സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പാട്ടിന്റെ പല്ലവി

ആകാംക്ഷ

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും താളവും. അങ്ങനെ പാട്ട് ഭാഷയുടെ ഭാഗമാകുന്നു.

പാട്ടെപ്പോഴും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ആവിഷ്‌ക്കരിക്കാനുള്ള അടയാളമാവുകയും ഒരു പൊരുതലിന്റെ സങ്കീര്‍ത്തനമായി ഉള്‍ച്ചേരുകയും ചെയ്യുന്നുണ്ട്. മനുഷ്യസംസ്‌ക്കാരത്തിന്റെ ഫലപ്രാപ്തിയില്‍ പാട്ടിനെപ്പോഴും ഇടമുള്ളതായി കാണാം. പാടുന്നതെല്ലാവര്‍ക്കും സാധ്യമല്ലെങ്കിലും പാട്ടിനെ അറിയുന്നവരാണ് നാം. നമ്മുടെ ആദിമഗോത്ര സഞ്ചയങ്ങളില്‍ വരെ പാട്ട് സാംസ്‌ക്കാരികമായ ഒരിടം തേടിയിട്ടുണ്ട്. ആധുനികതയ്‌ക്കോ അധുനാധുനികതയ്‌ക്കോ ലഘൂകരിക്കാനാവാത്തതാണ് പാട്ടിന്റെ പ്രാപ്തി!

തമിഴിലും മലയാളത്തിലും പാട്ട് സാഹിത്യത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. തിരുക്കുറല്‍ മുതല്‍ കൃഷ്ണഗാഥവരെ പാട്ടുസാഹിത്യത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ചെറുശ്ശേരി ശുദ്ധമലയാളത്തിലെഴുതിയ കൃഷ്ണഗാഥ പാട്ടുസാഹിത്യത്തിന്റെ സവിസ്തരമായ പ്രതിപാദനമാണ്. കൃഷ്ണഗാഥയെ കൃഷ്ണപാട്ടെന്ന് പറയുന്നതിന്റെ സാധ്യതയും അതുതന്നെ. ആവര്‍ത്തിക്കപ്പെടുന്ന സ്വരമാധുരി പോലെയാണ് പാട്ടും പാട്ടു സാഹിത്യവും. നമ്മുടെ കവികളെല്ലാം ഈ ആവര്‍ത്തനത്തിന്റെ ഭാഷ പഠിച്ചവരും പഠിപ്പിച്ചവരുമാണ്. അങ്ങിനെയുള്ള ഒരു പാട്ട് സാഹിത്യത്തിന്റെ പല്ലവിയെ അറിയുന്നതാണ് നമ്മുടെ കാവ്യസംസ്‌ക്കാരത്തിന്റെ പ്രൗഡി.

ഉള്ളില്‍ വലിയ സംഗീതമുണ്ടായിരുന്ന കവിയായിരുന്നല്ലോ ചങ്ങമ്പുഴ. കവിത പാടാന്‍ നന്നായറിയുന്ന കവി. തന്റെ കവിതയിലെ രാഗങ്ങളില്‍ സര്‍വ്വത്ര മുഴുകിയപ്പോഴാണ് അദ്ദേഹം ‘രമണനായി’തീര്‍ന്നത്. ഒരാളെപ്പോഴും തന്നിലെ കാമുകനെ/കാമുകിയെ സ്‌നേഹിക്കുന്നു. സ്വന്തം ആത്മാംശങ്ങളെ പരിപാകപ്പെടുത്താനായി തുടങ്ങിയ കാലത്താണ് ചങ്ങമ്പുഴ ‘പാടുന്ന പിശാച്’ എഴുതുന്നത്. അല്ലെങ്കില്‍ എഴുതി പോകുന്നത്. തന്റെ ലോകം എപ്പോഴും തന്നെ പീഡിപ്പിക്കുന്നതായി സ്വപ്‌നം കണ്ട കവി വളരെ ഉദാസീനമായ ഒരു ജീവിതമാണ് നേടിയെടുത്തത്. അതിന്റെ ശരിയോ തെറ്റോ വിലയിരുത്താന്‍ ആളെല്ലങ്കിലും.. ചങ്ങമ്പുഴയിലെ പാട്ടുകാരന്റെ ജീവിതം സങ്കടമായിരുന്നു. ഇങ്ങനെ എല്ലാകവികളിലും ഒട്ടുമിക്ക പാട്ടുകളിലും മനുഷ്യവേദനയുടെ സങ്കടങ്ങളുണ്ടെന്നുള്ളതാണ് സത്യം. പാട്ടിന്റെ ചരിതവും വാമൊഴിയുടെ പരാവര്‍ത്തനവും ഭാഷയെ വളര്‍ത്തി. അത്തരം ഭാഷയുടെ പുതിയ സങ്കേതങ്ങളില്‍ നിന്നാണ് ആര്‍ജ്ജവമുള്ള കവിയും കവിതയുമുണ്ടാവുന്നത്.

