സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കവിത പറയുന്നു

ആകാംക്ഷ

ജീവിതത്തിന്റെ വെറും പ്രതിബിംബമല്ല കവിത. അതിന്റെ അന്ത:സത്തയുടെ, അതിലേറ്റവും ഉത്കൃഷ്ടമായതിന്റെ ആവിഷ്‌ക്കാരമാണ്.
ബാലാമണിയമ്മ (അമ്മയുടെ ലോകം-2007)

ജീവിതം ഏററവും മികച്ചതായി അനുഭവപ്പെടുന്നത് സങ്കല്പങ്ങളിലൂടെയാണ്. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ഒരാള്‍ ആശ്രയിക്കുന്നതും സ്‌നേഹിക്കുന്നതും സങ്കല്പങ്ങളെ തന്നെ. അതിന്റെ സൗന്ദര്യബോധത്തെ നിര്‍മ്മിച്ചും ബലപ്പെടുത്തിയും പുലരുന്ന കേവലനായ ഒരാളാണ് മനുഷ്യന്‍. സ്വപ്‌നങ്ങളിലൂടെ പാകപ്പെടുന്ന അയാള്‍ സര്‍ഗാത്മകനുമാവുന്നു. ജീവിതത്തില്‍ സര്‍ഗാത്മകതയില്ലാത്ത ഒരാള്‍ വരണ്ട പാടം പോലെ മൃതവും. മനുഷ്യന്റെ അനശ്വരമായ സൗന്ദര്യബോധമാണ് സങ്കല്പങ്ങള്‍. കവികള്‍ കാലാതീതരായി തീരുന്നത് വലിയ സങ്കല്‍പ്പങ്ങളുണ്ടാക്കുന്നത് കൊണ്ടാണ്. സര്‍ഗാത്മകതയ്ക്ക് അവകാശപ്പെട്ട ഈ സങ്കല്‍പ്പങ്ങളാണ്, പലപ്പോഴും സാമൂഹ്യബോധത്തിന്റെയും മാനവികതയുടെയും ഈറ്റില്ലങ്ങളായി തീരുന്നതും.
ഈ സര്‍ഗാത്മകതയുടെ ആഴമാണ് എക്കാലത്തും മനുഷ്യകുലത്തെ നിലനിര്‍ത്തുന്ന, ആശ്വസിപ്പിക്കുന്ന ചിന്തയായി പടരുന്ന കവിത. കവിതയ്ക്ക് മാത്രമെ കണ്ണുകാണാത്ത ഹോമറെ വെളിപ്പെടുത്താനാവു. ഇലിയഡും ഒഡീസിയും, ഹോമറിനെ രൂപപ്പെടുത്തിയത് പോലെ, മനുഷ്യന്‍ ചരിത്രമാവുകയാണ് കാവ്യങ്ങളില്‍. ഷേക്‌സ്പിയര്‍ ജീവിച്ച കാലത്തിലെ ട്രാജഡി നിലനില്‍ക്കുമ്പോഴാണ് ഷേക്‌സ്പിയര്‍ കൂടുതല്‍ വായിക്കപ്പെടുന്നത്. എഴുത്തച്ഛനോളം തന്നെ നിന്ദിക്കപ്പെട്ട ഒരു കവി വേറെ ഇല്ലാത്തതുകൊണ്ടാണ് ‘എഴുത്തച്ഛനു’ണ്ടായത്. കാളിദാസനെക്കുറിച്ചും ചങ്ങമ്പുഴയെ കുറിച്ചും, നമ്മളിങ്ങനെ വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍, ലോകത്തിലെ എല്ലാ പ്രതിഭകളെ സംബന്ധിച്ചും സൂചിപ്പിക്കാവുന്ന കാര്യങ്ങളാണെങ്കില്‍ കൂടി അന്ത:ര്‍മുഖത്വം കൊണ്ടാണ് നമ്മുടെ കവികള്‍ വളര്‍ന്നത്.
കേരളവര്‍മ്മ വലിയ കോയിതമ്പുരാന്റെയും വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും ആ പഴയ തലമുറപിന്നിട്ട്, ആധുനികതയുടെ ഉണര്‍വും പുതിയ ഭാവുകത്വവും പ്രബുദ്ധതയും മലയാളികളുടെ സ്വത്വാവിഷ്‌ക്കാരത്തിന്റെ ചിഹ്നമാണെന്ന് നാം തിരിച്ചറിയുന്നത് ആശാനെ പിന്‍തുടര്‍ന്ന് നമ്മുടെ നവീന കവികള്‍ ശബ്ദിച്ചുതുടങ്ങിയപ്പോഴാണ്. കവിതയുടെ ശക്തിയും സൗന്ദര്യവും ഭാഷാസിദ്ധിവിട്ട് സാംസ്‌ക്കാരിക ചിന്തയുടെയും അവബോധത്തിന്റെയും സമ്പര്‍ക്കമായി തീരുന്നത് വൈലോപ്പിള്ളി, ഇടശ്ശേരി, എന്‍.വി കൃഷ്ണവാര്യര്‍, അക്കിത്തം, കക്കാട്, ഒളപ്പമണ്ണ മുതല്‍ ഇങ്ങോട്ടു വന്ന മഹാകവികളിലൂടെയാണ്.
നമ്മുടെ പാട്ടുകവികളില്‍ നിന്നും ഭിന്നരായി കവിതയില്‍ അടയാളപ്പെടേണ്ട വലിയ സത്യങ്ങളുണ്ടെന്ന തിരിച്ചറിവ് ആധുനികരിലെ മികച്ച കവികളായ കെ. ജി. ശങ്കരപ്പിള്ളയ്ക്കും സച്ചിദാനന്ദനുമുണ്ടായി. അയ്യപ്പപണിക്കരും ആര്‍.രാമചന്ദ്രനുമൊക്കെ തുടങ്ങിവച്ച സൂക്ഷ്മ ചിന്തകള്‍ കാവ്യമര്‍മ്മമായി മലയാളത്തില്‍ വരുന്നത്, ഇവരിലൂടെയാണ്. കടമനിട്ട, ചുള്ളിക്കാട്, വിനയചന്ദ്രന്‍ തുടങ്ങിയവരിലൂടെ കവിതയുടെ യുവത്വവും ആര്‍ജവവും മലയാളി തിരിച്ചറിയുകയായിരുന്നു..

