സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യാത്ര

ആകാംക്ഷ

നമ്മുടെ യാത്രകളെല്ലാം കാഴ്ച തേടിയുള്ളവയാണ്. അനുഭവങ്ങള്‍ കാഴ്ചയുടെ ഉദാസീനതകൊണ്ടു ലളിതമായി പോകുന്ന ഒരു ലോകത്തിലാണ് നാം ജീവിച്ചിരിക്കുന്നത്. എത്രവലിയ അനുഭവങ്ങളെയും നിസംഗതയോടെ കാണാനുള്ള ‘വിവേക’മാണ് ജീവിതത്തിലൂടെ നാം സ്വന്തമാക്കിയിരിക്കുന്നത്. അനുഭവങ്ങളുടെ സൂക്ഷ്മത നമുക്ക് ബാല്യത്തിലെ നഷ്ടപ്പെടുന്നു. അറിവ് ഒരു ഭാരമായിത്തീരുന്നിടത്ത് നാം നേടിയതെല്ലാം ലളിതമായി പോകുന്നു. എന്നാല്‍ യാത്രയില്‍ ലോകത്തിന്റെ ഇഷ്ടവും അടുപ്പവും സ്ഥാപിച്ചെടുക്കുന്ന ഒരാത്മീയതലമുണ്ട്. അങ്ങിനെവരുന്നെങ്കില്‍ മാത്രമെ ഒരു യഥാര്‍ത്ഥ യാത്രികന്‍ ജനിക്കുന്നുള്ളു. അയാള്‍ ലോകത്തെ ആഴത്തില്‍ തൊടും. ഭൂമിയിലുള്ള എല്ലാത്തിനോടും അഗാധമായ ബന്ധം സ്ഥാപിച്ചെടുക്കും. പ്രസിദ്ധ അമേരിക്കന്‍ തത്വചിന്തകനും പ്രകൃതിശാസ്ത്രജ്ഞനും കവിയുമായിരുന്ന ഹെന്റി ഡേവിഡ് തോറോ അത്തരമൊരു ആത്മീയതലത്തെ അറിഞ്ഞിരുന്നു. വനാന്തരത്തിലെ ഒറ്റപ്പെട്ട യാത്രയില്‍ നിന്ന് ലളിതജീവിതസിദ്ധാന്തത്തോടൊപ്പം ആഴമുള്ളനിരീക്ഷണങ്ങളും അനുഭവങ്ങളും അദ്ദേഹം നല്‍കി. തോറോയെ വലിയ ചിന്തകനാക്കുന്നത് ‘വാള്‍ഡന്‍’ തന്നെ.

അനുഭവങ്ങളാണ് മനുഷ്യനെ പാകപ്പെടുത്തുന്നത്. അനുഭവങ്ങള്‍ വേദനാജനകമാകുമ്പോള്‍ കുറെ കൂടി വലുതാകുന്നു. പുതിയൊന്നാകുന്നു. മാത്രമല്ല, യദൃശ്ചയാലുണ്ടാവുന്ന ചെറിയ ചെറിയ സമ്പര്‍ക്കങ്ങള്‍, കാഴ്ചകള്‍, നിശബ്ദത, ഏകാന്തത എന്നിവയെല്ലാം എപ്പോഴും വലിയ ബോധവും നിര്‍വൃതിയും ദര്‍ശനവുമായി പരിണമിക്കുന്നതാണ്. ഒരാളില്‍ തന്നെയുള്ള ഈ വലിയ ഏകാന്തതയുടെ, നിശബ്ദതയുടെ മുന്നേറ്റമാണ് യാത്ര. തന്നെ തന്നെ ഉപേക്ഷിച്ചുക്കൊണ്ടുള്ള ഒരിറക്കം. എന്തോ ഒന്നിനുവേണ്ടിയുള്ള നഷ്ടം. ആ ഒന്നിനായി തീരണം യാത്ര. അത് ജീവിതംപോലെ അതിരറ്റ സമുദ്രമാകും. അവിടെ തീരുമാനിച്ചുറപ്പിച്ച ഘടകങ്ങളൊന്നും ശരിയാവണമെന്നില്ല. ഒരു ലക്ഷ്യവും ഉണ്ടാവണമെന്നില്ല.
ഏണസ്‌റ്റോ ചെഗുവാര പറയുന്നതുപോലെ അവസാനിക്കുമ്പോള്‍ മാത്രം അവസാനിക്കുന്ന ഒരു പരോക്ഷസ്ഥലിയാണ് യാത്ര. മാര്‍ഗങ്ങള്‍ അന്തമാണ്. അത് യഥാര്‍ത്ഥത്തില്‍ അവസാനിക്കുന്നില്ല.