‘പാട്ടു കൊണ്ടു ചൂട്ടു കെട്ടി, ചൂട്ടുകൊണ്ടു മുഖത്തു കുത്തി..’ എന്ന് പാടിപതിഞ്ഞ വാമൊഴി വാക്യത്തില്‍ നിന്ന് മലയാളത്തില്‍ സമ്പന്നമായ ഒരു രാഷ്ടീയ കവിതയ്ക്ക് ഉള്‍ക്കരുത്തുണ്ടായി. കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ എന്ന കവിതയില്‍ ഭരണാധിവര്‍ഗത്തിനെതിരെയുള്ള വലിയ താക്കീതിന്റെ ശബ്ദമായി ചൂട്ടു രാജാക്കന്മാരുടെ മുഖത്ത് കുത്തേണ്ടതായി സങ്കല്‍പ്പിക്കുന്നു. പാട്ടിന്റെ ചൂട്ടുകൊണ്ടാണ് രാജാക്കന്മാരെ കുത്തുന്നതെന്ന് ഓര്‍മ്മിക്കണം. ഇങ്ങനെ പാട്ട് കവിതയായി തീരുന്നിടത്ത് വര്‍ഗ്ഗബോധമുണ്ടാവുന്നു, പുതിയ മനുഷ്യത്വമുണ്ടാവുന്നു. അവിടെ പാട്ട് നമുക്ക് സംഗീതത്തിന്റെ സൗന്ദര്യമല്ല തരുന്നത്, മനുഷ്യനേയും മനുഷ്യത്വത്തേയും തിരിച്ചറിയാനുള്ള വെളിച്ചമാണ് തരുന്നത്.

ആധുനികരില്‍ അയ്യപ്പപണിക്കരും കടമ്മനിട്ടയും ചുള്ളിക്കാടും വിനയചന്ദ്രനും സച്ചിദാനന്ദനും സ്ഥാപിച്ചെടുത്ത എഴുത്ത് വികാരതീവ്രതകൊണ്ടു കവിതയായി തീരുന്നു. അവയില്‍ സംഗീതാംശം നിറച്ച് പാട്ടായി പറയാമെങ്കിലും അത് കവിതയായിതന്നെ മലയാളത്തില്‍ ചിരപ്രതിഷ്ഠിതമാകുന്നു.

എന്നാല്‍ ലളിത സംഗീതത്തിന്റെ മാധുര്യം നിറച്ച് മലയാളികളുടെ മനസ്സില്‍ എപ്പോഴും സംഗീതം തരുന്ന കവികളും അവരുടെ പാട്ടും ഗായകരും സംഗീത സംവിധായകരുമെല്ലാമുണ്ട്. വലിയ ഗായകരും കവികളും ഗാനരചയിതാക്കളും നമ്മുടെ പാട്ടിന്റെ ചരിത്രത്തില്‍ ഇതിഹാസങ്ങളാണ്. കെ.ജെ യേശുദാസും പി ജയചന്ദ്രനും
നിലനിര്‍ത്തുന്ന വലിയ പാരമ്പര്യത്തെ മാറ്റുരച്ചുനോക്കേണ്ടതില്ല.

എന്നാല്‍ അവസരോചിതമായി പാട്ടിനെ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയ വലിയ പാട്ടുകാരും സംഗീത സംവിധായകരും നിര്‍മ്മാതാക്കളും നമുക്കുണ്ടായി. അത് എക്കാലത്തേയും നഷ്ടമാണ്. അതിൽ ലളിതസംഗീതം കൊണ്ടു മാത്രം അവിസ്മരണീയനായ ഒരു ഗായകനാണ് വിടി മുരളി. ശബ്ദം കൊണ്ടാണ് ഒരു ഗായകന്‍ എപ്പോഴും ജീവിക്കുന്നതെന്ന് പറയാറുണ്ട്. വി ടി മുരളിയെ വ്യത്യസ്തനാക്കുന്നുതും അദ്ദേഹത്തിന്റെ ശബ്ദം തന്നെ. എത്ര കേട്ടാലും മതിവരാത്ത ശബ്ദമാണത്.

