സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കുറ്റവും ശിക്ഷയും

ആകാംക്ഷ

മതം

കുറ്റം ഒരു സാമൂഹ്യമനശാസ്ത്രമാണ്. നമ്മുടെ തൊട്ടരികില്‍ നില്‍ക്കുന്ന നമ്മുടേതായ സത്യം. എന്നാല്‍ ശാസ്ത്രത്തിന്റെ കണ്ണില്‍ കുറ്റം ജന്തുലോകനിയമമാണ്. പൊടുംന്നനെ സംഭവിച്ചേക്കാവുന്നതും ദീര്‍ഘകാലത്തെ മനോവൈകല്യം കൂടിച്ചേര്‍ന്നും വളര്‍ന്നു വികസിക്കുന്ന ഒരു രോഗം. നിര്‍വചനം ഇതൊക്കെയെങ്കിലും കുറ്റം ഒരാളുടെ മനസ്സിന്റെ ഏറ്റവും വലിയ സാന്നിധ്യത്തില്‍ നിന്നുണ്ടാവുന്നവയാണ്. കാരണം, മനസ്സിന്റെ വൈകാരിക തലത്തെ അത്രമാത്രം ആഴത്തില്‍ തൊടാന്‍ അതിനാവുന്നു. ഈ ആഴം കൊണ്ടായിരുന്നു ഷേക്സ്പിയറിന്റെ ഒഥല്ലോ ഡെസ്ഡിമോണയെ ശ്വാസം മുട്ടിച്ചുകൊന്നത്. കുറ്റം, സ്‌നേഹത്തിന്റെയും സ്വാര്‍ത്ഥതയുടെയും ഭാവതലത്തില്‍ കേന്ദ്രീകൃതമാകുന്ന പ്രണയത്തിന്റെ ഭിന്നമുഖങ്ങളാണ്. നമ്മുടെ ഇതിഹാസ രചനകളത്രയും അത്തരം കേവലമോ, അല്ലാത്തതോ ആയ അംശങ്ങള്‍ കൊണ്ട് നിറഞ്ഞവ തന്നെ.

ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഹിംസയുടെ ഈ ദാരുണമായ മാനസ്സികാവസ്ഥയെ കുറിച്ച് പറയാനുണ്ട്. അത്രമേല്‍ അവ മനുഷ്യന്റെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും വേരോട്ടമുള്ളതാകുന്നു. എന്നാല്‍ അതേ മതങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും മനുഷ്യക്കുരുതിയില്‍ പങ്കുള്ളതുപോലെ മറ്റൊന്നിനും പങ്കില്ല.

ലോകസാഹിത്യത്തിലെ വലിയ നോവലിസ്റ്റായ ഫിയദോര്‍ ദസ്തയേവസ്‌കിയും നിക്കോസ് കസാന്‍ദ് സാക്കിസും കുറ്റത്തെ നിര്‍വ്വചിച്ചിരിക്കുന്നത് മാനവികയുടെ ദാര്‍ശനിക തലത്തില്‍ നിന്നാണ്. ലോകം മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കുന്ന സംഘര്‍ഷത്തിന്റെ ആത്മീയ തലവും ഹിംസാത്മക തലവും അവരുടെ എഴുത്തില്‍ വരുന്നു. പലപ്പോഴും കുറ്റം സാഹിത്യത്തിലെ വികാരവിക്ഷുബ്ധ പ്രപഞ്ചമായി തീരുന്നു.

