സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പരിസ്ഥിതി വിദ്യാഭ്യാസം – ആഴവും പരപ്പും

ആകാംക്ഷ

ഭൂമിയില്‍ ജീവിക്കാനാവശ്യമായ ഇടമാണ് പരിസ്ഥിതി. പരിസ്ഥിതി രൂപം കൊളളുന്നത് ഇടമുണ്ടാവുന്നത് കൊണ്ടും ഇടമുണ്ടാവുന്നത് പരിസ്ഥിതി രൂപം കൊള്ളുന്നതുകൊണ്ടും. ജീവജാലങ്ങള്‍ക്കും ജന്തുലോകത്തിനും പുലരാനാവശ്യമായ വഴിയൊരുക്കുന്നത് പരിസ്ഥിതിയെന്നിരിക്കെ അത് പരിപാലിക്കപ്പെടേണ്ടതുണ്ട്. പരിപാലനമാണ് ആധുനിക ലോകത്തിന് ഏറ്റവും പ്രയാസമായ ഒരു കാര്യം. മനുഷ്യലോകനിര്‍മ്മിതിയില്‍ ആയാസകരവും ജന്തുലോകനിര്‍മ്മിതിയില്‍ അനായാസകരവുമാണ്‌ പരിപാലനം. ഒരമ്മ മനുഷ്യകുഞ്ഞിനെ പരിപാലിക്കുന്നതും ഒരു മൃഗം തന്റെ കുഞ്ഞിനെ പരിപാലിക്കുന്നതും തമ്മിലുള്ള ആയാസവും അനായാസവും പരിശോധിക്കുമ്പോള്‍ പ്രകൃതി ജന്യതയുടെ സരളത ബോധ്യമാകും. വലിയ സങ്കീര്‍ണതകളൊന്നുമില്ലാതെയാണ് മൃഗങ്ങള്‍ അവയുടെ കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടുന്നത്. എന്നാല്‍ മനുഷ്യന്‍ പ്രകൃതിയില്‍ നിന്നുള്ള പരിപാലനത്തില്‍ വളരെ അകന്നിരിക്കുന്നതിനാല്‍ എല്ലാസങ്കീര്‍ണതകളിലൂടെയും കടന്നുപോകുന്നു.

പ്രത്യക്ഷത്തില്‍ നമ്മെ ബാധിക്കുന്ന ഘടകങ്ങളെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ജീവിതത്തിലുടനീളം നാം പുലര്‍ത്തുന്നത്. ഭൗതികഘടനയിലെ ഈ മെച്ചപ്പെടുത്തലുകള്‍ക്ക് വളരെ നൈമിഷികമായ ആയുസ്സേയുള്ളു. ഇതുതന്നെയാണ് നമ്മുടെ എല്ലാവികസന സങ്കല്പങ്ങളിലും സംഭവിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ തിടുക്കത്തില്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും ഏറെ കുറെ വികസന അജണ്ടകള്‍ക്കൊണ്ട് ഭൂപടം വരച്ചിരിക്കുന്നു. അങ്ങിനെ പറയുമ്പോള്‍ ഏതെങ്കിലും സര്‍ക്കാര്‍ വിരോധിയാണ് നിങ്ങള്‍. ഒറ്റപ്പെട്ട ഗ്രാമങ്ങളുടെ പുരോഗതിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് ചിലറോഡുകളും പാലങ്ങളുമെങ്കിലും അതിന്റെ പേരില്‍ ഏറെക്കുറെ ചതുപ്പുനിലങ്ങളും തണ്ണീര്‍ തടാകങ്ങളും മണ്ണിട്ടുമൂടി നാം വികസന അജണ്ട നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ ഗൂഗിള്‍മാപ്പില്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തുന്ന റോഡുകളും പാതകളും കൊണ്ടു നിറഞ്ഞിരിക്കുന്നു. നമ്മുടെ നഗരങ്ങള്‍ ഒരു കൊടും വര്‍ഷമൊന്നും വേണ്ട മുങ്ങിപ്പോവാന്‍. വെള്ളക്കെട്ടുകള്‍ നിറയാത്ത ഒരൊറ്റ നഗരം പോലും ചൂണ്ടികാണിക്കാന്‍ ഇന്ന് നമുക്കാവില്ല. അമേരിക്കന്‍ വനങ്ങളിലെ കാട്ടുതീപോലെ, അറേബ്യന്‍ മണലാരണ്യത്തിലെ മണല്‍ക്കാറ്റുപോലെ ഇന്ത്യയില്‍ പശ്ചിമഘട്ടമേഖലകളില്‍ പ്രളയമാവര്‍ത്തിക്കുന്നു. മഞ്ഞുരുകി സമുദ്രനിരപ്പില്‍ ലയിച്ച് ജലത്തോത് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഓരോ വര്‍ഷവും കരകവിയുന്ന സമുദ്രനിരപ്പിന്റെ ഭൂപടത്തിലേക്കാണ് ഇന്ത്യയുള്‍പ്പെടെ മിക്ക ഏഷ്യന്‍ രാജ്യങ്ങളുടെയും രൂപം.