നമ്മുടെ വലിയ ഗായകരുടെ ശബ്ദങ്ങളത്രയും അനുകരിച്ചുകൊണ്ടു ആയിരക്കണക്കിനാളുകള്‍ ഇന്ന് പാടുന്നുണ്ട്. അതത്രയും മോശമല്ലാത്ത നിലവാരത്തില്‍ ആസ്വാദകര്‍ ആസ്വദിക്കുകയും ചെയ്യുന്നു. എന്നാല്‍ വി ടി മുരളിയെ അനുകരിച്ചുകൊണ്ടു പാടുന്ന ഗായകരില്ലെന്ന് അതിശയോക്തികലര്‍ത്തി പറയാനാവില്ലെങ്കിലും, ആ ശബ്ദത്തിന്റെ മോഡുലേഷനെ അത്ര എളുപ്പം കൈകാര്യം ചെയ്യുന്ന ഗായകരില്ലെന്ന് പറയാനാവുന്നു. പി.ജയചന്ദ്രന്റെ ശബ്ദമാന്ത്രികത പോലെ ഗായകന്‍ മുരളിയുടെ ശബ്ദമാന്ത്രികതയെ എളുപ്പത്തിലാര്‍ക്കും സ്വന്തമാക്കാനാവില്ല. കുട്ടിത്തത്തിന്റെ പതിഞ്ഞ ശീലുകള്‍ കൊണ്ടാണ് അവ ക്രമീകരിച്ചിരിക്കുന്നത്. പാട്ടുപാടി നാലുപതിറ്റാണ്ടുകള്‍ക്കുശേഷവും മുരളിയുടെ ശബ്ദഗരിമയില്‍ മാറ്റമില്ലാതെ തുടരുന്നു.

പൊന്നരളി പൂവൊന്നു മുടിയില്‍ ചൂടി
കന്നിനിലാ കസവൊളി പുടവ ചുറ്റി
കുന്നത്തെ കാവില്‍ വിളക്കു കാണാന്‍
വന്നൊരുള്‍നാടന്‍ പെണ്‍ കിടാവേ
എന്റെ ഉള്ളില്‍ മയങ്ങുന്ന മാന്‍ കിടാവേ ..

എം വി ശ്രീനിവാസന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് കത്തി എന്ന സിനിമയ്ക്ക് വേണ്ടി വിടി മുരളി പാടിയ ഈ പാട്ടില്‍ ലളിതസംഗീതത്തിന്റെ ആര്‍ദ്രത ഒന്നുവേറെയാണ്. ശോകവും പ്രസാദാത്മതയും ഒന്നിച്ചിണങ്ങുന്ന സുന്ദരമായ ഒരു പ്രണയഗാനം. ഒരു താരാട്ട് പാട്ടിന്റെ ഈണം പോലെ, വരികള്‍ ഹൃദ്യമാകുന്നു. വാക്കിന്റെ ഭാവത്തെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്ന ആലാപനമാണ് ഈ പാട്ടിന്റെ മറ്റൊരു സവിശേഷത.

മാതളതേനുണ്ണാന്‍ പാറി പറന്നുവന്ന
മാണിക്യ കുഴിലാളെ..
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ..

അതുപോലെ,

‘ഓത്തു പള്ളിയിലന്നു നമ്മള്
പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണ്
നീല മേഘം…’
എന്ന് തുടങ്ങുന്ന ഗാനവും ശോകത്തിന്റെയും പ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ധ്വനിസാന്ദ്രത കൊണ്ടു എക്കാലത്തും നിലനില്‍ക്കുന്നതാണ്.
പാട്ടിന്റെ വഴിയില്‍ മെലഡിയുടെ സുവര്‍ണ്ണലോകം മലയാളിക്ക് കാണിച്ചുകൊടുത്ത വലിയ സംഗീതഞ്ജനാണ് എം എസ് ബാബുരാജ്. ആ പാരമ്പര്യം ഒരിക്കലും മലയാളിയില്‍ കെട്ടടങ്ങാത്തതാണ്. അതുപോലുള്ള ഒരു സംഗീതത്തിന്റെ ശബ്ദവീചിയിലാണ് പാട്ടു വി ടി മുരളിയെ അനുഗ്രഹിച്ചിരിക്കുന്നത്. പാട്ടു നല്‍കിയ സംസ്‌കൃതിയാണ് ഇന്ന് നമ്മുടെ ഭാഷാസംസ്‌കൃതി. ആ ഭാഷാ സംസ്‌കൃതിയില്‍ മുരളിയുടെ ശബ്ദം ഒരു പതിഞ്ഞ ഈണത്തില്‍ മുഴങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…