സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിദ്യാഭ്യാസം ഒരു പുന:ർവായന

ആകാംക്ഷ

ദിനം പ്രതിയുള്ള സാങ്കേതിക വിദ്യകൊണ്ട് പുതുക്കുന്ന ഒരു ലോകമാണിത്. വേഗതയുള്ള ജീവിതത്തിന് യോഗ്യമായി തോന്നുന്ന വസ്തുക്കൾ കണ്ടെത്തി എല്ലാം ഡിസ്‌പോസ്സിബിൾ ആക്കുന്ന കാലത്താണ് നാം ജീവിച്ചിരിക്കുന്നത്. പഠിപ്പിലും ചിന്തയിലുമൊക്കെ ഈ അതിവേഗതയുടെ സാമർത്ഥ്യം വളർന്നതുകൊണ്ട് നമുക്ക് നഷ്ടപെടുന്നത് മൂല്യാധിഷ്ടിത വിദ്യാഭ്യാസമാണ്. സാങ്കേതിക വിദ്യാഭ്യാസം കൈകൊള്ളുന്ന പ്രൊഫഷണലിസത്തിന്റെ അച്ചടക്കം കൊണ്ട് പലതും നമുക്ക് സുന്ദരമായി തോന്നുമെങ്കിലും അവ മോഷ്ടിച്ചെടുക്കുന്നത് മനുഷ്യാധ്വാനത്തിന്റെ വലിയ ഭാഗമാണ്. എല്ലാം എളുപ്പമായി തീർന്നതിന്റെ സുഖം അനുഭവിക്കുമ്പോൾ ഒരു കാര്യം നാം മനസിലാക്കണം, നമുക്കാശ്രിതമായി തീരുന്ന അനുബന്ധ വളർച്ച ഇല്ലാതാവുകയാണെന്ന്. കാഴ്ചയും കേൾവിയും വായനയും വരെ സൂക്ഷ്മമല്ലാതാവുന്ന, സിംമ്പിളായ വസ്തുതയിലൂടെ എല്ലാമറിയുന്ന ഒരു വഴിയാണുണ്ടാക്കുന്നത്. അങ്ങനെ സ്വീകാര്യമായതൊക്കെ അസ്വീകാര്യമാവുകയും അസ്വീകാര്യമായതൊക്കെ സ്വീകാര്യമാവുകയും ചെയ്യുന്നു.

വേണം നമുക്കൊരു തുറന്ന ചിന്ത

ഡോക്ടർ, എഞ്ചിനീയർ ടീച്ചർ, ശാസ്ത്രജ്ഞർ ഐ എ എസ്, ഐ പി എസ്, ബിസിനസ്സ് കോടിപ്പതികൾ എല്ലാം ആവശ്യമായ ഒരു ലോകം തന്നെയാണിത്. പക്ഷെ ജനസംഖ്യയിൽ പകുതിയും ഇവരാവണമെന്ന് വാശിപിടിക്കുന്നത് നമ്മുടെ സ്‌കൂളിംഗ് തരുന്ന വലിയ സങ്കല്പമാണ്. പാതിവഴിയിൽ നില്‍ക്കുന്ന സ്‌കൂളിംഗിന്റെ ബലിയാടുകൾ വർധിക്കും എന്നതാണ് ഇതിന്റെ ഫലം. ഗാന്ധിജിക്ക് ഇതറിയാമായിരുന്നു. നാഴികയ്ക്ക് നാല്പത് വട്ടം ഗാന്ധിജി സ്വയം പര്യാപ്തതയെ കുറിച്ചു പറഞ്ഞു. അതു പ്രാവർത്തികമാക്കാൻ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ആധുനിക വിദ്യാഭ്യാസം നമുക്ക് പുരോഗതിയോടൊപ്പം അധോഗതിയും തന്നു. അതുകൊണ്ട്, വേണം നമുക്കൊരു തുറന്ന ചിന്ത.

