ആകാംക്ഷ
മനുഷ്യനായിത്തീരുക മാത്രം വയ്യ, ജന്തുത ജയിക്കുന്നു എന്ന് കവിവാക്യം. കള്ളനെന്ന് വിളിപ്പേരുള്ള രാജു അത് തിരുത്തിക്കുറിച്ചു. അയാള്‍ മനുഷ്യനായി. മനുഷ്യനായി തീരുക എന്നത് ചെറിയ കാര്യമല്ല. അദ്ദേഹം ഇനി ജീവിതത്തില്‍ പൂര്‍ണനാവും. വലുതൊന്നും അയാള്‍ക്കിനി മോഷ്ടിക്കേണ്ടിവരില്ല. വിക്റ്റര്‍ യുഗോയുടെ ‘പാവങ്ങളി’ലെ ഷാങ് വാല്‍ ഷാങിനെ പോലെ ജീവിതത്തിന്റെ യഥാര്‍ഥ വഴി അയാള്‍ക്ക് വീണുകിട്ടിയിരിക്കുന്നു. അഭയക്കേസ്സില്‍ സാക്ഷിമൊഴിയില്‍ അവസാനം വരെ അടിയുറച്ച രാജു പറഞ്ഞു: അവളെന്റെ മകളെപോലെയാണ്. ഇന്ന് ആരുമില്ലാതായി പോയ അവള്‍ക്ക് ഞാന്‍ ജീവിച്ചിരിക്കുന്ന അച്ഛനായിതീരട്ടെ. ഈ പ്രാര്‍ത്ഥന എല്ലാ ആരാധനാലയങ്ങള്‍ക്കും വെളിയില്‍ ജീവിക്കുന്ന ദൈവം കേട്ടു. അതാണ് ഈ വിധിയുടെ ശാന്തി. അച്ചന്മാരില്‍ നിന്നും സ്‌നേഹം മോഷ്ടിച്ചെടുത്ത രാജു സെന്റ് ഫ്രാന്‍സിസിനെ പോലെ ഇപ്പോള്‍ വിശുദ്ധനുമാകുന്നു. എന്തെ നമ്മുടെ അച്ചന്മാരെല്ലാം ഇങ്ങനെ ? ഈ ചോദ്യവും അതിനുള്ള ഉത്തരവും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നവ തന്നെ. എന്നാല്‍ പൗരോഹിത്യം ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും വിശുദ്ധിയുടെ ലോകത്ത് ജീവിക്കുന്ന വിശ്വാസികളും അവിശ്വാസികളും ഉണ്ടെന്നുള്ളത് ആശ്വാസം തന്നെ.
മലയാളികളുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറും ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ ഖാദറും ഈ മാസം ഓര്‍മയായി. കൂടെ നവസംവിധായകന്‍ ഷാനവാസും വിട പറഞ്ഞു. സാംസ്‌കാരിക ചിന്തയ്ക്ക് ഇടം നല്‍കിയ ആരുടെ മരണവും വേദന തരുന്നതാണ്. ചില നഷ്ടങ്ങളൊന്നും നമുക്ക് നികത്താനുമാകില്ല. മരണം മനുഷ്യനെ വലുതൊന്നും പഠിപ്പിക്കുന്നില്ല. പക്ഷെ ജീവിതം മനുഷ്യനെ പഠിപ്പിച്ചുകൊണ്ടേയിരിക്കും.
