സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രത്യയശാസ്ത്രവും സമരവും

ആകാംക്ഷഏറ്റവും അര്‍ഹമായതിന്റെ അതിജീവനം
-ലിയനിദ് അബാല്‍കിന്‍

മെയ് 1 ലോക തൊഴിലാളി ദിനം. ലോകത്ത് പണിയെടുക്കുന്ന മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ട ദിനം. മനുഷ്യന്റെ പ്രത്യാശയുടെയും മഹാത്യാഗത്തിന്റേയും പ്രതീകമായി ലോക മനസാക്ഷിക്കു മുന്‍പില്‍ ഈ ദിവസം ആഘോഷിക്കപ്പെടുന്നു. ജീവിച്ചു മരിച്ച പതിനായിരങ്ങളുടെ സംഘശക്തിയെ അനുസ്മരിപ്പിക്കുന്ന വെറും സങ്കല്പമല്ലിത്. കടുത്ത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കാതെ മണ്ണിലുറച്ചുനിന്ന വലിയ മനുഷ്യരുടെ ആദര്‍ശങ്ങളാണവ. അതിജീവനത്തിന്റെ വഴികളില്‍ അവര്‍ പോരാളികളായി. അദ്ധ്വാനമാണവന്റെ ശക്തി. ഭൂമിയിലെ എല്ലാ ഭൗതിക നേട്ടങ്ങള്‍ക്കും അടിസ്ഥാനം അവന്റെ കൈകളായിരുന്നു. ബുദ്ധികൊണ്ടുമാത്രം ഒരാള്‍ സര്‍വാദരണീയനല്ല, അദ്ധ്വാനം കൊണ്ടുകൂടിയാണ്. നമ്മുടെ നരവംശശാസ്ത്രം അതിന് തെളിവാണ്. സാമൂഹ്യശാസ്ത്രപരമായി മനുഷ്യന്റെ വികാസപരിണാമ ചരിത്രത്തിലും അദ്ധ്വാനത്തിനുള്ള പങ്കുണ്ട്.

പട്ടിണിയും ദാരിദ്ര്യവും കൈമുതലായ ജനതയുടെ അവകാശപോരാട്ടത്തിന്റെ ഫലമാണ് എല്ലാ വിപ്ലവങ്ങളും എന്നു പറയാറുണ്ട്. വിപ്ലവം എന്ന പദം ഇന്ന് വളരെ ക്ലീഷെയാണെങ്കിലും ചരിത്രത്തില്‍ ഈ വാക്കിനും അതിന്റെ സാന്ദര്‍ഭികതക്കും പകരമില്ല. അത്രമാത്രം ആവേശകരമായ മുന്നേറ്റങ്ങളും ഐതിഹാസികതയും നിറഞ്ഞതാണിത്. എല്ലാ സ്വാതന്ത്ര്യവാഞ്ഛയ്ക്കും സമരങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും വളവും വേരുമാണ് വിപ്ലവങ്ങള്‍. തിരിച്ചും.

