ്ങളുമെല്ലാം ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ടെങ്കിലും വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടലാണ് പ്രധാനമായും വില്ലനാകുന്നത്. ദാരിദ്ര്യം കൊണ്ടോ, മറ്റുതരത്തിലുള്ള വൈകാരിക പ്രശ്നങ്ങള്‍ കൊണ്ടോ, ഭയം കൊണ്ടോ ഉണ്ടാകുന്ന വിഷാദരോഗത്തില്‍ നിന്നാണ് ഒരാള്‍ മരണം എളുപ്പം തിരഞ്ഞെടുക്കുന്നത്. ഇനി താങ്ങാനാവില്ലെന്ന ഘട്ടം അയാളെ മരണത്തിന് യോഗ്യതയുള്ള ആളാക്കി മാറ്റുന്നു.

കേരളം ലോകത്തിന് മാത്യകയായ ഒരു കൊച്ചു സംസ്ഥാനമാണ്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും വിദ്യാസംബന്നരും ആരോഗ്യസംബന്നരുമുണ്ടെന്ന് വിലയിരുത്തപ്പെടുന്ന കേരളത്തില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത അസ്വാഭാവികത പലതിലും കാണുന്നു. എന്തുകൊണ്ടാണ് പാടില്ലാത്തതുപലതും ഇവിടെ സംഭവിക്കുന്നത്. ഏറെക്കാലത്തെ കൂട്ടുകൂടുംബവ്യവസ്ഥയില്‍ നമ്മളങ്ങ് സ്വതന്ത്രമായി തുടങ്ങിയിട്ട് നാലു ദശാബ്ദങ്ങളമായി. ഏറെക്കുറെ ആളുകളുടെ ജീവിതനിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ അതൊന്നും നമ്മുടെ സ്വാശ്രയത്വത്തില്‍നിന്നും വന്നതാണെന്ന് പറയാനാവില്ല. വളരെ ഡിപ്പന്റീവായ ഒരു സാമൂഹ്യഘടനയുടെ ഭാഗമാണത്. ഇന്ത്യയില്‍ ലക്ഷോപലക്ഷം ആളുകള്‍ ഇപ്പോഴും തൊഴില്‍ രഹിതരാണ്. ഉന്നത വിദ്യാഭ്യാസം നേടിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇപ്പോഴും വ്യക്തമായ വരുമാനമില്ലാതെ അലയുന്നു. സാമൂഹ്യജീവിതം മെച്ചപ്പെട്ടതാണെന്ന് വിലയിരുത്തുമ്പോഴും ആന്തരികതലത്തില്‍ ഒട്ടും പുരോഗതിയില്ലാത്ത മനസ്സുകളാണ് നമ്മുടെ മുമ്പിലുള്ളത്. വലിയപൊങ്ങച്ചമുള്ള ഒരു സാമൂഹ്യഘടന നല്‍കുന്ന പെരുമാറ്റച്ചട്ടങ്ങള്‍ കൊണ്ടുനിര്‍മ്മിച്ചവയാണ് നമ്മുടെ പൊതുജീവിതം. അത് എളുപ്പം തകരുന്നവയും തകര്‍ക്കാവുന്നവയുമാണ്. ഒരാളെ പലപ്പോഴും അയാളായി ജീവിക്കാനനുവദിക്കാത്ത ബന്ധശ്യംഖല കൊണ്ടു നാം കുരുക്കിയിരിക്കുന്നു. എപ്പോഴും പരോക്ഷമായി ഇടപ്പെടുന്ന വ്യവസ്ഥിതിയുടെ ഭാഗമായി അധീനപ്പെടുകയോ അനുസരിക്കപ്പെടുകയോ ചെയ്യന്നത് കൊണ്ട് ഒട്ടും മാറി നിന്ന് കൊണ്ടു ജീവിതത്തെ പഠിക്കാനോ, മനസ്സിലാക്കാനോ കഴിയാത്ത ഒരാളായാണ് വ്യക്തി വളരുന്നത്. കുഞ്ഞുന്നാളിലെ ലഭ്യമാകുന്ന സുരക്ഷിതത്വത്തിന്റെ പിന്‍ബലത്തില്‍ സ്വയം ആശ്രയത്വമുള്ള മനുഷ്യനായി മാറുന്നതില്‍ വ്യക്തി പരാജയപ്പെടുന്നു.

