സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഹണിട്രാപ്പ്

ആകാംക്ഷ

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വിചിത്രമായ കൊലപാതക വാര്‍ത്തകൂടി കേരളം കേട്ടു. പതിവുദിവസങ്ങളില്‍ കേള്‍ക്കുന്ന വാര്‍ത്തയെങ്കിലും ചില പുതുമകള്‍ നമ്മെ അല്‍ഭുതപ്പെടുത്തുന്നു. വെറും പതിനെട്ടും ഇരുപത്തിരണ്ടും വയസ്സു പ്രായമുള്ള ചെറുപ്പക്കാരാണ്, അത് ചെയ്തിരിക്കുന്നത്. ഒരു മനുഷ്യനെ ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തുകയും അയാളുടെ ശരീരഭാഗങ്ങള്‍ രണ്ടായി പകുത്ത് ട്രോളിഭാഗില്‍ അടക്കം ചെയ്തു കിലോമീറ്ററുകള്‍ സഞ്ചരിച്ച് അട്ടപ്പാടി മലനിരകളില്‍ ഉപേക്ഷിച്ചു. ഒരാളെ കൊലപ്പെടുത്തി അയാളുടെ ശരീരം കീറി മുറിച്ച് വലിയ ക്രൂരത കാട്ടുമ്പോള്‍ ആ ഇരുപത്തിരണ്ടുകാരന്‍ അനുഭവിച്ച മാനസികാവസ്ഥ എന്തായിരുന്നു? ആ പതിനെട്ടുകാരി എങ്ങിനെ ഇത് കണ്ടു നിന്നു? ഇത് നമ്മെ വല്ലാതെ അസ്വാസ്ഥ്യപ്പെടുത്താതിരിക്കില്ല.

ആലോചിക്കാന്‍ ഇടം നല്‍കുന്നതല്ല കുറ്റത്തിന്റെ മനശാസ്ത്രം. അത് യാന്ത്രികമായി മനുഷ്യന്‍ ചെയ്യുന്നതാണ്. ഭൂമിയിലെ മറ്റൊരു മൃഗത്തിനും ഇങ്ങനെ ഇത്ര ക്രൂരമാവാനാവില്ല. മനുഷ്യരൊഴികെ ഒരു ജീവിയും തന്റെ കുറ്റം ഒളിച്ചു വയ്ക്കുന്നില്ല.

കൊല്ലുക, ഹിംസിക്കുക, അനാഥമാക്കുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത്ര പ്രശ്‌നമായി തീരാത്ത ഒരു കാലത്താണ് നാം ജീവിച്ചിരിക്കുന്നത്. അത് വെറും സാധാരണ സംഭവമായി വിലയിരുത്തപ്പെടുന്നു. ദിനപത്രങ്ങള്‍ അനായാസേന പറഞ്ഞു പോകുന്ന ഒന്ന്. ആര്‍ക്കും വലുതായൊന്നും തോന്നാത്ത ഒരു മാനസികാവസ്ഥ. ആശുപത്രിക്കിടക്കയില്‍ ഏറ്റവും വേണ്ടപ്പെട്ട ഒരാളെ പരിചരിച്ച് പരിചരിച്ച് മതിയാവുന്നതുപോലുള്ള ഒരനുഭവം. ഒടുക്കം ഒരു വലിയ മരവിപ്പോടെ നാം ഹൃദയ ശൂന്യരാവുന്നു. അപ്പോള്‍ ഒരു വേദനയും കൂടുതല്‍ നമ്മെ വേദനിപ്പിക്കുന്നില്ല. ഒരു കാഴ്ചയും കൂടുതല്‍ നമ്മെ തൃപ്തിപ്പെടുത്തുന്നില്ല.

എല്ലാ ബന്ധങ്ങളും മനുഷ്യന്റെ സ്വകാര്യമായ അടുപ്പം കൊണ്ടു കെട്ടപ്പെട്ടവയാണ്. ഒരു നൂലിഴക്ക് പാകപ്പെടാത്ത ബലം കൊണ്ടു ഇല്ലാതാവുന്ന ബലമെ അതിനുള്ളു. അത്ര സ്വതന്ത്രമല്ലാത്ത ഒരു സാമൂഹ്യഘടനയില്‍ മനുഷ്യബന്ധങ്ങളെല്ലാം വളരെ ചെറിയ പരികല്പനകളില്‍ ശേഷിക്കുന്നതിന് അല്‍ഭുതപ്പെടാനുമില്ല. ഇങ്ങനെയൊന്നുമല്ലായിരുന്നു ഞങ്ങളുടെ ലോകം. ഇതില്‍ നിന്നും ഭിന്നമായ സൗഹൃദം കൊണ്ടു വളര്‍ന്നതായിരുന്നു ഞങ്ങളെന്ന് ഓരോ തലമുറയും അവകാശപ്പെടുന്നുണ്ട്. അതൊരു പതിവു സംഭാഷണത്തിന്റെ പല്ലവി. എന്നിരുന്നാലും ഭൂമുഖത്ത് മനുഷ്യജീവന് കല്‍പ്പിച്ചുകൊടുത്ത മൂല്യവും ആദരവും എണ്ണപ്പെടാതിരിക്കുന്നില്ല. ചില അപൂര്‍വ്വ നിമിഷങ്ങളില്‍ സ്വന്തം ജീവന്‍ മറന്ന് മനുഷ്യന്‍ മനുഷ്യനെ പോറ്റുന്ന അസാധാരണ സംഭവങ്ങള്‍ കണ്ടുവരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭോപാല്‍ ദുരന്തം നടക്കെ, തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷനിലെ ഒരു റെയില്‍വെമാസ്റ്റര്‍ വാതകം ശ്വസിച്ച് മരിക്കുന്നതിന് തൊട്ട് മുന്‍പ്, ആ റെയില്‍വെ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരുന്ന നിരവധി ട്രെയിനുകളെ വഴി തിരിച്ചു വിട്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്. മരണം സ്വയം ഉറപ്പാകുന്ന നിമിഷങ്ങളില്‍ മനുഷ്യന്‍ നിസ്സഹായനാകുന്നു. ഒന്നു ഓടി പോകാന്‍ പോലുമാവാതെ തന്റെ ജോലിയോടും അവിടേക്കെത്തുന്ന മനുഷ്യരോടുമുള്ള സ്‌നേഹം അദ്ദേഹം അറിയാതെ പ്രകടിപ്പിച്ചു.