പാരിസ് ഉടമ്പടി

മനുഷ്യവര്‍ഗം പരിസ്ഥിതി ജന്യമായ പരിതസ്ഥിതിയില്‍ നിന്ന് നൂറ്റാണ്ടുകളായി അകന്നകന്ന് പോകാന്‍ തുടങ്ങിയിട്ട്. ഇനി ഒരിക്കലും തിരിച്ച് വരാനാവാത്ത അകലത്തിലാണ് നാം. ശാസ്ത്രം നമുക്ക് നല്‍കിയ പുരോഗതികളോടൊപ്പം കീഴ്‌മേല്‍ മറിഞ്ഞുപോയത് മുന്‍ഗണനയില്‍ പരിസ്ഥിതി തന്നെ. അതില്‍ നമ്മുടെ മുന്‍പിലുള്ള മുഖ്യവിഷയം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടതാണ്. ആഗോളതാപനം കൊണ്ടുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഗണ്യമായി നമ്മുടെ ഭൂമുഖത്തെ ബാധിക്കുകയും അത് കുറയ്ക്കുന്നതിന് 2015 ല്‍ ഒരു അന്താരാഷ്ട്ര ഉടമ്പടി പാരിസ്‌ ഉടമ്പടിയോടെ നിലവില്‍ വരുകയും ചെയ്തു. ആഗോളതാപനം 2 ല്‍ താഴെയായി പരിമിതപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ലോകം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയെയാണ് ഇത് സൂചിപ്പിക്കുന്നത്‌. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം 2021 നവംബര്‍ 1 മുതല്‍ 12 വരെ സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ നഗരത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചതും ഈ അവസരത്തില്‍ കൂട്ടിവായിക്കേണ്ടതുണ്ട്.

ആര്‍ട്ടിക് കൗണ്‍സില്‍

പരിസ്ഥിതി പ്രശ്‌നം ഒരിക്കലും ഏതെങ്കിലുമൊരു പ്രദേശത്തിന്റേയോ രാജ്യത്തിന്റേയോ, വന്‍കരയുടേയോ വിഷയമല്ല. അത് ആഗോളമായ ഒരു പ്രശ്‌നമാണ്. ഏതെങ്കിലും ഒരതിര്‍ത്തിയില്‍ വെച്ച് നമുക്കതിന് പരിഹാരമില്ല. കാലാവസ്ഥ വ്യതിയാനത്തിലൂടെ ആര്‍ട്ടിക് സഹകരണം സാധ്യമാകുമെന്ന്, ഈയ്യിടെ ഹരിയാനയിലെ ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ടാറ്റിയാന ബെലോസോവ പറയുകയുണ്ടായി. എത്ര ശത്രുതയുണ്ടെങ്കില്‍ പോലും ആര്‍ട്ടിക് കൗണ്‍സിലില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ പരസ്പരം പ്രദേശത്തിന്റെ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ശ്രദ്ധ കൊടുക്കേണ്ടിവരും. കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഐസ്ലാഡ്, നോര്‍വേ, റഷ്യ, സ്വീഡന്‍, അമേരിക്ക തുടങ്ങിയവയാണ് എട്ട് ആര്‍ട്ടിക് രാജ്യങ്ങള്‍. ഇന്ത്യ, ഇറ്റലി, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ചൈന, ജപ്പാന്‍ എന്നീ ആറു നിരീക്ഷകര്‍ കൂടി പിന്നീട്‌ ആര്‍ട്ടിക് കൗണ്‍സിലിന്റെ ഭാഗമായി വന്നു. ലോകത്തിലെ ഒരു വന്‍ശക്തിക്കും ഒറ്റയ്ക്ക് വിലകൊടുത്തു വാങ്ങാവുന്നതല്ല കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍.

