സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സംഗീത പാഠം

ആകാംക്ഷ


വാക്കുകള്‍ വികാരത്തിന്റെ പരകോടിയില്‍ ശ്രുതിമധുരമായി തീരുന്നത് സംഗീതത്തിലാണ്. സ്വരവ്യഞ്ജനങ്ങളുടെ സഞ്ചാരമാണതിന്റെ വഴി. ശബ്ദമാണതിന്റെ ഭാഷ. കേള്‍വിയാണതിന്റെ ഏകാഗ്രത. നിശബ്ദത പോലെ സൂക്ഷ്മവും സുന്ദരവുമാണ് അതിന്റെ ലയം. സംഗീതം പോലെ ഇത്ര മധുരമായ ഭാഷ വേറെയില്ല. വേദനയോളം തന്നെ അവ വൈകാരികവും.

പ്രപഞ്ചത്തിലെ എല്ലാ ജീവസഞ്ചയങ്ങള്‍ക്കും അവയുടെ വികാരത്തിന്റെ ഭാഷ വേദനയാണ്. ആദ്യസ്വരം വേദനയുടേതാണ്. വേദനയില്‍ നിന്നാണ് സംഗീതമുണ്ടാവുന്നത്. ശബ്ദമാത്രയില്‍ രാഗങ്ങളെ ചിട്ടപ്പെടുത്തുന്നതിനും മുന്‍പ് പ്രാചീന മനുഷ്യന്റെ ശബ്ദങ്ങളില്‍ സംഗീതമുണ്ടായിരുന്നു. ഭൂമിയിലെ എല്ലാ പക്ഷി മൃഗാധികളിലും പ്രാണിവര്‍ഗ്ഗങ്ങളിലും സംഗീതമുണ്ട്. മനുഷ്യനെ സംബന്ധിച്ച് കൃത്രിമ ഭാഷയാണ് സംഗീതത്തിന്റെ ജീവനായിമാറിയത്. ഭാഷ സംവേദനത്തിന്റെയും ആവിഷ്‌കാരത്തിന്റെയും സൗന്ദര്യമായി തീര്‍ന്നത് പോലെ സംഗീതവും മാറി വരുകയായിരുന്നു.. ലോകത്തിലെ ഏത് ഭാഷയ്ക്കും അര്‍ത്ഥവും ആഴവും കൈവന്നത് ഉപയോഗത്തിലൂടെയാണല്ലോ. സംഗീതവും ഉപയോഗത്തിലൂടെ വികസിച്ചതാണ്.

കേള്‍വിയാണ് സംഗീതത്തിന്റെ അടിസ്ഥാനമെങ്കിലും ബധിരതയില്‍ നിന്ന് സംഗീതമുണ്ടാക്കാമെന്ന് നമ്മെ പഠിപ്പിച്ചത്, ലുഥ്‌വിംഗ് വാന്‍ ബീഥോവനാണ്. നിശബ്ദത സംഗീതത്തിന്റെ ജീവനാണെന്ന് ലോകം തിരിച്ചറിയുന്നത് ബീഥോവനിലൂടെയാണ്. പ്രകൃതിയുടെ ഭാഷയാണ് ബീഥോവന്റെ സിംഫണിയായി മാറിയത്. മഞ്ഞും മഴയും വെയിലും കാറ്റും തണുപ്പും ശരീരത്തിന്റെ സൂക്ഷ്മസുഷിരങ്ങളില്‍ സൃഷ്ടിച്ച സ്പന്ദനങ്ങളില്‍ നിന്ന് ബീഥോവന്റെ അന്തരിന്ദ്രിയങ്ങള്‍ സംഗീതമുണ്ടാക്കി.

എന്നാല്‍ കേള്‍വിയുടെ സൂക്ഷ്മതയിലും നിശബ്ദതയിലും ഉണര്‍ന്നിരിക്കുന്ന ഒരാളാണ് നല്ല സംഗീതഞ്ജന്‍. നല്ല ആസ്വാദകനും അയാള്‍ തന്നെ. ആസ്വാദനമില്ലങ്കില്‍ സംഗീതമില്ല. നല്ല കേള്‍വിയെ അറിയുന്ന ഒരാളിലെ സംഗീതമുണ്ടാകു.. കേള്‍വി ഒരു സന്തോഷത്തേയോ ദു:ഖത്തേയോ സ്വീകരിക്കലാണെന്ന് മാത്രം.

