സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രവാസം

ആകാംക്ഷ

ചരിത്രത്തില്‍ സംസ്‌ക്കാരത്തിന്റെ വേരുകള്‍ വളര്‍ത്തുന്നു പ്രവാസം. പ്രവാസത്തില്‍ വേരറ്റുപോകുന്ന ജീവിതമുണ്ട്. പലായനമുണ്ട്. അനിവാര്യമായ മാറ്റവും ദുരന്തവുമുണ്ട്. മനുഷ്യവംശത്തിന്റെ ആദിമമായ എല്ലാ മുന്നേറ്റങ്ങളും ശൈഥില്യങ്ങളും പ്രവാസത്തിന്റെ സമഗ്രതയില്‍ തുടങ്ങുന്നതായി കാണാം. വ്യക്തി തലം മുതല്‍ സാമൂഹ്യതലം വരെ വ്യാപിച്ചുകിടക്കുന്ന വ്യവഹാരമാണിത്. ഒറ്റയ്ക്കും കൂട്ടമായും മനുഷ്യനനുഭവിക്കുന്ന ധര്‍മസങ്കടങ്ങള്‍ പ്രവാസത്തിന്റെ ഭീകരതകളാണ്. പക്ഷെ ചരിത്രത്തില്‍ പ്രവാസമുണ്ടാക്കിയ സര്‍ഗാത്മകത ഈ ദുരന്തങ്ങള്‍ക്കും വേദനകള്‍ക്കും മുകളിലാണ്. അവ എക്കാലത്തെയും മനുഷ്യന്റെ വിമോചന സങ്കല്‍പ്പങ്ങള്‍ക്ക് പകിട്ടായിതീരുന്നു..

പ്രവാസം ഒരു സാമൂഹ്യനിര്‍മ്മിതിയാണ്. മനുഷ്യനിര്‍മ്മിതിയാണ്. ജനിച്ച മണ്ണില്‍ നിന്ന് ഒറ്റപ്പെടുകയും പുറം തള്ളപ്പെടുകയും ചെയ്യുന്ന ദുരന്തമുഖങ്ങളിലൂടെയാണ് പ്രവാസജീവിതത്തില്‍ ഒരാള്‍ കടന്നു പോകുന്നത്. ചെന്നെത്തുന്നിടത്തും ജന്മദേശത്തും വേരുകളില്ലാതായിതീരുന്ന അവസ്ഥ. അയാള്‍ പൗരനെങ്കിലും പൗരത്വമില്ലായ്മയിലൂടെ ജീവിക്കേണ്ടിവരുന്നു. ആധുനിക സമൂഹത്തില്‍ ഒരാള്‍ക്ക് പൗരത്വമില്ലന്നുവരുമ്പോള്‍ അയാള്‍ ഒന്നിനും പരിഗണിക്കപ്പെടുന്നില്ല. രേഖകളൊന്നും കൈവശമില്ലാത്തൊരാളെ നമുക്ക് എപ്പോള്‍ വേണമെങ്കിലും കൈവെടിയാം. അത്തരത്തില്‍ കൈവെടിയാനുള്ള ലൈസന്‍സാണ് പൗരത്വഭേദഗതി ബില്‍. അതോടെ മനുഷ്യസമൂഹത്തില്‍ നിന്ന് മനുഷ്യന്‍ ഒറ്റപ്പെടുന്നു. നാം മനുഷ്യനെ തിരസ്‌ക്കരിക്കുന്നു. നമ്മളൊക്കെ പഴയ സേച്ഛാധിപതികളാകുന്നു. സേച്ഛാധിപതികള്‍ എളുപ്പം ഒരാളുടെ അഡ്രസ്സില്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ചരിത്രത്തിലിങ്ങനെ മനുഷ്യന്റെ അഡ്രസ്സില്ലാതാക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ധാരാളമുണ്ട്.

