സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സ്ത്രീ

ആകാംക്ഷ

‘സ്ത്രീ’ ആയിരിക്കുക എന്നത് ശാപമായി കരുതിയ കാലം നമുക്കുണ്ടായിരുന്നു. ശരീരം കൊണ്ടു സ്ത്രീ പുരുഷനേക്കാള്‍ സിദ്ധിയുള്ളവളെങ്കിലും പുരുഷന്‍ ചാര്‍ത്തിക്കൊടുത്ത ബലഹീനതയില്‍ മനോഭാവം കൊണ്ടു ചെറുതാക്കപ്പെട്ടവളാണ് ഇന്ത്യന്‍ സ്ത്രീ. ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വിറകൊടിച്ചും വിളറിയും വളരുന്ന സ്ത്രീകള്‍ ധാരാളമുണ്ടു. ഇങ്ങനെ പറയുമ്പോള്‍ കേരളം ഭേദമാണെന്ന് അര്‍ത്ഥമില്ല. ഇന്ത്യയില്‍ കേരളം ആരോഗ്യരംഗത്തും സാക്ഷരതാനിരക്കിലും മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേഭമെങ്കിലും പോഷകാഹാരക്കുറവില്‍ പഴയ പടിതന്നെ. കേരളത്തില്‍ പോഷകാഹാരക്കുറവില്‍ കുഞ്ഞുങ്ങളോളം തന്നെ സ്ത്രീകളുമുണ്ടെന്ന അറിവ് നമ്മെ ഞെട്ടിക്കും. എന്നിരുന്നാലും ഇന്ത്യയിലെങ്ങുമെന്നപോലെ കേരളത്തിലും ഗ്രാമീണ തൊഴില്‍ മേഖലകള്‍ സ്ത്രീയെ ആശ്രയിച്ച് വളരുന്നവയും നിലനില്‍ക്കുന്നവയുമാണ്. പരോക്ഷമായ അധ്വാനമാണ് അവളുടെ ശരീരത്തിന്റെ ശക്തിക്കും ശക്തിക്കുറവിനും കാരണമാകുന്നത്. നമ്മുടെ അടുക്കളകള്‍ നല്‍കിയ അനാരോഗ്യകരമായ അവസ്ഥ അങ്ങേയറ്റം ബാധിക്കുന്നതും ബാധിച്ചതും സ്ത്രീക്കുതന്നെ. ഇതൊന്നുമില്ലാത്ത ഒരു ജീവിതം തിരഞ്ഞെടുക്കാന്‍ ഇന്ത്യയിലെ ഒരു പുരുഷനും സ്ത്രീയോട് ആവശ്യപ്പെടുകയുമില്ല. അങ്ങനെ ആവശ്യപ്പെടുന്നതാണ് സ്ത്രീയെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതെന്നു പറയാനുമാവില്ല. ഒരു പരിധി വരെ സംവരാണാനുകൂല്യങ്ങള്‍ മെച്ചപ്പടുത്തിയ ജീവിതമാണ് ഇന്ത്യന്‍ സ്ത്രീയുടേത്.

കുടുംബമെന്ന വ്യവസ്ഥിതിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് എപ്പോഴും പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവളാണ് നമ്മുടെ സ്ത്രീ. പക്ഷെ സുരക്ഷയെക്കുറിച്ചുള്ള ഭീതി അവളെ വല്ലാതെ അലട്ടുന്നു. കുടുംബമെന്ന സ്ഥാപനത്തിനുള്ളില്‍ പാകപ്പെടാനാണ് സ്ത്രീ വിധിക്കപ്പെടുന്നത്.