അത്യപൂര്‍വ്വമായ കരുണകൊണ്ടു ഇങ്ങനെ ലോകത്തെ കീഴടക്കുന്നവരുണ്ട്. ഒരു ശാസ്ത്രയുക്തിക്കും തോല്‍പ്പിക്കാനാവാത്ത ആത്മീയതകൊണ്ടു മനുഷ്യനങ്ങനെ ഉയര്‍ന്നു നില്‍ക്കും. പലപ്പോഴും മനുഷ്യന്‍ ശാസ്ത്രം കൊണ്ടുമാത്രം ജീവിക്കുന്നവനല്ല. സാഹചര്യവും സാമൂഹ്യഘടനയും പ്രചോദിപ്പിക്കുന്ന സൗഹൃദമാണ് മനുഷ്യന്റെ ബലം. അത് നഷ്ടപ്പെടുമ്പോഴാണ് നമുക്ക് പറ്റാത്ത ലോകമുണ്ടാവുന്നത്.

കുറച്ച വര്‍ഷം മുന്‍പ് കേരളം കേട്ട കൂടത്തായി കൊലപാതകങ്ങളില്‍ സ്വന്തം മകന്‍ അമ്മയ്‌ക്കെതിരെ മൊഴി നല്‍കിയതായി കാണാം. അസാധാരണമായ ഒരു പകയുടെ പ്രതിഫലനമായി അതിനെ കാണുന്നവരുണ്ട്. ശരിയാണ്, തീരാത്ത വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും മനോഘടനയില്‍ ആ അമ്മയും മകനും ഇനിയും ജീവിക്കും. മനുഷ്യന്റെ പക ഒരു ശിക്ഷകൊണ്ടും നമുക്കില്ലാതാക്കാനാവില്ല. ലോകത്തെ ഏറ്റവും വലിയ കുറ്റവാളികളെല്ലാം എത്ര വലിയ ശിക്ഷയ്ക്ക് ശേഷവും കുറ്റങ്ങളാവര്‍ത്തിക്കുന്നതായി കണ്ടുവരുന്നു. ഒരുപ്രതി എപ്പോഴും കുറ്റത്തെ ലഘൂകരിക്കുന്നവനാണ്. അയാള്‍ ആ അനുഭവത്തെ വലിയ കുറ്റം കൊണ്ടു ചെറുതാക്കി തീര്‍ക്കുന്നു. കുറ്റം എപ്പോഴും ഒരാളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അയാളുടെ ജീവിതത്തിന്റെ പരിഹാരമായി, നിലനില്‍പ്പായി അത് വീണ്ടും വളരുന്നു.

മനുഷ്യനെ പ്രലോപിപ്പിക്കുന്ന സൗകര്യങ്ങളാണ് മിക്കകുറ്റങ്ങളുടേയും പിറകിലുള്ളത്. കിട്ടാത്തത് നേടുക, ഇല്ലാത്തത് ഉണ്ടാക്കുക. ഹണി ട്രാപ്പ് അത്തരത്തില്‍ ഒരു മാനസിക ഘടനയുടെ പ്രതിഫലനമാണ്. പണമാണവിടെ മുഖ്യം. പണത്തിന് വേണ്ടി ഒരാള്‍ നഷ്ടപ്പെടുത്തുന്ന മൂല്യങ്ങളെ അയാള്‍ അറിയുന്നേയില്ല. നമ്മുടെ മുന്‍പില്‍ വരാന്‍ പോകുന്ന സമൂഹം കുറേകൂടി വേഗതയുള്ളതാണ്. സാമൂഹ്യമാറ്റത്തിന്റേയും ജനിതകമാറ്റത്തിന്റേയും പ്രതിഫലനങ്ങള്‍ പ്രകാശിപ്പിക്കുന്ന അവരില്‍ നിന്നാണ് ഇനി കൂടുതല്‍ കേള്‍ക്കാനുള്ളത്.

വളരെ ചെറുപ്പത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതോ, ലഭ്യമല്ലാതായി തീരുന്നതോ ആയ വസ്തുതകളാണ് ഒരാളെ മോശം പ്രവര്‍ത്തിയിലേക്ക് നയിക്കുന്നത്.വീട്ടില്‍ നിന്നോ, സ്‌ക്കൂളില്‍ നിന്നോ, പൊതു സമൂഹത്തില്‍ നിന്നോ ജനിക്കുന്ന ഒരാളാണയാള്‍. അയാള്‍ക്ക് ഞാനും നിങ്ങളുമായും വലിയ ബന്ധമുണ്ട്. കാരണം നമ്മളാണല്ലോ അയാള്‍.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…