” സ്ത്രീയെ പുരുഷന്റെ അധികപറ്റായ അസ്ഥിയില്‍ നിന്ന് സൃഷ്ടിച്ചതാണ്-
– ബൊസൂത്ത്
മനുഷ്യവര്‍ഗ്ഗം പുരുഷനാകുന്നു. പുരുഷന്‍ സ്ത്രീയെ നിര്‍വ്വചിക്കുന്നു.
അവളിലൂടെയല്ല, പകരം അവനിലൂടെ. “
ഒരു സ്തീയെ വായിക്കുമ്പോള്‍ ഒരു പുരുഷനെക്കൂടി വായിക്കുകയാണ്. പുരുഷനാണ് കേന്ദ്രം. പുരുഷന് വേണ്ടി നിര്‍മ്മിക്കപ്പെടുന്ന വസ്തുവായി സ്ത്രീ ശരീരത്തെ പാകപ്പെടുത്തിയ വ്യവസ്ഥാപിത സംസ്‌ക്കാരമാണ് നമ്മുടേത്. സ്മാര്‍ത്തവിചാരത്തില്‍ പറയുന്ന നമ്പൂരാരുടെ വെറും വാക്കല്ല, സ്ത്രീ എന്ന ‘സാധനം’. ഈ വാക്ക് സ്ത്രീ ശരീരത്തെ ഭോഗവസ്തുവായി പരിമിതപ്പെടുത്തിയ സാമൂഹ്യാചാരങ്ങളുടെ വിനോദത്തില്‍ നിന്നു ബലപ്പെട്ടതാണ്. കുറിയേടത്ത് താത്രി മുതല്‍ നളിനിജമീലവരെ പുരുഷകേന്ദ്രികൃത വ്യവസ്ഥയുടെ ബലിയാടുകളാണ്. അവര്‍ വെളിപ്പെടുത്തുന്നത് എന്തുതന്നെയായാലും അത് കേള്‍ക്കാനാഗ്രഹിക്കുന്ന ഒരുലോകം ഇവിടെയുണ്ട്. അവര്‍ മോശമായി കരുതിയതെന്തും സ്ത്രീക്ക് പുരുഷന്‍ വിധിച്ച ഉപജാപങ്ങളില്‍ നിന്ന് രൂപപ്പെട്ടവയാണ്. കാലക്രമത്തില്‍ സ്ത്രീ തനിച്ച് നടന്ന വഴികള്‍ ചെറുതും ഇടുങ്ങിയതുമായി മാറി. ആധുനിക സമൂഹം സ്ത്രീക്കുനല്‍കുന്ന അമിത സൂരക്ഷപോലും പുരുഷോപജാപങ്ങളാവുന്നു. എന്നാല്‍ ഇതെല്ലാം അത്യാവശ്യമാണെന്ന സാംസ്‌ക്കാരികബോധത്തിലേക്ക് വികസിക്കുന്നതാണ് നമ്മുടെ സാമൂഹ്യമനസ്സ്. ഈ സാമൂഹ്യമനസ്സ് വളര്‍ത്തിയ സദാചാരചിന്തകളാണ് നമ്മുടെ സംസ്‌ക്കാരത്തിന്റെ അടിവേരുകള്‍. അതിലാണ് നാം സ്ത്രീയെ പാകപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ആണധികാരം ബ്രാഹ്മണ്യത്തിന്റെയും ജാതിമത വരേണ്യതയുടെയും ഭാഗമായി നിലനിന്ന സാമൂഹ്യഘടനയുടെ പ്രതിഫലനമായിരുന്നു. പാശ്ചാത്യലോകത്ത് ഏറെക്കുറെ അത് വര്‍ണവര്‍ഗവംശാവലിയുടെ ഭിന്നതയാലും മൂലധനാധിഷ്ടിത രാഷ്ടീയത്താലും നിലനിന്നതും നില്‍ക്കുന്നതുമായ ഒന്നും. പുരുഷന്‍ സാമൂഹ്യജീവിതത്തെ കീഴ്‌മേല്‍ മറിച്ച കാലഘട്ടത്തിന്റെ ടൈം ലൈനില്‍നിന്നാണിത് തുടങ്ങുന്നത്. അന്നു മുതല്‍ ആണധികാരം ജീവിക്കാനനുകൂലമായ ഒരു സാമൂഹ്യനീതിയും ഒരു സാംസ്‌ക്കാരിക പരികല്പനയുമായി പരിവര്‍ത്തിക്കപ്പെട്ടു.