നാളിതുവരെയുള്ള മനുഷ്യ വര്‍ഗത്തിന് അഭയമായിട്ടുള്ളത് സ്ത്രീ പരിചരണമാണ്. സ്ത്രീ എന്നാല്‍ അമ്മയാണ്. പ്രസവിക്കുക പാലൂട്ടുക വളര്‍ത്തുക പരിപാലിക്കുക- സൂക്ഷ്മമായ ഈ പ്രകൃയയ്ക്ക് വിധേയമാകുന്ന ഏതൊരാളും അമ്മയാണ്.
വിശ്വപ്രസിദ്ധ റഷ്യന്‍ നോവലിസ്റ്റ് മാക്‌സിം ഗോര്‍ക്കിയുടെ അമ്മയില്‍ ഒരു കഥാപാത്രമുണ്ട്, നീലൊവ്‌ന. ജീവിതത്തിന്റെ അര്‍ഥവും സൗന്ദര്യവും ലോകത്തെ പഠിപ്പിക്കുന്ന ഒരു ജന്മമാണ് അവരുടേത്. നീലൊവ്‌നയ്ക്ക് നാല്‍പ്പതു വയസ്സുള്ളപ്പോള്‍ വൃദ്ധയായി കഴിഞ്ഞെന്ന തോന്നലുണ്ടാകുന്നു. കാരണം അവര്‍ ശൈശവമോ യൗവ്വനമോ കണ്ടിട്ടില്ല. പ്രപഞ്ചത്തെ അനുഭവിച്ചറിയുന്നതിന്റെ സുഖമറിയാത്തവളായിരുന്നു നീലൊവ്‌നയെന്ന് ബൊറീസ് ബ്യാലിക്ക് എന്ന നിരൂപകന്‍ അഭിപ്രായപ്പെടുന്നു. ഗോര്‍ക്കിയുടെ ഈ കഥാപാത്രത്തിനു തികഞ്ഞ ഒരു സ്ത്രീ ജന്മത്തിന്റെ ശക്തിയും സൗന്ദര്യവുമുണ്ട്.
വെറും ഒരു കഥാപാത്രസങ്കല്‍പ്പത്തിന്റെ ആദര്‍ശരൂപമല്ല മാക്‌സിം ഗോര്‍ക്കിയുടെ നീലൊവ്‌ന. എഴുത്തുകാരന് സുപരിചിതമായിരുന്ന സ്ത്രീശക്തി സ്വരൂപമാണവര്‍. അവര്‍ക്ക് മകന്‍ ഒരു ജനതയുടെ സ്വപ്‌നമാണ്. വിശ്വപ്രസിദ്ധരായ എല്ലാ മനുഷ്യരുടേയും പുറകില്‍ പ്രവര്‍ത്തിച്ച ജന്മസാഫല്യത്തിന്റെ സങ്കീര്‍ണവും ദര്‍ശനപരവുമായ പ്രതിരൂപമായി സ്ത്രീ മാറുന്നുണ്ട്. ഈ മാറ്റമാണ് സ്ത്രീയെ പുരുഷലോകത്തിന് അതീതയാക്കുന്നത്.
‘ബന്ധങ്ങളുടെ താവോ’ യില്‍ റെഗ്രിഗ്ത് സ്ത്രീയെ കുറിച്ചും അമ്മയെ കുറിച്ചും പറയുന്നു: ‘മഹിമയാര്‍ന്ന അമ്മ എല്ലാറ്റിന്റേയും ജീവനുള്ള പാത്രമാകുന്നു. എല്ലാം അവളില്‍ പുലരുന്നു. ഒന്നും ചെയ്യാതിരിക്കെ, അവള്‍ എല്ലാം അനുവദിക്കുന്നു. അവളുടെ മഹത്തായ വര്‍ത്തുളതയില്‍ തവിട്ടുനിറമുള്ള, പച്ച നിറമുള്ള ജീവികള്‍ സ്വയം വളര്‍ന്നു വരുന്നു. മഹിതയായ അമ്മ കാരണം അന്യോന്യം ഒരു വര്‍ത്തമാന ബന്ധം നിലനില്‍ക്കുന്നു. അവള്‍ മഹത്തായ ഒരു അനുവാദകയാകുന്നു’.