മലയാളിക്ക് സുഗതകുമാരി ടീച്ചറും യുഎ ഖാദറും എഴുത്തുകാരെന്നതിനേക്കാള്‍ രണ്ട് സംസ്‌കാരമാണ്. എഴുത്ത് സംസ്‌കാരമായി തീരുമ്പോഴാണ് സമ്പന്നമാവുന്നത്. അമ്മയുടെ ശക്തിയും സഹനവും കവിതയ്ക്കു നല്‍കിയ കവയിത്രിയാണ് സുഗതകുമാരി ടീച്ചര്‍. അവരില്‍ പ്രണയം ഭക്തിയുടെ രൂപത്തിലും കാരുണ്യം സ്‌നേഹത്തിന്റെ രൂപത്തിലും ദൃഡമാകുന്നു. കവിത അവര്‍ക്ക് ഒരു ഉള്‍വിളിയാണ്. അനീതിയോടും ഹിംസയോടുമുളള പ്രതിരോധവും. അവ പലപ്പോഴും വഞ്ചനയോടും മാത്സര്യത്തോടുമുളള തര്‍ക്കവും, ആയുസ്സിനെ ബലപ്പെടുത്തുന്ന ഔഷധവുമായി തീരുന്നു. ആക്ഷേപങ്ങള്‍ ഒരുപാട് കേട്ട കവിയാണ് സുഗതകുമാരി. അതില്‍ വേദനിക്കുമ്പോഴും വിവേകപൂര്‍വം അവര്‍ കാര്യങ്ങളെ കണ്ടു.
‘തിരിഞ്ഞു നില്‍ക്കുന്നേന്‍, തരാനുണ്ടിത്തിരി-
കവിതകൂടിയെന്‍ അരുമകള്‍ക്കായി
തരാനുണ്ടിനിയും കടലോളം സ്‌നേഹം,
കടും യത്‌നം, ചോര ചുവയ്ക്കും കണ്ണീരും’
കടലോളം സ്‌നേഹവും ചോര ചുവയ്ക്കും കണ്ണീരും എന്താണെന്ന് ഇനി കുഞ്ഞുങ്ങളെ മാത്രമെ പഠിപ്പിക്കാനുള്ളു. മുതിര്‍ന്നവര്‍ക്കു മുന്‍പില്‍ നിരാശപ്പെടുന്ന ടീച്ചറെ നമുക്കിവിടെ കാണാം.
പ്രപഞ്ചത്തിലെ സര്‍വതിനോടുമുളള ഭക്തിയാണ് കവയിത്രിയെ അനശ്വരമാക്കുന്നത്. ടാഗോറിനെപ്പോലെ വിശ്വമാനവികതയില്‍ വിശ്വസിച്ചു. വിഷാദത്തിന്റെ ധ്വനി സാന്ദ്രതയില്‍ അമ്മയായും മകളായും കാവ്യകാമുകിയായും ജീവിച്ച അവര്‍ മലയാള കവിതയില്‍ പുതിയ ഭാവുകങ്ങളെ അടയാളപ്പെടുത്തി. ആശയറ്റ മനുഷ്യന്റെ ദുരന്തത്തിലും അവമതിക്കപ്പെടുന്ന സ്ത്രീ മനസ്സിന്റെ വേദനയിലും ആശങ്കപ്പെട്ട കവി വര്‍ത്തമാനത്തില്‍ ജീവിച്ചു. പ്രകൃതിയ്ക്ക് മുകളില്‍ മനുഷ്യന്‍ കാട്ടുന്ന കയ്യേറ്റം അവരെ വല്ലാതെ വ്യാകുലപ്പെടുത്തി. അവരുടെ തര്‍ക്കം പലരേയും അസ്വാസ്ഥ്യപ്പെടുത്തുന്നവയുമാണ്. വിട്ടുവീഴ്ച്ചയില്ലാത്ത ഈ പ്രതിഷേധങ്ങളാണ് ടീച്ചറെ കേരളത്തിന്റെ സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്. ഒരു സാമൂഹ്യപ്രവര്‍ത്തക എന്ന നിലയില്‍ അധികമാരും സഞ്ചരിക്കാത്ത വഴികളില്‍ അവര്‍ യാത്ര ചെയ്തു. കവിതയ്ക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്ന നിരൂപകര്‍ക്കുള്ള മറുപടിയാണ് ടീച്ചറുടെ കവിത പലപ്പോയും. കാരണം പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വ്യവഹാരങ്ങളെ മലയാളത്തില്‍ നന്നായി അടയാളപ്പെടുത്തുന്നു സുഗതകുമാരി ടീച്ചര്‍. അവരുടെ എല്ലാ കവിതയും സംവേദനമാണ്, പ്രതിരോധവുമാണ്.