സൈലന്റ് വാലിയും പ്ലാച്ചിമടയും

പരിസ്ഥിതിയെ മാറ്റിവെച്ച് വികസന അജണ്ട അവതരിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും വൈദഗ്ധ്യമുള്ള ഉദ്ധ്യോഗസ്ഥവൃന്ദവും ഭരണാധികളും എക്കാലത്തും ഇന്ത്യയുടെ ശാപമാണ്.
പരിസ്ഥിതി ലോലപ്രദേശങ്ങളായ പ്ലാച്ചിമടയിലും സൈലന്റ് വാലിയിലും നടപ്പിലാക്കാന്‍ നോക്കിയ പദ്ധതികള്‍ ഈ ദീര്‍ഘവീക്ഷണമില്ലായ്മയെ പ്രത്യക്ഷത്തില്‍ തന്നെ പ്രതിഫലിപ്പിക്കുന്നവയാണ്. വരാന്‍ പോകുന്ന ജീവിതങ്ങളെ ഒട്ടും കാണാതെ, പഠിക്കാതെ പദ്ധതികള്‍ക്ക് അനുമതി കൊടുക്കുകയാണുണ്ടായത്. ആദിവാസികളുള്‍പ്പെടെ നാന്നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ബഹുരാഷ്ട്രാ കമ്പനിയായ കൊക്കോകോളയ്ക്ക് ഒരു പ്രദേശം മുഴുവന്‍ തീറെഴുതി കൊടുക്കാന്‍ അവര്‍ക്കൊരുമടിയുമില്ലായിരുന്നു. മണ്ണും വെള്ളവും മലിനമാക്കി ഒരു പ്രദേശത്തിന്റെ ജൈവസ്രോതസ്സിനെ കയ്യേറ്റം ചെയ്യാനുള്ള അനുമതിയായിരുന്നു യഥാര്‍ത്ഥത്തില്‍ അത്. പ്ലാച്ചിമട സമരം യഥാര്‍ത്ഥത്തില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ അധിനിവേശം ശക്തമായി ചെറുത്ത പരിസ്ഥിതി പ്രവര്‍ത്തകരുടെയും തദ്ദേശീയരുടെയും സമരവീര്യത്തിന്റെ സാക്ഷ്യമാണ്. വായുവും മണ്ണും ജലവും മലിനമാക്കി മനുഷ്യരെ കൊന്നൊടുക്കാന്‍ വന്ന കമ്പനിക്കെതിരെ കേരളം കണ്ട വലിയ പ്രതിഷേധമായിരുന്നു ഇത്. വി.എസ്.അച്ചുതാനന്ദന്‍ ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും കവികളും കലാകാരന്മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മുന്നില്‍ വന്നു. ചിത്രകാരന്‍ വി.മോഹനന്റെ ശില്പങ്ങള്‍ മനുഷ്യനോടുള്ള ഹിംസയ്‌ക്കെതിരെ നിശബ്ദമായി ശബ്ദിച്ചു. സഹനത്തിന്റേയും പ്രതിരോധത്തിന്റേയും സമരാവേശങ്ങളില്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്ന പാവങ്ങളുടെ സ്വപ്‌നങ്ങളുണ്ട്. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവാതെ നില്‍ക്കുന്ന ഹതഭാഗ്യര്‍.