മോട്ടോര്‍ സൈക്കിള്‍ ഡയറി

‘നൂറ്റാണ്ടിന്റെ വീരപുത്രന്‍മാരില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ചെഗുവാര അര്‍ജന്റീനയില്‍ തുടങ്ങി ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് സഞ്ചരിക്കുകയായിരുന്നു. ചരിത്രത്തില്‍ മനുഷ്യവംശത്തിന്റെ മോചനം സ്വപ്‌നം കണ്ട വിപ്ലവകാരികളില്‍ ഏണസ്റ്റോ ചെഗുവാര ഒന്നാമനായിരുന്നു. ‘മോട്ടോര്‍ സൈക്കിള്‍ ഡയറി’ എന്ന വിഖ്യാത യാത്രാകുറിപ്പ്, ഒരു യാത്രികനെന്നനിലയിലും അദ്ദേഹം ഒന്നാമനാണെന്ന് തെളിയിക്കുന്നവയാണ്. തന്റെ സുഹൃത്ത് അല്‍ബര്‍ട്ടോയുമൊത്തുനടത്തിയ ഈ യാത്ര ഒരേസമയം യൗവ്വനത്തിന്റെ ആഘോഷവും മനുഷ്യത്ത്വവും അലിവും ആര്‍ദ്രതയും കാത്ത് സൂക്ഷിക്കുന്നവയാണ്. യാത്രയില്‍ പപ്പയ്ക്കും മമ്മിയ്ക്കും മാമയ്ക്കുമായി എഴുതുന്ന കത്തുകള്‍ ഏറെ കാല്പനികവും സ്‌നേഹാദരങ്ങളുമാണ്. ലോകചരിത്രത്തില്‍ ഒരു വിപ്ലവകാരിയും ഇത്ര സ്വാതന്ത്ര്യത്തോടെ ഇടപെട്ടിട്ടില്ലന്ന് സൂചിപ്പിക്കുന്നതാണ് ഈ കുറിപ്പുകള്‍. ഇതിന്റെ മുഖവുരയില്‍ മകള്‍ അലിഡ ഗുവാര പ്രഖ്യാപിക്കുന്നു: വായിക്കുന്തോറും ഇതിലെ എന്റെ പിതാവായ ചെറുപ്പക്കാരനുമായി അനുരാഗത്തിലകപ്പെടുന്നു….ഒരു മനുഷ്യനെന്ന നിലയില്‍ പൂര്‍ണനാവാനും സാമൂഹ്യജീവിയെന്ന നിലയില്‍ വളര്‍ന്നു വികസിക്കാനും യത്‌നിച്ച യുവാവ്…

ഇവിടെ പുസ്തകം ഉയര്‍ത്തിവിടുന്ന ലോകം ചിന്തയുടെയും സ്വപ്‌നങ്ങളുടെയും ആദര്‍ശത്തിന്റേതുമാകുന്നു. യാത്ര എവിടെയും അവസാനിക്കാത്തതാകുന്നു. യാത്രികനും അവസാനിക്കാത്ത ലോകത്തിന്റെ ഭാഗമാണ്.

എവിടേക്ക് പോകുന്നു, എന്തിനു പോകുന്നു എന്നൊന്നും അവിടെ പ്രശ്‌നമല്ല, യാത്രികന്‍ അവനറിയാതെ വളര്‍ത്തിയെടുക്കുന്ന ഒരു ലോകമുണ്ട്. അവിടെ അയാള്‍ മറ്റുള്ളവര്‍ കാണാത്തത് കാണുന്നു. തികച്ചും ആന്തരികമായ വെളിച്ചത്തിന്റെയും ഭൗതികമായ ദര്‍ശനത്തിന്റെയും കൂടിച്ചേരല്‍. യാത്ര അനുഭവജ്ഞാനത്തിന്റെ മാറ്റൂരയ്ക്കലാണ്. ശൂന്യതയില്‍ നിന്ന് സര്‍ഗ്ഗാത്മകതയിലേക്ക് ഒരു വിത്തിടല്‍. ഈ സര്‍ഗ്ഗാത്മകതയിലേക്കുള്ള വഴി തിരിച്ചറിയുന്നിടത്താണ് യാത്രികനുണ്ടാവുന്നത്. അയാളിലെ മുഴുവന്‍ നിസ്വാര്‍ത്ഥതയും അവിടെ പ്രകാശിപ്പിക്കപ്പെടുന്നു. അയാളുടെ വഴികള്‍ തടസ്സമായിതീരുന്നില്ല. മരണഭീതിപോലും അയാള്‍ അപ്പോള്‍ അനുഭവിക്കുന്നില്ല. മറ്റു യാത്രികര്‍ പോകാത്ത വഴികളിലാണ് അയാള്‍ സഞ്ചരിക്കുന്നത്. അയാള്‍ അറിയുന്നേയില്ല യാത്രയിലാണെന്ന്. അന്വേഷണത്തിന്റെയും അവബോധത്തിന്റേയും സൂക്ഷ്മ ലബ്ധി.

