സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വായനയുടെ സംവേദനം

ആകാംക്ഷ


തീരാത്ത വര്‍ത്തമാനത്തിൻ്റെ ചരിത്രമാണ് വായന. വായനയില്‍ ഭൂതകാലവും ഭാവിയും വീണ്ടെടുക്കപ്പെടുന്നു. മനുഷ്യന് മാത്രം സാധ്യമായ അനുഭൂതികളിലൂടെയുള്ള സഞ്ചാരമാണത്. സഹജബോധം കൊണ്ടു സ്വീകാര്യമായി തീരുന്ന വസ്തുതകളെ സ്വരൂപിക്കുകയാണു ഒരു നല്ല വായനക്കാരന്‍ ചെയ്യുന്നത്. ചിലപ്പോള്‍ തെറ്റും ശരിയും അയാള്‍ക്ക് വേര്‍തിരിക്കാനാവുന്നു. എന്നാല്‍ നിരീക്ഷണത്തിലെ ശാസ്ത്രീയതയുടെയും അശാസ്ത്രീയതയുടെയും കണ്ടീഷനിംഗിന് വിധേയനാകുന്ന ഒരാള്‍ കൂടിയാണ് അയാള്‍. വായനയില്‍ ഒരാള്‍ക്ക് പ്രണയം പോലെ അനുകമ്പയുണ്ട്, ഇഷ്ടമുണ്ട്. കേട്ടാലും അറിഞ്ഞാലും തീരാത്ത മോഹമാണ് അതിൻ്റെ ജീവന്‍.

ഒറ്റവായനയില്‍ സംഗീതം പോലെ പ്രിയമാകുന്നതാണ് ചില പുസ്തകങ്ങള്‍. അത് വായിച്ചാലും വായിച്ചാലും തീരില്ല.തീരാത്ത വഴികളിലൂടെയുള്ള അനുഭവങ്ങളുടെ ഒഴുക്കാണ് എഴുത്തിൻ്റെ സര്‍ഗാത്മകത. സര്‍ഗാത്മകതയില്‍ നിശബ്ദമായി നമ്മെ പ്രചോദിപ്പിക്കുന്ന വൈകാരിക തലമുണ്ട്. ജീവിതത്തിൻ്റെ ഈ വൈകാരിക തലത്തില്‍ നിന്നാണ് എം ടി യും വിജയനുമൊക്കെ
വായനയുടെ സംഗീതത്തെ സാഹിത്യത്തില്‍ പ്രിയതരമാക്കിയത്. പ്രൊഫ.എം എന്‍ വിജയൻ്റെ പ്രഭാഷണങ്ങളില്‍ വായനയുടെ സംഗീതമൊഴുകുന്നു. ആരോഗ്യ സാംസ്‌ക്കാരിക ചിന്തകനായിരുന്ന പി എന്‍ ദാസ് വായനയുടെ ലോകത്തിലൂടെ സ്‌നേഹത്തിൻ്റെ ഇഴമുറിയാത്ത അനുഭവങ്ങളില്‍ നിശബ്ദസഞ്ചാരം ചെയ്ത എഴുത്തുക്കാരനായിരുന്നു. പലകുറിവായിച്ചുപോകുന്ന കാവ്യ ഗദ്യമാണ് കെ.ജി ശങ്കരപ്പിള്ളയുടേത്. ഭാഷയുടെ സാങ്കേതികതയെ തൊടാതെ പറയുന്ന എഴുത്തുകാരനാണ് ബഷീര്‍. വായനയില്‍ സംഭാഷണത്തിൻ്റെ സംഗീതമാണ് ബഷീറിയന്‍ ഭാഷ.

വായന വെറും സ്വരവ്യഞ്ജനങ്ങളുടെ മിശ്രണത്തില്‍ നിന്നുണ്ടാകുന്ന ശബ്ദരുപമല്ല, പുതിയ ആശയങ്ങളെ, സൗന്ദര്യ സങ്കല്‍പ്പങ്ങളെ സൂക്ഷ്മതയില്‍ സംവേദനം ചെയ്യുന്ന ഒരു മാന്ത്രിക പ്രക്രിയയാണ് കാഴ്ചയിലും കേള്‍വിയിലും വായനയുണ്ട്.
സോക്രട്ടീസിനെ ലോകം വായിച്ചത് കേള്‍വികൊണ്ടായിരുന്നു. സ്വന്തം ചിന്തകള്‍ പറഞ്ഞും പഠിപ്പിച്ചും ജീവിച്ച സോക്രട്ടീസിനെ ആധുനിക ജനത വായിക്കുന്നത് എത്ര വലിയ വായനയിലാണ്. യുക്തിക്കും സംവാദങ്ങള്‍ക്കും വലിയ അര്‍ത്ഥമുണ്ടെന്ന് ആധുനിക ലോകത്തെ പഠിപ്പിച്ചത് സോക്രട്ടീസാണ്.