ജീവന്റെ തുടര്‍ച്ചയിലേക്കുള്ള ഒരു മഹത്തായ കണ്ണിമാത്രമല്ല അവള്‍. ത്യാഗത്തിന്റേയും സഹനത്തിന്റേയും ഇതിഹാസസങ്കല്പങ്ങള്‍ വേരുറച്ച മണ്ണില്‍ നിന്ന് പോരാടുന്നവളും സ്വപ്‌നം കാണുന്നവളുമാണ്. ജീവിതത്തില്‍ ഒരു വിടുതല്‍, ഒരു പിന്‍വാങ്ങല്‍ തുടരുമ്പോഴും സ്വന്തം ഐഡന്റിറ്റിയെ പ്രകാശിപ്പിക്കുവാന്‍ കഴിഞ്ഞ സ്ത്രീകള്‍ ഇന്ത്യയില്‍ ധാരാളമുണ്ടായിരുന്നു. സീത അങ്ങനെയൊരു ഐഡന്റിറ്റിയുടെ ഭാഗമായിരുന്നു. പുരുഷകേന്ദ്രീകൃതമായ വിശ്വാസങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ കണിശമായ മറുപടിയായി ഇന്ത്യന്‍ മിത്തില്‍ സീത ജീവിക്കുന്നു.
ഇത്ര ശക്തമായൊരു കഥാപാത്രത്തെ ഇന്ത്യന്‍ സാഹിത്യത്തില്‍ വേറെ കാണാനില്ല. മിത്തുകളെ ഉപജീവിച്ച് വളര്‍ന്നു വന്ന സംസ്‌ക്കാരമാണ് നമ്മുടേത്. ഇതിഹാസവും രാമായണവും നമ്മുടെ നാടോടികഥകളുമെല്ലാം സ്ത്രീ ജീവിതത്തിന്റെ അനുകരണീയ മാതൃകയായി വലിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ മനസ്സിന്റെ പ്രണയവും സഹനവുമെല്ലാം മിത്തിന്റെ ദാര്‍ശനികതയെ വാരിപുണര്‍ന്നുണ്ടായവയാണ്. അതുകൊണ്ടു സ്ത്രീക്കുണ്ടായതും അതുപോലെതന്നെ നഷ്ടപ്പെട്ടതുമായ ജീവിതത്തിന് കുറ്റക്കാരായി തീരുന്നത്, മിത്തുകളെ വ്യാഖ്യാനിച്ച മതവാദികള്‍ കൂടിയാണ്. അവരെന്തു പറയുന്നവോ, എന്തു പറയാതിരുന്നുവോ എന്നതിനെ ആശ്രയിച്ചു വളര്‍ന്നു വന്ന കലയും സാഹിത്യവും ജീവിതവുമെല്ലാം നമ്മുടെ സ്വന്തമായി തീര്‍ന്നിരുന്നു.

ഇന്ത്യന്‍ മനസ്സിനെ ആഴത്തിലറിഞ്ഞ ഓഷോ സ്ത്രീയെകുറിച്ച് വിലയിരുത്തുന്നു: ‘ ഒരു സ്ത്രീയുടെ മനസ്സ് സ്വീകരണക്ഷമതയുള്ളതാണ്. മുഴുവനായി സ്വീകരണക്ഷമതയാര്‍ന്നത്, കീഴടങ്ങുന്നത്, സ്‌നേഹിക്കുന്നത്’.

അവള്‍
ഇതൊരു സ്ത്രീയുടെ പുസ്തകമാണ്. പുരുഷനെഴുതിയ സ്ത്രീ പുസ്തകം. ശത്രുവായി സ്ത്രീയെ അഭിസംബോധന ചെയ്യാത്ത അപൂര്‍വ രചനകളിലൊന്ന്. മറ്റൊരാളോട് വായിക്കാനാവശ്യപ്പെടാവുന്നവ. ഫാദര്‍ ബോബി ജോസ് കട്ടിക്കാടിന്റെ ശുദ്ധ ഗദ്യം. തൊടുന്നത് സ്ത്രീയുടെ ഹൃദയത്തിലാണ്. ഒപ്പം വായനക്കാരന്റെ ഹൃദയത്തിലും അവള്‍ വളരുന്നു..പുറം ചട്ടയില്‍ സ്‌നേഹത്തിന്റെ ആര്‍ദ്രമിഴികള്‍ കൊണ്ടു നിശബ്ദസഞ്ചാരം നടത്തുന്ന ഫാദര്‍ ‘അവളെ ക്കുറിച്ചെഴുതുന്നു: അവളാണ് അവന്റെ അപൂര്‍ണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളില്‍ ക്ഷമയും.. അവള്‍ മാത്രം. ബൈബിളിലെ ദിവ്യമായ വചനം പോലെ. സ്ത്രീയെക്കുറിച്ച് ഇഷ്ടം ജനിക്കുന്ന വാക്കുകള്‍ കൊണ്ട് പ്രണയമുണ്ടാക്കുകയാണ് ഫാദര്‍. ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ച് കപ്പുച്ചിന്‍ സന്യാസിസഭയില്‍ അംഗമായ വൈദികനാണ് അദ്ദേഹം. ഒരു മാതൃകാ സന്യാസി. പ്രഭാഷകന്‍. എഴുത്തുകാരന്‍.