സഞ്ചാരസാഹിത്യം
എസ് കെയുടെ വഴിയില്‍

എസ് കെ പൊറ്റക്കാടില്‍ നിന്ന് കെ.രവീന്ദ്രന്‍ (ചിന്താ രവി) വ്യത്യസ്തനാവുന്നത് വേറിട്ട വഴികളിലൂടെയാണ്. ഇന്ത്യയിലെ ഗോത്രജീവിതസത്യങ്ങളന്വേഷിച്ചുകൊണ്ടുള്ള രവീന്ദ്രന്റെ യാത്രകള്‍ ഉന്മാദജനകവും അതിസാഹസികവുമാണ്. പക്ഷെ, അവ തരുന്ന പച്ചയായജീവിതം മനുഷ്യകുലത്തിന്റെ ആദിമമായ വേദനയും ദുരന്തവുമാണ്. അങ്ങനെ വരുമ്പോള്‍ ഫിക്ഷനില്‍ കവിഞ്ഞ് എസ്. കെ. പൊറ്റക്കാടിന്റെ യാത്രകള്‍ ഒന്നുമല്ല. നോവലിസ്റ്റ് എന്ന നിലയില്‍ പൊറ്റക്കാടിന്റെ സാധ്യതകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ഭാഷയിലെ ആദ്യത്തെ ജനകീയ സഞ്ചാര സാഹിത്യകാരനും അദ്ദേഹമാണ്. ഒരു പക്ഷെ മലയാളികളുടെ ‘മാതൃക’ സഞ്ചാരസാഹിത്യകാരനും അദ്ദേഹമായിരിക്കും. ഒരു കാര്യം ഉറപ്പാണ്, എസ് കെ യുടെ വഴി പിന്‍തുടര്‍ന്നാണ് നമ്മുടെ ഭാഷയില്‍ സഞ്ചാരസാഹിത്യം മെച്ചപ്പെട്ടത്.

എസ് കെ യുടെ വഴി പിന്‍തുടര്‍ന്നവര്‍ക്കിടയില്‍ ദീര്‍ഘവീക്ഷണമുള്ള യാത്രികനാണ് എം കെ രാമചന്ദ്രന്‍. വേറിട്ട് സഞ്ചരിച്ചവരുമുണ്ട്. എം കെ രാമചന്ദ്രന്റെ ‘ആദി കൈലാസയാത്ര’ അധ്യാത്മികമെന്നതിലുപരി പ്രകൃതിയുടെ സര്‍വ്വസൗന്ദര്യങ്ങളും അനുഭവിച്ചറിയുന്ന ഒരു മനുഷ്യന്റെ വിചാരപ്രപഞ്ചമാണ്. നമ്മുടെ വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ചൊല്ലിത്തന്ന സ്വര്‍ഗസങ്കല്‍പ്പത്തിന്റെ സ്ഥലകാലരാശിയിലേക്കുള്ള തിരിച്ചുപോക്കാണിത്. മഹാശിഖരങ്ങള്‍, മഞ്ഞും, മഴയും, നദിയും സമ്പര്‍ക്കപ്പെടുന്ന ഭൂപ്രദേശങ്ങള്‍, പൂര്‍വ്വികരുടെ ജന്മസുകൃതങ്ങള്‍..എല്ലാം ചരിത്രമാകുകയാണ് രാമചന്ദ്രനില്‍.