ഒരു കമ്പ്യൂട്ടറിനും കീഴ്‌പ്പെടുത്താനാവാത്ത മൗലികത കൊണ്ടാണ് വായന ലോകത്ത് വിപ്ലവം സൃഷ്ടിച്ചത്. ഗൂഗിള്‍ ട്രാന്‍സലേറ്റര്‍ പോലെ അര്‍ത്ഥരാഹിത്യമുള്ള ഭാഷയല്ല വായനയുടെ ഭാഷ. എഴുത്തുകാരന്‍ അനുവാചകനും അനുവാചകന്‍ എഴുത്തുകാരനുമാകുന്ന പകര്‍ച്ചയാണ് വായനയില്‍ സംഭവിക്കുന്നത്. മനുഷ്യൻ്റെ വൈകാരികമായ എല്ലാ അടുപ്പങ്ങളെയും അപ്പപ്പോള്‍ മനസ്സിലാക്കി
പോകുന്ന സഞ്ചാരമുണ്ടതില്‍. സിനിമ കണ്ടുകണ്ണീരുതുടയ്ക്കുന്ന പ്രേക്ഷകന്‍ നായകനോ, നായികയോ ആയി രൂപാന്തരപ്പെടുന്നതുപോലെ, വായനക്കാരന്‍ വസ്തുതകളുടെ ലോകത്ത് നിന്ന് പുതിയ സമരനായകനാവുകയാണ്. നല്ലവായനക്കാരന്‍ അരാഷ്ട്രീയനല്ല; അയാള്‍ക്കൊരു രാഷ്ട്രീയമുണ്ട്. വായനയുടെ രാഷ്ട്രീയം. അതിലൂടെ അയാള്‍ എന്തിനും പോന്ന ഒരാളായി വളരുകയാണ്. ഈ വളര്‍ച്ച അനുചിതമായ ആദര്‍ശത്തിൻ്റെയും വിവേകത്തിൻ്റെയും തലത്തില്‍ സമ്പര്‍ക്കപ്പെടുമ്പോള്‍ ഒരവബോധമായി മാറുന്നു.
ആ അവബോധം കൊണ്ടൊരാള്‍ക്ക് സര്‍വ്വഭൗതികതയും ഉപേക്ഷിച്ച്, മാറി നിന്ന് ചിന്തിക്കാനാവും. അത്തരമൊരു പരിത്യാഗത്തിൻ്റെയും, ജ്ഞാന ലബ്ധിയുടെയും ശേഷിയില്‍ വളരുന്ന ഒരു കഥാപാത്രമുണ്ട് ആന്റന്‍ ചെക്കോവിന്റെ ‘ദി ബെറ്റ്’ എന്ന ചെറുകഥയില്‍. ലോക പ്രശസ്തമായ ഈ ചെറുകഥ വിജ്ഞാനം കൊണ്ട് ഒരാള്‍ക്കുണ്ടാകുന്ന അതിജീവനത്തെ സുന്ദരമായി ആവിഷ്‌ക്കരിക്കുന്നു. യുവാവായ ഒരു ലോയറും നന്നേ കണിശക്കാരനായ ഒരു പണമിടപാടുകാരനും തമ്മില്‍ നടക്കുന്ന പന്തയത്തില്‍ നിന്നാണ് കഥയാരംഭിക്കുന്നത്. വധശിക്ഷയും ജീവപര്യന്തവും ഏതാണ് നല്ലതെന്ന വിവാദത്തിലാണ് പന്തയം തുടങ്ങുന്നത്. ജീവപര്യന്തം ഭേദമെന്ന് വാദിച്ച ലോയര്‍
15 വര്‍ഷം കഠിന തടവിന് വിധേയമായാല്‍ 2 മില്യന്‍ കൊടുക്കാമെന്ന് പണമിടപാടുകാരന്‍ പന്തയം ഉറപ്പിക്കുന്നു. യുവ ലോയര്‍ ആവശ്യപ്പെട്ട പരിമിതമായ സൗകര്യങ്ങളെല്ലാം പണമിടപാടുകാരന്‍ നല്കുന്നുണ്ടെങ്കിലും എത്രയും വേഗം യുവലോയര്‍ പന്തയത്തില്‍ നിന്ന്പിന്‍മാറണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്ന ലോയര്‍ എല്ലാപ്രയാസങ്ങളും സഹിച്ച് 15 വര്‍ഷക്കാലം കഠിന തടവിന് വിധേയമാകുകയും തൻ്റെ  വായനകൊണ്ട് സര്‍വ്വ വിജ്ഞാനങ്ങളും സ്വന്തമാക്കി പരമ സ്വാത്വികനും നിസ്വാര്‍ത്ഥനുമായി മാറുന്നു.
ഒടുവിലയാള്‍ പന്തയകാലാവതിക്ക് ഏതാനും സമയം മാത്രം ബാക്കി നില്‍ക്കെ മുറിവിട്ടുപോകുന്നു.