‘കുറ്റവും ശിക്ഷയും’ എന്ന നോവലില്‍ റാസ്ക്കോള്‍ നിക്കോവ് അനുഭവിക്കുന്ന സംഘര്‍ഷം മനശാസ്ത്രലോകത്ത് പുതിയ നിര്‍വ്വചനങ്ങളുണ്ടാക്കിയവയാണ്. കുറ്റം മനുഷ്യനിലുണ്ടാക്കുന്ന ആധിയുടെ അധോലോകസങ്കല്പം ഇതുപോലെ നമ്മളെവിടെയും വായിക്കില്ല. കസാന്‍ദ് സാക്കിസിന്റെ ‘സെയിന്റ് ഫ്രാന്‍സിസ്’ എന്ന രചനയില്‍ കുറ്റത്തിന്റെ തീയണയ്ക്കാന്‍ ആത്മപീഢനത്തിന്റെ കഠിനതയില്‍ ഒരാള്‍ എത്ര സഞ്ചരിക്കണം എന്ന് പറഞ്ഞുവയ്ക്കുന്നു. അതില്‍ ചോരയും മാംസവും പറിഞ്ഞുപോകുന്ന വേദനയുടെ അനുഭവങ്ങളുണ്ട്, ഉദാത്ത ജീവിതത്തെക്കുറിച്ചുള്ള അനവദ്യസങ്കല്പങ്ങളുണ്ട്, പ്രണയവും ത്യാഗവും നിര്‍വ്വഹിക്കുന്ന സന്നിഗ്ധതകളുണ്ട്, മനുഷ്യന്റെ നിര്‍വൃതികള്‍, വാസനകള്‍, ദൂഷ്ഠതകള്‍, ദൂരന്തങ്ങള്‍ എല്ലാം മൗനമുദ്രിതമായ ഭാഷയില്‍ കസാന്‍ദ്‌സാക്കിസ് ആവിഷ്‌ക്കരിക്കുന്നു. ഇവിടെ കുറ്റം തീരാത്ത പാപത്തിന്റെ കറയായി ആത്മാവില്‍ പടരുന്നു. അത് ലോകത്തിന് വലിയ മുള്‍ക്കിരീടമാണ്, നരകമാണ്.

കസാന്‍ദ്‌സാക്കിസ് ജീവിതത്തെ മതങ്ങള്‍ക്കതീതമായി വീണ്ടെടുക്കേണ്ട ദര്‍ശനമായി കാണുന്നു. കാരണം ആധുനിക ലോകത്ത് മതം വലിയ ദുരന്തമുണ്ടാക്കിയതായി അദ്ദേഹത്തിനറിയാം. മതങ്ങള്‍ ഇന്ന് വിനാശത്തിന്റെ വലിയമാതൃക സൃഷ്ടിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള സാമൂഹിക ജീവിതം തന്നെയാണ് മതങ്ങളിന്നും നടന്നുതീര്‍ക്കുന്നത്. അടിമുടി പരിശോധിക്കുമ്പോള്‍ മതവിശ്വാസികള്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജീവിച്ചവരുടെ ജീവിതം പകര്‍ത്തുകയാണ്. ലോകത്ത് ഏറ്റവും വലിയ ഹിംസ ചെയ്തിരിക്കുന്നത് വിശ്വാസികളാണ്. പൗരോഹിത്യം പരലോകത്തെ സ്വപ്‌നംകാണാന്‍ പഠിപ്പിക്കുകയാണ്. അവരിലൂടെ മതം മദാത്മകതയുടെ സൈദ്ധാന്തികതയിലേക്ക് വളരുന്നു.

സാമൂഹ്യജീവിതത്തില്‍ മതങ്ങള്‍ വളര്‍ത്തുന്ന വിഭാഗീയതയുടെ വൈകാരികതലം കൊണ്ടാണ് മനുഷ്യന്‍ കുറ്റവാളിയാകുന്നത്. മതപ്രേരിതമായകുറ്റങ്ങളിലൂടെയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്. ഈയ്യിടെ കേരളത്തിന്റെ വടക്കേ അറ്റത്ത് കാസര്‍ഗോഡ് ഒരു പിതാവ് സ്വന്തം മകളെ ലഹരി ഉപയോഗിച്ചതിന്റെ പേരില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി ഒരു വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയുണ്ടായി. കഴുത്തറ്റ രൂപത്തില്‍, ദേഹത്തെ ചോരക്കറവറ്റും മുന്‍പ് എടുത്ത ചിത്രമെന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആളുകളത് കണ്ടു. ഹിജാബ് ധരിച്ച ആ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം താരമായ ജരിയ ഖാന്‍ ആയിരുന്നു. മീററ്റിലെ സാനിയ ഖുറേഷി കൊലപാതകവുമായി ബന്ധപ്പെട്ടും ഈ കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു.