രാമചന്ദ്രനില്‍ നിന്ന് രാജന്‍ കാക്കനാടനിലേക്ക് എത്തുമ്പോഴേക്കും അതിസാഹസികനായ ഒരു യാത്രികനെ നമുക്ക് പരിചിതമാകുന്നു.1975ല്‍ ഹിമാലയത്തിലേക്ക് കാല്‍നടയായി സഞ്ചരിച്ച രാജന്‍ ഒരു പുതിയചരിത്രം കുറിച്ചു. ഹരിദ്വാര്‍, ഹൃഷികേശ്, അളകനന്ദ, ഗഡുവാളി ഗ്രാമം, ഗുപ്തകാശി, സോനാപ്രയാഗ്, കേദാര്‍നാഥ്, ഗൗരീകുണ്ഡം, ബദരീനാഥ് എന്നിങ്ങനെ പേര് കേട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്ര. ഇത് വെറും പുണ്യകേന്ദ്രത്തിലേക്കുള്ള യാത്രയല്ല. കണ്ടുമുട്ടുന്നവരിലൂടെ ഹിമാലയത്തെ കാണുന്ന യാത്രയാണ്. കഠിനമായ തണുപ്പില്‍… ഒറ്റപ്പെട്ടും, മരവിച്ചും വിശന്നും ഭയന്നും പിന്നിട്ട വഴികളുടെ ഓര്‍മ്മകള്‍…

‘കാവേരിയോടൊപ്പം എന്റെ യാത്രകള്‍’ എഴുതിയത് ഒ കെ ജോണിയാണ്. ഒരു പത്രപ്രവര്‍ത്തകനും ചലച്ചിത്രനിരൂപകനും സംവിധായകനുമാണ് ജോണി. മികച്ച യാത്രാവിവരണഗ്രന്ഥത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡിന്‌ അര്‍ഹമായ ഭൂട്ടാന്‍ ദിനങ്ങളെക്കാള്‍, ചരിത്രത്തിന്റെ ഉപലബ്ധി ‘കാവേരിയോടൊപ്പം എന്റെ യാത്രകള്‍’ക്കാണ്. ജോണിയുടെ കാഴ്ചകള്‍ വെറും കാഴ്ചയല്ല. മണ്ണും പ്രകൃതിയും കാടും പുഴയും ചരിത്രവും സംസ്‌ക്കാരവും മനുഷ്യന്റെ ജീവിതവുമായി ഇഴചേരുന്നത് ജോണിയുടെ യാത്രാനുഭവങ്ങളിലൂടെ കാണാം.

അതുപോലെ സക്കറിയയുടെ ഒരു ആഫ്രിക്കന്‍ യാത്ര, അനുഭവങ്ങളുടെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്നവയാണ്. ആഫ്രിക്ക മനുഷ്യവേദനയുടെ ഇരുണ്ടഭൂഖണ്ഡമായി ഒരിക്കല്‍ കൂടി മാറുകയാണ്. എസ് കെ പൊറ്റക്കാടിന് ശേഷം ആഫ്രിക്കന്‍ ജനതയുടെ സ്വപ്‌നങ്ങളിലൂടെ സഞ്ചരിക്കാന്‍ ഒരു മലയാളി നോവലിസ്റ്റ് കൂടി ജനിച്ചു. സക്കറിയ