ജലവൈദ്യുത പദ്ധതി

ഇന്ത്യയിലെ ജലവൈദ്യുത പദ്ധതികളെല്ലാം പരിസ്ഥിതിലോലപ്രദേശങ്ങളെ തകര്‍ത്തുകൊണ്ടുണ്ടായവയാണ്. ഈ പദ്ധതികള്‍ അനാവശ്യമായിരുന്നുവെന്നോ പാടില്ലാത്തവയായിരുന്നുവെന്നോ പറയാന്‍ നമുക്ക് സാധിക്കില്ല. കാരണം ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന ഒരേയൊരു വൈദ്യുതപദ്ധതി ജലവൈദ്യുതപദ്ധതി തന്നെ. കടുത്ത പരിസ്ഥിതിവാദം കൊണ്ടു എല്ലാം നമുക്ക് പരിഹരിക്കാനാവില്ല. ജലവൈദ്യുത പദ്ധതി പ്രദേശങ്ങളുടെ ഗുരതരാവസ്ഥയും നഷ്ടങ്ങളും ആവശ്യത്തിലധികം നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും., കേരളം പോലുള്ള ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഊര്‍ജപ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ എളുപ്പം സാധിച്ചെന്ന് വരില്ല. ബദല്‍ മാര്‍ഗങ്ങള്‍ അധികവുമില്ല. വിന്റ്മില്‍, സൗരോര്‍ജ പ്ലാന്റ്ുകള്‍, ആണവോര്‍ജ സംവിധാനങ്ങള്‍ എന്നിവയെ ആശ്രയിക്കുന്നതിന് പരിമിതികളുമുണ്ട്. അപ്പോള്‍ കേരളം പോലുള്ള സംസ്ഥാനത്തിന് ആശ്രയിക്കാവുന്നത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ തന്നെ. അവ നേരാം വണ്ണം പരിപാലിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായി ഉറപ്പുവരുത്തുകയാണ് വേണ്ടത്.

ചിപ്പ്‌കോ പ്രസ്ഥാനം

മണ്ണും ജലവും വായുവും രാസവസ്തുക്കള്‍ കൊണ്ടു ഇത്രയധികം മലിനമായി തുടങ്ങിയത് വ്യാവസായിക വിപ്ലവത്തോടുകൂടിയാണ്. പാശ്ചാത്യവക്തരണവും അധിനിവേശവും കോളനി വാഴ്ചയും അതിന് ആക്കം കൂട്ടുകയും ചെയ്തു. ഇന്ന് തിരിച്ചുനടന്നാലും എത്താനാവാത്ത അകലത്തിലാണ് നാം. എങ്കിലും വായുവും വെള്ളവും ഭൂമിയും നമ്മുടെ ക്രമക്കേടുകളില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ട്. ആറുകളും പുഴകളും ശുദ്ധമാവണം. വനങ്ങളും ചതുപ്പുകളും ഇക്കോളജിക്കല്‍ ബാലന്‍സ് സൂക്ഷിക്കണം. ഇന്ത്യയില്‍ ചിപ്പ്‌കോ പ്രസ്ഥാനത്തിന്റെ പ്രാധാന്യം ഇവിടെയാണ്.

1974 ല്‍ ഉത്തരാഖണ്ഢിലെ റേനിയില്‍ നടന്ന ഒരു സമരത്തോടുകൂടിയാണ് ചിപ്പ്‌കോ പ്രസ്ഥാനം ശ്രദ്ധിക്കപ്പെടുന്നത്. റേനിയിലെ രണ്ടായിരത്തിലധികം വരുന്ന ദേവദാരുമരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഒരുമ്പെട്ട അധികൃതര്‍ക്കെതിരെ സ്ത്രീ സമൂഹം ശബ്ദമുയര്‍ത്തുന്നു. അത്ര പഠിപ്പൊന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീയായ ഗൗരാദേവിയാണ് ഈ സമരത്തിന് ഇക്കാലത്ത് നേതൃത്വം നല്‍കിയത്. ഇരുപത്തിയേഴു സ്ത്രീകളെ സംഘടിപ്പിച്ചാണ് അവര്‍ ഈ സമരം നയിച്ചത്.