സംഘടനകള്‍

ലോകത്ത് തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും ധാര്‍മ്മികമായ പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് ഒന്നാം ഇന്റര്‍ നാഷണല്‍ രൂപം കൊള്ളുന്നത്. എന്നാല്‍, അത് ഫലപ്രദമാകുന്നതിന് മുന്‍പ് തന്നെ 1876-ല്‍ ഫിലാഡല്‍ഫിയയില്‍ വെച്ച് പിരിച്ചുവിടപ്പെട്ടു. പിന്നീട് 1889-ല്‍ മാര്‍ക്‌സിസ്റ്റ് ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്, പാരീസില്‍ ചേരുകയും ഒന്നാം ഇന്റര്‍ നാഷണലിന്റെ തുടര്‍ച്ചയായി രണ്ടാം ഇന്റര്‍നാഷണല്‍ സ്ഥാപിതമാകുകയും ചെയ്തു. ഇവിടെ വെച്ചാണ് എട്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള തൊഴിലാളി വര്‍ഗ്ഗ ആവശ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുന്നതും തൊഴിലാളി വര്‍ഗ്ഗസമര ചരിത്രത്തില്‍ പിന്നീട് വലിയ നാഴികകല്ലായ പല അവകാശവാദങ്ങള്‍ക്കും നിബന്ധനകള്‍ക്കും രൂപരേഖയുണ്ടാവുന്നതും. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ് 8 മണിക്കൂര്‍ ജോലി, ഓവര്‍ ടൈം വേജസ്, തൊഴില്‍ സുരക്ഷിതത്തം, ആരോഗ്യസംവിധാനത്തിന്റെ മികവ്, എല്ലാം ഒരു സുപ്രഭാതത്തില്‍ മുതലാളിത്തമോ ഫാസിസ്റ്റ് ഭരണ സംവിധാനമോ വികസിപ്പിച്ചെടുത്തവയല്ല. വ്യാവസായിക വിപ്ലവാനന്തരം ജര്‍മനിയിലും ഫ്രാന്‍സിലും ബ്രിട്ടനിലുമെല്ലാമുണ്ടായിരുന്ന തൊഴിലാളികളുടെ നരകയാതനയെ അറിഞ്ഞതിന്റെ ഫലമാണ്. അവരുടെ മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി നടന്ന സമരങ്ങള്‍ പ്രധാനമായും മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളുടെ ചുവടുപിടിച്ചായിരുന്നു.

മാര്‍ക്‌സിസം പ്രസക്തമാകുന്നു.

ലോകതൊഴിലാളി വര്‍ഗ്ഗ സമരചരിത്രത്തിന് വഴിത്തിരിവുണ്ടാകുന്നത് കാറല്‍ മാര്‍ക്‌സിന്റെ വരവോടു കൂടിയാണ്. ഫ്രഞ്ച് റവല്യൂഷന് ശേഷം ലോകം കേട്ട സവിശേഷ ശബ്ദം മാര്‍ക്‌സിന്റേതായിരുന്നു. മാര്‍ക്‌സിസത്തിന്റെ വരവോടുകൂടി യൂറോപ്പിനെ ഒരു ദുര്‍ഭൂതം പിടികൂടിയതായി മുതലാളിത്തം വിലയിരുത്തുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു എല്ലാ സാമ്രാജ്യത്വ ഭരണസംവിധാനങ്ങളുടെയും നേര്‍ക്കുള്ള കടുത്ത വെല്ലുവിളിയായി മാര്‍ക്‌സിസം മാറി.

ഗ്രീക്ക് നവോത്ഥാന ചരിത്രത്തില്‍ ചിന്തയുടെ വെളിച്ചം പകര്‍ന്ന് ലോകത്തെ അല്‍ഭുതപ്പെടുത്തിയത് സോക്രട്ടീസും, പ്ലാറ്റോയും, അരിസ്‌റ്റോട്ടിലുമായിരുന്നു.. അതുപോലെ, ഫ്രഞ്ച് റവല്യൂഷന്റെ ആത്മാവ് കുടികൊള്ളുന്നത് വോള്‍ട്ടയര്‍, റൂസോ, മൊണ്ടേസ്‌ക്യു എന്നിവരിലാണ്. അത്തരത്തില്‍, ലോകത്ത് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന ആശയ സംഹിതയുടെ വഴികാട്ടികളായി വരുന്നത് മാര്‍ക്‌സും ഏംഗല്‍സും ലെനിനുമാണ്. അവരെന്തുചെയ്തു? അവരാരായിരുന്നു?.