നമ്മുടെ ഇടയ നാടോടി ഗാനം മുതല്‍ പോപ്പും ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കും റാസ്പുട്ടിനുമുള്‍പ്പെടെ എല്ലാ സംഗീത ശാഖകളിലും അടിസ്ഥാനപരമായി വരുന്ന ദ്രുതതാളങ്ങള്‍ വേദനയുടേയോ സങ്കടത്തിന്റേയോ നിര്‍വാണത്തിനായി ധ്വനിക്കുന്നത് കാണാം. അതിന്റെ പരിസമാപ്തിയില്‍ ആഹ്ലാദപ്രദമെങ്കിലും വിവശമായി തീരുന്ന മനോഘടനയുടെ തലമുണ്ടാവുന്നു. ആഹ്ലാദത്തിനോ സമാശ്വാസത്തിനോ നിര്‍വൃതിക്കോ വേണ്ടി നടത്തുന്ന സര്‍ഗാത്മകമായ ഹൃദയത്തിന്റെയും മനസ്സിന്റെയും അനുഷ്ഠാനമാണ് അപ്പോള്‍ സംഗീതത്തില്‍ നാം കാണുന്നത്.
പ്രപഞ്ചതാളം പോലെ ആശ്വസിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന ഒട്ടനവധി രാഗങ്ങള്‍ സംഗീതത്തിലുണ്ടല്ലൊ. വോക്കല്‍ സംഗീതത്തിലും ഉപകരണസംഗീതത്തിലും പ്രാണനായി നില്‍ക്കുന്ന ഈ രാഗങ്ങള്‍, എല്ലാ സമൂഹത്തിന്റെയും വയലന്‍സിനെ കുറയ്ക്കുന്നതായി കണ്ടുവരുന്നു. അത് മൃഗീയ വാസനകളെ നിശബ്ദമാക്കുന്നതായും നമ്മുടെ ശാസ്ത്രം തെളിവുതരുന്നു.

പാട്ടിന്റെ യുവത്വം

ചിട്ടപ്പെടുത്തിയ ശബ്ദസൗന്ദര്യം എത്ര പ്രായാധിക്യത്തിലും യൗവ്വനാവസ്ഥയെ പ്രാപിക്കുന്നത് കാണാം. ഗായകന്‍ കെ ജെ യേശുദാസും പി ജയചന്ദ്രനും എസ് പി ബാലസുബ്രഹ്മണ്യവും ജാനകിയും പി സുശീലയുമെല്ലാം പാടുന്ന ചലച്ചിത്രഗാനങ്ങള്‍ അതിനു തെളിവാണ്.
ഇങ്ങനെ യുവത്വമുണ്ടാകുന്നത് കൊണ്ടാണ് ചിത്രയും സുജാതയും ഹരിഹരനും വേണുഗോപാലും ഉണ്ണി മേനോനുമെല്ലാം ശാസ്ത്രീയ സംഗീതത്തെ കൂട്ടുപിടിച്ച് ലളിതസംഗീതമാലപിക്കുന്നത്. ആദ്യ കാലത്ത് ലളിതസംഗീതത്തിന്റെ മാറ്റൊലി നാടകഗാനങ്ങളിലൂടെയാണ് മലയാളികള്‍ക്ക് സ്വന്തമായത്. അത് പിന്നീട് സിനിമാഗാനങ്ങള്‍ക്ക് വഴിമാറുകയാണുണ്ടായത്.

ഇംമ്പ്രവൈസിംഗ്

പാട്ടില്‍ ഈയിടെ കണ്ടുവരുന്ന ഒരു പ്രത്യേക പ്രവണതയാണ് ഇംമ്പ്രവൈസിംഗ് നമ്മുടെയെല്ലാം ശ്രദ്ധ പിടിച്ചു പറ്റുന്ന പാട്ടിന്റെ സംഗീത പുനര്‍നിര്‍മ്മിതി അല്ലെങ്കില്‍ മോഡുലേഷന്‍ ആസ്വാദ്യകരമാക്കുന്ന പ്രക്രിയ.
അതേസമയം, ഇതിനോട് കുറച്ചുപേരെങ്കിലും വിയോജിക്കുന്നതായും കണ്ടുവരുന്നു.
ഹരീഷ് ശിവരാമകൃഷ്ണന്‍, ഷഹബാസ് അമന്‍, റാസ റസാക്ക് എന്നിവരുടെ ഇംമ്പ്രവൈസിംഗ്, ചില ഗാനങ്ങളെ അത്യധികം മനോഹരമാക്കുന്നുണ്ട്. ഇതില്‍ പലതും മെലഡിയുടെയും കാവ്യാത്മകതയുടെയും അപുര്‍വ്വമായ കോമ്പിനേഷനാണ്. ഭാവതലത്തില്‍ പുതിയ രസാനുഭൂതിയുമാണ്.