ചിപ്പ്‌കോ പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന പാരിസ്ഥിതിക ബോധം ഇന്ന് ലോകത്തിന് ഒരു മാതൃകയാണ്. മണ്ണിനേയും മരത്തേയും സ്‌നേഹിച്ച ഒരപൂര്‍വ്വ മനുഷ്യന്റെ ജീവിതം അതിനുപുറകിലുണ്ട്‌. ആര്‍ക്കും അദ്ദേഹം നല്‍കുന്ന ഒരു ഓട്ടോഗ്രാഫുണ്ട് my life is my trees.

നമ്മുടെ സംസ്‌ക്കാരത്തില്‍ പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ ആഴവും പരപ്പും മൂല്യവത്തെങ്കിലും പുതിയ കാലത്തിന് യോജ്യമായി അവ ക്രമപ്പെടുത്താന്‍ ഇന്ത്യയിലെ അക്കാദമിക്ക് ധൈഷണികന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. സുന്ദര്‍ലാല്‍ ബഹുഗുണയുടെ വിജയം ഇവിടെയാണ്. അന്നന്ന് തൊഴിലെടുത്തു ജീവിക്കുന്ന പാവപ്പെട്ടവരും അര്‍ദ്ധപട്ടിണിക്കാരുമായ സാധാരണക്കാരും സ്ത്രീകളും കുട്ടികളുമായിരുന്നു ആദ്യകാലത്ത് സുന്ദര്‍ലാല്‍ ബഹുഗുണയുടെ കൂടെയുണ്ടായിരുന്നത്.

ഇന്ത്യയില്‍ നൂറ്റാണ്ടുകളുടെ ചരിത്രം പരിസ്ഥിതിവാദവും സമരവുമായി നമുക്കുണ്ടെങ്കിലും അവ ജനകീയമായ ഒരു തലത്തിലേക്കുയരുന്നത് സുന്ദര്‍ലാല്‍ ബഹുഗുണയുടെ വരവോടുകൂടിയാണ്. ചിപ്പ്‌കോപ്രസ്ഥാനം അദ്ദേഹത്തോടൊപ്പം വായിക്കപ്പെടുന്നു. പലപ്പോഴും അദ്ദേഹം പറഞ്ഞു: ചിപ്പ്‌കോ പ്രസ്ഥാനവുമായി മുന്നോട്ടു നീങ്ങാനുള്ള ശക്തി പകര്‍ന്നത് രാജസ്ഥാനിലെ ഖേജര്‍ലി ഗ്രാമത്തില്‍ (1730 ല്‍) നടന്ന സംഭവവികാസങ്ങളാണെന്ന്. ബിഷ്‌ണോയി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ വിശുദ്ധമായി കരുതുന്ന ഖേജ്‌രി മരങ്ങള്‍ വെട്ടാന്‍ മാര്‍വാഡിലെ രാജാവ് അഭയ്‌സിങ് സൈനികരെ പറഞ്ഞുവിട്ടു. അത്‌ മാര്‍വാഡിലെ കൊട്ടാരനിര്‍മ്മിതിക്ക് വേണ്ടിയായിരുന്നു. ജെഹ് നാദിലെത്തിയ സൈനികരെ മരം മുറിക്കാനാനുവദിക്കാതെ മൂന്ന് കുഞ്ഞുങ്ങളോടൊപ്പം അമൃതാദേവി എന്ന സ്ത്രീ തടഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞുങ്ങളുള്‍പ്പെടെ നാലുപേരെയും തലയറുത്ത് കൊലപ്പെടുത്തി. ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ വാര്‍ത്തയറിഞ്ഞ് ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ അങ്ങോട്ടു പുറപ്പെട്ടു. അതില്‍ 363 ബിഷ്‌ണോയി വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ അന്നവിടെ കുരുതി കൊടുക്കപ്പെട്ടു. മരിക്കുന്നതിന് മുന്‍പ് അമൃതാദേവി പറഞ്ഞു: അരിഞ്ഞിട്ട മരത്തേക്കാള്‍ വിലകുറഞ്ഞതാണ് അരിഞ്ഞിട്ട തല.
ഐതിഹാസികമായ ഈ സമരത്തിന്റെ ഓര്‍മ ഇന്നും ഉള്‍ത്തുടിപ്പുണ്ടാക്കുന്നവയാണ്‌ .

ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. ഒട്ടുമുക്കാലും സ്ത്രീ ശക്തിയും ശാക്തീകരണവും വെളിപ്പെടുത്തുന്നവയുമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാകുന്നു ഗുജറാത്തിലെ സര്‍ദാര്‍സരോവര്‍ അണക്കെട്ടിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി മേധാപട്കര്‍ നയിച്ച നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍. ഇപ്പോഴും അവരുടെ ശബ്ദം ഇവിടെ മുഴങ്ങുന്നു.

കേരളത്തില്‍ സേവ് സൈലന്റ് വാലി സമരവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്ര സാഹിത്യപരിഷത്തും സലിം അലിയും മാധവ് ഗാഡ്ഗിലും പങ്കെടുത്തത്ര തന്നെ പ്രാധാന്യം ജാനകി അമ്മാളിന്റെയും സുഗതകുമാരിയുടെയും പേരുകള്‍ക്കുണ്ട്. ജലത്തിന്റെ ആത്മീയവും പരമ്പരാഗതവുമായ പങ്ക് ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തിയ വന്ദനാ ശിവ(water wars )പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയാണ്.

ഇവര്‍ക്കൊന്നും ഒഴിവാക്കാനാവാത്ത ഒരു പേര് സുന്ദര്‍ലാല്‍ ബഹുഗുണയുടേതാണ്. കാരണം, ചിപ്പ്‌കോ പ്രസ്ഥാനമാണ് ഇവരില്‍ പലരുടെയും വഴി കാട്ടി.

പ്രത്യാശ

തായ്‌വാനിലെ പ്രസിദ്ധ കവി ലിയു കെക്‌സിയാങിന്റെ ഒരു കവിതയുണ്ട്, ‘പ്രത്യാശ’. ‘ഒരിക്കലൊരു വസന്തകാലം വരും അന്ന് നമ്മുടെ മക്കളും പേരക്കുട്ടികളും പത്രത്തിന്റെ മുന്‍പേജില്‍ ഇങ്ങനെ ഒരു വാര്‍ത്തവായിക്കാം. മഞ്ഞുകാല ദേശാടനം കഴിഞ്ഞ് ചെറു താറാവുകള്‍ വടക്കന്‍ ദിക്കിലേക്കു മടക്കയാത്ര ആരംഭിച്ചതിനാല്‍ തംസുയി നദീ തീരത്തുകൂടി കടന്നുപോകുന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കുന്നതു നിരോധിച്ചിരിക്കുന്നു’….പ്രത്യാശയിലേക്ക് വളരുന്ന ഈ ഭാവന ഭൂമിയില്‍ നിലനില്‍ക്കുന്ന സര്‍വ്വതിനോടും തോന്നുന്ന സ്‌നേഹമായി രൂപാന്തരപ്പെടുന്നു. ഇത്തരത്തിലൊരലിവ് നമുക്കുചുറ്റുമുള്ള ജീവജാലങ്ങളോട് പുലര്‍ത്തുമ്പോള്‍ മാത്രമേ മഹത്തായ പാരസ്പര്യത്തിലേക്ക് അടുക്കാനാവു.
ജീവലോകത്തിന് സാധ്യമാകുന്ന ഈ വലിയ പാരസ്പര്യമാണ് പരിസ്ഥിതിയുടെ പ്രമാണം. നമുക്കതിനെ രൂപപ്പെടുത്താനാവുമോ, പരിപാലിക്കാനാവുമോ എന്നുള്ളത് പ്രധാനം. ഇത് കഴിയാതെ വരുന്നു എന്നതാണ് ലോകം നേരിടുന്ന പ്രതിസന്ധി. അവിടെ കടുത്ത നിയമങ്ങള്‍ കൊണ്ടു ചിലതെല്ലാം നമുക്ക് നിയന്ത്രിക്കേണ്ടിവരും. കാരണം നാം അത്രമാത്രം ഹൃദയശൂന്യമായി ജീവിച്ചു കഴിഞ്ഞിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…