വി. എസ്. നയ്പാളിന്റെ India A Million Mutinies Now എന്ന വിഖ്യാത
രചനയെ ആസ്പദമാക്കി ഒരു പൂനര്‍വിചിന്തനം
(ഭാഗം ഒന്ന്)
സഞ്ചാരം ഒരു ലോകനിര്‍മ്മിതിയാണ്. അതെപ്പോഴും കാണാത്ത ലോകത്തെ കാണിക്കുന്നു. അറിയാത്ത മനുഷ്യനെ അറിയുന്നു. ഒരു സഞ്ചാരി എപ്പോഴും തന്നെ ലോകത്തിന് വിട്ടുകൊടുക്കുന്നവനാണ്. ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയുടെ ഉദാത്തതകൊണ്ട് മനുഷ്യത്വപൂര്‍ണ്ണമാകുന്നു യാത്രികന്റെ ലോകം. ചരിത്രവും സംസ്‌ക്കാരവും കൈകോര്‍ക്കുന്ന മണ്ണിലൂടെ അജ്ഞാതസത്യങ്ങള്‍ തേടിയുള്ള യാത്ര മനുഷ്യനെ പുതിയൊരാളാക്കുന്നു. അത്തരമൊരു യാത്രയുടെ അപൂര്‍വ്വസുന്ദരമായ ആലേഖനമാണ് ഇന്ത്യയിലെ വിഖ്യാത എഴുത്തുക്കാരനും നോബല്‍ സമ്മാനജേതാവുമായ വി.എസ്.നയ്പാളിന്റെ India A Million Mutinies Now എന്ന പൂസ്തകം. ഒരു എഴുത്തുകാരന്‍ യാത്രികനാവുമ്പോള്‍ തൊട്ടുപോകുന്ന ലോകം പൊള്ളുന്നതാണെന്ന് അറിയിക്കുന്നതോടൊപ്പം മനുഷ്യന്റെ ഹൃദ്യമായ സൂക്ഷിപ്പുകള്‍ ഉള്‍ക്കാഴ്ചയോടെ അനുഭവപ്പെടുത്തുന്നു. മറ്റൊരു യാത്രികനിലും കാണാത്ത സൂക്ഷ്മസംവേദനം നയ്പാളിന്റെ കാഴ്ചയില്‍ പ്രത്യക്ഷപ്പെടുന്നു.
ഇന്ത്യ കലാപങ്ങളുടെ വര്‍ത്തമാനത്തില്‍ ജീവിക്കുന്നത് ആരുമറിയാതെ പോയതല്ല. അറിഞ്ഞതിനെ പാതിവഴിയില്‍ പുറം തള്ളി നിശബ്ദരാവാന്‍ ശീലിക്കുകയായിരുന്നു. നയ്പാളിന്റെ കാഴ്ച അതിലപ്പുറം അലഞ്ഞുതിരിഞ്ഞ് മനുഷ്യനോടുള്ള അഗാധമായ അടുപ്പത്തിന്റെയും സ്‌നേഹത്തിന്റേയും ആത്മീയാംശങ്ങളിലേക്ക് പടര്‍ന്നു. അവിടെ കാഴ്ച കാഴ്ചപ്പാടുകളും അനുഭവങ്ങള്‍ ആത്മാംശവുമായി തീരുന്നു.