വ്യക്തിയെ അനുകൂലമല്ലാതാക്കാന്‍ ഒരു ഐഡന്റിഫിക്കേഷന്‍ മതി. ഐഡന്റിഫിക്കേഷന്‍ ഒരു വേര്‍തിരിവിന്റെ ചിഹ്നമാണ്. ഈ ചിഹ്നങ്ങള്‍ കൊണ്ടാണ് ലോകത്ത് നാം കലാപങ്ങളുണ്ടാക്കിയത്. യുദ്ധങ്ങളുണ്ടാക്കിയത്. യുദ്ധങ്ങളും കലാപങ്ങളും ചരിത്രത്തിലിങ്ങനെ അഡ്രസ്സില്ലാതാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാകുന്നു. എല്ലാം മനുഷ്യനെ ആന്തരികമായി നിശബ്ദമാക്കുന്ന ഘടകങ്ങള്‍. ഒന്നിനും പ്രയോജനപ്പെടാത്ത ആശയങ്ങള്‍, അഭിരുചികള്‍… ഇതിനായി എത്ര മില്യന്‍ തുകയും രാഷ്ട്രങ്ങള്‍ ചെലവിടും. യുദ്ധങ്ങളുടെ രാഷ്ട്രീയത്തില്‍ നിന്നാണ്, ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുണ്ടായത്. പട്ടിണിയും തൊഴിലില്ലായ്മയുമുണ്ടായത്. ലോകം നിര്‍മ്മിക്കുന്ന ദുരന്തങ്ങളാണ് പ്രകൃതി ദുരന്തങ്ങളേക്കാള്‍ ഭീകരമായത്. മനുഷ്യനാണ് ഇവിടെ വലിയ കുറ്റക്കാരന്‍.

അതേസമയം, പ്രവാസം ഒരു വ്യവസായവത്കൃത സമൂഹത്തിന്റെ സന്തതിയാണ്. അതാവശ്യപ്പെടുന്ന സാമൂഹ്യാവസ്ഥയാണ് പ്രവാസം. അതിനാല്‍ ഒരേസമയം പ്രവാസം രാഷ്ട്രീയ പരികല്‍പ്പനകളുടെ ഭാഗവുമാകുന്നു. നേരത്തെ വിശപ്പായിരുന്നു പ്രവാസത്തിന്റെ അടിസ്ഥാന വസ്തുതകളെങ്കില്‍ പിന്നീടത് യുദ്ധത്തിന്റേയും
വംശീയതയുടെയും തലത്തിലൂടെ വളര്‍ന്നു. യുദ്ധവും വംശീയതയും ഒരാഗോള രാഷ്ട്രീയപ്രതിസന്ധിയായി രൂപാന്തരപ്പെടുന്നു.

രാഷ്ട്രീയ പരികല്‍പ്പനകളുടെ പ്രതിസന്ധികളെല്ലാം മനുഷ്യന്റെ അസ്തിത്വത്തില്‍ വലിയ വിള്ളലുണ്ടാക്കുന്നവയാണ.് പ്രവാസത്തില്‍ സംഭവിക്കുന്നതും അതാണ്. അതുകൊണ്ടാണ് പ്രവാസം മനുഷ്യനെ വലിയ തോതില്‍ ബാധിക്കുന്നത്. തൊഴില്‍പരമോ സാമ്പത്തികപരമോ ആയ പ്രതിസന്ധിമാത്രമല്ലിത്, വലിയ മാനസ്സികാഘാതവും ഒറ്റപ്പെടലും സൃഷ്ടിക്കുന്ന വേദനയാകുന്നു. ഒരാള്‍ എല്ലാ രൂപത്തിലും ഇതില്‍ ഹിംസിക്കപ്പെടുന്നുണ്ട്.

പ്രവാസിയാകുന്നത്, സ്വന്തം രാജ്യത്ത് ജീവിക്കാന്‍ പ്രയാസമുള്ളതിനാലും കുറെക്കൂടി മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കാണുന്നതുകൊണ്ടുമാണ്. പ്രവാസം മനുഷ്യനെ സംബന്ധിച്ച് നിലനില്‍പ്പിനായി തുടങ്ങുന്ന സമരമാണ്. നീണ്ടകാലം, ജനിച്ച സമൂഹത്തില്‍ സമ്പര്‍ക്കപ്പെടാതെ, വേറൊരു രാജ്യത്തിന്റെ നിയമവാഴ്ചയില്‍ ഉപരിപ്ലവമായി കഴിഞ്ഞുകൂടാന്‍ അയാള്‍ വിധിക്കപ്പെടുന്നു. അയാള്‍ക്ക് അഭിപ്രായമില്ല, അഭിപ്രായസ്വാതന്ത്ര്യമില്ല. അയാള്‍ എപ്പോഴും രണ്ടാംതരം പൗരനായി മാറുന്നു. അവഗണനയും നിന്ദയും നിരന്തരം ഏറ്റുവാങ്ങി ജീവിക്കുന്നു..