കവയിത്രികള്‍
ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, കവയിത്രികള്‍ ഇന്ന് നമ്മുടെ ഭാഷയില്‍ പാരമ്പര്യകവികള്‍ മാത്രമാണ്. മലയാളത്തില്‍ ബാലാമണിയമ്മയും സുഗതകുമാരിയും സ്വല്പം കമലാദാസും കഴിഞ്ഞാല്‍ കവയിത്രികളായി എണ്ണാന്‍ നമുക്ക് ഏറെ പേരില്ല. മാത്യസങ്കല്പത്തെ അനശ്വരമാക്കിയ കവി ബാലാമണിയമ്മയുടെ രചനകളിലുമധികം മാതൃത്വത്തിന്റെ സൂക്ഷ്മത വൈലോപ്പിള്ളിയുടെ മാമ്പഴത്തിലും, ഇടശ്ശേരിയുടെ പൂതപ്പാട്ടിലും കാണുന്നു. മാമ്പഴം പോലെ പൂതപ്പാട്ടുപോലെ സഹൃദയരെ തൊടുന്ന ഒറ്റക്കവിതപോലും കാല്‍ നൂറ്റാണ്ടിനുള്ളില്‍ മലയാളത്തിലുണ്ടായില്ല. ആകെ പ്രതീക്ഷക്ക് വകനല്കുന്ന വിജയലക്ഷ്മിയൊഴികെ കാവ്യലോകചിന്തയില്‍ മലയാളി തമസ്‌ക്കരിക്കപ്പെട്ടു.നമ്മുടെ മുഖ്യമാധ്യമങ്ങളില്‍ രണ്ടുവട്ടം വായിക്കാവുന്ന സ്ത്രീ എഴുത്തിന്റെ സിദ്ധി കുറഞ്ഞു കുറഞ്ഞു പോകുന്നു.