ചെറുപ്പം മുതല്‍ നിരന്തരം പരാജയപ്പെടുന്ന മനസ്സിന്റെ ശിഥിലത കൊണ്ടു രൂപപ്പെടുന്നതാണ് നമ്മുടെ സാമൂഹ്യഘടന. സാമ്പത്തിക പ്രയാസങ്ങള്‍ മാത്രമല്ല, നമ്മുടെ പ്രശ്‌നങ്ങള്‍… രോഗം, പ്രണയം, സ്‌നേഹരാഹിത്യം, അവഗണന, നിന്ദ, മാനസികവും ആരോഗ്യപരവുമായ അവശത ഇതെല്ലാം ഒരാളെ ജീവിതത്തില്‍ നിന്നും പിന്തിരിയുന്നതിനും ഉള്‍വലിയുന്നതിനും ഇടവരുത്തുന്നവയാണ്. ശരിക്കും ആളുകള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുകയാണ്. ഈ പാര്‍ശ്വവത്കരണമാണ് മനുഷ്യനെ ഒന്നുമല്ലാതാക്കി തീര്‍ക്കുന്നത്. സാമൂഹ്യവത്ക്കരണം പലപ്പോഴും നമ്മുടെ സിദ്ധാന്തവത്ക്കരണത്തില്‍ ശേഷിക്കുന്നു.

ആത്മഹത്യപ്രവണത ഏറ്റവും കുറഞ്ഞ രാജ്യം സൗഉദി അറേബ്യയാണ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം കുറഞ്ഞ രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യചെയ്യുന്നത് തെക്കന്‍ കൊറിയയിലും. മത, സാമ്പത്തിക-രാഷ്ട്രീയ- സാമൂഹിക ഘടകങ്ങള്‍ ഇവിടെ പ്രധാനമാണ്. തെക്കന്‍കൊറിയയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ക്രൈസ്തവരാണ്. മതം ബോധം കൊണ്ടു ജീവിക്കുന്ന മനുഷ്യരുടെ മാനദണ്ഡം കണക്കിലെടുത്ത് സംസാരിക്കുമ്പോള്‍ വലിയ ഏറ്റക്കുറച്ചില്‍ കാണാം. കാരണം ക്രിസ്റ്റിയാനിറ്റി ജീവന് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. അതൊന്നും മരണസംഖ്യ കുറയ്ക്കുന്നില്ലെന്ന് വ്യക്തം.

എന്നാല്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒന്നു രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നു. ഏറ്റവും സെന്‍സറ്റീവായ ഒരാള്‍ക്ക് മാത്രം പറ്റാവുന്ന തിരഞ്ഞെടുപ്പാണ് ആത്മഹത്യ. അയാളുടെ മനസ്സ് എപ്പോഴും സജീവമായിരിക്കും. എല്ലാറ്റിനും വഴിയുണ്ടെന്ന് ഒന്നുറക്കെ പറയാന്‍ പറ്റുന്നിടത്ത് ഒരു പക്ഷെ തിരിച്ചു കൊണ്ടുവരാവുന്ന ജീവിതമായിരിക്കും പലപ്പോഴും ആളുകളൂടേത്.. അതിനെ കാണാനോ, മനസ്സിലാക്കാനോ, അറിയാനോ നമുക്കാവില്ലന്നതാണ് വലിയ പ്രശ്‌നം. മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച്, ഒരു കേള്‍വിക്കാരനാവാന്‍ പോലും നമുക്കാവില്ലെന്നതാണ് സത്യം. ഏറ്റവും പ്രസന്റായ ഓര്‍മകള്‍ കൊണ്ട് ജീവിക്കുന്ന ആളുകളാണ് എപ്പോഴും മരണത്തെ തിരഞ്ഞെടുക്കുന്നത്. സ്വയം മരണത്തിലൂടെ അവര്‍ തോല്‍പ്പിക്കാനാഗ്രഹിക്കുന്ന ആരെങ്കിലുമൊരാളുണ്ടാകും. ജീവിതത്തെ മരണം കൊണ്ടു തോല്‍പ്പിക്കുന്ന ആത്മപീഢനമാണ് ഓരോ ആത്മഹത്യയിലും സംഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…