നൂറ്റാണ്ടുകളായുള്ള നമ്മുടെ വിദ്യാഭ്യാസ സങ്കല്പങ്ങൾ തികഞ്ഞ പരാജയമാണെന്ന് ചിന്തിക്കുന്നവർ ധാരാളമുണ്ട്. ജിദ്ദു കൃഷ്ണമൂർത്തി മുതൽ പൗലോ ഫ്രയർ വരെയുള്ളവർ മുന്നോട്ട് വച്ച ആശയങ്ങൾ നമുക്ക് സുപരിചിതമാണ്. ബദൽ വിദ്യാഭ്യാസത്തെ കുറിച്ചും ഡി സ്‌കൂളിനെ കുറിച്ചും ദേശീയവും അന്തർ ദേശീയവുമായ നിരീക്ഷണങ്ങൾ പലതും വേറെയുമുണ്ട്. എന്നാൽ ബദൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. പാതി വഴിയിൽ തകർന്നു പോയ ബദൽ വിദ്യാഭ്യാസ രാഷ്ട്രീയത്തിന്റെ വീഴ്ചകൾ ഒരുപാട് കണ്ടെത്താം. എൺപതുകൾക്ക് ശേഷം കേരളത്തിൽ വളർന്ന ബദൽ മാതൃകയൊന്നും ഇന്ന് ശ്രദ്ധിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മാതൃകയാണെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിലെ കുഗ്രാമങ്ങൾ പ്രത്യേകിച്ച് ആദിവാസി ഊരുകൾ ഇന്നും ഇരുട്ടിൽ തന്നെ.

ഇക്കഴിഞ്ഞ ജനുവരി പത്തിന് അട്ടപ്പാടിയിൽ ഒരു യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒരു സുഹൃത്ത് ചൂണ്ടി കാണിച്ചു പറഞ്ഞു. ‘ഇതാണ് ആദിവാസി യുവാവിനെ കെട്ടിയിട്ട് തല്ലികൊന്ന സ്ഥലം’. നടുക്കത്തോടെ, ശ്രദ്ധിച്ചപ്പോൾ ചുറ്റിലും കണ്ട മരങ്ങളും അവിടവിടെയായി നില്‍ക്കുന്ന മനുഷ്യമുഖങ്ങളും ഏറെ കുറേ വിജനമായ റോഡും മാത്രം കണ്ണിൽ മായാതെ നിന്നു. വേദനയോടെ മല വിട്ടിറങ്ങുമ്പോൾ,അരും കൊല ചെയ്ത ഹൃദയശൂന്യരുടെ മുഖം കൂട്ടത്തിൽ തെളിയുന്നുണ്ടായിരുന്നു.
നമ്മളെന്താണ് നന്നാവാത്തത് ?
പ്രബുദ്ധ കേരളത്തിന്റെ മണ്ണിൽ നടക്കുന്ന ഹിംസയുടെ വകഭേദങ്ങൾ ഇതൊന്നുമല്ല. ഭാഷയും സംസ്‌കാരവും ജീവിതവും അധീനപ്പെടുത്തി ആദിവാസികളുടെ ജീവിതം കളങ്കപ്പെടുത്തുന്ന വരുത്തന്മാരുടെ ലോകം ഇതിലും ഭീകരം. തെക്കു നിന്നും വടക്കു നിന്നും മലകയറി വന്ന് ആദിവാസി ഊരുകൾ കയ്യേറി വളരുന്ന കുടിയേറ്റക്കാർ. കൃഷിയിടങ്ങളും മണ്ണും വീടും കുടിലും ആദിവാസികൾക്കുള്ളതിനേക്കാൾഇന്ന് വരുത്തന്മാരുടെതാണ്. അധ്യാപകനായ ഒരു സുഹൃത്ത് പറഞ്ഞു
‘വികസനത്തിന്റെ ലേപലിൽ ജന്മാവകാശം നഷ്ടപ്പെട്ടുപോകുന്നവരാണ് ഇന്നിവിടെ ജീവിക്കുന്നവർ. സ്വന്തമായി വളരാനനുവദിക്കാതെ ആ പാവങ്ങളുടെ ജീവിതം നശിപ്പിക്കുകയാണ്. നമ്മുടെ വികസന രാഷ്ട്രീയം ആദിവാസി കുഞ്ഞുങ്ങൾക്ക് അവരുടെതായ ഭാഷയും സംസ്‌കാരവും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ആദിവാസി കുഞ്ഞുങ്ങൾ ഇരുപത്തഞ്ച് ശതമാനം മാത്രമേ മലയാളമുൾപ്പെടെ മറ്റുഭാഷകൾ സ്വായത്തമാക്കുന്നുള്ളു. സ്വന്തം ഭാഷയും അന്യ ഭാഷയും നഷ്ടമാകുന്നതോടൊപ്പം അവരുടെ തൊഴിലിടങ്ങളും ആത്മബന്ധങ്ങളും ഇല്ലാതാകുന്നു, സർക്കാറനുവദിക്കുന്ന സൗകര്യങ്ങൾ പോലും അവരുടെ വികസനത്തിന് യോജിച്ചതല്ല. ഉച്ചഭക്ഷണകേന്ദ്രങ്ങൾ മുതൽ കുടിലുകൾക്ക് പകരം നിർമിക്കുന്ന പാർപിടങ്ങൾ വരെ വികസനത്തിന്റെ മാനദണ്ഡമായി വിലയിരുത്തിക്കൂടാ. പട്ടിണിയില്ലാതെ ഒരു ജനത പുലരുകയെന്നത് വലിയ ശരിയായി അംഗീകരിക്കുന്നിടത്താണ് അതെത്തിച്ചേരുന്നത്
മനുഷ്യന്റെ ഒരേയൊരാവശ്യം പട്ടിണി മാറലാണെന്ന വികസന അജണ്ടയാണിത്. അവരുടെ മനസ്സും സ്‌നേഹവും ജീവിതവുമെല്ലാം ഭൂമിയിലെ ഭൗതിക വസ്തുക്കൾ ക്കൊണ്ട് തീർപ്പു കല്‍പ്പിക്കാവുന്നവയല്ല. അവർക്ക് പരമ്പരാഗതമായി ലഭിച്ച മണ്ണും കുടിലും ജീവിതവുമെല്ലാം തുടച്ചു മാറ്റുമ്പോൾ ഇല്ലാതാകുന്നത് ഒരു ജൈവപ്രതിഭാസമാണ്. കാടും മലയും ജന്തുജാലങ്ങളും മനുഷ്യന്റെ ക്ഷേമങ്ങൾക്ക് വശപ്പെടുന്ന ആവാസവ്യവസ്ഥയുടെ വഴിയാണ് എന്നന്നേക്കുമായി ഇല്ലാതാകുന്നത്.