കുഞ്ഞുങ്ങള്‍ ലഹരിയുപയോഗിക്കുന്നത് തെറ്റാണ്. കുറ്റമാണ്. എന്നാല്‍ ലഹരിയുപയോഗിച്ചതിന്റെ പേരില്‍ തങ്ങളുടെ സമുദായത്തിലെ കുഞ്ഞുങ്ങള്‍ ഇതാവര്‍ത്തിക്കരുതെന്ന ഭാഷ്യത്തിന് പ്രചാരം നല്‍കുന്ന ഒരു അധമ സംസ്‌ക്കാര രാഷ്ട്രീയം ഇവിടെ മതവാദികള്‍ കൈകാര്യം ചെയ്യുന്നു. ലഹരി ഒരു സമുദായത്തിലെ കുഞ്ഞുങ്ങളും ഉപയോഗിച്ചു കൂടാ. ഈ വ്യാജ വാര്‍ത്ത കുട്ടികള്‍ സാര്‍വ്വത്രികമായി ലഹരിയുപയോഗിക്കുന്നവരാണെന്ന പ്രചാരത്തെ ബലപ്പെടുത്തുകയാണ്. ആര്‍ക്കുവേണ്ടിയാണ് ആളുകളിത് പ്രചരിപ്പിക്കുന്നത്. കുറ്റത്തെ കുറ്റം കൊണ്ടുനേരിടുന്ന ഇസ്ലാമിക രാഷ്ട്രവാദസിദ്ധാന്തമാണിത്.

അഫ്ഖാനിസ്ഥാനിലെ താലിബാന്‍ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ വലിയ നിയന്ത്രണങ്ങളില്‍ ഒന്ന് പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കുക എന്നതായിരുന്നു. ഈ മതാന്ധത ലോകം മുഴുവന്‍ പ്രചരിപ്പിക്കാനും ഇങ്ങനെയൊക്കെ ആവാമെന്ന് പ്രഖ്യാപിക്കാനും അവര്‍ക്കാവുന്നു.

ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് പറയുന്നു: ‘മതം, അതിന്റെ അപൂര്‍ണതകള്‍ എന്തുതന്നെയായാലും, കുറഞ്ഞത് ധാര്‍മ്മികതയെങ്കിലും വളര്‍ത്തിയെടുക്കുമെന്ന് വിശ്വാസികള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എല്ലാവശത്തും, മറിച്ചാണ് സംഭവിക്കുന്നത് എന്നതിന് സ്ഥിരികരിക്കാവുന്ന തെളിവുകളുണ്ട്. വിശ്വാസം ആളുകളെ കൂടുതല്‍ നീചന്മാരും കൂടുതല്‍ സ്വാര്‍ത്ഥരും ഒരുപക്ഷെ എല്ലാറ്റിനുമുപരിയായി കൂടുതല്‍ വിഡ്ഢികളുമാക്കുന്നു. മനുഷ്യന്റെ ധാര്‍മ്മികത മതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞവയല്ല, മതത്തിനും മുമ്പേ പരിണമിച്ചുണ്ടായതാണ്.’

രാഷ്ടീയം

പുനര്‍നിര്‍മ്മാണവും തുറന്നമന:സ്ഥിതിയും കൊണ്ടുവന്ന മിഖായേല്‍ ഗോര്‍ബച്ചേവ് ഓര്‍മ്മയായി. നായകനും പ്രതിനായകനുമായ ഒരു രാഷ്ട്രീയ നേതാവിന്റെ അന്ത്യത്തോടെ റഷ്യക്കൊന്നും വരാന്‍ പോകുന്നില്ല. വന്നതൊട്ടും മാറാനും പോകുന്നില്ല. ഏഴുപതിറ്റാണ്ടിലധികം ലോകത്തിന്റെ പ്രതീക്ഷയും നേതൃത്വവുമായിരുന്ന ഒരു രാജ്യത്തിന്റെ തകര്‍ച്ചയെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് 1991 ഡിസംബര്‍ 25ന് ഗോര്‍ബച്ചേവ് റഷ്യന്‍ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുന്നത്. നാളിതുവരെയുണ്ടായ മഹത്തായ വിപ്ലവങ്ങള്‍ക്കെല്ലാം പോറലേല്‍പ്പിച്ചതായി സങ്കല്‍പ്പിക്കപ്പെടുന്ന ഗോര്‍ബച്ചേവിന്റെ പേര് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നു. കമ്മ്യൂണിസ്റ്റ് പ്രതിനായകന്‍, ദുരന്തനായകന്‍, റിവിഷനിസ്റ്റ് എന്നൊക്കെ ഒടുവില്‍ വിലയിരുത്തപ്പെടുമ്പോഴും ലോകഗതി മാറ്റിയ നേതാവെന്നനിലയില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. ശരിയാണ്, ലോകത്തില്‍ ഇരുന്നൂറ് ഭാഷ സംസാരിക്കുന്ന ഒരു വലിയ രാജ്യത്തിന്റെ തകര്‍ച്ചക്ക് അറിഞ്ഞോ അറിയാതെയോ കാരണക്കാരനായി തീര്‍ന്ന ഒരു നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതും തിരിച്ചടിയായി രേഖപ്പെടുത്തുന്നതും ചരിത്രത്തില്‍ ആദ്യം തന്നെ.