വിഭജന ഭാരതത്തിന്റെ മുറിപ്പാടുകള്‍ കണ്ട ഒരിന്ത്യക്കാരനും സ്വതന്ത്രചിത്തനായി നടന്നുപോകാനാവില്ല. അയാള്‍ ഏതെങ്കിലും ഒരു പക്ഷത്തെ പ്രതിനിധീകരിച്ചേ തീരു. അത്ര ഇടുങ്ങിയ മതാന്ധതയുടെ ഒരു സാമൂഹ്യപശ്ചാത്തലം നമുക്കുണ്ടായിരുന്നു. ഒരു സമാധാനസന്ധിക്കും പരിഹാരമില്ലാതെ ബംഗാളും ഗുജറാത്തും ബോംബെയും കത്തിക്കൊണ്ടിരുന്ന കാലം. മഹാരാഷ്ട്രയില്‍ ഒരു ശീതയുദ്ധം തന്നെ നടന്നു. പ്രാദേശിക വാദത്തിന്റേയും വംശീയ-വര്‍ഗീയ വിദ്വേഷത്തിന്റെയും നെരിപ്പോടായി മുംബൈ മാറിയതിന്റെ സാമൂഹിക പശ്ചാത്തലം എന്താണെന്ന് തുടക്കത്തില്‍ തന്നെ നയ്പാള്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു തൊഴിലും ജീവിതവും മുന്നില്‍ കണ്ട് മനുഷ്യര്‍ ഇങ്ങോട്ടു പ്രവഹിക്കുകയായിരുന്നു. അങ്ങനെ പരക്കെ നാനാജാതി മതവിഭാഗങ്ങളെ കൊണ്ടു നിറഞ്ഞ നഗരം. തലസ്ഥാന നഗരിയിലെ (ബോംബെ) തൊഴിലില്ലായ്മയും പട്ടിണിയും കൂട്ടികൊടുപ്പും വേശ്യാവൃത്തിയും ദുരിതങ്ങളും അംബരചുംബികളായ കെട്ടിടങ്ങള്‍ക്കിടയില്‍ മറഞ്ഞു. നഗരസഭാമന്ദിരങ്ങളും റോഡുകളും പഴയ പ്രതാപങ്ങള്‍ക്ക് മാറ്റേകി. നഗരഹൃദയത്തില്‍ ഒരു ബ്രിട്ടീഷ് സ്മാരകം എക്കാലത്തേക്കുമായി സ്ഥലം പിടിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യ. ഇത് ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തി ഇന്ത്യയില്‍ വന്നതിന്റെ സ്മാരകമത്രെ. ആ ബോംബെ നഗരം ഇന്ന് മുംബൈ ആണ്. മുംബൈ എന്ന പേര് ഒരു ആഭ്യന്തര കലാപത്തിന്റെ സൂചനയാണെന്ന് നയ്പാള്‍ ഓര്‍മ്മപ്പെടുത്തുന്നു.
1962 ലാണ് നയ്പാള്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. നഗരത്തിന്റെ പുറം കാഴ്ചകള്‍ വിസ്മയിപ്പിച്ചത്ര തന്നെ, നഗരത്തിന്റെ ഹൃദയ വേവലാധികളും അദ്ദേഹത്തെ വിസ്മയിപ്പിച്ചു. അധികവും പ്രവാസികള്‍. വിവിധ ജാതി മത വര്‍ഗ്ഗ വിഭാഗങ്ങള്‍..മറാത്തികളുടെ പാരമ്പര്യവാദവും ശിവജിയുടെ ധീരദേശാഭിമാനവും വാളില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ശിവസേനക്കാര്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആഭ്യന്തര പ്രശ്‌നങ്ങളിലൂടെ രാജ്യം കടന്നു പോകുന്നു. ഭരണസിരാകേന്ദ്രങ്ങളില്‍ ഇപ്പോഴും മരവിപ്പ്. ഒരുപ്രതീക്ഷയ്ക്കും ഇടം നല്‍ക്കാത്ത കലുഷകാലത്തിന്റെ പ്രവാഹം.
ഒറ്റനോട്ടത്തില്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ, നൂറ് കൊല്ലം പുറകിലാണ്. ഈ തിരിച്ചുപോക്കിന് കാരണമായിത്തീരുന്ന സംഭവവികാസങ്ങളെ ഒരു സുപ്രഭാതത്തില്‍ പരിഹരിക്കാനാവില്ലന്ന് ചരിത്രം തെളിയിച്ചു. ദാരുണമായ ഗാന്ധിവധം. ഒരു നിമിഷം കൊണ്ട് എല്ലാം അട്ടിമറിക്കപ്പെട്ടു. ഒരുപക്ഷെ, യൂറോപ്പ് കണ്ടതിനേക്കാള്‍ വലിയ സേച്ഛാധിപതികളെ ഇന്ത്യ കാണുകയായിരുന്നു. നമ്മുടെ ‘ഹെറിഡിറ്ററി’ അത്ര മോശമായിരുന്നു.