അംബാവനത്തിലെ മഴയും ബൂ മ് ലപാസിലെ മഞ്ഞും

സഞ്ചാരിയുടെ എഴുത്ത് സര്‍ഗ്ഗാത്മകതയുടെ ആരാമമാണ്. പരിസ്ഥിതിയുടെ പറുദിശയില്‍നിന്ന് അയാള്‍ക്ക് വസന്തത്തിന്റെ നറുമണം ലഭിക്കുന്നു. ആഷാമേനോന്റെ രചനകളില്‍ പ്രകൃതിയും മനുഷ്യനും സര്‍വ്വജീവജാലങ്ങളും ഭാഷയും ശാസ്ത്രവും സാഹിത്യവും സഞ്ചാരത്തിന്റെ വഴിയിടങ്ങളില്‍ കൂടി ചേര്‍ന്ന് നക്ഷത്രജാലങ്ങളാവുന്നു. അദ്ദേഹം കണ്ണുതുറക്കുന്നത് പ്രകൃതിയുടെ ദൃശ്യ ചാരുതയിലേക്ക് മാത്രമല്ല, ഭാഷയുടെയും മനോവിജ്ഞാനിയത്തിന്റെയും സര്‍വ്വമണ്ഡലങ്ങളിലൂടെയുമാണ്. ആത്മീയതയും തത്വചിന്തയും വഴിപിരിയാതെ ആഷാമേനോനില്‍ പ്രവര്‍ത്തിക്കുന്നു. ഓഷോയും ബുദ്ധനും സൂഫിയും അദ്ദേഹത്തിന്റെ എഴുത്തില്‍ ഒപ്പമുണ്ട്. പൗരാണികതയും പ്രകൃത്യഭിജ്ഞയും സമ്മേളിക്കുന്ന ‘അംബാവനത്തിലെ മഴയും ബൂമ് ലപാസിലെ മഞ്ഞും’ മലയാളത്തിലുണ്ടായ അപൂര്‍വ്വ രചനകളിലൊന്നാണ്. കുടജാദ്രിയില്‍ തുടങ്ങി പത്ത് പതിനൊന്ന് സംസ്ഥാനങ്ങളിലൂടെ അരുണാചല്‍ പ്രദേശിലെ ബൂമ്‌ലചുരത്തില്‍ എത്തിയ അനുഭവമാണിത്. യാത്രികനും നിരൂപകനുമായ ആഷാമേനോന്റെ മറ്റൊരു പ്രൗഡ രചനയാണ് ‘ഛന്ദസ്സുകള്‍.’ അനുഭവങ്ങളും നിരീക്ഷണങ്ങളും ഇതില്‍ കാവ്യാത്മകമാകുന്നു. കാഴ്ചയുടെ അകം പൊരുളില്‍ എഴുത്തുകാരന്റെ യാത്ര അവസാനിക്കുന്നില്ല. ഇറങ്ങുന്നിടത്തേക്ക് തിരിച്ചെത്തുന്നതല്ല, യാത്ര. കാണാത്ത ഇടം കാണുന്നതാണ്. അത് നമ്മെ പുതിയൊരാളാക്കുന്നു. നമുക്ക് പുതിയ ലോകമുണ്ടാക്കുന്നു.

ഖസാക്കില്‍ യാത്രയുടെ അനവദ്യ സങ്കല്‍പ്പങ്ങള്‍

യാത്രയില്‍ തുടങ്ങി യാത്രയില്‍ അവസാനിക്കുന്ന ഒരു നോവലുണ്ട് മലയാളത്തില്‍. ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’. രവിയുടെ വരവും മരണത്തിലേക്കുള്ള തിരിച്ചുപോക്കും യാത്രയുടെ ഉന്മാദത്തിലൂടെയാണ്. ഒരിടത്തും ഉറയ്ക്കാത്ത ജീവിതങ്ങളുടെ കഥപറയുന്ന വിജയന്‍ വലിയ സഞ്ചാരിയാകുന്നു. എഴുത്തില്‍ തന്റെ കഥാത്രങ്ങളെ ഇത്രമാത്രം ചലിപ്പിച്ച, അലയാന്‍ വിട്ട ഒരെഴുത്തുകാരനും നമ്മുടെ ഭാഷയില്‍ വേറെയില്ല. രോഗവും രതിയും മരണവും മണക്കുന്ന സഞ്ചാരപാതകള്‍. അവ എപ്പോഴും നിശബ്ദതയുടേതാണ്‌. ഒറ്റപ്പെടുന്ന കഥാപാത്രങ്ങളിലൂടെ ഏകാന്തതയുടെ ഇരുട്ടും തണുപ്പും നിഴലും നിലാവും സഞ്ചരിക്കുന്നു. രസകരമെന്ന് പറയട്ടെ, ജീവിതം വഴിപിഴച്ച യാത്രകളുടെ കൂടിച്ചേരലുകളായി മാറുന്നു ഖസാക്കില്‍. ആരെയും കുറ്റപ്പെടുത്താനരുതാത്ത വിധിവിപര്യയങ്ങളുടെ ധര്‍മ്മസങ്കടങ്ങളില്‍ സഞ്ചരിക്കുന്നു വിജയന്റെ കഥാപാത്രങ്ങള്‍. വിജയന്റെ എല്ലാ രചനകളിലുമുണ്ട് യാത്രയുടെ ഈ വേറിട്ട അനവദ്യസങ്കല്പങ്ങള്‍. സഞ്ചാരം മനുഷ്യന്റെ ആദിമമായ നിയതിയാണെന്ന് വിജയനും തെളിയിക്കുന്നു.