ഈ ചരിത്ര സാക്ഷ്യത്തെ അടയാളപ്പെടുത്തുന്ന ഒരു രചനയാണ് സിമോണ്‍ ദി ബുവായുടെ ‘ദി സെക്കന്‍ഡ് സെക്‌സ്’ എന്ന പുസ്തകം. പുരുഷന്റെ വ്യവസ്ഥാപിത മനോഭാവത്തിന്റെ പരിക്കേറ്റ് ജീവിക്കുന്നവളാണ് സ്ത്രീയെന്ന സത്യത്തെ ഇഴകീറി പരിശോധിക്കുന്നു, ഈ പുസ്തകത്തില്‍. പുസ്തകത്തിന്റെ ആദ്യഭാഗത്ത് ബുവാ പ്രഖ്യാപിക്കുന്നു. ‘ഓരോ മൗനാനുവാദവും ദാസ്യവൃത്തി ഉറപ്പിക്കുന്നു. അവളുടെ ചിറകുകള്‍ അരിഞ്ഞു വീഴ്ത്തിയതിന് ശേഷം അവള്‍ക്ക് പറക്കാന്‍ അറിയില്ലെന്ന് കുറ്റാരോപണം നടത്തുന്നു.’
നമ്മുടെ മികച്ച സാഹിത്യസൃഷ്ടികളും മനശാസ്ത്രവിശകലനങ്ങളും വരെ, സ്ത്രീ
യെ വസ്തുനിഷ്ഠലോകത്തുനിന്ന് അകറ്റി സ്വപ്‌നലോകത്ത് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. ബുവാ യുടെ നിരീക്ഷണങ്ങള്‍ ആ നിലയ്ക്കുള്ള വലിയ വായനയുടെ സാധ്യതയെ തുറന്നിടുന്നു.
സ്ത്രീയെ യാതനയുടെ അനുഭവമായി ചിത്രീകരിച്ചും, വഞ്ചനയുടെ ദര്‍ശനമായി പറഞ്ഞും എഴുത്തിന്റെ രാഷ്ട്രീയം കൈകാര്യം ചെയ്തതു ഒരു തരത്തില്‍ വലിയ കുറ്റമാണ്. അതേസമയം, സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും പുരുഷാധിപത്യത്തിനെതിരെയുള്ള ധാര്‍ഷ്ഠ്യവും സാഹിത്യത്തിന്റെ ആത്മാവും അനശ്വര സൗന്ദര്യസങ്കല്‍പ്പമായതും വലിയ ശരിയോ? ഈ ചോദ്യവും പ്രതീക്ഷിക്കാം. അതെന്തുമാവട്ടെ.
ഉത്തരം: ഒരു രണ്ടാം ലിംഗമെന്ന പതവിയെ ഇല്ലാതാക്കുന്നതില്‍ ഇതൊന്നും ഫലവത്തായില്ലെന്ന് മാത്രം.
സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ചു നടത്തിയ ഇന്ത്യനെഴുത്തുകള്‍ ജാതിയില്‍ ചെറിയവരെ ഉദ്ധരിക്കാന്‍ ഗാന്ധിജി ഹരിജനമെന്നു വിളിച്ചതുപോലെ അപകടമായി. ഇന്ത്യന്‍ സാഹിത്യത്തിലുടനീളം സ്ത്രീ രണ്ടാം ലിംഗമായി തീരുന്നതിന് ഈ എഴുത്തിന്റെ രാഷ്ടീയവും കാരണമാണ്.
ബുവാ സൂചിപ്പിന്നു: ‘ഈ ലോകത്തിലെ തന്റെ സ്ഥാനം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ഒരു വ്യക്തി സ്വയം നിര്‍വ്വചിക്കുന്നത്’.
എന്നാല്‍ വ്യക്തിക്ക് സ്ഥാനം തിരഞ്ഞെടുക്കാനുള്ള മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നിടത്താണ് ആധുനിക സമൂഹം സ്ത്രീയോട് വലിയ ക്രൂരതകള്‍ ചെയ്തത്.