എന്തായിരുന്നു നമ്മുടെ ഹെറിഡിറ്ററി ? ഹെറിഡിറ്ററി എന്ന വാക്കുപയോഗിക്കുമ്പോള്‍ ആര്‍ഷസംസ്‌കൃതിയെ കുറിച്ചാണ് ഓര്‍മ്മ വരുക. എന്നാല്‍ ആര്‍ഷസംസ്‌കൃതിയില്‍ പറയത്തക്ക വലിയ രാഷ്ട്രീയമില്ലായിരുന്നു. ഉള്ളത് വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ രാഷ്ട്രീയം. വര്‍ണാശ്രമവ്യവസ്ഥയുടെ രാഷ്ട്രീയം നമ്മുടെ രാജ്യത്തിന് പരിപാകവുമല്ലായിരുന്നു. എങ്കിലും വരേണ്യതയ്ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ ചിന്തകളെ ഇന്ത്യക്കാര്‍ വലുതായി കണ്ടു. നാം ഏകാധിപതികളായി. ഇതിഹാസവും പൂരാണങ്ങളും കൊണ്ടു രാഷ്ട്രബോധവും രാഷ്ടീയവുമുണ്ടാക്കി.
ഉപനിഷത്തുക്കള്‍ കൊണ്ടുമാത്രം സമ്പന്നമായ ഒരു വൈജ്ഞാനികമണ്ഡലം മാത്രമെ ഭാരതത്തിന്റെ സഹിഷ്ണതയുടെ ആധാരമായിരുന്നുള്ളു. ഇന്ത്യയില്‍ സഹിഷ്ണത നമുക്കൊരു സ്വപ്‌നമായിരുന്നു. സഹിഷ്ണതയുടെ അര്‍ത്ഥം നാം പഠിക്കുന്നത് ബുദ്ധനിലൂടെയാണ്. ലോകത്ത് സഹിഷ്ണതയുടെ മതം ഇന്ന് ബുദ്ധമതവും. മതങ്ങളുണ്ടാക്കിയ ദേശീയതയില്‍ നിന്നാണ് സമാധാനത്തെക്കുറിച്ച് നാം പറഞ്ഞു തുടങ്ങുന്നത്. എന്നാല്‍ അതെപ്പോഴും തകര്‍ന്നേക്കാവുന്ന ഒന്നാണ്. ഇന്ത്യന്‍ ദേശീയതയെ കുറിച്ച് ചിന്തിക്കുമ്പോഴും ഈ വാദമാണ് മുഖ്യമാവുന്നത്. ഇങ്ങനെ രാഷ്ട്രീയമായ, സാമൂഹ്യമായ, മതപരമായ അസഹിഷ്ണത ഒരു രാജ്യത്തിന്റെ ഭൂപടത്തില്‍ അടയാളപ്പെടുന്നതിന്റെ ചിത്രം എളുപ്പത്തില്‍ തിരിച്ചറിയാം.
കാണാനുള്ളപ്പോള്‍, കാഴ്ചകള്‍ നമ്മെ ബലമായി പിടിച്ചിരുത്തും. നയ്പാളിന്റെ വിപുലമായ ആശയങ്ങള്‍ അങ്ങനെയുണ്ടായതാണ്. കണ്ടുമുട്ടിയവരും ചെന്നുകാണാനിടവന്നവരുമായ മനുഷ്യരുടെ ജീവിതത്തിലേക്കുള്ള സഞ്ചാരം. അതിന് ലക്ഷ്യമുണ്ട്, സഹജീവികളോടുള്ള ബന്ധമുണ്ട്. ഒരു കാഴ്ചക്കാരനും കേള്‍വിക്കാരനുമായി യാത്രതിരിക്കുമ്പോള്‍ കിട്ടുന്ന സൗഖ്യമുണ്ട്.
നയ്പാളിന്റെ യാത്ര വിശുദ്ധ ദേവാലയങ്ങള്‍ തേടിയുള്ളവയല്ല. മൃഗശാലകളും മണിമന്ദിരങ്ങളും തേടിയുള്ളവയല്ല. അത് മനുഷ്യമാലിന്യത്തിന്റെ ചെളിപിടിച്ച കെട്ടിടസമുച്ചയങ്ങളിലൂടെയും..ആള്‍ക്കൂട്ടങ്ങളിലൂടെയും..മനുഷ്യനിലും മനുഷ്യന്റെ സ്വപ്‌നങ്ങളിലൂടെയുമാണ്.