വളർന്ന മണ്ണും കുടിലും ഗ്രാമവും അന്യമായി തീരുന്ന മനുഷ്യന്റെ വേദനപോലെ ഒരു മഹാവേദനയുമില്ലെന്ന സന്ദേശം പറയുന്നതാണ് ഇക്കഴിഞ്ഞ ഡിസംബറിൽ വെന്തു മരിച്ച രണ്ടു മനുഷ്യ ജന്മങ്ങൾ. പിതാവിന്റെ ജഢം കുഴിച്ചുമൂടാൻ മണ്ണെടുക്കുന്ന മകൻ നമ്മുടെ നിയമ വാഴ്ച്ചയോടും അധികൃതരോടും കൈചൂണ്ടി പറയുന്ന വാക്കുകൾ ഇടുത്തീപോലെ പൊള്ളിക്കുന്നവയാണ്. അതിലെ തെറ്റും ശരിയും മറ്റൊരു ചിന്ത.
സമൂഹ നിർമിതിയിൽ വിദ്യാഭ്യാസം പോരായ്മകളോടെ ഇടപെടുന്നതിന്റെ അപകട സൂചനയാണിത് മനുഷ്യനിൽ മാത്രം രൂപപ്പെടുന്ന മനോവൈകല്യങ്ങളുടെ അനന്തരഫലമായി ഉണ്ടാകുന്ന കുറ്റങ്ങളുടെ കണക്ക് ആകാശത്തോളം ഉയർന്നതാണ്.

ആർത്തി പെരുകി ജീവിക്കുന്ന ജീവിയാണ് മനുഷ്യൻ. ദിനംപ്രതി ആവർത്തിക്കുന്ന ഹിംസയിലൂടെയാണ് നാം കടന്നു പോകുന്നത്. നമ്മുടെ ഹൃദയബന്ധങ്ങൾക്ക് ഒരഴവുമില്ലെന്ന് തെളിയുന്നു.