പാട്ടുകവികള്‍
ലളിതസംഗീതംപോലെ മൃദുവായ വാക്യഘടനകൊണ്ടു ആര്‍ദ്രമായി ആലപിക്കുന്നത് കവിതയായി തെറ്റിദ്ധരിപ്പിക്കുകയാണ് നമ്മുടെ പാട്ടുകവികള്‍. ആശയങ്ങളുടെ അര്‍ത്ഥവ്യാപ്തിയെ നഷ്ടപ്പെടുത്തുന്ന ശബ്ദവിന്യാസം കൊണ്ട് താളബോധം നല്‍കുന്നതിലുമപ്പുറം ഒന്നുമല്ല ഇവരുടെ കവിതകള്‍. മധുസൂദനന്‍നായര്‍ മുതല്‍ മുരുകന്‍ കാട്ടാക്കടവരെ ഭാഷയിലുണ്ടാക്കുന്ന ഈ ലളിതവത്ക്കരണത്തെ കണ്ടില്ലന്ന് നടിക്കരുത്. മലയാളകവിത സംഗീതാസ്വാദനം പ്രധാനം ചെയ്യുന്ന യുവജനോത്സവ വേദികളില്‍ പാടാന്‍ പാകത്തില്‍ രചിക്കപ്പെടുന്നു.

അഭിരുചികളില്‍ രമിക്കുന്ന ഒരാള്‍ക്ക് കവിത കലാപമായി തീരുന്നില്ല. കവിയോളം കാല്‍പ്പനികനേ കവിത കലാപമാകു. എന്നാല്‍ കവിതയ്്ക്ക് കവിയോളം കാല്‍പ്പനികനാവാനാവില്ല. യഥാര്‍ത്ഥ കവിത ഉള്ളിലെ കലാപത്തില്‍ നിന്നാണ് പിറക്കുന്നത്.അത് തന്നെപ്പറ്റിയല്ല ലോകത്തെപ്പറ്റി പറയുന്നു. പറയുന്ന കവിതയോളം ബലമുള്ളതല്ല പാടുന്ന കവിത. പാടുമ്പോള്‍ കവികള്‍ കൂടുതല്‍ കാല്പനികരാകുന്നു. അങ്ങിനെ വരുമ്പോള്‍ നമ്മുടെ കവികള്‍ ശബ്ദസൗന്ദര്യം കൊണ്ടു കവിതയെ കൊല്ലുന്നു.

സാമൂഹ്യമാധ്യമങ്ങള്‍
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചര്‍ച്ചകളിലൊന്ന് മാധ്യമ വിപ്ലവമാണ്. അനായാസം, നിങ്ങളുടെ കൈവിരല്‍ തുമ്പുകള്‍ നിമിഷ വേഗത്തില്‍ ഇവിടെ ആശയപ്രചാരകരാവുന്നു. കവി കല്‍പ്പറ്റ പറയും പോലെ, ‘ഒന്നു തൊട്ടാല്‍ മതി ‘ നിങ്ങളുടെ സ്വപ്‌നങ്ങളെ കണ്‍മുന്‍പില്‍ എത്തിച്ചു തരും. അര്‍ത്ഥരാഹിത്യവും സര്‍വ്വത്ര കാല്‍പ്പനികതയും പകരുന്ന പഴയ പൈങ്കിളി സാഹിത്യത്തിന്റെ വര്‍ണകടലാസില്‍ സാമൂഹ്യമാധ്യമങ്ങളിടമുണ്ടാക്കുന്നു.. ആര്‍ക്കും എന്തും എഴുതി വയ്ക്കാവുന്ന സ്വാതന്ത്ര്യത്തിന്റെ ഇടം. സൂക്ഷ്മതക്കുറവില്‍ ആശയങ്ങള്‍ പകരുന്ന വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ കവിതയുടെ രൂപത്തില്‍ നിറം മങ്ങിയ കാല്‍പ്പനിക ജ്വല്പനങ്ങള്‍ അവതരിക്കുന്നു.