ഈ പൊതുസ്വഭാവത്തില്‍ നിന്നാണ്, പ്രവാസി മാനസ്സികമായ പ്രക്ഷുബ്ധാവസ്ഥയില്‍ എത്തിപ്പെടുന്നത്. അയാള്‍ക്കൊരിക്കലും സുരക്ഷിതനാവാനാവില്ല. രോഗം, ശിഥില ബന്ധങ്ങള്‍, മാനസികമായപിരിമുറുക്കം, എന്നിവയെല്ലാം പ്രവാസിയുടെ കൂട്ടായിത്തീരുന്നു.

പതിനെട്ടുമാസം പ്രവാസത്തിന്റെ വേദനയിലൂടെ കടന്നുപോയ ഒരാളാണ് ഈ കുറിപ്പെഴുതുന്നത്. നാടുകടത്തലിന് സമാനമായ ഏകാന്തതയില്‍, ദിനരാത്രങ്ങള്‍ പിന്നിട്ട ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സിലൂണ്ട്. ആദ്യകാലത്ത് മനുഷ്യരുമായി പൊരുത്തപ്പെടാനാവാതെ മുറിവിട്ട് രാത്രി കെട്ടിടത്തിന്റെ മുകളില്‍ കിടന്നുറങ്ങിയിട്ടുണ്ട്. വലിയ കൊതുകുകള്‍ ഉടലിനെ പൊതിയുമ്പോഴും പുതപ്പിട്ട് മൂടി സുരക്ഷിതനാവാന്‍ ശ്രമിച്ചതല്ലാതെ, ആ അസ്വാസ്ഥ്യത്തെ പരാശ്രയം കൊണ്ട് അതിജീവിക്കുവാന്‍
ഒരുക്കമല്ലായിരുന്നു.

മനുഷ്യന്റെ മാനസിക പിരിമുറുക്കം ക്രമേണ ഒരു മരവിപ്പാവുകയും എല്ലാം അനുഭവിക്കാന്‍ ശക്തിയുള്ള മനസ്സും ശരീരവും ഒരാള്‍ക്കുണ്ടാവുമെന്നും ബോധ്യമായി.
പത്ത് പതിനെട്ടുവര്‍ഷമായി നാട്ടിലേക്ക് തിരിച്ചു പോകാത്ത ഒരു പാക്കിസ്താനിയെ ഇക്കാലത്ത് പരിചയപ്പെട്ടിരുന്നു. തൊഴിലിടങ്ങളിലെ വലിയ നിയന്ത്രണങ്ങളും ചെറിയ ചെറിയ ലിഷറും ഒരാളെ പിടികൂടുമ്പോള്‍, ക്രമേണ ഒരു മരവിപ്പില്‍ അയാള്‍ അകപ്പെടുന്നു. ഇങ്ങനെയുള്ള ഒരുപറ്റം ആളുകളെ ഇക്കാലത്ത് ശ്രദ്ധിക്കാനിടവന്നിരുന്നു. അത്തരത്തില്‍ മനോലോകത്ത് വ്യവസ്ഥ ചെയ്യപ്പെടുന്ന ലക്ഷങ്ങള്‍ പ്രവാസികളായി നമ്മുടെ ഭൂമുഖത്തുണ്ട്.

പ്രവാസത്തിന്റെ ദൈന്യതയും ചിന്തയും സ്വപ്‌നങ്ങളും പറഞ്ഞുവെക്കുന്ന മൂന്നു പ്രധാന നോവലുണ്ട് മലയാളത്തില്‍. ബെന്യാമിന്റെ ആടുജീവിതം, മൂകുന്ദന്റെ പ്രവാസം, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കന്യാവനങ്ങള്‍. ഫിക്ഷനിലപ്പുറം അനുഭവങ്ങളുടെ മായാത്ത മുദ്രപതിഞ്ഞ ഈ രചനകള്‍ പ്രവാസ ജീവിതത്തിന്റെ തുടിപ്പും തേങ്ങലുകളുമാണ്. പ്രവാസം ഒറ്റവാക്കില്‍ തീരുന്ന ആശയങ്ങളുടെ ലോകമല്ല. ചരിത്രത്തില്‍ മായാത്ത മുറിപ്പാടായി തെളിയുന്ന ചിഹ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…