തത്ത്വവിചാരങ്ങള്‍ക്ക് വഴങ്ങാത്ത ആവിഷ്‌കാരവും ലളിത ചിന്തയും കൊണ്ട് കവിതയുടെ ഭാഷ സംഗീതാത്മകമായി തീരുന്നു. അവരിലെ സര്‍ഗാത്മകത ആത്മീയതയോളം തന്നെ ഭൗതികവുമാകുന്നു.
ജന്മം കൊണ്ട് ബര്‍മനും ജീവിതം കൊണ്ട് കേരളീയനുമായ എഴുത്തുകാരനാണ് യു.എ. ഖാദര്‍. പ്രവാസത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ ബോധതലം കൊണ്ടാണ് യു.എ ഖാദര്‍ എഴുതുന്നത്. എഴുത്തിന്റെ പെരുമ ജീവിതത്തോടും മനുഷ്യനോടുമുളള അടുപ്പമാണ്. ഗ്രാമ്യഭാഷയുടെ ലാളിത്യംകൊണ്ട് അദ്ദേഹത്തിന്റെ വാഗ്മയ ചിത്രങ്ങള്‍ നമ്മെ അല്‍ഭുതപ്പെടുത്തുന്നു.
മരണത്തിന് ഏതാനും ദിവസം മുമ്പ് മാതൃഭൂമി ആഴ്ച്ചപതിപ്പിന് വേണ്ടി യു.എ ഖാദര്‍ എഴുതികൊടുത്ത അലിമൊട്ട് എന്ന കഥ, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സാധ്യതയെ പ്രകാശിപ്പിക്കുന്നവയാണ്. തനിക്ക് യോഗ്യനായ ഒരു വരനെ സ്വയം കണ്ടെത്തി അലീമയെന്ന യുവതി സ്വന്തം ബാപ്പയെ അദ്ദേഹത്തിന്റെ അരികിലേക്കയക്കുകയും സാമൂഹ്യ മര്യാദകളുടെ പിന്‍ബലത്തോടെ വിവാഹിതയാവുകയും ചെയ്യുന്നു. ഖാദറിന്റെ ഒടുവിലത്തെ ഈ കഥയില്‍ ഇസ്ലാമിക പാരമ്പര്യത്തിന്റെ പാവനവും മധുരോധാരവുമായ അനുഭവങ്ങളും വിശ്വാസങ്ങളും കോര്‍ത്തെടുക്കുന്നുണ്ട്. തര്‍ക്കങ്ങളോ ഒച്ചപ്പാടുകളോ ഒന്നുമില്ലാതെ സര്‍വസമ്മതമായ നിലപാടുകളിലേക്ക് വളരുന്ന ഒരു സാമൂഹ്യഘടനയെ പ്രതിഫലിപ്പിക്കുന്ന കഥയായി അലിമൊട്ട് മാറുന്നു.
മനുഷ്യന്റെ അടിസ്ഥാന സത്യം സ്‌നേഹമാണ്. ജാതിയും മതവും വര്‍ഗവും അതിന് തടസമാവരുത.് ഈയ്യിടെ കേരളത്തില്‍ സംഭവിച്ച അരുംകൊലകളെല്ലാം ഒന്നിന്റെയും പരിഹാരമല്ല. എന്നാല്‍ ജീവിതം എല്ലാത്തിനും പരിഹാരമാണ്.