ജര്‍മ്മനിയല്‍ ജനിച്ച് ബ്രിട്ടനില്‍ കുടിയേറിയ മാര്‍ക്‌സിന്റേയും ഏംഗല്‍സിന്റേയും ജീവിത പശ്ചാത്തലത്തില്‍ ചരിത്രവും സാമ്പത്തിക ശാസ്ത്രവും സാമൂഹ്യരാഷ്ട്രീയ സ്ഥിതിഗതികളുമെല്ലാം ഏതെങ്കിലും ഒരു രാജ്യത്ത് ഒതുങ്ങുന്നതായി തോന്നിയില്ല. ലോകത്തെങ്ങുമുള്ള പട്ടിണി പാവങ്ങളുടെ, ചൂഷണം ചെയ്യപ്പെടുന്നവരുടെ വേദനകളെ കാണാനും അറിയാനുമായി ജീവിതത്തിന്റെ മുഴുവന്‍ ഭാഗവും അവര്‍ മാറ്റിവച്ചു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ റഷ്യയിലും, തുടര്‍ന്ന് ചൈനയിലുമുണ്ടായ ജനമുന്നേറ്റങ്ങളുടെ ചരിത്രം, മാനവരാശിക്ക് കൈമുതലായ മഹാദര്‍ശനങ്ങളുടെ പിന്‍ബലത്തില്‍ നിന്നു തന്നെ.
മാര്‍ക്‌സ് ജീവിച്ച പത്തൊന്‍പതാം നൂറ്റാണ്ട് ഏറ്റവും അനുഗ്രഹീതരായ ജന്മങ്ങളുടെ നൂറ്റാണ്ടുകൂടിയാണ്. ചാള്‍സ് ഡാര്‍വിന്‍ (On the origin of species 1859), ജോണ്‍ സ്റ്റുവേര്‍ട്ട്‌ മില്‍ (Utilitarianism),വില്ല്യം ലോവറ്റും ഹെന്റി ഹെതറിന്‍ട്ടോണും (Chartism). ഒന്നു രണ്ടുപേരെ മാത്രം ഓര്‍ത്തുപോകുന്നു. ഡാര്‍വ്വിന്റെ പരിണാമസിദ്ധാന്തം മുന്‍കാല ശാസ്ത്രബോധത്തെ ആകെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. ജോണ്‍ സ്റ്റുവേര്‍ട്ട് മില്‍ കടന്നുവന്നത് ധാര്‍മികതയുടെ സിദ്ധാന്തവും കൊണ്ടാണ്. ജീവിതത്തിന് ആനന്ദം പകരുന്ന അനുഭവങ്ങളെ തേടിയുള്ള അന്വേഷണമാണ് അദ്ദേഹത്തിന്റെ uttilitarianism. അതേസമയം, വില്യം ലോവറ്റും ഹെന്റി ഹെതറിന്‍ട്ടോണും ചാര്‍ട്ടിസത്തിലൂടെ മഹത്തായ വിപ്ലവം തന്നെ നടത്തി. ഇംഗ്ലണ്ടിലെ മോശമായ പാര്‍ലമെന്ററി സമ്പ്രദായത്തിനെതിരെ, സാമൂഹ്യമാറ്റങ്ങള്‍ക്കുവേണ്ടി, ജനങ്ങളുടെ യാതനകള്‍ക്കും പട്ടിണിയ്ക്കും ഉത്തരവാദികള്‍ സര്‍ക്കാറാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് തൊഴിലാളികള്‍ നടത്തിയ സമരമായിരുന്നു..