ഇത്തരത്തില്‍, മനുഷ്യനെ വിമോചിപ്പിക്കുന്ന ഘടകമായി വായന മാറുന്നുണ്ടു. ‘Hungry man, reach for the book; it is a weapon” എന്ന
ബെര്‍തോള്‍ഡ് ബ്രെക്റ്റിൻ്റെ വാക്യം വായനയുടെ ദര്‍ശനത്തെ സൂക്ഷ്മവല്‍ക്കരിക്കുന്നവയാണ്. മനുഷ്യനിന്നോളം ആര്‍ജിച്ച അവബോധത്തെ പ്രസരിപ്പിക്കുന്ന ഒരു സാംസ്‌ക്കാരിക പ്രസ്ഥാനമായി വായന മാറുന്നുണ്ടു. ആധുനിക മനുഷ്യൻ്റെ ഏറ്റവും വലിയ പുരോഗതിയും ഇതു തന്നെ.


വായന ഒരു സാധനയാണ്. സാധനയുടെ ഈ മഹാസ്പര്‍ശത്തെ ആഴത്തിലനുഭവിക്കുന്ന കോടിക്കണക്കിനാളുകള്‍ ലോകത്തുണ്ടെന്നുള്ളത് വായനയുടെ ചരിത്രമാണ്. ലോക പ്രശസ്ത ബ്രസീലിയന്‍ നോവലിസ്റ്റ് പൌലോ കൊയ്‌ലോയുടെ നോവല്‍ ‘അല്‍ക്കമിസ്റ്റ്’ മുപ്പത്തിയഞ്ച് മില്യന്‍ കോപ്പികളിലധികം വിറ്റഴിക്കപ്പെട്ട ക്യതിയാണ്. എണ്‍പത് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി നൂറ്റി എഴുപത്‌ ‌രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സാന്റിയാഗോ എന്ന ആട്ടിടയൻ്റെ നിധിതേടിയുള്ള യാത്ര, മനുഷ്യൻ്റെ ജിജ്ഞാസയുടെയും പ്രതീക്ഷയുടെയും മഹത്തായ സമ്പര്‍ക്കമാണ്.
ചിന്തയുടെ ആത്മീയ ലാവണ്യത്തിലൂടെ ലോകത്ത് വായിക്കപ്പട്ട മികച്ച കൃതിയാണിത്. ഡി എച്ച് ലോറന്‍സ് ഉന്മാദം കൊണ്ടെഴുതിയ നോവലിനേക്കാള്‍ സമ്പന്നമാണ് അല്‍ക്കമിസ്റ്റ്.

പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ നോവലുകള്‍ മാറ്റിയ സംസ്‌ക്കാരമാണ് നമ്മുടെ ജീവിതം. ഇത്രയധികം വായന മറ്റൊരു സാഹിത്യശാഖയിലും ഉണ്ടായിട്ടില്ല.ലോകവ്യാപകമായി കലയില്‍ ഏറ്റവും കൂടുതല്‍ വിറ്റയിക്കപ്പെട്ടത് നോവലും സിനിമയുമാണ്.
സാംസ്‌ക്കാരിക ജീവിതത്തെ, മാനവികതയെ അടുത്തറിയാന്‍ ഇവ രണ്ടും നല്‍കിയ സംഭാവന മറ്റേത് സാഹിത്യരൂപത്തേക്കാളും മികച്ചതാണ്.

നമ്മുടെ കാവ്യനാടകാധികള്‍ ആറേഴുനൂറ്റാണ്ടുകള്‍ക്കുള്ളില്‍ നിര്‍വ്വഹിച്ച രസാനുഭൂതികളുടെ തുടര്‍ച്ചയില്‍ തന്നെയാണ് ഇന്നും
സാഹിത്യസംഭാവനകളുടെ മൗലികത വിലയിരുത്തപ്പെടുന്നത്. കണ്ടും കേട്ടും വായിച്ചും തലമുറകളിലൂടെ പരാവര്‍ത്തനം ചെയ്യപ്പെട്ട ആശയാവിഷ്‌ക്കാരങ്ങളുടെ രൂപഭദ്രതയില്‍ കലയും സാഹിത്യവുമുണ്ടാവുന്നു. കാണാനും കേള്‍ക്കാനും വായിക്കാനും പ്രേരിപ്പിക്കുന്ന സൗന്ദര്യമാണ് കല. സംവേദനത്തിൻ്റെ ഭാഷ കൊണ്ടാണ് അത് വായിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…