കവിത പറയുന്നു
ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി, ഒരിക്കലും കാണാത്ത ഭാവിയെ പ്പറ്റി, ഒന്നു ഉറങ്ങിയെണീക്കുമ്പോള്‍ ഇല്ലാതാവുന്ന ഓര്‍മകളെപ്പറ്റി, വേദനയെപ്പറ്റി, വേദനയില്‍ നിന്ന് ശ്വാശതവത്കരിക്കപ്പെടുന്ന ദുഖത്തെക്കുറിച്ചും ആനന്ദത്തെക്കുറിച്ചും കവിത പറയുന്നു. പ്ലേറ്റോയുടെ കാവ്യനിരാസം യുക്തിഭദ്രമെങ്കില്‍ പോലും ആധൂനിക ലോകത്ത് സാംസ്‌ക്കാരിക വിപ്ലവത്തിന്റെ വിത്തായി കവിത മുളച്ചു. കാവ്യനിരാസം ഒരു സിദ്ധാന്തം മാത്രം. ഭാഷയില്‍ നൂറ്റാണ്ടുകളുടെ സാംസ്‌ക്കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കവിതയും കാവ്യസംസ്‌ക്കാരവും മനുഷ്യരാശിയുടെ നിലനില്‍ക്കുന്ന പൈതൃകമായി. ഭാഷയുടെ സമ്പര്‍ക്കത്തെ ഇതുപോലെ വ്യാപിപ്പിച്ച ഒരു മാധ്യമം വേറെയില്ല. കവിത ചരിത്രമായി, ലാവണ്യസാരമായി നമ്മുടെ കവികളില്‍ വളര്‍ന്നു. കവിത കവികള്‍ക്കുമാത്രമല്ല, ലോകത്തിനുക്കൂടി വേണ്ടതാണെന്ന ബോധ്യമണ് കവികളെ വളര്‍ത്തിയത്. എഴുത്തച്ഛനും നമ്പ്യാരും മഹാകവികളാവുന്നത് അങ്ങനെയാണ്. ജാതീയതയ്‌ക്കെതിരെ ആശാന്റെ പ്രതിഷേധം ശക്തിപ്പെട്ടത് ഈ സാമൂഹ്യബോധത്തില്‍നിന്നാണ്. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ ജന്മം കൊണ്ടതും അങ്ങനെ തന്നെ. കവിത പ്രക്ഷുബ്ദതയുടെയും പ്രതിരോധത്തിന്റെയും രാഷ്ടീയ ബോധത്തിലേക്കു പടരുമെന്ന് സച്ചിദാനന്ദനും കെ ജി ശങ്കരപ്പിള്ളയും തെളിയിക്കുന്നു.

തിരിച്ചറിവാണ് അവരുടെ കവിതയുടെ ശക്തി. ആശയങ്ങള്‍ അവയുടെ അലങ്കാരമാവുന്നു. ചരിത്രത്തോടും അനുഭവങ്ങളോടും സമ്മിശ്രപ്പെടുന്ന വൈകാരിക മണ്ഢലമുണ്ടതില്‍. കാലത്തിന്റെ കൈവഴിയാകുന്ന ഭാഷ. ‘ഭാഷ അനുഭവങ്ങളുമായി ചേരുമ്പോള്‍ കലയുണ്ടാകുന്നു’. എന്ന് വില്യം ഗോള്‍ഡിംഗ്. മലയാളത്തില്‍ കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളില്‍ നമ്മളത് വേണ്ടുവോളം കണ്ടു. പോയ വഴികളിലെ ദ്യശ്യബിംബങ്ങള്‍ കടമ്മനിട്ട കവിതകളിലോളം മറ്റൊരുമലയാള കവിതയിലുമില്ലന്നു തോന്നും. പ്രകൃതിയും ചരിത്രവും രാഷ്ട്രീയവും ഗന്ധവും വരെ സൂക്ഷ്മമാവുന്നു കടമ്മനിട്ടയില്‍.

നമ്മുടെ കാവ്യപൈതൃകത്തിന്റെ മഹാധമനിളില്‍ നിന്ന് ഇനിയും വിലപ്പെട്ടത് കിട്ടാനുണ്ട്. സ്വീകരിക്കുന്നവര്‍ പാരമ്പര്യകവികളാവാതെ പുതിയലോകം കണ്ടവരാവണം.

കവിത, ബര്‍ണാഡ്ഷയുടെ സൗന്ദര്യസങ്കല്‍പ്പം പോലെ യുക്തിയ്ക്കും ഭാവനയ്ക്കും ജീവിതത്തിനും അര്‍ത്ഥമുണ്ടാക്കുന്നവയാണ്. സൃഷ്ടി, ഒരിറ്റ് വൈകിപ്പോയാല്‍ നഷ്ടപ്പെടുന്ന ഭാഗ്യം പോലെ അനര്‍ഘവും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…