ഇംഗ്ലണ്ടിലെ വിക്ടോറിയന്‍ കാലഘട്ടത്തിന്റേയും വ്യാവസായിക വിപ്ലവത്തിന്റേയും ക്ഷതങ്ങളില്‍ നിന്നാണ് 19ാം നൂറ്റാണ്ട് പുതിയ മാനവസങ്കല്പങ്ങളെ കെട്ടിപ്പടുക്കുന്നത്. ചരിത്രത്തില്‍ വലിയ സന്ദിഗ്ദ്ധാവസ്ഥയിലൂടെ കടന്നുപോയ ഈ നൂറ്റാണ്ട് ജ്ഞാനോദയത്തിന്റെ പുതു നാമ്പുകള്‍ക്ക് വിത്തിട്ട സമയവുമായിരുന്നു. ശാസ്ത്രത്തിലും കലയിലുമെല്ലാം കണ്ട പ്രവണതകള്‍ മാനവികതയുടെ ഭാഷ്യമായിരുന്നു. പ്രത്യേകിച്ച് വിക്ടോറിയന്‍ കാലഘട്ടത്തിന്റെ മധ്യദശകം സാഹിത്യരാഷ്ട്രീയ സാംസ്‌കാരികതയുടെ അശാന്തപ്രബുദ്ധതകൊണ്ട് ശബ്ദമുഖരിതവുമായിരുന്നു. ഇക്കാലത്താണ് ചാള്‍സ് ഡിക്കന്‍സിന്റെ വ്യാവസായിക നോവല്‍ (Hard Time- 1854) പ്രത്യക്ഷപ്പെടുന്നത്. ബെഞ്ചമിന്‍ ഡിസ്‌ട്രേലിയുടെ ( Sybil- 1845), എലിസബത്ത് ഗാസ് കെലിന്റെ
( Mary barton -1848, North and South- 1855 ) എന്നിവയെല്ലാം വ്യാവസായിക നോവല്‍ സാഹിത്യത്തിന്റെ പ്രമേയങ്ങളുമായി സംവദിച്ചവയായിരുന്നു. അവ പ്രൊലിറ്റേറിയന്‍ സാഹിത്യമായി. വ്യാവസായിക നോവലിലും തൊഴിലാളി വര്‍ഗത്തോടുള്ള അടുപ്പവും സ്‌നേഹവുമൊക്കെയുണ്ടായി. അവരുടെ യൂണിയന്‍ രാഷ്ട്രീയം, സാമൂഹിക സാമ്പത്തികാവസ്ഥ, ജീവിത ശൈലി, ഫാക്ടറി ഉടമയുടെ ചൂഷണം, ഫാക്ടറികളിലെ സ്ത്രീ തൊഴിലാളികള്‍, നഗരദാരിദ്ര്യം, കുടിയേറ്റ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വ്യാവസായിക നോവലുകളില്‍ വിഷയങ്ങളായി. നോവലുകളിലെ ആശയങ്ങള്‍ അവരുടെ ജീവിതവുമായി സമ്പര്‍ക്കപ്പെട്ടതിനാല്‍ അതിലെ സാമൂഹ്യ വീക്ഷണവും രാഷ്ട്രീയ ചിന്തകളുമെല്ലാം തൊഴിലാളികളെ എളുപ്പത്തില്‍ സ്വാധീനിച്ചു. അവരുടെ ജീവിതത്തിലും സമരമുഖങ്ങളിലും ഈ രചനകളുടെ പ്രചോദനമുണ്ടായി. പണിയെടുക്കുന്ന മനുഷ്യരോടുള്ള അടുപ്പവും ആദരവും സൂചിപ്പിച്ചു ഈ രചനകള്‍. മനുഷ്യാവകാശ സമ്പന്ധിയായ ഇടപെടലുകള്‍ക്ക് ആക്കം കൂടിയ ഈ കാലഘട്ടം സംയുക്തത വാദ (Uttilitarianism) ത്തിന്റേതായിരുന്നു.

മാര്‍ക്‌സിന്റെ ചരിത്രബോധവും നൈതികതയുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രക്ഷുബ്ധദയുമായി ബന്ധപ്പെട്ടു രൂപപ്പെട്ടതാണ്. 19 ഉം 20 ഉം നൂറ്റാണ്ടുകളില്‍ ലോകത്ത് വളര്‍ന്ന ഏറ്റവും വലിയ മനുഷ്യവിമോചന സങ്കല്പങ്ങള്‍ മാര്‍ക്‌സിന്റെതായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും, ദാസ് കാപ്പിറ്റലും എന്തിന് വേണ്ടി രചിച്ചുവോ, അതിന്റെ സൈദ്ധാന്തികമായ വസ്തുതകളില്‍ മനുഷ്യസ്‌നേഹമുണ്ടായിരുന്നു.