മെലഡിയുടേയും കാവ്യാത്മകതയുടെയും അപൂര്‍വ്വ സംഗമമാണ് റഫീക്ക് അഹമ്മദിന്റെ ‘മരണമെത്തുന്ന നേരത്ത് ‘….എന്ന് തുടങ്ങുന്ന പാട്ട്. സ്പിരിറ്റ് എന്ന ചലച്ചിത്രത്തിന് വേണ്ടി ഉണ്ണി മേനോന്‍ ആലപിച്ച ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. ഈ പാട്ട് ഷഹബാസ് അമനും ഉണ്ണി മേനോനും പാടുമ്പോള്‍ രണ്ട് വ്യത്യസ്ത വികാരങ്ങളാണ് ഉണ്ടാവുന്നത്. പാട്ടിന്റെ ആരോഹണത്തിലും അവരോഹണത്തിലും- പല്ലവിയിലും അനുപല്ലവിയിലും ചരണത്തിലും നിശബ്ദതയുടെ സൂക്ഷ്മധ്വനികൊണ്ട് ഷഹബാസ് അമന്‍ ആദ്യന്തം അത്ഭുതം സൃഷ്ടിക്കുന്നു. എന്നാല്‍ ലളിത സംഗീതത്തിന്റെ മാധുര്യവും സൗന്ദര്യവുമാണ് ഉണ്ണി മേനോനിലൂടെ വരുന്നത്.
ഇതുപോലെ വിദ്യാധരന്‍ മാഷ് ആലപിച്ച ഒരു ഗാനമാണ് – ‘മഴച്ചാറും ഇടവഴിയില്‍.’.. അല്പം വേഗത കുറഞ്ഞ നോട്ടില്‍ റാസാ റസാക്ക് ഗസലിന്റെ ഈണത്തില്‍ ഈ പാട്ട് സുന്ദരമാക്കുന്നു. ശബ്ദവിന്യാസത്തിന്റെയും ശോകഭാവ വികാരതലത്തിലും പാട്ടുകാരന്‍ നടത്തുന്ന ഇടപെടലുകള്‍ പാട്ടിന്റെ ആസ്വാദനതലത്തെ എത്രമാത്രം മാറ്റി മറിയ്ക്കുന്നു എന്നതിന് തെളിവാണിത്.
അതുപോലെ ശബ്ദവിന്യാസത്തിന്റെ ആര്‍ദ്രതകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു ഗായകനാണല്ലോ, ഹരീഷ് ശിവരാമകൃഷ്ണന്‍. ഇംമ്പ്രവൈസിംഗിലാണ് ഹരീഷിന്റെ ശ്രദ്ധ. ശാസ്ത്രീയ സംഗീതത്തിന്റെ അടിസ്ഥാന തലം കൈവിടാതെ ഹരിഹരനും മറ്റും പാട്ടില്‍ വരുത്തുന്ന തത്സമയ വ്യതിയാനം ഹരീഷിലും കണ്ടെത്താം.

അബ്ദുള്‍ ഖാദര്‍

മലബാറിന്റെ സംഗീത പാരമ്പര്യത്തില്‍ ഉദിച്ചുയര്‍ന്ന ഒരു നക്ഷത്രമാണ് കോഴിക്കോട് അബ്ദുള്‍ ഖാദര്‍. മലയാള ചലച്ചിത്രഗാനചരിത്രത്തില്‍ ഇത്ര മനോഹരമായ മെലഡികള്‍ സമ്മാനിച്ച ഒരു പഴയ പാട്ടുകാരനെ കാണാന്‍ പറ്റില്ല. ആകാശവാണിയിലൂടെ അദ്ദേഹം പാടി പോപ്പുലറാക്കിയ പാട്ടാണ്
പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ….ഞാന്‍ പാടിയതില്ലല്ലോ…
കയ്യിലീവീണ മുറുക്കിയൊരുക്കി കാലം പോയല്ലോ…വെറുതെ കാലം പോയല്ലോ…
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സൗന്ദര്യം മലയാള ചലച്ചിത്ര ഗാനചരിത്രത്തില്‍ പുതിയ ഓളങ്ങള്‍ സൃഷ്ടിച്ചത് അബ്ദുള്‍ ഖാദറിന്റെ സംഗീത പ്രപഞ്ചത്തിലൂടെയാണ്.