ജീവി വര്‍ഗത്തില്‍ ആധിപത്യമെന്ന വംശവാദം മനുഷ്യന് മാത്രമാണ്. ഇര തേടുന്നതിലൊഴികെ ആധിപത്യമെന്ന സങ്കല്പം മൃഗങ്ങളില്‍ ഇല്ലെന്ന് തന്നെ പറയാം. ബുദ്ധികൊണ്ടാണ് മനുഷ്യന്‍ അധിപതിയാകുന്നത്. ബുദ്ധികൊണ്ടാണ് മനുഷ്യന്‍ ലോകത്തിന്റെ ശത്രുവാകുന്നതും. ബുദ്ധിക്ക് പകരം വിവേകം കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരാളില്‍ നിന്നാണ് മനുഷ്യന് പറ്റുന്ന ലോകമുണ്ടാകുന്നത്. വിവേകം കൊണ്ടൊരാളെ നിങ്ങള്‍ ധന്യനാക്കുന്നുവെങ്കില്‍, സ്‌നേഹം കൊണ്ടയാള്‍ നിങ്ങള്‍ക്കരികിലുണ്ടാകും.
ആധുനിക മനുഷ്യന്‍ ലോകത്തിന് പാകമാകുന്നത് സാമൂഹ്യഘടനയുടെ പ്രാധാന്യം കൊണ്ടാണ്. ഈ സാമൂഹ്യഘടനയെ നിര്‍മ്മിച്ചിരിക്കുന്നത് മുഖ്യമായും പുരുഷനായത് കൊണ്ടും പുരുഷന്റെ അധികാരമായതുകൊണ്ടും സ്ത്രീക്ക് അവളുടെ അധികാരങ്ങള്‍ പരിമിതപ്പെട്ടു.
സാമൂഹ്യഘടനയില്‍ മാത്രമല്ല, സ്ത്രീ പരിമിതപ്പെടുന്നത് ശരീരഘനയിലും അവള്‍ക്ക് പരിമിതിയുണ്ട്. ലൈംഗിക ജീവിതത്തിലും പ്രത്യുത്പാദനത്തിലും വരെ അവള്‍ പരിമിതപ്പെടുന്നുണ്ട്. പുരുഷന്റെ വ്യക്തിജീവിതത്തെ ഒരിക്കലും മുരടിപ്പിക്കുന്നതല്ല അവന്റെ ലൈംഗികജീവിതവും ഉല്‍പാദനപ്രക്രിയയും. എന്നാല്‍ ഒരു മനുഷ്യസ്ത്രീയെ സംബന്ധിച്ച് അവളില്‍ മുറിവുകളും ചുളിവുകളും വീഴ്ത്താതെ സ്വാഭാവികമായി ശരീരത്തിലൊന്നും സംഭവിക്കുന്നില്ലത്രെ. ഒരേസമയം ശരീരാവസ്ഥയാലും മാനസികാവസ്ഥയാലും ആത്മപീഢനത്തിന്റെ വറുതിയില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നു സ്ത്രീ.
വര്‍ഗസ്വഭാവത്തിന് കീഴടങ്ങുന്നതിന്റെ ഫലമായുണ്ടാവുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് പറയുമ്പോള്‍ ബുവാ സൂചിപ്പിക്കുന്ന ഒരു പ്രധാന വസ്തുതയുണ്ട്.
സകലമാന സ്ത്രീ സസ്തന ജീവികളില്‍ ഏറ്റവും അഗാധമായ രീതിയില്‍ ഒറ്റപ്പെടുന്നവള്‍, മനുഷ്യസ്ത്രീയത്രെ. അത്തരമൊരു ഒറ്റപ്പെടലും വേര്‍തിരിക്കലും ഏറ്റവും ശക്തമായ രീതിയില്‍ നിരസിക്കുന്നതും അവളത്രെ.
അങ്ങനെ നിരസിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ശരീരഭാഷകൊണ്ട് പുരുഷനെ പുലര്‍ത്തുന്നുണ്ട്, സ്ത്രീ. അതുകൊണ്ടു സ്ത്രീയായി തീരുന്ന പുരുഷനേക്കാള്‍ പുരുഷനായി തീരുന്ന സ്ത്രീക്കാണ് പ്രാധന്യം.