മാര്‍ക്‌സിസം മതത്തേയും ദൈവത്തേയും പ്രത്യക്ഷത്തില്‍ തന്നെ മാറ്റി നിര്‍ത്തി, മനുഷ്യനാണ് പ്രധാനമെന്ന് സ്ഥാപിക്കുന്നു. മനുഷ്യജീവനും അവന്റെ സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും
വേണ്ടി ഇടപെടുന്ന ഒരു സമരായുധമായി അത് മാറുന്നതു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ്. അത് സജീവമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്നനിലയില്‍ വേരുപിടിക്കുന്നതും
ഇക്കാലത്ത് തന്നെ. മാനവികമായ പലതിനോടും അതിന് ബന്ധമുണ്ടായി. പരിസ്ഥിതി, സ്ത്രീ, സ്വത്ത്, സ്റ്റേറ്റ്, സംസ്‌ക്കാരം, സാഹിത്യം, ശാസ്ത്രം ഒന്നില്‍ നിന്നും അതിന് വേറിട്ടുനില്‍ക്കാനാവില്ല.

മാര്‍ക്‌സിസത്തെ തുടര്‍ന്ന് ഒന്നരനൂറ്റാണ്ടുകള്‍ക്കു ശേഷവും ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആശയങ്ങള്‍ കീറിമുറിച്ച്, ഫാസിസ്റ്റുകള്‍ പരിശോധിക്കുകയും ഹിംസിക്കുകയും ചെയ്തുവരുന്നുണ്ട്. ഇന്ത്യയിലടക്കമുള്ള ഫാസിസ്റ്റ് ഭരണാധികാരികള്‍ മാര്‍ക്‌സിസം ലോകത്ത് പരാചയപ്പെട്ടെന്ന് വ്യാഖ്യാനിക്കുന്നവരുമാണ്. എന്താണ് മാര്‍ക്‌സിസത്തിന് അടിസ്ഥാനപരമായി സാധ്യമായതെന്ന് ബൂര്‍ഷാ ജനാധിപത്യരാജ്യങ്ങളിലെ നേതാക്കളും ഏറെക്കാലമായി ചോദിച്ചു കൊണ്ടിരിക്കുന്നു. അതിനുള്ള ഉത്തരം ചരിത്രം അറിയുക എന്ന് മാത്രമേയുള്ളു. കാരണം, ഇക്കാലമത്രയും ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ആന്തരികമായി പടര്‍ന്നുനില്‍ക്കാന്‍ മാര്‍ക് സിസത്തിനായി. ഫാസിസത്തിനും ഫ്യുഡലിസത്തിനും ക്ഷതമേല്‍പ്പിച്ച് വളര്‍ന്ന ഒരു പ്രത്യയശാസ്ത്രം. കലയിലും ശാസ്ത്രത്തിലും പുതിയ വ്യാഖ്യാനങ്ങള്‍ക്ക് അവ തുടക്കം കുറിച്ചു. നൂറ്റാണ്ടുകളായുള്ള മതഹിംസയും രാജവാഴ്ചയും ഭൂപ്രമാണിത്തവും വര്‍ഗ്ഗ-വര്‍ണ്ണ-ജാതിവ്യവസ്ഥയും കോളണിവത്കരണവും ഇല്ലാതാക്കുന്നതിന് ആശയപരമായി കരുത്തുപകര്‍ന്നു.

ഫലത്തില്‍ സോഷ്യലിസ്റ്റ് റഷ്യയിലെ സാമ്പത്തിക പരിഷ്‌ക്കാരത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും പേരില്‍
മാര്‍ക്‌സിസത്തിന് തിരച്ചടികള്‍ പലുതുമുണ്ടായെങ്കിലും ഇന്നും തൊഴിലിടങ്ങളിലെ കേന്ദ്രീക്യത വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന മുതലാളിത്ത സമ്പത്ത് വ്യവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ക്ക് ഒരു തടയാണ് മാര്‍ക്‌സിസം . പ്രസിദ്ധ റഷ്യന്‍ അക്കാദമിഷ്യനായ ലിയനിദ് അബാല്‍കിന്‍ ഉദ്ദരിക്കുന്നത്‌പോലെ, ‘ഏറ്റവും അര്‍ഹമായതിന്റെ അതിജീവനം തന്നെ’.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…