1962 ലാണ് നയ്പാള്‍ ആദ്യമായി ഇന്ത്യയില്‍ വന്നിറങ്ങുന്നത്. അന്ന് നഗരം ഡോ.അംബേദ്ക്കറുടെ ജന്മദിനാഘോഷത്തിന്റെ നിറവിലായിരുന്നു. ആ കാഴ്ചകള്‍ ഏറെ ചിന്തിപ്പിക്കുന്നവയാണ്. ജാതീയത കൊണ്ടു ദുഷിച്ച ഹിന്ദുമതത്തെ അങ്ങേയറ്റം വെറുത്ത അംബേദ്ക്കറുടെ ജീവിതത്തിലൂടെ നയ്പാള്‍ സാമൂഹ്യവിമര്‍ശനത്തിന്റെ കെട്ടഴിച്ചു വിടുന്നു. അംബേദ്ക്കര്‍ ദളിതുകള്‍ക്ക് ഒരു പാഠമായിരുന്നു. ദൈവമായിരുന്നു. അവര്‍ക്ക് ഇന്നും ഗാന്ധിജിയേക്കാള്‍ പ്രിയപ്പെട്ടത് അദ്ദേഹമത്രെ.
ദളിത് ജീവിതം മുതല്‍ ശിവസേനയുടെ സേച്ഛാഭരണം വരെ നിരീക്ഷിക്കുന്ന നയ്പാള്‍, ഈ കൃതിയില്‍ കൃത്യമായൊരു രാഷ്ട്രീയ ചിന്തയെ പ്രസരിപ്പിക്കുന്നുണ്ട്.
ദാരിദ്ര്യം കൊണ്ടു അരക്ഷിതരായ ഇന്ത്യന്‍ മനസ്സുകളുടെ ആഴത്തിലുള്ള വേദന, തന്റെ വേദനയോളം വലുതായി അദ്ദേഹം കാണുകയും ചെയ്യുന്നു. കാരണം, നയ്പാളിന്റെ പൂര്‍വ്വികര്‍ ട്രിനിഡാഡിലും ബ്രിട്ടീഷ് കോളനികളിലെ കരിമ്പിന്‍ തോട്ടങ്ങളിലും പണിയെടുത്തവരായിരുന്നു. അവര്‍ പ്രവാസികളായി ജീവിച്ചു മരിച്ചവരാണ്. അവരുടെ ജീവിതം ആവോളം കണ്ട അദ്ദേഹത്തിന്റെ മാനസ്സികതലം ഇന്ത്യയെകുറിച്ചുള്ള ആലോചനകളില്‍ എപ്പോഴും വന്നുപ്പെട്ടു. മുന്‍പിലെത്തിപ്പെടുന്ന ഓരോ മനുഷ്യനേയും അദ്ദേഹം തിരിച്ചറിയുകയായിരുന്നു. അവരില്‍ വന്നുനിറഞ്ഞ ആകുലചിന്തകളാണ് നയ്പാളിന് പൂതിയ ലോകമുണ്ടാക്കി കൊടുക്കുന്നത്.
നമ്മുടെ ദേശീയതയെ കുറിച്ചുള്ള വലിയ ചിന്തകള്‍ക്ക് തുടക്കമിടുന്നതാണ് ഈ പുസ്തകം. എന്താണ് ദേശീയത? ദേശീയത ദേശത്തിന്റെ രാഷ്ട്രീയമാണ്. ഒരു സ്‌റ്റേറ്റ് വ്യക്തിക്ക് നല്‍കുന്ന നിയമപരമായ പരിരക്ഷയും കൂടിയാണത്. അതൊരാളുടെ അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപിതരൂപമായി അടയാളപ്പെടുകയും രാജ്യത്ത് അയാള്‍ സൂരക്ഷിതനാവുകയും ചെയ്യുന്നു. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ ഭൂപടത്തില്‍ അയാള്‍ ഒന്നുമല്ല. അയാള്‍ക്ക് അര്‍ഹതപ്പെടാത്ത ഒരു ലോകമുണ്ടാകുന്നു. ഈ അര്‍ഹതയില്ലായ്മയെ കുറിച്ചുള്ള പൊള്ളുന്ന സത്യങ്ങള്‍ നയ്പാളിന്റെ ചിന്തയെ അസ്വാസ്ഥ്യപ്പെടുത്തുന്നുണ്ട്. അത് ഈ പുസ്തകത്തിലുടനീളം കാണുന്നുണ്ട്.