അന്തരിച്ച ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് സൂഫിയും സുജാതയും സിനിമയില്‍ സ്‌നേഹം തേടി അലയുന്ന ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. പൂര്‍ണമാകുന്നതിന് മുമ്പ് അവസാനിക്കുന്ന ജീവിതത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും പ്രപഞ്ച നീതിയുടെ ഭാഗമാണെന്ന സൂഫി സത്യം പുനരാവിഷ്‌കരിക്കുകയാണ് ഈ ചലച്ചിത്രത്തില്‍. പ്രണയവും സംഗീതവും ദിവ്യതയുടെ നൈരന്ത്യത്തിലേക്ക് എങ്ങനെ വളരുന്നു എന്ന് പറയുകയും ചെയ്യുന്നു. അവസാന ശ്വാസത്തിന്റെ ദീര്‍ഘമായ ബലത്തില്‍ ബാങ്കുവിളി സര്‍വചരാചരങ്ങളേയും ഉണര്‍ത്തുന്നവയാണ്. ആ ശബ്ദമാന്ത്രികതയെ പ്രണയിക്കുന്ന സുജാതയെ ഷാനവാസ് അതിഗംഭീരമായി ചിത്രീകരിച്ചിരിക്കുന്നു. സൂഫി സംഗീതവും ദിവ്യതയും സൃഷ്ടിക്കുന്ന പാരസ്പര്യത്തിന്റെ ആത്മീയ ധാരയോടൊപ്പം ഭൗതിക ജീവിതത്തിന്റെ സമഗ്രതയും ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. ചുരുക്കത്തില്‍ അപൂര്‍വമായ ഒരു ചലച്ചിത്ര കാവ്യഭാഷ്യമാണ് ഷാനവാസിന്റെ ഈ സിനിമ.
സുഗതകുമാരി ടീച്ചറും യുഎ ഖാദറും ഷാനവാസും ജീവിതംകൊണ്ട് മനുഷ്യത്വത്തെ പൂര്‍ണമാക്കുന്നു.
2020 മരണത്തിന്റെയും രോഗത്തിന്റെയും ശാപമേറ്റ് മടങ്ങുകയാണ്. ലോകത്ത് ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങള്‍ക്ക് നാം സാക്ഷ്യമായി. അതോടൊപ്പം അഴിമതിയും സ്വജനപക്ഷപാതവും ഹിംസയും കൊണ്ട് നമ്മുടെ മനസ്സുകള്‍ മലിനവുമായിരിക്കുന്നു. അഴുക്കു പുരളാത്ത ഒരുകൈകളും നമ്മുടെ ഭരണ സംവിധാനങ്ങളിലില്ല. എങ്കിലും പ്രതീക്ഷയോടെ നാം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു.
സ്വര്‍ണഞരമ്പിന്റെ ഈ ലക്കം വി. മോഹനന്‍ എന്ന ചിത്രകാരന്റെ ‘അശാന്തപ്രബുദ്ധത’ യിലൂടെ കടന്നുപോകുകയാണ്. ലോകത്തിന്റെ വലിയ കറുപ്പിനെ വരച്ച ചിത്രകാരനാണ് വി. മോഹനന്‍. ആ വരകള്‍ വെളിച്ചം പ്രതീക്ഷിക്കുന്ന മനുഷ്യനുവേണ്ടിയുളളതാണ്. ചിന്തയും കാഴ്ച്ചയും പുതുക്കി പണിയുന്ന ഈ വരകള്‍ സമാനമായ സങ്കടങ്ങളിലൂടെ മനുഷ്യനെ കാണുന്നു, വിമലീകരിക്കുന്നു. ഒപ്പം ശക്തവുമാക്കുന്നു. എഴുത്തില്‍ വ്യത്യസ്തരായ സുഹൃത്തുക്കള്‍ അദ്ദേഹത്തെ കുറിച്ച് പറയുന്നു. കെ.ജി ശങ്കരപ്പിളള, കെ.സച്ചിദാനന്ദന്‍, ഹാഫിസ് മുഹമ്മദ്, പി.എന്‍ ദാസ്, സി.എസ് വെങ്കിടേശ്വരന്‍, മുകുന്ദനുണ്ണി, പ്രസാദ്‌ശേഖര്‍ എന്നിവര്‍.
One Response
നല്ല ലേഖനം…