ഉമ്പായി

ഹിന്ദുസ്ഥാനിയും ഗസലും ഉമ്പായിയില്‍ വേദനയ്ക്ക് ലഹരിയായ് മാറി. പ്രണയകാമനപോലെ അനര്‍ഘമായി പ്രവഹിക്കുന്ന ശബ്ദ ശ്രോതസ്സായിരുന്നു ഉമ്പായിയുടേത്. സംഗീതോപാസനയില്‍ ജീവിതം സമര്‍പ്പിച്ച് തന്റെ അരാജകത്വ ജീവിതം അവസാനിപ്പിച്ച ഒരാളാണ് ഉമ്പായി. ഉമ്പായി പാടുമ്പോള്‍ സങ്കടത്തിന്റെ കടലിരമ്പുന്നു. അദ്ദേഹത്തിന്റെ ശബ്ദം കാലദേശങ്ങളെ അതിജീവിക്കുന്ന സംഗീതലാവണ്യമാണ്. അര്‍ദ്ധ വിരാമത്തില്‍ വാക്ക് മുറിഞ്ഞ് അര്‍ത്ഥലബ്ധിയെ പ്രാപിക്കുമ്പോള്‍ കേള്‍വിക്കാരന്റെ ഉളളില്‍ പുതിയ താളവും വികാരവും ഉണ്ടാവുന്നു. സ്വരമാധുര്യത്തില്‍ വാക്കലിഞ്ഞ് നിശബ്ദമാകുന്നത് ഉമ്പായി പാട്ടിന്റെ വിശേഷം. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഗായകനായ മുഹമ്മദ് റാഫിയുടെ സ്വരസ്ഥാനത്തിന്റെ മുറുക്കം ഉമ്പായിക്ക് സിദ്ധം.

ഇന്ത്യന്‍ മനസ്സില്‍ സംഗീതം വളര്‍ത്തിയ സംസ്‌ക്കാരം മഹത്തായതാണ്. ഗ്രാമീണ ഇന്ത്യയുടെ പൊതുസ്വഭാവത്തില്‍, ജീവിതത്തില്‍ അവ സൃഷ്ടിച്ച വിപ്ലവം പോലെ പ്രബലമായതൊന്നുമില്ല. മുഗള്‍രാജവംശകാലഘട്ടം മുതല്‍ വളര്‍ന്നു വന്ന വലിയ പാരമ്പര്യമാണ് ഹിന്ദുസ്ഥാനിക്കുള്ളത്. വടക്കെ ഇന്ത്യയുടെ സാംസ്‌ക്കാരികപാരമ്പര്യത്തില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തെ മാറ്റി നിര്‍ത്തിയാല്‍ ദശാബ്ദങ്ങളോളം മഴ പെയ്യാതിരുന്ന മണ്ണിന്റെ തരിശ് പോലെ, വരണ്ടുപോകും ഇന്ത്യയുടെ സംസ്‌കൃതി. ഇന്ത്യയുടെ മതേതരസങ്കല്പത്തിന് പാട്ട് നല്‍കിയ സംഭാവനകള്‍ എത്രവലുതാണ്. ഒരു സംഗീതവിദ്യാര്‍ത്ഥിയും അന്യമതക്കാരന്റെ പാട്ട് പാടാതിരിക്കുന്നില്ലല്ലോ. അങ്ങനെ വരുന്നുണ്ടെങ്കില്‍ അയാളില്‍ സംഗീതമില്ലന്നുവരുന്നു. കെ ജെ യേശുദാസും മുഹമ്മദ് റാഫിയും ഏതുമതക്കാരനാണെന്ന് നാം അന്വേഷിച്ചെന്ന് വരില്ല. പാട്ടാണവര്‍ക്ക് മതം. പാട്ടാണവര്‍ക്ക് വിശ്വാസം. ഇത്തരത്തില്‍ മനുഷ്യനെ സ്വതന്ത്രനാക്കുന്നതില്‍ സംഗീതത്തോളം പങ്ക് മറ്റെന്തിനാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…