ദേശവും ദേശീയതയും പറഞ്ഞു പറഞ്ഞു പഴകിപോയ രണ്ട് വാക്കാണ്. ഏറെ അഭിമാനബോധമുണ്ടാക്കുമെങ്കിലും ജീവിതം കൊണ്ടു ഇടുങ്ങുന്ന ഇടമാണ് രണ്ടും നല്‍കുന്നത്. എന്റെ ദേശം, എന്റെ രാജ്യം, എന്റെ ദേശീയത എന്നൊക്കെ പഠിപ്പിച്ച് നാം കുഞ്ഞുങ്ങളെ വരെ വഴിതെറ്റിക്കുന്നു. പാഠപുസ്തകത്തില്‍ വരുന്ന ഹിന്ദുവും കൃസ്ത്യനും മുസല്‍മാനും വംശീയമായി, വര്‍ഗ്ഗീയമായി മാത്രം സംവദിക്കുന്നവയാണെന്ന് നമുക്കറിഞ്ഞുകൂടാ. പുസ്തകങ്ങള്‍ വേര്‍തിരിവുകളുടെ ഭാഷയ്ക്ക് അര്‍ത്ഥവ്യാപ്തി നല്‍കുന്നവയും അക്ഷരജ്ഞാനം നല്‍കുന്നവയും മാത്രമാണ്. അറിവ് എന്നത് നമുക്ക് ഇന്‍ഫര്‍മേഷന്‍ ആയതുകൊണ്ട് വലിയപ്രശ്‌നങ്ങളൊന്നുമില്ല. സദാ സാധാരണനായി കഴിഞ്ഞുകൂടാന്‍ പരിശീലിക്കപ്പെട്ടിരിക്കുന്നു നാം. ഈ സാധാരണത്തം കൊണ്ട് ലോകത്തെ അറിയുമ്പോള്‍ ദേശീയത നമുക്കൊരു വിഷയമാകുന്നില്ല. നമ്മളറിയുന്നേയില്ല, നമ്മുടെ രാജ്യത്തെ കുറിച്ചു. അറിയുന്നത്, മറ്റൊരു രാജ്യത്തിന്റെ അതിരുകള്‍ മുമ്പിലുണ്ടാകുമ്പോഴാണ്. മറ്റൊരു രാജ്യക്കാരന്‍ മുമ്പിലുണ്ടാകുമ്പോഴാണ്.
ദേശീയത, ദേശീയസ്വാതന്ത്ര്യം എന്നൊക്കെ നാം വ്യാപകമായി പറഞ്ഞു തുടങ്ങുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ചാണ്. കോളനി വാഴ്ച സമ്മാനിച്ച
ദുരനുഭവങ്ങളുടെ തുടര്‍ച്ചയില്‍ നിന്നു വന്ന ഒരു ‘നവോത്ഥാന’ സങ്കല്‍പ്പം. എന്നാല്‍ ഇന്നത് അങ്ങനെ ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തില്‍ മാറിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ദേശീയത ദേശവാദപരമാണ്, രാഷ്ട്രവാദപരമാണ്. അതിന് മുമ്പ് നാട്ടുരാജാക്കന്മാരൂടെ കിടമത്സരവും പോരും നല്കിയ അശാന്തിയായിരുന്നു നമുക്കുണ്ടായിരുന്നത്. ദേശീയത നമുക്കു ഒരു വിഷയമേ ആയിരുന്നില്ല.
ഇന്ത്യ എക്കാലവും വലിയ ആഭ്യന്തരപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു. വിഭജന ഭാരതത്തില്‍ ഹിംസയുടെ ദയാരാഹിത്യം കണ്ടു ലോകം നടുങ്ങിയിരുന്നു.
കത്തിക്കരിഞ്ഞ ബംഗാളിന്റെയും ഗുജറാത്തിന്റയും ഭൂപടങ്ങള്‍ മതേതര ഇന്‍ന്ത്യയുടെ മനസാക്ഷിയെയല്ല കാണിച്ചുതന്നത്. എന്നാല്‍ മതേതരത്വം നമ്മുടെ രാഷ്ട്രീയ സൈദ്ധാന്തികതയുടെ നൂല്‍പ്പാലമായിരുന്നു. അതെങ്കിലും കാത്ത് സൂക്ഷിക്കാനുള്ള സൂക്ഷ്മത നമുക്കുണ്ടാവണം. ഇന്ത്യയില്‍ കോടാനുകോടി മനുഷ്യരുടെ പ്രാര്‍ത്ഥന അതിനുവേണ്ടിയാണ്. അതാഗ്രഹിക്കുന്ന ഒരു വലിയ എഴുത്തുകാരന്റെസൂക്ഷ്മരാഷ്ട്രീയമാണ് ഈ പുസ്തകം.