എന്താണ് ഗോര്‍ബച്ചേവിന്റെ കുറ്റം? നിലവിലുള്ള സാമൂഹ്യക്രമത്തെ, സാമ്പത്തിക ക്രമത്തെ അല്ലെങ്കില്‍ രാഷ്ട്രീയക്രമത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ നയിക്കാന്‍ ശ്രമിച്ചു. അതിന്റെ വില ചിന്നിച്ചിതറിയ സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് യൂണിയന്‍ ഇന്ന് റഷ്യ, ലിത്വാനിയ, ലാത്വിയ, എസ്‌തോണിയ, ബെലാറസ്, മൊള്‍ഡോവ, യുക്രൈന്‍, ജോര്‍ജിയ, അര്‍മേനിയ, അസര്‍ബയ്ജാന്‍, തുര്‍ക്ക്‌മെനിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍, കസാഖ്‌സ്താന്‍ എന്നിങ്ങനെ പതിനഞ്ചായി.

കുറ്റങ്ങളെല്ലാം ഒരു ഗോര്‍ബച്ചോവില്‍ അവസാനിപ്പിച്ച് കൈകഴുകാന്‍ ലോകത്തിനാവില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് മേല്‍ മുതലാളിത്തം നേടിയ വിജയമായി തകര്‍ന്ന റഷ്യയുടെ ചരിത്രത്തെ വിലയിരുത്താമെങ്കിലും സ്വതന്ത്ര റിപ്പബ്ലിക്കെന്നത്, റഷ്യക്കന്നനിവാര്യമായിരുന്നു. സാമ്പത്തിക മേഖലയില്‍ റഷ്യക്ക് വന്ന പ്രശ്‌നങ്ങള്‍ നിലവില്‍ ശ്രീലങ്കക്ക് വന്ന പ്രശ്‌നങ്ങള്‍ക്ക് സമാനമായിരുന്നു.

മറ്റൊന്ന് മുതലാളിത്തത്തിലും കമ്മ്യൂണിസത്തിലുമുണ്ടാവുന്ന ഹിംസയെ ഹിംസയായിത്തന്നെ വിലയിരുത്തണം. ദര്‍ശനങ്ങള്‍ സ്ഥിരതയുടെ അളവുകോലല്ല, മാറുന്നലോകത്തിന് പാകപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കാനുള്ളതാണ്.ഏത് കാലത്തേയും ദര്‍ശനങ്ങള്‍ നിലനിന്ന ചരിത്രത്തെയും വ്യവസ്ഥിതിയേയും ആശ്രയിച്ചിട്ടുള്ളതാണ്. വ്യവസ്ഥിതിയും ചരിത്രവും മാറുമ്പോള്‍ അനുബന്ധമായി ലോകവും മാറുന്നു. മാറുന്ന ലോകത്തിന് അനുബന്ധമായി പ്രത്യയശാസ്ത്രത്തെ പ്രയോജനപ്പെടുത്താനായില്ലന്നുള്ളത് റഷ്യയുടെ ദുരന്തം. റഷ്യയില്‍ ലിബറലിസം വേണമായിരുന്നു, എന്നാല്‍ നവലിബറലിസത്തിലേക്കുള്ള എടുത്തുച്ചാട്ടം വേണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…