A women whom
providence has provided with
beauty of spirit and body is a truth ,
at the same time both open and secret,
which we can understand only by love ,
and touch only by virtue

ഖലില്‍ ജിബ്രാനില്‍ തുടങ്ങി, ‘ഞാനിനിയും മനുഷ്യനെ വിശ്വസിക്കുന്നു’ എന്ന് മൊഴിഞ്ഞ ആന്‍ ഫ്രാങ്കിന്റെ ശുഭാപ്തിവിശ്വാസത്തിലാണ് പുസ്തകം അവസാനിക്കുന്നത്.
ഓരോ അധ്യായത്തിന്റെ മധ്യത്തിലും സ്ത്രീ ശബ്ദമുണ്ട്. കസ്തൂര്‍ബ, വിര്‍ജിനിയ വുള്‍ഫ്, ഐറീന സെന്‍ഡ്‌ലെവോറ, സോഫിയ ടോള്‍സ്‌റ്റോയി, മാധവിക്കുട്ടി, എലിസബത്ത് ബാരറ്റ്, കാരന്‍ ആംസ്‌ട്രോങ്, മീരാഭായി, മോണോലിസ, പിയാത്ത, രാജന്റെ അമ്മ രാധ, മദര്‍ തെരേസ, സൂസന്‍ സെന്റാഗ്, റാബിയ, ജോണ്‍ ഓഫ് ആര്‍ക്ക്, സില്‍വിയ പ്ലാത്ത്, മീര, അസീസിയിലെ ക്ലാര, അല്‍ഫോന്‍സാമ്മ, തെരേസ, ശാരദാമ്മ, അജിത്ത് കൗര്‍… എല്ലാവരുടെയും വഴികള്‍ വേറിട്ടതായിരുന്നു. വേദനയുടെയും ദുരന്തങ്ങളുടെയും മുള്‍മുനയില്‍ ജീവിച്ചവര്‍.

‘മദേഴ്‌സ് കിച്ച’നെ ഓര്‍ത്തുകൊണ്ട് ഫാദര്‍ എഴുതുന്നു: ‘അഭയാര്‍ത്ഥികളുടെ സ്വപ്‌ന സ്ഥലികളില്‍ വിശപ്പിനും രുചിക്കുമപ്പുറം സ്‌നേഹിക്കുന്നവര്‍ ഉറ്റു നോക്കുന്ന പുകപടലങ്ങള്‍ നിറഞ്ഞ ജാലകങ്ങളുണ്ട്. അവിടെ പകലന്തിയോളം അടുപ്പൂതുന്ന സ്ത്രീകള്‍, അവരുടെ വിയര്‍പ്പ്, വിഴുങ്ങിയ കലഹങ്ങള്‍, കലങ്ങിയ നോട്ടം ഒക്കെ ഒരു മൂടല്‍ മഞ്ഞിലെന്നപോലെയുണ്ട്’.

സ്ത്രീയിലേക്കുള്ള ഈ കാഴ്ച കരുണയുടെ സ്പര്‍ശമാവുകയാണ്. വൈകാരികമായി അടുക്കളയെ സമീപിക്കുന്ന അമ്മമാരുടെ ധര്‍മ്മ സങ്കടങ്ങള്‍ സൂക്ഷ്മമായി കോറിയിടുന്നു ഇതില്‍. സ്ത്രീ പക്ഷത്തു നിന്നുള്ള ബോബി ജോസ് കട്ടിക്കാടിന്റെ വലിയ ദര്‍ശനമാണ് ഈ പുസ്തകത്തിന്റെ അകംപൊരുള്‍.

സ്ത്രീ/പുരുഷന്‍
നമ്മുടെ സ്ത്രീകള്‍ ധരിക്കുന്നത് പുരുഷ വസ്ത്രമാണ്. പുരുഷസങ്കല്‍പ്പത്തിന് അനുയോജ്യമായി രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍. എത്ര സ്ത്രീ ചിത്രങ്ങളാണ് പുരുഷന്റെ പുസ്തകങ്ങളില്‍ വരുന്നത്. സെക്ഷ്വാലിറ്റിയുടെ നീണ്ട നിരകൊണ്ട് വേര്‍തിരിക്കപ്പെട്ട ഒരുവളായി സ്ത്രീ മാറുന്നു. പാതി സ്‌ത്രൈണതകൊണ്ട് സ്ത്രീയെ സ്‌നേഹിക്കുന്നവരാണ് നമ്മുടെ പുരുഷന്മാര്‍. എന്നാല്‍ മുഴുവന്‍ സ്‌ത്രൈണതകൊണ്ടും പുരുഷനെ സ്‌നേഹിക്കുന്നവളാണ് സ്ത്രീ.

One Response

  1. പൂർണയും ശെരിയാണോ എന്നറിയില്ല…
    എങ്കിലും സ്ത്രീ ഇന്നും ജീവിക്കുന്നത് പുരുഷന്റെ സൗന്ദര്യ സങ്കല്പങ്ങൾക്ക് പൂർണത വരുത്താൻ ശ്രമിക്കുന്നത് പോലെയാണ്… 👍❤

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…