ഒന്നുറപ്പിക്കാം, സഞ്ചാരസാഹിത്യം വിവരണങ്ങള്‍ക്കപ്പുറത്ത് വളരുന്ന സാഹിത്യശാഖയാണ്. അതുവെറും ദേശക്കാഴ്ചകളുടെ അഭിരുചിയില്‍ ചെറുതായിക്കൂട. കാണുന്നതെല്ലാം അതിശയമായി തീരുമ്പോള്‍ യാത്രയുണ്ടാവണമെന്നില്ല. പുതിയ ലോകമുണ്ടാകണമെന്നില്ല. ഭാഷയില്‍ പലപ്പോഴും അതുസംഭവിച്ചു.നമ്മുടെ ചില എഴുത്തുകാര്‍ കാണുന്നത് ഇത്തിരി ചരിത്രവും ദേശക്കാഴ്ചകളും മാത്രമാണ്.

സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യൂറോപ്പ്യന്‍ യാത്രകളത്രയും ഡോക്യൂമെന്ററി സ്വഭാവത്തില്‍ സംഭവവിവരണങ്ങളായി ചെറുതായി തീരുന്നത് അതുകൊണ്ടാണ്. ഇവിടെ അനുഭൂതിമാത്രമാണ് പുതുക്കപ്പെടുന്നത്. അനുഭൂതി കൊണ്ടു ലോകമെന്താണെന്നറിയാനാവില്ല.

നോ ഡസ്റ്റിനേഷന്‍

ലോകമറിയാനും ലോകത്തെ അറിയിക്കാനും ഇന്ത്യയില്‍ നിന്നും ആണവതലസ്ഥാനങ്ങളിലേക്ക് നടന്നുപോയ രണ്ട് സുഹൃത്തുക്കളാണ് സതീഷ്‌കുമാറും പ്രഭാകര്‍മേനോനും. ഡല്‍ഹി മുതല്‍ വാഷിംഗ്ടണ്‍ വരെ നടക്കാനുറച്ച അവരുടെ അതിസാഹസിക കഥ പറയുന്ന പുസ്തകമാണ് നോ ഡസ്റ്റിനേഷന്‍ (No Destination}. തന്റെ ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അദ്ദേഹം ഈ യാത്രയിലേക്ക് ചെന്നെത്തുന്നത്. യാത്രാ ഉദ്ദേശ്യം ബോധ്യപ്പെടുത്തി, അവരുടെ പൂര്‍ണ സമ്മതത്തോടെയായിരുന്നു സതീഷ്‌കുമാര്‍ ഇറങ്ങിപ്പുറപ്പെട്ടത്. 1962 മെയ് 10 നായിരുന്നു ആ യാത്രയുടെ തുടക്കം. പാക്കിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനിലേക്കും അഫ്ഗാനിലൂടെ ഇറാനിലും ഇറാനിലൂടെ സോവിയറ്റ് യൂണിയനിലേക്കും കടന്നു. തുടര്‍ന്ന് റഷ്യയിലേയും പോളണ്ടിലേയും ഗ്രാമ നഗര വീഥികളിലൂടെ കിഴക്കന്‍ ജര്‍മ്മനിയില്‍ എത്തിപ്പെടുന്നു.
ഇവിടെ യാത്രകള്‍ക്ക് ലക്ഷ്യമുണ്ട്. അണുബോംബിനെതിരെ ലോക മനസാക്ഷിയെ തട്ടിയുണര്‍ത്തുകയായിരുന്നു ലക്ഷ്യം. ഫലം കണ്ടുവോ ഇല്ലയോ എന്നത് ഒരു വിഷയമല്ല. കണ്ടാലും കണ്ടില്ലങ്കിലും ഇച്ഛാശക്തിയുടെ മഹാസാന്നിധ്യമായി ലോകത്ത് മനുഷ്യന് മാറാനാവുമെന്ന വലിയ സന്ദേശമാണ് ഇവര്‍ കൊണ്ടുവരുന്നത്. റഷ്യയിലെ ചായഫാക്ടറി തൊഴിലാളികള്‍ ആണവശക്തികളുടെ രാഷ്ട്രീയ നേത്യത്വത്തിന് കൊടുക്കാനായി നല്‍കിയ സമാധാനത്തിന്റെ നാല് ചായപ്പൊടിപ്പൊതികള്‍ അവരുടെ കൈവശമുണ്ടായിരുന്നു. ഈ യാത്രയില്‍ ലക്ഷ്യങ്ങളില്ലെന്ന് പറയുന്നതെങ്ങിനെ?

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…