പാഠപുസ്തകങ്ങൾക്കപ്പുറം മനുഷ്യനെ പൂർണമായി കാണുന്ന ഒരു സാമൂഹ്യവിദ്യാഭ്യാസത്തിന്റെ ഭദ്രതയിൽ നിന്നും മാത്രമേ നമ്മുടെ പോരായ്മകളെ പകുത്തുനോക്കി പരിഹരിക്കാനാവൂ. ആധുനിക വിദ്യാഭ്യാസത്തിന്റെ ചിട്ടവട്ടങ്ങൾക്കിടയിൽ നിന്ന് ജെ.കൃഷ്ണമൂർത്തി, ഗാന്ധിജി, വിവേകാനന്ദൻ ടാഗോർ, എന്നിവരുടെ വിദ്യാഭ്യാസ കാഴ്ചപാടുകൾ വിലയിരുത്തുന്നത് നന്നായിരിക്കും. അവയിൽ, നവ ലിബറൽ സമൂഹത്തിന്റെ ശബ്ദം കൂടിയുണ്ട്. ഇക്കാര്യത്തിൽ ഗാന്ധിജിയോളം സമഗ്രമായി ജീവിച്ച ഒരാളും ഈ കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ല. പക്ഷെ ഗാന്ധിജി ഉൾപ്പെടെ തോറ്റുപോയ സമൂഹത്തിൽ നിന്നാണ് നമ്മുടെ പാഠങ്ങൾ ആരംഭിക്കേണ്ടിവരുന്നത്. മാനവികതയെ പുനസ്ഥാപിക്കുന്ന അധ്യയനത്തിന്റെ സിലബസിൽ നിന്നും മാത്രമേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമ്പൂർണമാവൂ. കുറവുള്ള വിവേകിയുടെ ഉള്ളിൽനിന്നാണ് ശരിയായ വിദ്യാഭ്യാസത്തിന്റെ വഴി തുറക്കുന്നത്.

പുതിയ വിദ്യാഭ്യാസ നയം

പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഏറെക്കുറെ അംഗീകരിച്ച് നടപ്പാക്കാൻ ഒരുങ്ങുകയാണ്. കേരളവും വലിയ ചർച്ചകൾക്കൊന്നും ഇടം നല്‍കാതെ മുന്നോട്ട് പോയിരിക്കുന്നു. തത്ത്വത്തിൽ കേൾക്കുമ്പോൾ നല്ലതെങ്കിലും വൈജ്ഞാനിക തലത്തിൽ പുതിയ വിദ്യാഭ്യാസ നയം എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോൾ പറയാനാവില്ല. ഓരോ സംസ്ഥാനങ്ങളും പിന്‍തുടർന്ന് വന്ന അടിസ്ഥാന വസ്തുതകൾക്ക് മാറ്റം വരാതെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനാവില്ല. ഇത് പറയുമ്പോൾ കാലങ്ങളായുളള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ മാറ്റേണ്ടതില്ലന്ന് പറയുകയല്ല. മറിച്ച് പുതിയ ക്രമങ്ങൾ ഉണ്ടാവുമ്പോൾ നഷ്ടപ്പെടാതിരിക്കേണ്ടത് ചിലതുണ്ടെന്ന് സൂചിപ്പിക്കുകയാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒരു ഏകീകൃത സിലബസ് വരാനിടവന്നാൽ നമുക്ക് നഷ്ടപ്പെടുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് വിലയിരുത്തപ്പെടുന്ന വൈവിധ്യമായിരിക്കും. ഭാഷയിലും സംസ്‌കാരത്തിലും ജീവിതത്തിലുമുളള വൈവിധ്യം.
സംസ്ഥാന സർക്കാറുകൾ ഫണ്ടിന്റെ മികവിൽ അംഗീകരിച്ചുകൊടുക്കുന്ന വിദ്യാഭ്യാസനയത്തിന്റെ ചില വശങ്ങൾ നമ്മെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനങ്ങളിലെ മികച്ച റിസോഴ്‌സ് പേഴ്‌സനെ പരിമിതപ്പെടുത്തുന്ന അവസ്ഥയുണ്ടാകും. കേന്ദ്രം ഭരിക്കുന്നത് ഏത് രാഷ്ട്രീയ കക്ഷിയാണോ അവരുടെ ആശയാഭിലാഷങ്ങൾ അടിച്ചേല്‍പ്പിക്കാൻ സാധിക്കും. ജനാധിപത്യപരമായി ഓരോ സംസ്ഥാനങ്ങൾക്കുമുള്ള അവകാശങ്ങളെ പരിമിതപ്പെടുത്താൻ ഇതു സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…